സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 49
(ഗോപിനാഥ് മുരിയാട്)
ആദ്യമേ എന്റെ പ്രിയപ്പെട്ട വായനക്കാരോട് ക്ഷമ ചോദിക്കട്ടെ..
ഇത് സിനിമയിൽ അല്ല….
മാത്രമല്ല 93 ൽ നിന്നും 2021ലേക്ക് ഒരു jump cut നടത്താൻ ഞാൻ നിർബന്ധിതനായിപ്പോയി (post date : സെപ്തംബർ 5 – 2021) . സാഹചര്യം മനസ്സിലാക്കുമ്പോൾ നിങ്ങൾ എല്ലാവരും ക്ഷമിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ. രണ്ട് മൂന്ന് ആഴ്ചയിൽ കൂടുതൽ ആയി” എന്റെ ആൽബം”മുടങ്ങിയപ്പോൾ പല സുഹൃത്തുക്കളും വിളിച്ചു ചോദിച്ചു.
“എന്ത് പറ്റി. രണ്ട് ആഴ്ച യായി ആൽബം കാണാറില്ലല്ലോ..എന്താ നിർത്തിയോ?? മെസഞ്ചറിലും ഒരുപാട് പേർ “എന്റെ ആൽബം കാണാത്തതിനെ പറ്റി പരിഭവം കുറിച്ചു.പക്ഷേ എഴുതാൻ കഴിയുന്നില്ല എന്നതാണ് സത്യം..എഴുതാൻ തുടങ്ങുമ്പോൾ ഉണ്ണി മുമ്പിൽ എത്തുന്നു. അവസാനത്തെ 2 ഫോൺ വിളികളിൽ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങുന്നു..
“ചേട്ടൻ എവിടെയാ??
ജൂലൈ 29 ന് ചേതന സ്റ്റുഡിയോയിൽ എന്റെ പുതിയ ഷോർട്ട് ഫിലിമിന്റെ ഡബ്ബിങ് നടക്കുമ്പോഴായിരുന്നു ആ വിളി വന്നത്.
“എന്തേ.. വിശേഷം എന്തെങ്കിലും??” ഞാൻ ചോദിച്ചു.
“ഇല്ല. ഞാൻ ഇവിടെ വീട്ടിൽ വന്നപ്പോൾ വിളിച്ചതാ. ഇന്ന് റിങ് ഇറക്കാൻ ആള് വന്നീട്ടുണ്ട്. ഞാൻ ഇപ്പോൾ തന്നെ പോകും. ചേട്ടൻ ഇപ്പോൾ വരുന്നുണ്ടോ എന്നറിയാൻ വിളിച്ചതാ ”
“ഇല്ല. ഞാൻ വരാൻ ലേറ്റ് ആകും.”
ഫോൺ ധൃതിയിൽ കട്ട് ചെയ്യാൻ ഒരുങ്ങവെ ഞാൻ കൂട്ടിച്ചേർത്തു.
“ഞാൻ പിന്നെ വിളിക്കാം ട്ടോ ”
“ശരി “എന്ന് ഉണ്ണി പറഞ്ഞതും ഞാൻ ഫോൺ കട്ട് ചെയ്തു.
ഉണ്ണി എന്ന ഉണ്ണികൃഷ്ണൻ എന്റെ സഹോദരി ഭർത്താവാണ്. 20 വർഷമായി ഉണ്ണി എന്റെ സഹോദരിയെ വിവാഹം കഴിച്ചിട്ട്. പക്ഷേ ഞങ്ങൾ തമ്മിൽ അടുത്ത് ഇടപഴകാൻ തുടങ്ങിയിട്ട് കഷ്ടിച്ച് ഒരു വർഷം ആകുന്നേ ഉള്ളൂ. അതിന് ഒരു കാരണവും ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി എന്റെ അമ്മ എന്റെ ഇളയ അനിയത്തി പ്രിയക്കൊപ്പം ആയിരുന്നു. (പ്രിയയുടെ ഭർത്താവ് ആണ് ഉണ്ണി ).ഭാഗം തിരിച്ചു ഞങ്ങൾക്കെല്ലാം തന്നിട്ടും തറവാട് വീട് അമ്മയുടെ പേരിൽ തന്നെ ആണ്.
പ്രായത്തിന്റെതായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയപ്പോൾ ആണ് അമ്മ അനിയത്തിയുടെ വീട്ടിലേക്ക് മാറിയത്. ഇതോടെ തറവാട് അനാഥമായി. ഇടയ്ക്കവിടെ ചെന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ അവിടെ എലിയും, മരപ്പട്ടിയും ഒക്കെ സ്വൈരവിഹാരം ചെയ്യുന്ന അവസ്‌ഥയിൽ എത്തി കഴിഞ്ഞിരുന്നു ആ വീട്. അതോടെ ഇങ്ങനെ പോയാൽ ആ വീട് നശിച്ചു പോകും എന്ന് എനിക്ക് തോന്നി. ഞാൻ ഉണ്ണിയെ ചെന്ന് കണ്ട് സംഗതികൾ ധരിപ്പിച്ചു
“എനിക്ക് വീട് ഉണ്ട്. ഇനി ഒരെണ്ണംകൂടി നന്നാക്കാനോ ഏറ്റെടുക്കാനോ കഴിയുന്ന സാഹചര്യം അല്ല എനിക്കിപ്പോൾ.അത് കൊണ്ട് ഞാൻ അമ്മയോട് പറഞ്ഞ് അത് പ്രിയയുടെ പേരിൽ ആക്കി തരാം.ഏതായാലും അമ്മ നിങ്ങളുടെ കൂടെ ആണല്ലോ.എന്താ?? ”
എന്റെ ഐഡിയ ഉണ്ണിക്കും ഇഷ്ടമായി. അതിന് അദ്ദേഹം പറഞ്ഞ കാരണമാണ് എന്റെ ഹൃദയത്തെ ഇടയ്ക്കിടെ കൊത്തി വലിക്കുന്നത്
“അല്ല. ഇനി അഥവാ എനിക്ക് എന്തെങ്കിലും പറ്റിയാലും പ്രിയക്ക് ഒരു വീടാവുമല്ലോ..,”
ഉണ്ണി സ്വന്തമായി സ്ഥലം വാങ്ങി കൊടുങ്ങല്ലൂരിനടുത്തു കോണത്തു കുന്നിൽ അയാളുടെ തറവാടിനരികെ തന്നെ ഒരു സ്ഥലം വാങ്ങി വീട് പണിതിട്ട് വർഷങ്ങൾ ആയി. 3 ബെഡ് റൂമുകൾ ഉള്ള നല്ല ഒരു വീട്അവർക്ക് അവിടെ ഉണ്ട്. സത്യത്തിൽ ഉണ്ണി ഉണ്ടാക്കിയ മൂന്നാമത്തെ വീടായിരുന്നു അത്. രണ്ടു വീടും വിറ്റതിന് ഉണ്ണി പറഞ്ഞ കാരണം ഇതായിരുന്നു.
“ആദ്യത്തെ വീട് പണിതപ്പോൾ കുറച്ചു കടം ഉണ്ടായിരുന്നു. അത് വിറ്റപ്പോൾ കിട്ടിയ ലാഭം കൊണ്ട് ആ കടം വീട്ടി. രണ്ടാമത്തെ വീട് കെട്ടി കഴിഞ്ഞപ്പോഴേക്കും അപ്പോൾ ചെയ്തിരുന്ന ബിസിനസ്സിൽ ചില സാമ്പത്തിക നഷ്ടം നേരിട്ടതിനാൽ അത് നല്ല മാർജിനിൽ വിറ്റ് പുതിയ ഒരു വീട് വച്ചു എന്ന് മാത്രം അല്ല ബാക്കിയുള്ള പണം കൊണ്ട് നിത്യോപയോഗ സാധനങ്ങൾ സപ്ലൈ ചെയ്തിരുന്ന മറ്റൊരു ഡിസ്ട്രിബൂഷൻ സംരംഭം ആരംഭിച്ചു. (മെഡിക്കൽ റെപ്രസെന്റേറ്റിവ് ആയി വർക്ക് ചെയ്യുന്നതിനൊപ്പം തന്നെ എന്തെങ്കിലും ഒരു സൈഡ് ബിസിനസ് ചെയ്യാൻ ഉണ്ണി എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു. ആ സ്ഥിരോത്സാഹവും കഠിനാ ധ്വാനവും ഞാൻ പലപ്പോഴും അത്ഭുതത്തോടെ വീക്ഷിക്കാറുണ്ടായിരുന്നു ).
ഒരുകൊല്ലം മുമ്പ് കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ മറ്റ് രണ്ടു സുഹൃത്തുക്കളെ കൂടെ കൂട്ടി മെഡിസിൻ സപ്ലൈ ചെയ്യുന്ന പുതിയൊരു ഡിസ്ട്രിബൂഷൻ കമ്പനി ഉണ്ണി ആരംഭിച്ചിരുന്നു. അതേ പറ്റി ഞാൻ ചോദിച്ചപ്പോൾ ഉണ്ണി പറഞ്ഞത് ഇതായിരുന്നു.
“ഇത് ലാസ്റ്റ് ബസ് ആണ് ചേട്ടാ. ഇതും പച്ച പിടിച്ചില്ലെങ്കിൽ ഞാൻ ഈ പരിപാടി നിർത്തും.”
അങ്ങനെ കഴിഞ്ഞ ഫെബ്രുവരി മുതൽ ഞങ്ങളുടെ തറവാട് പുതുക്കി പണിയുന്ന ജോലി ആരംഭിച്ചു. ആദ്യം തന്നെ മേൽക്കൂര പൊളിച്ച് സ്റ്റീൽ പൈപ്പിന് മീതെ ഓട് മേഞ്ഞു. പഴമ നിലനിർത്തി ക്കൊണ്ട് തന്നെയുള്ള ഒരു മാറ്റം മതിയെന്നായിരുന്നു ഉണ്ണിയുടെ തീരുമാനം.സെക്കന്റ് ഹാൻഡ് ടൈൽസ് ലാഭത്തിനു കിട്ടുന്നിടങ്ങളിൽ ചെന്ന് വില പേശി എല്ലാ റൂമിലും വ്യത്യസ്ത മായ ടൈൽസ് വിരിച്ചു. രണ്ടു ബെഡ്‌റൂമിന് അറ്റാച്ഡ് ബാത്റൂമുകളും പണി കഴിപ്പിച്ചു. അടുക്കള ആധുനികമായി തന്നെ പുന ക്രമീകരിച്ചു. ഇതെല്ലാം സാമ്പത്തികമായി എങ്ങനെ ലാഭകരമായി ചെയ്തു തീർക്കാം എന്ന് അദ്ദേഹത്തിനു നല്ല തിട്ടമായിരുന്നു. ആഴ്ച യിൽ ഒന്ന് രണ്ടു ദിവസമെങ്കിലും വീട്ടിൽ വരും. അന്ന് മുഴുവൻ പണിക്കാരുടെ കൂടെ നിൽക്കും. ഇലക്ട്രിക്, പ്ലമ്പിങ് വർക്കുകൾ മാത്രം ഒരാളെ കോൺട്രാക്ട് ഏൽപ്പിച്ചു. എല്ലാ കാര്യത്തിലും എന്റെ അഭിപ്രായം ചോദിക്കും. ഞാൻ എന്റെ മണ്ടൻ ഐഡിയകൾ എന്തെങ്കിലും അവതരിപ്പിച്ചാൽ ഉടനെ അതിന്റെ ഗുണദോഷങ്ങൾ ഉണ്ണി എനിക്ക് വിശദീകരിച്ചു തരും. ഇതിനിടയിൽ എനിക്ക് അടിക്കടി നേരിടാറുള്ള ആരോഗ്യ പ്രശ്നങ്ങൾക്കൊക്കെ ഉണ്ണിയാണ് പരിഹാരം നിർദ്ദേശിക്കാറ്. മെഡിക്കൽ ഫീൽഡിൽ ആയത് കൊണ്ട് തന്നെ തൃശൂർ ജില്ലയിൽ ഉള്ള മിക്കവാറും ഡോക്ടർസുമായും ആസ്പത്രികളുമായും ഉണ്ണിക്ക് നല്ല ബന്ധം ആണ്.
കഴിഞ്ഞ മാസം പെയിന്റിംഗ് വർക്ക് കഴിഞ്ഞപ്പോൾ ഉണ്ണി പറഞ്ഞു.
“ബഡ്ജറ്റ് വിചാരിച്ചതിലും അൽപ്പം കൂടി ചേട്ടാ. 5 ലക്ഷം മതിയാവും എന്നാ ഞാൻ കരുതിയത്. 6 ലക്ഷം കഴിഞ്ഞു. ഇനി ഒരു രൂപ കൂടി വേണ്ടി വരും. അത് ലോൺ എടുക്കേണ്ടി വരും. സാരമില്ല. പണി കഴിഞ്ഞാൽ ഒരു മാസം അമ്മയെയും, പ്രിയയെയും കുട്ടികളെയും കൊണ്ട് ഞാൻ ഇവിടെ ഉണ്ടാകും. പിന്നെ ഇത് വാടകക്ക് കൊടുത്തു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോകും.”
ഉണ്ണിയുടെ പ്ലാൻ കേട്ടപ്പോൾ ഞാൻ ഒരു സജഷൻ പറഞ്ഞു.
“അങ്ങനെ ആണെങ്കിൽ അവിടെ ഉള്ള വീട് വാടകക്ക് കൊടുത്ത് ഇവിടെ വന്നു താമസിച്ചു കൂടെ. അത് കുറച്ചു കൂടി നല്ല വീടായതിനാൽ അൽപ്പം കൂടി വാടക കൂടുതൽ കിട്ടില്ലേ?? ”
“അത് പറ്റില്ല ചേട്ടാ. എന്റെ കൂട്ടുകാരും വീട്ടുകാരും ഒക്കെ അവിടെ അല്ലേ. അത് കൊണ്ട് തന്നെ അവിടെ നിന്നും ഇപ്പോൾ ഇങ്ങോട്ട് മാറിയാ ശരിയാവില്ല. പിന്നെ കുട്ടികളുടെ പഠിപ്പും കല്യാണവും ഒക്കെ കഴിഞ്ഞാൽ നമുക്ക് അങ്ങനെ ആലോചിക്കാം.” സഹോദരങ്ങൾ എല്ലാം അടുത്ത് തന്നെ ആവണം എന്ന എന്റെ ഒരു സ്വാർത്ഥത മൂലം ഞാൻ അവതരിപ്പിച്ച ഭേദഗതി ഉണ്ണി തള്ളി കളഞ്ഞു. കൂട്ടത്തിൽ ഒന്ന് കൂടി കൂട്ടി ചേർത്തു.
“ചേട്ടൻ ഇപ്പോൾ ഈ ഐഡിയ പ്രിയയോട് ഒന്നും പറയല്ലേ. അവൾ അതിൽ കേറി പിടിക്കും.”
“ഇല്ല. ഞാൻ പറയില്ല.”ഞാൻ സമ്മതിച്ചു.( എന്റെ അമ്മയുടെ രണ്ട് സഹോദരൻമാരും വീട് വച്ചിരിക്കുന്നത് ഈ തറവാട്ടു പറമ്പിൽ തന്നെ ആണ്. കൂടാതെ എന്റെ വീടും ഒരമ്മാവന്റെ മകളുടെ വീടും ഈ compund ൽ തന്നെ. തറവാട് അടക്കം മൊത്തം 5 വീടുകൾ ). ജൂലൈ മാസത്തോടെ പണികൾ ഏകദേശം തീരാറായി. ഇനി ബാത് റൂം ഫിറ്റിംഗ്സ്, വാട്ടർ ടാങ്ക് പുതിയത് വെക്കുക ഇങ്ങനെ കഷ്ടിച്ച് ഒരാഴ്ച ക്കുള്ള പണികൾ മാത്രേ ബാക്കി ഉള്ളൂ.
“എന്നാ ചേട്ടാ നമുക്ക് താമസം ആക്കണ്ടേ ”
ഒരു ദിവസം വന്നപ്പോൾ ഉണ്ണി എന്നോട് ആരാഞ്ഞു.
ഞാൻ എന്റെ ജ്ഞാനം വെളിപ്പെടുത്തി.
“ചിങ്ങം ഒന്നാം തിയതി മതി. അത് നല്ല ദിവസം ആണ്. പിന്നെ വേണമെങ്കിൽ ഒരു ജ്യോൽസ്യനെ കൊണ്ട് ഒന്ന് നോക്കിച്ചോളൂട്ടോ. ഞാൻ പറഞ്ഞത് കാര്യം ആയിട്ടെടുക്കേണ്ട.
(സിനിമാക്കാർ ഒക്കെ ചിങ്ങം ഒന്നിന് പുതിയ പടത്തിന്റെ പൂജ ആരംഭിക്കുന്നത് പണ്ടേ ഉള്ള ഒരു ശീലം ആണ്. സിദ്ദിഖ് -ലാൽ മാർ അവരുടെ ഹിറ്റ് ചിത്രങ്ങൾ എല്ലാം ആരംഭിച്ചത് ചിങ്ങം ഒന്നിന് ആയിരുന്നു )
“അതെയോ. എന്നാൽ അങ്ങനെ ആവാം. ഞാൻ ബാംഗ്ലൂർ ഉള്ള ചിറ്റമ്മേം ഉഷ ചേച്ചിയേം സതീഷ് ചേട്ടനേം ഒക്കെ വിളിച്ചു പറയാം. അവർക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യണ്ടേ??”
(എന്റെ അമ്മയുടെ ഒരേ ഒരു സഹോദരിയും കുടുംബവും ബാംഗ്ലൂരിൽ സെറ്റിൽഡ് ആണ്. അവർ ഇടയ്ക്കിടെ വിളിച്ചു ചോദിക്കും തറവാട് പണി എന്തായി. പാല് കാച്ചലിനു ഞങ്ങളും വരുന്നുണ്ടെന്ന് .)
അപ്പോൾ അത് തീരുമാനം ആയി. ഞാൻ ചോദിച്ചു.
“ലോൺ ഓകെ ആയോ ഉണ്ണി. ഇനീം ചിലവുകൾ ഇല്ലേ ”
“അത് വൈകും ചേട്ടാ. സാരമില്ല. ഞാൻ വേറെ അറേഞ്ച് ചെയ്യുന്നുണ്ട്. എന്തായാലും നമ്മൾ ചിങ്ങം ഒന്നിന് താമസം ആക്കുന്നു.”
എനിക്ക് സന്തോഷം ആയി. ദീർഘകാലം ആയുള്ള അമ്മയുടെ ആഗ്രഹം ആണ് തന്റെ തറവാട് പുതുക്കി പണിയുക എന്നുള്ളത്. ചുറ്റുംഉള്ള പലരും വീടുകൾ പുതുക്കി മേനിപിടിപ്പിക്കുന്നത് കാണുമ്പോൾ അമ്മ വിഷമത്തോടെ ചോദിക്കും.
“ഇത് ഇങ്ങനെ ഇട്ടാൽ മതിയോടോ. മൂന്ന് തലമുറകൾ ആയി നമ്മുടെ കാരണവന്മാർ ഒക്കെ താമസിച്ച തറവാട് വീടാണ്. അത് ഇങ്ങനെ നശിപ്പിച്ചു കളയണോ??”
അമ്മയുടെ പരിവേദനങ്ങൾ കേട്ട് ഞാൻ മിണ്ടാതിരിക്കും. സിനിമാക്കാരനാവാൻ പോയി എവിടേം എത്താൻ ആവാതെ കിതച്ചും തളർന്നും ജീവിതം തള്ളി നീക്കുന്ന എന്റെ പരിമിതികളെ പറ്റി അമ്മയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ.??
ഒരു ദിവസം ഉണ്ണി അമ്മയെയും അനിയത്തിയെയും കുട്ടികളെയും വീട് കാണിക്കാൻ കൊണ്ട് വന്നു. വീട് ചുറ്റി നടന്ന് കണ്ട ശേഷം എന്റെ വീട്ടിൽ വന്ന് ഇരിക്കവേ ഞാൻ അമ്മയോട് ചോദിച്ചു.
“എങ്ങനെ ഉണ്ടമ്മേ.. എല്ലാം നന്നായില്ലേ? ”
അമ്മ സംതൃപ്തി യോടെ തലയാട്ടി. വർഷങ്ങൾ ആയുള്ള ഒരു കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നതിന്റെ ഒരാശ്വാസം ആ ശോഷിച്ച കണ്ണുകളിൽ ഞാൻ കണ്ടു.ഇതിനിടയിൽ ബാംഗ്ലൂർ ഉള്ള മൂത്ത അമ്മാവന്റെ ഭാര്യ യും രാജാമുന്തിരി ഉള്ള രണ്ടാമത്തെ അമ്മാവന്റെ ഭാര്യയും നാട്ടിൽ എത്തിയതോടെ ഒരുപാട് കാലമായി അടച്ചിട്ട വീടുകൾ ഒക്കെ സജീവമായി.(റിട്ടയേഡ് ടീച്ചർമാർ ആയ ഇരുവരുടെയും ഭർത്താക്കന്മാർ അകാലത്തിൽ പിരിഞ്ഞതോടെ രണ്ടു പേരും ഇപ്പോൾ പെണ്മക്കളുടെ കൂടെ ആണ്.എന്റെ രണ്ട് അമ്മാവന്മാരും 4 വർഷം മുമ്പ് 6 മാസത്തിന്റെ ഇടവേളയിൽ വിട പറഞ്ഞു.)
രണ്ടു അമ്മായിമാരുടെ മക്കളുടെ കുട്ടികളും അമ്മൂമ്മയോടൊപ്പം നാട്ടിലെത്തിയതോടെ വീട്ടിൽ ഉത്സവ പ്രതീതിയായി. കുട്ടികളുടെ ഡാൻസിനും കളികൾക്കും ഒപ്പം എന്റെ മകളും കൂടി. എന്റെ സ്റ്റാറ്റസ് കുട്ടികളുടെ ടിക് ടോക് കളികളെ കൊണ്ട് നിറഞ്ഞു. സ്റ്റാറ്റസ് കാണാറുള്ള പല സുഹൃത്തുക്കളും ആശ്ചര്യത്തോടെ ആരാഞ്ഞു.
“അവിടെ ആകെ ഉത്സവം ആണല്ലോ ചേട്ടാ. കുട്ടികൾ എല്ലാം പൊളിക്കുന്നുണ്ട്.”
ഓഗസ്റ്റ് 1 ആം തിയ്യതി ഉണ്ണി എന്നെ വിളിച്ചു..
“ഞാൻ നോക്കിച്ചു ചേട്ടാ. ഉത്രാടത്തിന്റെ അന്ന് നമുക്ക് പാല് കാച്ചാം.അന്നാണ് നല്ല ദിവസം എന്നാ പ്രിയയുടെ നാള് കൊണ്ട് നോക്കിച്ചപ്പോൾ പറഞ്ഞത്. ”
“ആയ്കോട്ടെ. അത് മതി. ഞാൻ ചിങ്ങം ഒന്ന് എന്ന് പറഞ്ഞത് സിനിമാക്കാരുടെ ഒരു വിശ്വാസം ആണ്.”
“ങ്ങാ. പിന്നെ വീട് താമസത്തിന്റ അന്ന് ചേട്ടൻ നമ്മുടെ വീട് ന്റെ ഒരു ഫോട്ടോ ഒക്കെ എടുത്ത് fb യിൽ പോസ്റ്റണം. സിനിമാക്കാർ ഒക്കെ വായിക്കുന്നതല്ലേ ചേട്ടന്റെ പോസ്റ്റ്. ആരെങ്കിലും ഒക്കെ ഷൂട്ടിംഗിന് ചോദിച്ചു വന്നാൽ നമുക്ക് കൊടുക്കാം.”
ഞാൻ സമ്മതിച്ചു. “പണി തീരട്ടെ. നമുക്ക് ഇടാം..”
പിന്നെ നാളെ ഞാൻ അമ്മേം പ്രിയേം പിള്ളാരേം അങ്ങോട്ട് വിടുകയാ. അവിടെ അമ്മായിമാരും പിള്ളേരും എത്തീന്ന് അറിഞ്ഞതോടെ ഇവിടെ രണ്ടെണ്ണോം കിടന്ന് കയറ് പൊട്ടിക്കുകയാ. ”
“ആയിക്കോട്ടെ. ക്ലാസ്സ് ഒക്കെ ഓൺലൈൻ അല്ലേ. ഇവിടെ ആയാലും അറ്റൻഡ് ചെയ്യാലോ.
(പ്രിയയുടെ മൂത്ത മകൾ ശ്രീലക്ഷ്മി ഫസ്റ്റ് ഇയർ എഞ്ചിനീയറിങ്ങിനും ഇളയവൾ മീനാക്ഷി 8 th ലും പഠിക്കുന്നു ). ഓഗസ്റ്റ് 3 ന് എന്റെ ഫിലിമിന്റെ ചില പാച്ച് വർക്കിനായി ഞാൻ തിരുവനന്തപുരം പോയപ്പോഴും ഉണ്ണിയുടെ വിളി വന്നു.
“ചേട്ടൻ ട്രിവാൻഡ്രം പോയി അല്ലേ. ഞാൻ വീട്ടിൽ പോയിരുന്നു. എന്നാ തിരിച്ചു വരുന്നേ..”
“നാളെ ഉച്ച വരെയേ വർക്ക് ഉള്ളു.
രാത്രി വണ്ടിക്ക് തന്നെ ഞാൻ പോരും. വന്നീട്ട് കാണാം.”
4-ആം തിയ്യതി തന്നെ ഞാൻ തിരിച്ചെത്തി.വീട്ടിൽ എല്ലാവരും സന്തോഷത്തിൽ ആണ്. എന്റെ മോൾ പറഞ്ഞു.
“എന്റെ ജോലി കിട്ടിയ ശേഷം ഉള്ള ആദ്യത്തെ ഓണം. ശമ്പളം കിട്ടിയ പൈസ ഉണ്ട് എന്റെ കയ്യിൽ. എല്ലാവർക്കും ഇത്തവണ ഓണപുടവ എന്റെ വക.”
കുട്ടികൾക്കുള്ള ഡ്രസ്സ്കൾ എല്ലാം അവൾ ഇതിനകം ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു. ദിവസവും ഓരോന്നായി കൊറിയർ വരുന്നുണ്ട്. എല്ലാവർക്കും സർപ്രൈസ് കൊടുക്കാൻ ഉള്ള താല്പര്യം ആയിരുന്നു അവൾക്ക്. ”
കുട്ടികളുടെ ടിക് ടോക് തമാശകൾ പതിവായി ആസ്വദിക്കാറുള്ള എന്റെ ഒരു സുഹൃത്ത് മെസ്സേജ് ഇട്ടു.
“ചേട്ടന്റെ വീട്ടില് കസിൻസ് എല്ലാം ചേർന്ന് എന്ത് സന്തോഷമാ അല്ലേ..
അത് കാണുമ്പോൾ എന്റെ മോൾക്ക് വല്യ സങ്കടം ആണ്. അവൾക്ക് അങ്ങനെ കസിൻസ് ആരും ഇല്ലല്ലോന്ന്. ”
ഞാൻ അവളെ സമാധാനിപ്പിച്ചു..
“നീ ഓണത്തിന് മോളേം കൂട്ടി ഇങ്ങ് പോരെ. നമുക്ക് ഇവിടെ ആഘോഷം ആക്കാം.”
ഓഗസ്റ്റ് 5 ന് രാവിലെ ഉണ്ണി എനിക്ക് ഫോൺ ചെയ്തു.
“ചേട്ടാ, ഇന്ന് ഞാൻ ആലപ്പുഴ പോകുകയാണ്. നാളേം കുറച്ചു വർക്ക് ഉണ്ട്. തൃശൂർ പോണം. ഞാൻ ശനിയാഴ്ച വരും. ബിജുവിനോടും (electrician )വരാൻ പറഞ്ഞീട്ടുണ്ട്. ശനീം ഞായറും ആയിട്ട് പുള്ളിയുടെ വർക്ക് ഏതാണ്ട് തീരും. പിന്നേ ഒരു ദിവസം ജെ. സി. ബി. കൊണ്ട് വന്ന് ആ ബാക്കിയുള്ള മണ്ണ് ഒക്കെ ഒന്ന് നികത്തണം ”
ഞാൻ ഉടനെ പറഞ്ഞു.
“ഇവിടെ ഇന്ന് പണിക്കാരൻ ഉണ്ട്. ഞാൻ കുറച്ചു മണ്ണ് എടുത്തു നമ്മുടെ വീട്ടിലേക്ക് വരുന്ന വഴിയിൽ ഇട്ടോട്ടെ. മഴ പെയ്ത് ആകെ ചളി ആയി കിടക്കുകയാ.”
“അതിനെന്താ ചേട്ടാ. എടുത്ത് ഇട്ടോളൂ.അപ്പോൾ നമുക്ക് ശനിയാഴ്ച കാണാം.’?
അത്രയും പറഞ്ഞു ഉണ്ണി ഫോൺ വച്ചു.
അന്ന് രാത്രി പ്രിയ പെട്ടെന്ന് വീട്ടിലേക്ക് കയറി വന്നു പറഞ്ഞു.
“പെട്ടെന്ന് ഉണ്ണിയേട്ടൻ വിളിച്ചു പറഞ്ഞു നാളെ നന്ദേട്ടന്റെ (ഉണ്ണിയുടെ ചേട്ടൻ )മോളെ കാണാൻ പയ്യന്റെ വീട്ടിൽ നിന്നും ആരൊക്കെയോ വരുന്നുണ്ടെന്ന്. ചേട്ടന് രാവിലെ തൃശൂർ ആരെയോ കാണാൻ പോണം. അത് കൊണ്ട് എന്നോട് കൊടുങ്ങല്ലൂർ ഉള്ള നന്ദേട്ടന്റെ വീട്ടിൽ പോകണം എന്ന് പറഞ്ഞിരിക്കയാ.”
അവൾ മടങ്ങിപോയി. (ഇതേ കോമ്പൗണ്ടിൽ ഉള്ള അമ്മാവന്റെ വീട്ടിൽ ആണ് അവളും കുട്ടികളും അപ്പോൾ തങ്ങിയിരുന്നത് ).
ഓഗസ്റ്റ് 6 ന് രാവിലെ എന്നത്തേയും പോലെ ഞങ്ങൾ എല്ലാവരും ഉണർന്നു. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഞാൻ ടി.വി. ന്യൂസ് കണ്ട് കൊണ്ട് ഇരിക്കവേ യാത്രക്ക് ഒരുങ്ങി പ്രിയ വീട്ടി ലേക്ക് വന്നു.
“ഞാൻ ഇറങ്ങുകയാ ചേട്ടാ. ഉണ്ണി ഏട്ടൻ വിളിച്ചു പറഞ്ഞു മാധവേട്ടൻ (ഉണ്ണിയുടെ മറ്റൊരു സഹോദരൻ ) വീട്ടിൽ നിന്നും ഇറങ്ങി. വല്ലക്കുന്ന് ജംഗ്ഷനിൽ ഞാൻ വെയിറ്റ് ചെയ്താൽ മതി. അദ്ദേഹം എന്നെ പിക് അപ്പ് ചെയ്ത് കൊടുങ്ങല്ലൂർക്ക് കൊണ്ട് പോകും. ചേട്ടൻ ഒരു ഓട്ടോ വിളിച്ചു തരോ?”
ഞാൻ ഉടനെ പരിചയം ഉള്ള ഓരോട്ടോക്കാരനെ വിളിച്ചു വരുത്തി പ്രിയയെ കൊണ്ട് വല്ലക്കുന്ന് ജംഗ്ഷനിൽ വിട്ടു വരാൻ പറഞ്ഞു. ഓട്ടോയിൽ കയറുന്നതിനു മുമ്പേ ഞാൻ വിളിച്ചു ചോദിച്ചു.
“നീ ഉച്ചയാകുമ്പോഴേക്കും വരോ?”
“ഹെയ്, ഉണ്ണിയേട്ടൻ വന്ന ശേഷം എന്നെ തിരിച്ചു ഇവിടെ കൊണ്ട് വിടാം എന്നാ പറഞ്ഞിരിക്കുന്നെ. ഉണ്ണിയേട്ടൻ അല്ലേ ആള്. ഉച്ചക്ക് വരാം എന്ന് പറഞ്ഞാലും വരുമ്പോൾ വൈകും. ആള് വന്നീട്ടേ എന്തായാലും ഞാൻ പോരൂ.”
ഞങ്ങൾ എല്ലാവരും കൂടി അവളെ യാത്രയാക്കി. പ്രിയയുടെ മക്കൾ രണ്ടു പേരും ഓടി വന്ന് അമ്മയെ യാത്ര യാക്കിയ ശേഷം തിരിച്ചു പോയി മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ തുടങ്ങി. ഞാൻ മുകളിലെ എന്റെ റൂമിൽ ചെന്ന് എന്തോ എന്തോ എഴുതാൻ ഇരുന്നു. ഒരു 11 മണി ആയിക്കാണും. എന്റെ ഭാര്യ താഴെ നിന്ന് വിളിച്ചു.
“ഒന്നിങ്ങോട്ട് വരോ? ദേ അമ്മായി വന്നിരിക്കുന്നു.”
ധൃതിയിൽ ഞാൻ താഴോട്ട് ചെന്നപ്പോൾ അൽപ്പം പരിഭ്രമത്തോടെ എന്റെ ഇളയ അമ്മാവന്റെ ഭാര്യ വരാന്തയിൽ നിൽക്കുന്നു.
“ഇപ്പോൾ ഉണ്ണിയുടെ ചേട്ടൻ മുരളി വിളിച്ചിരുന്നു. ഉണ്ണിക്ക് പെട്ടെന്ന് അറ്റാക്ക് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തെന്ന്.”
“എന്താ ഈ പറയണെ ”
ഒരു ഞെട്ടലോടെ ഞാൻ ചോദിച്ചു എന്റെ ശബ്ദം അൽപ്പം ഉയർന്നത് കൊണ്ടാവും അമ്മായി ചുറ്റും നോക്കി സ്വരം താഴ്ത്തി പറഞ്ഞു.
” പതുക്കെ.. കുട്ടികൾ കേൾക്കണ്ട.
അമ്മയേം കുട്ടികളേം എല്ലാവരേം കൂട്ടി ചെല്ലാൻ പറഞ്ഞിരിക്കയാ ”
എന്റെ സർവ്വനാഡികളും തളരുന്ന പോലെ. എന്ത് പറയണം എന്നോ ചെയ്യണം എന്നോ അറിയാത്ത അവസ്ഥ.
“നീ ഏതെങ്കിലും വണ്ടി കിട്ടുമോ എന്ന് നോക്ക്..’
ഇത്രയും പറഞ്ഞ് അവർ തിരിച്ചു പോയി. എങ്ങനെയോ ഞാൻ അറിയാവുന്ന നമ്പർ ഒക്കെ വിളിച്ചെങ്കിലും സ്ഥിരം കക്ഷികൾ ആരും സ്ഥലത്തില്ല. അവസാനം മാറ്റൊരാളുടെ കാർ കിട്ടി, അത് വന്നപ്പോഴേക്കും മണി 12 ആയിരുന്നു. അപ്പോഴേക്കും അമ്മായി എല്ലാവരെയും വിളിച്ചു പറഞ്ഞു പോകാൻ ഉള്ളവർ ഒക്കെ റെഡി ആയിരുന്നു. വണ്ടിയിൽ കയറവേ ഞാൻ കുട്ടികളുടെ രണ്ടു പേരുടെയും മുഖത്തേക്ക് നോക്കി. ഇരുവരുടെയും മുഖത്ത് കണ്ണീർ ഉണങ്ങിയ പാടുകൾ.എന്റെ അമ്മയുടെ മുഖത്ത് നിർവികാരത തളം കെട്ടിയിരിക്കുന്നു. ഞാൻ അമ്മായിയെ നോക്കി. അവർ പതുക്കെ പറഞ്ഞു.
“ഏതോ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആരോ ഉണ്ണിയുടെ വിവരം ഇട്ടിരുന്നത് കുട്ടികൾ കണ്ടു.”
എന്റെ മനസ്സിൽ എന്തൊക്കെയോ ആശങ്കകൾ ഉരുണ്ടു കൂടി. ഞാൻ ചോദിച്ചു.
“വണ്ടി ഹോസ്പിറ്റലിലേക്ക് വിടാൻ പറയുകല്ലേ.”
“അല്ല. ഉണ്ണിയുടെ വീട്ടിലേക്ക് പോകാം..”
അതോടെ എനിക്ക് തീർച്ചയായി. ഉണ്ണി വിട പറഞ്ഞിരിക്കുന്നു.ഇനി അവൻ ഒരിക്കലും ഈ പടി കടന്ന് വരില്ല..
വല്ലാത്ത ഒരാസ്വസ്ഥതയോടെ ഞാൻ വണ്ടിയിൽ കയറി.അവിടെ എത്തുന്ന വരെ ആരും ഒന്നും മിണ്ടിയില്ല.
വീടിന്റെ വശത്തേക്കുള്ള പോക്കറ്റ് റോഡ് എത്തിയതോടെ പലരും ഒറ്റക്കും തെറ്റക്കും വീട്ടിൽ നിന്ന് ഇറങ്ങി വരുന്നു. ഉണ്ണിയുടെ ചേട്ടൻ വന്ന് പ്രിയയുടെ കുട്ടികളെ രണ്ടു പേരെയും ചേർത്ത് പിടിച്ചു വീടിന് നേരെ നടന്നു. ഉമ്മറത്തേക്ക് കയറിയപ്പോൾ തന്നെ ആ കാഴ്ച ദൃശ്യം ആയി.കത്തുന്ന നിലവിളക്കും മുറിച്ചു വച്ച തേങ്ങയിൽ തെളിയുന്ന തിരികൾക്കും മദ്ധ്യേ ഉറങ്ങുന്ന പോലെ ഉണ്ണി.ഒന്നേ ആ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞുള്ളൂ. ഒരുകണക്കിന് ഞാൻ അകത്തേക്ക് കയറിപ്പോയി. ആരോ നീട്ടിയിട്ട കസേരയിൽ ഇരിക്കുമ്പോഴേക്കും അച്ഛന്റെ മേലെ വീണ് അലറി ക്കരയുന്ന ശ്രീലക്ഷ്മിയുടെയും മീനുവിന്റെയും ശബ്ദം എന്റെ കാതുകളിൽ അലയടിച്ചു.
രാവിലെ ചേട്ടന്റെ വീട്ടിലെ ഫങ്ക്ഷന് പോയ അനിയത്തി വന്ന് കാണോ? ബെഡ് റൂമിലേക്ക് ഒന്ന് പാളി നോക്കിയപ്പോൾ കട്ടിലിൽ കമഴ്ന്നു കിടക്കുന്ന പ്രിയ.. ഒന്നേ നോക്കിയുള്ളൂ. വേഗം മുഖം തിരിച്ചു.
രാവിലെ ഫോൺ വിളിച്ച് “തൃശൂർ പോയിട്ട് ഉച്ചയാവുമ്പോഴേക്കും വന്ന് കൂട്ടിക്കൊണ്ട് പോകാം’ എന്ന് പറഞ്ഞ ആൾ ആണ് ആ കിടക്കുന്നത്..ആ കുട്ടി ഇതെങ്ങനെ സഹിക്കും.?
ഇടക്ക് അമ്മ കിടക്കുന്ന റൂമിൽ ചെന്ന് ഒന്ന് എത്തി നോക്കി. പാവം.. ആകെ മരവിച്ച അവസ്ഥയിൽ ആകും അമ്മ. ഇനിയും 12 ദിവസം കൂടി കഴിഞ്ഞാൽ അമ്മയുടെ ചിരകാല സ്വപ്നം ആയ തറവാടിന്റെ പുനർ നിർമാണം കഴിഞ്ഞ് അവിടെ ഒരു രാത്രിയെങ്കിലും ഒന്ന് കിടന്നുറങ്ങാൻ ഒരുപാട് ആഗ്രഹിച്ചതാണ് അമ്മ…
ഇനി ഇപ്പോൾ…??
അൽപ്പം കഴിഞ്ഞപ്പോൾ ഉണ്ണി യുടെ ചേട്ടന്മാർ എന്റെ അടുത്ത് വന്നിരുന്നു. മൂത്ത ആൾ തുടക്കം ഇട്ടു.
“അറിയാലോ.ഇപ്പോഴത്തെ അവസ്ഥ വച്ച് അധികം നേരം ബോഡി വച്ചിരിക്കാൻ പറ്റില്ല. നമുക്ക് ഏഴു മണിക്ക് എടുത്താലോ?? ആരെങ്കിലും വരാൻ ഉണ്ടോ? ”
മോളെ വിളിച്ചു നേരത്തേ വിവരം പറഞ്ഞു. അവൾ തൃശൂർ കളക്ടറേറ്റിൽ അവളുടെ ജോലിയുടെ ഭാഗം ആയി പോയിരിക്കയാണ്. അവളോട് ഉടനെ തന്നെ ഉണ്ണിമ്മാന്റെ വീട്ടിൽ വരാൻ പറഞ്ഞു. ഇരിങ്ങാലക്കുട ഉള്ള എന്റെ നേരെ താഴെ ഉള്ള അനിയത്തിയും ഭർത്താവും മകനും എത്തി. അവരുടെ സ്കൂൾ ടീച്ചർ ആയ മകളും ഉടനെ എത്തും. ട്രിവാൻഡ്രത്തുള്ള അമ്മായിയുടെ മകളും മരുമകനും അവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട്. സന്ധ്യ ആവുമ്പോഴേക്കും അവർ എത്തും.
പിന്നെ കാര്യം ആയിട്ടുള്ളത് ബാംഗ്ലൂർ ഉള്ള ചെറിയമ്മയും മക്കളും ആണ്. അവരെ വിളിച്ചപ്പോൾ അവരും പോരുന്നുണ്ട്. രാത്രി വരാൻ വൈകും.അത് വരെ വച്ചിരിക്കാൻ ബുദ്ധിമുട്ടാണ് എന്ന് ചേട്ടന്മാരും സ്ഥലത്തെ N. S. S. ഭാരവാഹികളും സൂചിപ്പിച്ചു. മുമ്പ് അങ്ങനെ ചില കേസ് കൾ ഉണ്ടായപ്പോൾ നാട്ടുകാർ പ്രശ്നം ഉണ്ടാക്കിയിരുന്നു. ആ സാഹചര്യത്തിൽ നമ്മൾ അങ്ങനെ ഒരു തീരുമാനം എടുക്കുന്നത് ആലോചിച്ചു വേണം.
ഉടനെ സഹോദരിയുടെ ഭർത്താവ് ബാംഗ്ലൂർക്കാരെ വിളിച്ചു കാര്യം പറഞ്ഞു.അവർ വരുന്നുണ്ട്. സാഹചര്യം മനസ്സിലാക്കി ബോഡി എടുക്കാൻ വിരോധം ഇല്ലെന്ന് അവരും സമ്മതിച്ചു.
ഇടയ്ക്കിടെ ആളുകൾക്കിടയിലൂടെ വന്ന് നോക്കി പോവുന്ന ഉണ്ണിയുടെ വീട്ടിലെ പതിവ് സന്ദർശകൻ ആയ പൂച്ച യജമാനന്റെ വിയോഗം അറിഞ്ഞീട്ടെന്ന പോലെ ദുഖാർത്താനായി അവിടെയൊക്കെ ചുറ്റി നടക്കുന്നത് എന്റെ മനസ്സിൽ വല്ലാത്ത വിങ്ങൽ ഉളവാക്കി. മനുഷ്യരേക്കാൾ നന്ദിയും സ്നേഹവും മൃഗങ്ങൾക്കാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഇതിനിടയിൽ എന്റെ മൂത്ത അമ്മാവന്റെ മകൻ വിവരം അറിഞ്ഞു എന്നെ വിളിച്ചു വിവരം അന്വേഷിച്ചു.
“ചേട്ടാ, എന്താ സംഭവിച്ചത്..”
“എനിക്കൊന്നും അറിയില്ലെടാ.. പെട്ടെന്ന് അറ്റാക്ക് ആയി ഹോസ്പിറ്റലിൽ പോയി എന്ന്
കേട്ടിട്ടാ ഞങ്ങൾ പോന്നത്. ഇവിടെ വന്നപ്പോൾ ദാ ഇവിടെ എല്ലാം.. കഴിഞ്ഞു.”
“ചേട്ടൻ ഉണ്ണീടെ ചേട്ടന് കൊടുത്തേ. മുരളി ഏട്ടൻ ഉണ്ടോ അവിടെ??”
ഞാൻ പറയാൻ ബുദ്ധിമുട്ടുന്നത് കണ്ടാവാം അവൻ പറഞ്ഞു. രക്ഷപ്പെട്ട പോലെ ഞാൻ വേഗം ഫോൺ മുരളിക്ക് നീട്ടി. മുരളി കാര്യങ്ങൾ വിശദീകരിച്ചത് ശ്രദ്ധിച്ചപ്പോൾ ആണ് കാര്യങ്ങൾ ഏകദേശം വ്യക്തമായത്.
രാവിലെ ജോലികാര്യത്തിന് തൃശൂർ പോകാൻ റെഡി ആയി പ്രിയയെയും, സഹോദരൻമാരെയും തൃശൂർ ഉള്ള പാർട്ണെർസിനെയും ഒക്കെ വിളിച്ച ശേഷം പോകാൻ ഒരുങ്ങവെ പെട്ടെന്ന് നെഞ്ചിൽ എന്തോ അസ്വസ്ഥത പോലെ. ഉടനെ അടുത്ത് പരിചയക്കാരനായ ഡോക്ടറെ വിളിച്ചു. ഡോക്ടർ കുളിക്കുകയോ മറ്റോ ആയതിനാൽ എടുത്തില്ല. ഉടനെ തന്റെ ബൈക് എടുത്ത് ഉണ്ണി ഹോസ്പിറ്റലിലേക്ക് വിട്ടു . ഇറങ്ങുന്നതിനു മുമ്പേ തന്റെ അടുത്ത സുഹൃത്തിനെ വിളിച്ച് ഹോസ്പിറ്റലിലേക്ക് വേഗം എത്താനും പറഞ്ഞു. യാത്ര തുടങ്ങിയപ്പോൾ തന്നെ അസ്വസ്ഥത കൂടിയ ഉണ്ണി വളരെ ബുദ്ധിമുട്ടിയാണ് ഹോസ്പിറ്റലിൽ എത്തിയത്. പലപ്പോഴും ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഒരു കണക്കിന് അവിടെ എത്തിയപ്പോഴേക്കും ആൾ കുഴഞ്ഞു വീണു.
ഡോക്ടർ പരിശോധിച്ചപ്പോഴേക്കും ആ ദേഹി ദേഹം വിട്ട് അറിയപ്പെടാത്ത ഏതോ ലോകത്തേക്ക് യാത്രയായി രുന്നു..സംഗതികൾ ഒരുവിധം വ്യക്തമായപ്പോൾ ആണ് ഏത് നിമിഷവും ചാടി വീഴാൻ പതുങ്ങിയിരിക്കുന്ന മരണം എന്ന സമസ്യ യെ പറ്റി ഞാൻ കൂടുതൽ ബോധവാൻ ആയത്. അവൻ നമുക്ക് ചുറ്റും പാത്തും പതുങ്ങിയും എപ്പോഴും കൂടെ തന്നെ ഉണ്ട്.. ഇന്ന് നീ എങ്കിൽ നാളെ അല്ലെങ്കിൽ അടുത്ത ഏത് നിമിഷവും ഞാൻ ആകാം..വല്ലാത്ത ഒരു പ്രഹേളിക തന്നെയാണ് മരണം. ഉണ്ണിയുടെ പെട്ടെന്നുള്ള വിടവാങ്ങൽ ആ സത്യം എന്നെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു..
ദിവസങ്ങൾ കടന്നുപോയി. ഉത്രാടവും ഓണവും എല്ലാം നിശ്ശബ്ദം ആൾ അനക്കമില്ലാതെ തന്നെ കടന്ന് പോയി.. ഇന്നലെ അമ്മയുടെ 79-ആം പിറന്നാൾ ആയിരുന്നു. ഓണത്തിന് താമസം ആക്കിയ ശേഷം ഈ പിറന്നാൾ കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് കൂടണമെന്നെല്ലാം ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. പ്ലാൻ ചെയ്യരുതെന്ന് പറയുന്നത് എത്രയോ ശരിയാണ്. ഇന്നലെ രാവിലെ അനിയത്തി അമ്മയുടെ പിറന്നാൾ ആണെന്ന് ഓർമിപ്പിച്ചപ്പോൾ ആണ് അത് ഓർമ വരുന്നത്. അമ്മയെ വിളിക്കാനോ വിഷ് ചെയ്യാനോ ഒന്നും മനസ്സ് വന്നില്ല. എന്ത് പിറന്നാൾ… എന്ത് ആഘോഷം.ഒരുപാട് മരണങ്ങൾ ഈ വീട്ടിൽ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും മനസ്സിനെ ഇത്രക്ക് ബാധിച്ചിട്ടില്ല. മുത്തശ്ശി, മുത്തച്ഛൻ, അച്ഛൻ, അമ്മാവൻമാർ, ചെറിയച്ഛൻ,അമ്മായി… അങ്ങനെ എത്രയോ മരണങ്ങൾ..എല്ലാവരും തന്നെ 60 കഴിഞ്ഞവർ ആയിരുന്നു. മാത്രമല്ല കുറേ നാൾ അസുഖമായി കിടന്ന ശേഷം ആണ് അവരെല്ലാവരും വിട പറഞ്ഞത്…
ഇത് പക്ഷേ ഒരു ചതിയായി പോയി ഉണ്ണി. നിന്നിൽ നിന്നും ഞങ്ങൾ ആരും ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല..
പണി തീരാത്ത ഞങ്ങളുടെ തറവാട് വീട് മുന്നറിയിപ്പില്ലാതെ തന്നെ പെരുവഴിയിൽ ആക്കി പോയ പ്രിയപ്പെട്ടവനെ കാത്ത് വിദൂരതയിൽ നോക്കി നിൽക്കുന്നു.
അവിടുത്തെ കാര്യങ്ങൾ അന്വേഷിക്കാൻ ഇടയ്ക്കിടെ തന്റെ ബൈക്കിൽ ഓടി എത്തുന്ന ഉണ്ണിയുടെ വരവും പ്രതീക്ഷിക്ഷിച്ചു നിൽക്കുന്ന ആ വീടിന്റെ ദുരവസ്ഥ എന്റെ ഉള്ളിൽ കനൽ ആയി എരിയുന്നു.
അങ്ങോട്ട് നോക്കുമ്പോൾ ഒക്കെ ഉണ്ണിയുടെ വാക്കുകൾ കാതിൽ മുഴങ്ങുന്നു..
”അല്ല.. പെട്ടെന്ന് എനിക്കെന്തെങ്കിലും സംഭവിച്ചാലും പ്രീയക്ക് ഒരു വീടാവുമല്ലോ..!
തനിക്ക് സംഭവിക്കാൻ പോകുന്ന അകാല മൃത്യുവിനെ പറ്റി ഉണ്ണിക്ക് അറിയാമായിരുന്നോ???
(തുടരും)
**********************************************