സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 43
(ഗോപിനാഥ് മുരിയാട്)
നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപാണെന്ന് തോന്നുന്നു ഒരു ദിവസം ഞാൻ എന്തോ എഴുതി കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു കാർ വീടിന് മുന്നിൽ വന്നു നിന്നു. മുകളിൽ നിന്ന് നോക്കിയപ്പോൾ എന്റെ ഒരു റെയിൽ സ്നേഹിതൻ ആണ് കാറിൽ നിന്ന് ഇറങ്ങുന്നത്.റെയിൽ സ്നേഹിതൻ എന്നുദ്ദേശിച്ചത് മിക്കവാറും ഉള്ള എന്റെ എറണാകുളം ട്രെയിൻ യാത്രയിൽ തീവണ്ടിയിൽ വച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത്. പുള്ളിക്ക് എറണാകുളത്ത് ഏതോ advertising കമ്പനിയിൽ ആണ് ജോലി. അല്പ സ്വല്പം സിനിമാകമ്പം ഉള്ള കക്ഷിയായതിനാൽ എന്നോട് പെട്ടെന്ന് അടുത്തു. നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു സിനിമാക്കാരൻ ആണല്ലോ..
പിന്നെ പലപ്പോഴും എന്റെ ട്രെയിൻ യാത്രകളിൽ ആ സുഹൃത്ത് ഒപ്പം ഉണ്ടാവാറുണ്ടായിരുന്നു. പുതിയതായി റിലീസ് ആയ സിനിമ കളെ നിരൂപണം ചെയ്ത് സംസാരിക്കാൻ പുള്ളിക്ക് വലിയ താല്പര്യം ആയിരുന്നു. മറ്റുള്ളവരെ വെറുപ്പിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഞാൻ എല്ലാം മൂളി കേൾക്കും. ഇപ്പോൾ കുറേ നാൾ ആയി ആളെ കാണാറില്ലല്ലോ. ഇന്നെന്താണാവോ പെട്ടെന്ന് ഇങ്ങനെ വിളിക്കാതെ വരാൻ??
അപ്പോൾ ആണ് ശ്രദ്ധിച്ചത് പുള്ളിയുടെ കൂടെ മറ്റൊരു ചെറുപ്പക്കാരൻ കൂടിയുണ്ട്. അതിന് മുൻപ് കണ്ടീട്ടുള്ള വ്യക്തിയല്ല. രണ്ടു പേരെയും കൈ കാണിച്ച് മേലെ ഉള്ള എന്റെ എഴുത്ത് മുറിയിലേക്ക് ക്ഷണിച്ചു.
സിനിമാ കണക്ഷൻ ഉള്ള ആര് വന്നാലും മേലെ ഉള്ള എന്റെ പേർസണൽ റൂമിലേക്ക് വിളിച്ചു കൊണ്ട് പൊയ്ക്കോണം എന്നാണ് ഭാര്യയുടെ ഓർഡർ. കാരണം സിനിമാക്കാർ ആര് വന്നാലും അവിടെ പൊരിഞ്ഞ
ചർച്ചയായിരിക്കും. അങ്ങനെ പലരും മുമ്പും വന്ന് ഒരുപാട് സിനിമാ ചർച്ചകൾ അവിടെ നടന്നീട്ടുണ്ടെങ്കിലും, ചർച്ചയല്ലാതെ സിനിമകൾ ഒന്നും വെളിയിൽ വന്നീട്ടില്ല. അത് കൊണ്ട് തന്നെ എന്റെ സിനിമാ ചർച്ചകൾ ഒന്നും പുള്ളിക്കാരിക്ക് അത്ര പഥ്യം അല്ല.
കുശലാന്വേഷണങ്ങൾക്ക് ശേഷം എതിരെ ഇരുന്ന പുതിയ കക്ഷിയെ സുഹൃത്ത് പരിചയപ്പെടുത്തി.
“ഇത് നിജീഷ്.. ആള് ഇങ്ങനെ ഇരിക്കുന്നത് കണ്ട് തെറ്റിദ്ധരിക്കയൊന്നും വേണ്ട. ആള് പുലിയാ. പുപ്പുലി..
S. R. V.പ്രോഡക്ട്സ് എന്ന് കെട്ടീട്ടുണ്ടോ, അതിന്റെ M. D. യാ കക്ഷി ”
സിനിമ ഒഴിച്ച് മറ്റ് ഒരു ബിസിനസിനെ പറ്റിയും വലിയ വിവരം ഇല്ലാത്ത കക്ഷി ആയതിനാൽ സംഭവം എന്താണെന്നു എനിക്ക് ഒരു പിടിയും കിട്ടിയില്ല. എന്തായാലും കക്ഷി യുടെ fb പേജ് ശ്രദ്ദിച്ചപ്പോൾ പറഞ്ഞത് സത്യം ആണെന്നും നാനൂറിലധികം ജോലിക്കാർ വർക്ക് ചെയ്യുന്ന ജൈവവളം ഉത്പാധിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയാണയാളെന്നും എനിക്ക് മനസ്സിലായി. പക്ഷേ ഇങ്ങനെ ഒരു വ്യക്തി എന്നെ തേടി വരേണ്ട കാര്യം മാത്രം മനസ്സിലായില്ല. ഇനി വല്ല സിനിമ പിടിക്കാനോ മറ്റോ ആണോ??
ഷോർട്ട് ഫിലിം നിർമ്മാതാക്കൾ ധാരാളം എന്നെ അന്വേഷിച്ചു വരാറുള്ളത് സാധാരണ ആയിരുന്നു അക്കാലത്ത്
പക്ഷേ നിജീഷിന്റെ താല്പര്യം മറ്റൊന്നായിരുന്നു. പുള്ളി ഒരു സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. ഞാൻ അതൊന്ന് വായിക്കണം. ഞാൻ കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് താൻ കൊണ്ട് വന്നിരുന്ന ബാഗിൽ നിന്നും ഒരു സ്ക്രിപ്റ്റ് എടുത്തു പുറത്ത് വച്ചു അയാൾ. DTP ചെയ്ത് വൃത്തിയായി spiral ബൈൻഡ്
ചെയ്തിരിക്കുന്നു. ഞാൻ വെറുതെ പുറം ചട്ട തുറന്നു നോക്കി.
“ത്രികോശ ക്രീടം ”
പതിവിൽ നിന്നും വ്യത്യസ്ത മായ ആ ടൈറ്റിൽ എന്നെ ആകർഷിച്ചു.ഞാൻ ചോദ്യ ഭാവത്തിൽ അയാളെ നോക്കിയപ്പോൾ നിജീഷ് പറഞ്ഞു.
“സാർ, ഇതൊരു ഹൊറർ സ്ക്രിപ്റ്റ് ആണ്. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ചില വിശ്വാസങ്ങളെ ബേസ് ചെയ്തുള്ള ഒരു പുതിയ പരീക്ഷണം. സാർ ഒന്ന് വായിക്കണം. വായിച്ച സുഹൃത്തുക്കൾ ഒക്കെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷേ സാറിനെ പോലെ സിനിമയിൽ വർക്ക് ചെയ്ത് പരിചയം ഉള്ള ഒരാൾ പറഞ്ഞാൽ എനിക്ക് ധൈര്യം ആയി.”
കൂട്ടുകാർ ഒക്കെ നല്ല അഭിപ്രായം പറഞ്ഞു എന്ന് പറഞ്ഞ് ഇതിനു മുമ്പും പലരും എന്റെ അടുത്ത് കഥ പറയാൻ വന്നീട്ടുണ്ട്. അത് പക്ഷേ പൊതുവേ നമ്മളോട് താല്പര്യം ഉള്ള സുഹൃത്തുക്കൾ ആരും നമ്മൾ ഇങ്ങനെ ഒരു സംഭവം ചെയ്തു എന്ന് പറഞ്ഞാൽ പ്രോത്സാഹിപ്പിക്കാൻ വേണ്ടി നല്ല വാക്കുകൾ പറയും. അതിൽ വലിയ കാര്യം ഇല്ല. എന്തായാലും ഒരാഴ്ച സമയം തരാൻ പറഞ്ഞ് ഞാൻ അവരെ യാത്രയാക്കി.
രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പുള്ളി എന്നെ വിളിച്ചു.
“അയ്യോ നിജീഷ്,ഞാൻ വായിച്ചിട്ടില്ല. വായിച്ചു കഴിഞ്ഞാൽ ഞാൻ വിളിക്കാം.”
“അത് സാരമില്ല സാർ. ഞാൻ വെറുതെ വിളിച്ചതാ. സാറിന് ഒഴിവ് കിട്ടുമ്പോൾ വായിച്ചാൽ മതി.”
പിന്നേം കുറേ നേരം അവന്റെ ബിസിനസ് തിരക്കുകളെ പറ്റി ഒക്കെ പറഞ്ഞു. ഫോൺ വെക്കുന്നതിന് മുമ്പ് പുള്ളി ഒന്ന് കൂടെ കൂട്ടിചേർത്തു.
“ജീവിക്കാൻ വേണ്ടി ഞാൻ ഈ ബിസിനസ്‌ന് ഒക്കെ ഇറങ്ങി തിരിച്ചതാ സാറേ.എന്റെ ജീവൻ സിനിമയിലാ. നല്ല കുറച്ചു സ്ക്രിപ്റ്റ് എഴുതണം. കാര്യങ്ങൾ ഒക്കെ പഠിച്ചു കഴിഞ്ഞിട്ട് സിനിമ സ്വന്തമായി ഡയറക്റ്റ് ചെയ്യണം. അത് എന്റെ വല്ലാത്ത ഒരാഗ്രഹം ആണ്.”
എന്തായാലും അയാളുടെ സിനിമയോടുള്ള ആ അഭിനിവേശം അതെനിക്ക് ഇഷ്ടം ആയി. വർഷങ്ങൾക്ക് മുമ്പേ ഇതേ ഭ്രാന്ത് തലക്ക് പിടിച്ചു ഉണ്ടായിരുന്ന ജോലി പോലും രാജി വച്ച് കോടമ്പാക്കം സിനിമാ നഗരിയിൽ എത്തിപ്പെട്ടതാണല്ലോ ഞാനും. എന്തായാലും അന്ന് രാത്രി തന്നെ ഞാൻ ആ സ്ക്രിപ്റ്റ് വായിച്ചു തീർത്തു. മൊത്തത്തിൽ ഒരു പുതുമ ഉണ്ടായിരുന്നെങ്കിലും, പരിചയക്കുറവ് കൊണ്ടായിരിക്കാം, എന്തൊക്കെയോ പൊരുത്തക്കേടുകൾ..ഒരുപാട് കൊലപാതകങ്ങൾ..പലതും അങ്ങോട്ട് covince ആകുന്നില്ല. അടുത്ത തവണ നിജീഷ് വിളിച്ചപ്പോൾ സ്ക്രിപ്റ്റ് വായിച്ച വിവരം ഞാൻ പറഞ്ഞു. അത് കേട്ടതും അവൻ ആകെ ത്രില്ലിൽ ആയി.
“എങ്ങനെയുണ്ട് സാർ ”
അവന്റെ സ്വരത്തിലെ ഉത്കണ്ട മനസിലാക്കി ഞാൻ പറഞ്ഞു.
“താൻ സമയം കിട്ടുമ്പോൾ ഇങ്ങോട്ട് വാ. ഞാൻ നേരിൽ പറയാം.”
അത് കേട്ടതും ആൾ ആവേശത്തിൽ ആയി.
“ഞാൻ ഇപ്പോൾ വരട്ടെ സർ.
സാർ ഫ്രീ ആണോ?”
ഞാൻ വന്നോളാൻ പറഞ്ഞു.
ഒരു മണിക്കൂറിനകം കക്ഷി വീട്ടിൽ എത്തി.
ഞാൻ അവന് വിഷമം തോന്നാത്ത വിധത്തിൽ തന്നെ സ്ക്രിപ്റ്റിലെ പോരായ്മകൾ പറഞ്ഞു മനസ്സിലാക്കി. അത് അയാൾക്ക് മനസ്സിലാവുകയും ചെയ്തു.
“അത് നമുക്ക് എങ്ങനെ ശരിയാക്കാം സാർ ”
നിജീഷ് ആരാഞ്ഞു.
“അതത്ര വലിയ പ്രശ്നം ഒന്നും അല്ല. നമ്മൾ ഒരുമിച്ച് ഒരു പത്തു ദിവസം ഇരുന്നാൽ ശരിയാക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൂ ”
“എപ്പോൾ ഇരിക്കാം സർ. ഞാൻ എപ്പോൾ വേണേ റെഡി ”
“ധൃതി പിടിക്കേണ്ട. താൻ ബിസിനസ് കളഞ്ഞു സിനിമയുടെ പിന്നാലെ പോയാൽ അവസാനം ഒന്നും കാണില്ല. സമയം കിട്ടുമ്പോൾ ഒക്കെ വാ. നമുക്ക് അത് ഡിസ്‌കസ് ചെയ്തു ശരിയാക്കി എടുക്കാം. എന്തായാലും അത് നല്ല ബഡ്ജറ്റ് വരുന്ന ഫിലിം ആണ്. നമുക്ക് പ്രൊഡ്യൂസർ ഒന്നും ആയിട്ടില്ലല്ലോ ”
ഞാൻ വലിയ താല്പര്യം കാണിച്ചില്ല. അതിന് കാരണം ഉണ്ട്. ഇങ്ങനെ പലപ്പോഴായി പലർക്കു വേണ്ടിയും സ്ക്രിപ്റ്റുകൾ എഴുതി എന്റെ അലമാര നിറയെ സ്ക്രിപ്റ്റുകൾ ആണ്. പലതും ഡിസ്കഷനും പൂജയും, song റെക്കോർഡിങ് വരെ കഴിഞ്ഞു നിന്ന് പോയ പ്രൊജക്റ്റ്‌കൾ. പിന്നെ കുറച്ചു കഴിയുമ്പോൾ ആ സബ്ജക്റ്റിന്റെ പുതുമ നഷ്ടപ്പെട്ടുകാണും. അല്ലെങ്കിൽ അതിനോട് സാമ്യം ഉള്ള പടം ഏതെങ്കിലും വന്നീട്ടുണ്ടാകും.
ദേഷ്യം വരുമ്പോൾ ഒക്കെ വീട്ടുകാരി ബഹളം വെക്കും.
“പൊടി തട്ടി തട്ടി വയ്യാണ്ടായി. ഒരു ദിവസം ഞാൻ ഇതെല്ലാം എടുത്തു കത്തിക്കും.”
എന്തോ, ഒരിക്കൽ ആത്മബന്ധം തോന്നിയ ആ സൃഷ്ടികളെ ഒന്നും കത്തിക്കാൻ മനസ്സ് അനുവദിച്ചില്ല. ഇനി ഒരിക്കലും അതൊന്നും നടക്കില്ലെന്ന് അറിഞ്ഞീട്ടും..വികലാംഗനായിപോയി എന്ന് വിചാരിച്ച് ആരും സ്വന്തം മക്കളെ കൊല്ലാറില്ലല്ലോ..
എന്തായാലും അതിനു ശേഷം നിജീഷ് എന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആയി. എപ്പോൾ വന്നാലും മണിക്കൂറുകൾ സ്ക്രിപ്റ്റുകളെ പറ്റിയും സിനിമകളെ പറ്റിയും ചർച്ച തന്നെ.ഇതിനിടയിൽ നിജീഷിന്റെ ബിസിനസ് വളർന്നു പന്തലിച്ചു. പഴയ പോലെ വരാൻ സമയം കിട്ടാതായി.
എപ്പോഴെങ്കിലും ഒക്കെ വരുമ്പോൾ ഞാൻ ചോദിക്കും.
“എന്താ മോനെ, ഇപ്പോൾ സ്ക്രിപ്റ്റ് എഴുത്തൊക്കെ വേണ്ടാന്ന് വച്ചോ?”
“നല്ല കാര്യായി. അത് നമ്മുടെ ജീവൻ അല്ലേ സാറേ. തത്കാലം കുറച്ചു ചില്ലറ വാരാൻ നോക്കട്ടെ. ബിസിനസ് നന്നായി പോകുന്നുണ്ട്. ഈ നിലക്ക് പോയാൽ നമുക്ക് തന്നെ പടം പിടിക്കാം സാറേ. “ത്രികോശക്രീഡം ” നമ്മൾ പടം ആക്കും. സാർ എന്റെ കൂടെ ഉണ്ടായിരുന്നാൽ മാത്രം മതി.”
ഞാൻ ചിരിച്ചു.
‘ ഇവൻ തീർച്ചയായും പടം ചെയ്യും. ഇന്നല്ലെങ്കിൽ നാളെ. കാരണം സിനിമ ചെയ്യാൻ സിനിമ മാത്രം പഠിച്ചാൽ പോരാ. അൽപ്പം ബിസിനസ് കൂടി അറിഞ്ഞിരിക്കണം. അക്കാര്യത്തിൽ വലിയ പിടിപാട് ഇല്ലാത്തതായിരുന്നു എന്റെ പരാജയത്തിന് കാരണം എന്ന് ഞാൻ ഇതിനകം മനസ്സിലാക്കിയിരുന്നു. ”
പെട്ടെന്നാണ് വിധി നോട്ട് നിരോധനത്തിന്റെ രൂപത്തിൽ നിജീഷിന്റെ സ്വപ്നങ്ങളെ തകിടം മറിച്ചത്. ബിസിനസ് അമ്പേ തകർന്നു. സ്ഥാപനങ്ങൾ ഒക്കെ പൂട്ടി. കടക്കാർ ശ്വാസം മുട്ടിച്ചു. നിൽക്കക്കള്ളി ഇല്ലാതായപ്പോൾ നിത്യവൃത്തിക്കായി മീൻ കച്ചവടവും ടൈൽ പണിക്കും വരെ പോകാൻ അയാൾ നിർബന്ധിതനായി..
ബിടെക് ബിരുദധാരിയാണെന്ന ദുരഭിമാനം ഒന്നും നിജീഷിനു ഇല്ലായിരുന്നു.പിന്നെ കുറേനാൾ ആളെ പറ്റി ഒന്നും കേട്ടില്ല. ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ എപ്പോഴോ ദുബായ്ക്ക് പറന്നു എന്ന് ഒരു ദിവസം fb യിൽ മെസ്സേജ് ഇട്ടിരുന്നു. പിന്നെയും കുറേ നാൾ കഴിഞ്ഞപ്പോൾ ആണ് അവിടെ ഒരു ഹോട്ടലിൽ വെയിറ്റർ ആയി ജോലി നോക്കുകയാണെന്ന് ഞാൻ അറിഞ്ഞത്. സത്യത്തിൽ വല്ലാത്ത വിഷമം തോന്നി. ചെറുപ്പത്തിൽ തന്നെ വലിയൊരു ബിസിനസ് സാമ്രാജ്യം തന്നെ പടുത്തുയർത്തിയ അയാളെ പറ്റി എനിക്ക് അഭിമാനം ആയിരുന്നു. അതോടൊപ്പം സിനിമയുടെ പേര് പറഞ്ഞു ചുമ്മാ സംവിധായകരുടെയും
നിർമ്മാതാക്കളുടെയും പിന്നാലെ അലഞ്ഞു സമയം കളയാതെ സ്വന്തം ബിസിനസ് തന്നെ സ്ഥാപിച്ച്, തൻ കാലിൽ നിൽക്കാൻ അയാൾ കാണിക്കുന്ന ആ ആർജവം അത് ഓരോ യുവാക്കൾക്കും ഒരു മാതൃക തന്നെയാണ്.എന്തായാലും അധികം വൈകാതെ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ അയാൾ തിരിച്ചു വരുമെന്ന് എന്റെ മനസ്സ് പറഞ്ഞു..
“ഇതാ തിരുമ്പി വന്നിട്ടേൻന്ന് സൊല്ല്,” എന്ന് രജനി സ്റ്റൈലിൽ പറഞ്ഞു കൊണ്ട് തന്നെ അയാൾ തിരിച്ചെത്തി. കുറച്ചു ദിവസം മുമ്പ് തന്റെ ഒരു സ്ക്രിപ്റ്റ് മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകൻ സിനിമ ആക്കാൻ പോകുന്നു എന്ന് നിജീഷ് വാട്സ്ആപ്പ് ൽ മെസ്സേജ് ഇട്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ വിശ്വസിച്ചില്ല. അപ്പോൾ അതാ വരുന്നു അടുത്ത ബോംബ്.
“സാർ, ഞാൻ ഇവിടെ ഒരു ഷോർട് ഫിലിം ചെയ്യാൻ പോകുന്നു. സ്ക്രിപ്റ്റും ഡയറക്ഷനും ഞാൻ തന്നെ. സാറിന്റെ അനുഗ്രഹം വേണം.”
അപ്പോഴും ഞാൻ ശങ്കിച്ചു.
സത്യം ആണോ? സ്ക്രിപ്റ്റ് ഓക്കേ. പക്ഷേ ഡയറക്ഷൻ!
എന്റെ സംശയങ്ങളെ ദുരീകരിച്ചു കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു എന്ന്, കഴിഞ്ഞ ദിവസം നിജീഷ് എന്നെ വിളിച്ചു പറഞ്ഞു. ഞാൻ അഭിനന്ദനങ്ങൾ അറിയിച്ചു.ആദ്യം കണ്ടപ്പോൾ അയാളെ പറ്റി ഞാൻ മനസ്സിൽ കണക്കു കൂട്ടിയത് ശരിയായിരിക്കുന്നു. അയാൾ തന്റെ തേരോട്ടം തുടങ്ങി കഴിഞ്ഞു.ഇന്നിതാ അവൻ എന്നെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. തന്റെ പുതിയ രണ്ടു ഷോർട് ഫിലിംസ് ന്റെയും പോസ്റ്റർ വാട്സ്ആപ്പ് ൽ ഷെയർ ചെയ്തു കൊണ്ട് നിജീഷ് എന്നെ വിളിച്ചു പറഞ്ഞു.
“സാർ, ദേ ഇത് രണ്ടും എന്റെ ഷോർട് ഫിലിംസ് ആണ്. സാറിന്റെ ഫേസ്ബുക്കിൽ ഒന്ന് ഷെയർ ചെയ്യണം. ട്രൈലെറും ഉണ്ട്. പിന്നേ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട്. ദൈവം അനുഗ്രഹിച്ചാൽ അടുത്ത വർഷം എന്റെ സ്വന്തം ഫീച്ചർ ഫിലിം പുറത്ത് വരും. ഇവിടെ ഒരു പ്രൊഡ്യൂസർ ഞാൻ പറഞ്ഞ കഥ കേട്ട് സമ്മതിച്ചു. ആദ്യം തന്നെ സാർ നെ വിളിച്ചു പറയണം എന്ന് തോന്നി. എന്റെ യാത്രയുടെ തുടക്കം സാറിന്റെ അടുത്ത് നിന്നാണല്ലോ.. എനിക്കത് മറക്കാൻ പറ്റില്ല..എല്ലാം നന്നായി വരാൻ അനുഗ്രഹിക്കണം സാർ..”
സ്വന്തം ഒരനിയനെ പോലെയേ ഞാൻ എന്നും അവനേ കണ്ടിട്ടുള്ളു. എപ്പോഴും എന്റെ എല്ലാ വിധ അനുഗ്രഹങ്ങളും അവന്റെ കൂടെ ഉണ്ടാവും. അല്ലെങ്കിൽ തന്നെ ദൈവം തന്നോടൊപ്പം ചേർത്ത് പിടിച്ചവനെ ഞാൻ എന്ത് അനുഗ്രഹിക്കാൻ..?? ഏതോ ലാൽ ചിത്രത്തിലെ ഡയലോഗ് പോലെ ജയിക്കാൻ ഉറപ്പിച്ചവനെ തോൽപ്പിക്കാൻ ആര് വിചാരിച്ചാൽ ആണ് സാധിക്കുക .!!
(തുടരും)