സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 53
(ഗോപിനാഥ് മുരിയാട്)
(നെടുമുടി വേണു അന്തരിച്ച ദിവസം എഴുതിയ പോസ്റ്റാണ് ‘എന്റെ ആൽബം- 53’ )
ആൽബം വീണ്ടും ഒന്ന് cut back to Present വരേണ്ടി വന്നു.
ഓരോ മലയാളി സിനിമാ പ്രേക്ഷകന്റെയും പ്രിയപ്പെട്ട നടനായിരുന്ന വേണുവേട്ടന്റ പെട്ടെന്നുള്ള വിയോഗം മറ്റെല്ലാവരെയും പോലെ എനിക്കും വല്ലാത്തൊരു ശൂന്യത മനസ്സിൽ ഉളവാക്കി. ആദ്യമായി തകരയിൽ ചെല്ലപ്പൻ ആശാരിയായി കണ്ടത് മുതൽ അഭിനയിച്ച ഓരോ കഥാപാത്രത്തിനും പുതിയൊരു ഭാഷ്യം നൽകുന്നതിൽ വേണുവേട്ടൻ പ്രകടിപ്പിച്ച മികവ് മറ്റൊരു നടനിലും ഇത്രയും പെർഫക്ഷനോടെ കാണാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം. ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അധികം ആർക്കും സാധിച്ചീട്ടില്ലെന്നുള്ളതും അതിന് ഒരു കാരണം ആവാം.
സ്‌ക്രീനിൽ അദ്ദേഹം അവതരിപ്പിച്ച ഓരോ വേഷവും വിസ്മയത്തോടെ നോക്കിക്കണ്ട ഒരു പ്രേക്ഷകൻ എന്ന രീതിയിൽ ആണ് എനിക്കദ്ദേഹത്തെ കൂടുതൽ പരിചയം. തകരക്ക് ശേഷം കാണാൻ ഇടയായ ആരവവും ചാമരവും രചനയും വിട പറയും മുമ്പേയും എല്ലാം എല്ലാം കാണികൾക്ക് അഭിനയത്തിന്റെ അനന്ത സാധ്യതകൾ വ്യക്തമാക്കി കൊടുക്കുന്നതായിരുന്നു. മിന്നാ മിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ റിട്ടയേർഡ് അധ്യാപകനും വൈശാലി യിലെ രാജഗുരു വും ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാനും ഭരതത്തിലെ മദ്യത്തിനടിമയായ ഭാഗവതർ ആയാലും ഒരു പരകായ പ്രവേശം തന്നെ ആയിരുന്നു അത്. ഇനിയും നൂറു നൂറു കഥാപാത്രങ്ങൾ ചൂണ്ടികാണിക്കാൻ ഇവിടുത്തെ ഓരോ സിനിമാസ്വാദകനും കഴിയും എന്നതിനാൽ ആ സാഹസത്തിന് ഞാൻ മുതിരുന്നില്ല.
എനിക്ക് അദ്ദേഹവുമായി സഹകരിക്കാൻ ഒരേ ഒരു ചിത്രത്തിലേ കഴിഞ്ഞീട്ടുള്ളു എന്നുള്ളത് എന്റെ നിർഭാഗ്യം ആയി ഞാൻ കണക്കാക്കുന്നു. സഹസംവിധായകൻ എന്ന ടൈറ്റിൽനു കീഴിൽ എന്റെ പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നതും ഈ ചിത്രത്തിൽ തന്നെ. പാറു കമ്പയിൻസിന്റെ ബാനറിൽ നടൻ രതീഷ് നിർമിച്ച് കൃഷ്ണ കുമാർ സംവിധാനം ചെയ്ത “ചക്കിക്കൊത്ത ചങ്കരൻ “ആയിരുന്നു ആ ചിത്രം. ഇതിന്റെ വർക്കിനിടയിൽ ഞങ്ങളെ എല്ലാം അത്ഭുതപ്പെടുത്തിയ അദ്ദേഹത്തിന്റെ പ്രതിഭാവിലാസം ആണ് ഞാൻ താഴെ കുറിക്കുന്നത്.
അൽപ്പം ചരിത്രം..1987 ൽ നടൻ രതീഷ് നിർമിച്ച് മറ്റൊരു പേരിൽ ചിത്രീകരണം തുടങ്ങിയ ചിത്രം പെട്ടെന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പരാജയങ്ങൾ കാരണമോ എന്തോ പാതിയിൽ നിന്ന് പോയി. പത്തു ദിവസത്തോളം ഷൂട്ട് ചെയ്ത ശേഷം ആണ് ആ പടം അന്ന് നിന്ന് പോകുന്നത്. S. V. ശേഖർ, V. K. രാമസ്വാമി തുടങ്ങിയവർ ഒക്കെ അഭിനയിച്ച ഒരു തമിഴ് ചിത്രത്തിന്റ റൈറ്റ് വാങ്ങി അതിന്റെ കഥയെ ആസ്‌പദമാക്കി V. R. ഗോപാലകൃഷ്ണൻ എഴുതിയ സ്ക്രിപ്റ്റ് സംവിധാനം ചെയ്തത് കൃഷ്ണകുമാർ ആയിരുന്നു.(ഏഴാമത് ഇരവിൽ എന്ന കമലഹാസൻ ചിത്രം (1982)നിർമിച്ചതും സംവിധാനം ചെയ്തതും ഇദ്ദേഹം ആണ്).
ഈ സമയത്താണ് ജമിനി കണ്ണൻ എന്ന നിർമാതാവ് രതീഷുമായി കൈകോർക്കുന്നതും “അയ്യർ ദി ഗ്രേറ്റ് “എന്ന ഭദ്രൻ ചിത്രം നിർമിക്കാൻ തീരുമാനിക്കുന്നതും.
ഏകദേശം ഇതേ കാലഘട്ടത്തിൽ തന്നെ ആയിരുന്നു ജയറാം മലയാളത്തിൽ ശ്രദ്ധേയൻ ആവുന്നത്. ആദ്യം ചിത്രീകരിച്ച രംഗങ്ങളിൽ തിലകൻ, നെടുമുടി വേണു, ഗീത, രതീഷ് അദ്ദേഹത്തിന്റെ നായിക ആയ ഒരു തമിഴ് നടി, അടൂർ ഭാസി, സുകുമാരി എന്നിവർ ഒക്കെ ഉൾപ്പെട്ടിരുന്നു. രതീഷിനും നായികക്കും പകരം ജയറാമിനെയും ഉർവശിയെയും അഭിനയിപ്പിച്ചു കൊണ്ട് പടം വീണ്ടും തുടങ്ങാൻ തീരുമാനം ആയി. പെട്ടെന്നാണ് തിലകൻ, സുകുമാരി, വേണു, ഗീത, ജയറാം, ഉർവശി, ജഗതി എന്നിവരുടെ എല്ലാം ഡേറ്റ് ഓകെ ആയത്. ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത് മദ്രാസിൽ തന്നെ. അസോസിയേറ്റ് ആലപ്പുഴക്കാരൻ രാധാകൃഷ്ണൻ. മറ്റ് അസിസ്റ്റന്റ്സും റൈറ്റർ V. R. G. യും ഒക്കെ ഇതിനകം മറ്റ് ചിത്രങ്ങളുടെ തിരക്കിൽ ആയിപ്പോയി. വർക്ക് ചെയ്യാൻ പെട്ടെന്ന് ആരെയും മദ്രാസിൽ കിട്ടാൻ ഇല്ലാത്തത് കൊണ്ടോ എന്തോ പ്രൊഡക്ഷൻ മാനേജർ ഹമീദ് എന്നെ തിരക്കി വന്നു. മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ ഞാൻ ചാടി വീണു.
അങ്ങനെ ചെന്നൈയിൽ ഷൂട്ടിംഗ് തുടങ്ങി. ഡയറക്ഷൻ സൈഡിൽ അസോസിയേറ്റ് രാധാകൃഷ്ണന് പുറമേ ഞാൻ മാത്രം. സെറ്റിൽ വലിയ പരിചയം ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും 3-4 വർഷമായി കോടമ്പാക്കം സിനിമാ സ്റ്റുഡിയോകളിൽ കറങ്ങി നടന്നിരുന്നത് കൊണ്ടും ഇതിനകം 100 ഓളം ചിത്രങ്ങളുടെ സെൻസർ വർക്കുകളിൽ സഹകരിക്കാൻ കഴിഞ്ഞതും കാരണം ആവാം സെറ്റിൽ എനിക്ക് കാര്യമായ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. മാത്രമല്ല ഡയറക്ടർ കൃഷ്ണകുമാർ വളരെ സാവകാശം, യാതൊരു വക ബഹളങ്ങളും ഇല്ലാതെ വർക്ക് ചെയ്യുന്ന കക്ഷി ആയിരുന്നു. തിലകൻ, ഭാര്യ സുകുമാരി മക്കൾ വേണു ചേട്ടൻ, ജയറാം മരുമക്കൾ ഗീത, ഉർവശി ഇവരെ ചുറ്റി പറ്റിയാണ് കഥ നടക്കുന്നത്. മുക്കാൽ ഭാഗവും ചിത്രീകരിക്കേണ്ടത് ഇവരുടെ വീട്ടിൽ തന്നെ. (ഈ വീട് ചെന്നൈയിൽ എവിടെയാണെന്ന് പോലും ഇപ്പോൾ ഓർമ കിട്ടുന്നില്ല.)
എല്ലാവരും പ്രഗൽഭരായ കലാകാരൻമാർ ആയതിനാൽ 10-15 ദിവസം കൊണ്ട് തന്നെ ഷൂട്ടിംഗ് തീർന്നു. വേണു, ഗീതമാർ ഉൾപ്പെട്ട ഒരു ഫൈറ്റ് സീൻ (ഗൂണ്ടകളുമായി ഫൈറ്റ് ചെയ്യുന്നത് ഗീത ആണ്!) അധികം തിരക്കില്ലാത്ത ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഉള്ള ഒരു റോഡിൽ ആണ് ചിത്രീകരിച്ചത്. കൂടാതെ ഇരുവരുടെയും ഒരു സോങ് മരീന ബീച്ചിൽ ഷൂട്ട് ചെയ്തു. ഫൈറ്റ് എടുത്ത അതേ ലൊക്കേഷനിൽ തന്നെയാണ് പട്ടം സദൻ എന്ന കിളി ജ്യോൽസ്യക്കാരൻ വേണുവേട്ടന്റ കൈ നോക്കുന്ന സീനും എടുത്തത്.
(ഈ രംഗത്ത് സദന്റെ മുമ്പിലൂടെ അദ്ദേഹത്തെ മൈൻഡ് ചെയ്യാതെ പോകുന്ന വഴിപോക്കരായി ഞാനും സെറ്റിലെ മറ്റൊരു സഹായിയും വെള്ളിത്തിരയിൽ മിന്നിമറയുന്നുണ്ട് ).
പിന്നെ ഉണ്ടായിരുന്ന ഒരു മെയിൻ ഔട്ട്ഡോർ ലൊക്കേഷൻ മദ്രാസിലെ Y.M.C. A.ഗ്രൗണ്ട് ആയിരുന്നു. ജയറാം ഉർവശി എന്നിവരുടെ സോങ് ആയിരുന്നു ഇവിടെ ചിത്രീകരിച്ചത് . (ചെപ്പ് തുടങ്ങി ഒരുപാട് മലയാളം സിനിമയിൽ ക്യാമ്പസ് രംഗങ്ങൾ ചിത്രീകരിച്ചത് ഈ ഗ്രൗണ്ടിലും പരിസരത്തും ആയിരുന്നു ).
വന്ന് രണ്ടാമത്തെ ദിവസമോ മറ്റോ ആണ് വേണുവേട്ടൻ എന്നെ ശ്രദ്ധിക്കുന്നതും വിശേഷങ്ങൾ ചോദിച്ചറിയുന്നതും. ഇരിങ്ങാലക്കുടയാണ് സ്ഥലം എന്ന് പറഞ്ഞപ്പോൾ ഇന്നസെന്റുമായി അദ്ദേഹത്തിനുള്ള സൗഹൃദത്തെ പറ്റിയും കൂടൽ മാണിക്യക്ഷേത്രത്തിൽ അദ്ദേഹം വന്നതിനെ പറ്റി ഒക്കെ വിശദമായി സംസാരിച്ചു. (അന്ന് ഇന്നസെന്റ് ചെറിയ റോളുകളിൽ ഒക്കെ അഭിനയിക്കാറുണ്ടെങ്കിലും പ്രൊഡ്യൂസർ എന്ന നിലയിൽ ആണ് കൂടുതൽ അറിയപ്പെട്ടിരുന്നത് ).
ഞാൻ ടൗണിൽ അല്ല റെയിൽവേ സ്റ്റേഷന് സമീപം ഉള്ള മുരിയാട് എന്ന ഗ്രാമത്തിൽ ആണ് എന്റെ വീട് എന്ന് പറഞ്ഞപ്പോൾ, പലപ്പോഴും ആ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ഇരിങ്ങാലക്കുടക്ക് കാറിൽ പോയ കാര്യം ഒക്കെ അദ്ദേഹം വിസ്‌തരിച്ചു തന്നെ പറഞ്ഞു. (ഇടക്ക് പ്രിയന്റെ “ചെപ്പി”ന്റെ ലാസ്റ്റ് ഷെഡ്യൂളിൽ ഒരു ദിവസം മാത്രം വിജയ ഗാർഡനിൽ സെറ്റ് ചെയ്ത ഒരു റെസ്റ്റോറന്റ് സീനിൽ മോഹൻലാലിനും ലിസിക്കും ഒപ്പം അദ്ദേഹം അഭിനയിക്കാൻ എത്തിയപ്പോൾ, അസിസ്റ്റന്റ് ഡയറക്ടർ ആയി ഞാനും അവിടെ ഉണ്ടായിരുന്ന കാര്യം ഞാൻ ഓർമിപ്പിച്ചു.അത് പക്ഷേ അദ്ദേഹം ഓർക്കുന്നുണ്ടായിരുന്നില്ല. കഷ്ടിച്ച് ഒരു മണിക്കൂർ മാത്രം ആയിരുന്നു അന്ന് അവിടെ ഷൂട്ട് ഉണ്ടായിരുന്നത് ).
പിന്നീട് ദിവസവും സെറ്റിൽ വന്നാൽ ഉടനെ എന്നെ വിളിക്കും. കോസ്റ്യൂം കണ്ടിന്യൂയിറ്റി ഉണ്ടോ എന്നും സീൻസിന്റെ കാര്യങ്ങളും ഒക്കെ അന്വേഷിക്കും. അഭിനയിക്കാൻ ഉള്ള സീൻ ഒന്ന് നോക്കി കഴിഞ്ഞാൽ പിന്നെ എല്ലാം തറോ ആണ് അദ്ദേഹത്തിന്. അത് സ്ക്രിപ്റ്റ് ൽ ഉള്ള അതേ ഡയലോഗ് ആവണം എന്നൊന്നും നമ്മൾ ശഠിക്കരുതെന്ന് മാത്രം.100% അതിലും മികച്ച വാക്കുകളിലൂടെ, അതിലേറെ സ്വാഭാവികമായ ചലനങ്ങളിലൂടെ ആ രംഗം അദ്ദേഹം തന്റേതാക്കി മാറ്റിയിരിക്കും. നമുക്ക് കട്ട് ചെയ്ത് കളയാൻ സാധിക്കാത്ത അത്രക്ക് ഭംഗിയുള്ള മുഹൂർത്തങ്ങൾ ആവും അദ്ദേഹം ഫ്രയിമിൽ കൊണ്ട് വരിക.
ചിത്രം ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് ടേബിളിൽ എത്തി. അപ്പോൾ ആണ് ആദ്യ ഷെഡ്യൂളിൽ ചിത്രീകരിച്ച ചില രംഗങ്ങൾ ഞാൻ കാണുന്നത്. ഇതിൽ ഗീതക്കൊപ്പം സിനിമ കണ്ട് മടങ്ങി വരുന്ന വേണുവേട്ടനെ ഉറക്കം വരാതെ മുറ്റത്ത് ഇരിക്കുന്ന അച്ഛൻ, തിലകൻ അടുത്തേക്ക് വിളിച്ച് തന്നോട് അവർ കണ്ട സിനിമയുടെ കഥ പറയാൻ ആവശ്യപ്പെടുന്നുണ്ട്.
പുതു മോഡിയായ എല്ലാ ഭാര്യാ ഭർത്താക്കന്മാരെ പോലെയും വേണുവേട്ടൻ വേഗം അച്ഛന്റെ അടുത്ത് നിന്നും പോയി കിട്ടാൻ ഉള്ള ധൃതിയിൽ ആണ്. എങ്കിലും അച്ഛന്റെ ആവശ്യപ്രകാരം അദ്ദേഹം ഒരു കഥ സിനിമ യുടേതായി പറയുന്നുണ്ട്. മൂവീയോളയിൽ ഇട്ട് തിരിച്ചും മറിച്ചും ഓടിച്ചു നോക്കിയിട്ടും എന്താണ് അദ്ദേഹം പറഞ്ഞിരിക്കുന്നതെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. ഡയറക്ടറും അസോസിയേറ്റ് രാധാകൃഷ്ണനും ആകെ വിയർത്തു. (ആദ്യ ഷെഡ്യൂളിൽ ഷൂട്ട് ചെയ്ത സ്ക്രിപ്റ്റ് എല്ലാം നഷ്ടം ആയിരിക്കുന്നു. പൈലറ്റ് ട്രാക്ക് ഒന്നും എടുത്തിട്ടില്ല ).ഞാൻ മുമ്പത്തെ ഷെഡ്യൂളിൽ ഇല്ലാത്തതിനാൽ എനിക്ക് സംഭവത്തെ പറ്റി ഒരു ധാരണ യും ഇല്ല. അടുത്ത ദിവസം വേണുവേട്ടൻ ഡബ്ബ് ചെയ്യാൻ എത്തും എന്ന് കേട്ടിരുന്നു. ഓടി നടന്ന് അഭിനയിക്കുന്ന സമയം. ചെന്നൈയിൽ വരുമ്പോൾ തന്നെ രണ്ടു മൂന്നു പടം ഡബ്ബ് ചെയ്യാൻ കാണും.
അങ്ങനെ ആ ദിവസം വന്നെത്തി. മദ്രാസിലെ വാസു സ്റ്റുഡിയോയിൽ ആണ് ഡബ്ബിങ്. വേണുവേട്ടൻ വന്നു. പുതിയതായി ഷൂട്ട് ചെയ്ത സീൻ എല്ലാം ആദ്യം ഇട്ടു (അന്ന് ലൂപ് സിസ്റ്റം ആണ്. ഓരോ സീനിന്റെയും ഒന്നോ രണ്ടോ ഡയലോഗുകൾ മാത്രം ഉള്ള ഫിലിം റോളുകൾ പ്രൊജക്ടറിൽ ഇട്ട് അത് തിരിച്ചും തിരിച്ചും ഇട്ട് ഡയലോഗ് ഡബ്ബ് ചെയ്യണം.)..അതെല്ലാം ഒന്ന് നോക്കി രണ്ടാമത് ഇടുമ്പോൾ തന്നെ ടേക്ക് എടുതോളാൻ നിർദ്ദേശിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ എല്ലാം അദ്ദേഹം ഡബ്ബ് ചെയ്ത് തീർത്തു.
ഇനിയാണ് രണ്ടു വർഷം മുമ്പോ മറ്റോ ഷൂട്ട് ചെയ്ത ആദ്യ ഷെഡ്യൂളിലെ റഷ് ഇടേണ്ടത്. ലൂപ് ഇട്ട ശേഷം ഡയറക്ടർ പതുക്കെ വേണുവേട്ടന്റ അടുത്ത് ചെന്ന് പറഞ്ഞു.
“വേണു. ആദ്യം ഷൂട്ട് ചെയ്ത സീൻസിന്റെ സ്ക്രിപ്റ്റ് എല്ലാം മിസ്സ് ആയിരിക്കുന്നു. ഒന്ന് നോക്കൂ..”
അങ്ങനെ ഫസ്റ്റ് ഷെഡ്യൂളിലെ ലൂപ് ഓരോന്നായി ഇട്ടുകൊണ്ടിരുന്നു . അത് മിക്കവാറും ചെറിയ ഡയലോഗ്സ് ഒക്കെ ആയിരുന്നു.ലിപ് നോക്കി ഒക്കെ ഡബ്ബ് ചെയ്ത് ശീലം ഉള്ളവർക്ക് പെട്ടെന്ന് പറ്റും അത്.എന്റെ ചിന്ത അപ്പോഴും ആ സിനിമാ കഥ പറയുന്ന രംഗം ആയിരുന്നു.അത് അങ്ങേര് എങ്ങനെ പിടിക്കും എന്ന് ഒരു ഐഡിയയും ഇല്ല.അങ്ങനെ അവസാനം ആ സീൻ ഇട്ടു.ഒന്ന് രണ്ട് തവണ ഇടാൻ പറഞ്ഞു.അവസാനം ആ കഥ അങ്ങേര് ഇങ്ങനെ പറഞ്ഞൊപ്പിച്ചു..
“വലിയ കലാകാരൻ ആവാൻ പ്രയത്നിക്കുന്ന ഒരു മകൻ. അയാളെ തടയുന്ന അരസികൻ ആയ ഒരച്ഛൻ.
ഇവർ തമ്മിലുള്ള പ്രശ്നം ആണ് സിനിമ..”
ഏതാണ്ട് ഇത്രയും പറയുമ്പോഴേക്കും ഭാര്യ ഗീത വാതിൽക്കൽ വന്ന് വിളിക്കും. അക്ഷമനായി വേണുവേട്ടൻ എണീക്കും. അപ്പോൾ തിലകൻ തടഞ്ഞിട്ടു പറയും.
“ബാക്കി കൂടി പറഞ്ഞീട്ടു പോടാ മോനെ. ”
ഉടനെ തിരിഞ്ഞ് നോക്കി വേണുവേട്ടൻ പറയും..
“വേറൊന്നും ഇല്ല. സഹികെട്ട് ആ മകൻ അച്ഛനെ അങ്ങു തട്ടും. അത്ര തന്നെ.”
ഇത്രയും പറഞ്ഞ് വേണുവേട്ടൻ അകത്തേക്ക് പോകും. ഉദ്ദേശം ഒരു അര മണിക്കൂർ എടുത്തോ എന്ന് സംശയം ആണ്. അത്രയും സ്പീഡിൽ ആണ് അദ്ദേഹം ആ രംഗം ഒന്ന് നോക്കിയ ശേഷം കറക്റ്റ് ആയി അത്
ഡബ്ബ് ചെയ്ത് തീർത്തത്. മാസം രണ്ടും മൂന്നും പടങ്ങൾ ഓടി നടന്ന് അഭിനയിച്ചിരുന്ന ആ കാലത്താണ് 2 വർഷം മുമ്പ് ഷൂട്ട് ചെയ്ത ആ സിനിമയിലെ രംഗങ്ങൾ അദ്ദേഹം പൈലറ്റ് ട്രാക്കൊ സ്ക്രിപ്റ്റോ ഒന്നും ഇല്ലാതെ പുല്ലു പോലെ ഡബ്ബ് ചെയ്ത് പോയത്. ഡബ്ബിങ് തീർന്നതും ഞങ്ങളോടെല്ലാം യാത്ര പറഞ്ഞ് പുറത്ത് വെയിറ്റ് ചെയ്തിരുന്ന
കാറിൽ കയറി അടുത്ത സ്റ്റുഡിയോയിലേക്ക് അദ്ദേഹം യാത്ര യായി.അദ്ദേഹം പോയിട്ടും ആ അത്ഭുത പ്രതിഭയുടെ മാസ്മരികത ഓർത്ത് അല്പസമയം ഞാൻ നിശ്ശബ്ദം നിന്ന് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ!
മലയാളത്തിന്റെ പുണ്യം ഇനിയില്ലല്ലോ എന്ന ചിന്ത മനസ്സിനെ അലട്ടാത്ത ഒരു സിനിമാ പ്രേമിയും ഈ മണ്ണിൽ ഇന്നുണ്ടാവില്ല. നൂറ്റാണ്ടുകളിൽ ഇടക്കെങ്ങോ മാത്രം സംഭവിക്കുന്ന ആ അതുല്യ കലാകാരന്റെ സ്മരണകൾക്ക് മുന്നിൽ ബാഷ്പാജ്ഞലികളോടെ….. 🙏🙏🙏
(തുടരും )
Pics.
1. Location still.
2. Venu, Geetha, associate Radhakrishnan.
3.jayaram, urvashi.
4.Nedumudi venu, pattom sadan.
5.Venu, Geetha.
6.Thilakan, Venu.
7.My First screen presence..
8. First time in celluloid with Pattom Sadan, & another ast.