സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 39
(ഗോപിനാഥ്‌ മുരിയാട്)

ദാസേട്ടന്റെ വീടിന് മുന്നിൽ കാർ നിർത്തി ഡ്രൈവർ അദ്ദേഹത്തെ വിളിക്കാൻ അകത്തേക്ക് പോയപ്പോൾ ഞാനും കാറിൽ നിന്ന് ഇറങ്ങി വീടും പരിസരവും വീക്ഷിച്ചു നിന്നു. എന്തുകൊണ്ടോ എന്റെ മനസ്സ് വല്ലാതെ മിടിക്കാൻ തുടങ്ങി. ഓർമ വച്ച നാൾ മുതൽ കേട്ട് ഒരുപാട് ഇഷ്ടപ്പെട്ട സ്വരത്തിന്റെ ഉടമയാണ് മുന്നിലേക്ക് വരാൻ പോകുന്നത് !. മുമ്പ് പലപ്പോഴും റെക്കോർഡിങ് സ്റ്റുഡിയോകളിൽ വച്ച് കണ്ടീട്ടുണ്ടെങ്കിലും അന്നൊക്കെ ദൂരെ നിന്ന് ഒരപരിചിതനെ പോലെ വീക്ഷിക്കാൻ അല്ലാതെ സംസാരിക്കാനോ പരിചയപ്പെടാനോ കഴിഞ്ഞീട്ടില്ല.

ആദ്യമായി കണ്ട നിമിഷം എന്റെ മനസ്സിലേക്ക് ഓടി വന്നു. ബാംഗ്ലൂരിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം.77 or 78 കാലഘട്ടത്തിൽ ഹിന്ദിയിൽ Chotti si baat, chit chor തുടങ്ങിയ സിനിമകളിൽ ഒക്കെ പാടി അദ്ദേഹം രാജ്യം മുഴുവൻ പ്രശസ്തനായ സമയം. നാടെങ്ങും “ഗോരി തേരാ ഗാവ് ബഡാ പ്യാരാ ” യും “ആജ് സേ പഹലേ ‘യും അലയടിച്ചു കൊണ്ടിരുന്ന നാളുകൾ. ആ വർഷത്തെ ദീപാവലി സീസണിൽ ബാംഗ്ലൂർ മെജസ്റ്റിക്ക് ഗ്രൗണ്ടിൽ, (ഇന്ന് അത് ബസ് സ്റ്റാൻഡ് ആണ് ) ദാസേട്ടന്റ ഒരു മ്യൂസിക്കൽ നൈറ്റ്‌ ഉണ്ടെന്നറിഞ്ഞ ഞാനും ഒന്ന് രണ്ട് സുഹൃത്തുക്കളും കൂടി അത് കാണാൻ പോയി. കടൽ പോലെ ജനങ്ങൾ കൂടിയിരിക്കുന്നു. തമിഴനും, തെലുങ്കനും, കന്നടക്കാരനും, ഹിന്ദിക്കാരനും മലയാളികളും ഒക്കെ കൂടി നിലത്ത് ഒരു പൂഴി വീഴാൻ ഇടമില്ലാത്ത അത്രക്ക് ജനക്കൂട്ടം. കാശുള്ളവർ ഒക്കെ V.I. P. കൾ ആയി മുന്നിൽ സ്ഥാനം പിടിച്ചപ്പോൾ നമ്മൾ ഒക്കെ അങ്ങ് ദൂരെ മഹാപ്രളയത്തിലൊഴുകി വന്ന കടുക് മണി പോലെ ശ്വാസം മുട്ടി കാലുകൾ നിലത്തുറപ്പിക്കാൻ പാട് പെട്ട് നിന്ന ആ നിമിഷങൾ എന്റെ മനസ്സിലേക്കോടി എത്തി.അന്ന് അദ്ദേഹം’ ഗോരി തേരാ ‘യുടെ ഹമ്മിങ് മൂളി തുടങ്ങിയപ്പോൾ ഉയർന്നു വന്ന ആരവങ്ങൾ എന്റെ കാതുകളിൽ അപ്പോഴും അലയടിക്കുന്ന പോലെ..

നിമിഷങ്ങൾക്കകം അദ്ദേഹം ഇറങ്ങി വന്നു. പിന്നിലെ സീറ്റിൽ ദാസേട്ടൻ കയറിയതും ഞാൻ ഫ്രണ്ട് സീറ്റിൽ ഡ്രൈവർക്കരികെ ഇരുന്നു. പ്രൊഡക്ഷന് സ്ഥിരമായി ഓടുന്ന ആ ഡ്രൈവറെ അദ്ദേഹത്തിന് പരിചയം ഉണ്ടായിരുന്നു. എന്തോ കൂശല പ്രശ്നങ്ങൾക്ക് ശേഷം ഡ്രൈവർ വണ്ടി വിട്ടു. യാത്രക്കിടയിൽ അദ്ദേഹം എന്തെങ്കിലും എന്നോട് ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ ഗാനങ്ങൾ എനിക്കെത്ര മാത്രം പ്രിയങ്കരങ്ങളാണെന്ന് വിവരിക്കാൻ ഞാൻ വാക്കുകൾക്കായി പരതി. പണ്ട് ബാംഗ്ലൂർ മെജസ്റ്റിക്ക് ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ ഗാനമേള കേൾക്കാൻ പോയ അനുഭവങ്ങൾ വിവരിക്കാൻ എന്റെ മനസ്സ് തുടിച്ചു. ദാസേട്ടൻ ഹിന്ദി, തമിഴ്, കന്നഡ, തെലുഗ് ഭാഷയിൽ പാടിയ പാട്ടുകളെ പറ്റി എനിക്കുള്ള അറിവുകൾ അദ്ദേഹത്തെ വിസ്മയിപ്പിക്കുമെന്ന് ഞാൻ ഉള്ളിൽ കണക്കു കൂട്ടി.

പക്ഷേ ഒന്നും സംഭവിച്ചില്ല. യാത്ര തുടങ്ങി അല്പസമയത്തിനുള്ളിൽ ദാസേട്ടൻ കണ്ണുകൾ അടച്ച് എന്തോ ചിന്തകളിൽ മുഴുകി. എങ്കിലും ഞാൻ കണ്ണാടിയിൽ തെളിഞ്ഞ അദ്ദേഹത്തിന്റെ രൂപം കണ്ട് അഭിമാന പുളകിതനായി. രാജ്യം മുഴുവൻ ആരാധിക്കുന്ന ആ ഗായകൻ എന്നോടൊപ്പം ഒരേ കാറിൽ സഞ്ചരിക്കുന്നു എന്ന ചിന്ത തന്നെ എന്നെ സംബന്ധിച്ചിടത്തോളം ധാരാളം!!

കാർ പ്രസാദ് സ്റ്റുഡിയോയുടെ അകത്തേക്ക് കയറിയതും ദാസേട്ടൻ കണ്ണ് തുറന്നു. മ്യൂസിക് ഡയറക്ടർ വെങ്കിടെഷും അദ്ദേഹത്തിന്റെ സഹായിയും (അറേഞ്ചർ ആണെന്ന് തോന്നുന്നു. അന്നത്തെ കാലത്ത് ഓരോ പടത്തിന്റെയും റെക്കോർഡിങ്, റീ റെക്കോർഡിങ് ജോലികൾക്ക് മ്യൂസിഷ്യൻസ് നെ അറേഞ്ച് ചെയ്യാനും അവർക്ക് പേയ്‌മെന്റ് നല്കാനും ആയി ഒരു അറേഞ്ചർ ഓരോ മ്യൂസിക് ഡയറക്ടർസിന്റെയും കൂടെ കാണുമായിരുന്നു ) ദാസേട്ടനെ സ്വീകരിക്കാൻ പോർട്ടിക്കോയിൽ തന്നെ നിന്നിരുന്നു വെങ്കിട്ടേഷ് അദ്ദേഹത്തെയും കൂട്ടി സ്റ്റുഡിയോക്ക് അകത്തേക്ക് പോയതും അറേഞ്ചർ എന്റെ അടുത്തേക്ക് വന്നു.

“ദാസേട്ടൻ പേയ്‌മെന്റ് ഉങ്ക കിട്ടെ കൊടുത്തിരുക്ക് ന്ന്‌ മാനേജർ സൊന്നാങ്കേ ”
രാവിലെ മറ്റെന്തോ ജോലിതിരക്ക് ഉള്ള കാരണം പ്രൊഡക്ഷൻ മാനേജർ ജനാർദ്ദനൻ ദാസേട്ടന് കൊടുക്കാനുള്ള പണവും എന്നെ ഏല്പിച്ചിരുന്നു. (60,000 രൂപ.4 പാട്ടിന്. ഒരു പാട്ടിന് 15,000 ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതിഫലം).

ഞാൻ പണം അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത ശേഷം ധൃതിയിൽ വോയിസ്‌ റൂമിലേക്ക് കടന്ന് ചെന്നു. പാട്ടിന്റെ വരികൾ എഴുതിയ ലിറിക്‌സ് കോപ്പി ദാസേട്ടനെ ഏല്പിച്ചു. വരികൾ ഒന്നോടിച്ചു വായിച്ച ശേഷം സംശയം ഉള്ള ചില വാക്കുകൾ എന്നോട് ചോദിച്ച് ക്ലിയർ ചെയ്ത ശേഷം എന്നോട് പൊക്കോളാൻ പറഞ്ഞു.

(റെക്കോർഡിങ് മുന്പേ കഴിഞ്ഞതിനാൽ മ്യൂസിഷ്യൻസ് ആരും അന്ന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഗാനങ്ങളും ട്രാക്ക് എടുത്തിരുന്നെങ്കിലും ട്രാക്ക് പാടിയത് കേൾക്കുന്ന ശീലം അദ്ദേഹത്തിന് ഇല്ലായിരുന്നു) ഞാൻ വേഗം കൺസൾ റൂമിലെത്തി അദ്ദേഹം പാടുന്നത് ആസ്വദിച്ചു നിന്നു. ആദ്യം ‘വാല്കണ്ണെഴുതിയ മകര നിലാവിൽ, പിന്നെ ‘സ്വയം വരമായി’,’സീതാ കല്യാണ വൈബോഗമേ’, അവസാനം ‘ശിവം
ശിവദ..’4 പാട്ടുകൾ 12 മണിക്കുള്ളിൽ തന്നെ അദ്ദേഹം പാടിതീർത്തു. പിന്നെ സൗണ്ട് എഞ്ചിനീയറുടെ റൂമിൽ വന്ന് എല്ലാം കേട്ട് തൃപ്തിയായ ശേഷം ആണ് അദ്ദേഹം മടങ്ങിയത്. തിരിച്ചു പോകാൻ ഇറങ്ങിയപ്പോഴേക്കും ജനാർദ്ദനൻ വന്നതിനാൽ ദാസേട്ടനെ തിരിച്ചു കൊണ്ട് വിടാൻ അയാൾ ആണ് പോയത്. കാറിൽ കയറി എല്ലാവരോടും യാത്ര പറയുന്ന കൂട്ടത്തിൽ എന്റെ മുഖത്തും നോക്കി കൈവീശി ഗാനഗന്ധർവ്വൻ തിരിച്ചു പോയി.

എഞ്ചിനീയർ മിക്സ്‌ ചെയ്തു തീർത്ത 2 കാസ്സെറ്റുകൾ എന്നെ ഏല്പിച്ചപ്പോഴേക്കും എനിക്ക് നാട്ടിലേക്ക് പോവാൻ ഉള്ള ടിക്കറ്റുമായി ഡോൾഫിൻ ട്രാവെൽസ് രാജയും തിയേറ്ററിൽ എത്തിയിരുന്നു.അടുത്ത ദിവസം തന്നെ ആലപ്പി എക്സ്പ്രസിൽ കയറി ഞാൻ തൃശൂരിൽ എത്തി. (നിർഭാഗ്യവശാൽ അന്ന് മറ്റാരും എന്നോടൊപ്പം ഉണ്ടായിരുന്നോ എന്ന് എനിക്ക് ഓർമ കിട്ടുന്നില്ല ). തൃശ്ശൂരിൽ നിന്ന് നേരെ ഗുരുവായൂർ ബസ് പിടിച്ചു യൂണിറ്റ് താമസിക്കുന്ന എലൈറ്റ് ഹോട്ടലിൽ എത്തി. ജയനെ കണ്ട് കേസ്സെറ്റുകൾ ഏൽപ്പിച്ചെങ്കിലും ഒരു കാസ്സെറ്റ് അപ്പോൾ തന്നെ സോങ്‌ പഞ്ച് ചെയ്യാൻ ആയി അദ്ദേഹം എന്നെ ഏല്പിച്ചു.

“ആദ്യം സോപാന സംഗീതം പഞ്ച് ചെയ്തോളു. നാളെ മിക്കവാറും അതായിരിക്കും ആദ്യം പ്ലാൻ ചെയ്യുന്നത്. ജയറാമും പത്മിനിയും രാവിലത്തെ ട്രെയിനിൽ എത്തും.വിനു അടുത്ത റൂമിൽ ഉണ്ട് പോയി കണ്ട് നാളേക്കുള്ള സീൻസ് ഒക്കെ ഒന്ന് നോക്കിക്കോളൂ.”

ഞാൻ വേഗം പുള്ളിയോട് യാത്ര പറഞ്ഞു വിനുവേട്ടന്റെ റൂമിൽ എത്തി. ഇൻഡസ്ട്രിയിലെ സീനിയർ അസ്സോസിയേറ്റ് ഡയറക്ടർ ആണ് വിനുവേട്ടൻ.(കുസൃതി കുറുപ്പ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സുരേഷ് -വിനു ടീമിയിലെ വിനു എന്ന വിനോദ് ഏട്ടൻ. ലിസ ബേബി എന്ന സംവിധായകന്റെ നസിർ, ജയൻ ചിത്രങ്ങളിലെ എല്ലാം അസ്സോസിയേറ്റ് അദ്ദേഹം ആയിരുന്നു ).

വിനുവേട്ടന്റെ റൂമിൽ ചെന്ന് സ്ക്രിപ്റ്റ് ന്റെ കാര്യം ചോദിച്ചപ്പോൾ പുള്ളി ചിരിച്ചു.
“നാളെ രാവിലെ ഡെന്നിച്ചൻ വരുമ്പോളേ സ്ക്രിപ്റ്റ് കിട്ടൂ. ടെൻഷൻ ആവണ്ട. ആദ്യം മിക്കവാറും പാട്ട് ആയിരിക്കും ഷൂട്ട്‌ ചെയ്യുക ”
അനുഭവ സമ്പന്നനായ അദ്ദേഹത്തിന് ഇതൊക്ക എന്ത്!
മറ്റ് അസിസ്റ്റന്റ്‌സിനെ പറ്റി അന്വേഷിച്ചപ്പോൾ ഹക്കിമും, ജീ ജോർജും രാത്രി ആവുമ്പോഴേക്കും എത്തും. പിന്നെ ഗുരുവായൂർ തന്നെ ഉള്ള ഒരു നമ്പൂതിരിയും ഉണ്ട്. ആരും അത്ര എക്സ്പീരിയൻസ്ഡ് അല്ല. എല്ലാം നോക്കി ക്കോണം. ”

എലൈറ്റ് ൽ താമസം ആയതിൽ എല്ലാവർക്കും ഒരു സന്തോഷം ഉണ്ടായിരുന്നു. അൽപ്പം നേരത്തേ ഉണർന്നാൽ ഗുരുവായൂരാപ്പനെ കണ്ട് തൊഴുതു ഷൂട്ടിംഗ് ന് ഇറങ്ങാമല്ലോ. (ജയൻ ഒരു തികഞ്ഞ ശ്രീകൃഷ്ണ ഭക്തൻ ആണ്. അതുകൊണ്ട് കൂടിയാണ് ഷൂട്ടിംഗ് ലൊക്കേഷൻ ആയ നിളാ തീരത്തെ തവനൂർ മനയിലേക്ക് ഒന്നര മണിക്കൂറോളം യാത്ര ഉണ്ടെങ്കിൽ കൂടി താമസം ഗുരുവായൂർ ആക്കിയത്. മാത്രമല്ല അതിന് മുമ്പ് ചെയ്ത “കുടുംബസമേതം “ചിത്രീകരിച്ചതും ഗുരുവായൂരിൽ ആയിരുന്നല്ലോ ).

വൈകുന്നേരം യൂണിറ്റിലെ മിക്കവാറും പേർ ഗുരുവായൂർ അമ്പലത്തിൽ പോയി തൊഴുതു വന്നു. വരുമ്പോൾ ജയന്റെ നിർദേശപ്രകാരം അടുത്തുള്ള ബുക്ക് സ്റ്റാളിൽ നിന്ന് ഞാൻ ഒരു രാമായണവും വാങ്ങി. (ചിത്രത്തിൽ ഒരു സീനിൽ നരേന്ദ്ര പ്രസാദ് രാമായണം വായിക്കുന്നുണ്ട് ).രാത്രി ആയപ്പോഴേക്കും ഹക്കിമും ജീജോര്ജും എത്തി ചേർന്നു. (ഹക്കീം മിമിക്രി ആർടിസ്റ്റ്, നടൻ എന്നീ രീതിയിലും പിന്നീട് പ്രശസ്തനായി. കലാഭവൻ മണി നായകൻ ആയി അഭിനയിച്ച “ഗാർഡ് “എന്ന ചിത്രം സംവിധാനം ചെയ്തതും ഇദ്ദേഹം ആണ്. എപ്പോഴും വൈറ്റ് & വൈറ്റിലേ പുള്ളിയേ കാണാൻ പറ്റൂ. കുറച്ചു വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം നിര്യാതനായി).

എന്റെ റൂം മേറ്റ്‌ ഹക്കിം ആയിരുന്നു എന്നാണ് എന്റെ ഓർമ.അടുത്ത ദിവസം വെളുപ്പിന് തന്നെ യൂണിറ്റ് നിളാ തീരത്തേക്ക് യാത്രയായി. പൂജക്ക്‌ അധികം പേരൊന്നും ഉണ്ടായില്ല. ഡെന്നിച്ചൻ, മാടമ്പ്, കൈതപ്രം, നിർമാതാവ് ശ്രീകണ്ഠൻ, distributor പാല മുറ്റം മജീദ്. ജയരാജ്‌, ക്യാമറ മാൻ S. കുമാർ, ആർട്ട്‌ ഡയറക്ടർ നേമം പുഷ്പരാജ്, ഞങ്ങൾ അസിസ്റ്റന്റ്സ്, മറ്റ് ടെക്‌നിഷ്യൻസ്, നായിക പത്മിനി, പത്മിനിയുടെ അമ്മ.
നിളാ തീരത്ത് വച്ച് പൂജാ ചടങ്ങുകൾ കഴിഞ്ഞ പ്പോൾ ഡെന്നിച്ചൻ സ്ക്രിപ്റ്റ് ജയനെ ഏല്പിച്ചു. പത്മിനിയെ വച്ച് ഫസ്റ്റ് ഷോട്ട് എടുത്തു കഴിഞ്ഞതും ഡയറക്ടർ.ബ്രേക്ക് പറഞ്ഞു. ഇനി അടുത്തുള്ള അമ്പലത്തിലേക്ക് ഷിഫ്റ്റ്‌. മണിയൻ പിള്ള യെ വച്ച് പാട്ട് ചിത്രീകരിക്കേണ്ടത് അവിടെയാണ്. ബ്രേക്ക് പറഞ്ഞ ഉടനെ ജയൻ എന്റെ അടുത്തെത്തി ഡെന്നിച്ചൻ നൽകിയ സ്ക്രിപ്റ്റ് തന്നീട്ട് പറഞ്ഞു.
“ഇതാ സ്ക്രിപ്റ്റ് ബോക്സിൽ വെച്ചേക്കു ഗോപി.”
അമ്പരപ്പോടെ ഞാൻ ചോദ്യഭാവത്തിൽ നോക്കവേ അദ്ദേഹം ചിരിച്ചു കൊണ്ട് അപ്പോൾ അവിടെ എത്തിയ ജയറാമി ന് അരികിലേക്ക് ചെന്നു. (അപ്പോൾ ആ സ്ക്രിപ്റ്റ് ഞാൻ വാങ്ങി ബോക്സിൽ വച്ചതാണ്. പിന്നെ ആരും അത് തുറന്നു നോക്കിയിട്ടില്ല. സ്ക്രിപ്റ്റ് ബോക്സ്‌ കയ്യിൽ വച്ചിരുന്ന ഞാൻ പോലും ).

യൂണിറ്റ് ഷിഫ്റ്റ്‌ ചെയ്ത് അമ്പലത്തിൽ സോപാന സംഗീതം ചിത്രീകരിക്കാൻ നീങ്ങിയതോടെ ഡെന്നിച്ചനും മറ്റ് അതിഥികളും എറണാകുളത്തേക്ക് മടങ്ങി. ഇനി ബെന്നിയുടെ ചോദ്യത്തിന്റെ ഉത്തരം. പൈതൃകത്തിന്റെ സംഭാഷണങ്ങൾ എല്ലാം മാടമ്പ് എഴുതിയതാണ്. ഓരോ സീനും one line ഓർഡർ പ്രകാരം ജയനുമായി ഡിസ്‌കസ് ചെയ്ത ശേഷം തിരുമേനി ലൊക്കേഷനിൽ ഇരുന്നു തന്നെ എഴുതി തരും. അപൂർവം ചില പ്രധാനപ്പെട്ട സീനുകൾടെ സ്ക്രിപ്റ്റ് മാത്രം ആണ് തലേ ദിവസം ലഭിച്ചിരുന്നത്. സീൻ എഴുതി ജയനെ വായിച്ചു കേൾപ്പിച്ചു കഴിഞ്ഞാൽ ഉടനെ, ആ സ്ക്രിപ്റ്റ് പ്രകാരം പ്രോപ്പർറ്റീസ് ഒരുക്കാൻ ആയി ജയൻ അത് എന്നെ ഏല്പിക്കും. ഷൂട്ടിംഗ് കഴിയാറായപ്പോഴേക്കും തിരുമേനിയും ഞാനും അടുത്ത സൗഹൃദത്തിൽ ആയി. “ടോ ഗോപിനാഥാ “എന്ന അദ്ദേഹത്തിന്റെ സ്നേഹസ്രമണമായ വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്ന പോലെ..
ആ ഗുരുവര്യന്റെ പാവനസ്മരണക്ക് മുന്നിൽ ബാഷ്പാഞ്ജലികളോടെ.

(തുടരും)

 

Pics.
1. യേശുദാസ്
2. മാടമ്പ്
3. പൂജ സ്റ്റിൽ. പദ്മിനി, നേമം പുഷ്പരാജ്, കൈതപ്രം, മാടമ്പ്, ജയരാജ്‌, S. കുമാർ,നിർമാതാവ് ശ്രീകണ്ഠൻ, കലൂർ ഡെന്നിസ്, പാലമുറ്റം മജീദ്,
K. K. ജേക്കബ്, മേക്കപ്പ് മണി.
4.കൈതപ്രം, മാടമ്പ്. ജയരാജ്‌, S. കുമാർ.
5. മാടമ്പ്. ജയരാജ്‌, S. കുമാർ.
6. ജയറാം, പത്മിനി.
7. ബോബി കൊട്ടാരക്കര, മണിയൻ പിള്ള രാജൂ, ജയറാം
8.9,10,11, വർക്കിംഗ്‌ സ്റ്റിൽസ്
12. ഹക്കീം, ജീ ജോർജ് & me.

Leave a Reply
You May Also Like

അടിവസ്ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യാൻ സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ ഇറങ്ങിപ്പോയതായി പ്രിയങ്ക ചോപ്ര

ഇന്ത്യൻ ചലച്ചിത്രനടിയാണ് പ്രിയങ്ക ചോപ്ര (ഹിന്ദി: प्रियंका चोपड़ा; ജനനം ജൂലൈ 18, 1982) ഹിന്ദി…

പരസ്പരം ഒരു കേസിൽ വാശി തീർക്കുന്ന ഇവരുടെ കഥയാണ് വാശി

വാശി (ഫസ്റ്റ് റിപ്പോർട്ട്) Basil Paul Kattuchirayil ‘ഞാനിത് എങ്ങനെ ആയാലും ജയിക്കും’ ‘എനിക്കുള്ള എക്സ്പീരിയൻസ്…

ഷാരൂഖ് ഖാന്റെ നായിക ലണ്ടനിലെ റോഡിൽ , അതുവഴി പോകുന്ന ആളുകൾ അവളെ ഒരു ‘ഭിക്ഷക്കാരി’ ആണെന്ന് കരുതി പണം നൽകി

തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ബോളിവുഡ് പ്രേക്ഷകർക്കിടയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ തപ്‌സി പന്നു വിജയിച്ചു. കഴിഞ്ഞ…

രോഗകാലത്ത് തനിക്ക് പലരും സിനിമകൾ തരാതിരുന്നിട്ടുണ്ടെന്നും താൻ അവഗണിക്കപ്പെട്ടുവെന്നും മംമ്തയുടെ വെളിപ്പെടുത്തൽ

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം…