നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
99 SHARES
1185 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 6
(ഗോപിനാഥ്‌ മുരിയാട്)

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ…

1986 എന്നെ സംബന്ധിച്ചിടത്തോളം ഒരു മറക്കാനാവാത്ത വർഷം ആണ്. മലയാളസിനിമയിലെ പ്രഗൽഭരായ പല സംവിധായകരുടെയും സിനിമകളിൽ ഭാഗഭക്കാകാൻ കഴിഞ്ഞ വർഷം ആയിരുന്നു അത്. പ്രത്യേകിച്ച് ” 86 ലെ ഓണം. 8 സിനിമകൾ റിലീസ് ആയതിൽ 4 ഉം ഞാൻ വർക്ക്‌ ചെയ്തതാണ്. മമ്മൂട്ടിയുടെ 5 സിനിമ ആണ് ആ വർഷം ഓണത്തിന് റിലീസ് ആയത്. അവിശ്വസനീയം അല്ലേ? പക്ഷേ സത്യം ആണ്. ഇതിൽ ഫാസിലിന്റെ പൂവിനു പുതിയ പൂന്തെന്നൽ, P. G. വിശ്വംഭരന്റെ നന്ദി വീണ്ടും വരിക. (ഇതിന് പുറമെ ആവനാഴി (I. V. Sasi), ന്യായവിധി, സായം സന്ധ്യ (ജോഷി )ഇങ്ങനെ 3 ഫിലിം കൂടെ മമ്മൂട്ടിയുടേതായി റിലീസ് ആയി. )ബാലചന്ദ്രമേനോന്റെ വിവാഹിതരെ ഇതിലെ ഇതിലെ, പദ്മരാജൻ സാറിന്റെ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, എന്നീ സിനിമകളും ഞാൻ തന്നെ ആണ് വർക്ക്‌ ചെയ്തത്.

കഴിഞ്ഞ ദിവസം ഈ ഗ്രൂപ്പിൽ ഒരു സുഹൃത്ത് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളെ കുറിച്ച് എഴുതിയപ്പോൾ ആണ് എനിക്ക് ഈ സിനിമയുമായി സഹകരിച്ച അനുഭവങ്ങൾ നിങ്ങളുമായി പങ്കുവെക്കണം എന്ന് തോന്നിയത്. പൂവിനു പുതിയ പൂന്തെന്നലിന്റെ വർക്ക്‌ തീർത്തു തിരികെ പോകാൻ നേരം പ്രൊഡക്ഷൻ കൺട്രോളർ ലത്തീഫ് ഇക്ക എന്നോട് ചോദിച്ചു..
“തിരക്ക് ഒക്കെ കഴിഞ്ഞോ?? “ഉവ്വ് ഇക്കാ.. വേറെ വല്ല വർക്കും ഉണ്ടോ ? ”
പ്രതീക്ഷയോടെ ഞാൻ ചോദിച്ചു. ഇക്ക തന്നെ ആണ് മുന്തിരിത്തോപ്പുകളുടെയും കൺട്രോളർ എന്ന് ഞാൻ കേട്ടിരുന്നു.
“ഉം. എങ്കിൽ മറ്റന്നാൾ ജമിനിയിലേക്ക് വാ. പദ്മരാജൻ സാർ നാളെ എത്തും. മുന്തിരി തോപ്പുകളുടെ റീറെക്കോർഡിങ് മറ്റന്നാൾ തുടങ്ങുകയാണ്. ജമിനി സ്റ്റുഡിയോയിൽ ആണ് റിറെക്കോർഡിങ്ങും മിക്സിങ്ങും. ”
ഞാൻ സന്തോഷത്തോടെ സമ്മതിച്ച് തിരിച്ചു പോയി.

പറഞ്ഞ ദിവസം തന്നെ രാവിലെ 8-30 മണിക്ക് ഞാൻ ജമിനിയിലെ റെക്കോർഡിങ് തിയേറ്ററിൽ എത്തി. ലത്തീഫ് ഇക്ക താടിവച്ച ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയിട്ട് പറഞ്ഞു.
“ഇത് സുരേഷ് ഉണ്ണിത്താൻ.
പദ്മരാജൻ സാറിന്റെ അസ്സോസിയേറ്റ് ആണ്. ”
നിങ്ങൾക്ക് വേണ്ടതൊക്കെ പുള്ളിയോട് ചോദിച്ചാൽ മതി. ”
ഉണ്ണിത്താൻ ചേട്ടൻ നന്നായി സംസാരിക്കും. ഒട്ടും ജാഡ ഇല്ലേ. കുശല പ്രശ്നങ്ങൾക്ക് ശേഷം ഞാൻ സ്ക്രിപ്റ്റ്, സോങ് കോപ്പിസ്, ആർട്ടിസ്റ്റ് ഡീറ്റെയിൽസ് ഇതെല്ലാം വേണം. എന്നാലേ എന്റെ ജോലി ആരംഭിക്കാൻ പറ്റൂ എന്ന് സൂചിപ്പിച്ചപ്പോൾ അടുത്ത ദിവസം രാവിലെ രാജ് ഹോട്ടലിൽ വന്നാൽ മതി. അവിടെ ആണ് ഞങ്ങൾ താമസിക്കുന്നത്.
സ്ക്രിപ്റ്റ് ഒന്നും എടുത്തില്ല
എന്ന് അദ്ദേഹം പറഞ്ഞു.
എന്തായാലും അൽപ്പം കഴിഞ്ഞപ്പോഴേക്കും പദ്മരാജൻ സാറും. മ്യൂസിക് ഡയറക്ടർ ജോൺസണും എത്തി. ജോൺസേട്ടനെ എനിക്ക് മുമ്പേ അറിയാം. അന്ന് മദ്രാസിൽ വർക്ക്‌ നടക്കുന്ന ഒട്ടുമുക്കാൽ സിനിമകളുടെയും ബാക്ക് ഗ്രൗണ്ട് സ്കോർ അദ്ദേഹത്തിന്റെതായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ഏത് പടത്തിനു റീറെക്കോർഡിങ് തിയേറ്ററിൽ എത്തിയാലും അവിടെ ജോൺസേട്ടനും അദ്ദേഹത്തിന്റെ മ്യൂസിഷ്യൻസും കാണും. (C. D. ഇറങ്ങാത്ത ആ കാലത്ത് റീറെക്കോർഡിങ് ചെയ്യാനായി തിയേറ്ററിൽ പടം ഇടുമ്പോൾ അത് കണ്ടാണ് ഞാൻ ഷോർട്ട്സ് മാർക്ക്‌ ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ റീറെക്കോർഡിങ് നടക്കുന്ന ദിവസങ്ങളിൽ എല്ലാം ഞാനും മ്യൂസിഷ്യൻസ് നൊപ്പം അവിടെ കാണും.)

അങ്ങനെ റീൽസ് ഓരോന്നും കണ്ട് മ്യൂസിഷ്യൻസ് കമ്പോസിംഗ് നടത്തുന്നതിനൊപ്പം ഞാൻ എന്റെ ജോലിയും തുടർന്നു. രാഗം മൂവീസിന്റെ ബാനറിൽ മണി മല്ല്യത് നിർമിച്ച ഈ ചിത്രത്തിന്റ ഗാനങ്ങൾ O. N. V. സംഗീതം ജോൺസൻ, ക്യാമറ വേണു എന്നിവർ ഒക്കെ ആണ് അണിയറ ശില്പികൾ. K. K. സുധാകരന്റെ കഥക്ക് സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തത് പദ്മരാജൻ.

ഇടവേളയിൽ എപ്പോഴാ ലത്തീഫ് ഇക്ക യുടെ കൂടെ ചെന്ന് പദ്മരാജൻ സാർ നെ പരിചയപ്പെട്ടു. ഇതാ ഇവിടെ വരെ മുതൽ ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആണെന്ന് പറഞ്ഞു. തകരയും, രതിനിർവേദവും എന്റെ കൗമാര മനസ്സിനെ കുറച്ചൊന്നുമല്ല കുളിരണിയിപ്പിച്ചത്. മിത ഭാഷി യായ അദ്ദേഹം കൂടുതൽ സംസാരിക്കില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ കുശലം അവസാനിപ്പിച്ചു മടങ്ങി.

അടുത്ത ദിവസം രാവിലെ തന്നെ ഞാൻ നുങ്കംപാക്കത്തുള്ള രാജ് ഹോട്ടലിൽ എത്തി. ഉണ്ണിത്താൻ ചേട്ടൻ കതകു തുറന്നു സ്വീകരിച്ചു. കൂടെ റൂമിൽ ഉണ്ടായിരുന്ന മെലിഞ്ഞു നീണ്ട പയ്യനെ പരിചയപ്പെടുത്തി. “ബ്ലസി, അസിസ്റ്റന്റ് ഡയറക്ടർ ആണ്.” (ഇന്നത്തെ പ്രശസ്ത സംവിധായകൻ ആയ ബ്ലസിയുടെ ഫസ്റ്റ് ഫിലിം ഇതായിരുന്നു )അൽപനേരം കൂടി സംസാരിച്ചിരുന്ന ശേഷം സ്ക്രിപ്റ്റും മറ്റും വാങ്ങി ഞാൻ അവരോട് യാത്ര പറഞ്ഞു തിയേറ്ററിലേക്ക് പോയി.

മുന്തിരി തോപ്പുകൾ മനോഹരമായ ഒരു പ്രണയ കഥ ആയിരുന്നു. പക്ഷേ അന്നുവരെ മലയാള സിനിമക്ക് അപരിചിതമായിരുന്ന മൈസൂരിലെ മുന്തിരിത്തോപ്പുകളുടെ ആ ഒരു പശ്ചാത്തലവും വെള്ള കളറിൽ ഉള്ള മര അഴികൾ കൊണ്ട് വേലി കെട്ടിയ പച്ച പുൽത്തകിടി വിരിച്ച സോളമന്റെയും സോഫിയ യുടെയും വീടുകളും എല്ലാം വേണുവിന്റ ക്യാമറക്കണ്ണിലൂടെ കണ്ടപ്പോൾ അത് ഒരു പുതിയ അനുഭൂതി തന്നെ ആയിരുന്നു ആസ്വാദകർക്ക്. ജോൺസേട്ടന്റെ മനോഹരമായ സംഗീതം, പ്രത്യേകിച്ച് B. G. M. വർണനാതീതം.

ആകാശമാകെ എന്ന ഗാനത്തിലൂടെ വളരുന്ന ഇരുവരുടെയും പ്രണയം, ബൈബിൾ വചനങ്ങളിലൂടെ അനുരാഗം കൈമാറുന്നത്, തിലകൻ അവതരിപ്പിച്ച ക്രൂരൻ ആയ രണ്ടാനച്ചൻ, നിരാലംമ്പയായ സോഫിയ, അവസാനം പിഴച്ചു പോയ പ്രണയിനിയെ സ്വീകരിക്കാൻ സോളമൻ കാണിച്ച തന്റേടം.. എല്ലാം കൂടെ സ്ക്രിപ്റ്റിൽ പദ്മരാജൻ സാറിന്റെ മാജിക്‌ പറഞ്ഞാലും പറഞ്ഞാലും മതിവരില്ല. ഈ ചിത്രത്തിലെ മറ്റൊരു മനോഹര രംഗം ആയിരുന്നു യേശുവിന്റെയും ശിഷ്യന്മാരുടെയും ചിത്രം ചുവരിൽ ആണി അടിച്ചു വയ്ക്കാൻ നേരം തിലകൻ ശാരിയെ അടുത്ത് വിളിച്ചു അവളെ പീഡിപ്പിച്ചു രസിക്കുന്നത്. ആ രംഗത്ത് ഉപയോഗിച്ചിരിക്കുന്ന B.G.M.രംഗത്തിന്റ ടെമ്പോ വല്ലാതെ ഉയർത്തിയിരിക്കുന്നു.

തുടക്കത്തിൽ ടാങ്കർ ലോറിയിൽ വരുന്ന സോളമൻ അവസാനം തന്റെ കാമുകിയെ ടാങ്കർ ലോറിയിലേക്ക് വലിച്ചു കയറ്റി പോകുമ്പോൾ, ഒരു ദീർഘനിശ്വാസത്തോടെ അതിലേറെ ആശ്വാസത്തോടെയാണ് കാണികൾ തീയേറ്ററിൽ നിന്ന് നിർത്താത്ത കയ്യടികളോടെ ഇറങ്ങി പോകുന്നത്. സോഫിയയെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതിന് മുമ്പ് സോളമൻ തിലകന്റെ ചെകിടത്തടിക്കുന്ന രംഗം കഴിഞ്ഞതും ജോൺസേട്ടൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു..
“തിലകേട്ടന് ആ അടി കൊടുത്തത് കലക്കി . അത് വേണ്ടത് തന്നെ ആയിരുന്നു.. ”

പദ്മരാജൻ, ജോൺസൻ, O.N.V., തിലകൻ പ്രതിഭകൾ ഓരോരുത്തർ ആയി കളം ഒഴിഞ്ഞു.. പക്ഷേ അവർ നമുക്ക് മുന്നിൽ തീർത്ത വെള്ളിത്തിരയിലെ വിസ്മയങ്ങൾ ഇനിയും അവശേഷിക്കും..വരും തലമുറകൾക്ക് പ്രചോദനം ആയി…

N.B.ആ ഓണത്തിന് ഇറങ്ങിയ 8 സിനിമകളിൽ ഹിറ്റ്‌ ആയത് 3 എണ്ണം മാത്രം.
1) ആവനാഴി
2) മുന്തിരി തോപ്പുകൾ,
3) സുഖമോ ദേവി..

തുടരും…


Pics.
1.padmarajan.
2.Blessy.
3.suresh unnithan.
4.poster.
5.Latheef.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി