മേനോന്റെ കള്ളി വെളിച്ചത്തായി, ഞാൻ നിരാശയിലേക്കും (എന്റെ ആൽബം- 54)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
50 SHARES
605 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 54
(ഗോപിനാഥ്‌ മുരിയാട്)

ഒന്ന് രണ്ട്‌ ആഴ്ച വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയില്ല. സത്യത്തിൽ എന്ത് ചെയ്യണം എന്നൊരു പിടിയും ഇല്ലായിരുന്നു എന്നതാണ് സത്യം.
“ഗാന്ധർവം ” പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്ക്‌ തീരുന്നതിന് മുമ്പേ മദ്രാസിൽ നിന്നും നാട്ടിലേക്ക് വണ്ടി കയറുമ്പോൾ സംവിധായകൻ ആയി എന്നുറപ്പിച്ചിട്ടാണ് പോയത്. സുഭാഷി ന്റെ വാക്കുകളിൽ അത്രക്ക് കോൺഫിഡൻസ് ആയിരുന്നു. രണ്ട് മാസം എറണാകുളത്ത് തങ്ങിയതും കുറേ സ്വപ്നം കണ്ടതും മാത്രം ബാക്കി. എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് എന്നെ നോക്കി പരിഹസിക്കുന്നപോലെ തോന്നി.
അഴക് മാത്രം ദിവസവും വൈകുന്നേരം മുറിയിൽ വരും. എന്നെ വിളിച്ച് സാലിഗ്രാമത്തിലെ തെരുവിലൂടെ നടക്കാൻ ഇറങ്ങും. അവൻ എന്നെ സമാധാനിപ്പിക്കും.

“എല്ലാം നല്ലത്ക്ക് താൻ ന്ന് നിനച്ചുക്കോടാ. പടം ആരംഭിച്ചതുക്കപ്പുറം താൻ ഇന്ത മേനോൻ
ഡുബാകർ എൻട്ര വിഷയം എല്ലാം തെറിഞ്ചു കിട്ടെന്ന് നിനച്ചു പാര്. എവളം അശിങ്കം..”

ഒന്നോർത്താൽ ശരിയാണ്. പടം തീരുമാനം ആയ ശേഷം ആണ് ഇയാളുടെ കള്ളി എല്ലാം വെളിച്ചത്തായതെങ്കിൽ എന്ത് ചെയ്യാൻ പറ്റും? സുഭാഷിന്റെ എഴുത്ത് ഒന്ന് രണ്ടെണ്ണം വന്നു. മേനോനെ പിടിച്ച പിടിയാലേ കൊണ്ട് വന്ന് ക്വീൻസിലെ ബില്ല് സെറ്റ് ചെയ്തതും എന്റെ കയ്യിൽ നിന്ന് ഒപ്പിട്ടു വാങ്ങിയ സ്റ്റാമ്പ്‌ പേപ്പർ തിരിച്ചു മേടിച്ചു കീറി കളഞ്ഞതും തുടങ്ങി ഇനി അയാൾ ആരെയും ഇത് പോലെ കളിപ്പിക്കാൻ മുതിരില്ലെന്നും ഉള്ള ആശ്വസിപ്പിക്കൽ തന്നെ പ്രധാന വിഷയം. കൂട്ടത്തിൽ നമുക്ക് മറ്റൊരു പ്രൊഡ്യൂസറെ ഉടനെ കണ്ടെത്താമെന്ന വാഗ്ദാനവും.എനിക്ക് പക്ഷേ അതിലൊന്നും അത്ര വിശ്വാസ്യത തോന്നിയില്ല.

രാത്രികളിൽ മുറിയിൽ ഞാനും ബന്ധുവായ കുട്ടനും മാത്രം.ജീവൻ ഇതിനിടെ ആർട്ട്‌ ഡയറക്ടർ കൃഷ്ണമൂർത്തി സാറിന്റെ കൂടെ ഏതോ വർക്കിന് ഔട്ട്ഡോർ പോയിരുന്നു. പൈസ ഒന്നും കാര്യമായി കയ്യിൽ ബാക്കി ഇല്ല. ഏതെങ്കിലും വർക്കിന് പോയേ പറ്റൂ. ഉടനെ ഞാൻ വർക്ക്‌ ചെയ്യുന്ന ഡയറക്ടർമാർക്ക് ആർക്കും ചിത്രങ്ങൾ ഇല്ല. (ഞാൻ നാട്ടിൽ പോയ സമയത്താണ് ജയരാജ്‌ “സാഗ പ്രൊഡക്ഷൻ “സിന്റെ “സോപാനം “ആരംഭിക്കുന്നത്.
എന്നെ അന്വേഷിച്ചപ്പോൾ ഞാൻ സ്വന്തം പടം ചെയ്യാൻ ഉള്ള തയ്യാർ എടുപ്പിൽ ആണെന്നും നാട്ടിൽ പോയിരിക്കയാണെന്നും ആരോ പറഞ്ഞത്രേ ).

പിന്നെ ഉള്ളത് വീണ്ടും സെൻസർ വർക്ക്‌ ഉണ്ടോ എന്ന് അന്വേഷിക്കയാണ്. ഏതെങ്കിലും പടം കിട്ടാതിരിക്കില്ല. ഒന്ന് സ്റ്റുഡിയോകളിൽ തിരക്കിയാൽ മതി.അടുത്ത ദിവസം രാവിലെ തന്നെ വീടിന് അടുത്തുള്ള പ്രസാദ് സ്റ്റുഡിയോയിലേക്ക് ചെന്നു. അവിടെ ഇളയരാജ യുടെ തിയേറ്ററിന് വെളിയിൽ ഐ.വി. ശശി നിൽപ്പുണ്ട്. ഏതായിരിക്കും ശശി സാറിന്റെ പടം. വേഗം അങ്ങോട്ട് ചെന്നു. ഒപ്പം പ്രൊഡക്ഷൻ കൺട്രോളർ ഗണേഷ് അയ്യർ, അസോസിയേറ്റ് ഷാജൂൺ കാര്യാൽ എന്നിവരും ഉണ്ട്. എന്നെ കണ്ട ഉടൻ ശശി സാർ അടുത്തേക്ക് വിളിച്ചു.
“എവിടെ ആയിരുന്നു താൻ. ഇപ്പോൾ വന്നത് നന്നായി. ഇന്ന് “അർത്ഥന “റീ റെക്കോർഡിങ് തുടങ്ങുകയാണ്. സ്ക്രിപ്റ്റ് വർക്ക്‌ തുടങ്ങിക്കോളൂ. ”
അടുത്ത് നിന്ന ഗണേഷ് അയ്യർക്ക് എന്നെ പരിചയപ്പെടുത്തി.
(പ്രസാദ് പ്രൊഡക്ഷൻ മലയാളത്തിൽ നിർമിക്കുന്ന ആദ്യ ചിത്രം ആയിരുന്നു “അർത്ഥന”.ഗണേഷ് അയ്യർ പ്രസാദ് പ്രൊഡക്ഷൻന്റെ സ്ഥിരം കൺട്രോളർ ആണ്.).

അയ്യർ ഉടനെ എനിക്ക് അഡ്വാൻസ് തന്നു വർക്ക്‌ ആരംഭിക്കാൻ ഗ്രീൻ സിഗ്നൽ തന്നു. ഷാജൂണിനെ ചെന്ന് കണ്ട് സ്ക്രിപ്റ്റ് വാങ്ങിക്കോളാൻ പറഞ്ഞു. ഷാജൂൺ അസിസ്റ്റന്റ് ഡയറക്ടർ ആയ പദ്മകുമാറിന്റെ അടുത്തേക്ക് വിട്ടു. (ഇപ്പോഴത്തെ ഡയറക്ടർ മാമാങ്കം ഫെയിം പദ്മകുമാർ തന്നെ. വിനു ആനന്ദ് ആയിരുന്നു മറ്റൊരു അസിസ്റ്റന്റ് ).പദ്മകുമാറിൽ നിന്നും സ്ക്രിപ്റ്റ് വാങ്ങി ഞാൻ ജോലി ആരംഭിച്ചു.

രഘുനാഥ് പാലേരിയുടേതായിരുന്നു സ്ക്രിപ്റ്റ്. ഗാനങ്ങൾ -ഗിരീഷ് പുത്തഞ്ചേരി. മ്യൂസിക് -S. P. വെങ്കിട്ടേഷ്. ക്യാമറ -രവി. കെ. ചന്ദ്രൻ. എഡിറ്റിംഗ് -കെ. നാരായണൻ. നൃത്തം -കല.ആർട്ട്‌ -I. V. സതീഷ് ബാബു (ശശി സാർ ന്റെ സഹോദരൻ ആയ സതീഷ് ബാബുവാണ് അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെയും ആർട്ട്‌ ഡയറക്ടർ ). മേക്കപ്പ് -M. O. ദേവസ്യ. കോസ്ടുംസ് -കുമാർ. തുടങ്ങിയവർ ഒക്കെ ആണ് പിന്നണിയിൽ. മുരളി, രാധിക, പ്രിയ രാമൻ, സോമൻ, വിനീത്,പപ്പു, സംഗീത (ചിന്താവിഷ്ടയായ ശ്യാമള )എന്നിവർ ആയിരുന്നു പ്രധാനപ്പെട്ട അഭിനേതാക്കൾ.

മുരളി -രാധിക മകൾ സംഗീത അടങ്ങിയ കുടുംബത്തിലേക്ക് പ്രിയാരാമൻ എന്ന മുരളിയുടെ കാമുകി വരുന്നതും അതിനെ തുടർന്ന് ആ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഒക്കെയാണ് കഥയുടെ കാതൽ.
അർത്ഥനയുടെ സ്ക്രിപ്റ്റ് വർക്ക്‌ തീരുന്നതിന് മുമ്പ് ഷണ്മുഖൻ അണ്ണന്റെ അസിസ്റ്റന്റ് പ്രേമൻ ഒരു ദിവസം എന്നെ തേടി വന്നു. ജയരാജ്‌ പറഞ്ഞു സോപനത്തിന്റ സെൻസർ വർക്ക്‌ ആരംഭിക്കാറായി. പുള്ളി
A. V. M. സ്റ്റുഡിയോയിൽ എഡിറ്റർ ലെനിൻ സാറിന്റെ റൂമിൽ ഉണ്ട്. അവിടെ ചെന്നപ്പോൾ എല്ലാവരും പരിചയക്കാർ. സാഗയുടെ പ്രൊഡ്യൂസർ അപ്പച്ചൻ സാർ, അസോസിയേറ്റ് ജോമോൻ ചേട്ടൻ, എന്റെ കൂടെ പൈതൃകത്തിൽ ഉണ്ടായിരുന്ന ജീ ജോർജ്, ഹക്കീം, അരിയന്നൂർ ഉണ്ണി കൂടാതെ ഒരു പുതിയ കക്ഷിയും ഉണ്ട്. K. B. മധു.(ചിത്രശലഭം, ദീപസ്തംഭം മഹാശ്വര്യം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ). ജോമോൻ ചേട്ടൻ കണ്ട ഉടനെ ചൂടായി.
“എവിടെ ആയിരുന്നു താൻ. ഈ പടം ആരംഭിക്കുമ്പോൾ ഞാൻ അന്വേഷിച്ചു. ആരോ പറഞ്ഞു താൻ സ്വന്തം പടം ചെയ്യാൻ പോയിരിക്കയാണെന്ന്.. എന്തായി?”
ശ്ശോ.. എല്ലാവരും അറിഞ്ഞിരിക്കുന്നു. നാണക്കേട്.
ഞാൻ പതുക്കെ ജോമോൻ ചേട്ടനെ മാറ്റി നിർത്തി. കാര്യങ്ങൾ പറഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പുള്ളിയും സമാധാനിപ്പിച്ചു.
“സാരമില്ല. കൂടുതൽ കുഴപ്പത്തിൽ ഒന്നും ചെന്ന് ചാടിയില്ലല്ലോ. സിനിമ പിടിക്കാൻ ആണെന്ന് പറഞ്ഞു ഇതുപോലെ കുറേ ഫ്രാഡുകൾ ഒക്കെ ഇറങ്ങിയിട്ടുണ്ട് ഇപ്പോൾ. സൂക്ഷിച്ചില്ലെങ്കിൽ അപകടം ആണ്.
പൈസ വല്ലതും തന്നോ അവർ.?”

10,000 രൂപ അഡ്വാൻസ് തന്ന കാര്യം പറഞ്ഞു. പക്ഷേ അതിൽ കൂടുതൽ 2 മാസം എറണാകുളത്ത് തങ്ങിയ
കൂട്ടത്തിൽ ചിലവായിരുന്നു. ഈ വർക്കും പോയി.
“ങ്ങാ. പറ്റിയത് പറ്റി. പോട്ടെ. പടം ഏതെങ്കിലും വേറെ വരാതിരിക്കില്ല.
തല്ക്കാലം അപ്പച്ചൻ സാറിന്റെ കയ്യിൽ നിന്ന് അഡ്വാൻസ് വാങ്ങി ഇതിന്റെ സെൻസർ സ്ക്രിപ്റ്റ് എഴുതി തുടങ്ങിക്കോ. പടം ക്രിസ്മസിന് റിലീസ് ചെയ്യാൻ ആണ് അപ്പച്ചൻ സാർ ന്റെ പ്ലാൻ.”

സംസാരിച്ചു നിൽക്കവേ ജയരാജ്‌ എഡിറ്റിംഗ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു. പുള്ളി കുശലം എല്ലാം ചോദിച്ച ശേഷം നാളെ പ്രസാദ് 70 mm തിയേറ്ററിൽ റീ റെക്കോർഡിങ് ആരംഭിക്കയാണെന്നും വർക്ക്‌ തുടങ്ങിക്കോളാനും പറഞ്ഞു അകത്തേക്ക് കയറി പോയി.അപ്പച്ചൻ സാർ നെ കണ്ട് സംസാരിച്ച ശേഷം അഡ്വാൻസും വാങ്ങി ഞാൻ തിരിച്ചു പോന്നു.

സോപാനം മനോഹരമായ ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി ആയിരുന്നു. സോമയാജുലു (ശങ്കരാഭരണം ഫെയിം )ആദ്യ മായി മലയാളത്തിൽ അഭിനയിച്ച ചിത്രം. കുടുംബ സമേതത്തിന് ശേഷം മനോജ്‌. K. ജയൻ നായകൻ ആയ ജയരാജ്‌ ചിത്രം. നായിക ചിപ്പി. ഒടുവിൽ, സോണിയ (ആകാശ ദൂത് ), മണിയൻ പിള്ള രാജു, എം. എസ്. തൃപ്പുണിതുറ, കവിയൂർ പൊന്നമ്മ, കുഞ്ചൻ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്. കൈതപ്രം ആയിരുന്നു രചനയും ഗാനങ്ങളും, സംഗീതം – S. P. വെങ്കിട്ടേഷ്, ക്യാമറ -P. സുകുമാർ, എഡിറ്റിംഗ് – ലെനിൻ, വിജയൻ, ആർട്ട്‌ -നേമം പുഷ്പരാജ്.

ഇതിലെ “താരനൂപുരം ചാർത്തി” എന്ന ഗാനം ദാസേട്ടനും മഞ്ജു മേനോനും പാടിയത്എന്റെ എന്നത്തേയും ഒരു ഇഷ്ട ഗാനം ആണ്.(ആ വർഷം ദാസേട്ടന് നാഷണൽ അവാർഡും ചിത്രക്ക് സ്റ്റേറ്റ് അവാർഡും ലഭിച്ചത് ഈ ചിത്രത്തിലേ ഗാനങ്ങൾക്ക് ആയിരുന്നു എന്നാണ് എന്റെ ഓർമ ). അടുത്ത രണ്ട് ആഴ്ച ക്രിസ്മസ് ന് റിലീസ് ചെയ്യേണ്ട ഈ രണ്ടു ചിത്രത്തിന്റെയും തിരക്കിൽ ആയിരുന്നു ഞാൻ. വീണ്ടും സെൻസർ വർക്കുകളുടെ തിരക്കുകളിലേക്ക് ഊളിയിടുമ്പോഴും വല്ലാത്ത ഒരാശങ്ക എന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. ഈ ജീവിതം മുഴുവൻ സെൻസർ സ്ക്രിപ്റ്റ് എഴുതി എഴുതി തീരുമോ??
(അതിനകം തന്നെ 300 ലേറെ പടങ്ങൾ ഞാൻ വർക്ക്‌ ചെയ്തു കഴിഞ്ഞിരുന്നു )..

93 ഡിസംബറിലായിരുന്നു അർത്ഥനയും സോപാനവും റിലീസ് ആയത് .എന്തോ ഐ.വി.ശശിയുടെ പടം ആയിട്ടും അർത്ഥന അത്ര വലിയ വിജയം ആയില്ല. “സോപാനം” പക്ഷേ മനോഹരമായ ഗാനങ്ങളാലും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങൾ നിറഞ്ഞ പ്രണയ ചിത്രം എന്ന നിലയിലും ശ്രദ്ധേയമായി .

(തുടരും)

1. അർത്ഥന പോസ്റ്റർ.
2. I. V. ശശി.
3. മുരളി.
4. രാധിക.
5. പ്രീയ രാമൻ
6.രവി. K. ചന്ദ്രൻ.
7. സോപാനം പോസ്റ്റർ.
8. കൈതപ്രം.
9. മനോജ്‌. K. ജയൻ.
10. ചിപ്പി.
11. സോമയാജുലു.
12.കവിയൂർ പൊന്നമ്മ.
13. ഒടുവിൽ.
14. സീന ആന്റണി.
15. P. സുകുമാർ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ