സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 46
(ഗോപിനാഥ് മുരിയാട്)
രാജു സുന്ദരം കാണിച്ചു കൊടുത്ത സ്റ്റെപ്‌സുകൾ രണ്ടോ മൂന്നോ റിഹേഴ്സലിന് ശേഷം ടേക്ക് പോവാം എന്ന് ലാൽ സമ്മതിച്ചു. ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് തലേന്ന് ചെയ്യാൻ ബുദ്ധിമുട്ടിയ ഷോട്ട്സ് ഒക്കെ ഭംഗിയായി അദ്ദേഹം ചെയ്തു. ചടുലമായ ആ നൃത്തചുവടുകൾ പെട്ടെന്ന് തന്നെ അദ്ദേഹം പഠിച്ചെടുത്തു. മലയാളത്തിൽ അന്ന് വരെ കണ്ടീട്ടില്ലാത്തത്ര വേഗതയാർന്ന ആ നൃത്തം ചിത്രീകരിച്ചു തീർന്നതും സെറ്റിൽ എല്ലാവരും കയ്യടിച്ചു. രാജു അന്ന് പാക്ക് അപ്പ് സമയത്ത് ഡയറക്ടർ സംഗീത് നോട് ചോദിച്ചു.
”നീങ്കെ ഹാപ്പി താനേ സാർ ”
സംഗീത് സന്തോഷത്തോടെ അയാൾക്ക് കൈ കൊടുത്തു. രാവും പകലും ഷൂട്ട് ചെയ്ത് 25 ദിവസത്തിനകം ഗാന്ധർവം പൂർത്തിയാക്കി. എഡിറ്റിംഗ് ശ്രീകർ പ്രസാദ് തന്നെ. ജമിനി സ്റ്റുഡിയോയിൽ ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ എഡിറ്റിംഗ് റൂം ദിവസങ്ങൾക്കകം പ്രസാദ് സ്റ്റുഡിയോയിൽ ഡബ്ബിങ് തുടങ്ങി.
ഡബ്ബിങ് വർക്ക് നടക്കവേ എന്റെ സുഹൃത്ത് സുഭാഷ് മേനോന്റെ ലെറ്റർ വന്നു. ഉടനെ എറണാകുളം എത്തണം. ഒരു പ്രൊഡ്യൂസർ ആൾമോസ്റ്റ് ഓക്കേ ആയിട്ടുണ്ട്. വരാൻ അമാന്തിക്കരുത്. ഇനീം ഈ അസോസിയേറ്റ് പണി ആയിട്ട് നടക്കേണ്ട.നമുക്ക് സെറ്റ് ആക്കാം. സുഭാഷിനെ പറ്റി പറയാൻ വിട്ടു.
അപകടം പറ്റി നീണ്ട ഒരു വർഷം കഴിഞ്ഞ് ചെന്നൈയിൽ തിരിച്ചെത്തിയ കാലത്താണ് ഞാൻ സുഭാഷിനെ പരിചയപ്പെടുന്നത്. എറണാകുളത്ത് പാലാരിവട്ടത്ത് ആണ് സുഭാഷിന്റെ വീട്. ഈയിടെ അന്തരിച്ച പ്രശസ്ത ഡോക്ടർ ആയ രാധാകൃഷ്ണ മേനോന്റെ മകൻ. പുള്ളിക്കാരൻ ചെന്നൈയിൽ നിന്നും എഞ്ചിനീയറിംഗ് പഠിച്ചിരുന്നു. അക്കാലത്തു തന്നെ എന്നെ പോലെ സിനിമാ കമ്പം തലയിൽ കയറി. പിന്നെ ജോലിക്കൊന്നും ശ്രമിച്ചതും ഇല്ല. സാമ്പത്തികമായി അൽപ്പം ഭേദപ്പെട്ട കുടുംബം ആയതിനാൽ പുള്ളിയുടെ വീട്ടുകാരും അതത്ര സീരിയസ് ആയി എടുത്തില്ല എന്ന് തോന്നുന്നു. വീട് എറണാകുളം ആണെങ്കിലും ഇടക്കിടെ ചെന്നൈയിൽ വന്നു പോകും. അങ്ങനെയുള്ള ഒരു ചെന്നൈ സന്ദർശന വേളയിൽ ആണ് ഞങ്ങളുടെ ഒരു കോമൺ ഫ്രണ്ട് ആയ പാലക്കാട് കാരൻ K. S. മേനോൻ സുഭാഷിനെ എനിക്ക് പരിചയപ്പെടുത്തുന്നത്. പരസ്യ കമ്പനികൾക്ക് കോപ്പിറൈറ്റിങ് ജോലികൾ ഒക്കെ ചെയ്തു കൊടുക്കുന്ന ഒരു ഫ്രീലാൻസർ ആയിരുന്നു K. S. മേനോൻ.
തിരിച്ചു നാട്ടിൽ പോയ ശേഷവും സുഭാഷ് എനിക്ക് സ്ഥിരമായി കത്തുകൾ അയക്കാറുണ്ടായിരുന്നു. (അന്ന് മൊബൈൽ കണ്ടു പിടിച്ചീട്ടില്ല ). ഇടക്ക് ചെന്നൈയിൽ വരുമ്പോൾ ഒക്കെ പുള്ളി എന്റെ റൂമിൽ തന്നെയാണ് താമസിക്കാറുള്ളത്. അന്ന് ഡബ്ബിങ് കഴിഞ്ഞു വന്ന ഞാൻ അൽപ്പം കൺഫ്യൂഷനിൽ ആയിരുന്നു. ഉടനെ ചെല്ലണം എന്നാണ് സുഭാഷ് ന്റെ ആവശ്യം.
“ഗാന്ധർവ്വതിന്റെ “റീറെക്കോർഡിങ്, എഫക്ടസ് വർക്കുകൾ ഒക്കെ തീരാൻ ഉണ്ട്. ഞാൻ സുഭാഷിനെ std ബൂത്തിൽ ചെന്ന് വിളിച്ചു. കാര്യം പറഞ്ഞു. വർക്ക് കഴിഞ്ഞീട്ട് വന്നാൽ “പോരേ? ഓണം റിലീസ് ആണ് പടം.”.
സുഭാഷ് പിണങ്ങി.”
ഇത് ഒരു സുവർണാവസരം ആണ്.8-9 വർഷം ആയില്ലേ താൻ അസ്സിസ്റ്റ് ചെയ്യുന്നു. ഇനീം ആരുടേം അസിസ്റ്റന്റ് ആയിട്ടൊന്നും പോണ്ട. പിന്നെ ജീവിതകാലം മുഴുവൻ അസിസ്റ്റന്റ് ആയി തുടരേണ്ടി വരും. ഞാൻ തന്നെ പറ്റി പറഞ്ഞത് കേട്ടപ്പോൾ അവർ ഇമ്പ്രസ്ഡ് ആയി വരാൻ പറഞ്ഞതാ. എങ്ങനെയെങ്കിലും വരാൻ നോക്ക്. ”
ഞാൻ ആകെ ധർമ്മ സങ്കടത്തിൽ ആയി. പ്രിയ സുഹൃത്തായ അഴകിനോടും സഹമുറിയൻമാരായിരുന്ന ജീവൻ, കുട്ടൻ എന്നിവരോടും വിവരം പറഞ്ഞു. അവരും ആകെ ത്രില്ലിൽ ആയി. മുമ്പ് ഒന്ന് രണ്ട് പ്രാവശ്യം സുഭാഷ് വീട്ടിൽ വന്നീട്ടുള്ളതിനാൽ അവർക്കും പുള്ളിയെ അറിയാം. എല്ലാവരും എന്നെ പ്രോത്സാഹിപ്പിച്ചു.
“പോയിട്ട് വാടാ. അവൻ ഇവളം ദൂരം സോൾറതാരുന്താ ഏതോ വിഷയം ഇരിക്കും. നീ ജോമോൻ കിട്ടെ വിഷയം സൊല്ല് ”
അഴക് പറഞ്ഞ പോലെ അടുത്ത ദിവസം ഞാൻ ചെന്ന് ജോമോൻ ചേട്ടനോട് കാര്യം പറഞ്ഞു.
“ശരി. നാളെയോടെ ഡബ്ബിങ് മിക്കവാറും തീരും. പിന്നെ ക്രൗഡ് വോയിസ് മാത്രേ ഉള്ളൂ. പടത്തിന്റെ കാര്യം ഒന്നും സംഗീതിനോട് പറയേണ്ട. വീട്ടിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞാൽ മതി.”
ചേട്ടൻ ഓകെ പറഞ്ഞപ്പോൾ ധൈര്യം ആയി. ജോമോൻ ചേട്ടൻ അൽപ്പം മുൻ ശുണ്ഠിക്കാരൻ ഒക്കെ ആണെങ്കിലും നല്ല മനസ്സാണ്. ശുദ്ധൻ..അന്ന് ഡബ്ബിങ് തീർന്നപ്പോൾ സംഗീത് ശിവനോട് വിവരം പറഞ്ഞു. നാട്ടിൽ അത്യാവശ്യം ആയി പോണം. ഇനി റീറെക്കോർഡിങ്, മിക്സിങ് മാത്രം അല്ലേ ഉള്ളൂ.. ഞാൻ
പൊയ്ക്കോട്ടെ ”
പുള്ളി ജോമോൻ ചേട്ടനോട് ചോദിച്ചു. “ജോമോനെ, ഗോപിക്ക് പോണം എന്ന്. എന്താ വേണ്ടേ?”
“പൊയ്ക്കോട്ടെ സാർ, ഞാൻ നോക്കിക്കോളാം..”
“ജോമോന് മാനേജ് ചെയ്യാം എങ്കിൽ എനിക്ക് പ്രശ്നം ഒന്നും ഇല്ല. ഗോപിക്ക് പേയ്‌മെന്റ് എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ സച്ചിയെ കണ്ട് വാങ്ങിച്ചോളൂ ”
സാറിനോട് യാത്ര പറഞ്ഞു പ്രൊഡക്ഷൻ കൺട്രോളർ സച്ചിദാനന്ദനെ ചെന്ന് കണ്ടു. (80’s ലെയും 90’s ലെയും മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു ഇരിങ്ങാലക്കുടക്കാരനായ സച്ചിദാനന്ദൻ. I.V. ശശി, സെഞ്ച്വറി ചിത്രങ്ങളുടെ എല്ലാം കൺട്രോളർ അദ്ദേഹം ആയിരുന്നു. വർഷങ്ങൾക്ക് മുമ്പേ അദ്ദേഹം അന്തരിച്ചു.).
സച്ചിയേട്ടനെ ചെന്ന് കണ്ടു കാര്യം പറഞ്ഞു. പേയ്‌മെന്റ് കാര്യമായി ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. Voucher ൽ ഒപ്പിട്ട് അദ്ദേഹം തന്ന ബാക്കി പൈസയും വാങ്ങി എല്ലാവരോടും യാത്ര പറഞ്ഞു പ്രസാദ് ഡബ്ബിങ് തിയേറ്ററിൽ നിന്നും ഇറങ്ങി. ടിക്കറ്റ് രഘുവിനെ വിളിച്ച് നാളേക്ക് തന്നെ എറണാകുളം നോർത്തിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏർപ്പാട് ചെയ്തു. (ഡോൾഫിൻ ട്രാവെൽസ് രാജ,ടിക്കറ്റ് രഘു, ഇവർ ഒക്കെയാണ് അന്ന് ചെന്നൈയിൽ ഉള്ള സിനിമാക്കാർക്ക് നാട്ടിലേക്ക് പോരാൻ ഉള്ള ടിക്കറ്റുകൾ ശരിയാക്കി കൊടുക്കാറുള്ളത്. രഘു എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞാൻ ചെന്നൈ വിടുന്നതിന് മുമ്പ് തന്നെ രഘുവും കാലയവനികക്കുള്ളിൽ മറഞ്ഞു ).
അടുത്ത ദിവസം തന്നെ ഞാൻ എറണാകുളത്തേക്ക് തിരിച്ചു.അഴകും മറ്റ് സുഹൃത്തുക്കളും എനിക്ക് ആശംസകൾ നേർന്നുകൊണ്ട് ട്രെയിൻ കയറ്റി അയക്കാൻ സെൻട്രൽ സ്റ്റേഷനിൽ എത്തിയിരുന്നു.
എറണാകുളം നോർത്തിൽ ഇറങ്ങിയ ഞാൻ സുഭാഷ് ആവശ്യപ്പെട്ട പ്രകാരം ഷേണായ്സ് തിയേറ്ററിന് എതിർ വശത്തുള്ള ക്വീൻസ് ഹോട്ടലിൽ എത്തി.അവിടെ സെക്കന്റ് ഫ്ലോറിൽ ഉള്ള ഒരു റൂം സുഭാഷ് എനിക്കായി ബുക്ക് ചെയ്തിട്ടുണ്ട്. റൂമിൽ കയറി ഫ്രഷ് ആയി വന്നപ്പോഴേക്കും സുഭാഷ് എത്തിയിരിക്കുന്നു. (പാലാരിവട്ടത്ത് ഇന്ദിര റോഡിൽ ആണ് സുബാഷിന്റെ വീട് ).ഇരുവരും കൂടി ഹോട്ടലിന്റെ താഴെ ഉള്ള restaurant ൽ ചെന്ന് പ്രാതൽ കഴിച്ച ശേഷം സുഭാഷ് എനിക്ക് കൗണ്ടറിൽ ഉള്ളവരെ പരിചയപ്പെടുത്തി. ഞാൻ പുതിയ സംവിധായകൻ ആണെന്നും എന്റെ ആദ്യചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കിന് വന്നതാണെന്നും ഞാൻ മലയാള സിനിമയുടെ അടുത്ത വാഗ്ദാനം ആണെന്നും ഒക്കെ പുള്ളി തട്ടി വിട്ടു. ഞാൻ എല്ലാം കേട്ട് ഒരു ചമ്മലോടെ നിന്നു. റൂമിൽ വന്ന ഞാൻ സുഭാഷിനോട് പരതി പ്പെട്ടു.
“അങ്ങനെ ഒന്നും പറയണ്ടായിരുന്നു. ആദ്യ പടം ആരംഭിക്കുന്നതിനു മുമ്പേ എന്തിനാ വെറുതെ ഇങ്ങനെ ഒക്കെ പറയുന്നേ. അവർ എന്താ കരുതുക.”
സുഭാഷ് സമ്മതിച്ചില്ല.
“എടോ, തനിക്ക് അറിയാൻ മേലാഞ്ഞീട്ടാ. ഏതൊരാളും വിജയിക്കാൻ ഈ വക gimmicks ഒക്കെ വേണം. There should be a King maker behind every King ”
ഗോപി തന്നെ ഗോപിയെ പറ്റി പറഞ്ഞാലേ പ്രശ്നം ഉള്ളൂ. ഞാൻ പറഞ്ഞാൽ അതിന് വിശ്വാസ്യത ഏറും.”
അതായിരുന്നു പുള്ളിയുടെ തത്വ ശാസ്ത്രം. സുഭാഷ് കൂട്ടി ചേര്ത്തു.
“And I’m sure. U are going to make it big. തന്നെ പറ്റി എനിക്ക് വലിയ പ്രതീക്ഷകൾ ഉണ്ട്..
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. എനിക്ക് വേണ്ടി ഒരു പടം സെറ്റ് ചെയ്യാൻ കുറേ കാലമായി ശ്രമിക്കുന്ന സുഹൃത്താണ്. എന്നെ പറ്റി എന്നേക്കാൾ കോൺഫിഡൻസ് ഉള്ള ആൾ. അദ്ദേഹത്തെ വിഷമിപ്പിക്കുന്നതെങ്ങനെ ? ഞാൻ മൗനം പാലിച്ചു. മുറിയിൽ എത്തിയ ഉടനെ ഞാൻ കാര്യങ്ങൾ ചോദിച്ചു.
“പ്രൊഡ്യൂസർ എപ്പോൾ വരും. ആരാ പ്രൊഡ്യൂസർ.??”
കാര്യങ്ങൾ അറിയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു.
വർഷങ്ങൾ ആയുള്ള സ്വപ്നം ആണ് സിനിമ ചെയ്യുക എന്നുള്ളത്. അതിന് ഇതാ ഒരവസരം വരാൻ പോകുന്നു.
എന്നെ ഞെട്ടിച്ചു കൊണ്ട് സുഭാഷ് ആ പ്രൊജക്റ്റ് നെ പറ്റി പറഞ്ഞു. M.T. എന്ന മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന്റ ആദ്യ ഭാര്യ പ്രമീള നായർ എഴുതിയ പുസ്തകമാണ് സിനിമ ആക്കേണ്ടത്..(അതിന്റെ പേര് അന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഓർമ വരുന്നില്ല.)
അക്ഷരങ്ങൾ എന്ന എം.ടി. ചിത്രം അദ്ദേഹത്തിന്റെ സ്വന്തം ആത്മാവിഷ്ക്കാരം തന്നെ ആണെന്ന് അന്ന് പത്ര മാധ്യമങ്ങളിൽ ചർച്ച ഉണ്ടായിരുന്നു. (ഈ ചിത്രത്തിൽ സുഹാസിനി ആണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ യുടെ വേഷം ചെയ്തിരിക്കുന്നത്. സീമ അവതരിപ്പിച്ച രണ്ടാം ഭാര്യയുടെ കഥാപാത്രത്തിനാണ് പ്രാമുഖ്യം കൂടുതൽ )
ഈ സിനിമ എം.ടി.യുടെ ആദ്യ ഭാര്യയായ പ്രമീള നായരെ വേദനിപ്പിച്ചു. അവർ തന്റെ കഥ സ്വന്തം കാഴ്ച പാടിൽ എഴുതിയ പുസ്തകം ആണ് . സ്വാഭാവികമായും അതിൽ അവരെ ന്യായീകരിച്ചു കൊണ്ടും ഭർത്താവിനെ കുറ്റപ്പെടുത്തിയും ആയിരിക്കുമല്ലോ എഴുതിയിരിക്കുക. അത് കൊണ്ട് തന്നെ എം. ടി. യെ പ്പോലൊരു മഹാമേരുവിനെ പിണക്കാൻ സാധ്യതയുള്ള ഈ പ്രൊജക്റ്റ് ചെയ്യാൻ അന്ന് മലയാള സിനിമയിൽ ഉള്ള മുൻ നിരക്കാർ ആരും തയ്യാർ ആയിരുന്നില്ല. അത് കൊണ്ട് കഴിവുള്ള പുതിയ സംവിധായകർ ആരെങ്കിലും ഈ പ്രൊജക്റ്റ് ചെയ്യാൻ തയ്യാർ ആയാൽ പ്രൊഡ്യൂസർ ആയി അവരുടെ സുഹൃത്തുക്കൾ ആരോ ഉണ്ട്. അവരുടെ കൃതിയിൽ നിന്നും സ്ക്രീൻപ്ലേ തയ്യാർ ആക്കി സംവിധാനം ചെയ്യണം.
സുഭാഷിന്റെ സുഹൃത്തായ പഞ്ചാരയുടെ ആരോ അമേരിക്കയിൽ ഉണ്ട്. (Divorce ന് ശേഷം പ്രമീള നായർ അമേരിക്കയിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നാണ് അന്ന് ഞാൻ അറിഞ്ഞത്.)
ഈ പ്രമീള നായരുടെ സുഹൃത്തായ അമേരിക്കക്കാരൻ ഉടനെ നാട്ടിൽ വരും. അയാൾ വരുമ്പോൾ പ്രമീള നായരുടെ പുസ്തകവും ഉണ്ടാകും.അത് വായിച്ച് കഴിഞ്ഞ് പ്രൊജക്റ്റ് ചെയ്യാൻ തയ്യാർ ആണെന്ന് ഞാൻ സമ്മതിച്ചാൽ പ്രൊജക്റ്റ് ഓൺ. ഉടനെ അഡ്വാൻസ് തരും. ക്വീൻസിൽ ഇരുന്ന് തന്നെ സ്ക്രിപ്റ്റ് വർക്ക് ആരംഭിക്കാം .എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു ഞെട്ടലോടെ ഞാൻ ഇരുന്നു.ഞാൻ സ്വപ്നം കാണുകയാണോ എന്ന് എനിക്ക് സംശയം ആയി..
ഏതൊരു പുതുമുഖ സംവിധായകനും കൊതിക്കുന്ന ഒരു ഡ്രീം പ്രൊജക്റ്റ്. വലിയ മീഡിയ കവറേജ് കിട്ടും എന്ന് മാത്രം അല്ല സംഗതി വിവാദം ആകുമെന്നുറപ്പ്.. പക്ഷേ എം. ടി. യെ പോലെ മലയാളികൾ മുഴുവൻ ആരാധിക്കുന്ന ഒരു പ്രതിഭയെ ആണ് മറ്റൊരാളുടെ, അതും അദ്ദേഹത്തിന്റെ തന്നെ ആദ്യഭാര്യയുടെ കാഴ്ചപാടിലൂടെ ഒരു കഥാപാത്രമായി എന്റെ ആദ്യ ചിത്രത്തിൽ ഞാൻ ചിത്രീകരിക്കേണ്ടത്.. ഒരു നിമിഷം ഞാൻ വിയർത്തു പോയി. എന്റെ മുഖം ശ്രദ്ധിച്ചു സുഭാഷ് ചോദിച്ചു.
“എന്താ ധൈര്യം ഉണ്ടോ ഈ പ്രൊജക്റ്റ് ഏറ്റെടുക്കാൻ. യെസ് എന്ന് ആണ് ഉത്തരം എങ്കിൽ ഗോപിനാഥ് മുരിയാട് ഇതാ സംവിധായകൻ ആയി കഴിഞ്ഞു.1994 ൽ ഗോപിയുടെ ചിത്രം വെള്ളിത്തിരയിൽ എത്തിയിരിക്കും!! (93 ഓഗസ്റ്റ് ആദ്യം ആണ് ഞാൻ എറണാകുളത്ത് എത്തുന്നത്.)
എന്ത് പറയുന്നു??”
വായന തുടങ്ങിയ കാലം മുതൽ ആരാധനയോടെ കണ്ടിരുന്ന എം.ടി.യുടെ രൂപം മനസ്സിൽ തെളിഞ്ഞു. കാലവും നാലുകെട്ടും മഞ്ഞും വായിച്ചാണ് എഴുതാൻ പഠിച്ചത്.. തുടക്കം കുറിച്ച പല സിനിമകളും അദ്ദേഹത്തിന്റെ തന്നെ. അഭയം തേടി, മിഥ്യ, വൈശാലി, താഴ്‌വാരം, തുടങ്ങിയചിത്രങ്ങൾ വർക്ക് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ഈ തിരക്കഥകൾ ഒക്കെ ഒരുപാട് ആവർത്തി വീണ്ടും വീണ്ടും വായിച്ചീട്ടുണ്ട്.. എങ്ങനെ ആണ് എഴുത്തിന്റെ രസതന്ത്രം എന്ന് മനസ്സിലാക്കാൻ അതൊക്കെ എന്റെ ഗൃഹ പാഠങ്ങൾ ആയിരുന്നു.. സുഭാഷിനോട് എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ കുഴങ്ങി..
(തുടരും)
1. എം. ടി.
2. സുഭാഷ് മേനോൻ
3. ഗാന്ധർവം പോസ്റ്റർ.
4. സംഗീത് ശിവൻ.
5. രാജു സുന്ദരം.
6. എഡിറ്റർ ശ്രീകർ പ്രസാദ്.
7. മോഹൻലാൽ, കഞ്ചൻ.