സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 4
(ഗോപിനാഥ് മുരിയാട്)
ലൊക്കേഷനിൽ എത്തി അന്നത്തെ ഷൂട്ടിംഗ് ന് വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങവേ ആരോ വന്ന് വിവരം പറഞ്ഞു. ഷൂട്ടിംഗിന് വന്ന വണ്ടികളിൽ ഒരെണ്ണം വഴിയിൽ ആക്‌സിഡന്റ് ആയി.(മൊബൈൽ ഇല്ലാത്ത കാലം ആണേ ) വിവരം കേട്ട ഉടനെ ഞങ്ങൾ സംഭവ സ്ഥലത്തേക്ക് കുതിച്ചു. റോഡിന്റെ ഒരു വശത്തു തകർന്നു കിടക്കുന്ന പ്രൊഡക്ഷൻ വാൻ. രാവിലത്തെ ബ്രേക്ഫാസ്റ്റ്, ടീ ക്യാൻ, എല്ലാം അവിടവിടെ ചിതറി കിടക്കുന്നു. ചോര തളം കെട്ടി കിടപ്പുണ്ട്. സമീപത്തായി രംഗം വീക്ഷിച്ചു നിൽക്കുന്ന നാട്ടുകാരിൽ ചിലർ പറഞ്ഞു വണ്ടിയിൽ ഉണ്ടായിരുന്നഎല്ലാവരെയും ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. മുന്നിൽ ഇരുന്ന ചെറുപ്പക്കാരനും ഡ്രൈവറും മരിച്ചു. (സോറി. പാലക്കാട് കാരനായ ആ പ്രൊഡക്ഷൻ മാനേജരുടെ പേര് ഓർമ കിട്ടുന്നില്ല ).ഇതിനിടെ പ്രൊഡക്ഷനിലെ മറ്റുള്ളവരെ കോയമ്പത്തൂർ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയിരിക്കുന്നതെന്ന്ആരോ പറഞ്ഞു അറിഞ്ഞു. ഉടനെ ഞങ്ങൾ കയറിയ കാർ അങ്ങോട്ട് വിട്ടു.
കോയമ്പത്തൂർ ഹോസ്പിറ്റലിലെ രംഗങ്ങൾ ഭയപ്പെടുത്തുന്നതായിരുന്നു.
ദിവസവും ഞങ്ങൾക്ക് ഭക്ഷണം വിളമ്പിയിരുന്ന രണ്ടു മൂന്നു പേർ ചായയും മറ്റും ദേഹത്ത് വീണ് തീ പൊള്ളൽ ഏറ്റ് അത്യാസന്ന നിലയിൽ. അല്പം കഴിഞ്ഞപ്പോൾ രാധാകൃഷ്നേട്ടനും പ്രൊഡ്യൂസറും തിരിച്ചു പോയി. ഷൂട്ടിംഗ് പാക്ക് അപ്പ് ആണ്. ഹോട്ടലിൽ ചെന്ന് റൂംസ് വെക്കേറ്റ് ചെയ്യണം.ലൊക്കേഷനുകളിൽ പോയി എല്ലാവരോടും യാത്ര പറയണം. ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർ മരിച്ച നിലക്ക് ഇനി അവിടെ എങ്ങനെ ഷൂട്ടിംഗ് തുടരും.? എന്നെയും പ്രൊഡക്ഷൻ മാനേജർ ഒരു മോഹനനെയും ഹോസ്പിറ്റലിലെ കാര്യങ്ങൾ നോക്കാൻ നിർത്തിയ ശേഷം മറ്റുള്ളവർ യാത്രയായി. പോലീസ് സ്റ്റേഷനിൽ പോണം. വേറെയും പല കാര്യങ്ങളും സെറ്റിൽ ചെയ്യാൻ ഉണ്ടല്ലോ.
അന്ന് രാത്രി മോഹൻ വേറെന്തൊക്കെയോ കാര്യങ്ങളായ് പോയപ്പോൾ ഞാൻ മാത്രം ആണ് പരുക്കേറ്റവർക്കൊപ്പം വാർഡിൽ ഉണ്ടായിരുന്നത്. വല്ലാത്തൊരു കാളരാത്രിതന്നെ ആയിരുന്നു എനിക്കത്. തീ പൊള്ളൽ ഏറ്റു കിടക്കുന്ന ഒരാൾ (സോറി. പേര് ഓർമ കിട്ടുന്നില്ല. ഇതോടൊപ്പം ഉള്ള പൂജ സ്റ്റിൽ ൽ പുറം തിരിഞ്ഞ് നിൽക്കുന്ന പയ്യൻ ആണ് )രാത്രി മുഴുവൻ വേദന സഹിക്ക വയ്യാതെ കരച്ചിൽ ആയിരുന്നു. ഗോപിയേട്ടാ എന്ന അവന്റെ വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു. ഞാൻ ഇടയ്ക്കിടെ കുടിക്കാൻ എന്തെങ്കിലും ഒക്കെ കൊടുത്ത് അവനെ ആശ്വസിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എന്നെ ഒറ്റക്ക് അവർക്കൊപ്പം ആക്കി സ്ഥലം വിട്ട മോഹൻ എവിടെയാണോ എന്തോ?? എങ്ങനെയോ അന്ന് രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ആരൊക്കെയോ എത്തി. എന്നോട് അന്ന് തന്നെ മദ്രാസിലേക്ക് മടങ്ങിക്കോളാൻ പറഞ്ഞു ടിക്കറ്റ് തന്നു വിട്ടു.
കോയമ്പത്തൂർ നിന്ന് ബസിൽ ആണ് മടങ്ങിയതെന്ന് ആണ് ഓർമ. മടക്കയാത്രയിൽ എന്റെ മനസ്സാകെ കലുഷിതമായിരുന്നു.എന്തൊരു നിര്ഭാഗ്യവാൻ ആണ് ഞാൻ. അസിസ്റ്റന്റ് ആയി വർക്ക് ചെയ്ത മൂന്നാമത്തെ പ്രൊജക്റ്റും ഇതാ പാതിയിൽ നിന്നിരിക്കുന്നു.ഇനി ഇത് വീണ്ടും തുടങ്ങുമോ??ഒരു സംവിധായകൻ ആവാൻ മോഹിച്ചു വന്ന ഞാൻ എങ്ങും എവിടെയും എത്താതെ .ഓർമ്മകൾ വേട്ടയാടാൻ തുടങ്ങിയപ്പോൾ കണ്ണ് നിറഞ്ഞു വന്നു.. മറ്റാരും കാണാതിരിക്കാൻ ഞാൻ ബാഗിൽ തല ചായ്ച്ചു കുനിഞ്ഞു കിടന്നു..മദ്രാസിൽ എത്തി മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് രാധാകൃഷ്‌ണേട്ടനെ വീണ്ടും കാണുന്നത്.
“ഷൂട്ടിംഗ് ആരംഭിക്കാൻ രണ്ടു മാസം എങ്കിലും കഴിയും. ആർട്ടിസ്റ്റിന്റെ ഡേറ്റ് എല്ലാം വീണ്ടും അറേഞ്ച് ചെയ്യണ്ടേ. സമയം എടുക്കും. ഞാൻ പറയാം. ”
ഞാൻ വീണ്ടും ചെന്നൈയിൽ എന്റെ സെൻസർ വർക്ക്‌കളുമായി മുന്നോട്ടു പോയി. രണ്ടു മാസം കഴിഞ്ഞു ‘മനുഷ്യ ബന്ധങ്ങൾ’ വീണ്ടും തുടങ്ങി.. കൂട്ടത്തിൽ നിന്ന് കൊഴിഞ്ഞു പോയ രണ്ടു പേരെ കുറിച്ചുള്ള ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചശേഷം ചിത്രീകരണം വീണ്ടും ആരംഭിച്ചു..ഇത്തവണ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഭംഗിയായി ഷൂട്ടിംഗ് അവസാനിച്ചു. പാക്ക് അപ്പ് പറയുന്ന അന്ന് വല്ലാത്തൊരു ദുഖമായിരുന്നു എല്ലാവർക്കും. അകത്തേതറ യിലെ നിഷ്കളങ്കരായ ഗ്രാമീണർ ഇതിനകം ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ മെയിൻ ലൊക്കേഷൻ ആയിരുന്ന രണ്ടു മൂന്ന് വീട്ടുകാർ.. ആരുടേയും പേര് പോലും ഓർമയില്ല. പക്ഷേ ഷൂട്ടിങ്ങിൽ ഉടനീളം അവർ ഞങ്ങൾക്കൊപ്പം നിന്നു.
വലിയ ഒരു ദുരന്തം ഷൂട്ടിംഗ് തുടങ്ങിയപ്പോൾ തന്നെ നേരിടേണ്ടി വന്നെങ്കിലും അതൊന്നും കാര്യമാക്കാതെ ഞങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും തന്ന് സഹായിച്ച അവരോടുള്ള കടപ്പാട് രേഖ പെടുത്താൻ കൂടി ഞാൻ ഈ അവസരം വിനിയോഗിക്കട്ടെ.. നന്ദി…അധികം താമസിക്കാതെ ഡബ്ബിങ്ങും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് കളും തീർത്ത ശേഷം മനുഷ്യബന്ധങ്ങൾ ടെലികാസ്ററ് ചെയ്യ്തു തുടങ്ങി. 13 എപ്പിസോഡ് കൾ മാത്രം പതിവുള്ള ദൂരദര്ശന് പരമ്പരകളിൽ നിന്നും വ്യത്യസ്തമായി 19 എപ്പിസോഡ് കൾ ഉണ്ടായിരുന്നു മനുഷ്യ ബന്ധത്തിന്. മറ്റ് ചാനലുകൾ ഒന്നും ഇല്ലാത്ത അക്കാലത്തു് ഇറങ്ങുന്ന എല്ലാ സീരിയലുകളും ജനങ്ങൾക്ക്
പ്രിയങ്കരങ്ങൾ ആയിരുന്നു.. അകാലത്തിൽ പിരിഞ്ഞു പോയ യുവാവായ ആ പ്രൊഡക്ഷൻ മാനേജർക്കും ഒപ്പം ഉണ്ടായിരുന്ന പരിചയം പോലും ഇല്ലാത്ത ആ വാൻ ഡ്രൈവർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആൽബത്തിലെ ഈ പേജ് ഞാൻ മറിക്കട്ടെ..
(തുടരും)
Pics.
1.ബാലൻ. K.നായർ.
2.പൂജ സ്റ്റിൽ
3.ഫസ്റ്റ് ഡേ ഷൂട്ടിംഗ് പൂജ
4.K.രാധാകൃഷ്ണൻ.
5.പിന്നെ ഞാനും..