സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 47
(ഗോപിനാഥ് മുരിയാട്)
അന്ന് വൈകീട്ട് ഫുഡ് റൂമിൽ സെർവ് ചെയ്യാൻ റൂം ബോയിയോട് പറഞ്ഞ ശേഷം സുഭാഷ് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയി.
“ഞാൻ രാവിലെ വരാം. അതിന് മുമ്പ് ഗോപി ഒരു തീരുമാനം എടുക്കണം. എന്റെ അഭിപ്രായത്തിൽ ഈ ചാൻസ് ഒരിക്കലും വേണ്ടാന്ന് വെക്കരുത്. ഇനി ഒരു പക്ഷേ ഇതുപോലെ ഒന്ന് ഒത്തു വരില്ല.”
ഇത്രയും പറഞ്ഞ ശേഷം സുഭാഷ് ഗുഡ് നൈറ്റ് പറഞ്ഞു പുറത്തേക്ക് ഇറങ്ങി. ക്വീൻസ് ഹോട്ടലിന്റെ താഴെ റിസപ്ഷൻ വരെ ഞാനും അയാൾക്കൊപ്പം പോയി.തിരിച്ചു റൂമിലേക്ക് നടക്കുമ്പോൾ പല റൂമിന് പുറത്തും വലിയ ടിഫിൻ കാരിയർ ഇരിക്കുന്നു. വർഷങ്ങളായി എനിക്ക് പരിചയം ഉള്ള ദൃശ്യം ആണത്. എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്ന ഏതോ സിനിമയുടെ ആൾക്കാർ അവിടെ താമസം ഉണ്ടെന്ന് മനസ്സിലായി. രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് വന്ന ശേഷം ഒരു കുളിയും പാസ്സ് ആക്കി റൂമിന് പുറത്ത് ഇരിക്കുന്ന ടിഫിൻ carrier തുറന്നു അതിൽ ഇരിക്കുന്ന ചപ്പാത്തിയും ചിക്കൻ കറിയും കഞ്ഞിയും പയറും എത്രയോ രാത്രികളിൽ ഞാനും ആർത്തിയോടെ കഴിച്ചീട്ടുണ്ട്. പ്രൊഡക്ഷൻ യൂണിറ്റിലെ സഹോദരൻമാർ ഇത് പോലെ ടിഫിൻ ബോക്സിൽ ആക്കി കൊണ്ട് വന്ന് തന്ന ഭക്ഷണം എത്രയോ ദിവസം ഞാനും കഴിച്ചിരിക്കുന്നു.
റൂമിൽ കയറി കതകടച്ചു കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല. രാവിലെ സുഭാഷിനോട് എന്ത് മറുപടി പറയും?? പടം ചെയ്യണം എന്ന ആഗ്രഹം ഉള്ളിൽ തീവ്രമാണ്. അത് കൊണ്ട് തന്നെ ഈ അവസരം ഉപേക്ഷിക്കാൻ മനസ്സ് വന്നില്ല. അതേ സമയം ഈ പ്രൊജക്റ്റ് ഏറ്റെടുക്കുന്നത് എന്റെ സിനിമാ ഭാവി തന്നെ തകർത്തു കളയും എന്ന ചിന്ത എന്റെ മനസ്സിൽ ഭീതി ഉണർത്തി. ഉറക്കം വരാതെ കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമയില്ല. അന്ന് രാത്രി ഞാൻ ഒരു ഭീകര സ്വപ്നം കണ്ടു.
ഏതോ സ്റ്റുഡിയോ ഫ്ലോറിൽ എന്റെ ആദ്യ ചിത്രത്തിന്റ പൂജ റെക്കോർഡിങ് നടക്കുന്നു. പ്രമുഖരായ സിനിമാക്കാർ ധാരാളം പേർ പൂജ ചടങ്ങ് കാണാൻ വന്നീട്ടുണ്ട്. 5 തിരിയിട്ട നിലവിളക്ക് കത്തിച്ചു വച്ചിരിക്കുന്നു. അതിന് പിൻവശത്തായി ഗണപതി, സരസ്വതി, ലക്ഷ്മി എന്നിവരുടെ ചിത്രങ്ങൾ. പൂജാ ചടങ്ങുകൾക്ക് ശേഷം പൂജ നടത്തിയ തമിഴ് അയ്യർ പടത്തിന്റെ സ്ക്രിപ്റ്റ് എന്റെ കൈകളിൽ ഏല്പിക്കുന്നു.
ഞാനും നിർമ്മാതാവായ മനുഷ്യനും കൂടി ഭക്തി പുരസ്സരം അത് ഏറ്റു വാങ്ങുന്നു. കൂടി നിന്നവർ എല്ലാം കയ്യടിക്കുന്നു. പെട്ടെന്ന് ഒരു കാർ സ്റ്റുഡിയോയുടെ മുന്നിൽ വന്ന് നിൽക്കുന്നു.
(A. V. M. R. R. തിയേറ്റർ ആണെന്നാണ് എന്റെ ഓർമ. അക്കാലത്തു് ഈ സ്റ്റുഡിയോക്ക് മുന്നിൽ എത്രയോ ചിത്രങ്ങളുടെ പൂജയും, റെക്കോർഡിങ്ങും റീ റെക്കോർഡിങ്ങും ഞാൻ കണ്ടിരിക്കുന്നു )
കാറിൽ നിന്നും ഇറങ്ങി വന്ന അഞ്ചാറ് ആജാനുബാഹുക്കൾ എന്നെ പിടിച്ച് വച്ചു. ആരോ എന്റെ കയ്യിലിരുന്ന സ്ക്രിപ്റ്റ് പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നു. ഞാൻ വിട്ടു കൊടുക്കാതെ അതിൽ പിടുത്തം ഇട്ടിട്ടുണ്ട്. ഞാൻ അലറി കരയുന്നുണ്ട്.. “വിടുങ്കോ അണ്ണാ,, പ്ലീസ്. ഇത് എന്നുടെ മുതൽ പടം. എന്നുടെ ഉയിര്. എന്നെ കൊലയ് പണ്ണാ കൂടെ നാൻ ഇത് കൊടുക്കമാട്ടെൻ..”
ഇതിനിടയിൽ ഞാൻ എങ്ങനെയോ താഴെ വീണു. എന്നെ ചവിട്ടി കൂട്ടി എന്റെ കയ്യിൽ ഇരുന്ന സ്ക്രിപ്റ്റും വാങ്ങി അവർ നടന്നകന്നു.. അകലുന്ന രൂപങ്ങൾ അരിശത്തോടെ പിറു പിറുത്തത് ഞാൻ വ്യക്തമായി കേട്ടു.
“യാർ കിട്ടെ വിളയാടറേ.. നീ അവളം പെരിയ ആളാച്ചാ.. പൊടി പയലേ.. ഇന്നും ഇന്ത മാതിരി ഏതാവത് പണ്ണ നിനച്ചേ ഉൻ കൈ കാൽ വെട്ടി പോട്ടിടുവേ.. ജാഗ്രതൈ..”
ഞാൻ ഞെട്ടി ഉണർന്നു. ഈശ്വരാ, അപ്പോൾ ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ?? പടം പൂജ നടന്നില്ലേ??
വല്ലാത്ത നിരാശയും അതിലേറെ ഭീതിയും എന്നെ പിടികൂടി. ഒരു കണക്കിന് നേരം വെളുപ്പിച്ചു.. രാവിലെ എണീറ്റതും റൂം ബോയ് യോട് ഒരു ചായ കൊണ്ട് വരാൻ പറഞ്ഞു. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ റൂമിലെ ഫോൺ ശബ്ദിച്ചു. ഞാൻ ഫോൺ എടുത്തു. അപ്പുറത്ത് സുഭാഷ് ആണ്.
“എപ്പിടി ഡയറക്ടർ സാർ. നല്ലാ തൂങ്ങിയാച്ചാ ”
അയാളുടെ കുശലം പറച്ചിൽ പക്ഷേ എനിക്ക് അത്ര രസിച്ചില്ല.
“എവിടുന്ന്. ഉറക്കമേ വന്നില്ല.. അമ്മാതിരി ഗുണ്ട് അല്ലെ താൻ വെച്ചീട്ട് പോയത്.”
“റിലാക്സ് മാൻ.. ഞാൻ ഒരു പത്തുമണി ആവുമ്പോഴേക്കും വരാം. താൻ ഒരു കാര്യം ചെയ്യ്. കുളിച്ച് നേരെ എറണാകുളത്തപ്പനെ ഒന്ന് കണ്ടു തൊഴുതീട്ട് വാ.. എല്ലാം ഭംഗിയാവും.”
അയാൾ ഫോൺ വച്ചു. ഞാൻ വേഗം കുളിച്ച ശേഷം അമ്പലത്തിലേക്ക് യാത്രയായി. convent റോഡ് വഴി പോയാൽ എറണാകുളം ശിവക്ഷേത്രത്തിന്റ പിൻവശത്ത് എത്താൻ ഒരു ഷോർട്ട് കട്ട് ഉണ്ട്. ശിവ പെരുമാളെ കണ്ട് നന്നായി ഒന്ന് പ്രാർത്ഥിച്ചപ്പോൾ മനസ്സിന് ഒരുന്മേഷം. എല്ലാം നന്നായി വരും എന്ന് ആരോ ഉള്ളിൽ ഇരുന്ന് പറയുന്ന പോലെ.
തിരിച്ചു മുറിയിൽ എത്തി restaurant ൽ നിന്ന് ടിഫിൻ വാങ്ങി കഴിച്ചു. അൽപ്പം കഴിഞ്ഞപ്പോഴേക്കും സുഭാഷ് എത്തി. കുശലങ്ങൾ ക്ക് ശേഷം സുഭാഷ് പഞ്ചാരയുമായി ഇന്നലെയും സംസാരിച്ചെന്നും ഞാൻ സമ്മതം മൂളിയാൽ ഉടൻ പ്രൊഡ്യൂസർ അമേരിക്കയിൽ നിന്നും പറന്നെത്തും എന്ന് പറഞ്ഞു കൊണ്ട് എന്നെ വീണ്ടും മോഹവലയത്തിൽ കുരുക്കി.തലേ ദിവസം രാത്രി കണ്ട സ്വപ്നത്തെക്കുറിച്ച് ഞാൻ സുഭാഷ് നോട് പറഞ്ഞില്ല. എന്നെ കളിയാക്കിയാലോ.. മാത്രമല്ല ആദ്യം പ്രൊഡ്യൂസർ വരട്ടെ. പ്രമീള നായരുടെ പുസ്തകം വായിച്ച ശേഷം ഒരു തീരുമാനത്തിൽ എത്താം. ഒരുപക്ഷെ ഞാൻ ഉദ്ദേശിക്കുന്നത് പോലെയുള്ള പ്രോബ്ലംസ് ഒന്നും ഇല്ലാത്ത സൃഷ്ടി യാണ് അതെങ്കിലോ?? തേടി വന്ന ഒരവസരം ഞാനായിട്ട് ഉപേക്ഷിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വന്നാലോ.. ഞാൻ സുഭാഷ് നോട് നയം വ്യക്തമാക്കി..
“അവർ വരട്ടെ. ആദ്യം നമുക്ക് പുസ്തകം വായിക്കാം. എന്ത് ചെയ്യാം പറ്റും എന്ന് നോക്കാം.”
എന്റെ ധീരമായ തീരുമാനം കേട്ട് സുഭാഷ് എന്നെ അഭിനന്ദിച്ചു..
ഉടനെ പുള്ളിയുടെ സുഹൃത്തുക്കളെ എല്ലാം വിളിച്ചു വരുത്തി. വൈകുന്നേരം ആയപ്പോഴേക്കും ക്വീൻസിലെ റൂം നമ്പർ 205 നിറഞ്ഞു. വിനോദ് മേനോൻ, സുരേഷ് കമ്മത്ത്, താജു, രാധാകൃഷ്ണൻ ഇങ്ങനെ കുറേ പേർ. ഇവർ ആരും സിനിമാക്കാർ അല്ല. വിനോദ് ഒരു P. W. D. Contractor, സുരേഷിന് എന്തോ ബിസിനസ് ഉണ്ടായിരുന്നു.
(ഓർമ കിട്ടുന്നില്ല ). കോൺഗ്രസ് നേതാവ് M. M. ഹസ്സന്റെ അളിയൻ എന്ന് പരിചയപ്പെടുത്തിയ താജു വും ഫോർട്ട് കൊച്ചിയിൽ ബിസിനസ് തന്നെ. രാധാകൃഷ്ൻ എക്സ് മിലിറ്ററി ആണ്. (പുള്ളി വരുമ്പോൾ
ഒക്കെ ക്വാട്ട കിട്ടുന്ന മദ്യം കൊണ്ട് വരും, ഞങ്ങളെ സൽക്കരിക്കാൻ. പുള്ളി ഒരു അഭിനയമോഹി ആയിരുന്നു.) രാധാകൃഷ്ണൻ ക്വാട്ടയുമായി എത്തിയതോടെ പാർട്ടി തുടങ്ങി..സുഭാഷ് എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി..
“നിങ്ങൾ നോക്കിക്കോളൂ.. അടുത്ത വർഷം മലയാളത്തിൽ ഒരു പുതിയ സംവിധായകൻ ഉണ്ടാവും. ഇന്ത്യയുടെ മുഴുവൻ അഭിമാനം ആയി മാറുന്ന സംവിധായകൻ. മലയാളത്തിന്റെ സ്വന്തം മഹേഷ് ഭട്ട്.. (Saaramsh, sadak, Arth തുടങ്ങിയ സിനിമകളുടെ വിഖ്യാത സംവിധായകൻ. നടി പൂജ ഭട്ടിന്റെ അച്ഛൻ തന്നെ!).
എന്നെ പറ്റിയുള്ള അപദാനങ്ങൾ കേട്ട് ഞാൻ അമ്പരന്നു.. ശ്ശേ.. ഇയാൾ എന്തൊക്കെയാണ് ഈ പറയുന്നത്. പക്ഷേ തലേ ദിവസത്തെ അനുഭവത്തിൽ നിന്നും എനിക്ക് ഒന്ന് മനസ്സിലായിരുന്നു. സുഭാഷിനെ തിരുത്താൻ ആവില്ല. പുള്ളിയുടെ ഒരു സ്റ്റൈൽ അങ്ങനെ ആണ്..
രാത്രി 10 മണിയായതോടെ എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി. ഭാവിയെ പറ്റിയുള്ള സ്വപ്‌നങ്ങളുമായി ഞാനും ഉറങ്ങാൻ കിടന്നു. അടുത്ത ദിവസം മുതൽ ഇതേ കലാപരിപാടികൾ ദിവസവും തുടർന്നു. അമേരിക്കൻ പ്രൊഡ്യൂസർ ഉടനെ വരുമെന്ന സുഭാഷിന്റെ വാഗ്ധാനം അയാൾ ദിവസവും ആവർത്തിച്ചു. ഞാനും പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ അത് കാത്തിരുന്നു.(ദിവസവും ഉള്ള എറണാകുളത്തപ്പനെ ദർശിക്കുന്ന പരിപാടി ഞാൻ ഉപേക്ഷിച്ചില്ല. എന്നും ചെന്ന് മനമുരുകി പ്രാർത്ഥിച്ചു. ഉടനെ അമേരിക്കൻ പ്രൊഡ്യൂസർ വരണേ. പടം തുടങ്ങാൻ പറ്റണേ.)
ഇതിനിടെ ഗാന്ധർവം റിലീസ് ആയി. Shenoys ൽ ആണെന്നാണ് ഓർമ. ഞാനും സുഭാഷും മറ്റ് ഫ്രണ്ട്‌സും കൂടി ഒരു ദിവസം സെക്കന്റ് ഷോ കാണാൻ പോയി. ആർക്കും പടം അത്ര സുഖിച്ചില്ല. എങ്കിലും പടം ഹൗസ്ഫുൾ ആയിരുന്നു. പെട്ടെന്ന് ഓണത്തിന് റിലീസ് ചെയ്യാൻ വേണ്ടി അടിച്ചു കൂട്ടി ചെയ്തത് കൊണ്ടോ എന്തോ പടം സംഗീത് അതിന് മുമ്പേ ചെയ്ത വ്യൂഹം, യോദ്ധ തുടങ്ങിയ ചിത്രങ്ങളെ പോലെ ശ്രദ്ധേയം ആയില്ല. പക്ഷേ കൈതപ്രം -വെങ്കിടടേഷ് ടീം ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ഹിറ്റ് തന്നെ.
ഓണം അടുത്ത് വന്നു. പക്ഷേ വീട്ടിൽ പോകാൻ ഉള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. കൊണ്ട് വന്ന പൈസ മുഴുവൻ ക്വീൻസിൽ കൊടുത്തു തീർത്തു. പ്രൊഡ്യൂസർ വന്നാൽ ഉടനെ തിരിച്ചു വാങ്ങാം എന്നായിരുന്നു സുഭാഷിന്റെ വാഗ്ദാനം. പുള്ളിയും കുറേ പൈസ ചിലവാക്കിയിരുന്നു.
ഓഗസ്റ്റ് കഴിയാൻ തുടങ്ങുന്നു. പ്രൊഡ്യൂസറുടെ അഡ്രസ് ഇല്ല. ഞാൻ പറഞ്ഞു.
”ഇനീം ഇവിടെ നിൽക്കാൻ ഒരു നിവൃത്തിയും ഇല്ല. ഞാൻ തിരിയേ പോയാലോ ”
സുഭാഷ് സമ്മതിച്ചില്ല.
”ഞാൻ ഇന്ന് തന്നെ പഞ്ചാരയെ കൊണ്ട് അമേരിക്കയിലേക്ക് വിളിപ്പിക്കാം. അവർ എന്താ വൈകുന്നതെന്ന് അറിയില്ലല്ലോ ”
അടുത്ത ദിവസം സുഭാഷ് വന്നപ്പോൾ ഞാൻ ആകാംക്ഷയോടെ തിരക്കി.
”എന്തായി സുഭാഷ്.. വല്ലതും നടക്കോ?? ”
സുഭാഷിന്റെ മുഖത്ത് അത്ര തെളിച്ചം ഇല്ല. അതെന്നെ കൂടുതൽ ടെൻഷനിൽ ആക്കി.
”എന്താ സുഭാഷ്?? എനി പ്രോബ്ലം?? ”
”പ്രോബ്ലം ഉണ്ട്..അവർ കാലുവാരി. ”
”ആര്?? പ്രൊഡ്യൂസറോ?? ”
”അല്ല. പ്രമീള നായർ. അവർക്ക് ഇപ്പോൾ അത് ഫിലിം ആക്കാൻ താല്പര്യം ഇല്ലെന്ന്..!”
”അതെന്താ?? അവർ പറഞ്ഞീട്ടല്ലേ ഇവർ ഈ പ്രൊജക്റ്റ് ചെയ്യാം എന്ന് തീരുമാനിച്ചത് ”
എനിക്ക് ദേഷ്യം വന്നു. ചുമ്മാ ഇരുന്ന എന്നെ പിടിച്ചു കൊണ്ട് വന്ന് വലിയൊരു വാഗ്ദാനം നൽകി അവസാനം ദാ.. എല്ലാ സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ട് താഴെ..!”
”താൻ സമാധാനിക്ക്.. എന്തോ ഒരു കളി നടന്നീട്ടുണ്ട്.. അല്ലെങ്കിൽ പിന്നെ അവർ ഇതിൽ നിന്നും പിന്മാറാൻ വഴി ഇല്ല. പഞ്ചാര ഒന്നും അങ്ങോട്ട് വിട്ടു പറയുന്നില്ല. ”
”ആര് കളിക്കാൻ??’ എം.ടി. യോ?? അങ്ങേർക്ക് അതിന്റെ ആവശ്യം ഉണ്ടോ?? അല്ലെങ്കിൽ തന്നെ അവർ പറയാതെ എങ്ങനെ എം.ടി. ഇതിനെ പറ്റി അറിയാൻ?? ”
”കാര്യം ശരിയാണ്. അവർ പിരിഞ്ഞിട്ടു വർഷങ്ങൾ ആയി.
പക്ഷേ നമുക്ക് അറിയില്ലല്ലോ, ഇതിന് പിന്നിൽ എന്തൊക്കെ നടന്നീട്ടുണ്ടെന്ന്.. എന്തായാലും ഞാൻ ഒന്നന്വേഷിക്കട്ടെ ”
സുഭാഷ് ഉടനെ “ഷെർലക്ക് ഹോംസ് “ആയി.
”പക്ഷേ ഈ സാഹചര്യത്തിൽ എങ്ങനെ ഇവിടെ ഇനീം നിൽക്കും? ക്വീൻസിലെ ബില്ല് കൂടി കൂടി വരികയാണ്. ഞാൻ കാലിയായി..”
എന്റെ നിസ്സഹായാവസ്ഥ ഞാൻ തുറന്നു പറഞ്ഞു.. പക്ഷേ സുഭാഷ് വിടാൻ ഭാവം ഇല്ല.
”താൻ അങ്ങനെ നിരാശ പ്പെടാതെ. എന്തായാലും ഇനി പടം ചെയ്തീട്ടേ താൻ ഇനി ഇവിടെ നിന്ന് പോകുന്നുള്ളൂ
ഇനി അഥവാ അമേരിക്കൻ പ്രൊജക്റ്റ് നടന്നില്ലെങ്കിൽ വേറെ പ്രൊജക്റ്റ് നമ്മൾ ചെയ്യും. അതെന്റെ അഭിമാനത്തിന്റെ പ്രശ്നം ആണ്.. ”
സുഭാഷ് വടക്കൻ പാട്ടിലെ നായകനെ പോലെ ഉഗ്രശപഥം ചെയ്തു..
”ഇതിന് പിന്നിൽ കളിച്ചത് ആരാണെങ്കിലും അവരെ ഞാൻ കണ്ടെത്തും. ഇത് സുഭാഷ് ആർ. മേനോൻ ആണ് പറയുന്നത്.. It’s my word.. U r not going back to Madras without announcing our movie.. ”
ഞാൻ പ്രതീക്ഷ യോടെ, അതിലേറെ ആശങ്കയോടെ അയാളെ നോക്കി…
(തുടരും)
Pics..
1. ഗാന്ധർവം പോസ്റ്റർ.
2. സുഭാഷ് മേനോൻ.
3. വിനോദ് മേനോൻ.
4. സുരേഷ് കമ്മത്ത്.