‘സ്വർഗത്തിലേക്ക് ഒരു കുറുക്കുവഴി’ (എന്റെ ആൽബം- 57)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
41 SHARES
495 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 57
(ഗോപിനാഥ്‌ മുരിയാട്)

94 മാർച്ച്‌ 18 നായിരുന്നു “സ്വർഗത്തിലേക്ക് ഒരു കുറുക്കുവഴി “യുടെ ചിത്രീകരണം ആരംഭിക്കുന്നത്. (കഴിഞ്ഞ എപ്പിസോഡ് ൽ ഫെബ്രുവരി 18 ന് തുടങ്ങി എന്നായിരുന്നു എഴുതിയിരുന്നത് ).വികാസാവാണി സ്റ്റുഡിയോയുടെ ഡയറക്ടർ ആയിരുന്ന ഫാദർ സിറിയക് തുണ്ടിൽ ആണ് ആദ്യത്തെ ക്ലാപ് നൽകി ചിത്രീകരണം ഉത്ഘാടനം ചെയ്തത്. കൃഷ്ണൻകുട്ടി നായരുടെ വീടായി സ്റ്റുഡിയോ കോമ്പൗണ്ടിൽ ഉള്ള ഒരു വീട് തന്നെ ആണ് ഷൂട്ടിംഗിന് കിട്ടിയത്. ആദ്യത്തെ 2 ദിവസം അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഉണ്ടായിരുന്നത് പുതു മുഖങ്ങൾ ആയ മാമംഗലം വാസന്തി (ഭാര്യ ), ജിജോ, ഹാംലൻ (അദ്ദേഹത്തിന്റെ മക്കൾ ), P. C. സോമൻ (കാലൻ ) എന്നിവർ ആണ്.

കൃഷ്ണൻകുട്ടി നായരും പി. സി. സോമനും T. V. യിലും സിനിമയിലും അന്നേ പ്രശസ്തരായിരുന്നു. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ പെട്ടെന്ന് തന്നെ ഭംഗിയായി ചിത്രീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. പക്ഷേ മറ്റുള്ളവരുടെ രംഗങ്ങൾ വന്നപ്പോൾ അവർക്ക് പരിചയ കുറവുണ്ടായിരുന്നതിനാൽ ഷൂട്ടിംഗ് അൽപ്പം സ്ലോ ആയി. 2 ദിവസം ആയിട്ടും വീട്ടിലെ രംഗങ്ങൾ തീരാതായതോടെ മൂന്നാമത്തെ ദിവസം ഷൂട്ടിംഗ് സ്റ്റുഡിയോയിൽ ഒരുക്കിയിരുന്ന യമപുരിയുടെ സെറ്റിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.

ആർട്ട്‌ ഡയറക്ടർ ജീവൻദാസ് മനോഹരമായി രൂപകല്പന ചെയ്ത ആ സെറ്റ് കാണാൻ തന്നെ സ്റ്റുഡിയോ സ്റ്റാഫു കളും സമീപ പ്രദേശത്തുള്ളവരും ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. കാലന്റെ വീടും ആ സെറ്റിൽ തന്നെ ആണ് ചിത്രീകരിച്ചത്. കാലന്റെ ഭാര്യ ആയി ലളിതശ്രീ യും മകളായി വന്ന പുതുമുഖം ചന്ദ്രയും അവരുടെ റോളുകൾ ഭംഗിയാക്കി. (ചന്ദ്ര കോഴിക്കോടു കാരി ആയിരുന്നു.അതിന് ശേഷം അവരെ പിന്നീട് ഒരു ചിത്രത്തിലും കണ്ടീട്ടില്ല ).

ചിത്രഗുപ്തനായി വേഷം ഇട്ട പൗർണമി ശങ്കർ നാടക രംഗത്ത് നിന്ന് വന്ന പരിചയ സമ്പന്നനായത് കൊണ്ട് അദ്ദേഹവും തന്റെ റോൾ വൃത്തിയായി ചെയ്തു . രണ്ടു ദിവസം കൊണ്ട് കാലന്റെ വീടും ചിത്രഗുപ്തനും കാലനും കൂടി കൃഷ്ണൻകുട്ടി നായരെ വിചാരണ ചെയ്ത് നരകത്തിലേക്ക് അയക്കാൻ തീരുമാനിക്കുന്നതും മറ്റും വിചാരിച്ചതിലും വേഗത്തിൽ തീർന്നു . കൗശലക്കാരൻ ആയ നായരുടെ കഥാപാത്രം കാലനെ ചതിച്ചു നരകത്തിലേക്ക് തള്ളിയിട്ടു സ്വർഗത്തിലേക്ക് കയറി പോകുന്നതാണ് കഥയുടെ ക്ലൈമാക്സ്‌. 4 ദിവസം കഴിഞ്ഞതോടെ മെയിൻ അര്ടിസ്റ്റ്സ് ആയ കൃഷ്ണൻ കുട്ടി നായർ, ലളിത ശ്രീ, പി. സി. സോമൻ എന്നിവരുടെ വർക്ക്‌ തീർന്നു. പിന്നെ ഒരു ദിവസം കൂടി ഷൂട്ട്‌ ചെയ്താലേ സീൻസ് തീരുകയുള്ളൂ. (4 ദിവസം കൊണ്ട് ഷൂട്ടിംഗ് തീർക്കാൻ ആയിരുന്നു പ്ലാൻ ). പൈസക്ക് ടൈറ്റ് ആയതോടെ മജീദ് കോഴിക്കോടേക്ക് തിരിച്ചു പോയി.
അവസാനദിവസത്തെ ഷൂട്ടിംഗിൽ മജീദിന്റെ ഫ്രണ്ട്‌സ് ആയ മനോഹരൻ, രാമചന്ദ്രൻ, രാജൻ ഉണ്ണിക്കുളം, സ്ക്രിപ്റ്റ് റൈറ്റർ കൂടെ ആയ എം.സ്.ബാബു. വാസന്തി, ജിജോ, ഹാംലെൻ ഇങ്ങനെയുള്ള പുതിയ ആളുകളുടെ സീൻസ് ആയിരുന്നു. ടെൻഷൻ ഒന്നും ഇല്ലാതെ അഞ്ചാം ദിവസം ചിത്രീകരണം അവസാനിച്ചു.
ക്യാമറമാൻ ബഷീർ, എന്റെ അസിസ്റ്റന്റ് ആയ അഴക്, രാജൻ ഉണ്ണിക്കുളം (രാജൻ നല്ലൊരു കോമഡി വേഷവും ഫിലിമിൽ ചെയ്തു ), മേക്കപ്പ് ലില്ലി ജോസഫ്, (ലില്ലി പ്രശസ്ത മേക്കപ്പ്മാൻ M. O. ദേവസ്യ യുടെ സഹായി ആയിരുന്നു ). ആർട്ട്‌ഡയറക്ടർ ജീവൻദാസ് (എന്റെ റൂം മേറ്റ്‌ ആയ ജീവൻ തന്നെ ), പ്രൊഡക്ഷൻ മാനേജർ ആയ റാഫി ഇവരൊക്കെ കട്ടക്ക് എന്റെ കൂടെ നിന്നത് കൊണ്ട് കൂടിയാണ് എന്റെ ആദ്യ സംരംഭം ഭംഗിയായി തീർന്നത്. പറയാൻ വിട്ടു. ഇവരെ കൂടാതെ എന്റെ സുഹൃത്തും നാട്ടുകാരനും ആയ രാജൻ സിതാരയെയും ഞാൻ സ്റ്റിൽസ് എടുക്കാൻ കൂടെ കൂട്ടിയിരുന്നു. രാജൻ ആദ്യമായി ഒരു ഷൂട്ടിംഗ് സെറ്റിൽ വർക്ക്‌ ചെയ്യുന്നതും എന്നോടൊപ്പം ആയിരുന്നു.

(ഈ രാജൻ ആണ് പിന്നീട് മന്ത്രി കൊച്ചമ്മ, ഭാര്യ വീട്ടിൽ പരമസുഖം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത് ).കൂടാതെ എറണാകുളത്തുകാരായ എന്റെ പഴയ സുഹൃത്തുക്കൾ സുഭാഷ് മേനോൻ, വിനോദ് മേനോൻ എന്നിവരും ഈ പ്രൊജക്റ്റിനു പിന്തുണ നൽകി ആദ്യാവസാനം എനിക്കൊപ്പം ഉണ്ടായിരുന്നു.
അഞ്ചാം ദിവസം രാത്രി 10 മണിയോടെ പൂശനിക്കാ (കുമ്പളങ്ങ )ഉടച്ച് ഷൂട്ടിംഗ് പാക്ക് അപ്പ്‌ ആയി. (തേങ്ങ ഉടച്ചുകൊണ്ട് ആരംഭിക്കുന്നതും കുമ്പളങ്ങ ഉടച്ച് അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് പഴയ സിനിമാ രീതി ).

രാത്രി വൈകിയാണ് കോഴിക്കോട് പോയ മജീദ് തിരിച്ചെത്തിയത്. ഏതോ സുഹൃത്തുക്കളെ ഒക്കെ കണ്ട് കുറച്ചു കൂടി പണം അറേഞ്ച് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നു എല്ലാവരെയും സെറ്റിൽ ചെയ്ത് അയക്കാൻ . ആർട്ടിസ്റ്സ്നെ ഒക്കെ നേരത്തെ സെറ്റ് ചെയ്ത് അയച്ചെങ്കിലും ക്യാമറ, യൂണിറ്റ് മറ്റ്‌ ടെക്‌നിഷ്യസിനെ ഒക്കെ അടുത്ത ദിവസം രാവിലെയാണ് അയക്കാൻ കഴിഞ്ഞത്. എല്ലാവരെയും തിരിച്ച് അയച്ചു കഴിഞ്ഞ് അവസാനം ഞാനും പ്രൊഡ്യൂസേഴ്‌സും അഴകും മാത്രം ആയി.

വികാസവാണിയിലെ ഇൻചാർജ് ആയ ഗ്രേസിയെ ചെന്ന് പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ എന്ന് തുടങ്ങാം എന്നന്വേഷിച്ചപ്പോൾ ഗ്രേസി പറഞ്ഞു.
“നമുക്ക് നാളെ തന്നെ എഡിറ്റിംഗ് തുടങ്ങാം സാർ. ഇവിടെ വേറെ ഒരു വർക്ക്‌ നടക്കുന്നത് ഞാൻ പറഞ്ഞ് അൽപ്പം നീട്ടി വയ്പ്പിച്ചു. അല്ലെങ്കിൽ പിന്നെ സാർ തിരിച്ചു ചെന്നൈക്ക് പോയിട്ട്, വീണ്ടും വരാൻ നിൽക്കണ്ടേ?”.

അങ്ങനെ ഞാനും അഴകും മാത്രം അവിടെ തുടരാം എന്നും മജീദും സുഹൃത്തുക്കളും തല്ക്കാലം കോഴിക്കോടേക്ക് തിരിച്ചു പോയി ഡബ്ബിങ് തുടങ്ങാറാവുമ്പോഴേക്കും എത്താം എന്നും തീരുമാനം ആയി.
അടുത്ത ദിവസം തന്നെ ഡബ്ബിങ് തുടങ്ങി. അബി,ബിന്ദു, ഹരി, നജീബ് തുടങ്ങിയവർ ആയിരുന്നു ഡബ്ബിങ് ആർട്ടിസ്റ്സ്. പ്രശസ്ത മിമിക്രി കലാകാരൻ ആയ അബിയെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഈ ഡബ്ബിങ്ന് വന്നപ്പോൾ ആണ് ഞാൻ പുള്ളിയെ ആദ്യമായി കാണുന്നത്.(ഇതിൽ ചിത്ര ഗുപ്തന്റെ വേഷം ഇട്ട പൗർണമി ശങ്കറിന് വേണ്ടിയാണ് അബി ഡബ് ചെയ്തത് ) ചെറിയ ആർട്ടിസ്റ്സ് ന്റെ ഡബ്ബിങ് എല്ലാം ഒറ്റ ദിവസം കൊണ്ട് തീർത്തു.

അതിന് ശേഷം ആണ് കൃഷ്ണൻ കുട്ടി നായരേയും P. C. സോമനെയും വരുത്തിയത്. ഇരുവരും ഒരു ദിവസം തന്നെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തെത്തി തങ്ങളുടെ ഡബ്ബിങ് തീർത്ത് മടങ്ങി. (പോകുന്നതിന് മുമ്പേ രണ്ടു പേരും വർക്ക്‌ നന്നായിട്ടുണ്ടെന്നും ഇനി ചെയ്യുമ്പോൾ കോമഡി വിട്ട് അൽപ്പം സീരിയസ് ആയ എന്തെങ്കിലും ചെയ്യണം എന്നും എന്നെ ഉപദേശിച്ചു ) അവസാനം ചെന്നൈയിൽ നിന്നും ലളിതശ്രീ എത്തി. രാവിലെ ആലപ്പി എക്സ്പ്രസിൽ വന്ന ലളിതശ്രീ ഉച്ചയോടെ തന്റെ വർക്ക്‌ തീർത്ത് ഈവെനിംഗ് അതേ ട്രെയിന് തന്നെ മടങ്ങി.

ഡബ്ബിങ് തീർന്നതോടെ ട്രിം ചെയ്ത് എപ്പിസോഡുകളായി തിരിക്കുന്ന ജോലി തുടങ്ങി. ഒരു മണിക്കൂറിൽ കൂടുതൽ ഉണ്ടായിരുന്ന ടെലിഫിലിം ഞങ്ങൾ എഡിറ്റ്‌ ചെയ്ത് മൂന്ന് എപ്പിസോഡുകൾ ആക്കി.
ഇനി റി റെക്കോർഡിങ് ചെയ്യണം. നമുക്ക് വലിയ ബഡ്ജറ്റ് ഇല്ലാത്തതിനാൽ എറണാകുളത്ത് തന്നെ മ്യൂസിക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് ഗ്രേസിയോട് അന്വേഷിച്ചു. അങ്ങനെയാണ് മ്യൂസിക് ചെയ്യാൻ ഞങ്ങൾ സെബി നായരമ്പലത്തെ ഏൽപ്പിക്കുന്നത്.എറണാകുളം സൗത്തിൽ ഉള്ള ഏതോ ചെറിയ തിയേറ്ററിൽ വച്ചായിരുന്നു “സ്വർഗത്തിലേക്ക് ഒരു കുറുക്കുവഴി “യുടെ റി റെക്കോർഡിങ്.

ബാക്ക് ഗ്രൗണ്ട് മ്യൂസിക് നൽകുന്നതോടെയാണ് ഒരു ചിത്രത്തിന് ജീവൻ വെക്കുന്നതെന്ന് പറയാം. ഒരു ഡയറക്ടർ തന്റെ മനസ്സിൽ കണ്ട വിഷ്വലൈസേഷന് പൂർണമായ മിഴിവ് വന്നോ, അതിന് ഉദ്ദേശിച്ച ഇമ്പാക്ട് ലഭിച്ചോ എന്നൊക്കെ മനസ്സിലാക്കാൻ കഴിയുന്നത് റീ റെക്കോർഡിങ് കഴിയുന്നത്തോടെ ആണ്. ഒരുപാട് ചിത്രങ്ങളുടെ റീ റെക്കോർഡിങ്ങിന് സാക്ഷിയാവാൻ എനിക്ക് ഭാഗ്യം ലഭിച്ചീട്ടുണ്ട്. (പണ്ടൊക്കെ സെൻസറിന് വേണ്ടി വിഷ്വൽസ് നോട്ട് ചെയ്തിരുന്നത് പടത്തിന്റെ റീ റെക്കോർഡിങ് വേളകളിൽ ആയിരുന്നു. ജോൺസൺ, ശ്യാം, മോഹൻ സിതാരാ, ഔസേപ്പച്ചൻ, A.T. ഉമ്മർ, കണ്ണൂർ രാജൻ, M. G. രാധാകൃഷ്ണൻ, ഇളയ രാജ,ദേവരാജൻ മാസ്റ്റർ രാജമണി, അർജുനൻ മാസ്റ്റർ, ബോംബെ രവി തുടങ്ങിയ മലയാളത്തിലെ പ്രഗത്ഭരുടെ ഒക്കെ റീ റെക്കോർഡിങ്ന് സാക്ഷിയാവാൻ കഴിഞ്ഞത് ഒരുപക്ഷെ ഏതെങ്കിലും മുജ്ജന്മ പുണ്യം കൊണ്ടായിരിക്കാം.

അത് കൊണ്ട് തന്നെ എന്റെ പ്രഥമ സംവിധാന സംരംഭത്തിന് പശ്ചാത്തല സംഗീതം നൽകുന്ന വേളയിൽ ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. താരതമ്യേനെ പുതുമുഖം ആയിരുന്നീട്ടു കൂടി സെബി ഞാൻ ഉദ്ദേശിച്ചതിലും നന്നായി തന്നെ തന്റെ ജോലി ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി.
ഫൈനൽ മിക്സിങ്ങും ടൈറ്റിൽ പോസ്റ്റിങ്ങും ഒക്കെ നടക്കുന്ന വേളയിൽ ഒരു ദിവസം ഞാൻ ഗ്രേസിയുടെ എഡിറ്റിംഗ് സ്യൂട്ടിലേക്ക് കയറുമ്പോൾ അവിടെ ഗ്രേസി യുടെ തൊട്ട് അടുത്തുള്ള കസേരയിൽ എനിക്ക് പരിചയം ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു.അവിടെ അതേ സമയം തന്നെ വേറെ ഒരു ടെലി ഫിലിംന്റെ വർക്ക്‌ നടക്കുന്നതായി ഗ്രേസി എന്നോട് പറഞ്ഞിരുന്നു. എന്നെ കണ്ട ഉടൻ ഗ്രേസി എണീറ്റ് അപരനെ എനിക്ക് പരിചയപ്പെടുത്തി.
“സാർ, ഇതാണ് ഞാൻ പറഞ്ഞ മറ്റേ ടെലി ഫിലിമിന്റെ ഡയറക്ടർ.”
ഒത്ത പൊക്കം ഉള്ള ബ്ലൂ ജീൻസും ലൂസ് ഷർട്ടും ധരിച്ച താടിക്കാരനായ ആ യുവാവ് വിടർന്ന ഒരു ചിരിയോടെ എന്റെ നേരെ കൈകൾ നീട്ടി.
“ഞാൻ ബൈജു കൊട്ടാരക്കര..”

(തുടരും)

1.പൂജക്ക് ഫാദർ സീറിയക് തുണ്ടിൽന്റെ ഫസ്റ്റ് ക്ലാപ്.
2. കൃഷ്ണൻ കുട്ടി നായർ, ചന്ദ്ര.
3. ലളിതശ്രീ.
4. ചന്ദ്ര, ലളിതശ്രീ.
5.ബാബു, ഹാം ലെൻ, മാമംഗലം വാസന്തി & me.
6&7. വർക്കിംഗ്‌ സ്റ്റിൽസ്
8.രാജൻ ഉണ്ണിക്കുളം, മാമംഗലം വാസന്തി, അഴക് & me.
9.കൃഷ്ണൻ കുട്ടി നായർ
10. സെബി നായരമ്പലം
11. അഴക്
12. വിനോദ്
13. സുഭാഷ്.

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ