സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 51
(ഗോപിനാഥ് മുരിയാട്)
ചെന്നൈയിൽ വണ്ടി ഇറങ്ങിയ ഉടനെ Mr. മേനോൻ തന്റെ ഒരു സുഹൃത്ത് വത്സരവാക്കത്തുണ്ട്, ഇവിടെ വന്നാൽ അദ്ദേഹത്തിന്റെ വീട്ടിൽ ആണ് താമസിക്കാറ് എന്നൊക്കെ പറഞ്ഞ് എന്നെ വടപളനിക്കുള്ള ഓട്ടോയിൽ കയറ്റി വിട്ടു. ഞാൻ നേരെ സത്യ ഗാർഡനിൽ ഉള്ള എന്റെ താമസ സ്ഥലത്ത് ചെന്നിറങ്ങി.
വീട്ടിൽ എത്തിയപ്പോൾ അവിടെ ജീവനും(ജീവൻദാസ് ), എന്റെ കസിൻ ആയ കുട്ടനും (ജയപ്രകാശ് )ഉണ്ട്. ഇരുവരും പടം കൺഫേം ആയ വിവരം അറിഞ്ഞ് വളരെ സന്തോഷിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ അഴകും മുറിയിൽ എത്തി. അവനെയും കാര്യങ്ങൾ ധരിപ്പിച്ചു.
“നീ എന്റെ കൂടെ തന്നെ വേണം. നമുക്ക് നാളെ തന്നെ ചെന്നൈയിൽ safire തിയേറ്ററിന് അരികിൽ ഉള്ള ഫിലിം ചേംബറിൽ പോയി ടൈറ്റിൽ രജിസ്റ്റർ ചെയ്യണം. പിന്നെ A. R. റഹ്‌മാന്റെ വീട്ടിൽ പോണം. മ്യൂസിക് അദ്ദേഹം തന്നെ ചെയ്യണം എന്നാണ് പ്രൊഡ്യൂസർ പറയുന്നത്. പടം തമിഴിലും കൂടെ ചെയ്യണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഞാൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അഴകും ആദ്യം ഒന്ന് അമ്പരന്നു. തുടക്കം തന്നെ ഒരു തമിഴ്, മലയാളം വൻ ബഡ്ജറ്റ് ഫിലിം ചെയ്യാൻ ഉള്ള അവസരം എനിക്ക് കിട്ടിയതിൽ അവൻ സന്തോഷിച്ചു. ഒപ്പം ഇത് എങ്ങനെ ഒക്കെ ആയിത്തീരും എന്ന ഒരു തുടക്കക്കാരന്റെ കൺഫ്യൂഷൻ ഞങ്ങൾക്ക് രണ്ടു പേർക്കും ഉണ്ടായിരുന്നു.
“A. R. റഹ്‌മാൻ എല്ലാം ഇപ്പോ പുടിക്കവേ മുടിയാത് ടാ.അന്ത ആള് ഹോട്ട് കേക്ക് മാതിരി ഇപ്പോൾ. ഏതുക്കും നമ്പ പോയി പാക്കലാം. ഉനക്ക് പഴക്കം ഇരുക്ക് ല്ലേ ”
ശങ്കറിന്റെ “Gentle man” കൂടി റിലീസ് ആയതോടെ സൗത്ത് ഇന്ത്യ മുഴുവൻ റഹ്‌മാൻ തരംഗം അലയടിക്കുക യാണ്. ഞാനും യോദ്ധ കഴിഞ്ഞ ശേഷം റഹ്‌മാൻന്റെ വീട്ടിൽ ഒന്നും പോയിട്ടില്ല. എന്തായാലും അന്ന് വൈകുന്നേരം മേനോന്റെ വത്സരവാക്കത്തുള്ള സുഹൃത്തിന്റെ വീട്ടിൽ ചെല്ലാൻ എന്നോട് പറഞ്ഞീട്ടുണ്ട്.” നീയും വാ. അവിടെ ചെന്നീട്ടു ബാക്കി തീരുമാനിക്കാം ”
(അഴക് അന്ന് കേശവർദ്ധിനി സ്റ്റോപ്പിന് അടുത്താണ് താമസം. അവിടെ അടുത്ത് തന്നെ ആണ് മേനോന്റെ സുഹൃത്തിന്റെ വീടും )
ഞാനും അഴകും കൂടെ വൈകുന്നേരം അവിടെ എത്തി മേനോൻ പറഞ്ഞു തന്ന അഡ്രസ് കണ്ടു പിടിച്ചു. രാജൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.തരക്കേടില്ലാത്ത ഒരു 2 നില വീടാണ് അത്. അദ്ദേഹത്തിന്റെ സ്വന്തം വീട് തന്നെ. താഴെ വാടകക്ക് കൊടുത്തിരിക്കുന്നു. മുകളിലാണ് രാജനും കുടുംബവും താമസം. കണ്ണൂർ കാരൻ ആയ രാജൻ വർഷങ്ങൾ ആയി ചെന്നൈയിൽ settled ആണ്. അദ്ദേഹത്തിന് 2 ഭാര്യമാരും 4 പെണ്മക്കളും ഉണ്ട്. മൂത്ത ഭാര്യ യിൽ 2. രണ്ടാമത്തെ ഭാര്യയിൽ 2. രണ്ടാമത്തെ ഭാര്യ ആണ് അവിടെ ഭരണം. അവരുടെ 2 പെണ്മക്കളും പഠിക്കുന്നുണ്ട്. മൂത്ത ഭാര്യയിലെ മൂത്ത കുട്ടി (സന്ധ്യ എന്ന് വിളിക്കാം നമുക്ക് അവളെ ), സിനിമയിൽ ഒക്കെ അഭിനയിച്ചീട്ടുണ്ട്. രണ്ടാമത്തെ ഭാര്യയാണ് അവളുടെ കൂടെ സെറ്റിൽ ഒക്കെ വരാറുള്ളത്. മൂത്ത ഭാര്യയും അവരുടെ രണ്ടാമത്തെ മകളും ആണ് ആ വീട്ടിൽ ജോലി ഒക്കെ ചെയ്യുന്നത്. മേനോൻ വരുമ്പോൾ ഒക്കെ അവിടെയാണ് താമസിക്കാറുള്ളത് അത്രേ!!
(എന്തോ ആ വീടും അന്തരീക്ഷവും എനിക്ക് അത്ര പന്തിയായി തോന്നിയില്ല.)
എന്തായാലും ഞാൻ ചെന്ന ഉടനെ അവർ എന്നെ കാര്യമായി സൽക്കരിച്ചു. ഓ.. ഞാൻ ഇപ്പോൾ ഡയറക്ടർ ആയി മാറി കഴിഞ്ഞെന്ന് അവിടെ ചെന്നപ്പോൾ ആണ് എനിക്ക് മനസിലായത്!
മേനോൻ അങ്ങനെ ആണ് എന്നെ അവിടെ introduce ചെയ്തത്. Mr. രാജന് തമിഴ് സിനിമകളോട് ആണ് കൂടുതൽ താല്പര്യം. ചെറുപ്പത്തിലേ മദ്രാസിൽ എത്തിയതാണ് അദ്ദേഹം.സന്ധ്യയെ എനിക്ക് പരിചയപ്പെടുത്തിയപ്പോൾ മേനോൻ പറഞ്ഞു.
“സന്ധ്യ നല്ല ആർട്ടിസ്റ്റ് ആണ്. ഞങ്ങൾ രണ്ടു പേരും മുമ്പ് എറണാകുളത്തു വച്ച് ഒന്ന് രണ്ടുസിനിമാ സെറ്റുകളിൽ പരിചയപ്പെട്ടിട്ടുണ്ട്. നമുക്ക് സെക്കന്റ് ഹീറോയിൻ “ചെമ്പകം” ആയി സന്ധ്യ പോരേ.?? ”
എന്റെ സ്ക്രിപ്റ്റിൽ സപ്പോർട്ടിങ് ഹീറോ ആയ ” ജൊനാസ് “ന്റെ pair ഒരു തമിഴ് character ആണ്. ഏതെങ്കിലും പുതുമുഖം മതി എന്ന് തന്നെ ആയിരുന്നു എന്റെ മനസ്സിൽ. പക്ഷേ എന്തോ സന്ധ്യയെ എനിക്ക് ആ കഥാപാത്രത്തിനു യോജിച്ചതായി തോന്നിയില്ല.എന്തായാലും അപ്പോൾ ഞാൻ അത് പറഞ്ഞില്ല.
“നമുക്ക് ഒരു മേക്കപ്പ് ടെസ്റ്റ് എടുത്ത് നോക്കാം അല്ലെ” എന്ന് പറഞ്ഞ് ഞാൻ അഴകിനെ നോക്കി.അഴകും തലയാട്ടി. (അവനും അവളെ അത്ര ബോധിച്ചിട്ടില്ലെന്ന് എനിക്ക് മനസ്സിലായി ).
ഇതിനകം സന്ധ്യയുടെ സഹോദരിയും രണ്ടാമത്തെ ഭാര്യയും കൂടി ഞങ്ങൾക്ക് ചായയും പലഹാരങ്ങളും ഒക്കെ നിരത്തി.(പാവം ആദ്യ ഭാര്യ ഇതിനിടയിൽ താഴെ നിന്ന് വെള്ളവും മറ്റും കുടത്തിൽ എടുത്ത് കൊണ്ട് വരുന്നതും മറ്റ് ജോലികളും ഒക്കെ ചെയ്യുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മൂത്ത ഭാര്യയുടെ സഹോദരി ആണ് രണ്ടാമത്തെ ഭാര്യ എന്നോ മറ്റോ ഇടക്ക് അദ്ദേഹം പറഞ്ഞതായി ഒരു ഓർമ ).
നാളെ തന്നെ രാവിലെ ഫിലിം ചേംബറിലും റഹ്‌മാന്റെ വീട്ടിലും പോകാം എന്ന് തീരുമാനം ആയി. പോകാൻ തുടങ്ങും മുമ്പ് മേനോൻ മറ്റൊരു ബോംബിട്ട് എന്നെ നടുക്കി കളഞ്ഞു.
“ഗോപി, നമ്മൾ “മരിജുവാന “ക്ക് ഒപ്പം തന്നെ മറ്റൊരു ചെറിയ തമിഴ് പടവും ചെയ്യുന്നു. “പാർത്ത നാൾ മുതൽ “എന്നാണ് പേര്.ഒരു ചെറിയ ലവ് സ്റ്റോറി.അതും ഒരു പുതിയ ഡയറക്ടർ ആണ് ചെയ്യുന്നത്. പേര് ഷണ്മുഖ കുമാർ.”
ഞാൻ അഴകിനെ നോക്കി. അവനും അമ്പരപ്പോടെ എന്നെ നോക്കുകയായിരുന്നു. രാജന്റെ സംസാരത്തിൽ നിന്നും അയാൾ ആണ് ആ പുതിയ കളിയുടെ പിന്നിൽ എന്ന് ഞങ്ങൾക്ക് മനസ്സിലായി. അദ്ദേഹത്തിന്റെ ഏതോ പരിചയക്കാരൻ ആണ് ഈ ഷണ്മുഖ കുമാർ. എന്തായാലും നാളെ രാവിലെ വടപളനി കോവിലിൽ പോയി ദർശനം നടത്തിയ ശേഷം ചേംബറിലും മറ്റും പോകാം എന്ന് ധാരണയായി. അഴകിനോട് രാവിലെ ഒരു കാർ അറേഞ്ച് ചെയ്യാൻ ഏർപ്പാട് ചെയ്തു. മേനോനെയും മറ്റും പിക് അപ് ചെയ്ത ശേഷം സത്യഗാർഡനിൽ വന്ന് എന്നെയും കൂട്ടി എല്ലാ ഇടത്തും പോകാം എന്ന് തീരുമാനിച്ച് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.
കേശവർദ്ധിനി സ്റ്റോപ്പിൽ നിന്നും എന്നെ ബസ് കയറ്റി വിടുന്നതിന് മുമ്പ് അഴക് എന്നോട് പറഞ്ഞു.
“എന്നാടാ ഇന്ത ആള് ഇപ്പടി.. മുതലില് ഉൻ പടം തമിഴിലും മലയാളത്തിലും പണ്റെൻ ന്ന് സൊന്നെ. ഇപ്പോ വേറെ ഒരു തമിഴ് പടം കൂടെ ആരംഭിക്കിറേൻ ന്ന് സൊൽറെൻ. നടക്കുമാ ഇതെല്ലാം?
അന്ത ആളെ പാത്താ അന്ത അളവുക്ക് വസതി ഇരുക്കിറ മാതിരി ഒന്നും തെരിയില്ലേ.. ”
അവൻ പറഞ്ഞ ആശങ്ക എല്ലാം എനിക്കും ഉണ്ടായിരുന്നു. ഞാൻ പറഞ്ഞില്ലെന്നേ ഉള്ളൂ.
”ഏതുക്കും പാക്കലാം ടാ.നീ നാളേക്ക് അവങ്കളെയും എടുത്തിട്ട് വന്തിട്. നാൻ കാലേയിലെ റെഡിയായി വെയിറ്റ് പണ്റെൻ..”
ഞാൻ യാത്ര പറഞ്ഞു അടുത്ത ബസിൽ കയറി തിരിച്ചു പോയി.
അടുത്ത ദിവസം രാവിലെ 8 മണിയോടെ ഒരു കാറിൽ അഴകും മേനോനും രാജേട്ടനും കൂടി വീടിന് താഴെ എത്തി. മേലെ റെഡി ആയി നിന്നിരുന്ന ഞാൻ വേഗം ചെന്ന് കാറിൽ കയറി. വണ്ടി മുന്നോട്ട് എടുക്കവേ മേനോൻ പറഞ്ഞു.
“ആദ്യം വടപളനി മുരുഗൻ കോവിലേക്ക് പോകാം. ഒരു നല്ല കാര്യത്തിന് പോവുകയല്ലേ. തൊഴുത് പ്രാർത്ഥിച്ചീട്ടാവാം തുടക്കം.”
അങ്ങനെ വണ്ടി നേരെ വടപളനി കോവിലിന് മുന്നിൽ ചെന്ന് നിന്നു.
വണ്ടിയിൽ നിന്നും ഇറങ്ങി വഴിപാടിനുള്ള വസ്തുക്കൾ എല്ലാം രാജേട്ടന്റെ നിർദേശപ്രകാരം വാങ്ങിയ ശേഷം ഞങ്ങൾ മുന്നോട്ട് നടക്കവേ രണ്ടുപേർ ഞങ്ങൾക്കരികിലേക്ക് വന്നു. ഒരാളുടെ കയ്യിൽ ഒരു വലിയ മാല ഉണ്ട്. രാജേട്ടൻ ചിരിച്ചു.
“ഞാൻ പറഞ്ഞില്ലേ അവർ ഇവിടെ വരും എന്ന്.” എന്നെ നോക്കി രാജേട്ടൻ തുടർന്നു.
“ഇതാണ് ഷണ്മുഖ പ്രിയൻ. നമ്മുടെ തമിഴ് പടത്തിന്റെ ഡയറക്ടർ. കൂടെ ഉള്ളത് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആണ്. (എന്തോ പേര് പറഞ്ഞെങ്കിലും ഇപ്പോൾ ഓർമയിൽ വരുന്നില്ല ).
ഷണ്മുഖ പ്രിയൻ നാടകീയമായി അടുത്ത് വന്ന ശേഷം കയ്യിൽ കരുതിയിരുന്ന പൂമാല മേനോന്റെ കഴുത്തിൽ ഇട്ടു. കൂടെ നിന്ന സഹായി ഉടനെ കയ്യടിച്ചു.
“എങ്കളുടെ അൻബാർന്ന വണക്കം. നീങ്കെ ഇന്നും നിറയെ പടം പണ്ണി ഇങ്കെ കുഞ്ഞുമോൻ സാർ മാതിരി പെരിയ പ്രൊഡ്യൂസർ ആകറതുക്ക് എങ്കൾ വാഴ്ത്തുക്കൾ..”
മേനോൻ സന്തോഷത്തോടെ ഷണ്മുഖ പ്രിയന് കൈ കൊടുത്തു.
(രംഗം ഫിലിമിൽ ആക്കാൻ അവർ ഫോട്ടോഗ്രാഫറെ വരെ കൂടെ കൊണ്ട് വന്നിരുന്നു ).
ആദ്യ ഗോൾ അടിക്കുന്നതിനു മുമ്പേ ഔട്ട് ആയ ബാറ്റ്സ്മാനെ പോലെ ഞാനും അഴകും പരസ്പരം നോക്കി.
“വണക്കം സാർ. നീങ്കെ താനേ മേനോൻ സാർ ടെ മലയാളം പടം പണ്രീങ്കെ.. Congrats സാർ.. നാങ്കേ ഒരു ചിന്ന ലവ് സ്റ്റോറി താൻ പ്ലാൻ പണ്ണിയിരുക്ക്. ആനാ സൂപ്പർ സ്റ്റോറി. രാജൻ സാർക്ക് റൊമ്പ പുടിച്ചു പോച്ച്. അവങ്കെ പൊണ്ണു താൻ നമ്പ പടത്തിലെ ഹീറോയിൻ..”
ഓഹോ. അപ്പോൾ അതാണ് കാര്യം.
സന്ധ്യയെ ഹീറോയിൻ ആക്കാം എന്ന് പറഞ്ഞാണ് അവൻ രാജേട്ടനെ വീഴ്ത്തിയത്. ഞാൻ അഴകിനെ നോക്കി. അവൻ ചിരിച്ചു.
“വാങ്കോ. സ്വാമിയേ കുമ്പിട്ട് അർച്ചന പണ്ണിയിട്ട് വരുവോം ”
ഞങ്ങൾ എല്ലാവരും കൂടി അകത്തു പോയി “മരിജുവാന ” യുടെ പേരിലും “പാർത്ത നാൾ മുതൽ “ന്റെ പേരിലും അർച്ചനയും വഴി പാടുകളും എല്ലാം ചെയ്ത് പുറത്ത് വന്നു.ശരവണ ഭവനിൽ കയറി എല്ലാവരും കൂടി ടിഫിൻ കഴിച്ചു.പിന്നെ നേരെ ഫിലിം ചേംബറിലേക്ക് . മേനോൻ പ്രൊഡ്യൂസർ ആയി രണ്ടു ചിത്രങ്ങളും ചേംബറിൽ രജിസ്റ്റർ ചെയ്തു. ‘മരിജുവാന” മലയാളം.”പാർത്ത നാൾ മുതൽ “തമിഴ്.
ടൈറ്റിൽ രജിസ്റ്റർ ചെയ്ത ഉടൻ മേനോനും രാജേട്ടനും ഞങ്ങൾക്ക് ഇരുവർക്കും ഷേക്ക് ഹാൻഡ് തന്ന് ആശംസകൾ നേർന്നു.
“ഇനി നമുക്ക് നേരെ A. R. റഹ്‌മാന്റെ വീട്ടിലേക്ക് പോകാം.”
മേനോൻ എന്നെ നോക്കി. ഞാൻ തലയാട്ടി.
വണ്ടി വീണ്ടും വടപളനിയിലേക്ക്. എനിക്ക് അൽപ്പം ഉത്കണ്ഠ ഉണ്ടായിരുന്നു. “യോദ്ധ “കഴിഞ്ഞ ശേഷം “പഞ്ചതൻ “സ്റ്റുഡിയോയിൽ (റഹ്മാന്റെ വീടിനോട് ചേർന്നുള്ള അദ്ദേഹത്തിന്റെ സ്റ്റുഡിയോ )ഞാൻ പോയിട്ടില്ല. കണ്ടപ്പോൾ ഒക്കെ സൗമ്യമായി ചിരിച്ച് “അണ്ണാ “എന്ന് വിളിച്ചേ സംസാരിക്കാറുള്ളൂ. എങ്കിലും ഇപ്പോൾ ഒരു വർഷത്തിൽ കൂടുതൽ ആയി കണ്ടീട്ട്. മാത്രം അല്ല ഇതിനകം റഹ്മാൻ തരംഗം സൗത്ത് ഇന്ത്യ മുഴുവൻ വ്യാപിച്ചു തുടങ്ങിയിരുന്നു. അവിടെ ചെല്ലുമ്പോൾ അദ്ദേഹം പരിചയഭാവം കാണിച്ചില്ലെങ്കിൽ ഞാൻ ചമ്മും.. ദൈവമെ എന്ന പ്രാർത്ഥനയോടെ ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു.
അല്പ സമയത്തിനകം വണ്ടി സുബ്ബരായ നഗറിൽ ഉള്ള റഹ്മാന്റെ സ്റ്റുഡിയോക്ക് മുന്നിൽ എത്തി.ഞങ്ങൾ എല്ലാവരും അകത്തേക്ക് ചെന്നു. പുറത്ത് ഒന്ന് രണ്ട് കാറുകൾ വേറെയും കിടപ്പുണ്ട്. മുന്നിലെ ചെറിയ റിസപ്ഷൻ റൂമിലേക്ക് കയറവേ മുമ്പ് ഞാൻ അവിടെ ചെല്ലുമ്പോൾ കണ്ട് പരിചയം ഉള്ള ഒരു സഹായി ഓടി അടുത്ത് വന്നു. എനിക്ക് അൽപ്പം ആശ്വാസം ആയി. പരിചയം ഉള്ള ഒരു മുഖം എങ്കിലും ഉണ്ടല്ലോ. ഞാൻ കാര്യം പറഞ്ഞു.
“എനിക്ക് ഒരു പടം കിട്ടിയിട്ടുണ്ട്. ഇദ്ദേഹം ആണ് പ്രൊഡ്യൂസർ ”
ഞാൻ മേനോനെ പരിചയപ്പെടുത്തി.
റഹ്‌മാനെ വച്ച് മ്യൂസിക് ചെയ്യണം എന്നാണ് ആഗ്രഹം. ഒന്ന് കാണാൻ പറ്റുമോ? ”
“അദ്ദേഹം ബോംബെ (മുംബൈ )പോയിരിക്കുന്നു. ഏതോ ഹിന്ദി പടം ഡിസ്കഷൻ. വരാൻ ഒരു വാരം ആകും. നീങ്കെ അടുത്ത വാരം വന്ന് പാരുങ്കോ.. ”
ഞാൻ മേനോനെ നോക്കി.
“സാരമില്ല. ഞാൻ നാളെയോ മറ്റന്നാളോ തിരിച്ചു പോകും. ഫണ്ട് ഒക്കെ റെഡിയാക്കി വരാൻ ഒന്നോ രണ്ടോ വാരം ആകും.ഇതിനിടെ സമയം കിട്ടുമ്പോൾ ഗോപി വന്ന് അന്വേഷിച്ചു കാര്യങ്ങൾ ഒക്കെ സംസാരിച്ചോളൂ.. കഥ പറഞ്ഞു പുള്ളിയുടെ റേറ്റും മറ്റും ചോദിച്ചു വക്കൂ.. ഞാൻ വന്നീട്ട് നമുക്ക് അഡ്വാൻസ് കൊടുത്തു ഫിക്സ് ചെയ്യാം.”
ഞങ്ങൾ പിന്നെ വരാം എന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. വാതിൽ വരെ വന്ന് റഹ്മാൻന്റെ സഹായി ഞങ്ങളെ യാത്രയാക്കി. എന്നെയും അഴകിനെയും സത്യാ ഗാർഡനിൽ ഇറക്കി മേനോനും രാജേട്ടനും യാത്രയായി.
(റഹ്മാന്റെ സ്റ്റുഡിയോ യിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ഷണ്മുഖ പ്രിയനും സഹായിയും ഞങ്ങളോട് യാത്ര പറഞ്ഞു പിരിഞ്ഞു എന്നാണ് ഓർമ ).
വീട്ടിൽ എത്തിയ ഞാനും അഴകും ചേംബറിൽ രജിസ്റ്റർ ചെയ്ത “മരിജുവാന “യുടെ receipt നോക്കി സ്വപ്നം കണ്ടു. അവസാനം നമ്മൾ ചെയ്യുന്ന പടത്തിന്റെ പേര് സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറിന്റെ രജിസ്റ്ററിൽ കേറിയിരിക്കുന്നു. ഭാഗ്യം ഉണ്ടെങ്കിൽ അടുത്ത വർഷം ഈ സമയം ആവുമ്പോഴേക്കും മലയാള സിനിമാ സംവിധായകരുടെ പട്ടികയിൽ നമ്മുടെ പേരും ഇടം പിടിച്ചേക്കാം.പക്ഷേ ഒരേ സമയം 2 പടം ഒരുമിച്ച് ചെയ്യാൻ ഉള്ള ഫിനാൻഷ്യൽ സോഴ്സ് ഒക്കെ ഈ മോനോന് ഉണ്ടോ? അതായിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും സംശയം..
അടുത്ത ദിവസം ഉച്ചക്ക് മുമ്പായി മേനോൻ സത്യാ ഗാർഡനിൽ ഉള്ള എന്റെ വീട്ടിൽ വന്നു. എനിക്ക് അത്ഭുതം തോന്നി. അന്ന് വൈകുന്നേരം ഞങ്ങളോട് രാജേട്ടന്റെ വീട്ടിൽ കാണാം എന്നായിരുന്നു പുള്ളി പറഞ്ഞിരുന്നത്. അത് കൊണ്ട് തന്നെ അഴകിനോട് ഞാൻ ഈവെനിംഗ് വന്നാൽ മതിയെന്നും പറഞ്ഞിരുന്നു അപ്രതീക്ഷിതമായി മേനോനെ കണ്ട ഞാൻ ചോദിച്ചു.
“എന്താ ചേട്ടാ പെട്ടെന്ന്. ഞങ്ങൾ വൈകുന്നേരം അങ്ങോട്ട് വരുമായിരുന്നല്ലോ. ”
”അതല്ല. എനിക്ക് പെട്ടെന്ന് നാട്ടിൽ പോണം. മാത്രമല്ല വേഗം തന്നെ കോയമ്പത്തൂർ എത്തേണ്ട കാര്യമുണ്ട്. നമ്മുടെ ഫിനാൻസിന്റെ കാര്യം ഏകദേശം ഓകെ ആയിട്ടുണ്ട്.ഗോപിക്ക് തല്ക്കാലം ചിലവിന് കുറച്ചു പൈസ ഞാൻ തരാം. വന്ന ഉടനെ നമുക്ക് ജോലികൾ ആരംഭിക്കാം.അഴകിനോട് വിവരം പറയൂ.. ”
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ കുറച്ചു നൂറു രൂപ നോട്ടുകൾഎന്റെ കയ്യിൽ വച്ച് തന്ന ശേഷം മേനോൻ യാത്ര പറഞ്ഞു. അവച്ചി സ്കൂൾനു മുന്നിൽ ഉള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും ചെന്നൈ സെൻട്രലിലേക്ക് ഒരു ഓട്ടോയിൽ കയറി അദ്ദേഹം യാത്രയായി.അന്ന് വൈകുന്നേരം “മരിജുവാന “യുടെ സ്ക്രിപ്റ്റ് വായിച്ച് സീൻസ് വെട്ടിയും തിരുത്തിയും പോളിഷ് ചെയ്തു കൊണ്ടിരിക്കവേ പെട്ടെന്ന് ഒരാൾ മുറിയിലേക്ക് കടന്ന് വന്നു. രാജേട്ടൻ.ജോലി കഴിഞ്ഞ് വന്ന എന്റെ കസിൻ ജയപ്രകാശ് (കുട്ടൻ ) അപ്പോൾ റൂമിൽ ഉണ്ടായിരുന്നു. ഞാൻ രാജേട്ടനെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ആരാഞ്ഞു.
”ഹെയ്, ഒന്നുമില്ല. ഞാൻ വടപളനി വരെ പോയി മടങ്ങി വരിക ആയിരുന്നു. അപ്പോൾ ഗോപിയെ ഒന്ന് കണ്ട് പോകാം എന്ന് കരുതി”.
മേനോൻ ചേട്ടൻ പെട്ടെന്ന് വന്നതും യാത്ര പറഞ്ഞു പോയതും ഞാൻ സൂചിപ്പിച്ചു.
”ങ്ങാ. പുള്ളിക്കാരൻ പോയി. ഫണ്ട് ഒക്കെ റെഡി ആക്കിയിട്ട് വേണ്ടേ പടം തുടങ്ങാൻ..”
ഞാൻ അങ്ങോട്ട് വന്ന കുട്ടനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി.
അൽപനേരം നാട്ടുവിശേഷം എല്ലാം സംസാരിച് ഇരുന്ന ശേഷം പുള്ളി പോകാൻ ഇറങ്ങിയപ്പോൾ ഞാൻ ഒപ്പം താഴോട്ട് ഇറങ്ങി.
”ശരി. ചെല്ലട്ടെ. പിന്നെ നാളെ രാവിലെ ഒന്ന് വീട് വരെ വരാമോ?
കുറച്ചു സംസാരിക്കാൻ ഉണ്ട്. ”
പോകാൻ തുടങ്ങവേ രാജേട്ടൻ ആരാഞ്ഞു.
”അതിനെന്താ?? ഞാൻ വരാലോ . അദ്ദേഹം പോയ ശേഷം തിരിച്ചു റൂമിൽ വന്ന് ഞാൻ സ്ക്രിപ്റ്റ് നീർത്തി ഇരുന്നെങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.
”എന്തിനായിരിക്കും രാജേട്ടൻ നാളെ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലാൻ പറഞ്ഞത്??
(തുടരും)
1. പൂജ സ്റ്റിൽ ( അഴക്, ഞാൻ, ഷണ്മുഖപ്രിയൻ, മേനോൻ, രാജൻ, അസിസ്റ്റന്റ്.)
2. രാജേട്ടൻ.
3. K. S. മേനോൻ
4. A. R. റഹ്മാൻ