ഏകലവ്യന്റെ സെറ്റിൽ നിന്നും നരേന്ദ്രപ്രസാദിനെ ‘കിഡ്നാപ് ‘ ചെയ്തതാര് ? (എന്റെ ആൽബം- 41)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
55 SHARES
661 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 41
(ഗോപിനാഥ്‌ മുരിയാട്)

പ്രസാദ് സാറിന്റെ അടുത്ത് ചെന്ന S.I. അദ്ദേഹത്തെ വിഷ് ചെയ്തു.
“ഞങ്ങൾക്കൊരു പരാതി കിട്ടിയിട്ടുണ്ട്. K. T. C. യുടെ ഗംഗാധരൻ സാർ ആണ് പരാതിപ്പെട്ടിരിക്കുന്നത്. അവരുടെ സെറ്റിൽ അഭിനയിക്കാൻ വന്ന താങ്കളെ ആരോ കിഡ്നാപ് ചെയ്തു എന്നാണ് പരാതി.”
പ്രസാദ് സാർ ചിരിച്ചു.

“അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല ഇൻസ്‌പെക്ടർ. അവരുടെ പടത്തിലും ഈ ചിത്രത്തിലും ഞാൻ അഭിനയിക്കുന്നുണ്ട്. ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാമെന്ന് രണ്ടു കൂട്ടരും സമ്മതിച്ചത് കൊണ്ടാണ് ഞാൻ രണ്ടു പടവും ഏറ്റത്. ഇന്ന് ഇവിടെ ക്ലൈമാക്സ്‌ എടുക്കാൻ ഞാൻ ഇല്ലാതെ പറ്റില്ല. ജയരാജ്‌ ഇവിടുത്തെ അവസ്ഥ അറിയിച്ചപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു. അവിടെ പറഞ്ഞാൽ അവർ സമ്മതിക്കാൻ സാധ്യത ഇല്ലാത്തതിനാൽ, ഞാൻ ആരെയും അറിയിക്കാതെ പോന്നു എന്ന് മാത്രം. അല്ലാതെ ആരും എന്നെ കിഡ്നാപ് ചെയ്തതൊന്നും അല്ല.”

ഇൻസ്‌പെക്ടർ ചമ്മിയ പോലെ ആയി.
“അപ്പോൾ ഞങ്ങൾ മണ്ടന്മാർ ആയി അല്ലെ ”

കാര്യം മനസ്സിലാക്കിയ S. I. യും പോലീസുകാരും തിരിച്ചു പോയി. ഞങ്ങൾ ഷൂട്ടിംഗ് തുടർന്നു.
ഞാൻ പിന്നീട് അറിഞ്ഞത് തലേ ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിയ പ്രസാദ് സാറിനെ ഏകലവ്യന്റെ കൺട്രോളർ ആയ ആൽവിൻ ആന്റണി ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും കൂട്ടി കൊണ്ട് പോയെന്നും, വിവരം അറിഞ്ഞ ജയൻ ഉടനെ പ്രൊഡ്യൂസറേയും പ്രൊഡക്ഷൻ കൺട്രോളർ വിജയേട്ടനെയും അവർക്ക് പിറകേ വിട്ട് പൊന്നാനിയിലോ മറ്റോ എത്തിയപ്പോൾ അവരുടെ കാർ തടഞ്ഞ് പ്രസാദ് സാർ നെ കാര്യങ്ങൾ ധരിപ്പിച്ചെന്നും, പ്രൊഡ്യൂസറുടെ വിഷമം കണ്ട് പ്രസാദ് സാർ അവരോടൊപ്പം തിരിയെ പൊന്നെന്നും ആണ്.

ഏകലവ്യന്റെ സെറ്റിലും മധുസാർ അടക്കം ഫുൾ കോമ്പിനേഷൻ ഉള്ള ഏതോ സീൻ എയർപോർട്ടിൽ വച്ച് ഷൂട്ട്‌ ചെയ്യാൻ അവർ പെർമിഷൻ ഒക്കെ വാങ്ങി കാത്തിരിക്കുകയായിരുന്നു. ഏതായാലും പ്രസാദ് സാർ തിരിച്ചു പോയ ഉടനെ അദ്ദേഹത്തെ കൊണ്ട് വരാമെന്നേറ്റ പ്രൊഡക്ഷൻ മാനേജർ ആൽവിൻ ആന്റണി (ഇന്നത്തെ പ്രൊഡ്യൂസർ ആൽവിൻ ആന്റണി തന്നെ) ആകെ വിഷണ്ണനായി. അവിടെ ചെന്ന് എന്ത് പറയാൻ ?
അങ്ങനെ പ്രൊഡ്യൂസറുടെ കോപത്തിൽ നിന്നും രക്ഷപെടാൻ പുള്ളി ഒരുക്കിയ ഒരു തിരക്കഥ ആയിരുന്നു ഈ കിഡ്നാപ് ഡ്രാമയും പോലീസിൽ പരാതി പ്പെട്ടതും.

എന്തായാലും അന്ന് വൈകീട്ട് തന്നെ യാഗം സീൻ (ശിവം ശിവദ,, എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ ആണ് അത് ) എടുത്തു തീർത്തു. പാട്ട് കഴിഞ്ഞാൽ സുരേഷ് ഗോപിയും യുക്തിവാദികൾ ആയ കൂട്ടുകാരും ചേർന്ന് യാഗത്തിനെതിരെ പ്രസംഗിക്കുന്നതും, യാഗത്തിന് ശേഷം മഴ പെയ്യുന്നത് പ്രതീക്ഷിച്ച് എത്തിയ ജനങ്ങൾ പിരിയാൻ തുടങ്ങവേ, ആദ്യത്തെ മഴതുള്ളി സുരേഷിന്റെ മുഖത്ത് തന്നെ വീഴുന്നതും തുടർന്ന് പെരുമഴ തന്നെ പെയ്യുന്നതും ആണ്. മഴ ഷൂട്ട്‌ ചെയ്യാൻ 2 ഫയർ എഞ്ചിൻ തയ്യാർ ആക്കി നിർത്തിയിരുന്നു.
പക്ഷേ അത്ഭുതമെന്ന് പറയട്ടെ, യാഗം കഴിഞ്ഞ് സുരേഷിന്റെ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ ആകാശത്ത് കാർമേഘം നിറഞ്ഞു.

ശരിക്കും മഴ പെയ്യാൻ തുടങ്ങിയതോടെ ഞങ്ങൾ ആശങ്കയിൽ ആയി. (ക്ലൈമാക്സിൽ അമ്പലത്തിന്റെ മേൽ വന്നു വീഴുന്ന മഴ മുഴുവൻ ഒറിജിനൽ മഴ തന്നെ ).ശരിക്കും മഴ തകർത്തു പെയ്താൽ നമ്മൾ ഉദ്ദേശിക്കുന്ന പോലെ ഷൂട്ട്‌ ചെയ്തു തീർക്കാൻ പറ്റില്ലല്ലോ. പക്ഷേ ദൈവം തുണച്ചു. മഴ ഒന്ന് പെയ്തു ആകെ നനച്ചെങ്കിലും പെട്ടെന്ന് നിന്നു. ബാക്കി ഷോട്ട്സ് എല്ലാം കൃത്രിമ മഴ ഉപയോഗിച്ച് തന്നെ വേഗം തീർത്തു. അന്ന് തന്നെ സുരേഷിനെയും പ്രസാദ് സാറിനെയും ഏകലവ്യന്റെ സെറ്റിലേക്ക് തിരിച്ചു അയച്ചു.

‌കൂട്ടത്തിൽ പറയട്ടെ പൈതൃകത്തിന്റെ ഫസ്റ്റ് എപ്പിസോഡ് ഞാൻ പോസ്റ്റ് ചെയ്ത അന്ന് ഒരു സുഹൃത്ത് കമന്റ് ബോക്സിൽ പൈതൃകത്തിന്റെ പരാജയത്തിന് കാരണമായി പറഞ്ഞത്, യാഗം ചെയ്ത് മഴ പെയ്യിക്കുന്ന ഈ പഴഞ്ചൻ വിശ്വാസം ഒക്കെ ഉയർത്തിപ്പിടിച്ചത് കൊണ്ടാണെന്നായിരുന്നു. പക്ഷേ യാഗത്തിന് ശേഷം അന്നവിടെ മഴ പെയ്തു എന്നത് ഒരു സത്യം ആണ്. (അന്നവിടെ കൂടിയ ജനങ്ങൾ ഒക്കെ അതിന് സാക്ഷിയാണ്. മറ്റൊന്ന് കൂടി മഴക്ക് മുമ്പ് ആകാശത്തിൽ യാഗശാലക്ക് മേലേ പറന്ന് വന്ന കൃഷ്ണ പരുന്തും ഒറിജിനൽ തന്നെ. യാഗം കഴിയുമ്പോൾ പരുന്ത് ആകാശത്തിൽ ദൃശ്യം ആവും എന്നതും ഒരു വിശ്വാസം ആണ്. പരുന്തിനെ കണ്ട ഉടനെ ജയൻ ക്യാമറമാൻ കുമാർ സാറിനോട് അത് എടുത്തോളാൻ പറയുകയായിരുന്നു).

‌പൈതൃകത്തിലെ മറ്റൊരു ഓർമയിൽ നിൽക്കുന്ന രസകരമായ സംഭവം “നീലാഞ്ചനപ്പൂവിൽ “എന്ന ഗാന ചിത്രീകരണം ആണ്. ഗർഭിണിയായ ഗീത തന്റെ ഗർഭം അലസിപ്പോവാൻ കാരണം താമസിക്കുന്ന വീടിന്റെ കുഴപ്പം കൊണ്ടാണെന്ന വിശ്വാസം മൂലം ഭർത്താവുമായി പിണങ്ങി അദ്ദേഹത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലേക്ക് വരുന്നത് മുതൽ കുഞ്ഞിനെ പ്രസവിക്കുന്നത് വരെ ആണ് ഗാനം. ഗാനം പുരോഗമിക്കവേ വയർ വലുതാവുന്നതും കാണിക്കണം.

‌ജയൻ ലിപ് ഇല്ലാത്ത ഗാനങ്ങൾ ഒരിക്കലും തുടർച്ചയായി ഷൂട്ട് ചെയ്യാറില്ല. ഏതെങ്കിലും ഒരു സീൻ തീരുമ്പോൾ ഉടനെ എന്നെ വിളിച്ചു “ആർട്ടിസ്റ്റിനു കോസ്റ്റും കൊടുക്കൂ. പാട്ടിന്റെ ഒരു കട്ട് ഇവിടെ എടുക്കാം “എന്ന് പറയും.
‌കണ്ടിന്യൂയിറ്റി നോക്കിയിരുന്നതിനാൽ ഗീത ഉടനെ എന്നെ വിളിച്ചു സംശയം ചോദിക്കും.
‌”ഗോപി സാർ, വാങ്കളെ, ഗർഭം എവളം മാസം?”
‌പാട്ടിന്റെ ഏത് പഞ്ച് ആണ് എടുക്കാൻ പോകുന്നതെന്ന് നോക്കി ഞാൻ പറയും.
‌”3,5,8, എന്നൊക്കെ. ഉടനെ പുള്ളിക്കാരി അതനുസരിച്ചു ചുറ്റിയിരിക്കുന്ന സെറ്റ് മുണ്ടിനുള്ളിൽ ഗർഭം സെറ്റ് ചെയ്യും. ഇത് പല ദിവസം ആയാണ് ഷൂട്ട് ചെയ്തത്.

‌ഒരു ദിവസം പുള്ളിക്കാരി സെറ്റ് ചെയ്തു വന്ന ഗർഭം എനിക്കല്പം കുറവ് ആയി തോന്നി.‌ ഞാൻ ഗീതയുടെ ഹെയർ ഡ്രെസ്സെറെ വിളിച്ചു കാര്യം പറഞ്ഞു.
‌”അമ്മാ, അത് കൊഞ്ചം കമ്മി മാതിരി തെരിയത്.6 മാസം ന്നാ ഇന്നും കൊഞ്ചം ജാസ്തി വേണ്ടാമാ? ”
‌ആ സ്ത്രീ ഉടനെ ഗീത യോട് ചെന്ന് വിവരം പറഞ്ഞു. അവർ ഉടനെ എന്നെ കണ്ണ് കാണിച്ചു അടുത്തേക്ക് വിളിച്ചു.. ഞാൻ വേഗം അടുത്ത് ചെന്നു.
‌”എന്നാ ഗോപി സാർ, 6 മാസം ന്ന് താനേ ശോന്നേ. ഇത് പത്താതാ? ”
‌ഞാൻ എന്റെ ഡൌട്ട് സൂചിപ്പിച്ചു.
‌”ഇന്നും കൊഞ്ചം ഇരുന്നാ നല്ലാരുക്കും. ഇന്നും ഒരു B.G.M. മുടിഞ്ചാ ഫുൾ വയർ കാമിക്കലാം. ”
‌”ആമാ. ഉങ്കൾക്ക് കല്യാണം ആച്ചാ? ” ഒരു കള്ള ചിരിയോടെ അവർ ചോദിച്ചു.
‌”ഇല്ലമ്മാ. ഏൻ? ” ഞാൻ ഒന്ന് ചമ്മി.
‌(വയസ്സ് 31 ആയി. തല ആണെങ്കിൽ മുടി കൊഴിഞ്ഞു പാതി കഷണ്ടി!)
‌”ഇല്ലാ. ഇവളം കറക്റ്റാ പുള്ള താച്ചി (ഗർഭിണി ) വിഷയം എല്ലാം സൊള്റെൻ ല്ലേ. അത് താൻ ”
‌അവർ എന്നെ ആക്കുന്ന പോലെ ഒരു ചിരി. ഞാൻ പതുക്കെ വലിഞ്ഞു.

പക്ഷേ അതിന് ശേഷം ആ പാട്ട് സീൻ എടുക്കുമ്പോൾ ഒക്കെ അവർ എന്നെ അടുത്ത് വിളിച്ചു ചോദിക്കും.
‌”പാരുങ്കോ ഗോപി സാർ. ഓക്കേ താനേ.. നീങ്കെ താനേ വയർ സ്പെഷ്യലിസ്റ്റ്.. ” 😆

ഇനി പടത്തിന്റെ ക്ലൈമാക്സിലേക്ക്.

‌മഴ കൊണ്ട് സുരേഷ് വീട്ടിൽ തിരിച്ചു വരുന്നതും അച്ഛനോട് മാപ്പ് പറയാൻ അദ്ദേഹത്തിന്റെ മുറിക്ക് പുറത്ത് വന്ന് വിളിക്കുന്നതും അകത്ത് സ്വയം അഗ്നിയിൽ വെന്തെരിയുന്ന അച്ഛനെ കണ്ട് അലറി വിളിച്ച് വാതിൽ തുറക്കാൻ ശ്രമിക്കുന്നതും ഒക്കെയാണ് ഇനി ഷൂട്ട് ചെയ്യാൻ ഉള്ളത്. കോഴിക്കോട് ഏകലവ്യന്റെ സെറ്റിൽ നിന്നും അവർ സുരേഷിനെ വിടുന്നില്ല. ജയൻ ആണെങ്കിൽ ബാക്കി ഉണ്ടായിരുന്ന പാച്ച് വർക്ക് എല്ലാം തീർത്തു. ഇനി ആ ക്ലൈമാക്സ് സീൻ മാത്രമേ ബാക്കിയുള്ളൂ. എന്ത് ചെയ്യാൻ ? അവർ തിരിച്ചു പണി തരുകയാണ്.

‌എന്റെ ഓർമ ശരിയാണെങ്കിൽ രണ്ടു ദിവസമോ മറ്റോ ഞങ്ങൾ ഷൂട്ട് ചെയ്യാൻ ഒന്നും ഇല്ലാതെ സുരേഷ് വരാൻ വേണ്ടി കാത്തിരുന്നു. അവസാനം സുരേഷ് വന്ന അന്ന് തന്നെ ഞങ്ങൾ ആ സീനും tale എൻഡും എടുത്തു പാക്ക് അപ്പ് ചെയ്തു. ക്ലൈമാക്സ് എടുക്കുന്നതിനിടയിൽ സുരേഷ് പറഞ്ഞ വാക്കുകൾ ഇപ്പോഴും മുഴങ്ങുന്നു.
‌”സത്യം ആയിട്ടും എനിക്ക് ഇതിന്റെ കഥ ഫുൾ അറിയില്ലായിരുന്നെടോ.. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഈ പടം ചെയ്യില്ലായിരുന്നു!!”

‌(സുരേഷ് തന്റെ കയ്യിലും കഴുത്തിലും ഒക്കെ ജപിച്ചു കെട്ടിയ ചരടും ഏലസ്സും ഒക്കെ എന്നെ കാണിച്ചുതന്നു )
‌സുരേഷ് ഗോപി എന്ന പച്ചയായ മനുഷ്യസ്നേഹി, അതിലേറെ ദൈവഭയമുള്ള ഒരാൾ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ. ‌ആര് എന്ത് പറഞ്ഞാലും ശരി,‌ He is a perfect gentlemen..
‌(അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇഷ്ടപ്പെടാത്തവർ ദയവു ചെയ്തു കമന്റ് ബോക്സിൽ വന്ന് പൊങ്കാല ഇടല്ലേ ).

ഷൂട്ടിംഗ് കഴിഞ്ഞ് തവനൂർ നിന്ന് മടങ്ങുമ്പോൾ വല്ലാത്തൊരു വിങ്ങൽ ആയിരുന്നു മനസ്സിൽ. ആ മനയും പരിസരവും, നിളാ തീരവും ഒക്കെ വർഷങ്ങൾ എത്ര കഴിഞ്ഞീട്ടും മങ്ങാതെ, മായാതെ തെളിഞ്ഞു നിൽക്കുന്നു.‌ ആ ഗ്രാമീണർ ഞങ്ങളോട് ഓരോരുത്തരോടും കാണിച്ച സ്നേഹവായ്പ്പുകൾ എങ്ങനെ മറക്കാൻ??

‌വീണ്ടും ചെന്നൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക്. എഡിറ്റിംഗ് A. V. M. സ്റ്റുഡിയോയിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരായ ലെനിൻ -വിജയൻ ടീം. ഡബ്ബിങ് പ്രസാദ് deluxil. സിനിമയിൽ യാഗത്തിൽ പങ്കെടുത്ത നമ്പൂതിരിമാരെ തന്നെ കൊണ്ട് വന്നീട്ടാണ് മന്ത്രങ്ങളും മറ്റും ഡബ് ചെയ്തത്. നന്ദിതാ ബോസ്, ഗീത എന്നിവർക്ക് അന്തരിച്ച പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി ചേച്ചിയും, പത്മിനിക്ക് അമ്പിളിയും(അവരും ഇന്നില്ല) ശബ്ദം നൽകി. മറ്റ് ചെറിയ കാരക്ടേഴ്സിനൊക്കെ അന്നത്തെ ചെന്നൈ ഡബ്ബിങ് ആർട്ടിസ്റ്റുകൾ തന്നെ വന്ന് ചെയ്ത് പോയി. ഇനി ഒരു ലേഡി ഡോക്ടറുടെ വോയിസ് കൂടെ ഉണ്ട്. ഗീതയും സുരേഷ് ഗോപിയും കൂടി അബോർഷൻ ആയതിനു ശേഷം ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറെ കാണുന്ന സീൻ. ഏതോ ലോക്കൽ ആർട്ടിസ്റ്റ് ആണ് ഡോക്ടറുടെ ആ വേഷം ചെയ്തത്. ഈ കഥപാത്രത്തിനു രണ്ടു മൂന്നു വോയിസ് ട്രൈ ചെയ്തെങ്കി ലും ഒന്നും ജയന് ഇഷ്ടം ആയില്ല. അവസാനം‌ ശ്രീജയെ വിളിക്കാൻ തീരുമാനിച്ചു.. ശ്രീജ നമ്മുടെ പടങ്ങളിൽ എല്ലാം സ്ഥിരമായി വർക്ക് ചെയ്യാറുള്ള കുട്ടിയാണ്.

‌അന്നേ കഴിവ് തെളിയിച്ച ആർടിസ്റ്റ്. അവസാനം ശ്രീജ യെ വിളിച്ചു കാര്യം പറഞ്ഞു.‌പുള്ളിക്കാരി വന്ന് ഒറ്റ ടേക്കിൽ തന്നെ ആ കഥാപാത്രത്തിന്റെ ‌വോയിസ് ഭംഗിയായി ഡബ് ചെയ്തു.എല്ലാവരും കയ്യടിച്ച് ശ്രീജയെ അഭിനന്ദിച്ചു.പരിഭവത്തോടെ ശ്രീജ പറഞ്ഞു.
“സന്തോഷം. സത്യത്തിൽ എന്നെ മാത്രം ഒഴിവാക്കിയതിൽ നല്ല വിഷമം ഉണ്ടായിരുന്നു എനിക്ക്. എന്തായാലും, ഇനി ഒറ്റ സീൻ ആണെങ്കിൽ കൂടി എന്നെ വിളിച്ചല്ലോ.. അത് മതി.”
അതോടെ ഡബ്ബിങ് തീർന്നു. പിന്നെ റീറെക്കോർഡിങ് വർക്ക്‌ (S. P. വെങ്കിടെഷ് തന്നെ ), ഫൈനൽ മിക്സിങ് എല്ലാം കഴിഞ്ഞ് പടത്തിന്റെ ഫസ്റ്റ് കോപ്പിയായി. ഇതിനിടയിൽ കാസ്സെറ്റ് കമ്പനിക്കാരുടെ നിർബന്ധം മൂലം ” നീലാഞ്ചനപ്പൂവിൽ ” ചിത്രയെ വച്ച് വീണ്ടും റെക്കോർഡ് ചെയ്തു. പേർസണലി പറഞ്ഞാൽ ബോംബെ ജയശ്രീ പാടിയ ആദ്യത്തെ വെർഷൻ തന്നെ ആയിരുന്നു ഞങ്ങൾക്കെല്ലാം ഇഷ്ടമായത്. വല്ലാത്തൊരു ഫീൽ ഉണ്ടായിരുന്നു ആ ഗാനത്തിന്.

93 വിഷുവിന് പൈതൃകം കേരളത്തിൽ റിലീസ് ആയി. ഞങ്ങളുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് പടം ഉദ്ദേശിച്ചത്ര വിജയിച്ചില്ല. പക്ഷേ അത് ചിത്രം മോശം ആയത് കൊണ്ടായിരുന്നില്ല.
എതിരാളികൾ മലയാള സിനിമയിലെ തന്നെ എക്കാലത്തെയും ഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു ചിത്രങ്ങൾ ആയിരുന്നു. ലാലേട്ടന്റെ “ദേവാസുരവും ” മമ്മൂക്കയുടെ “വാത്സല്യവും”!. കുടുംബപ്രേക്ഷകർ മുഴുവൻ വാത്സല്യത്തെ നെഞ്ചിൽ ഏറ്റിയപ്പോൾ, മംഗലശ്ശേരി നീലകണ്ഠൻ ദേവാസുരത്തിലൂടെ യുവജനങ്ങളുടെ ഹരമായി.(മാത്രമല്ല പൈതൃകത്തിന് ശേഷം വന്ന സുരേഷ് ഗോപി യുടെ “ഏകലവ്യൻ” അദ്ദേഹത്തെയും ” മേലേ പറമ്പിൽ ആൺവീട്” ജയറാമിനെയും മലയാളത്തിലെ പ്രിയങ്കരൻമാരാക്കി മാറ്റി ).

കാലം തെറ്റി വന്ന ചിത്രം എന്നേ “പൈതൃകം”എപ്പോൾ കാണുമ്പോളും എനിക്ക് തോന്നിയിട്ടുള്ളൂ. കമന്റ്‌ ബോക്സിൽ ഒരു ആസ്വാദകൻ സൂചിപ്പിച്ച പോലെ ജയരാജിന്റെ ഏറ്റവും നല്ല ചിത്രം ഇത് തന്നെയാണെന്നാണ് എന്റെ അഭിപ്രായം.. ❤.

(തുടരും)

Pics.
1. ജയരാജ്‌
2. സുരേഷ് ഗോപി
3. നരേന്ദ്ര പ്രസാദ്
4. ഗീത
5.മാടമ്പ്. ജയരാജ്‌.
6. ഹക്കീം, ജീജോർജ് & me.
7. ശ്രീജ.
8. ആനന്ദവല്ലി
9. ജയറാം, പത്മിനി.
10. ജയറാം, മണിയൻ പിള്ള രാജൂ.
11.ജയരാജ്‌, വിനോദ് & me.
12.&13. വർക്കിംഗ്‌ സ്റ്റിൽ.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്