cinema
ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 5
(ഗോപിനാഥ് മുരിയാട്)
മനുഷ്യബന്ധങ്ങളുടെ ജോലികൾ തീർത്തു കാസറ്റ്റ്സ് തിരുവനന്തപുരം ദൂരദര്ശന് കൈമാറിയതോടെ വീണ്ടും കുറേ കാലം തൊഴിൽ രഹിതനായി ഞാൻ ചെന്നൈയിൽ തന്നെ തുടർന്നു. തൊഴിൽ രഹിതൻ എന്ന് പറഞ്ഞു കൂടാ. സെൻസർ വർക്കുകൾ ഒരുപാട് വരുന്നുണ്ടായിരുന്നു. ഒരു C.B.I.ഡയറിക്കുറിപ്പ്, (K.മധു )
അയിത്തം, (വേണു നാഗവള്ളി )അബ്കാരി.മുക്തി, (I.v.ശശി ), അപരൻ (പദ്മരാജൻ ), സംഘം, ന്യൂ ഡൽഹി (ജോഷി ), സൈമൺ പീറ്റർ നിനക്ക് വേണ്ടി (P.G.വിശ്വംഭരൻ ), വൈശാലി (ഭരതൻ ), ആര്യൻ, വെള്ളാനകളുടെ നാട്, (പ്രിയദർശൻ ), ഓഗസ്റ്റ് 1(സിബി മലയിൽ ), ഇതൊക്കെ 87-88 കാലഘട്ടത്തിൽ ഞാൻ വർക്ക് ചെയ്ത ചിത്രങ്ങൾ ആണ്. വീണ്ടും എന്ന് സഹായി ആയി പോകാൻ കഴിയും എന്ന് ആലോചിച്ചും, വിഷമിച്ചും കഴിയവേ ഒരു ദിവസം പ്രൊഡക്ഷൻ മാനേജർ C.S.ഹമീദ് (സെവൻ ആർട്സ് മോഹന്റെ അസിസ്റ്റന്റ് ആയിരുന്നു ഹമീദ് )എന്നെ തേടി വന്നു.
“ഗോപി ഫ്രീ ആണോ?? ”
ഹമീദ് ചോദിച്ചു.
“അതെ ”
പുതിയ ഏതെങ്കിലും സെൻസർ വർക്ക് ആവും എന്നേ ഞാൻ കരുതിയുള്ളൂ. നാളെ രതീഷിന്റെ പുതിയ ഫിലിം ഷൂട്ടിംഗ് തുടങ്ങുന്നു. മദ്രാസിൽ തന്നെയാണ് ഷൂട്ടിംഗ്. ഇടക്ക് നിന്നുപോയ ചിത്രം ആണ്. പെട്ടെന്ന് വീണ്ടും തുടങ്ങാൻ തീരുമാനിച്ചതാ. അസ്സോസിയേറ്റ് രാധാകൃഷ്ണൻ, അസിസ്റ്റന്റ് ആയി ഗോപി മാത്രേ ഉണ്ടാവൂ. (ഈ രാധാകൃഷ്ണൻ രതീഷിന്റെ ബാല്യകാല സുഹൃത്തായ ആലപ്പുഴക്കാരൻ ആണ് )പോരുന്നോ?
കേട്ടത് പാതി കേൾക്കാത്തത് പാതി ഞാൻ സമ്മതിച്ചു. ഹമീദിന്റെ കൂടെ ജമിനി പാർസൺ കോംപ്ലക്സ്ൽ ഉള്ള ഓഫീസിൽ ചെന്നപ്പോൾ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നത്. V.കൃഷ്ണ കുമാർ ആണ് സംവിധാനം.പാറു കമ്പയിൻസിന്റെ ബാനറിൽ പാറു രതീഷ് ആണ് നിർമാണം. (പിന്നീട് നായിക ആയി മധുരനാരങ്ങയിൽ നമ്മൾ കണ്ട പാർവതി രതീഷ് തന്നെ. മകളുടെ പേരിൽ ആണ് രതീഷ് ഈ ചിത്രം നിർമിച്ചത്. )സ്ക്രിപ്റ്റ്. V.R.ഗോപാലകൃഷ്ണൻ. ക്യാമറ. വിജയകുമാർ, ഗാനങ്ങൾ. പൂവച്ചൽ ഖാദർ. മ്യൂസിക് -ശങ്കർ ഗണേഷ്,റീറെക്കോർഡിങ് -K.J.ജോയ് എഡിറ്റിംഗ്.-പോൾ ദുരയ്സിംഗം, ആർട്ട് -രാജേന്ദ്രൻ ,കോസ്റ്റും -ഏഴിമല ,മേക്കപ്പ് -കരുമം മോഹൻ , ആക്ഷൻ- ഭാസ്ക്കർ , നൃത്തം -ശോഭ ,പ്രൊഡക്ഷൻ മാനേജർ -C.S.ഹമീദ് .ഇവർ ഒക്കെ ആണ് മെയിൻ ടെക്നിഷ്യൻസ്. Artists.ജയറാം, ഉർവശി, നെടുമുടി വേണു, ഗീത, തിലകൻ, സുകുമാരി, ജഗതി, ജോസ്, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ. പട്ടം സദൻ.
(ഈ ചിത്രം കുറച്ചു ഷൂട്ട് ചെയ്തു നിന്ന് പോയതാണെന്ന് പറഞ്ഞല്ലോ. ആദ്യം ഷൂട്ട് ചെയ്തപ്പോൾ നായകൻ രതീഷ് തന്നെ ആയിരുന്നു. രതീഷ് ന്റെ മാർക്കറ്റ് വാല്യൂ കുറഞ്ഞതിനെ തുടർന്ന് പുള്ളി സ്വയം പിന്മാറി അപ്പോൾ തിളങ്ങി വരുന്ന ജയറാമിനെ നായകൻ ആക്കി ഒപ്പം ഉർവശിയെ നായികയും ആയി കാസ്റ്റ് ചെയ്തു. )
ഇതേ സമയം തന്നെ ജമിനി കണ്ണൻ നുമായി ചേർന്ന് അയ്യർ ദി ഗ്രേറ്റ് എന്ന ഭദ്രൻ ചിത്രവും രതീഷ് നിർമിച്ചിരുന്നു. കൂട്ടത്തിൽ പറയട്ടെ S.v.ശേഖർ, V.K.രാമസ്വാമി ഒക്കെ അഭിനയിച്ച ഒരു തമിഴ് പടത്തിന്റെ റീമേക്ക് ആയിരുന്നു ചക്കിക്കൊത്ത ചങ്കരൻ. (പേര് മറന്നു.പക്ഷേ ഞാൻ കണ്ടീട്ടുണ്ട് ആ ചിത്രം )
ആലപ്പുഴ ക്കാരൻ രാധാകൃഷ്ണനും രസികൻ തന്നെ. ഞങ്ങൾ തമ്മിൽ പെട്ടെന്ന് കമ്പനി ആയി.
(ഈ ചിത്രം റിലീസ് ചെയ്ത് അധികം താമസിയാതെ അദ്ദേഹം മരിച്ചു. ആത്മഹത്യ ആണെന്നാണ് ഞാൻ അറിഞ്ഞത്. അതും കുറേ കാലം കഴിഞ്ഞു )
അടുത്ത ദിവസം തന്നെ ഷൂട്ടിംഗ് ആരംഭിച്ചു. ഒറ്റ schedule ൽ 18 ദിവസം കൊണ്ട് ചെന്നൈയിൽ തന്നെ ഷൂട്ടിംഗ് തീർത്തു. വളരെ ഫാസ്റ്റ് ആയി ചിത്രീകരിക്കുന്ന രീതി ആയിരുന്നു കൃഷ്ണകുമാർ സാറിന്റേത് (ഏഴാമത് ഇരവിൽ എന്ന കമലഹാസൻ ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹം ആണ് ). തിലകൻ, സുകുമാരി, ജഗതി, ഗീത, ഈ പ്രതിഭകളുടെ കൂടെ ഒക്കെ ഞാൻ ആദ്യമായി വർക്ക് ചെയ്യുകയാണ്. ശങ്കരാടി, ബഹദൂർ തുടങ്ങിയവർ ഒക്കെ ക്ലൈമാക്സ് ൽ ഒറ്റ സീനിലെ ഉണ്ടായിരുന്നുള്ളൂ. ഓർമ ശരിയാണെങ്കിൽ ഒറ്റ ദിവസം കൊണ്ടാണ് ക്ലൈമാക്സ് തീർത്തത്.
ഈ ചിത്രത്തിൽ അടൂർ ഭാസി അഭിനയിച്ചീട്ടുണ്ടെങ്കിലും ആ സീൻ ആദ്യത്തെ scheduleൽ ചിത്രീകരിച്ചത് ആയതിനാൽ എനിക്ക് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല. അതെന്റെ വ്യക്തിപരമായ ദുഃഖം ആയി ഇന്നും അവശേഷിക്കുന്നു. സെൻട്രൽ പിക്ചർസ് ആയിരുന്നു വിതരണം.
ഈ ചിത്രത്തിൽ അഭിനയിക്കാൻ വരുന്നതിന് മുമ്പ് തന്നെ ജയറാമിനെ എനിക്ക് പരിചയം ഉണ്ടായിരുന്നു. അപരൻ എന്ന ചിത്രത്തിന്റെ സെൻസർ വർക്ക് ചെയ്തത് ഞാൻ ആയിരുന്നു എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ.ചെന്നൈയിൽ പ്രസാദ് 70 mm തിയേറ്ററിൽ ആയിരുന്നു അപരന്റെ റീറെക്കോർഡിങ്.
ഫൈനൽ വർക്കിന് ചെന്നൈയിൽ വന്ന ജയറാം എന്നും രാവിലെ റീറെക്കോർഡിങ് തിയേറ്ററിൽ മുടങ്ങാതെ വരും. പുതുമുഖം ആയതിനാൽ പുള്ളിയെ ആരും അത്ര ശ്രദ്ദിച്ചില്ല. പദ്മരാജൻ സാറും അസ്സോസിയേറ്റ് സുരേഷ് ഉണ്ണിത്താൻ ചേട്ടനും ഒക്കെ തിരക്കുകളിൽ ആണ്. റീറെക്കോർഡിങ് തിയേറ്ററിലെ ഒരു കാബിനിൽ ഇരുന്ന് റീൽസ് കണ്ടു മാർക്ക് ചെയ്യുന്ന എന്റെ അടുത്തേക്ക് ജയറാം വന്നു. പരിചയപ്പെട്ടു. ഓരോ റീലും കണ്ടു മാർക്ക് ചെയ്തു കഴിയുമ്പോൾ ഉത്കണ്ഠയോടെ ജയറാം എന്നെ നോക്കും.
“കൊള്ളാമോ ചേട്ടാ?
രക്ഷപ്പെടുമോ?? ”
ഞാൻ സമാധാനിപ്പിക്കും.
“നന്നായിട്ടുണ്ട്. ഫിലിമും.
താനും.. പദ്മരാജൻ സാറിന്റെ പടം അല്ലെ?? മോശം ആവില്ല. ”
“ആവോ.. ഭയങ്കര ടെൻഷൻ”
റീറെക്കോർഡിങ് നടന്ന ദിവസങ്ങളിൽ എല്ലാം പുള്ളി എന്റെ അടുത്ത് തന്നെ ആയിരുന്നു..തിയേറ്ററിലെ വർക്ക് കഴിഞ്ഞ് കൈ കൊടുത്തു പിരിഞ്ഞ ജയറാമിനെ പിന്നെ കാണുന്നത് ചക്കിക്കൊത്ത ചങ്കരന്റെ ഷൂട്ടിംഗ് ന് വന്നപ്പോൾ ആണ്. അതിനകം പദ്മരാജന്റെ തന്നെ മൂന്നാംപക്കം, ഉണ്ണികൃഷ്ണൻന്റെ ആദ്യത്തെ ക്രിസ്മസ്( കമൽ ) തുടങ്ങിയ ചിത്രങ്ങൾ എല്ലാം റിലീസ് ആയി ജയറാം ശ്രദ്ദേയൻ ആയി കഴിഞ്ഞിരുന്നു..
(തുടരും..)
Pics.
1.ജയറാം, ഉർവശി, dancers.
2. ഗീത, നെടുമുടി വേണു, അസോസിയേറ്റ് രാധാകൃഷ്ണൻ.
3.പട്ടം സദൻ, രാധാകൃഷ്ണൻ, കൃഷ്ണ കുമാർ,ക്യാമറ അസിസ്റ്റന്റ്, &
Me. പിന്നിൽ രതീഷ്, ജമിനി കണ്ണൻ.
4. കൃഷ്ണ കുമാർ.
5. രതീഷ്.
6. പാർവതി രതീഷ്.
7. V. R. ഗോപാലകൃഷ്ണൻ.
2,775 total views, 6 views today