സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 55
(ഗോപിനാഥ് മുരിയാട്)
ഡിസംബർ അവസാനം “സോപാന”വും “അർത്ഥന”യും വർക്ക് തീർന്ന് പേയ്‌മെന്റ് കിട്ടിയതോടെ സാമ്പത്തികം അല്പം മെച്ചപ്പെട്ടു. ഡിസംബർ 31 എല്ലാ വർഷത്തെയും പോലെ ആഘോഷിക്കാൻ ഞാനും അഴകും തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ ഡിസംബർ 31 നും ഞങ്ങൾ ഒരുമിച്ചാണ് മൂന്നോ നാലോ ബിയർ, വൈൻ, സ്ഥിരം ടച്ചിങ്‌സ് ഒക്കെ യായി ന്യൂ ഇയർ ആഘോഷിക്കുന്നത് .കൃത്യം 12 മണി അടിക്കുമ്പോൾ ഞങ്ങൾ പരസ്പരം വിഷ് ചെയ്യും. പിന്നേ എന്റെ കയ്യിൽ പിടിച്ച് അവൻ ഉറപ്പിച്ചു പറയും..
“നീ പാത്തുക്കോ.. ഇന്ത വർഷം നമ്പൾത് താൻ ”
ഞാൻ തലയാട്ടി അത് അംഗീകരിക്കും. പിന്നെ ഏതെങ്കിലും ഗസൽ സോങ് ടേപ്പിൽ ഓൺ ചെയ്തു വച്ഛ് ഞങ്ങൾ ഉറങ്ങാൻ തുടങ്ങും. എനിക്ക് പെട്ടെന്നൊന്നും ഉറക്കം വരാറില്ല. കാരണം കഴിഞ്ഞ നാലോ അഞ്ചോ വർഷമായി ഞങ്ങളുടെ സ്ഥിരം കലാപരിപാടിയാണ് ഇത്. പക്ഷേ ഇത് വരെ ഒന്നും സംഭവിച്ചീട്ടില്ല. ഈ വർഷം ആണെങ്കിൽ കപ്പിനും ചുണ്ടിനും ഇടയിൽ നിന്നാണ് നടക്കും എന്ന് പ്രതീക്ഷിച്ച ഒരു പ്രൊജക്റ്റ് തുടങ്ങുന്നതിനു മുമ്പേ ഒരു ദുരന്തമായി അവസാനിച്ചത്.ഈ വർഷം എങ്കിലും അതിന് ഒരു മാറ്റം ഉണ്ടാവുമോ ..??
മരിജുവാന ചെയ്യാൻ തയ്യാറായി ആരെങ്കിലും എത്തുമോ? ആ സുദിനം മനസ്സിൽ ഓർത്ത് കിടന്ന ഞാൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് ശ്രദ്ധിച്ച് അഴക് ചോദിച്ചു.
“എൻടാ തൂക്കം വരലിയാ??കനവ് കണ്ടത് പോതും. പടുത്തു തൂങ്ക്.
എല്ലാം ശരി ആകും.”
എപ്പോഴാ ഉറങ്ങിപ്പോയി..
94 ജനുവരി -1 ആയി, ഞാൻ 84 ഏപ്രിൽ 1 -ന് മദ്രാസിൽ വന്നതാണ്. 10 വർഷം ആകാൻ പോകുന്നു കോടമ്പാക്കത്തിന്റെ മണവും രുചിയും ജീവിതത്തിന്റെ ഭാഗം ആകാൻ തുടങ്ങിയിട്ട്.രാവിലെ തന്നെ താമസിക്കുന്നതിന് തൊട്ട് അടുത്ത് തന്നെ ഉള്ള കോതണ്ഡപാണി സ്റ്റുഡിയോയിൽ ചെന്നു.
അവിടെ സെവൻ ആർട്സ് മോഹനേട്ടൻ ഉണ്ട്. രാജീവ് കുമാറിന്റെ ‘പവിത്ര”ത്തിന്റെ ഡബ്ബിങ് നടക്കുന്നു. സന്തോഷ് ശിവൻ ആണ് ക്യാമറ. ആർട്ട് സാബു സിറിൽ . എഡിറ്റിംഗ് വേണുഗോപാൽ. സ്ക്രിപ്റ്റ് പി. ബാലചന്ദ്രൻ, O. N. V യുടെ കവിതകൾകൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശരത് ആണ്. (ഈ ചിത്രത്തിലെ ദാസേട്ടൻ പാടിയ ശ്രീരാഗമോ എന്ന ഗാനത്തിലൂടെയാണ് ശരത് മലയാളത്തിൽ ശ്രദ്ധേയൻ ആകുന്നത്.) വിശുദ്ധി ഫിലിംസ് ന്റെ ബാനറിൽ തങ്കച്ചൻ നിർമിച്ച പവിത്രം ജൂബിലി പ്രോഡക്ഷൻസ് ആണ് വിതരണം ചെയ്തിരുന്നത്.
“അടുത്ത ആഴ്ച ഇവിടെ തന്നെ റീ റെക്കോർഡിങ് തുടങ്ങും.സെൻസർ സ്ക്രിപ്റ്റ് എഴുതുന്നില്ലേ ”
മോഹനേട്ടൻ ചോദിച്ചു.
“ഉം.അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചേ. ”
“ഹെയ്, നീ പടം തുടങ്ങാൻ പോവാണെന്ന് കേട്ടു.”
അപ്പോൾ അത് മോഹനേട്ടനും അറിഞ്ഞിരിക്കുന്നു. ഈശ്വരാ.. ഇനി ആരൊക്ക അറിഞ്ഞു കാണുമോ എന്തോ… ഉള്ള കഞ്ഞിയിൽ തന്നെ പാറ്റ വീഴുന്ന ലക്ഷണം ആണ്..മേനോൻ കാരണം ഉണ്ടായ ഒരു ഉപകാരം..
“ഇല്ല ചേട്ടാ. അത് നടക്കില്ല.”
ഒരുവിധം എന്തോ പറഞ്ഞ് മോഹനേട്ടനിൽ നിന്നും രക്ഷപെട്ടു.
അടുത്ത ആഴ്ചയിൽ തന്നെ പവിത്രത്തിന്റെ വർക്ക് തുടങ്ങി. ബാലൻ മേനോൻ, പുരുഷോത്തമൻ എന്നിവർ ആയിരുന്നു രാജീവ് കുമാറിന്റെ അസോസിയേറ്റ്സ്.
(ഇവർ ഒക്കെ ഇപ്പോൾ എവിടെ ആണോ എന്തോ?? രണ്ടു പേരും പടം ചെയ്തതായി അറിവില്ല. പിന്നീട് സെവൻ ആർട്സിന്റെ തന്നെ “തച്ചോളി വർഗീസ് ചേകവർ “ചെയ്യുമ്പോഴും ഇരുവരും ഉണ്ടായിരുന്നു എന്നാണ് ഓർമ ).
ഈ ചിത്രത്തിലൂടെ ആണ് വിന്ദൂജ മേനോൻ നായികയായി അരങ്ങേറുന്നത്. മോഹൻലാലിന്റെ സഹോദരി വേഷം ആയിരുന്നെങ്കിലും നായിക ശോഭനയെക്കാളും പ്രധാനപ്പെട്ട കഥാപാത്രം വിന്ദൂജക്കായിരുന്നു.യുവാവായ മോഹൻലാലിന്റെ മാതാപിതാക്കൾ ആയ തിലകനും ശ്രീവിദ്യക്കും വാർദ്ധക്യത്തിൽ ഉണ്ടാകുന്ന കുഞ്ഞാണ് വിന്ദൂജ. സ്വന്തം മകളെ പോലെ ആണ് ലാലിന്റെ ഉണ്ണി എന്ന കഥാപാത്രം സഹോദരിയെ കൊണ്ട് നടന്നിരുന്നത്. (ചേട്ടച്ഛൻ എന്നാണ് വിന്ദൂജ ലാലിനെ ചിത്രത്തിൽ വിളിക്കുന്നത് തന്നെ ). ലാലിന്റെ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രം ആയിരുന്നു പവിത്രത്തിലേത്. എന്ത് കൊണ്ടോ ഈ കഥാപാത്രം അത്രയൊന്നും ചർച്ച ചെയ്യപ്പെട്ടീട്ടില്ല എന്ന് തോന്നുന്നു.കഥ പി. ബാലചന്ദ്രനും രാജീവ് കുമാറും ചേർന്ന് എഴുതിയത് ആണ്.).
നരേന്ദ്ര പ്രസാദ്, ഇന്നസെന്റ്, ലളിത, നെടുമുടി വേണു, ശ്രീനിവാസൻ. C. I. പോൾ, രുദ്ര, ശാന്ത കുമാരി എന്നിങ്ങനെ ഒരുപാട് പേർ താരനിരയിൽ ഉണ്ട്.
94 ഫെബ്രുവരി 4 ന് തിയേറ്ററിൽ റിലീസ് ചെയ്ത പവിത്രം സാമാന്യം നല്ല വിജയം നേടിയ ചിത്രം ആണെന്നാണ് അറിവ്.ഫെബ്രുവരിയിൽ തന്നെ ഞാൻ വർക്ക് ചെയ്ത മറ്റൊരു ചിത്രം ആണ് വി.ആർ. ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത” ഭാര്യ.” മുമ്പ് ഞാൻ അസ്സിസ്റ്റ് ചെയ്തീട്ടുള്ള ‘പൈതൃക”ത്തിന്റെ പ്രൊഡ്യൂസർ B. ശ്രീകണ്ഠൻ തന്നെ ആയിരുന്നു ഭാര്യയുടെയും നിർമാതാവ്. മനോരമ വാരികയിൽ തുടർക്കഥയായി പ്രസിദ്ധീകരിച്ച ജോയ്സിയുടെ നോവലിന് തിരക്കഥ സംഭാഷണം എഴുതിയത് കലൂർ ഡെന്നിസ്.ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് S. P. വെങ്കിടേഷ്. ആർട്ട്. രാമപുരം മോഹൻ. (മോഹൻ ഞാൻ ആദ്യമായി വർക്ക് ചെയ്ത ശ്രീ. K. രാധാകൃഷ്ണൻ സംവിധാനം ചെയ്ത.ദൂരദർശൻ സീരിയൽ “മനുഷ്യ ബന്ധങ്ങൾ “ടെയും ആർട്ട് ഡയറക്ടർ ആയിരുന്നു ).ക്യാമറ -സാലു ജോർജ്, എഡിറ്റിംഗ്. K. ശങ്കുണ്ണി. എന്റെ സുഹൃത്തും റൂം മേറ്റ് മായിരുന്ന ബാബു ചേർത്തലയായിരുന്നു ഭാര്യയുടെ അസോസിയേറ്റ് ഡയറക്ടർ. (ബാബു പിന്നീട് രാജ് ബാബു എന്ന് പേര് മാറ്റി ദിലീപിന്റെ ചെസ്സ്, കളർസ്, പ്രിത്വിരാജ് -ജയസൂര്യ ടീം ന്റെ കാഗാരൂ, ജയറാം നായകൻ ആയ ഉലകം ചുറ്റും വാലിബൻ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്യുകയുണ്ടായി )
ജഗദീഷ്, ഉർവശി, ജഗതി, ഒടുവിൽ,കരമന ജനാർദ്ദനൻ നായർ, സുകുമാരി, വിജയകുമാർ, ഗീത വിജയൻ, ജഗന്നാഥ വർമ,. മനു വർമ, ബീന ആന്റണി എന്നിവർ ഒക്കെ അഭിനയിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ N. വിജയകുമാർ ആയിരുന്നു.കലൂർ ഡെന്നിസ് ന്റെ തന്നെ അനിൽ ബാബു സംവിധാനം ചെയ്ത് “93 ൽ റിലീസ് ആയ “സ്ത്രീധനം “എന്ന ചിത്രത്തിനോട് ഒരുപാട് സാമ്യം ഉള്ള ചിത്രം ആയത് കൊണ്ടോ എന്തോ “ഭാര്യ ” തീരെ ശ്രദ്ദിക്കപ്പെട്ടില്ല. (അതിലും ജഗദീഷ് -ഉർവശി ടീം തന്നെ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ ).ഭാര്യയുടെ വർക്ക് തീർന്ന ശേഷം അപ്രതീക്ഷിതമായി എന്നെ തിരക്കി കുറച്ചു സുഹൃത്തുക്കൾ കോഴിക്കോട് നിന്ന് വന്നു.
“അന്ന് ഗുഡ് ഫ്രൈഡേ “യുടെ വർക്കുമായി സഹകരിച്ച താമരശ്ശേരിക്കാർ ആയ മൂന്നു നാല് പേർ. ആ ചിത്രത്തിൽ എന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്ത രാജൻ ആണ് അവരെ കൊണ്ട് വന്നത്. അവിടെ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞു പിരിയുമ്പോൾ തന്നെ എന്നോട് ഒരു സിനിമ ചെയ്യണം എന്ന് താല്പര്യം അവർ സൂചിപ്പിച്ചിരുന്നെങ്കിലും ഞാൻ അതത്ര സീരിയസ് ആയി എടുത്തിരുന്നില്ല. കാരണം ലൊക്കേഷനിൽ വച്ച് പരിചയപ്പെടുന്ന പലരും ഇത്തരം പല ആഗ്രഹങ്ങളും പ്രകടിപ്പിക്കാറുണ്ടെങ്കിലും പിന്നീട് അവരെയൊന്നും കാണാറേ ഇല്ല.
രാജനോപ്പം വന്ന സുഹൃത്തുക്കൾ ഒരു ടെലിഫിലിം ചെയ്യാൻ ഉള്ള താല്പര്യവുമായിട്ടാണ് വന്നത്. അവരുടെ കൂട്ടുകാരൻ M.S.ബാബു എഴുതിയ ഒരു സ്ക്രിപ്റ്റ് ഉണ്ട്. അതിനെ പറ്റി കൂടുതൽ ചർച്ച ചെയ്യാൻ ഞാൻ കോഴിക്കോട് ചെല്ലണം. അടുത്ത വാരം ഞാനും എന്റെ സുഹൃത്ത് അഴകും കൂടി വരാം എന്ന് ഞാൻ സമ്മതിച്ചു. ഉടനെ രാജനും കൂട്ടുകാരും അഴകിനെ പറ്റി അന്വേഷിച്ചു. “ഗുഡ് ഫ്രൈഡേ ” യിൽ
അസിസ്റ്റന്റ് ഡയറക്ടർ ആയി അഴകും വർക്ക് ചെയ്തിരുന്നതിനാൽ അവർക്കൊക്കെ അഴകിനെ പരിചയം ഉണ്ട്. ദിവസവും രാവിലെയോ വൈകീട്ടോ അവൻ എന്റെ റൂമിൽ വരാറുണ്ട്.അവർ അവനെ കൂടി കാണാൻ താല്പര്യം പ്രകടിപ്പിച്ചു. കൂടെ മറ്റൊരാഗ്രഹം കൂടി അവർ പറഞ്ഞു. നമുക്ക് എല്ലാവർക്കും കൂടി ഒന്ന് മഹാബലിപുരം പോയാലോ? അവിടെ ഒരു റിസോർട്ടിൽ റൂം എടുത്ത് ഇന്നവിടെ കൂടാം.
“വൈകുന്നേരം എന്തായാലും അഴക് വരും. എന്നീട്ട് നമുക്ക് പ്ലാൻ ചെയ്യാം” എന്നായി ഞാൻ.
നാല് മണിയോടെ അഴക് മുറിയിൽ എത്തി. പഴയ സുഹൃത്തുക്കളെ കണ്ടതോടെ അവനും സന്തോഷം ആയി. മഹാബലിപുരം പോകാൻ ഉള്ള അവരുടെ താല്പര്യം ഞാൻ സൂചിപ്പിച്ച ഉടനെ അവൻ അങ്ങോട്ട് പോകാൻ ഉള്ള കാർ ഒക്കെ അറേഞ്ച് ചെയ്തു. അധികം വൈകാതെ ഞങ്ങൾ എല്ലാവരും കൂടി മഹാബലിപുരത്തേക്ക് യാത്രയായി.അവിടെ എനിക്ക് പരിചയം ഉണ്ടായിരുന്ന ഐഡിയൽ ബീച്ചിൽ തന്നെ ഞങ്ങൾ ഒരു കോട്ടേജ് വാടകക്ക് എടുത്തു. പിന്നെ തീറ്റയും കുടിയും ആയി ആഘോഷം തുടങ്ങി. കൂട്ടത്തിൽ ഒരാൾ നല്ലൊരു ഗായകൻ ആയിരുന്നു.പഴയ സിനിമാ ഗാനങ്ങളെ പറ്റിയായി പിന്നത്തെ ചർച്ച. വയലാറും പി. ഭാസ്കരനും ശ്രീകുമാരൻ തമ്പിയും കെ. രാഘവനും, ദേവരാജനും സലിൽ ചൗധരിയും ഒക്കെ ഞങ്ങളുടെ ചർച്ചകളിൽ കയറി വന്നു. കുപ്പികൾ ഒഴിഞ്ഞു കൊണ്ട് ഇരിക്കവേ വന്നവർ എല്ലാം നല്ല ഫോമിൽ ആയി. ഞാനും അഴകും പക്ഷേ ഓരോ ഗ്ലാസ് ബിയർ മാത്രം നുണഞ്ഞു കൊണ്ട് എല്ലാവരുടെയും കലാ പ്രകടനങ്ങൾ ആസ്വദിച്ചു കൊണ്ടിരുന്നു.
സന്ധ്യ മയങ്ങാറായതോടെ ഒരു കാർ കോട്ടേജിനു മുന്നിൽ വന്നു നിന്നു. അഴക് ഉടനെ പുറത്തേക്ക് ഇറങ്ങി. ആരാണ് വന്നതെന്നറിയാൻ പുറത്തേക്ക് നോക്കിയ ഞാൻ കാറിൽ നിന്നിറങ്ങിയവരെ കണ്ട് ഞെട്ടിപ്പോയി..
(തുടരും)
Pics..
1. Pavithram poster.
2.മോഹൻലാൽ.
3. ശോഭന.
4. തിലകൻ.
5. ശ്രീവിദ്യ.
6.വിന്ദൂജ മേനോൻ
7. ഇന്നസെന്റ്.
8. നെടുമുടി വേണു
9.ലളിത. K. P. A. C.
10. നരേന്ദ്ര പ്രസാദ്.
11. ശ്രീനിവാസൻ.
12. ഭാര്യ പോസ്റ്റർ
13.V. R. ഗോപാലകൃഷ്ണൻ.
14. ബാബു ചേർത്തല.
15. സെവൻ ആർട്സ് മോഹൻ.
16. N. വിജയകുമാർ.