എനിക്ക് ബോധക്കേട് വരുമായിരുന്ന നാനയിലെ ആ വാർത്ത (എന്റെ ആൽബം- 52)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
345 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 52
(ഗോപിനാഥ്‌ മുരിയാട്)

അടുത്ത ദിവസം രാവിലെ തന്നെ ഞാൻ വത്സരവാക്കത്തുള്ള രാജേട്ടന്റെ വീട്ടിൽ എത്തി. അദ്ദേഹം സ്നേഹ പൂർവ്വം തന്നെ എന്നെ സ്വീകരിച്ചു. കുശല പ്രശ്നങ്ങൾക്ക് ശേഷം അദ്ദേഹം എന്നോട് ചോദിച്ചു.
“ഈ മേനോനെ ഗോപിക്ക് എത്ര കാലമായി അറിയാം.”
ആ ചോദ്യം എന്നിൽ സ്വല്പം ഉത്കണ്ഠ ഉളവാക്കി. എങ്കിലും ഞാൻ സത്യം തുറന്നു പറഞ്ഞു.
“വേറെ ഒരു പ്രൊഡ്യൂസറുടെ താല്പര്യപ്രകാരം ആണ് ഞാൻ എറണാകുളത്ത് ചെല്ലുന്നതും മരിജുവാനയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയതും . നിർഭാഗ്യവശാൽ അത് നടന്നില്ല. അങ്ങനെ ഇരിക്കേ അവിടെ വച്ച് പരിചയപ്പെട്ട മേനോൻ ഈ പ്രൊജക്റ്റ്‌ താൻ ഏറ്റെടുക്കാം എന്ന് പറഞ്ഞ് മുന്നോട്ട് വരികയായിരുന്നു. എന്തേ ചോദിച്ചത്?”

രാജേട്ടൻ അൽപ്പം ആലോചിച്ച ശേഷം പറഞ്ഞു.
“എന്റെ വൈഫും മോളും ഏതോ പടത്തിന്റെ സെറ്റിൽ വച്ച് അവിടെ അഭിനയിക്കാൻ വന്ന മേനോനെ പരിചയപ്പെട്ടിട്ടുണ്ട്. പിന്നീട് ഇടക്കൊക്കെ മദ്രാസിൽ വരുമ്പോൾ ഇവിടെ വരാറുമൂണ്ട്. ഒരു മലയാളി ആണല്ലോ എന്നത് കൊണ്ടും പിന്നെ അൽപ്പം പ്രായം ഉള്ള ആളായത് കൊണ്ടും എനിക്ക് അതിൽ പ്രശ്നം ഒന്നും തോന്നിയില്ല.പക്ഷേ മിനിഞ്ഞാന്ന് രാത്രി ഒരു സംഭവം ഉണ്ടായി.”
ഒന്ന് നിർത്തി അദ്ദേഹം തുടർന്നു.
“അദ്ദേഹം ഇവിടെ ഈ ഹാളിൽ ആണ് കിടക്കാറ്. അന്ന് ഒരു പാതിരയായപ്പോൾ പുള്ളി ഞങ്ങളെ വിളിച്ചുണർത്തി. എന്നീട്ട് പറഞ്ഞു എനിക്ക് ഉറക്കത്തിൽ മൂകാംബിക ദേവിയുടെ ദർശനം ഉണ്ടായി.

(കൂട്ടത്തിൽ ഒരു കാര്യം പറയട്ടെ. മേനോൻ ഒരു വലിയ ദേവീ ഭക്തൻ ആയിരുന്നു. ഇടയ്ക്കിടെ എല്ലാം ദേവീ നോക്കിക്കോളും എന്നും പുള്ളിയുടെ എല്ലാ കാര്യങ്ങളിലും ദേവീ ഇടപെടാറുണ്ടെന്നും മറ്റും എപ്പോഴും പറയാറുണ്ട്,).

ദേവീ പറഞ്ഞു, ഇവിടുത്തെ മൂത്ത കുട്ടി സന്ധ്യയെ ഞാൻ വിവാഹം കഴിക്കണം എന്ന്. ദേവിയുടെ ഒരാഗ്രഹം ആണത്രേ അത്. അറിയാലോ ഞാൻ ദേവിയുടെ താല്പര്യപ്രകാരം അല്ലാതെ ഒന്നും ചെയ്യാറില്ല. ഇത് ദേവിയുടെ ഇച്ഛയാ..”

മേനോൻ പറഞ്ഞിട്ട് രാജേട്ടനെ നോക്കി.അദ്ദേഹം സ്തംഭിച്ച് നിൽക്കുകയായിരുന്നു.തന്റെ തന്നെ പ്രായം ഉള്ള ഒരാൾ ആണ് പറയുന്നത്, തന്റെ മകളെ അയാൾക്ക് വിവാഹം കഴിച്ചു കൊടുക്കണം എന്ന്. വേറെ ഏതൊരു പിതാവാണെങ്കിലും സമനില തെറ്റി പോകുന്ന ഒരവസരം. പക്ഷേ രാജേട്ടൻ സംയമനം പാലിച്ചു. സ്വന്തം സുഹൃത്താണെന്ന് പറഞ്ഞ് വീട്ടിൽ താമസിപ്പിച്ച മനുഷ്യൻ ആണ് പറയുന്നത്. എന്താണ് ഈ മനുഷ്യനോട് പറയുക??

മേനോൻ പക്ഷേ തന്റെ താല്പര്യത്തിന്റെ കാരണം വിശദീകരിച്ചു.
“നോക്കൂ, ഇതെന്റെ താല്പര്യം അല്ല. ദേവിയുടെ താല്പര്യം ആണ്. നിങ്ങൾക്കറിയാമല്ലോ, എനിക്ക് മക്കൾ ഇല്ല. എന്റെ ഭാര്യ തന്നെ പലപ്പോഴും എന്നെ മറ്റൊരു വിവാഹം ചെയ്യാൻ പറഞ്ഞ് നിർബന്ധിക്കാറുണ്ട്. അവളുടെ പ്രശ്നം കാരണം ആണ് കുട്ടികൾ ഉണ്ടാവാത്തതെന്ന് അവൾക്കും അറിയാം. ഞങ്ങളുടെ സ്വത്തൊക്കെ അനാഥമായി പോവില്ലേ എന്ന സങ്കടം എനിക്ക് ഉണ്ടെങ്കിലും, മറ്റൊരു വിവാഹം കഴിക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു.പക്ഷേ ഇപ്പോൾ ദേവി തന്നെ ഇങ്ങനെ പ്രത്യക്ഷപ്പെട്ട്, നമ്മുടെ സന്ധ്യയുടെ കാര്യം പറയുക എന്ന് വച്ചാൽ അതവളുടെ ഭാഗ്യം അല്ലേ. നിങ്ങളെ ഞാൻ നിർബന്ധിക്കയില്ല, പക്ഷേ ഇതാണ് ദൈവഹിതം.. അതിന് വിരുദ്ധമായി നമ്മൾ എന്തെങ്കിലും പ്രവർത്തിച്ചാൽ അത് ദൈവകോപത്തിന് കാരണം ആകും.”

മേനോൻ സ്മാർട്ട്‌ ആയി തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു രാജേട്ടനും കുടുംബവും ധർമ്മസങ്കടത്തിൽ ആയി.
എങ്കിലും രാജേട്ടൻ ഒരു ബുദ്ധി പ്രയോഗിച്ചു.

“ശരി. ദൈവഹിതം അതാണെങ്കിൽ പിന്നെ നമ്മൾ ആയിട്ട് അത് നടത്താതിരിക്കുന്നത് ശരിയല്ലല്ലോ. പക്ഷേ അവളുടെ സുരക്ഷിതത്വം കൂടി ആലോചിക്കണമല്ലോ. നിങ്ങൾക്ക് ഇത്രേം പ്രായം ആയില്ലേ. നാളെ എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുട്ടി അനാഥയായി പോവില്ലേ.അത്കൊണ്ട് ഒരു 5 ലക്ഷം രൂപയെങ്കിലും അവളുടെ പേരിൽ ഫിക്സിഡ് ഡെപ്പോസിറ്റായി ഇടൂ. എന്നീട്ട് നമുക്ക് ആലോചിക്കാം.”

രാജേട്ടൻ പന്ത് മേനോന്റെ കോർട്ടിലേക്കു തന്നെ തട്ടി.പക്ഷേ മേനോന് കുലുക്കം ഇല്ലായിരുന്നു.

“അതിനെന്താ?? ഞാൻ നാളെ തന്നെ നാട്ടിലേക്ക് തിരിക്കാം. പടത്തിന്റെ ഫൈനാൻസും ശരിയാക്കി ഒരാഴ്ച ക്കുള്ളിൽ വരും. വന്ന ഉടനെ മോൾടെ പേരിൽ പൈസ F. D. ഇടാം.എന്താ??”

“ശരി. ആദ്യം പോയി പൈസയുടെ കാര്യം എല്ലാം ശരിയാക്കി വരൂ. എന്നീട്ട് നമുക്ക് ആലോചിക്കാം.”
അയാൾ വീണ്ടും കുറേ നേരം ദേവി അയാളുടെ ജീവിതത്തിൽ കാണിച്ച അത്ഭുതങ്ങളെ പറ്റി പലതും പറഞ്ഞു.

“ഞാൻ വല്ലാത്ത ആശയക്കുഴപ്പത്തിൽ ആയിരുന്നു.അയാൾ പറയുന്നതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല.”
രാജേട്ടൻ തുടർന്നു.

“ഇന്ന് രാവിലെ തന്നെ ഗോപിയെ കണ്ട് ആ വഴി പോകും എന്ന് പറഞ്ഞാണ് അയാൾ വീട്ടിൽ നിന്നിറങ്ങിയത്. പോകുമ്പോൾ ഒന്ന് കൂടി പറഞ്ഞു. തല്ക്കാലം ഇതൊന്നും ആരും അറിയേണ്ടെന്ന്. ഗോപിയോടും ഇതൊന്നും പറയരുതെന്ന് പ്രത്യേകം പറഞ്ഞു. അതോടെ എനിക്ക് സംശയമായി. എല്ലാം തുറന്നു പറയാൻ വേണ്ടിയാ ഞാൻ ഇന്നലെ വീട്ടിൽ വന്നത്. അവിടെ ഗോപിയുടെ അനിയനെ കണ്ടതോട അപ്പോൾ ഇതൊന്നും പറയേണ്ടെന്ന് ഞാൻ തീരുമാനിച്ചു.അതാ ഇന്നിവിടെ വരാൻ പറഞ്ഞത്.”

രാജേട്ടൻ പറഞ്ഞു നിർത്തിയതോടെ ഞാൻ ഇരുന്ന് വിയർത്തു.ഈ മനുഷ്യനെ വിശ്വസിച്ച് എങ്ങനെ പടം ചെയ്യും. സിനിമയിൽ പണം മുടക്കാൻ വരുന്നവർക്ക് ഇങ്ങനെ ചില സ്വകാര്യ താല്പര്യങ്ങൾ എല്ലാം ഉണ്ടാവുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അതിന് തയ്യാർ ഉള്ള പെൺകുട്ടികൾ തന്നെ അക്കാലത്ത് ഇൻഡസ്ട്രിയിൽ സുലഭമായിരുന്നു. അവർ പണം നൽകിയാൽ എല്ലാ വിധത്തിലും സഹകരിക്കാൻ തയ്യാർ ആയിരുന്നത് കൊണ്ട് അത്തരം കഥകൾ ഒന്നും പുറത്താരും അറിയാറില്ല എന്ന് മാത്രം.എന്നാൽ പടം തുടങ്ങുന്നതിനു മുമ്പ് തന്നെ മേനോൻ ദൈവത്തെ കൂട്ട് പിടിച്ച് കാണിച്ച ആ അല്പത്തരം എനിക്ക് തീരെ ദാഹിച്ചില്ല.

“എനിക്ക് പുള്ളിയെ അടുത്തിടെയാണ് പരിചയം ആയത്. പിന്നെ പ്രൊജക്റ്റ്‌ പുള്ളി സ്വയം ഏറ്റെടുത്തതാണ്. എന്നെ പരിചയപ്പെടാൻ വരുമ്പോൾ താൻ ഒരു ആര്ടിസ്റ്റ് ആണെന്നാണ് അയാൾ പറഞ്ഞത്. എന്റെ സ്ക്രിപ്റ്റ് ഒരു ദിവസം കേൾക്കാൻ ഇടയായപ്പോൾ ആണ് താൻ ഈ ചിത്രം നിർമിക്കാം എന്നദ്ദേഹം പറഞ്ഞത്. ഞാനും പലരോടും കഥ പറഞ്ഞ് മടുത്തിരുന്നതിനാൽ കൂടുതൽ ഒന്നും അയാളെ പറ്റി അന്വേഷിക്കാൻ മുതിർന്നില്ല. അതെന്റെ തെറ്റാണ്. സോറി.

എന്തായാലും ഞാൻ നാട്ടിലെ സുഹൃത്തുക്കളെ ഇന്ന് തന്നെ കോൺടാക്ട് ചെയ്ത് അയാളെ പറ്റി അന്വേഷിക്കാം. ചേട്ടൻ വിഷമിക്കണ്ട. പിന്നെ മോളെ കല്യാണം കഴിച്ചു കൊടുക്കുന്നതൊക്ക നിങ്ങളുടെ ഇഷ്ടം. എന്തായാലും ആൾ ഒരു നല്ല കക്ഷിയാണെന്ന് എനിക്ക് തോന്നുന്നില്ല.”

ഞാൻ രാജേട്ടനോട് യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി.തിരിച്ച് ബസിൽ കയറുമ്പോൾ എന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു. സ്വപ്‌നങ്ങൾ എല്ലാം ഒരിക്കൽ കൂടി അസ്തമിക്കയാണ്. ഇത്രയും വലിയ ഒരു ഫ്രാഡിനെ വിശ്വസിക്കാൻ തോന്നിയത് എന്റെ തെറ്റ് തന്നെ. ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞത് ഭാഗ്യം. അഡ്വാൻസ് തരുമ്പോൾ അയാൾ എന്റെ കയ്യിൽ നിന്നും ഒരു പ്ലെയിൻ മുദ്രപത്രത്തിൽ ഒപ്പ് വാങ്ങിച്ചിരുന്നു. അതും എനിക്ക് ഒരു ടെൻഷൻ ആയി. ഇനി എന്തെങ്കിലും ഒക്കെ അയാൾ അതിൽ എഴുതി പിടിപ്പിച്ച് എന്നെ വല്ല കുരുക്കിലും ചാടിക്കുമോ? സിനിമാ സംവിധായകനും നിർമാതാവും കൂടി പെണ്ണ് കേസിൽ പിടിക്കപ്പെട്ടു എന്ന് പത്രത്തിൽ വാർത്ത എങ്ങാനും വന്നാൽ പിന്നേ ജീവിച്ചിരുന്നീട്ടു കാര്യം ഇല്ല.. ഭയം എന്റെ എല്ലാ നാഡികളെയും തളർത്താൻ തുടങ്ങി.

ബസ് ഇറങ്ങിയ ഉടനെ തന്നെ പബ്ലിക് കാൾ ബൂത്തിൽ നിന്നും സുഭാഷിന് ഫോൺ വിളിച്ചു.കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. ഇയാളെ വിശ്വസിച്ചു മുന്നോട്ട് നീങ്ങുന്നത് അപകടം ആണെന്ന് സുഭാഷിനും വ്യക്തമായി. താൻ വേണ്ടത് ചെയ്യാം എന്ന് അയാൾ ഏറ്റു. അഴക് വന്നപ്പോൾ ഞാൻ വിവരം എല്ലാം പറഞ്ഞു.

“നാൻ അപ്പഴേ സൊന്നെല്ലേ.. അന്ത ആള് ശരി ഇല്ലെന്ന് നാൻ അപ്പഴേ നിനചേൻ.2 പടം ഒരേ ടൈമിലെ പണ്ണ പ്പോരെന്ന് സൊന്നപ്പോഴേ നമ്മ യോസിച്ചിരിക്കണം. വിളയാട്ടമാ ഇതെല്ലാം. നീ തപ്പിച്ചിട്ടേൺ ന്ന് നിനച്ചുക്കോ..”
നാല് ദിവസം കഴിഞ്ഞപ്പോൾ സുഭാഷിന്റെ ലെറ്റർ വന്നു.

ഞാനും വിനോദും ഒന്ന് രണ്ടു ഫ്രണ്ട്‌സ്നെയും കൂട്ടി തൃശൂർ പോയി. മേനോന്റെ വീട് കണ്ടുപിടിച്ചു.
ഒരു ചെറിയ കുടിലിൽ ആണ് പുള്ളി താമസം. വൈഫും അയാളും മാത്രേ ഉള്ളൂ അവിടെ. ഒന്നാം തരം തരികിട ആണ് അയാൾ. ഞങ്ങൾ പിടിച്ച പിടിക്ക് അയാളുടെ കയ്യിൽ നിന്നും താൻ ഒപ്പിട്ട് കൊടുത്ത മുദ്രപ്പത്രം പിടിച്ചു വാങ്ങി. ഇവിടെ കൊടുക്കാം എന്നേറ്റിരുന്ന ഹോട്ടലിലെ പണവും അയാൾ തന്നു. ഇനി സിനിമയുടെ പേര് പറഞ്ഞ് ഈ വഴിക്ക് വന്നേക്കരുതെന്ന് താക്കീത് കൊടുത്തു വിട്ടു. ഇനി അങ്ങേരുടെ ശല്യം ഉണ്ടാവില്ല. നമുക്ക് വേറെ പ്രൊഡ്യൂസറെ നോക്കാം. താൻ സമാധാനം ആയിരിക്ക് .. ”

കത്ത് വായിച്ചെങ്കിലും സമാധാനം ഉണ്ടായില്ല.എവിടുന്ന് ഇനി വേറെ പ്രൊഡ്യൂസറെ ഉണ്ടാക്കാൻ??
2 മാസം എറണാകുളത്ത് ക്വീൻസ് ഹോട്ടലിൽ താമസിച്ച് പ്രൊഡ്യൂസർ വരുന്നതും കാത്തിരുന്ന നാളുകൾ മനസിലേക്കോടി വന്നു. ഒരു പക്ഷേ പടം ചെയ്യാൻ സമയം ആയിട്ടുണ്ടാവില്ല. രണ്ടു മൂന്ന് ദിവസത്തിനകം മേനോന്റെ ഒരു കത്ത് എനിക്ക് വന്നു. എന്നെ ചീത്ത പറഞ്ഞും ശപിച്ചും കൊണ്ടുള്ള ഒരു കത്തായിരുന്നു അത്. ഞാൻ സുഭാഷിനോട്‌ ചെന്നൈയിൽ നടന്നതൊക്കെ പറയാൻ പാടില്ലായിരുന്നുവത്രേ. എനിക്ക് പടം ചെയ്യാൻ ഉള്ള അവസരം ഞാനായി കളഞ്ഞു കുളിച്ചു എന്ന്. താൻ കോടികൾ മുടക്കി ഇനിയും പടം ചെയ്യാൻ പോവുകയാണെന്നും അപ്പോഴും ഞാൻ കോടംബക്കത്തു കിടന്ന് പടം ഒന്നും കിട്ടാതെ നരകിക്കുമെന്നും ഒക്കെ ഒരുപാട് ശാപവചനങ്ങൾ. ഞാൻ അതിനൊന്നിനും മറുപടി കൊടുത്തില്ല.എന്തിന് വെറുതെ അയാളെ ഇനീം വിഷമിപ്പിക്കണം..

അയാളുടെ പദ്ധതികൾ പൊളിഞ്ഞതിന്റെയും കുറച്ചു പണം നഷ്ടപ്പെട്ടതിന്റെയും ഒക്കെ വേദന അയാൾക്ക് കാണാതിരിക്കില്ലല്ലോ. അടുത്ത ആഴ്ച നാന ഇറങ്ങിയപ്പോൾ അതിൽ എബ്രഹാം ലിങ്കൺ കൊടുത്ത വാർത്തയുണ്ട്. സംഗീത് ശിവൻ, ജയരാജ്‌ എന്നിവരുടെ സഹ സംവിധായകൻ ആയ ഗോപിനാഥ് മുരിയാട്
“മരിജുവാന “എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകൻ ആകുന്നു..

ആ വാർത്ത വായിച്ച് ഞാൻ ബോധം കെട്ട് വീണില്ലെന്നേ ഉള്ളൂ.. ഒരു പുതുമുഖ സംവിധായകന് ഏറ്റവും സന്തോഷം നൽകേണ്ട ആ വാർത്ത എന്നെ സംബന്ധിച്ചിടത്തോളം ഒരശനിപാതം പോലെ ആയി.. നാളെ പുറത്തിറങ്ങി A.V.M. സ്റ്റുഡിയോയിലും, വാഹിനിയിലും, പ്രസാദ് സ്റ്റുഡിയോയിലും ഒക്കെ ചെല്ലുമ്പോൾ ഈ വാർത്ത വായിച്ചവർ സിനിമയെ പറ്റി തിരക്കും.. അവരോട് ഞാൻ എന്ത് സമാധാനം പറയും..??

(തുടരും)

1. K. S. മേനോൻ.
2. രാജൻ.
3. എബ്രഹാം ലിങ്കൺ.
4. സുഭാഷ് മേനോൻ.
5. വിനോദ് മേനോൻ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ