സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 50
(ഗോപിനാഥ് മുരിയാട്)
മാനേജർ വിളിപ്പിച്ചത് ഉടനെ പൈസ കെട്ടണം എന്ന് പറയാൻ തന്നെ ആയിരുന്നു. വഴിയുണ്ടാക്കാം എന്ന് പറഞ്ഞു മുറിയിലേക്ക് മടങ്ങിയെങ്കിലും എന്ത് വേണമെന്ന് സത്യത്തിൽ ഒരു പിടിയും ഇല്ലായിരുന്നു. അൽപ്പം കഴിഞ്ഞ് റൂമിൽ സുഭാഷ് വന്നപ്പോൾ വിവരം പറഞ്ഞെങ്കിലും പുള്ളി കൈ മലർത്തി. വാങ്ങാൻ പറ്റുന്നവരുടെ കയ്യിൽ നിന്നൊക്കെ വാങ്ങി. വേറെന്തെങ്കിലും വഴി കണ്ടെത്താൻ പറഞ്ഞു കൊണ്ട് അദ്ദേഹം പന്ത് എന്റെ കോർട്ടിലേക്ക് തന്നെ മടക്കി.
“ഗോപിയുടെ വീട്ടിൽ എങ്ങാനും പോയാൽ കുറച്ചു പൈസ സംഘടിപ്പിക്കാൻ പറ്റോ? പ്രൊഡ്യൂസർ അഡ്വാൻസ് തന്നാൽ ഉടനെ നമുക്ക് മടക്കി കൊടുക്കാം ”
സുഭാഷ് ന്റെ വക ഉപദേശം..
“അതിന് പ്രൊഡ്യൂസർ എവിടെ??
ലക്ഷക്കണക്കിന് രൂപ വേണ്ടേ പടം പിടിക്കാൻ?? നമ്മൾ പ്രതീക്ഷിച്ച അമേരിക്കക്കാർ കൈ ഒഴിഞ്ഞു. നമ്മൾ എത്രപേരോട് ഇതിനകം കഥ പറഞ്ഞു. എല്ലാവരും വന്ന് കാപ്പീo ഊണും ഒക്കെ കഴിച്ച് കഥയും കേട്ട് സ്ഥലം വിടുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ലല്ലോ..”
എന്റെ ശബ്ദത്തിൽ അൽപ്പം നിരാശ കലർന്നത് കൊണ്ടാവാം സുഭാഷ് ശാസിച്ചു..
“ഛെ.. താൻ ഇങ്ങനെ ശുഭാപ്തി വിശ്വാസം ഇല്ലാതെ ആയാലോ? ഒരു ഡയറക്ടർ ആവുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമുള്ള സംഗതി അല്ലാന്ന് അറിയില്ലേ..”
ഭാരതി രാജ മദ്രാസിൽ പെട്രോൾ ബങ്കിൽ പെട്രോൾ അടിക്കാൻ നിന്ന കഥയും ഭാഗ്യരാജ് ഹോട്ടലിൽ വെയിറ്റർ ആയി നിന്ന കഥയും ബാലചന്ദ്രമേനോൻ നാനയുടെ റിപ്പോർട്ടർ ആയിരുന്ന കാലത്ത് മണിയൻ പിള്ള രാജുവുമൊത്ത് താമസിക്കവേ കഞ്ഞിയും പയറും ആയി കഴിഞ്ഞ നാളുകൾ ഒക്കെ സുഭാഷ് പറഞ്ഞു കൊണ്ടേ ഇരുന്നു. ഈ കഥകൾ ഒക്കെ ഞാനും കുറേ കേട്ടീട്ടുള്ളതാണ്.പക്ഷേ ഇതൊന്നും ഹോട്ടൽ മാനേജരോട് പറയാൻ പറ്റില്ലല്ലോ. സുഭാഷ് നോട് പറഞ്ഞീട്ടു കാര്യമില്ല. പുള്ളിയോട് വാദിച്ചു ജയിക്കാൻ ആവില്ല. എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ പുള്ളി അത് തന്നെ പറഞ്ഞു കൊണ്ടിരിക്കും. നമ്മളെ ഒന്നും സംസാരിക്കാൻ അനുവദിക്കുകയേ ഇല്ല..പെട്ടെന്നാണ് എന്റെ ചിന്തയിൽ മറ്റൊരു മുഖം തെളിഞ്ഞത്.
രാജന്റെ..
നാട്ടിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഓണറും ഒക്കെയാണ് കക്ഷി. ബാല്യം മുതലേ പരിചയം ഉണ്ട്.അമ്പലവാസിയായിരുന്ന രാജന്റെ അച്ഛനായിരുന്നു (കഴുത്തിൽ സദാ സ്വർണത്തിന്റെ മണിമാല ധരിക്കാറുള്ള അദ്ദേഹം മണിമാല ഷാരടി എന്നാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത് ) ഞങ്ങളുടെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാം കഴകം. അമ്പലത്തിൽ പോകുമ്പോൾ ഒക്കെ അവിടെ മാല കെട്ടികൊണ്ട് ഇരിക്കുന്ന രാജനെ കണ്ട ഓർമ ഇപ്പോഴും മനസ്സിൽ ഉണ്ട്.
ഞാൻ സിനിമയിൽ വർക്ക് ചെയ്യാൻ തുടങ്ങിയ ശേഷം എപ്പോഴോ നാട്ടിൽ വന്നപ്പോൾ ആണ് രാജനെ വീണ്ടും കാണുന്നത്. എല്ലാ ചെറുപ്പക്കാരെയും പോലെ രാജനും സിനിമയിൽ വരണം എന്ന് താല്പര്യം ഉണ്ടായിരുന്നു. കാണുമ്പോൾ ഒക്കെ എന്നോട് സിനിമയിൽ അഭിനയിക്കാൻ ഇഷ്ടം ആണെന്നും സൂചിപ്പിച്ചിരുന്നു. ഇനി അതല്ലെങ്കിൽ ഏതെങ്കിലും ക്യാമറമാന്റെ കൂടെ സഹായി ആയി നിൽക്കാൻ പറ്റുമോ എന്നും രാജൻ അന്വേഷിക്കാറുണ്ട്. പക്ഷേ ഞാൻ രാജനെ നിരുത്സാഹപ്പെടുത്തി. കോടംബക്കത്തു സിനിമാ മോഹവുമായി വരുന്നവരുടെ കഷ്ടപ്പാടുകളും, ഈ രംഗത്ത് ഗോഡ്ഫാദർ ഒന്നും ഇല്ലാത്തവർക്ക് രക്ഷപ്പെടാൻ ഉള്ള ബുദ്ധിമുട്ടുകളും ഞാൻ രാജനെ ധരിപ്പിച്ചു. എങ്കിലും എന്നെ കാണുമ്പോൾ ഒക്കെ രാജൻ തന്റെ ആഗ്രഹം പറയാറുണ്ടായിരുന്നു.
(രാജൻ നാട്ടിൽ അത്യാവശ്യം പേരും പെരുമയും ഉള്ള നല്ലൊരു ഫോട്ടോ ഗ്രാഫർ ആണെന്ന് മാത്രം അല്ല സാമ്പത്തികമായും അന്നേ നല്ല ഒരു നിലയിൽ ആയിരുന്നു. സിനിമാ മോഹവുമായി മദ്രാസിൽ എത്തുന്നവരുടെ കഷ്ടപ്പാടുകൾ വർഷങ്ങൾ ആയി ഞാൻ കണ്ടു കൊണ്ടിരിക്കുന്നതിനാൽ ആ നല്ല സുഹൃത്തിനെ ഇങ്ങനെ ഒരു അനിശ്ചിതത്വം നിറഞ്ഞ രംഗത്തേക്ക് കൊണ്ട് വരാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു എന്നതാണ് സത്യം ).
ഞാൻ എറണാകുളത്ത് സിനിമ തുടങ്ങാൻ എത്തിയ വിവരം അറിഞ് പുള്ളി ഒരു ദിവസം അവിടെ വന്നിരുന്നു എന്നാണ് എന്റെ ഓർമ. ഞാൻ ഉടനെ രാജന്റെ സ്റ്റുഡിയോയിലെ ഫോണിൽ വിളിച്ചു എന്റെ അവസ്ഥയെ പറ്റി സൂചിപ്പിച്ചു. അദ്ദേഹം ഒട്ടും വൈകാതെ എറണാകുളത്തു വന്ന് ഹോട്ടലിൽ അടക്കാൻ വേണ്ട പണം തന്ന് ഞങ്ങളെ സഹായിച്ചു. പടം തുടങ്ങുമ്പോൾ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി രാജൻ തന്നെ മതിയെന്ന് സുഭാഷ് ഉറപ്പിച്ചു. സന്തോഷത്തോടെ രാജൻ നാട്ടിലേക്ക് മടങ്ങി.
ഇതിനിടെ അഭിനയ മോഹികൾ ആയ ഒരുപാട് പേർ ഞങ്ങളെ സന്ദർശിക്കാൻ ക്വീൻസ് ഹോട്ടലിൽ എത്താറുണ്ടായിരുന്നു. സുഭാഷ് വരുന്നവരോടൊക്കെ ഞങ്ങൾ ആരംഭിക്കാൻ പോകുന്ന വമ്പൻ പ്രോജെക്ടിനെ പറ്റി പറയും . എന്നെ ലജ്ജിപ്പിച്ചു കൊണ്ട് ഞാൻ എന്ന മലയാള സിനിമയിലെ വരുംകാല “സംഭവ”ത്തെപ്പറ്റി വാചാലനാവും..
അങ്ങനെ ഇരിക്കേ ഒരു ദിവസം തൃശൂർക്കാരനായ ഒരു 50 കാരൻ കയറി വന്നു. കെ.എസ് മേനോൻ എന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. സിനിമയിൽ ഒക്കെ ചെറിയ റോളുകൾ ചെയ്തീട്ടുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.( പക്ഷേ ഞങ്ങൾ ആരും പുള്ളിയെ ഒരു ചിത്രത്തിലും കണ്ടതായി ഓർക്കുന്നില്ലായിരുന്നുട്ടോ ).എന്തായാലും അദ്ദേഹത്തെ വെറുപ്പിക്കേണ്ടെന്നും, ആര് വഴിയാണ് പ്രൊഡ്യൂസറെ കിട്ടുക എന്ന് പറയാൻ പറ്റില്ലെന്നും ആയിരുന്നു സുഭാഷിന്റെ ഉപദേശം.
പിന്നീട് പലപ്പോഴും Mr.മേനോൻ ഞങ്ങളുടെ റൂമിലെ നിത്യസന്ദർശ കൻ ആയി മാറി. എന്നോട് സ്ക്രിപ്റ്റിന്റെ ഡീറ്റെയിൽസിനെ പറ്റി ഒക്കെ ചോദിച്ചു മനസ്സിലാക്കി. കഥ മനസ്സിലാക്കിയ മേനോൻ എനിക്ക് ആത്മ വിശ്വാസം പകർന്നു കൊണ്ട് ഒന്ന് കൂടി പറഞ്ഞു.
“ഗോപി, ഇത് ഒരു തകർപ്പൻ ഹിറ്റ് തന്നെ ആവും. ഉറപ്പാണ്. മലയാളത്തിൽ മാത്രം ആയിട്ട് പ്ലാൻ ചെയ്യേണ്ട ചിത്രം അല്ല ഇത്. തമിഴ് ലും കൂടി പ്ലാൻ ചെയ്യണം.A. R. റഹ്‌മാനെ കൊണ്ട് മ്യൂസിക് ചെയ്യിക്കണം. ഗോപിക്ക് ” യോദ്ധ” യിൽ വർക്ക് ചെയ്ത കാരണം പുള്ളിയെ പരിചയം കാണുമല്ലോ. അങ്ങനെ ഒന്ന് ആലോചിക്കാത്തത് എന്താ??.
‘മരിജുവാന ” മറ്റ് ഭാഷ കളിലേക്കും ഡബ് ചെയ്യാവുന്ന പ്രൊജക്റ്റ് ആണ്. കേരളത്തിന്റെ നേറ്റിവിറ്റി ഒട്ടും ഇല്ല.
“സംഗതി ഒക്കെ സത്യം തന്നെ. പക്ഷേ അതിന് ആദ്യം ഒരു പ്രൊഡ്യൂസർ വേണ്ടേ?? തമിഴ് കൂടി ആലോചിക്കുകയാണെങ്കിൽ ഒരു കോടിയെങ്കിലും ഇൻവെസ്റ്റ് ചെയ്യാൻ തയ്യാർ ഉള്ള ഒരു പ്രൊഡ്യൂസറെ കിട്ടണം. ഇവിടെ 50 ലക്ഷം മുടക്കാൻ പോലും തയ്യാർ ഉള്ള ആരെയും കണ്ടെത്താൻ ഇത് വരെ കഴിഞ്ഞീട്ടില്ല. പിന്നെ എങ്ങനെയാ തമിഴ്നെ പറ്റി ചിന്തിക്കുന്നത് ”
ഞാൻ എന്റെ ആശങ്ക തുറന്നു പറഞ്ഞു.
“ഞാൻ ഒന്ന് ആലോചിക്കട്ടെ.”
മേനോൻ പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞ് അയാൾ വീണ്ടും വന്നു. ഇത്തവണ വലിയ സന്തോഷത്തിൽ ആയിരുന്നു കക്ഷി. സുഭാഷിനെ ഉടനെ വിളിച്ചു വരുത്താൻ ആവശ്യപ്പെട്ടു. അന്ന് പുള്ളി വന്നിട്ടില്ലായിരുന്നു.കവിത തിയേറ്ററിന് അടുത്തുള്ള പബ്ലിക് ബൂത്തിൽ ചെന്ന് ഫോൺ ചെയ്ത ഉടനെ സുഭാഷ് എത്തിച്ചേർന്നു.
“ഞാൻ ഈ പ്രൊജക്റ്റ് ചെയ്യാൻ പോകുന്നു. അത് പറയാനാ സുഭാഷിനെ വിളിപ്പിച്ചത്..”
അന്തിച്ചു നിന്ന എന്നെയും സുഭാഷിനെയും നോക്കി മേനോൻ തുടർന്നു.
“ചുമ്മാ പറഞ്ഞതല്ല. സീരിയസ് ആയി തന്നെ.. ഞാൻ കോയമ്പത്തൂർ ഉള്ള നമ്മുടെ ഒരു സുഹൃത്ത് വഴി അവിടെ ഫിലിമിന് ഒക്കെ ഫിനാൻസ് ചെയ്യുന്ന ഒരു ചെട്ടിയാരുമായി സംസാരിച്ചു. ഫണ്ട് ഒക്കെ പുള്ളി തരും.”
അദ്ദേഹം പറഞ്ഞതൊക്കെ ഞാനും സുഭാഷും അവിശ്വസനീയതോടെ കേട്ടിരുന്നു. സത്യമാണോ നടക്കുന്നതെന്നറിയാൻ ഞാൻ എന്റെ കയ്യിൽ നുള്ളി നോക്കി.
“നാളെ ഞാൻ പൈസയുമായി എത്താം. ഇവിടെ നിന്നും ചെക്ക് ഔട്ട് ചെയ്യാൻ ഉള്ള ഏർപ്പാട് ഒക്കെ ചെയ്തോളു. ഇവിടുത്തെ ബാലൻസ് എല്ലാം ഞാൻ സെറ്റിൽ ചെയ്തോളാം.”
മേനോൻ യാത്ര പറഞ്ഞു തൃശൂർക്ക് പോയപ്പോൾ സുഭാഷ് എനിക്ക് കൈ തന്നു.
“കണ്ടോടോ.. ഞാൻ പറഞ്ഞില്ലേ എല്ലാം ശരിയാകും എന്ന്. ഒരുപക്ഷെ മേനോന് ആയിരിക്കും തന്നെ introduce ചെയ്യാൻ ഉള്ള യോഗം.”
എങ്കിലും എനിക്ക് ഉള്ളിൽ എന്തോ ഒരു ടെൻഷൻ പോലെ. മേനോന് പടം ചെയ്യാൻ ഉള്ള ഒരു സെറ്റ് അപ്പ് ഒക്കെ ഉണ്ടെന്ന് എനിക്ക് അപ്പോഴും വിശ്വാസം ആയിരുന്നില്ല.ഞാൻ പക്ഷേ അത് സുഭാഷിനോട് പറഞ്ഞില്ല. അയാൾക്ക് അത് ഇഷ്ടം ആവില്ല എന്ന് എനിക്കറിയാമായിരുന്നു.അന്ന് വൈകുന്നേരം സുഭാഷ് കൂട്ടുകാരെ ഒക്കെ വിളിച്ചു വരുത്തി.വിനോദ്, സുരേഷ്, രാധാകൃഷ്ണൻ എല്ലാവരും ഓടി എത്തി. സുഭാഷ് അവരോട് കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് വിശദീകരിച്ചു.
“അങ്ങനെ നമ്മുടെ “മരിജുവാന “സംഭവിക്കാൻ പോകുന്നു. ഗോപി സംവിധായകൻ ആകുന്നു. നമുക്ക് ആഘോഷിക്കണം. ”
രാധാകൃഷ്ണൻ കുപ്പിയുമായി വന്നിരുന്നതിനാൽ ആഘോഷം ഗംഭീരം ആയി.ഇടക്ക് പുറത്തേക്ക് പോയ സുഭാഷ് പുതിയ ഒരു ന്യൂസുമായി ആണ് വന്നത്.
“അടുത്ത റൂമിൽ സ്പടികം ജോർജ് ആണ്.(അന്ന് എറണാകുളത്തു ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളിലെ ഒരുവിധം ആർട്ടിസ്റ്റ്സ് ഒക്കെ താമസിക്കാറുള്ളത് ക്വീൻസ് ൽ ആയിരുന്നു ). നമുക്ക് പുള്ളിയെ കൂടെ നമ്മുടെ ചിത്രത്തിൽ ഇട്ടാലോ?”
സുഭാഷ് ന്റെ ചോദ്യം എന്നോടാണ്.
ഞാൻ പറഞ്ഞു. “പുള്ളിക്കാരന് പറ്റിയ റോൾ ഒന്നും ഇല്ലല്ലോ.”
വില്ലൻ എന്തായാലും പ്രസാദ് സാർ തന്നെ എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
“ഹീറോയിന്റെ അച്ഛൻ ഇല്ലേ..ആനിയുടെ ഫാദർ.. രണ്ടോ മൂന്നോ സീൻ മാത്രമേ ഉള്ളൂ എങ്കിലും നല്ല റോൾ ആണ്.”
അത് പക്ഷേ ഒരു നല്ല അച്ഛൻ കഥാപാത്രം ആണ്. സ്പടികം ജോർജ് അന്ന് ചെയ്തിരുന്നതൊക്ക നെഗറ്റീവ് ക്യാരക്ടർസ് ആയിരുന്നു.
എന്റെ മനസ്സിൽ ദേവൻ ആയിരുന്നു ആ റോളിന് കൂടുതൽ അനുയോജ്യൻ .
“എന്തായാലും നമുക്ക് ആലോചിക്കാം. പ്രൊജക്റ്റ് മൂവ് ആവട്ടെ.”
“ഇനി എന്ത് മൂവ് ആവാൻ.. മേനോൻ ചേട്ടൻ വാക്ക് തന്നില്ലേ.. നാളെ പുള്ളി അഡ്വാൻസുമായി വരും.. താൻ എപ്പോഴും ഈ നെഗറ്റീവ് ചിന്താഗതി ആദ്യം വിട്.”
ഞാൻ കൂടുതൽ തർക്കിക്കാൻ നിന്നില്ല. എന്തിനാ വെറുതെ പുള്ളിയെ വിഷമിപ്പിക്കുന്നെ.. ഞാൻ സമ്മതിച്ചു.
അൽപ്പം കഴിഞ്ഞ് നാളെ വരാം എന്ന് പറഞ്ഞു കൂട്ടുകാർ ഒക്കെ പിരിഞ്ഞു. സുഭാഷ് മാത്രം അന്ന് പോകുന്നില്ല എന്ന് പറഞ്ഞു റൂമിൽ കൂടി.ഭക്ഷണം കഴിക്കാൻ റൂം പൂട്ടി ഇറങ്ങവേ സ്പടികം ജോർജ് വരാന്തയിൽ സിഗരറ്റ് വലിച്ചു നിൽപ്പുണ്ട്.സുഭാഷ് ഇടിച്ചു കയറി പരിചയപ്പെട്ടു. എന്നെയും പുതിയ സംവിധായകൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തി.
ജോർജ് സാർ കൈ തന്നു. ഞങ്ങളെ റൂമിലേക്ക് ക്ഷണിച്ചു. അവിടെയും “സ്മാൾ” റെഡി ആയി ടീപോയിൽ സെറ്റ് ചെയ്തിട്ടുണ്ട്.
“വരൂ. നമുക്ക് ഒന്ന് കൂടാം.”
ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. അദ്ദേഹം ഒരു ആർട്ടിസ്റ്റ് മാത്രം അല്ല പോലീസ് ഓഫീസർ കൂടെ ആണെന്ന് ഞാൻ കേട്ടിരുന്നു. സുഭാഷ് പക്ഷേ എന്നെ കണ്ണിറുക്കി കാണിച്ചു. പിന്നെ ഞാൻ എതിർത്ത് ഒന്നും പറയാതെ അവർക്കൊപ്പം കൂടിയെങ്കിലും ആദ്യം ഒഴിച്ച ഒരു പെഗ്ഗുമായി ഞാൻ ഇരുവരുടെയും സംസാരം കേട്ട് ഇരുന്നതേയുള്ളൂ. പക്ഷേ ഇതിനകം നല്ല ഫോമിൽ ആയിരുന്ന സുഭാഷ് എന്നെ പറ്റി വാചാലനായി.
“മരിജുവാന” ഇന്ത്യൻ സിനിമയിൽ ചരിത്രം ആകാൻ പോകുന്നതിനെ പറ്റിയും, ഞാൻ ഇന്ത്യൻ സിനിമയിലെ അടുത്ത മഹേഷ് ഭട്ട് ആകാൻ പോകുന്നതിനെ പറ്റി യും കത്തി കയറിയപ്പോൾ ഞാൻ ലജ്ജയോടെ തല കുമ്പിട്ടിരുന്നു.
ഇടക്കെപ്പോഴോ ജോർജ് സാർ കഥയെ പറ്റി എന്നോട് ആരാഞ്ഞു.ഞാൻ ചെറുതായി വിവരിച്ചതേ ഉള്ളൂ. “ഡ്രഗ് അഡിക്ട് ആയ ഒരു പെൺകുട്ടിയെ അതിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന പോലീസ് ഓഫീസർ.. അത് മൂലം ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.. ഇതിനിടയിൽ നായികയെ പ്രണയിക്കുന്ന ഡ്രഗ് റാക്കറ്റ് ൽപ്പെട്ട
മറ്റൊരു യുവാവ്..”
കഥയെ പറ്റി കേട്ടതും ജോർജ് സാർ അഭിനന്ദിച്ചു..
“കൊള്ളാം.. നല്ല സബ്ജെക്ട്.. നന്നായി ട്രീറ്റ് ചെയ്താൽ സംഗതി കലക്കും.. “(അന്ന് പൊളിക്കൽ ഒന്നും പ്രചാരത്തിൽ ആയിട്ടില്ലട്ടോ ).
എനിക്ക് സന്തോഷമായി.
“സാർ, എനിക്ക് സാറിന്റെ ചെറിയ ഒരു ഹെൽപ് വേണ്ടി വരും.നായകൻ പോലീസ് ഓഫീസർ ആയതിനാൽ കുറച്ചു ഡിപ്പാർട്മെന്റ് സംബന്ധമായ സംശയങ്ങൾ.. സാറിനെ ഞാൻ പടം കൺഫേം ആയാൽ ഉടനെ വന്നു കണ്ടോളാം..”
“യൂ ർ ആൾവേസ് വെൽക്കം.. ആൻഡ് വിഷ് യൂ ഓൾ ദി ബെസ്റ്റ്..”
യാത്ര ആകുന്നതിനു മുമ്പേ അദ്ദേഹം എന്നെ വിഷ് ചെയ്തു.
(അന്ന് കുറച്ചു നേരം മാത്രമേ അദ്ദേഹവുമായി ഇടപഴകാൻ കഴിഞ്ഞുള്ളൂ എങ്കിലും തികച്ചും മാന്യൻ ആയ ഒരു കലാകാരൻ ആയിരുന്നു ജോർജ് സാർ എന്നാണ് ഞാൻ മനസ്സിലാക്കിയത് ).
അന്ന് രാത്രി സത്യത്തിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവസാനം ഇതാ എന്റെ സ്ക്രിപ്റ്റ് സിനിമ ആകാൻ പോകുന്നു. ഞാൻ സംവിധായകൻ ആകാൻ പോകുന്നു.9 വർഷം നീണ്ട സിനിമാരംഗത്തെ കഷ്ടപ്പാടുകൾക്കൊക്കെ ഒരറുതി വരാൻ സമയമായി കാണും.അടുത്ത ദിവസം നേരത്തെ എണീറ്റ് എറണാകുളത്തപ്പനെ ദർശനം നടത്താൻ പോയി. പ്രാർത്ഥിച്ചു. വഴിപാട് ചെയ്തു. താൻ പാതി ദൈവം പാതി എന്നാണല്ലോ.തിരിച്ചു വന്നപ്പോൾ സുഭാഷ് പറഞ്ഞു.
” മേനോൻ ചേട്ടൻ വിളിച്ചിരുന്നു. പുള്ളി ഉച്ചക്ക് ശേഷം എത്തും. നമുക്ക് എബ്രഹാം ലിങ്കണെ വിളിക്കണം (P. R.O.). ഗോപിയുടെ പടത്തിന്റെ ന്യൂസ് എല്ലാ ഫിലിം മാഗസിനിലും വരണം. രാജൻ സിതാരയോടും വരാൻ പറയൂ. നമുക്ക് സ്റ്റിൽ ഒക്കെ എടുക്കണ്ടേ. ”
ഞാൻ അപ്പോഴും കൺഫ്യൂഷനിൽ ആയിരുന്നു.
“ഇപ്പോഴേ ന്യൂസ് ഒക്കെ കൊടുക്കണോ സുബ്ബു. ഫിലിം വീക്കിലിയിൽ ഒക്കെ വന്നാൽ പിന്നേ നാട്ടുകാർ ഒക്കെ അറിയില്ലേ..”
എന്റെ സംശയം സുഭാഷ് ന് ഇഷ്ടപ്പെട്ടില്ല.
“തന്റെ ഈ സ്വഭാവം ആണ് എനിക്ക് പിടിക്കാത്തത്.. Why u are always being negative. താൻ പടം ചെയ്യാൻ പോകുമ്പോൾ അത് നാലാൾ അറിയണ്ടേ. അല്ലാതെ ജീവിതകാലം മുഴുവൻ കോടംബക്കത്തു കിടന്നു അസിസ്റ്റന്റ് ആയി നരകിക്കണോ..
Be positive man..”
പിന്നെ ഞാൻ തർക്കിക്കാൻ നിന്നില്ല. എന്തൊക്കെ പറഞ്ഞാലും ഞാൻ സംവിധായകൻ ആകാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ച സുഹൃത്താണ് അയാൾ. അത് മറന്നു കൂടല്ലോ.ഞാൻ ഉടനെ രാജനെ വിളിച്ച് ക്വീൻസിലേക്ക് വരാൻ പറഞ്ഞു .സുഭാഷ് തന്നെ ലിങ്കണെ വിളിച്ചു വിവരം പറഞ്ഞു. (പ്രശസ്ത സംവിധായകൻ ജേസി സാറിന്റെ സഹോദരൻ ആയ എബ്രഹാം ലിങ്കൺ “അന്ന് ഗുഡ് ഫ്രൈഡേ” യുടെ നാളുകളിൽ തുടങ്ങി എന്റെ അടുത്ത സുഹൃത്താണ്. വർഷങ്ങൾ ആയി മലയാള സിനിമയിൽ P.R.O. ആയിരുന്ന ലിങ്കൺ 2000- ൽ മഴ പെയ്യുമ്പോൾ എന്ന ചിത്രത്തിലൂടെ സംവിധായകൻ ആയി മാറി. തുടർന്ന് കൃഷ്ണപക്ഷ കിളികൾ, അനാമിക, ഡീസന്റ് പാർട്ടിസ്, ട്രാക്ക് തുടങ്ങിയ ചിത്രങ്ങളും ചെയ്തു . സിനിമയിൽ അപൂർവമായി മാത്രം കാണുന്ന കറകളഞ്ഞ വ്യക്തിത്വം ❤️❤️).
അടുത്ത ദിവസം ഉച്ചയോടെ എല്ലാവരും ക്വീൻസിൽ എത്തി. അധികം വൈകാതെ മേനോനും സ്ഥലത്ത് എത്തി. സുഭാഷ് സുഹൃത്തുക്കളെ എല്ലാം സ്വീകരിച്ചു.. കുറേ ലഡ്ഡുവും മറ്റും വരുത്തി യിരുന്നു എന്ന് തോന്നുന്നു.
“മരിജുവാന “താൻ ഏറ്റെടുത്തതായി മേനോൻ എല്ലാവരുടെയും മുന്നിൽ വച്ച് പ്രഖ്യാപിച്ചു.10,000 രൂപ അഡ്വാൻസ് ആയി എന്റെ കയ്യിൽ തന്നു. എല്ലാവരും സന്തോഷത്തോടെ കയ്യടിച്ചു. പിന്നെ എനിക്ക് കൈ തന്ന് എന്നെ വിഷ് ചെയ്യാൻ സുഹൃത്തുക്കൾ ഓരോരുത്തരായി മുന്നോട്ട് വന്നു. രാജൻ എല്ലാവരുടെയും ഫോട്ടോസ് എടുത്തു. വാർത്ത ഫിലിം മാഗസിനുകളിൽ കൊടുക്കാൻ പടത്തിന്റെ ഡീറ്റെയിൽസ് എല്ലാം ലിങ്കൺ എഴുതി എടുത്തു.
അന്ന് തന്നെ ചെന്നൈയിൽ പോകാൻ മേനോൻ ടിക്കറ്റ് ബുക്ക് ചെയ്തീട്ടാണ് വന്നിരിക്കുന്നത്. ഒരു മണിക്കൂർ ദൂരമേ ഉള്ളു ഇരിങ്ങാലക്കുടയുള്ള എന്റെ വീട്ടിലേക്ക്. എന്തായാലും പടത്തിന്റെ കാര്യം എല്ലാം കൺഫേം ആയി വീണ്ടും നാട്ടിൽ വരുമ്പോൾ വീട്ടിൽ പോകാം എന്ന് ഞാനും തീരുമാനിച്ചു.
(സിനിമാ ഭ്രാന്ത് മൂത്ത് ഉള്ള ജോലി കൂടി കളഞ്ഞ് കുളിച്ച് കോടമ്പാക്കം നിരങ്ങാൻ പോയവൻ എന്ന ചീത്ത പേര് മാറി കിട്ടാൻ പടം അനൗൺസ് ചെയ്ത ശേഷം നാട്ടിൽ പോകുന്നത് തന്നെ ആണ് അതിന്റെ ഒരു ത്രില്ല് എന്ന് സുഭാഷ് ). രാത്രിയിലെ ട്രെയിനിൽ എറണാകുളം നോർത്തിൽ നിന്നും ഞാനും മേനോനും മദ്രാസിലേക്കുള്ള ട്രെയിൻ കയറുമ്പോൾ സുഭാഷ് മാത്രമേ സ്റ്റേഷനിൽ എത്തിയിരുന്നുള്ളൂ എന്നാണ് എന്റെ ഓർമ.
(തുടരും)
1.രാജൻ സിതാര.
2. എബ്രഹാം ലിങ്കൺ.
3. സ്പടികം ജോർജ്.
4. K . S. മേനോൻ.
5. സുഭാഷ്.