സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 37
(ഗോപിനാഥ് മുരിയാട്)
ധ്രുവം റീറെക്കോർഡിങ് നാളെ തുടങ്ങും. കോതണ്ഡപാണി സ്റ്റുഡിയോയിൽ നാളെ രാവിലെ തന്നെ എത്തണം. A.V.M. സ്റ്റുഡിയോയിൽ വച്ച് കണ്ടപ്പോൾ അരോമ പ്രോഡക്ഷൻസിന്റെ മാനേജർ സെയ്ത് പറഞ്ഞു. മുമ്പ് എവിടെയോ പറഞ്ഞെന്നു തോന്നുന്നു. ഇരുപതാം നൂറ്റാണ്ടും, C.B.I. ഡയറി കുറിപ്പും ഹിറ്റ് ആയ ശേഷം അരോമയുടെ ബാനറിൽ മണി സാർ ചെയ്ത ഒട്ടുമുക്കാൽ പടങ്ങളും സെൻസർ വർക്ക് ചെയ്തത് ഞാൻ ആയിരുന്നു. ന്യൂഡൽഹിക്ക് ശേഷം ജോഷി സാറിന്റെയും.അരോമക്ക് വേണ്ടി ജോഷി സാർ ഡയറക്റ്റ് ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ആയിരുന്നു ധ്രുവം.
മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, കന്നട നടൻ പ്രഭാകർ, ഗൗതമി തുടങ്ങിയ വമ്പൻമാരെല്ലാം അണിനിരന്ന ഒരാക്ഷൻ ത്രില്ലർ. S. P.Venkatesh ആയിരുന്നു റീറെക്കോർഡിങ്. തളിർ വെറ്റിലയുണ്ടോ, തുമ്പി പെണ്ണെ വാ വാ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഈ ചിത്രത്തിലേതാണ്. തന്റെ സഹോദരനെ(ജയറാം)
കൊന്ന ഹൈദർ അലി മരക്കാരോട് (ടൈഗർ പ്രഭാകർ ) നരസിംഹ മന്നാടിയാർ (മമ്മൂട്ടി) പ്രതികാരം ചെയ്യുന്നതാണ് കഥ. പോലീസ് ഓഫീസർ ആയി സുരേഷ് ഗോപി, മന്നാഡിയാരുടെ സഹായി ആയി വിക്രം എന്നിവർ. പതിവ് രസക്കൂട്ടുകൾ എല്ലാം നിറഞ്ഞ ഒരു ജോഷി ചിത്രം തന്നെ ആയിരുന്നു അത്.
(വിക്രം അന്ന് മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുംകൂടെ സഹനടൻ ആയി ഒരുപാട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിന്നീട് സേതു എന്ന തമിഴ് ചിത്രം വെള്ളിത്തിരയിൽ എത്തിയതോടെ വിക്രമിന്റെ സമയം തെളിഞ്ഞു. സ്വാമിയും, ദൂളും, ജമിനിയും അന്യനും വന്നതോടെ അദ്ദേഹം സൗത്ത് ഇന്ത്യയിലെ തന്നെ ഒരു സൂപ്പർ താരം ആയി.)
പ്രഭാകർ അന്ന് കന്നട തെലുങ്കു സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരം ആണ്. ബാംഗ്ലൂരിൽ കോളേജ് വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ പ്രഭാകറിന്റെ ചിത്രങ്ങൾ ഞാൻ കണ്ടീട്ടുണ്ട്. ആദ്യം അദ്ദേഹത്തെ വെള്ളിത്തിരയിൽ കാണുന്നത് “ആദിമാനവ” എന്നൊരു കന്നട ചിത്രത്തിൽ ആണ്. പിന്നെ വിഷ്ണു വർദ്ധൻ, അംബരീഷ് ചിത്രങ്ങളിൽ വില്ലൻ ആയി ഒരുപാട് സിനിമകൾ. ഗന്ധത ഗുഡി,ന്യായ എല്ലിദെ, ജിമ്മി ഗള്ളു, കാർമിക കള്ളനല്ലൈ, ഹാവിനെ ഹേടെ,അങ്ങനെ എത്രയോ ചിത്രങ്ങൾ ഞാൻ എന്റെ ബാംഗ്ലൂർ ഡെയ്‌സിൽ കണ്ടിരിക്കുന്നു.
പക്ഷേ 83-84 കാലഘട്ടം ആയപ്പോഴേക്കും പ്രഭാകർ നായകൻ ആയി ചിത്രങ്ങൾ വരാൻ തുടങ്ങി. ചണ്ഡി ചാമുണ്ഡി, പ്രേമയുദ്ധ, മുത്യാതെ ഭാഗ്യ തുടങ്ങിയ ചിത്രങ്ങൾ എല്ലാം വന്നതോടെ അദ്ദേഹത്തെ നായകൻ ആയോ സെൻട്രൽ character ആയോ ഒക്കെ ചിത്രങ്ങളിൽ അവതരിപ്പിക്കാൻ സംവിധായകർ തയ്യാറായി. വെറും ഒരു ഫൈറ്റ് ആർട്ടിസ്റ്റിൽ നിന്നും സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയനായ ഒരു നടൻ ആവാൻ അദ്ദേഹത്തിന് സാധിച്ചു. 92 ഡിസംബറിൽ ആയിരുന്നു ധ്രുവത്തിന്റെ വർക്കുകൾ നടന്നത്. 93 ജനുവരി ആദ്യം റിലീസ് ആയ ഈ ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിമാറി.
ഇതിനു ശേഷം അടുത്തതായി ഞാൻ ചെയ്തത് P.G.വിശ്വംഭരൻ സംവിധാനം ചെയ്ത “വക്കീൽ വാസുദേവ് “എന്ന കോമഡി ചിത്രം ആയിരുന്നു. ചാരങ്ങാട്ട് ഫിലിംസ് നിർമിച്ച ഈ ചിത്രത്തിൽ ജഗദീഷും ജയറാമും പ്രധാന വേഷങ്ങൾ ചെയ്തു.സുനിത, ഗീത വിജയൻ, ജഗതി, മാള, മാമുക്കോയ, K. P.A.C. ലളിത തുടങ്ങിയവർ ഒക്കെ വേഷമിട്ട ഈ ചിത്രത്തിന്റ കഥ -റഫീഖ്, സ്ക്രീൻപ്ലേ ഡയലോഗ് -B. ജയചന്ദ്രൻ,സംഗീതം ഗിരീഷ് പുത്തഞ്ചേരി -മോഹൻ സിതാര ടീം യേശുദാസ്, M. G. ശ്രീകുമാർ എന്നിവർ ആയിരുന്നു ഗായകർ.
93 ജനുവരി അവസാനം റിലീസ് ആയ ഈ ചിത്രം പക്ഷേ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല..നന്ദി വീണ്ടും വരിക, പ്രത്യേകം ശ്രദ്ധിക്കുക, സൈമൺ പീറ്റർ നിനക്ക് വേണ്ടി, കാട്ടു കുതിര തുടങ്ങി വിശ്വംഭരൻ സാറിന്റെയും ഒരുപാട് ചിത്രങ്ങളിൽ സഹകരിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി. അവസാനം ചിത്രങ്ങൾ ഇല്ലാതായപ്പോഴും
എറണാകുളത്ത് മാക്ട യുടെ മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തെ കാണാറുണ്ട്. ചെന്നൈയിൽ നിന്ന് പോന്ന് വർഷങ്ങൾ കഴിഞ്ഞീട്ടും കാണുമ്പോൾ ഒക്കെ സ്നേഹപൂർവ്വം ഉള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2010 ജൂണിൽ എറണാകുളത്ത് വച്ചായിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുള്ള അന്ത്യം. ആ ഗുരുവര്യന്റെ പാവനസ്മരണക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട്..
(തുടരും)
Pics.
1. ജോഷി.
2. അരോമ മണി.
3. മമ്മൂട്ടി.
4. പ്രഭാകർ
5. സുരേഷ് ഗോപി
6. ജയറാം.
7. ഗൗതമി
8. P. G.വിശ്വംഭരൻ
9. ജഗദീഷ്.
10. വിക്രം
**