സിനിമയുടെ സെൻസറിംഗ് വർക്കുകൾ ചില്ലറ കാര്യമല്ല (എന്റെ ആൽബം- 42)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
56 SHARES
666 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 42
(ഗോപിനാഥ്‌ മുരിയാട്)

പൈതൃകത്തിന് ശേഷം കുറച്ചൊരു ഗ്യാപ് വന്നു. 93 വിഷുവിന് പൈതൃകം റിലീസ് ആയ ശേഷം ഏപ്രിൽ, മെയ്‌ മാസങ്ങൾ വെറുതെ ഇരുന്നു എന്ന് തന്നെ പറയാം. ജൂൺ ആദ്യവാരം എന്നെ തേടി എത്തിയ വർക്ക്‌ “ബട്ടർഫ്‌ളൈസ് ” എന്ന രാജീവ് അഞ്ചൽ ചിത്രം ആയിരുന്നു . രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ് കുമാർ നിർമിച്ച ചിത്രം. മോഹൻലാൽ, ഐശ്വര്യ (ലക്ഷ്മിയുടെ മകൾ ), ജഗദീഷ്, മണിയൻ പിള്ള രാജൂ, നാസർ ….ഒക്കെയാണ് പ്രധാന അഭിനേതാക്കൾ. സ്ക്രിപ്റ്റ് -A. K. സാജൻ, സംഗീതം -രവീന്ദ്രൻ . മികച്ച വിജയം കൈവരിച്ച ഈ ചിത്രം നല്ല ഒരു എന്റെർറ്റൈനർ തന്നെ ആയിരുന്നു. കോതണ്ഡ പാണി സ്റ്റുഡിയോ യിൽ ആയിരുന്നു റീ റെക്കോർഡിങ്.

അന്നൊക്കെ പടം കണ്ട് മാർക്ക്‌ ചെയ്തിരുന്നത് സിനിമയുടെ റീ റെക്കോർഡിങ് സമയത്തായിരുന്നു. പിന്നെ അതിന്റെ ലെങ്ത് എടുക്കാൻ എഡിറ്റിംഗ് റൂമിൽ ചെന്ന് ഫിലിം റീൽസ് എഡിറ്റിംഗ് ടേബിളിൽ ഇട്ട് ഷോട്ട് ബൈ ഷോട്ട് ആയി ലെങ്ത് മാർക്ക്‌ ചെയ്യണം. ഇതിനായി ഒരു മീറ്റർ എല്ലാ എഡിറ്റിംഗ് ടേബിളിലും സെറ്റ് ചെയ്തിട്ടുണ്ടാവും (മിക്കവാറും രാത്രി എഡിറ്റിംഗ് വർക്കുകൾ ഒന്നും നടക്കാത്ത ഏതെങ്കിലും ദിവസം ആയിരിക്കും ഈ സൗകര്യം അനുവദിച്ചു കിട്ടുക. എത്രയോ രാത്രികളിൽ ചെന്നൈ എഡിറ്റിംഗ് റൂമുകളിൽ ഇങ്ങനെ സിനിമകളുടെ ലെങ്ത് അളക്കാൻ മാത്രം ചിലവിട്ടിരിക്കുന്നു ).

പലവട്ടം എന്റെ ആൽബത്തിലൂടെ ഞാൻ ഉത്തരം നൽകിയെങ്കിലും ഇപ്പോഴും പലർക്കും സെൻസർ വർക്കുകളെ പറ്റിയോ സെൻസർ സ്ക്രിപ്റ്റിനെ പറ്റിയോ ശരിയായ ഒരു ധാരണ ഇല്ലെന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ ഈ എപ്പിസോഡ് സെൻസർ എന്ന സിനിമയുടെ അവസാനത്തെ കടമ്പയെ പറ്റി തന്നെ ആവട്ടെ.

Central board of film certification (C. B. F. C.) ഒരു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആണ്. ഇന്ത്യയിൽ റിലീസ് ആവുന്ന എല്ലാ സിനിമകളും അതാത് ഭാഷാ സിനിമകൾക്ക് വേണ്ടിയുള്ള റീജിയണൽ ഓഫീസുകളിൽ സമർപ്പിച്ച് അവിടെ നിന്നും സർട്ടിഫിക്കറ്റ് നേടിയിരിക്കണം.(പടം തുടങ്ങുന്നതിനു മുമ്പ് കാണിക്കുന്ന ഈ സർട്ടിഫിക്കറ്റ് ൽ പടത്തിന്റെ പേര്, ഭാഷ, ലെങ്ത് (ആദ്യകാലത്ത് ഫീറ്റിൽ ആയിരുന്നു ഇത് രേഖപ്പെടുത്തിയിരുന്നത്. സിനിമകൾ ഡിജിറ്റൽ ആയതോടെ ഇന്ന് അത് ഡ്യൂറേഷൻ ആയി മാറിയിട്ടുണ്ട് ). കൂടാതെ സെൻസർ ഓഫീസറുടെയും ഒപ്പം അന്ന് ചിത്രം കണ്ട മെംബേർസിന്റെയും പേര് (ഇതിനായി ഓരോ സമയത്തും ഭരണത്തിൽ ഇരിക്കുന്ന പാർട്ടിക്കാരുടെ താല്പര്യം പോലെ കുറച്ചു പേരെ സെൻസർ ബോർഡ്‌ മെംബേർസ് ആയി നോമിനേറ്റ് ചെയ്തിട്ടുണ്ടാവും. സെൻസർ ഓഫീസർക്ക് പുറമെ നാല് മെംബേർസ് എങ്കിലും, ഒരു സ്ത്രീ മെമ്പർ അടക്കം പടം കണ്ട് അത് പ്രദർശനയോഗ്യമാണെന്നാണ് സാക്ഷ്യപ്പെടുത്തണം എന്നാണ് നിയമം ). U,(unrestricted public exhibition),UA, (parental guidance for the children under age 12), A, (restricted to Adults only), S,(special group of audience such as Doctors, scientists etc.) ഇങ്ങനെ 4 സർട്ടിഫിക്കറ്റുകൾ ആണ് നമ്മുടെ സിനിമകൾക്ക് സാധാരണയായി നൽകാറുള്ളത്.

ഒരു 90’s കാലഘട്ടം വരെ സൗത്ത് ഇന്ത്യൻ സിനിമകൾ എല്ലാം ചെന്നൈയിൽ സെൻസർ ചെയ്യാമായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ ഭാഷാ ചിത്രങ്ങൾക്കും അതാതു സംസ്ഥാനങ്ങളുടെ ഹെഡ് ക്വാർട്ടേഴ്‌സ് ലും റീജിയണൽ ഓഫീസുകൾ സ്ഥാപിച്ചിട്ടുണ്ട്. മലയാളം (തിരുവനന്തപുരം ), തമിഴ് (ചെന്നൈ ), കന്നഡ (ബാംഗ്ലൂർ ), തെലുങ്ക് (ഹൈദരാബാദ് ), ബംഗാളി (കൽക്കട്ട ) അങ്ങനെ. Ministry of Information & Broadcasting ന്റെ കീഴിൽ വരുന്ന C. B. F. C. നിലവിൽ വരുന്നത് 1951 ലാണ്.1952 ൽ ആണ് cinematograph act നിയമം നടപ്പിൽ വരുന്നത്. അന്ന് പക്ഷേ U, A, ഇങ്ങനെ രണ്ട് വിഭാഗം സർട്ടിഫിക്കറ്റുകൾ മാത്രമേ കൊടുക്കാറുള്ളൂ.1983 ൽ ഈ നിയമത്തിൽ വന്ന

ഭേദഗതി കൾ മൂലം ആണ് UA, S എന്നീ സർട്ടിഫിക്കറ്റുകൾ കൂടെ നൽകാൻ തീരുമാനം ആയത്.

ആദ്യകാലങ്ങളിൽ ഫിലിം സെൻസറിന് സമർപ്പിക്കുന്നതോടൊപ്പം, ഷോട്ട് ബൈ ഷോട്ട് മാർക്ക്‌ ചെയ്ത്, ഡയലോഗുകൾ ഉൾപ്പെടെ എഴുതി തയ്യാർ ആക്കിയ ഫൈനൽ സ്ക്രിപ്റ്റ് ബൈൻഡ് ചെയ്ത്, പടത്തിന്റെ കഥാ സാരം (ഇംഗ്ലീഷ് &മലയാളം ), പാട്ടുകൾ, നടീ നടന്മാരുടെയും, സാങ്കേതിക വിദഗ്ധരുടെയും ഡീറ്റെയിൽസ്, സെൻസർ അപ്ലിക്കേഷൻ, 100 രൂപ മുദ്ര പത്രത്തിൽ ഒരു affidavit (എല്ലാം sign ചെയ്യേണ്ടത് നിർമാതാവ് ആണ് ), കൂടെ CBFC യുടെ പേരിൽ അടക്കേണ്ട ഒരു D.D.യും (10 മിനിറ്റിന് 2000 രൂപ വച്ച് ഒരു 2 മണിക്കൂർ ഫിലിമിന് 24,000 രൂപയോളം ) ഇത്രയും ഒക്കെ നൽകിയാൽ മാത്രമേ പടം അവർ കണ്ട് സർട്ടിഫിക്കറ്റ് കിട്ടൂ.
അത് അന്ത കാലം.

ഈ ഓൺലൈൻ കാലഘട്ടത്തിൽ കുറച്ചു കൂടി നിയമങ്ങൾ കർക്കശമാക്കിയിരിക്കുന്നു CBFC. ഇന്ന് ഒരു പടം സെൻസർ ചെയ്ത് കിട്ടണമെങ്കിൽ ആദ്യം തന്നെ cbfc യുടെ സൈറ്റിൽ കയറി (www.ecinepramaan.gov.in) പ്രൊഡ്യൂസർടെ ഒരു ഐഡി create ചെയ്യണം. ഇതിനായി നിർമാതാവിന്റെ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ബാങ്ക് പാസ്ബുക്ക് first പേജ്,(or statement ), driving license or passport (ഇങ്ങനെ 5 ഐഡി ഡീറ്റെയിൽസ് ),100 രൂപ സ്റ്റാമ്പ്‌ പേപ്പറിൽ ഒരു affidavit, ബാനറിന്റെ പേരും പടത്തിന്റെ പേരും, പ്രൊഡ്യൂസറുടെ 2 ഫോൺ നമ്പർ, ഇമെയിൽ ഐഡി ഇത്രയും സാധനങ്ങൾ അപ്‌ലോഡ് ചെയ്യണം. ഇത് വെരിഫിക്കേഷൻ ചെയ്ത ശേഷം cbfc യിൽ നിന്ന് പ്രൊഡ്യൂസറെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. അതിന് ശേഷം your id is approved എന്ന് ഒരു മെസ്സേജ് നിർമാതാവിന്റെ ഫോണിൽ വരും.

ഇനി അതേ ബാനറിൽ തന്നെ ആ പ്രൊഡ്യൂസർ മറ്റൊരു പടം ചെയ്യുകയാണെങ്കിൽ വീണ്ടും വേറെ id ക്രീയേറ്റ് ചെയ്യേണ്ട ആവശ്യമില്ല. പുതിയ പടത്തിന്റെ ഡീറ്റെയിൽസ് ഈ ഐഡിയിൽ തന്നെ അപ്‌ലോഡ് ചെയ്താൽ മതി. പ്രൊഡ്യൂസർ ഐഡി ക്രീയേറ്റ് ചെയ്ത് കഴിഞ്ഞാൽ ഇനി അടുത്ത പ്രധാനപ്പെട്ട ജോലി സ്ക്രിപ്റ്റ് തയ്യാറാക്കൽ ആണ്. ഇതിനായി പടത്തിന്റെ ഒരു ഫൈനൽ എഡിറ്റഡ് വെർഷൻ(ഡബ്ബിങ് കഴിഞ്ഞത്) ഡിവിഡി യിലോ പെൻഡ്രൈവിലോ ആക്കി നമ്മളെ ഏല്പിക്കും. (ഫിലിം മാറി ഡിജിറ്റൽ ആയിട്ടും മൊത്തം പടം റീലുകൾ ആയി തരം തിരിച്ചു ഓരോ റീൽനും separate ടൈം കോഡ് ഇടണം എന്നാണ് നിയമം. അതായത് ഫസ്റ്റ് ഫ്രെയിമിൽ സീറോയിൽ നിന്നു തുടങ്ങി റീൽ end ആവുമ്പോൾ 20-25 മിനിറ്റ് കാണും. വീണ്ടും അടുത്ത റീൽ സീറോയിൽ നിന്ന് ആരംഭിച്ചു end ആവുമ്പോൾ ഉള്ള duration. ഇങ്ങനെ എല്ലാ റീലിന്റെയും ടൈം കൂട്ടി ടോട്ടൽ duration ഫസ്റ്റ് പേജിൽ കാണിച്ചിരിക്കണം ).

ഇപ്പോൾ സ്ക്രിപ്റ്റ് dtp ചെയ്ത് spiral binding ചെയ്ത് കൊടുക്കണം എന്ന് നിർബന്ധം. സ്ക്രിപ്റ്റിൽ ഫസ്റ്റ് തന്നെ 10 സെക്കന്റ്‌ സെൻസർ സർട്ടിഫിക്കറ്റിനായി വിടണം. പിന്നെ cigartte awareness കാർഡ് , സ്ത്രീകളെ ഉപദ്രവിക്കുന്നതും, മൃഗങ്ങളെ ഉപദ്രവിക്കുന്നതും തെറ്റ്, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്‌ ഉപയോഗത്തിനെ പറ്റി awareness കാർഡ് ഇങ്ങനെ ഒരു മിനിറ്റോളം ഉള്ള കാർഡുകൾ പ്രദർശിപ്പിക്കണം എന്നത് നിർബന്ധം. (ഇതെല്ലാം സ്ക്രിപ്റ്റിലും വേണം.). പിന്നെ thanks cards, മെയിൻ ടൈറ്റിൽസ് ഒക്കെ കഴിഞ്ഞ് ആദ്യം കാണിക്കുന്ന ഷോട്ട് മുതൽ പടത്തിന്റെ അവസാനത്തെ ഷോട്ട് വരെ dtp ചെയ്ത് , (ആ ഷോട്ടിലെ ഡയലോഗുകൾ ഉൾപ്പെടെ detailed script ),ബൈൻഡ് ചെയ്യണം.

ഇതിന് പുറമെ പടത്തിന്റെ synopsis (ഇംഗ്ലീഷ് & മലയാളം ), പ്രധാനപ്പെട്ട നടീനടൻമാരുടെയും അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെയും പേര്, ചീഫ് ടെക്‌നിഷ്യൻസിന്റെ ഡീറ്റെയിൽസ്, എല്ലാ പാട്ടുകളുടെയും കോപ്പി (സ്ക്രിപ്റ്റ് ഒഴിച്ച് മറ്റുള്ളതെല്ലാം 8 കോപ്പികൾ വേണം ). ഇത് കൂടാതെ വർക്ക്‌ ചെയ്ത സ്റ്റുഡിയോയിൽ നിന്നും പടത്തിന്റെ duration ഇത്രയാണെന്നും ഈ ചിത്രത്തിന്റെ എല്ലാ വർക്കും അവിടെയാണ് ചെയ്തതെന്നും അവരുടെ ലെറ്റർ ഹെഡിൽ ഒരു ലെറ്റർ. (സ്റ്റുഡിയോ ലെറ്റർ ),200 രൂപയുടെ മുദ്ര പത്രത്തിൽ 3 affidavit കൾ, പടം ക്യുബിൽ അപ്‌ലോഡ് ചെയ്തു എന്ന് 200 രൂപ മുദ്ര പത്രത്തിൽ ഒരു affidavit, ഫിലിം ചേംബറിൽ പടം രജിസ്റ്റർ ചെയ്‌തീട്ടില്ലെങ്കിൽ അത് സൂചിപ്പിച്ചു കൊണ്ട് 200 രൂപ മുദ്ര പത്രത്തിൽ മറ്റൊരു affidavit. കൂടാതെ പ്രൊഡ്യൂസർ ക്ക് സർട്ടിഫിക്കറ്റ് വാങ്ങാനും, മറ്റും പോകാൻ കഴിയില്ലെങ്കിൽ അതിന് ആരെയാണോ ഏല്പിക്കുന്നത് അയാളുടെ പേരിൽ power of attorney നൽകുന്ന വേറൊരു 200 രൂപ മുദ്ര പത്ര സത്യവാങ് മൂലം. (സെൻസർ ന് പ്രൊഡ്യൂസർ ചെല്ലണം എന്ന് നിർബന്ധം ആണ് ).

ഈ മുദ്ര പത്രങ്ങൾ എല്ലാം പ്രൊഡ്യൂസർ sign ചെയ്താൽ മാത്രം പോരാ, നോട്ടറി അറ്റെസ്റ്റ് ചെയ്യുകയും വേണം !  ഇനി സിനിമ ചേംബറിൽ രജിസ്റ്റർ ചെയ്തീട്ടുണ്ടെങ്കിൽ അവിടെ നിന്നും ടൈറ്റിൽ regn സർട്ടിഫിക്കറ്റ്, ബാനർ regn. സർട്ടിഫിക്കറ്റ്, പബ്ലിസിറ്റി clearance ലെറ്റർ ഇങ്ങനെ 3 ഡോക്യുമെന്റ്സ്, ഇതെല്ലാം തയ്യാർ ആയാൽ എല്ലാ ഡോക്യൂമെന്റ്സും നേരത്തെ രജിസ്റ്റർ ചെയ്ത പ്രൊഡ്യൂസർ ഐഡിയിൽ അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്യുന്ന കൂട്ടത്തിൽ പടത്തിന്റെ duration അനുസരിച്ചുള്ള cbfc fees എത്രയാണ് അടക്കേണ്ടതെന്ന് സൈറ്റിൽ തെളിയും. അതും ഇപ്പോൾ ഓൺലൈൻ പേയ്‌മെന്റ് തന്നെ വേണം എന്ന് നിർബന്ധം ആക്കി. ഇതെല്ലാം തയ്യാർ ആയാൽ എല്ലാ ഡോക്യൂമെന്റ്സും നേരത്തെ രജിസ്റ്റർ ചെയ്ത പ്രൊഡ്യൂസർ ഐഡിയിൽ അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്യുന്ന കൂട്ടത്തിൽ പടത്തിന്റെ duration അനുസരിച്ചുള്ള cbfc fees എത്രയാണ് അടക്കേണ്ടതെന്ന് സൈറ്റിൽ തെളിയും. അതും ഇപ്പോൾ ഓൺലൈൻ പേയ്‌മെന്റ് തന്നെ വേണം എന്ന് നിർബന്ധം ആക്കി.

ഇതിനുള്ളിൽ പടത്തിന്റെ വർക്ക്‌ എല്ലാം കഴിഞ്ഞ് ക്യുബിൽ ചിത്രം അപ്‌ലോഡ് ചെയ്ത് അവിടെ നിന്നും പടം അപ്‌ലോഡ് ആയെന്നും, റെഡി ഫോർ സെൻസർ ആണെന്നും ഉള്ള ലെറ്റർ വാങ്ങി കഴിഞ്ഞാൽ നേരത്തെ അപ്‌ലോഡ് ചെയ്ത ഡോക്യൂമെന്റ്സ്ന്റെ ഒറിജിനൽ എല്ലാം തിരുവനന്തപുരത്തു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഉള്ള cbfc ഓഫീസിൽ എത്തിക്കണം.എല്ലാം സെൻസർ ഓഫീസർ സ്ക്രൂട്ടിനി ചെയ്ത ശേഷം പ്രൊഡ്യൂസറെ വിളിച്ച് അടുത്ത ആഴ്ച…. ദിവസം അവർ പടം കാണാൻ തയ്യാർ ആണെന്നും content ഒരു ദിവസം മുമ്പേ തിരുവനന്തപുരത്തുള്ള തിയേറ്ററിൽ കൊണ്ട് ചെന്ന് ഏൽപ്പിക്കണം എന്നും അറിയിക്കും. (സാധാരണ കലാഭവൻ, ലെനിൻ സെന്റർ, കാർണിവൽ തിയേറ്റർ, കഴക്കൂട്ടത്തെ പ്രസാദ് ലാബ് തിയേറ്റർ ഇവിടെയൊക്കെ ആണ് സിനിമ അവർ കാണാറുള്ളത് ).

പടം നടക്കുമ്പോൾ സെൻസർ ഓഫീസറും പടം കാണാൻ വന്ന മെമ്പേഴ്സും മാത്രം ആയിരിക്കും തിയേറ്ററിനകത്ത്. പാവം പ്രൊഡ്യൂസറും ഡയറക്ടറും വിനീത വിധേയർ ആയി , ( ഭാര്യയെ പ്രസവത്തിനു ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയ ഭർത്താവിനെ പോലെ) വെളിയിൽ മിടിക്കുന്ന ഹൃദയത്തോടെ കാത്തിരിക്കണം.(വലിയ ഡയറക്ടർസ് ആരും സെൻസറിന് പോവാറില്ല. അപ്പോൾ പ്രൊഡക്ഷൻ മാനേജർ ആയിരിക്കും പ്രൊഡ്യൂസർക്ക് ഒപ്പം ). ഇന്റർവെൽ ആയാൽ ഒരു ടീ, സ്നാക്ക്സ് എല്ലാം തിയേറ്റർ ബോയ്സ് അകത്തേക്ക് കൊണ്ട് പോവും. സെൻസർ ഓഫീസർക്കും മെംബേർസിനും തന്നെ. (എല്ലാം പ്രൊഡ്യൂസറുടെ ചിലവിൽ. കൂടാതെ തിയേറ്റർ ചാർജ് ഒരു 10-12000 രൂപ കൂടെ വേറെ ആവും, തിയേറ്റർ അനുസരിച്ച് ).

10 മിനിറ്റ് ബ്രേക്ക് കഴിഞ്ഞാൽ അവർ വീണ്ടും പടം കാണാൻ ഇരിക്കും. കണ്ട ശേഷം അവർ എല്ലാവരും കൂടി ഒരു ചർച്ച. ക്ലീൻ മൂവി ആണെങ്കിൽ പ്രശ്നം ഇല്ല. അല്ലെങ്കിൽ അവർ എല്ലാം കൂടി ആലോചിച്ച് എന്തൊക്കെ മുറിക്കണം എന്നൊരു ലിസ്റ്റ് കയ്യിൽ തരും. എന്നീട്ട് അവർ സ്ഥലം വിടും. പ്രൊഡ്യൂസർ വീണ്ടും എഡിറ്ററെ വിളിച്ചു correction എല്ലാം ചെയ്യാൻ പറഞ്ഞ്, corrected dvd തയ്യാർ ആക്കി, സ്റ്റുഡിയോയിൽ നിന്നും correction എല്ലാം ചെയ്തു എന്നൊരു ലെറ്റർ, വീണ്ടും 200 രൂപ മുദ്ര പത്രത്തിൽ കറക്ഷൻസിന്റെ ഡീറ്റെയിൽസ് രേഖപ്പെടുത്തി നോട്ടറിയെ കൊണ്ട് അറ്റെസ്റ്റ് ചെയ്ത്, corrected script നോടൊപ്പം വീണ്ടും അപ്‌ലോഡ് ചെയ്യുക. പിന്നെ ആ ഡോക്യുമെന്റ് എല്ലാം തിരുവനന്തപുരം cbfc ഓഫീസിൽ എത്തിക്കുക. എല്ലാം ശരിയായെന്ന് കണ്ടാൽ അടുത്ത ദിവസം നിങ്ങൾക്ക് പടത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കും.

ഇനി അവർ പറഞ്ഞ കറക്ഷൻസ് നിങ്ങൾക്ക് സമ്മതം അല്ലെങ്കിൽ revising കമ്മിറ്റിക്ക് പോകാൻ ഒരു ഓപ്ഷൻ ഉണ്ട്. കേന്ദ്രത്തിൽ വലിയ പിടി ഉള്ളവരേ ആ വയ്യാവേലിക്കെല്ലാം നിൽക്കൂ. മുംബൈയിൽ പോയി കളസം കീറുന്ന ഏർപ്പാട് ആയതിനാൽ ഒരു വിധം പ്രൊഡ്യൂസർസ് ആരും അതിന് തുനിയാറില്ല..പടം കാണാൻ വരുന്ന മെംബേർസിനെല്ലാം ചില്ലറ ഉണ്ട് കേട്ടോ.(ഓണറേറിയം or conveyance ) സെൻസർ ഓഫീസർ ഗവണ്മെന്റ് സ്റ്റാഫ് ആണ്. IES പാസ്സ് ആയവർ ആണ് ആ പദവിയിൽ എത്തുക. 3 വർഷം കഴിഞ്ഞാൽ ട്രാൻസ്ഫർ ആകും ഇവർ. മൊത്തം ഒരു 60,000 രൂപയോളം ഒരു സിനിമയുടെ സെൻസർ ന് മാത്രം ചിലവ് വരും..

(തുടരും)

 

 

**********************

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി