വിനീതിനെയും സുനിതയെയും കഥാപാത്രങ്ങളാക്കി തിരക്കഥാ രചന (എന്റെ ആൽബം- 60)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
419 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 60
(ഗോപിനാഥ്‌ മുരിയാട്)

ബാലകൃഷ്ണൻ സാർ പാലക്കാട്‌ കാരൻ ആണെങ്കിലും വർഷങ്ങൾ ആയി മദ്രാസിൽ സെറ്റിൽഡ് ആണ്. ഞാൻ പരിചയപ്പെടുമ്പോൾ തന്നെ അദ്ദേഹത്തിന് 60 വയസ്സിന് മേൽ പ്രായം ഉണ്ട്. മലയാളത്തിനേക്കാൾ കൂടുതൽ തമിഴ് സിനിമകളിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട് തമിഴ് ആണ് കൂടുതൽ വഴങ്ങുക.

സഹസംവിധായകൻ ആകാൻ ഉള്ള പരിശ്രമത്തിനിടെ എപ്പോഴാ പരിചയപ്പെട്ടതാണദ്ദേഹത്തെ. അപ്പോഴേക്കും സിനിമകളിൽ കാര്യമായി വർക്ക്‌ ഇല്ലാതെ ആയതിനാൽ അദ്ദേഹം എന്റെ റൂമിലെ നിത്യ സന്നർശകൻ ആയി മാറി. M. G. R. ശിവാജി ഗണേശൻ, സത്യൻ മാസ്റ്റർ തുടങ്ങിയ ഇതിഹാസ താരങ്ങൾ ക്കൊപ്പം വർക്ക്‌ ചെയ്ത അനുഭവങ്ങൾ അദ്ദേഹം ഞങ്ങളോട് പങ്കു വെക്കാറുണ്ട്. അതൊക്കെ കേൾക്കാനും പഴയ സിനിമാ വിശേഷങ്ങൾ അറിയാനും ഉള്ള താല്പര്യം നിമിത്തം അദ്ദേഹം റൂമിൽ വരുന്നത് എനിക്കും വളരെ സന്തോഷമായിരുന്നു.അങ്ങനെ ഇരിക്കേ ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു.

“ഗോപി, ഒരു ചെറിയ പ്രൊഡ്യൂസർ വന്നീട്ടുണ്ട്. പുള്ളിക്ക് വടപളനിയിൽ ഹോട്ടൽ ബിസിനസ്‌ ആണ്. അധികം പൈസ ഇല്ലാത്തതിനാൽ തമിഴിൽ ചെയ്യാൻ നിവർത്തിയില്ല . മലയാളത്തിൽ പുതിയ ആരെയും എനിക്ക് പരിചയം ഇല്ല. കമലഹാസന്റെ “സാഗര സംഗമം “പോലെ സംഗീതവും നൃത്തവും ഒക്കെ സമന്വയിപ്പിച്ച ഒരു ചിത്രം ആണ് എന്റെ മനസ്സിൽ. ഗോപി എന്റെ കൂടെ നിൽക്കണം. സ്ക്രിപ്റ്റും എഴുതിക്കോളൂ.”

അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ വല്ലാതെ ത്രിൽ അടിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ.. ഞാൻ സമ്മതം മൂളി എന്ന് മാത്രം അല്ല അന്ന് മുതൽ പുതിയ ചിത്രത്തിന് വേണ്ടി തല പുകയ്ക്കാൻ തുടങ്ങി.രണ്ട് ദിവസത്തിനകം ബാലേട്ടൻ പ്രൊഡ്യൂസറുമായി മുറിയിൽ എത്തി. നാസർ എന്നോ മറ്റോ ആണ് അദ്ദേഹത്തിന്റെ പേര്. അതിനിടയിൽ ഞാൻ സ്ക്രിപ്റ്റിന്റെ ഒരു റഫ് ഓൺലൈൻ തയ്യാർ ആക്കിയിരുന്നത് അദ്ദേഹത്തെ കേൾപ്പിച്ചു. സിനിമയെ കുറിച്ചോ കഥയെ കുറിച്ചോ ഒന്നും വലിയ ഗ്രാഹ്യം ഇല്ലാത്തതിനാൽ അതൊന്നും പുള്ളിക്ക് വലിയ വിഷയം ആയിരുന്നില്ല.ആരെ വച്ച് ചെയ്യാം എന്നായി അദ്ദേഹം. ഞാൻ വിനീതിനെയും സുനിത യെയും സജസ്റ്റ് ചെയ്തു. രണ്ട് പേരും നൃത്തം പഠിച്ചീട്ടുണ്ട്. രാജസേനൻ ഡയറക്റ്റ് ചെയ്ത “കണി കാണും നേരം “റിലീസ് ആയ സമയം ആയിരുന്നു അത്.

വിദ്യയുടെ (സുനിത യുടെ ഒറിജിനൽ പേര് ) ഡാൻസിൽ ഉള്ള പ്രാവീണ്യത്തെ പറ്റി ഒക്കെ “നാന”യിലോ മറ്റോ വായിച്ചിരുന്നു. വിനീത് അന്ന് കോഴിക്കോട് ആണ് താമസം. സുനിതയെ പോയി കാണാം എന്നായി പ്രൊഡ്യൂസർ. (സ്ക്രിപ്റ്റ് ഒക്കെ പൂർത്തിയായിട്ട് പോവാം എന്ന് ഞാൻ പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല )
ഞാൻ ഉടനെ എനിക്ക് പരിചയം ഉള്ള ഏതോ പ്രൊഡക്ഷൻ കൺട്രോളറെ ബന്ധപ്പെട്ട് സുനിതയുടെ അഡ്രസ് വാങ്ങി. വെസ്റ്റ് മാമ്പലത്ത് ആണ് അന്ന് സുനിത താമസിച്ചിരുന്നത്.

അടുത്ത ദിവസം തന്നെ ഞാനും ബാലേട്ടനും പ്രൊഡ്യൂസറും കൂടി സുനിത യുടെ വീട്ടിൽ എത്തി.
സുനിതയും അമ്മയും മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളു. ഞാൻ തന്നെ പ്രൊഡ്യൂസറേയും ഡയറക്ടറേയും പരിചയപ്പെടുത്തി. പുതിയ പ്രൊഡ്യൂസറും ഡയറക്ടറും ആണെന്ന് അറിഞ്ഞപ്പോൾ സുനിത യുടെ അമ്മ ഹാർദ്ദവമായി സ്വീകരിച്ചു. (“കൊടൈ മഴ “എന്നൊരു തമിഴ് ചിത്രവും മലയാളത്തിൽ “കണി കാണും നേരവും “ചെയ്‌തെങ്കിലും രണ്ടു പടവും വലിയ വിജയം ആകാത്തതിനാൽ പുതിയ പടം ഒന്നും ആ സമയത്ത് സുനിതക്ക് കരാർ ആയിരുന്നില്ല ).

വിനീത് ആണ് നായകൻ എന്നറിഞ്ഞതും അവർക്ക് സന്തോഷമായി. “കണി കാണും നേരത്തിൽ “വിനീതും ഉണ്ടായിരുന്നു. ബാലേട്ടന് മലയാളം കമ്മി ആയതിനാൽ കഥ പറയേണ്ട ബാധ്യത എനിക്കായി. (അടുത്ത ദിവസം സുനിതയെ കണ്ട് കഥ പറയണം എന്ന് പറഞ്ഞപ്പോൾ തന്നെ തലേന്ന് രാത്രി ഉറക്കം ഒഴിച്ച് ഒരുവിധം കൊള്ളാവുന്ന ഒരു കഥയാക്കി ഞാൻ ആ ത്രെഡ് നെ രൂപപ്പെടുത്തിയിരുന്നു. നായകൻ, ഗായകൻ, നായിക നർത്തകി ഇവർക്കിടയിൽ ഉള്ള പ്രണയത്തിനിടയിൽ നായകനെ പ്രണയിക്കുന്ന മറ്റൊരു പണക്കാരിയായ പെൺകുട്ടി. നായകനെ സ്വന്തം ആക്കാൻ മറ്റേ പെൺകുട്ടിയും നൃത്തം പഠിക്കാൻ എത്തുന്നു. തെറ്റിദ്ധാരണ, പിണക്കം, ആത്മഹത്യ ശ്രമം അവസാനം നായകൻ നായിക ഒത്തു ചേരൽ.ഏതാണ്ട് ഇങ്ങനെ ഒക്കെ യാണ് ആ കഥ എന്നാണ് എന്റെ ഓർമ )കഥ കേട്ടതും സുനിതയും അമ്മയും പടം ചെയ്യാം എന്ന് ഏറ്റു. (15,000 രൂപയോ മറ്റോ ആണ് അന്നവർ ചോദിച്ചത് ).

എന്നേക്ക് ആണ് ഷൂട്ടിംഗ് ആരംഭിക്കുക എന്ന് അവർ ചോദിച്ചപ്പോൾ ഞാൻ ബാലേട്ടനെ നോക്കി. വിനീതിനെ കണ്ട് ആളോട് ചോദിച്ച ശേഷം ഡേറ്റ് പറയാം എന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. ഹോട്ടലിൽ കയറി ഭക്ഷണം എല്ലാം കഴിച്ച ശേഷം രണ്ടു ദിവസത്തിനുള്ളിൽ കോഴിക്കോട് പോയി വിനീതിനെ കാണാം എന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. അടുത്ത ദിവസം ബാലേട്ടൻ വീട്ടിൽ വന്നപ്പോൾ ഞാൻ കോഴിക്കോട് പോകുന്ന കാര്യത്തെ പറ്റി അന്വേഷിച്ചു. വിനീത് അടുത്ത് തന്നെ മദ്രാസിൽ ഏതോ ഡബ്ബിങ്ങിന് വരുന്നെണ്ടെന്നും അപ്പോൾ കണ്ടാൽ മതിയെന്നും ബാലേട്ടൻ പറഞ്ഞപ്പോൾ എനിക്ക് സംശയം ഒന്നും തോന്നിയില്ല. (അന്ന് എല്ലാ ചിത്രങ്ങളുടെയും പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ മുഴുവൻ മദ്രാസിൽ ആയിരുന്നല്ലോ ).

സെക്കന്റ്‌ ഹീറോയിൻ ആയി പുതിയ ഒരു പെൺകുട്ടിയെ കണ്ടെത്തണം എന്നായി ബാലേട്ടൻ. അക്കാര്യം ബാലേട്ടൻ തന്നെ ഏറ്റു.(സുനിതയെ കണ്ടതോടെ പടം നടക്കും എന്ന ഉറപ്പിൽ ഞാൻ കുത്തിയിരുന്ന് സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങി കേട്ടോ ).രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും പ്രൊഡ്യൂസറും ബാലേട്ടനും കൂടി വന്നു. നമുക്ക് “പാരീസ് “ൽ പോണം. അവിടെ ഒരു പുതിയ തെലുങ്ക് പെൺകുട്ടി ഉണ്ട്. കഥ പറയണം അല്ലോ.. ഞാനും ചെല്ലണം. അങ്ങനെ ഞങ്ങൾ മൂവരും കൂടി “പാരീസ് “ൽ ഉള്ള ചെറിയ ഒരു വീട്ടിൽ എത്തി. അവിടെയും അമ്മയും മകളും മാത്രമേ ഉള്ളൂ.. മകൾക്ക് ശാലീനതയേക്കാൾ മാദകത്വം ആയിരുന്നു കൂടുതൽ. പണക്കാരിയും നായകനെ വളക്കാൻ ശ്രമിക്കുന്ന അൽപ്പം നെഗറ്റീവ് കാരക്ടർ ആയതിനാൽ ആ കുട്ടി കഥാപാത്രത്തിന് അനുയോജ്യം തന്നെ. കഥയൊന്നും അവർക്ക് പ്രശ്നം ആയിരുന്നില്ല. എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിച്ചാൽ മതി! അപ്പോൾ ആണ് മറ്റൊരു പ്രശ്നം.

ആ കുട്ടിക്ക് ഡാൻസ് അറിയില്ല. നമ്മുടെ രണ്ട് നായികമാരും ഡാൻസേർസ് ആണ്. ഉടനെ പ്രൊഡ്യൂസർ അക്കാര്യം ഏറ്റു. വടപളനിയിൽ തന്നെ ബാലേട്ടന് അറിയാവുന്ന സിനിമയിൽ ഒക്കെ അത്യാവശ്യം നൃത്തസംവിധാനം ചെയ്യുന്ന ഒരു ഡാൻസ് മാസ്റ്റർ ഉണ്ട്. അവിടെ കുട്ടിയെ ചേർക്കാം.
ഒരു മാസം ഒന്ന് ട്രെയിനിങ് ചെയ്ത് എടുത്താൽ അവൾ ഷൂട്ടിംഗിന് വേണ്ട നൃത്തം ഒക്കെ പഠിക്കും..അടുത്ത ദിവസം മുതൽ പ്രൊഡ്യൂസർ ദിവസവും പാരീസിൽ ചെന്ന് തന്റെ നായികയെ കൂട്ടി വടപളനിയിൽ ഉള്ള ഡാൻസ് ടീച്ചറുടെ വീട്ടിൽ നൃത്തം പഠിപ്പിക്കാൻ കൊണ്ട് വന്നു തുടങ്ങി. പ്രൊഡ്യൂസറുടെ ശുഷ്കാന്തി അൽപ്പം കൂടുതൽ അല്ലേ എന്ന് ഞാൻ ശങ്കിച്ചു എങ്കിലും ഒരു പ്രോഡക്ഷൻ മാനേജരെ അതിനായി നിയമിക്കാൻ ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആവാം അദ്ദേഹം തന്നെ അതിനായി ഇറങ്ങി തിരിച്ചതെന്നായിരുന്നു ബാലേട്ടന്റെ ന്യായീകരണം.

എന്തായാലും ഞാൻ എന്റെ സ്ക്രിപ്റ്റ് എഴുത്ത് തുടർന്നു. അഡ്വാൻസ് ഒന്നും തന്നീട്ടില്ലെങ്കിലും ബിരിയാണി എങ്ങാനും കിട്ടിയാലോ എന്ന ചിന്താഗതിക്കാരൻ ആയിരുന്നു ഞാൻ അന്നേ! കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ബാലേട്ടനെ അന്വേഷിച്ചു ചെന്നു. ആരോ എന്നോട് വിനീത് മദ്രാസിൽ ഉണ്ടെന്നും ഏതോ പടത്തിന്റെ ഡബ്ബിങ്ങിന് എത്തിയതാണെന്നും പറഞ്ഞു കേട്ടത് പുള്ളിയെ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ ബാലേട്ടൻ എന്തോ പറഞ്ഞ് ഒഴിഞ്ഞു മാറി. പ്രൊഡ്യൂസർ സ്ഥലത്തില്ല എന്നും വിനീതിനെ കാണുമ്പോൾ അദ്ദേഹം ഇല്ലാതെ പറ്റില്ലെന്നും ഒക്കെ. അത് മാത്രം അല്ല വിനീതിന് അഡ്വാൻസ് കൊടുക്കേണ്ടിയും വരും.ഇതിനൊക്കെ പ്രൊഡ്യൂസർ ഇല്ലാതെ പോയാൽ ശരിയാവില്ല. ഞാൻ നിരാശനായി മടങ്ങി.

ഇതിനിടയിൽ പലപ്പോഴും കോടമ്പാക്കം റോഡിലൂടെ തന്റെ കാറിൽ ഞങ്ങൾ അന്ന് പാരീസിൽ പോയി കണ്ട പെൺകുട്ടിയുമായി പോകുന്ന പ്രൊഡ്യൂസറെ പലരും കണ്ടു. നൃത്തം പഠിപ്പിക്കാൻ കൊണ്ട് പോകുന്നതായിരിക്കും എന്ന് ഞാൻ സമാധാനിച്ചു. നൃത്തം നന്നായി പഠിക്കാതെ ആ കഥാപാത്രം ചെയ്യാൻ പറ്റില്ല. ഇൻഡസ്ട്രിയെ പറ്റി ഞാൻ പഠിച്ചു വരുന്ന കാലം ആയിരുന്നല്ലോ അത്.

രണ്ടു മൂന്ന് ആഴ്ചയ്ക്കകം ഞാൻ സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കി.സിനിമയിൽ വർക്ക്‌ ചെയ്യാൻ ഉള്ള ആഗ്രഹം നിമിത്തം സെൻസർ വർക്കുകൾ വന്നത് പലതും ഞാൻ ഒഴിവാക്കി. ബാലേട്ടൻ വീട്ടിൽ വന്നീട്ട് ദിവസങ്ങൾ ആയി. പ്രൊഡ്യൂസർ ബാലേട്ടൻ മുഖാന്തിരം വന്ന ആൾ ആയതിനാൽ ഞാൻ തനിച്ച് അദ്ദേഹത്തെ തേടി ചെല്ലുന്നത് ശരിയല്ലല്ലോ. വിവരം അറിയാനായി ഞാൻ വീണ്ടും ബാലേട്ടന്റെ വീട്ടിൽ
അന്വേഷിച്ചു ചെന്നു. അവിടെ ചെന്നപ്പോൾ അദ്ദേഹം ഇല്ലായിരുന്നു.ഏതോ പഴയ പ്രൊഡ്യൂസറെ തിരക്കി
പോയതാണെന്ന് അദ്ദേഹത്തിന്റെ മകൾ പറഞ്ഞു. തിരിച്ച് വരും വഴി രാം തിയേറ്ററിന് മുന്നിൽ വച്ച് ഞാൻ
ബാലേട്ടനെ കണ്ടു. ഓടി അടുത്ത് ചെന്ന എന്നെ കണ്ട് ബാലേട്ടന്റെ
മുഖം വിളറി.
” വാ ഗോപി, ഒരു ചായ കുടിക്കാം ”
അദ്ദേഹം എന്നെയും വിളിച്ചുകൊണ്ട് അടുത്തുള്ള ഹോട്ടലിലേക്ക് കയറി.

(തുടരും)

Pics.

1. സുനിത.
2. വിനീത്.
3.രാജസേനൻ.
4. പോസ്റ്റർ കണികാണും നേരം.
5. പോസ്റ്റർ കൊടൈ മഴ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ