സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 40
(ഗോപിനാഥ്‌ മുരിയാട്)

ഷൂട്ടിംഗ് തുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് സുരേഷ് ഗോപി, നരേന്ദ്ര പ്രസാദ്, ഗീത എന്നിവർ ജോയിൻ ചെയ്യുന്നത്. മൂവരും വരുന്നത് കോഴിക്കോട് ഷാജി കൈലാസിന്റെ “ഏകലവ്യന്റെ” സെറ്റിൽ നിന്നാണ്. ഏകലവ്യൻ K.T.C. ഗംഗാധരൻ നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആണ്. അവിടെ നിന്നും ഗ്യാപ് കിട്ടുമ്പോൾ ആണ് പൈതൃകത്തിന്റെ സെറ്റിൽ ഇവർ മൂവരും വരുന്നത്. ഇവിടെ ജയറാം, നരേന്ദ്ര പ്രസാദ്, നന്ദിതാ ബോസ് തുടങ്ങിയവരുടെ കോമ്പിനേഷൻ ധാരാളം ഉണ്ടായതിനാൽ ആദ്യ ദിവസങ്ങളിൽ ഇത് വലിയ പ്രശ്നം ഉണ്ടാക്കിയില്ല. ഒട്ട് മിക്ക സീൻസും തവനൂർ മനയിലും തൊട്ടടുത്തുള്ള നിളാ തീരത്തും തന്നെ ആണ് ഷൂട്ട്‌ ചെയ്തത്.

ജയറാമിന്റെ സുഹൃത്തിന്റെ റോൾ ചെയ്യേണ്ടത് ജഗതി ചേട്ടൻ ആയിരുന്നു. അദ്ദേഹത്തിന്റെ തിരക്ക് മൂലം ആ സമയത്ത് എത്താൻ കഴിഞ്ഞില്ല. ഉടനെ മണിയൻ പിള്ള രാജൂ ചേട്ടനെ ആ റോളിൽ ഇടാൻ തീരുമാനിച്ചു. “സ്വയംവരമായി “എന്ന ഗാനത്തിന്റെ Choreography പുലിയൂർ സരോജ എന്ന പ്രശസ്തയായ നൃത്തസംവിധായിക ആയിരുന്നു. പുള്ളിക്കാരിയെ ആർട്ടിസ്റ്റിനും dancers നും ഒക്കെ വല്ലാത്ത പേടിയാണ് . സ്റ്റെപ്സ് തെറ്റിച്ചാൽ തെറി പറയുന്നതിൽ യാതൊരു മയവും ഇല്ലായിരുന്നു.

ചിലവ് ചുരുക്കാനായി ജയരാജ്‌ നായികക്കൊപ്പം നൃത്തം ആടേണ്ട പെൺകുട്ടികളെ ലോക്കൽ ആയി തന്നെ കണ്ടെത്തി. നാട്ടിലെ മികച്ച നർത്തകികൾ തന്നെ ആയിരുന്നെങ്കിലും സിനിമയിൽ ആരും അഭിനയിച്ചീട്ടില്ല. അത് കൊണ്ട് തന്നെ നൃത്ത സംവിധായികയുടെ സ്റ്റെപ്സ് ഒക്കെ ടേക്ക് എടുക്കുമ്പോൾ ആരെങ്കിലും ഒരാൾ തെറ്റിക്കും. മൂന്നാലു ടേക് എടുത്തീട്ടും ശരിയാവാതെ വന്നപ്പോൾ സരോജക്കയുടെ നാവിന്റെ മൂർച്ച കുട്ടികൾ അറിഞ്ഞു. സ്റ്റെപ്സ് തെറ്റിച്ച കുട്ടി പൊട്ടി കരഞ്ഞു. അവർ ആരും പ്രൊഫഷണൽ dancers ആയിരുന്നില്ല. സരോജമ്മ തന്റെ സ്ഥിരം ശൈലിയിൽ മദ്രാസ് dancers നോട്‌ ഇടപെടുന്ന രീതിയിൽ പറഞ്ഞതാണ് പ്രശ്നം ആയത്. ഒരു നിമിഷം ജയൻ അടക്കം എല്ലാവരും വല്ലാതായി. ഒരു കണക്കിന് എല്ലാവരും കൂടി സമാധാനിപ്പിച്ച് ആ കുട്ടിയെ പറഞ്ഞു വിട്ടു. അതോടെ സരോജമ്മ ജയനെ സമീപിച്ച് പറഞ്ഞു.

“ഇതെല്ലാം വേലക്കാകാത് സാർ. നീങ്കെ dancers പൈസ പാക്കാതെ. അതോടെ ജാസ്തി ഫിലിം വേസ്റ്റ് ആകും. ടൈം വേറെ. രണ്ട് നാൾ ഷൂട്ട്‌ പണ്ണ വേണ്ടിയസോങ്‌ 4 നാൾ ആയിടും. പറവായില്ലിയാ. അത് മട്ടും ഇല്ല ഇവങ്കെ എല്ലാം പണ്ണിയിട്ടാ അന്ത പെർഫെക്ഷൻ വരാത്. നീങ്കെ ശരീന്ന് സൊന്നാ നാളേക്കെ ചെന്നൈയിൽ നിന്ന് dancers നെ വര വെക്കറേൻ ”

ജയൻ നിർമാതാവും ആയി ആലോചിച്ചു. സംഗതി ശരിയാണെന്ന് അവർക്കും ബോദ്ധ്യമായതോടെ സരോജമ്മയുടെ താല്പര്യപ്രകാരം ചെന്നൈയിൽ നിന്ന് dancers നെ വരാൻ ഏർപ്പാട് ചെയ്തു .വന്ന ലോക്കൽ കുട്ടികളെ ഒക്കെ പിന്നെ വിളിക്കാം എന്ന് പറഞ്ഞു പാക്ക് ചെയ്ത ശേഷം നിളാ തീരത്ത് നിന്ന് മനയിലേക്ക് ഷിഫ്റ്റ്‌ ചെയ്ത് അവിടെ ജയറാമിന്റെ ഏതോ രംഗങ്ങൾ ഒക്കെ ചിത്രീകരിച്ചു.

അടുത്ത ദിവസം ചെന്നൈ dancers വന്നതോടെ ഗാനരംഗം ഭംഗിയായി തന്നെ എടുക്കാൻ സാധിച്ചു.
യുക്തിവാദി ആയ സുരേഷ് ഗോപിക്കും കൂട്ടർക്കും ഒപ്പം അഭിനയിക്കാൻ അസിസ്റ്റന്റ് ആയ ഹക്കീമിനോടും ജയൻ ആവശ്യപ്പെട്ടു. ഈ രംഗത്ത് അഭിനയിക്കാൻ എത്തിയ മറ്റൊരു യുവാവ് ആയിരുന്നു അനീഷ്‌ വർമ. (തിളക്കം എന്ന ജയരാജ്‌ ചിത്രത്തിന്റെ നിർമാതാവ്. യാത്ര ചോദിക്കാതെ എന്ന കലാഭവൻ മണി യുടെ അവസാനത്തെ ചിത്രം, zoom എന്നിവയുടെ സംവിധായകൻ ).

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ഭരതൻ സാറിന്റെ മാസ്റ്റർ പീസ് ചിത്രീകരിച്ചത് ആലുവാപ്പുഴയുടെ തീരത്തുള്ള അനീഷിന്റെ തറവാട്ടിൽ വച്ചായിരുന്നു. അന്ന് മുതൽ ആ ചിത്രത്തിന്റെ അസ്സോസിയേറ്റ് ആയ ജയനും ആയി പരിചയം ഉണ്ടെന്നും പരിചയപ്പെട്ടപ്പോൾ അനീഷ്‌ എന്നോട് പറഞ്ഞു. യുക്തിവാദികളുടെ തല തൊട്ടപ്പനും സുരേഷ് ഗോപിയുടെയും സംഘത്തിന്റെയും നേതാവും ആയി മാടമ്പും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

മറ്റൊരു അവിസ്മരണീയ സംഭവംകൂടി ഈ ലൊക്കേഷനിൽ ഉണ്ടായി. ചിത്രത്തിൽ സുരേഷും ഗീതയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ശേഷം അതിന് വേണ്ടി പഴയ ഒരു വീട് വാടകക്കെടുത്ത്, അത് സഹായികൾ എല്ലാവരും ചേർന്ന് വൃത്തിയാക്കി എടുക്കുന്ന രംഗം ചിത്രീകരിക്കുന്ന ദിവസം. ആർട്ട്‌ ഡയറക്ടറും സംഘവും തലേ ദിവസം തന്നെ ചെന്ന് വീടിന് ചുറ്റും ചമ്മലകൾ കൂട്ടിയിട്ടു. അകത്തൊക്കെ മാറാമ്പിലകൾ, പൊടി അങ്ങനെ കുറേ കാലമായി ഭാർഗവീ നിലയം പോലെ കിടന്ന ഒരു വീടാക്കി ഒരുക്കി. ഷൂട്ടിംഗ് യൂണിറ്റ് അവിടെ എത്തുമ്പോൾ ഷൂട്ടിംഗ് ഉണ്ടെന്നറിഞ്ഞോ എന്തോ കുറേ പേർ അവിടെ കൂടി നിൽപ്പുണ്ട്. ഷിഫ്റ്റ്‌ ചെയ്ത് അവിടെ എത്തിയപ്പോൾ ഉച്ചയോടെ ആയി. ഷൂട്ടിംഗിന് വേണ്ട ഒരുക്കങ്ങൾ പുരോഗമിച്ചു. സുരേഷ്, ഗീത, മാടമ്പ്, സുഹൃത്തുക്കൾ ആയി അഭിനയിക്കേണ്ടവർ ഒക്കെ എത്തി.

ഒരു നിമിഷം, സമീപത്തു എവിടെയോ ഉള്ള സ്കൂളിൽ ലഞ്ച് ബ്രേക്കിന് ബെല്ലടിച്ചു. ഫ്രൈഡേ ആണെന്നാണ് എന്റെ ഓർമ. വലിയൊരു ജനക്കൂട്ടം വീടിന് മുന്നിൽ തടിച്ചു കൂടി. ഭൂരിഭാഗവും സ്കൂൾ കുട്ടികൾ. ആളെ മാറ്റാനും ഒഴിപ്പിക്കാനും യൂണിറ്റ് അംഗങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും ഒന്നും നടക്കുന്ന ലക്ഷണം ഇല്ല. ഒരു ഭാഗത്തെ കുട്ടികളെ ഒതുക്കുമ്പോൾ മറുവശത്തു നിന്നും ഇരട്ടി പേർ അങ്ങോട്ട് കുതിച്ചെത്തും. ക്ഷമ കെട്ട് ജയൻ തന്നെ മുന്നോട്ട് ഇറങ്ങി വന്നു ചോദിച്ചു.

“എവിടെയാ നിങ്ങളുടെ സ്കൂള്. ഹെഡ് മാസ്റ്ററോട് ഞങ്ങൾ പോയി സംസാരിക്കാൻ പോവാ.”
ഒരു വിരുതൻ മുന്നോട്ട് വന്ന് പറഞ്ഞു.
“സാർ എന്തിനാ സ്കൂളിൽ പോണേ. ഹെഡ് മാസ്റ്റർ ദേ, അവിടെ നിൽപ്പുണ്ട്.”

ഞങ്ങൾ നോക്കിയപ്പോൾ കുട്ടികൾ ക്കിടയിൽ കുറെ മുതിർന്നവരും എത്തിനോക്കുന്നുണ്ട്.!!
ബെസ്റ്റ്.. ക്ലാസ്സ്‌ നേരത്തേ വിട്ട് സ്കൂൾ മൊത്തം ഷൂട്ടിംഗ് കാണാൻ എത്തിയിരിക്കയാണ്. ഇനി എന്ത് ചെയ്യും. ജയൻ വേഗം സ്ഥലത്തെ ഒന്ന് രണ്ടു സഹായികളെ വിളിച്ചു അന്വേഷിച്ചു. ഇത്രയും ജനങ്ങളെ അതും കുട്ടികളെ ഒഴിവാക്കാനോ, പറഞ്ഞു വിടാനോ ഒന്നും സാധ്യമല്ല. ഈ പ്രദേശത്ത് ഷൂട്ടിംഗ് ആദ്യമായിട്ടാ. ഇന്ന് തത്കാലം പാക്ക് ചെയ്യാം. നാളെയും മറ്റന്നാളും ശനി, ഞായർ ദിവസങ്ങളിൽ സ്കൂൾ ലീവ് ആണല്ലോ. ഇവിടെ വന്ന് ഈ ലൊക്കേഷനിലെ വർക്ക്‌ തീർക്കാം.

അവസാനം ഞങ്ങൾ അവിടെ ഷൂട്ട്‌ ചെയ്യുന്നില്ലെന്ന് പറഞ്ഞു പാക്ക് ചെയ്ത് തിരിച്ചു പോയി. പക്ഷേ അടുത്ത രണ്ടു ദിവസവും വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അതേ സ്ഥലത്ത് വച്ച് തന്നെ അവിടുത്തെ രംഗങ്ങൾ ഞങ്ങൾ ഭംഗിയായി തീർത്തു.

അവസാനം പടത്തിലെ മർമ പ്രധാനമായ യാഗം ഷൂട്ട്‌ ചെയ്യേണ്ട ദിവസം എത്തി. പുഴയോരത്തെ മണൽ തിട്ടയിലാണ് യാഗത്തിന് വേണ്ട സെറ്റ് ഇട്ടിരിക്കുന്നത്. മുമ്പ് യാഗം നടത്തി തഴക്കവും പരിചയവും ഉള്ള ബ്രാഹ്മണ ശ്രേഷ്ഠരായ ഒരുപാട് പേർ ഞങ്ങളെ സഹായിക്കാൻ എത്തിയിരുന്നു. പലരും ഈ രംഗങ്ങളിൽ അഭിനയിച്ചീട്ടുണ്ട്. മുഖ്യ പുരോഹിതൻ ആയ അക്കിത്തിരിപ്പാട് ആയി നരേന്ദ്രപ്രസാദ് സാർ ആണ്.( അദ്ദേഹം ചെയ്തതിൽ വച്ച് ഒരു പക്ഷേ ഏറ്റവും നല്ല കഥാപാത്രം ഇത് തന്നെ ആവണം ). നന്ദിതാബോസ്, സുരേഷ് ഗോപി, ഗീത, മാടമ്പ് പിന്നെ ഗ്രാമീണരായ ഒരുപാട് പേർ ഒക്കെ ഈ യാഗ വേദിയിൽ വരുന്നുണ്ട്. പ്രസാദ് സാറും,
സുരേഷ് ഗോപിയും ഗീതയും അന്ന് രാവിലെ കോഴിക്കോട് നിന്നും വന്നീട്ടേ ഉള്ളൂ.11 മണിയോടെ ഷോട്ട്സ് ഓരോന്നായി ജയനും, S.കുമാറും ധൃതിയിൽ ചിത്രീകരിച്ചു വരവേ പെട്ടെന്ന് ഒരു പോലീസ് ജീപ്പ് ലൊക്കേഷനിൽ എത്തി. ഇൻസ്‌പെക്ടറും രണ്ട് മൂന്ന് പോലീസ്‌കാരും യാഗശാലയിലേക്ക് കടന്ന് വന്നു.
എല്ലാവരും ഒന്ന് പരിഭ്രമിച്ചു.

ജയനും പ്രൊഡക്ഷൻ കൺട്രോളർ വിജയേട്ടനും നേരെ അടുത്തേക്ക് ചെന്നു..
“എന്താ സാർ പ്രശ്നം??”
“ഞങ്ങൾക്കൊരു പരാതി കിട്ടിയിട്ടുണ്ട്. നരേന്ദ്ര പ്രസാദ് എന്ന നടൻ ഇവിടെ ഉണ്ടോ??”
S.I. അൽപ്പം ഗൗരവത്തിൽ ആണ്.
“ഉവ്വ്‌ ”
പ്രസാദ് സാർ യാഗശാലക്ക് സമീപം ഷോട്ട് കഴിഞ്ഞ് വിശ്രമിക്കുന്നുണ്ടായിരുന്നു. ഒപ്പം യജമാന പത്നി ആയ നന്ദിതാബോസും ഉണ്ട്.
S.I. യും കൂട്ടരും നേരെ അദ്ദേഹത്തിന് നേരെ ചെന്നു.

(തുടരും)

Pics.
1.ജയരാജ്‌, ജയറാം, പ്രസാദ് സാർ, വിനോദ്,(അസ്സോസിയേറ്റ് )വിജയൻ (പ്രൊഡക്ഷൻ കൺട്രോളർ )
സുരേഷ് ഗോപി & me.
2. നരേന്ദ്ര പ്രസാദ്, ജയരാജ്‌, S. കുമാർ, നേമം പുഷ്പരാജ് & യാഗത്തിൽ പങ്കെടുത്ത പ്രധാന ആചാര്യന്മാർ.
3.പുലിയൂർ സരോജ, പത്മിനി, ഹക്കിം & me.
4.സ്വയംവരമായ് ഗാന ചിത്രീകരണം.
5,6,7. യാഗത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശി കൾക്കൊപ്പം ജയരാജ്‌, വിനോദ് & me.
8.പ്രസാദ് സാർ & me.
9.പ്രസാദ് സാർ.
10. നന്ദിത ബോസ്.
11. അനീഷ്‌ വർമ
12.പുലിയൂർ സരോജ.

Leave a Reply
You May Also Like

കാതല്‍ ദണ്ഡപാണി ഓര്‍മയായിട്ട് ഒരു വര്‍ഷം.

തമിഴ് നടന്‍ കാതല്‍ ദണ്ഡപാണി ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം.

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

മോഷണം പോയ എന്റെ ഒരേയൊരു സമ്പാദ്യം (എന്റെ ആൽബം- 35)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

‘ലിംഗ’ ആരും വിശ്വസിക്കാത്ത ഒരു കഥയും ക്ലൈമാക്സും , പിന്നെ രജനിയണന്റെ പടമായത് കൊണ്ട് ക്ഷമിക്കാം.!

അമാനുഷികത രജനിയണന്റെ കൂടപ്പിറപ്പാണ് എന്ന് സമാധാനിച്ചു കൊണ്ട് ആ ക്ലൈമാക്സ് നമുക്ക് ആസ്വദിക്കാന്‍ സാധിച്ചാല്‍ ലിംഗ എന്ന സിനിമ ഒരു മെഗാഹിറ്റാകുമെന്നു ഉറപ്പ്.