സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 61
(ഗോപിനാഥ്‌ മുരിയാട്)

ഹോട്ടലിൽ ചായ കുടിക്കാൻ കേറി ഇരുന്നിട്ട് നിമിഷങ്ങൾ ആയി. ബാലേട്ടൻ ഒന്നും പറയുന്നില്ല…എന്റെ ആശങ്ക കൂടി കൂടി വന്നു..
“എന്താ ബാലേട്ടാ, ഒന്നും പറയാത്തെ.. നമ്മുടെ പ്രൊഡ്യൂസറെ പിന്നെ കണ്ടില്ലേ.. എന്താ അദ്ദേഹം പറയുന്നേ..”
ഒരു നിമിഷം എന്റെ മുഖത്ത് നോക്കി വിഷമത്തോടെ ബാലേട്ടൻ മൊഴിഞ്ഞു.
“ആ പന്നി നമ്മളെ ചതിക്കയായിരുന്നു ഗോപി. അവൻ പടം പിടിക്കാൻ വന്നതൊന്നുമല്ല. അഭിനയിക്കാൻ വന്ന ആ തെലുങ്കത്തിയെ ഡാൻസ് പഠിപ്പിക്കാൻ കൊണ്ട് നടന്ന് പാട്ടിലാക്കി അവൻ അവളെ കെട്ടി.”
ഞാൻ ഞെട്ടി പ്പോയി. അയാൾക്ക് വേറെ ഭാര്യയും കുട്ടിയും ഒക്കെ ഉള്ളതാണല്ലോ.. പിന്നെങ്ങനെ??

എന്റെ മുഖത്തെ സംശയഭാവം കണ്ടാവണം ബാലേട്ടൻ വിശദീകരിച്ചു.
“എടാ ഇത് നീ ഉദ്ദേശിക്കുന്ന പോലെ ഉള്ള കല്യാണം ഒന്നും അല്ല. ആദ്യത്തെ ഭാര്യ ഒക്കെ അവന്റെ കൂടെ തന്നെ ഉണ്ട്. ഇത് വേറെ ഒരു വീട് എടുത്ത് ആ പെണ്ണിനെ കൂടെ താമസിപ്പിക്കുന്നു. അത്ര തന്നെ.. ഇവിടെ ഈ ഏർപ്പാടിന് ചിന്ന വീട് എന്ന് പറയും..”

ചെന്നൈയിൽ വന്ന് വർഷങ്ങൾ ആയതിനാൽ ചിന്ന വീടിനെ പറ്റി ഒക്കെ ഞാൻ ഇതിനകം കേട്ടിരുന്നു. പിന്നെ തമിഴ് പടത്തിൽ ഒക്കെ ഈ ചിന്നവീട് പ്രമേയമായി ഒരുപാട് ചിത്രങ്ങൾ വന്നീട്ടുണ്ട്. എന്നാലും ആ കൊച്ചു പെണ്ണിനെ അയാൾ…

എനിക്ക് ആലോചിക്കാൻ പോലും കഴിഞ്ഞില്ല. എന്നാലും എന്ത് കണ്ടീട്ടാവും ആ പെൺകുട്ടി ഇതിന് സമ്മതിച്ചത്..എന്റെ മുഖത്തെ സംശയം കണ്ടാവാം ബാലേട്ടൻ തുടർന്നു.
“ഓ, അതിൽ ഒന്നും വല്യ കാര്യം ഇല്ലടാ. ഇവിടെ ഈ അഭിനയിക്കാൻ വരുന്ന മിക്കവാറും തമിഴ്, തെലുങ്ക് കുട്ടികൾ എല്ലാം അവസാനം ആരുടെയെങ്കിലും ഒക്കെ ചിന്നവീട് ആയി തീരാറാണ് പതിവ്.ആ പെണ്ണൊക്കെ ജീവിക്കാൻ ഒരു നിവർത്തിയും ഇല്ലാതെ ആന്ധ്രയിൽ നിന്ന് വന്നുപെട്ടു പോയതാ. ഒരാൾ നോക്കാം എന്ന് പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസം ആയിക്കാണും. അത് പോട്ടെ. പക്ഷേ നമ്മളെ ഇങ്ങനെ മണ്ടന്മാർ ആക്കണ്ടായിരുന്നു.”

ബാലേട്ടന്റെ സ്വരം ഇടറി.. പാവം. വയസ്സ് കാലത്ത് ഒരു പടം സംവിധാനം ചെയ്യാൻ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു.
“മഹാപാപി. അവൻ ഇതിന് അനുഭവിക്കും..”
ഞാൻ മനസ്സിൽ പറഞ്ഞു..
അങ്ങനെ വിനീത് നെയും സുനിതയെയും വച്ച് ഞാൻ മനസ്സിൽ സ്വരുക്കൂട്ടിയ സ്വപ്‌നങ്ങൾ ഒക്കെ പൊലിഞ്ഞു പോയി.. ഒരിക്കൽ കൂടി മുക്കാൽ ഭാഗത്തോളം പൂർണമായ സ്ക്രിപ്റ്റ് നാഥൻ ഇല്ലാതെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു.ബാലേട്ടൻ എന്നോട് ക്ഷമ ചോദിച്ചു.

“എനിക്കറിയാം.. ഗോപി ഒരുപാട് ബുദ്ധിമുട്ടി. അഡ്വാൻസ് പോലും തരാതെയാണ് ആ സ്ക്രിപ്റ്റ് മുഴുവൻ എഴുതിയത്.. ഇവൻ ഇങ്ങനെ ഒരു ചതിയൻ ആണെന്ന് ഞാൻ കരുതിയില്ല..”

പിന്നെ പിന്നെ ബാലേട്ടൻ എന്റെ മുറിയിൽ വരാതായി.. ഞാൻ വീണ്ടും എന്റെ പഴയ സെൻസർ വർക്കുകളിലേക്കും തിരിഞ്ഞതോടെ ബാലേട്ടനുമായി കാണുന്നത് കുറവായി. അധികം വൈകാതെ ഞാൻ കോടംബക്കത്തു നിന്ന് കെ.കെ.നഗറിലേക്ക് താമസം മാറ്റി. അതോടെ ബാലേട്ടനെ കാണുന്നത് തന്നെ ഇല്ലാതായി. (97 ൽ ഞാൻ ചെന്നൈ വിടുന്നത് വരെ പിന്നീട് അദ്ദേഹത്തെ കണ്ടതായി ഓർക്കുന്നില്ല ).

യാദൃശ്ചികമായി സുനിതയെ പറ്റി എഴുതിയപ്പോൾ ആണ് ഈ പഴയ സംഭവം ഓർമ വന്നത്. നമുക്ക് വീണ്ടും നിർത്തിയ ഇടത്തു നിന്നും തുടരാം.

94 ഒക്ടോബർ ൽ വിജയേട്ടൻ (N. വിജയകുമാർ )വീണ്ടും എന്നെ അന്വേഷിച്ചു വന്നു.ഇത്തവണ അദ്ദേഹം പ്രൊഡക്ഷൻ കൺട്രോളർ ആയ പുതിയ സംവിധായകൻ റോയ്. P. തോമസിന്റെ “പാവം ഐ. എ.
ഐവാച്ചൻ ” എന്ന ചിത്രത്തിന്റെ സെൻസർ വർക്ക്‌ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. (റോയ് പി. തോമസ് വിജയേട്ടൻ തന്നെ വർക്ക്‌ ചെയ്ത പല ചിത്രങ്ങളുടെയും ആർട്ട്‌ ഡയറക്ടർ ആയിരുന്നു )

ഇന്നസെന്റ് ആയിരുന്നു ഐവാച്ചനിലെ നായകൻ. ശ്രീവിദ്യ നായിക. ജഗദീഷ്, സിദ്ദിഖ്, ജഗതി, ഒടുവിൽ, ഗണേഷ് കുമാർ, വേണു നാഗവള്ളി, T. P. മാധവൻ, സുമ ജയറാം, സുകുമാരി ഇങ്ങനെ ഒരുപാട് ആർട്ടിസ്റ്റുകൾ ഉള്ള ചിത്രം ആയിരുന്നു ഐവാച്ചൻ. ഇന്നസെന്റിന്റേതായിരുന്നു കഥ. സ്ക്രീൻപ്ലേ, ഡയലോഗ് സംവിധാനം റോയ് പി.തോമസ്. പനോരമ ക്രീയേഷൻസ് ആയിരുന്നു നിർമാതാക്കൾ. ഗാനങ്ങൾ -ബിച്ചു തിരുമല, സംഗീതം -രവീന്ദ്രൻ, ക്യാമറ -സണ്ണി ജോസഫ്, എഡിറ്റിംഗ് -E. M. മാധവൻ. (മാധവേട്ടൻ കെ.ശങ്കുണ്ണി യുടെ അസോസിയേറ്റ് ആയി ഒരുപാട് ചിത്രങ്ങളിൽ വർക്ക്‌ ചെയ്തീട്ടുണ്ട്. പക്ഷേ സ്വതന്ത്രമായി അധികം പടങ്ങൾ ചെയ്യാൻ എന്തോ അദ്ദേഹത്തിന് കഴിഞ്ഞില്ല ).

ഒരു തീപ്പെട്ടി കമ്പനി നടത്തിയിരുന്ന ഐവാച്ചൻ തൊഴിലാളി സമരത്തെ തുടർന്ന് അഡ്വക്കേറ്റ് ആയ സിദ്ദിഖ്, ജഗദീഷുമാരുടെ ഉപദേശപ്രകാരം ഒളിവിൽ കഴിയേണ്ടി വരുന്നതും അതേ തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഒക്കെ ആയിരുന്നു ചിത്രത്തിന്റെ കാതൽ.
സമാന്തരമായി, ജഗദീഷിന്റെ നായിക ആയി അഭിനയിച്ച കുട്ടിയുടെ (ആ കുട്ടിയുടെ പേര് ഓർമ വരുന്നില്ല )കുടുംബവും ഉണ്ട്. T. P. മാധവൻ അവതരിപ്പിച്ച കോടീശ്വരൻ ആയ അച്ഛനെ ചതിച്ച് അദ്ദേഹത്തിന്റെ സ്വത്തുക്കൾ തട്ടി എടുക്കാൻ നോക്കുന്ന സഹോദരന്റെ നെഗറ്റീവ് വേഷത്തിൽ വേണു നാഗവള്ളി.( ഒരു പക്ഷേ വേണു നാഗവള്ളി ചെയ്ത ഏക വില്ലൻ കഥാപാത്രം ഈ ചിത്രത്തിൽ ആകാം.).
അവസാനം ജഗദീഷ്, സിദ്ദിഖ് ജോടികൾ വില്ലൻ കെണിയിൽ ആക്കിയ ഇന്നസെന്റിനെയും നായികയെയും രക്ഷിക്കുന്നതാണ് കഥ.

ഒരുപാട് നല്ല ടെക്‌നിഷ്യൻസും ആർടിസ്റ്റുകളും ഉണ്ടായിട്ടും സ്ക്രിപ്റ്റിലെ പോരായ്മകൾ ഈ ചിത്രത്തെ ഒരു പരാജയം ആക്കി മാറ്റി. അത് കൊണ്ടാവാം പിന്നീട് ഒരു പടം ചെയ്യാൻ റോയ്. പി. തോമസിന് സാധിക്കാതിരുന്നതും. (സംവിധായകൻ ആകുന്നതിന് മുമ്പ് ഒരുപാട് ഭരതൻ, കമൽ, ചിത്രങ്ങളിൽ കലാസംവിധാനം നിർവഹിച്ചിരുന്ന റോയിയെ ആ രംഗത്തും പിന്നീട് അധികം കാണാൻ കഴിഞ്ഞിട്ടില്ല ).
ഐവാച്ചന് ശേഷം ഞാൻ വർക്ക്‌ ചെയ്തത് “വധു ഡോക്ടറാണ് “എന്ന കെ. കെ.ഹരിദാസിന്റെ പ്രഥമ ചിത്രം ആയിരുന്നു. ഹരിദാസ് നെ മ്യൂസിക് ഡയറക്ടർ കണ്ണൂർ രാജന്റെ വീട്ടിൽ വച്ചാണ് ഞാൻ പരിചയപ്പെടുന്നത്. (കണ്ണൂർ രാജന്റെ അളിയൻ ആയിരുന്നു ഹരിദാസ് ).

പിന്നീട് രാജസേനന്റെ ചിത്രങ്ങളിൽ സഹസംവിധായകൻ ആയി കുറേ ചിത്രങ്ങൾ ചെയ്ത ശേഷം 94 ൽ ആണ് സ്വതന്ത്ര സംവിധായകൻ ആവാൻ അവസരം ലഭിക്കുന്നത്. ഞാൻ സിനിമയിൽ എത്തിയ കാലം മുതൽ ഉള്ള സുഹൃത്ത് ബന്ധം മൂലം ആവാം ഹരിദാസ് ഈ വർക്ക്‌ എന്നെ ഏല്പിച്ചത്.. (പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് വൈക്കത്തിന്റെ വർക്കുകൾ ഒന്നും ഞാൻ അധികം ചെയ്‌തീട്ടില്ല ).

പൂയപ്പള്ളി ഫിലിംസിന്റെ ബാനറിൽ അലക്സ്‌ -ബ്രൈറ്റ് നിർമിച്ച ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് രഘുനാഥ് പാലേരിയുടേതാണ്. ഗാനങ്ങൾ -ഗിരീഷ് പുത്തഞ്ചേരി, ഐ. എസ്. കുണ്ടൂർ, സംഗീതം – കണ്ണൂർ രാജൻ, റീ റെക്കോർഡിങ് ജോൺസൻ, ഗായകർ -യേശുദാസ്, ചിത്ര, ക്യാമറ -വിപിൻ മോഹൻ, എഡിറ്റിംഗ് – G. മുരളി. അസോസിയേറ്റ് -ലാൽ ജോസ്. (ഈ ചിത്രത്തിന്റെ വർക്ക്‌ നിടയിൽ ആണ് ഞാൻ ലാൽ ജോസ് നെ ആദ്യമായി പരിചയപ്പെടുന്നത് ).

ഡോക്ടർ ആകാൻ ആഗ്രഹിച്ച് നടക്കാതെ പോയ സിദ്ധാർത്ഥൻ എന്ന യുവാവ് മൃഗ ഡോക്ടർ ആയ നായികയെ ഡോക്ടർ ആണെന്ന് തെറ്റിദ്ധരിച്ചു വിവാഹം കഴിക്കുന്നതും, അതിനെ തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഒക്കെയാണ് ഹാസ്യത്തിന്റെ അകമ്പടിയോടെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത് . മേലേ പറമ്പിൽ ആൺവീട് പോലെ ഒരു ക്ലീൻ ഫാമിലി എന്റെർറ്റൈനർ. ഹരിദാസ് തന്റെ ആദ്യചിത്രം ഭംഗിയായി തന്നെ ചെയ്തിരുന്നു.

ജയറാം, നദിയാ മൊയ്തു (ഒരു ബ്രേക്കിന് ശേഷം നദിയാ വീണ്ടും അഭിനയിക്കുന്നത് ഈ ചിത്രത്തിൽ ആയിരുന്നു ), ജഗതി, ശ്രീനിവാസൻ, ഒടുവിൽ, ഇന്ദ്രൻസ്, മാള, മാമുകോയ, ജനാർദ്ദനൻ, ഉഷ, ഇങ്ങനെ പതിവ് രാജസേനൻ ചിത്രത്തിലെ ആർട്ടിസ്റ്റുകൾ എല്ലാം ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.ചിത്രം മികച്ച വിജയം നേടി എന്ന് മാത്രമല്ല കുറച്ചു കാലത്തേക്ക് എങ്കിലും ഹരിദാസ് തിരക്കേറിയ സംവിധായകൻ ആയി മാറി.
കഴിഞ്ഞ കുറേ വർഷങ്ങൾ ആയി സിനിമയിൽ സജീവമല്ലാതിരുന്ന ഹരിദാസിന്റെ അന്ത്യവും അപ്രതീക്ഷിതമായിരുന്നു. മാക്ട, ഫെഫ്ക മീറ്റിംഗ് കളിൽ കാണുമ്പോൾ എല്ലാം പഴയ മദ്രാസ് വിശേഷങ്ങൾ ഞങ്ങൾ അയവിറക്കാറുണ്ട്.. ആ നല്ല സുഹൃത്തിന്റെ അകലവിയോഗത്തിൽ ബാഷ്പാഞ്ജലികളോടെ…

(തുടരും)

Pics..
1. റോയ്. പി. തോമസ്.
2. കെ. കെ. ഹരിദാസ്.
3.രഘുനാഥ് പാലേരി.
4. ലാൽ ജോസ്.
5. N. വിജയകുമാർ & me.
6. പാവം ഐ. എ. ഐവാച്ചൻ പോസ്റ്റർ.
7. വധു ഡോക്ടറാണ് പോസ്റ്റർ.

 

Leave a Reply
You May Also Like

മദ്രാസിൽ വന്നിട്ട് പത്താംവർഷം (എന്റെ ആൽബം- 55)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

രണ്ടു ചിത്രങ്ങളുടെ പരാജയത്തിന്റെ ചെറു കാറ്റിൽ അണഞ്ഞു പോകുന്നതല്ലലോ നിങ്ങളിലെ പ്രതിഭ

Sanalkumar Padmanabhan പുതുമുഖങ്ങളെ വെച്ച് നിർമിക്കുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ ഇന്റർവ്യൂ നടത്തുന്നതിനിടെ വെട്ടാത്ത മുടിയും…

‘പൈതൃക’ത്തിന്റെ സെറ്റിൽ നരേന്ദ്രപ്രസാദിനെ അന്വേഷിച്ചു പോലീസ് വന്നതെന്തിന് ? (എന്റെആൽബം -40)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…