സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 48
(ഗോപിനാഥ്‌ മുരിയാട്)

ദിവസങ്ങൾ കടന്ന് പോയി. അമേരിക്കൻ പ്രൊഡ്യൂസറുടെ യാതൊരു വിവരവും ഇല്ല. പ്രമീള നായർ പ്രൊജക്റ്റ്‌ ചെയ്യാൻ താല്പര്യം എടുത്തില്ല എന്ന് തോന്നുന്നു. അവരുടെ സബ്ജെക്ട് ആണെന്നതായിരുന്നു പഞ്ചാരയുടെ ഫ്രണ്ട്‌സിന്റെ ഏറ്റവും വലിയ അട്രാക്ഷൻ. പഞ്ചാര കുറേ സോറി പറഞ്ഞു. ഞാൻ ആണെങ്കിൽ എന്ത് വേണം എന്നറിയാത്ത അമ്പരപ്പിൽ ആണ്. പടം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു ചെന്നൈ വിട്ടതാണ്. കൂട്ടുകാർ ഒക്കെ വല്ലാത്ത പ്രതീക്ഷയിൽ ആണ്. ഇനി അവരോട് എന്ത് ചെന്ന് പറയാൻ.എനിക്ക് ഇത് ആദ്യത്തെ അനുഭവം ആയിരുന്നു.സുഭാഷ് ആണെങ്കിൽ എന്നെ വിടാൻ ഭാവം ഇല്ല.. അയാൾ പഞ്ചാരയെയും സുഹൃത്തുക്കളെയും തെറി പറഞ്ഞു സായൂജ്യം നേടി.
“അവന്റെ വാക്ക് വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ.. അത് പോട്ടെന്ന്. നമുക്ക് വേറെ പ്രൊഡ്യൂസറെ കണ്ടെത്താം.. താൻ മറ്റൊരു സബ്ജെക്ട് ആലോചിക്ക്. തന്റെ കയ്യിൽ വേറെയും സബ്ജെക്ട് ഉണ്ടെന്നല്ലേ പറഞ്ഞത്..”
അന്ന് തന്നെ സുഭാഷ് ഒരു bundle പേപ്പർ വാങ്ങിച്ചു കൊണ്ട് തന്നീട്ട് പറഞ്ഞു..
“എഴുത്. സംഭവം അടിപൊളി ആയിരിക്കണം. I know.. U can do it..”
സുഭാഷ് പ്രോത്സാഹിപ്പിച്ചു..

ഞാൻ മനസ്സിൽ ഉള്ള ത്രെഡുകൾ ഒന്നൊന്നായി ആലോചിച്ചു.. സംഗതി കമേർഷ്യൽ ആണെങ്കിലും നല്ലൊരു കഥ ഉണ്ടായിരിക്കണം.Emotional saga..അതാണ് എന്റെ ഒരു taste. അന്ന് തന്നെ ഞാൻ മനസ്സിൽ ഉള്ള ഒരു ത്രെഡ് one line ആക്കാൻ തുടങ്ങി. ഒരു narcotic gang നെ തകർക്കാൻ വേണ്ടി പുതിയ ഒരു സ്ഥലത്ത് ചാർജ് എടുക്കുന്ന പോലീസ് ഓഫീസർ. ഡ്രഗ് അഡിക്ട് ആയ ഒരു പെൺകുട്ടിയാണ് നായിക. ഡ്രഗ് റാക്കറ്റിനെ തേടിയുള്ള അന്വേഷണത്തിൽ വലയിൽ ആയത് ഈ പെൺകുട്ടി. അവളെ പറ്റി കൂടുതൽ മനസ്സിലാക്കിയതോടെ അവളിലൂടെ തന്റെ ലക്ഷ്യം നേടാൻ ആയി അയാളുടെ ശ്രമം . ഒരു നിർണായക സാഹചര്യത്തിൽ അവളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്ന ഇൻസ്‌പെക്ടർ നേരിടേണ്ടി വന്ന അഗ്നി പരീക്ഷകളാണ് കഥയുടെ കാതൽ. ഇതിനിടയിൽ അദ്ദേഹത്തിന് വിലങ്ങു തടിയായി ഡ്രഗ് റാക്കറ്റിനെ നിയന്ത്രിക്കുന്ന ഒരു ഡോൺ.. പോലീസ് ഓഫീസറുടെ ഭാര്യ, രണ്ടു കുട്ടികൾ.നായികയെ പ്രണയിക്കുന്ന ഡ്രഗ് കാരിയർ ആയി ജോലി ചെയ്യുന്ന മറ്റൊരു സഹ നായകൻ..

പ്ലോട്ടിന്റെ one line ഞാൻ രണ്ടു ദിവസത്തിനുള്ളിൽ തന്നെ തയ്യാർ ആക്കി.അടുത്ത ദിവസം സുഭാഷ് വന്നപ്പോൾ ഞാൻ കഥ കേൾപ്പിച്ചു.പുള്ളിക്ക് സംഭവം ഇഷ്ടം ആയി.
“ഇത് കലക്കും..” സുഭാഷ് എനിക്ക് കൈ തന്നു..
“നായകൻ സത്യമൂർത്തിയും നായിക ആനിയും ആർട്ടിസ്റ്റ്സ് തന്നെ ചെയ്യണം. എന്നാലേ നിൽക്കൂ. ഗോപി ലാലേട്ടന്റെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ളതല്ലേ. ഒന്ന് മുട്ടി നോക്കിയാലോ. പുള്ളി ആണെങ്കിൽ പടം സൂപ്പർ ഹിറ്റ്‌. പ്രൊഡ്യൂസ് ചെയ്യാൻ നൂറ് ആളെ കിട്ടും. ”

ഞാൻ അയാളെ തടഞ്ഞു..
“വേണ്ട. അത് ആലോചിക്കേണ്ട. നടക്കില്ല. കാര്യം ലാലേട്ടൻ ചെയ്‌താൽ പടം ഗംഭീരം ആവും എന്നുള്ളതൊക്ക ശരി തന്നെ. പക്ഷേ അത് എളുപ്പം അല്ല. (V. R. ഗോപാലകൃഷ്ണൻ എനിക്ക് ഗുരു തുല്യൻ ആണ്. പ്രിയന്റെയും, ബാലു കിരിയത്തിന്റെയും മറ്റും അസോസിയേറ്റ് ഡയറക്ടർ. ലാലിന്റെ ആദ്യകാലം ചിത്രം മുതൽ അസോസിയേറ്റ് ആയി രംഗത്ത് ഉള്ള ആൾ അദ്ദേഹത്തിന് പോലും ലാൽ ഇത് വരെ ഒരു ഡേറ്റ് കൊടുത്തിട്ടില്ല. പിന്നെയാണോ എനിക്ക് തരാൻ പോകുന്നത്.) നമുക്ക് സുരേഷ് ഗോപി മതി.എനിക്ക് പൈതൃകത്തിലും ഡാഡി യിലും വർക്ക്‌ ചെയ്തുള്ള പരിചയം ഉണ്ട്. പോരാത്തതിന് ഏകലവ്യന്റെ വൻ വിജയത്തിന് ശേഷം അദ്ദേഹത്തിന് നിന്ന് തിരിയാൻ സമയം ഇല്ല. അടുത്ത സൂപ്പർ സ്റ്റാർ എന്ന് മീഡിയക്കാർ
സുരേഷിനെ വിശേഷിപ്പിച്ചു തുടങ്ങി യിരുന്നു. ഭാര്യയായി തെലുങ്ക് നടി ഭാനു പ്രിയയായിരുന്നു എന്റെ മനസ്സിൽ. ആയിടെ റിലീസ് ആയ ” അമ്മയാണെ സത്യത്തി”ലെ നായിക ആനി യെ ആണ് നായികയുടെ റോളിൽ ഞാൻ കണ്ടത് . “പവിത്ര”ത്തിൽ നായികയായ വിന്ദുജ മേനോൻ മതിയെന്ന് സുഭാഷ്. പിന്നെ ഡോൺ ആയി പ്രസാദ് സാർ. (നരേന്ദ്ര പ്രസാദ് or രാജൻ പി. ദേവ് ). ജോനാസ് എന്ന സഹനായകന്റെ കഥാപാത്രം സുഭാഷ് തന്നെ ചെയ്താൽ മതി എന്ന് ഞാൻ പറഞ്ഞു.(സുഭാഷിന് അഭിനയത്തിൽ താല്പര്യം ഉണ്ടെന്ന് എനിക്കറിയാം. വിജയ കൃഷ്ണൻ സംവിധാനം ചെയ്ത S. K. പൊടറ്റേക്കാടിന്റെ ഒരു ഷോർട്ട് ഫിലിമിൽ സുഭാഷ് നായകൻ ആയി അഭിനയിച്ചിരുന്നു. പിന്നീട് വിജയ് P. നായർ സംവിധാനം ചെയ്ത “വരണമാല്യം ” എന്ന സിദ്ദിഖ്, ശാന്തികൃഷ്ണ സിനിമയിൽ ജനാർദ്ദനൻറെ മകൻ ആയി ഒരു നെഗറ്റീവ് റോളിലും സുഭാഷ് അഭിനയിക്കുക യുണ്ടായി ).

15-20 ദിവസം കൊണ്ട് തന്നെ ഞാൻ സ്ക്രിപ്റ്റ് എഴുതി തീർത്തു. ഇനി നല്ലൊരു പേര് ഇടണം. ഡ്രഗ്സിന്റെ പിടിയിൽപ്പെട്ട ദുരന്തനായികയുടെ കഥക്ക് പറ്റിയ പേര് ഞാൻ മുമ്പേ മനസ്സിൽ കണ്ടിരുന്നു. “മരിജുവാന “.
സുഭാഷിനും സുഹൃത്തുക്കൾക്കും പേര് വളരെ ഇഷ്ടപ്പെട്ടു. ഇനി ഒരു പ്രൊഡ്യൂസറെ കണ്ടെത്തണം.
സുഭാഷ് ദിവസവും പുതിയ പുതിയ സുഹൃത്തുക്കളെ “ക്വീൻസ്” ലെ മുറിയിൽ കൊണ്ട് വരും. റൂം ബോയ്സ് നെ വിളിച്ചു ചായ കൊടുത്ത് സൽക്കരിക്കും. (മദ്യപാനികൾ ആണെങ്കിൽ രാധാകൃഷ്ണനെ വിളിച്ചു ” ക്വാട്ട “സംഘടിപ്പിക്കാമോ എന്ന് ചോദിക്കും. പാവം രാധാകൃഷ്ണൻ, അഭിനയിക്കാൻ ഉള്ള തീവ്രമായ മോഹം നിമിത്തം എവിടെ നിന്നെങ്കിലും സ്മാൾ കൊണ്ട് വരും. അടുത്ത ജോലി എന്റെയാണ്. കഥ പറഞ്ഞു ഫലിപ്പിക്കണം. അത് ഞാൻ ഭംഗിയായി തന്നെ അവതരിപ്പിക്കും.

എല്ലാവരും കഥ സൂപ്പർ ആണെന്ന് ആണയിടും. നോക്കട്ടെ എന്ന് പറയും. ഇത് വലിയ ബഡ്ജറ്റ് ആവും. ഒരു പാർട്ണറെ കൂടെ കിട്ടുമോ എന്ന് നോക്കട്ടെ എന്നാവും മറ്റ് ചിലരുടെ അഭിപ്രായം. ഇങ്ങനെ കഥ പറച്ചിലും തീറ്റയും കുടിയും shenoys ൽ സിനിമ കാണലും അതിനെ കീറി മുറിച്ചു നിരൂപണം ചെയ്യലും ഒക്കെ യായി മാസം രണ്ടു കഴിഞ്ഞു. പ്രൊഡ്യൂസർ മാത്രം ആയില്ല. ക്വീൻസിലെ കടം പെരുകി വരുന്നു. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ എവിടുന്നെങ്കിലും കുറച്ചു പണം സംഘടിപ്പിച്ചു ഞങ്ങൾ ക്വീൻ സിൽ അടക്കും. അങ്ങനെ ഇരിക്കെ ഒരു ദിവസം സുഭാഷ് രണ്ടു ചെറുപ്പക്കാരെ മുറിയിൽ കൂട്ടി കൊണ്ട് വന്നു.
ഒരാൾ ജോസ് ജി. പുള്ളി കലൂർ ഡെന്നിസ് എന്ന തിരക്കഥാകൃത്തിന്റെ അളിയൻ ആണ്. ചില ചിത്രങ്ങളിൽ സഹ സംവിധായകൻ ആയി വർക്ക്‌ ചെയ്തീട്ടുണ്ട്. കൂട്ടുകാരൻ ബെന്നി പുളിക്കൽ ചില ചിത്രങ്ങളിൽ ആർട്ട്‌ അസിസ്റ്റന്റ് ആയി വർക്ക്‌ ചെയ്തിരുന്നു. . ഇരുവരും ചേർന്ന് ജോസ്ജി – ബെൻ എന്ന പേരിൽ ഒരു തിരക്കഥ എഴുതിയിട്ടുണ്ട്.

ഒന്ന് കേൾക്കാം. കഥ കേട്ട് കഴിഞ്ഞപ്പോൾ ഒരു സാധാരണ സിനിമാ കഥ എന്നതല്ലാതെ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എങ്കിലും ഒരുപാട് തിരക്കഥകൾ വായിച്ച പരിചയം വച്ച് അതിലെ ചില പോരായ്മകൾ ഞാൻ ചൂണ്ടിക്കാട്ടി. അതെല്ലാം തിരുത്തി വരാം എന്ന് പറഞ്ഞു ഇരുവരും പോയി.
(ഈ ബെന്നി ആണ് പിന്നീട് കാതര, ഫോർട്ട്‌ കൊച്ചി, ഈ ഭാർഗവി നിലയം, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങിയ ചിത്രങ്ങൾ ബെന്നി തോമസ് എന്ന പേരിൽ സംവിധാനം ചെയ്തത്.)

അവർ പോയപ്പോൾ ഞാൻ സുഭാഷ് നോട്‌ ചോദിച്ചു.
“എന്തിനാ ഇവരെ വിളിച്ചു കൊണ്ട് വന്നത്. അപ്പോൾ എന്റെ കഥ പോരേ?? ”
“എടോ, മരിജുവാന വലിയ ബഡ്ജറ്റ് ആവും. നന്നായി എടുക്കേണ്ട ചിത്രം ആണത്. ഇവരുടെ സബ്ജെക്ട് ഒന്ന് കേട്ട് നോക്കുന്നതിലെന്താ കുഴപ്പം? മാത്രം അല്ല ഒരു ചെറിയ പ്രൊഡ്യൂസർ അവരുടെ കയ്യിൽ ഉണ്ട്. ഒരു പാർട്ണർ കൂടെ കിട്ടിയാൽ ആ പടം ഓൺ ആക്കാം. അവർക്ക് അവരുടെ സബ്ജെക്ട് എടുക്കണം എന്നേ ഉള്ളൂ
എനിക്ക് വലിയ നിരാശ തോന്നി.

“മരിജുവാന “യെ പറ്റി എനിക്ക് വലിയ പ്രതീക്ഷയായിരുന്നു. രാത്രികളിൽ സുഭാഷ് പോയി കഴിഞ്ഞാൽ ഞാൻ അതിലെ ഓരോ സീനിലെയും വിഷ്വൽസ് പ്ലാൻ ചെയ്യും. ഒരു തുടക്കക്കാരന്റെ ആവേശം മൂലം ആവാം ഊണിലും ഉറക്കത്തിലും മരിജുവാന എനിക്ക് ഒരു ലഹരി ആയി.പക്ഷേ തട്ടി കൂട്ടി ഒരു പടം ചെയ്യാൻ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. ആദ്യത്തെ പടം തന്നെ ശ്രദ്ധേയം ആവണം എന്നൊരു നിർബന്ധം എനിക്കു ണ്ടായിരുന്നു.
‌(സത്യം പറഞ്ഞാൽ ഈ ഒരു നിർബന്ധം ആണ് സിനിമയിൽ എനിക്ക് പാര ആയത്. ഏത് വിധേനെയും ഒരു പടം ചെയ്തു സംവിധായകർ ആയ പലരും പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ ചെയ്യുന്നതും സൂപ്പർ ഹിറ്റ് പടങ്ങൾ ചെയ്യുന്നതും ഞാൻ കണ്ടു!!).

‌ഒരു ദിവസം രാവിലെ ഞാൻ കുളി കഴിഞ്ഞ് ടിഫിൻ കഴിക്കാൻ പുറത്തേക്ക് ഇറങ്ങി‌. റൂമിന്റെ കതക് അടക്കവേ പരിചിതമായ ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.
‌”അല്ല. താൻ എന്താ ഇവിടെ??”
‌ഞെട്ടലോടെ തിരിഞ്ഞു നോക്കി.
‌ജഗതി ചേട്ടൻ.
‌എന്റെ തൊട്ട് അടുത്ത റൂമിൽ ആണ് പുള്ളിക്കാരൻ താമസം. ഞാൻ ഓടി അടുത്ത് ചെന്നു.‌ പുള്ളി എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്ന ഏതോ ഫിലിമിൽ അഭിനയിക്കാൻ വന്നതാണ്. അവസാനം ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്ത “ഗാന്ധർവം ”
‌എങ്ങനെ പോകുന്നു എന്ന് അന്വേഷിച്ചു.
‌കുശല പ്രശ്നങ്ങൾക്ക് ശേഷം അദ്ദേഹം ചോദിച്ചു.
‌”എന്താ പടം വല്ലതും ആയോ?? ”
‌എനിക്ക് വല്ലാത്ത ഒരു ചമ്മൽ. എങ്ങനെ ആണ് ഉവ്വ് എന്ന് പറയുക. സ്ക്രിപ്റ്റ് ആയി എന്നുള്ളത് സത്യം. പക്ഷേ പ്രൊഡ്യൂസർ ഇനീം ആയിട്ടില്ലല്ലോ. ഇനി നടക്കാതെ എങ്ങാനും വന്നാലോ??
‌”ഒരു ചെറിയ ഡിസ്കഷൻ. ഒന്നും കൺഫേം ആയിട്ടില്ല. ”
‌”ഓക്കേ. എല്ലാം നന്നായിട്ട് വരട്ടെ. ആശംസകൾ നേർന്നുകൊണ്ട് മുറിയിലേക്ക് കയറവേ അദ്ദേഹം കൂട്ടി ചേർത്തു.
‌”ഞാൻ ഒന്ന് റെഡി ആവട്ടെ.
‌പ്രൊഡക്ഷൻ മാനേജർ ഇപ്പോൾ വരും. കാണാം ”

‌അദ്ദേഹത്തോട് യാത്ര പറഞ്ഞു റെസ്റ്റോറന്റിലേക്കു നടക്കുമ്പോൾ ഞാൻ ആലോചിച്ചു.
ജഗതി ചേട്ടന് ഒരു റോൾ ഇല്ലല്ലോ ചിത്രത്തിൽ.. അദ്ദേഹം ഇല്ലാതെ ഒരു മെയിൻ സ്ട്രീം സിനിമയും ഇറങ്ങാത്ത കാലം ആയിരുന്നു അത്..‌വേണം. ജഗതി ചേട്ടന് ഒരു റോൾ എഴുതി ചേർക്കണം. ആ ചിന്തയോടെ ഞാൻ മുന്നോട്ട് നടന്നു. റെസ്റ്റോറന്റിൽ എത്തി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു മടങ്ങവേ റിസപ്‌ഷനിസ്റ്റ് പറഞ്ഞു.
‌” സാറിനെ മാനേജർ അന്വേഷിച്ചു. ”

‌തല കുലുക്കി മാനേജരുടെ റൂമിലേക്ക് നടക്കുമ്പോൾ നെഞ്ച് പടാ പടാ എന്ന് ഇടിക്കുന്നത് ഞാൻ അറിഞ്ഞു.
‌3 ആഴ്ചയോളം ആയി പൈസ കൊടുത്തീട്ട്. സുഭാഷ് ആണ് റൂം എടുത്തതെങ്കിലും താമസിക്കുന്നത് ഞാൻ ആണ്. സുഭാഷ് രാവിലെ വന്ന് രാത്രിയാകുമ്പോഴേക്കും പോകും. മറ്റ് ഫ്രണ്ട്സും വീട്ടിൽ പോകുന്നവർ തന്നെ. ഇടക്ക് വരുന്നവർക്കൊക്കെ ടീ, സ്നാക്ക്സ് എല്ലാം കൂടി റെസ്റ്റോറന്റ് ബില്ലും ഒരുപാട് ആയിട്ടുണ്ടാവും. സുഭാഷിനെ കാണാത്തത് കൊണ്ടാവും എന്നെ വിളിപ്പിക്കുന്നത്. ഇനി എന്താണ് ഒരു വഴി എന്ന ചിന്തയോടെ ഞാൻ അകത്തേക്ക് കയറി..

(തുടരും)

1. ജഗതി & me.
2. സുഭാഷ് മേനോൻ
3. ബെന്നി തോമസ്
4. വരണമാല്യം പോസ്റ്റർ.
5. കാതര.
6. ഫോർട്ട്‌ കൊച്ചി
7. മൈലാഞ്ചി മൊഞ്ചുള്ള വീട്.
8. ഈ ഭാർഗവിനിലയം

Leave a Reply
You May Also Like

തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ എത്തുന്ന” മൈ 3″ യുടെ ട്രെയിലർ റിലീസ് ആയി

തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ എത്തുന്ന” മൈ 3″ യുടെ ട്രെയിലർ റിലീസ് ആയി തലൈവാസൽ…

ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിൽ ദുൽഖർ

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഓഫ്…

കാന്താര സിനിമയിലെ വരാഹരൂപം എന്ന സംഗീതം മനംമയക്കുന്നതാണ്

കാന്താര സിനിമയിലെ വരാഹരൂപം എന്ന സംഗീതം മനംമയക്കുന്നതാണ്. സിനിമയിൽ ഉടനീളം അങ്ങിങ്ങായി ഇത് കേൾക്കാനാകുമെങ്കിലും അതിന്റെ…

അവിടെ വിവാഹനിശ്ചയം, ഇവിടെ പീഡനപരാതി ….

പീഡന പരാതിയിലെ കേസിന് പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് റിയാലിറ്റി ഷോ താരവും മോഡലുമായ…