സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 56
(ഗോപിനാഥ് മുരിയാട്)
കാറിൽ നിന്നും ഇറങ്ങിയ ആ അമ്മയേയും മകളെയും കണ്ട് ഞാൻ ഒരു നിമിഷം സ്തബ്ധനായി നിന്നു. അതിന് മുമ്പ് ഞാൻ വർക്ക് ചെയ്ത ഒന്ന് രണ്ട് സിനിമകളിൽ ആ കുട്ടി അഭിനയിച്ചീട്ടുണ്ട്. കൂടെ എപ്പോഴും ഈ അമ്മയും ഉണ്ടാകാറുണ്ട്.
ഇവർ ഇപ്പോൾ ഇവിടെ??
ഞാൻ സംശയത്തോടെ അഴകിനെ നോക്കി. അവൻ എന്നെ നോക്കി കണ്ണിറുക്കി.
അതിനകം അമ്മയും മകളും എന്റെ സമീപത്ത് എത്തിയിരുന്നു.
“ഗുഡ് ഈവെനിംഗ് സാർ ”
മകൾ എന്നെ വിഷ് ചെയ്തു. തിരിച്ചു വിഷ് ചെയ്യാൻ പോലും ആകാതെ ഞാൻ തരിച്ചു നിന്നു.
“വാങ്കോ അമ്മ. പ്രൊഡ്യൂസേഴ്‌സ് ഉള്ളെ ഇരിക്കാരെ ”
പെട്ടെന്ന് അഴക് അവരെയും കൂട്ടി കോട്ടെജിന് അകത്തെ മുറിയിലേക്ക് നടന്നു. പോകുന്നതിന് മുമ്പേ ഇരുവരും എന്നെ നോക്കി ‘പോയിട്ട് വരാം ‘എന്ന് പറഞ്ഞു അഴകിനെ അനുഗമിച്ചു.ഞാൻ ആകെ വല്ലാതെ ആയി.നിമിഷങ്ങൾക്കകം അഴക് തിരിയേ വന്നു.
“എന്നാടാ ഇതെല്ലാം..”ഞാൻ അൽപ്പം ദേഷ്യത്തോടെ തന്നെ അവനോട് ചോദിച്ചു.
“അവൻകൾക്ക് ഒരാസൈ. നേത്ത് ഉന്നുടെ റൂമിൽ വച്ചേ എങ്കിട്ടെ കേട്ടേൻ. യാരെ യാവത് കെടക്കുമാന്ന്.
ഇന്ത അമ്മാവും പൊണ്ണും പലാനതു താൻ. നമുക്ക് എന്നാ. അവങ്കേ പൈസ കൊടുക്ക പോരേൻ. അനുഭവിക്ക പോരേൻ. ഇങ്കെ ഇതെല്ലാം സഹജം താൻ.”
അതെ…സിനിമയിൽ ഇതൊക്കെ സാധാരണ തന്നെ. അത് എനിക്കും അറിയാം. പക്ഷേ ഒരമ്മയും മോളും കൂടി ആണല്ലോ രണ്ടു മൂന്നു ചെറുപ്പക്കാർക്കൊപ്പം അകത്ത് എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു. സിനിമയിൽ അഭിനയിക്കാൻ മോഹിച്ച് കോടംബക്കത്തു വന്നെത്തുന്ന ഒട്ടുമുക്കാൽ പെൺകുട്ടികൾക്കും ഇത്തരം അനുഭവങ്ങൾ അക്കാലത്തു് സാധാരണയായിരുന്നു. എന്റെ മുഖം ശ്രദ്ധിച്ച അഴക് എന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു. ഒന്നും മിണ്ടാതെ ഞങ്ങൾ ഇരുവരും തിരമാലകൾ പുല്കുന്ന ബീച്ചിലേക്ക് നീങ്ങി.
അങ്ങ് പടിഞ്ഞാറ് സൂര്യൻ അസ്‌തമിക്കാൻ ഒരുങ്ങുന്നു. ഐഡിയൽ ബീച്ചിൽ ഉല്ലസിക്കാൻ എത്തിയ ഒരു പാട് ഇണകൾ ഒറ്റക്കും കൂട്ടമായും ബീച്ചിൽ അലഞ്ഞു നടക്കുന്നു. അതിൽ പലരും ഇതുപോലെയുള്ള കാൾ ഗേൾസ് ആയിരിക്കാം.
“എന്നാലും ഇത് വേണ്ടായിരുന്നെടാ..”
എന്റെ ഉള്ളിലെ അനിഷ്ടം അഴകിനോട് പ്രകടിപ്പിക്കാതിരിക്കാൻ എനിക്കായില്ല.
“മരിജുവാന ” നടക്കാമെ പോയതിനാലെ നീ എവളം കഷ്ടത്തിൽ ഇരുക്ക്ന്ന് എനക്ക് തെരിയും. ഇതിപ്പോ അവങ്കളായെ നമ്മളെ തേടി വന്തിരിക്ക്. ടെലിഫിലിം ആരുന്താലും ഒരു വായ്‌പ് താനേ. നമുക്ക് എന്ന ആക പോകത്. ഇതിനാലെ ഉനക്ക് ഡയറക്ടർ ആവർത്ക്ക് ഒരു ചാൻസ് കിടച്ചാനാ ഐ ആം ഹാപ്പി.”
ഞാൻ അവന്റെ കയ്യിൽ ഇറുക്കി പിടിച്ചു. അവന്റെ ആത്മാർത്ഥത യിൽ എനിക്ക് സംശയം ഇല്ലായിരുന്നു. എങ്കിലും..
“ഗോപിയേട്ടാ, വാ.. ഇവിടെ എന്ത് ചെയ്യാ?? ”
ഞങ്ങൾ തിരിഞ്ഞു നോക്കി.കൂട്ടുകാരിൽ ഒരാൾ ഞങ്ങളുടെ നേരെ വരുന്നു.
“മുടിഞ്ചച്ചാ ”
അഴക് അവനോട് ചോദിച്ചു.
അവൻ ഒരു കള്ള ചിരിയോടെ തലയാട്ടി. പിന്നെ അഴകിനോട് സ്വകാര്യ മായി എന്തോ പറഞ്ഞു.
അഴക് എന്നെ നോക്കി അവനോട് പറഞ്ഞു.
“നീ പോയിട്.. അതൊന്നും വേണാ. അവൻകൾക്ക് നെറ്റ് തന്നെ തിരുപ്പി പോണം. ശീഘ്രം വേലയെ മുടിച്
അനപ്പിട്.”
അയാൾ തിരിയേ പോയി.
“എന്നവാ..” കാര്യം മനസ്സിലായെങ്കിലും ഞാൻ അവനോട് ചോദിച്ചു.
“ഉനക്ക് വേണമാന്ന്. ഡയറക്ടർ കിട്ടെ കേൾക്കാമേ ഇരുന്താ എപ്പിടി ന്ന് യോശിച്ചിരിക്കും ”
അവൻ ഒരു ചിരിയോടെ എന്നെ നോക്കി.
“പോരിയാ.നമ്മ കൂടെ അനുഭവിച്ചാ പോച്ച്.”
“ച്ചീ.. പോടാ.”ഞാൻ അവനോട് കയർത്തു. എനിക്ക് ആലോചിക്കാൻ പോലും ആവുന്ന കാര്യമല്ലായിരുന്നു അത്. രണ്ടു മൂന്നു പേർ ഉപയോഗിച്ച ശേഷം ഒരു സ്ത്രീയെ അനുഭവിക്കാൻ മാത്രം ചങ്കുറപ്പ് അന്നും ഇന്നും എനിക്കില്ല.അതും ഒരമ്മയുടെ മുമ്പിൽ വച്ച് അവരുടെ മകളെ. അത് മാത്രം അല്ല മനസ്സിൽ പ്രണയമോ ഇഷ്ടമോ തോന്നാത്ത ഒരാളുമായി എങ്ങനെ ശരീരം പങ്കിടാൻ കഴിയും??
അൽപ്പം കഴിഞ്ഞ് ആ സ്ത്രീയും മകളും യാത്ര പറഞ്ഞു തിരിച്ചു പോയി.അന്ന് രാത്രി ഞങ്ങൾ അവിടെ തന്നെ കൂടി. രാത്രി ഭക്ഷണം കഴിക്കുമ്പോൾ കൂട്ടത്തിൽ എന്നോട് ഏറ്റവും പ്രിയം ഉണ്ടായിരുന്ന യൂസഫ് മാത്രം പരിഭവം പറഞ്ഞു.
“ഗോപിയേട്ടനും അഴകും മാറി നിന്നത് ശരിയായില്ല. ഇതൊക്കെയല്ലേ ചേട്ടാ ജീവിതത്തിലെ ഒരു സന്തോഷം. ഞങ്ങൾ ഈ മരുഭൂമിയിൽ കിടന്ന് മാസങ്ങളോളം കഷ്ടപ്പെടുന്നതിന്റ സങ്കടം ഒക്കെ മറക്കുന്നത് നാട്ടിൽ വന്ന് കൂട്ടുകാരോടൊപ്പം ഇങ്ങനെ ഒക്കെ ഒന്ന് കൂടുമ്പോൾ ആണ്.”
മൂഡ് ഇല്ലായിരുന്നു എന്ന് പറഞ്ഞു ഞാൻ അവനെ സമാധാനിപ്പിച്ചു.
(എന്തോ എന്നോട് വലിയ ഇഷ്ടം ആയിരുന്നു യൂസഫിന് . 97 ലോ മറ്റോ ആണ് പുള്ളിയെ അവസാനമായി കണ്ടത്. ഇപ്പോൾ അവരൊക്കെ എവിടെയാണോ എന്തോ?)
അടുത്ത ദിവസം തന്നെ അവർ നാട്ടിലേക്ക് മടങ്ങി. അധികം വൈകാതെ കോഴിക്കോട് ചെല്ലണം എന്ന് പോകും മുമ്പ് അവർ പ്രത്യേകം ഓർമിപ്പിച്ചു.അടുത്ത ആഴ്ച തന്നെ ഞാനും അഴകും കോഴിക്കോട് എത്തി. അവിടെ മലബാർ ഹോട്ടലിൽ ആയിരുന്നു എനിക്കും അഴകിനും റൂം പറഞ്ഞിരുന്നത്.ഞങ്ങൾ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ തന്നെ മജീദ്, യൂസഫ്, രാജൻ എന്നിവർ ഒക്കെ സ്റ്റേlഷനിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. റൂമിൽ ചെന്ന് ഫ്രഷ് ആയ ശേഷം ടെലിഫിലിം ഷൂട്ടിംഗിനെ പറ്റി ആയി ചർച്ച. സ്ക്രിപ്റ്റ് എഴുതിയ ബാബു,
“അന്ന് ഗുഡ് ഫ്രൈഡേ “യിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി എന്റെ കൂടെ വർക്ക് ചെയ്ത രാജൻ ഉണ്ണിക്കുളം,നാടക രംഗത്ത് പ്രശസ്തനായ പൗർണമി ശങ്കർ തുടങ്ങിയവർ ഒക്കെ അന്ന് അവിടെ എത്തിയിട്ടുണ്ടായിരുന്നു.
ബാബുവിന്റെ സ്ക്രിപ്റ്റ് കേട്ടപ്പോൾ ഞാൻ മുമ്പൊരിക്കൽ വർക്ക് ചെയ്ത സത്യൻ അന്തിക്കാടിന്റെ,
” പപ്പൻ പ്രിയപ്പെട്ട പപ്പൻ “എന്ന സിനിമയാണ് ഓർമയിൽ വന്നത്.നാരായണൻ നായർ എന്ന വൃദ്ധനെ ആയുസ്സെത്തുന്നതിന് മുമ്പേ കാലൻ വന്ന് പരലോകത്തേക്ക് കൊണ്ട് പോകുന്നതും , കാലന് അബദ്ധം പറ്റിയതാണെന്ന് മനസ്സിലാക്കുന്ന നാരായണൻ നായർ തന്നെ ഉടനെ തിരിച്ച് അയക്കണം എന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുന്നതും ഒക്കെയാണ് കഥ. അൽപ്പം സാമൂഹ്യ വിമർശനം ഒക്കെയുള്ള ഒരു കോമഡി സറ്റയർ. ബാബു പുതിയ എഴുത്തുകാരൻ ആണെങ്കിലും കോമഡി നന്നായി വഴങ്ങുമായിരുന്നു. സ്ക്രിപ്റ്റ് വായിച്ച ഞാൻ ചില കറക്ഷൻസ് ഒക്കെ ചെയ്യേണ്ടി വരും എന്ന് സൂചിപ്പിച്ചപ്പോൾ അതൊക്കെ ചേട്ടന്റെ താല്പര്യപ്രകാരം മാറ്റിക്കോളാൻ അദ്ദേഹം സമ്മതിച്ചു. രണ്ട് ദിവസം കൊണ്ട് അവിടെ ഇരുന്ന് തന്നെ ഞാനും അഴകും കൂടി ബാബു എഴുതി കൊണ്ട് വന്ന കഥയെ ഒരു തിരക്കഥ രൂപത്തിൽ ആക്കി. (സത്യത്തിൽ ആദ്യമായി ഒരു കോമഡി സംഭവം ചെയ്യാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. പക്ഷേ അഴക് സമ്മതിച്ചില്ല.
ആ സബ്ജെക്ട് വേണ്ടെന്ന് ഞാൻ പറഞ്ഞാൽ, അവർ ചിലപ്പോൾ ആ പ്രൊജക്റ്റ് തന്നെ വേണ്ട എന്ന് വച്ചാലോ എന്നായിരുന്നു അവന്റെ ആശങ്ക. അത് കൊണ്ട് ഇത് അവരുടെ താല്പര്യ പ്രകാരം തന്നെ ചെയ്യാം എന്നായി അഴക്. അവസാനം ഞാനും അതിന് വഴങ്ങുകയായിരുന്നു )
പ്രധാന കഥാപാത്രങ്ങൾ ആയ നാരായണൻ നായർ ആയി കൃഷ്ണൻകുട്ടി നായരേയും കാലൻ ആയി ഈയിടെ അന്തരിച്ച P. C. സോമൻ, കാലന്റെ ഭാര്യ ആയി ലളിത ശ്രീ എന്നിവരെ ബുക്ക് ചെയ്യാൻ തീരുമാനിച്ചു. എറണാകുളത്തുള്ള “വികാസവാണി “സ്റ്റുഡിയോ യിൽ ഷൂട്ടിങ്ങും എഡിറ്റിങ്ങും മറ്റും ചെയ്യാം എന്ന് ഞാൻ പറഞ്ഞു .
(അന്ന് എറണാകുളത്തുള്ള ഏക umatic സ്റ്റുഡിയോ വികാസവാണി ആണെന്നാണ് എന്റെ ഓർമ. ഫാദർ സിറിയക് തുണ്ടിൽ ആയിരുന്നു ആ സ്റ്റുഡിയോ നടത്തിയിരുന്നത്. ഗ്രേസി ആണ് സ്റ്റുഡിയോയുടെ ഇൻചാർജ്. എഡിറ്ററും ഗ്രേസി തന്നെ).
കാര്യങ്ങൾ ഏകദേശം തീരുമാനം ആയപ്പോൾ ഇനി എറണാകുളത്തു ചെന്ന് സ്റ്റുഡിയോ ബുക്ക് ചെയ്യാൻ പോകാം എന്നായി ഞാൻ. സിനിമയിൽ വർക്ക് ചെയ്തീട്ടുണ്ടെങ്കിലും ഈ സീരിയൽ രംഗം എനിക്ക് അന്ന് അത്ര പിടിയില്ലായിരുന്നു. തുടക്കത്തിൽ മനുഷ്യ ബന്ധങ്ങൾ എന്ന ഒരു സീരിയൽ വർക്ക് ചെയ്തീട്ടുണ്ടെങ്കിലും.
പക്ഷേ താമരശ്ശേരിയിൽ ഉള്ള തന്റെ വീട്ടിൽ പോയിട്ട് പോകാം എന്നായി പ്രൊഡ്യൂസർ മജീദ്. അങ്ങനെ മജീദിന്റെ കാറിൽ തന്നെ ഞങ്ങൾ എല്ലാവരും താമരശ്ശേരിയിലേക്ക് യാത്ര യായി. ഉണ്ണിക്കുളം എന്ന സ്ഥലത്താണ് മജീദ് ന്റെ വീട്.
അവിടെ മജീദിന്റെ വീട്ടിൽ രാജകീയ സ്വീകരണം തന്നെ ആയിരുന്നു എനിക്കും അഴകിനും. കോഴിക്കോടുകാരുടെ അതിഥി സൽക്കാരത്തെ പറ്റി പറയേണ്ടല്ലോ. വിഭവസമൃദ്ധമായ മലബാർ സദ്യ തന്നെ ഒരുക്കി അവർ ഞങ്ങളെ അമ്പരപ്പിച്ചു കളഞ്ഞു. (ഭാര്യയും 2 മക്കളും ആണ് മജീദിന് എന്നാണ് ഓർമ. ഗൾഫിൽ പോയി സമ്പാദിച്ച പണം കൊണ്ട് ഉണ്ടാക്കിയ മനോഹരം ആയ ഒരു വീട് ആയിരുന്നു മജീദിന്റെത്.) 27 വർഷം കഴിഞ്ഞീട്ടും അന്നത്തെ ആ താമരശ്ശേരി യാത്ര ഇന്നും എന്റെമനസ്സിൽ നിറഞ്ഞു നിൽക്കുന്നതിന്റ കാരണം നിഷ്കളങ്ക മായ അവരുടെ സ്നേഹ വാത്സല്യങ്ങൾ തന്നെ.
അവിടെയുള്ള എല്ലാ സുഹൃത്തുക്കളുടെ വീട്ടിലും ഞങ്ങൾ പോയി എന്നാണ് ഓർമ.പിന്നെ നേരെ എറണാകുളത്തു തേങ്ങോട് ഉള്ള വകാസ വാണി യിലേക്ക്. അവിടെ ചെന്ന് അച്ചനെ കണ്ട് കാര്യങ്ങൾ പറഞ്ഞു. ചെറിയ ഒരു ടെലിഫിലിം ചെയ്യണം.3 എപ്പിസോഡ് ഉണ്ടാവും.” സ്വർഗത്തിലേക്ക് ഒരു കുറുക്കുവഴി “എന്നാണ് പേര്. അച്ചൻ ഉടനെ ഗ്രേസി യെ വിളിപ്പിച്ചു ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. അവിടെ സെക്കന്റ് ഫ്ലോറിലുള്ള രണ്ടു റൂമുകൾ ഞങ്ങൾക്ക് താമസിക്കാനായി ഗ്രേസി അറേഞ്ച് ചെയ്തു. (സ്റ്റുഡിയോ യുടെ മുകളിലെ ഒരു ഫ്ലോറിൽ പത്തോ പന്ത്രണ്ടോ റൂമുകൾ അവിടെ വർക്ക്ന് വരുന്നവർക്ക് താമസിക്കാൻ ആയിട്ട് ഉണ്ടായിരുന്നു ).
പ്രൊഡക്ഷൻ മാനേജർ ആയി ഒരു റാഫിയെയും ഗ്രേസി പരിചയപ്പെടുത്തി തന്നു. റാഫി ആണ് തിരുവനന്തപുരത്തു ചെന്ന് ക്യാമറമാൻ ബഷീർ, കൃഷ്ണൻകുട്ടി നായർ, പി.സി. സോമൻ എന്നിവരെ ഒക്കെ ബുക്ക് ചെയ്തത്. ഇവരെ കൂടാതെ കാലന്റെ മകൾ ആയി കോഴിക്കോട് ഉള്ള ചന്ദ്ര എന്ന ഒരു പുതുമുഖം കുട്ടിയും കൃഷ്ണൻ കുട്ടി നായരുടെ ഭാര്യ ആയി മാമംഗലം വാസന്തി, മക്കൾ ആയി ജിജോ, ഹാംലെൻ, എന്നിവരെയും റാഫി തന്നെ ഏർപ്പാട് ചെയ്തു. ഇവരെ കൂടാതെ മജീദിന്റെ സുഹൃത്തുക്കളായ രാജൻ ഉണ്ണിക്കുളം, മനോഹരൻ, രാമചന്ദ്രൻ, പൗർണമി ശങ്കർ സ്ക്രിപ്റ്റ് റൈറ്റർ ആയ M. S.ബാബു ബാലുശ്ശേരി ഇവരൊക്കെ “സ്വർഗത്തിലേക്ക് ഒരു കുറുക്കുവഴിയിൽ ” അഭിനയിക്കാൻ തീരുമാനം ആയി.ഇതിനിടയിൽ ഞാനും അഴകും മജീദും കൂടി ചെന്നൈയിൽ ചെന്ന് ലളിതശ്രീയെ ബുക്ക് ചെയ്തു. ആർട്ട് ഡയറക്ടർ ആയി എന്റെ റൂംമേറ്റ് ആയ ജീവൻദാസ് തന്നെ മതി എന്ന് തീരുമാനിച്ചു. (പ്രശസ്ത കലാസംവിധായകൻ കൃഷ്ണ മൂർത്തി യുടെ സഹായി ആയിരുന്നു ജീവൻ അന്ന് ).
അപ്പോൾ ആണ് ജീവൻ ഒരു കാര്യം പറയുന്നത്. യമപുരി സെറ്റ് ഇടുമ്പോൾ ബാക്ക് ഗ്രൗണ്ടിൽ നിറയെ ഡ്രൈ ഐസ് ഉപയോഗിച്ച് സ്മോക്ക് നിറച്ചാൽ നന്നായിരിക്കും. അത് അറേഞ്ച് ചെയ്യാൻ A.V.M. സ്റ്റുഡിയോയിൽ ഉള്ള എഡിറ്റർ പി.സി.മോഹനെ കണ്ടാൽ മതി എന്ന്. (മോഹൻ അന്ന് എഡിറ്റർ ശങ്കുണ്ണി ഏട്ടന്റെ അസിസ്റ്റന്റ് ആണ് ). ഞാൻ ഉടനെ മോഹനെ ചെന്ന് കണ്ട് ഡ്രൈ ഐസ് എറണാകുളത്ത് എത്തിക്കാൻ പുള്ളിക്ക് പരിചയം ഉള്ള ഒരാളെ അറേഞ്ച് ചെയ്തു.അങ്ങനെ എല്ലാം ഒരുവിധം സെറ്റ് ആക്കിയ ശേഷം ഞങ്ങൾ ഫെബ്രുവരി 18 ന് വികാസ വാണിയിൽ തന്നെ എന്റെ ആദ്യ ടെലിഫിലിമിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
(തുടരും)
Pics.
1. രാജൻ ഉണ്ണിക്കുളം, രാമചന്ദ്രൻ, ഞാൻ, അഴക്, മനോഹരൻ, മജീദ്.
2. മജീദ്, ഞാൻ.
3. അഴക്.
4. ജീവൻദാസ്.
5. P. C. മോഹൻ.
6. ലൊക്കേഷൻ സ്റ്റിൽ.
7. കൃഷ്ണൻ കുട്ടി നായർ, ചന്ദ്ര.