മുരളിയും ശാന്തികൃഷ്ണയും തകർത്ത് അഭിനയിച്ച ചകോരത്തിന്റെ വർക്കിലേക്ക് (എന്റെ ആൽബം- 62)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
390 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 62
(ഗോപിനാഥ്‌ മുരിയാട്)

94 നവംബറിൽ തന്നെ” ചകോരം” എന്ന മറ്റൊരു ചിത്രവും ഞാൻ ചെയ്തു.അതിന്റെയും പ്രൊഡക്ഷൻ കൺട്രോളർ വിജയേട്ടൻ തന്നെ. ഞാൻ മദ്രാസിൽ വന്ന കാലം മുതൽ തന്നെ എന്റെ സുഹൃത്തായിരുന്ന M. A. വേണു ആയിരുന്നു ചകോരത്തിന്റെ സംവിധായകൻ.വേണുവിനെ ഞാൻ പരിചയപ്പെടുന്നത് റഷീദ് കാരാപ്പുഴ സംവിധാനം ചെയ്ത “ഞാൻ കാതോർത്തിരിക്കും ” എന്ന സിനിമയുടെ സെൻസർ വർക്ക്‌ ചെയ്യാനായി വാഹിനി സ്റ്റുഡിയോയിൽ ഉള്ള എഡിറ്റർ നാരായണൻ സാറിന്റെ റൂമിൽ ചെന്നപ്പോൾ ആയിരുന്നു.

ഐ.വി.ശശിയുടെ അസോസിയേറ്റ് ആയിരുന്നു റഷീദ് കാരാപ്പുഴ. C.K. ദിനകരൻ എന്ന മറ്റൊരു അസോസിയേറ്റ് ഡയറക്ടർ കൂടെ അന്ന് ശശി സാറിന്റെ കൂടെ ഉണ്ടായിരുന്നു. (ശശി സാറിന് വളരെ തിരക്ക് ഉള്ള ആ കാലത്ത് 3 ടീം സഹസംവിധായകർ അന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക്‌ ചെയ്തിരുന്നു. റഷീദ്, ദിനകരന് പുറമേ അനിൽ, (അടിവേരുകൾ ) ജോമോൻ(സാമ്രാജ്യം ), ശശിമോഹൻ, ഷാജൂൺ കാര്യാൽ ഇങ്ങനെ 3:pair അസോസിയേറ്റ്സ്. ഒരു ചിത്രത്തിൽ ഇവർ രണ്ട് പേർ ആണെങ്കിൽ അടുത്ത ചിത്രത്തിൽ മറ്റ്‌ രണ്ടു പേർ. അങ്ങനെ. ഇവർക്ക് പുറമേ എം. എ. വേണുവും അന്ന് ശശി സാറിനൊപ്പം വർക്ക്‌ ചെയ്തിരുന്നു. റഷീദ് തനിയെ പടം ചെയ്തപ്പോൾ വേണുവിനെയും കൂടെ കൂട്ടി. (82 ൽ വീട് എന്ന ഒരു മമ്മൂട്ടി സറീന വഹാബ് ചിത്രം റഷീദ് ചെയ്തിരുന്നു എങ്കിലും ആ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല )

“ഞാൻകാതോർത്തിരിക്കും” വിജയ രാഘവൻ നായകൻ ആയി അഭിനയിച്ച ചിത്രം ആയിരുന്നു. (മുമ്പ് “സുറുമയിട്ട കണ്ണുകൾ” ആർട്ട്‌ ഡയറക്ടർ S.K. കൊന്നനാട്ട് വിജയ രാഘവനെ നായകൻ ആക്കി ചെയ്തിട്ടുണ്ട് ).രോഹിണി ആയിരുന്നു നായിക. ജോണി, പപ്പു, തിക്കുറിശ്ശി, പ്രതാപ ചന്ദ്രൻ,സീമ, സബിത ആനന്ദ് വത്സല മേനോൻ തുടങ്ങിയവർ ഒക്കെ അഭിനയിച്ചിട്ടുണ്ട്. അസ്സീസ് വി. എ. എ.മോസ്സസ് ആയിരുന്നു സ്ക്രിപ്റ്റ്. സംഗീതം -ശ്യാം, ക്യാമറ – C. E. ബാബു, എഡിറ്റിംഗ് – K. നാരായണൻ.

വിക്ടറി & വിക്ടറി എന്ന പുതിയ ഒരു ബാനർ ആണ് “ഞാൻ കാതോർത്തിരിക്കും ” നിർമിച്ചത്. നിഷ്കളങ്കനായ ഒരു യുവാവ് തന്റെ കാമുകിയെ പീഡിപ്പിച്ച വില്ലനെ കൊന്ന് പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുന്നതും അയാളുടെ കഥ അറിഞ്ഞ ഒരു അഡ്വക്കേറ്റ് അയാളെ രക്ഷിക്കാൻ ആ കേസ് ഏറ്റെടുത്തു വാദിക്കുന്നതും കോടതി അയാളെ വെറുതെ വിടുന്നതും ഒക്കെയാണ് കഥ.. സീമ ആയിരുന്നു വക്കീൽ ആയി വന്നത്. ഈ പടം കൂടി തിയേറ്ററിൽ ഒരു പരാജയം ആയതോടെ റഷീദ് സിനിമയിൽ നിന്ന് തന്നെ അപ്രത്യക്ഷനായി…

വേണുവിനെ പിന്നീടും ശശി സാറിന്റെ പല ചിത്രങ്ങളിലും വച്ച് കാണാറുണ്ടായിരുന്നു. വേണു സഹസംവിധായകൻ എന്നതിലുപരി നല്ലൊരു പെയിന്റർ കൂടി ആയിരുന്നു. അദേഹത്തിന്റെ കഴിവിനെ പറ്റി ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാവാം അന്നത്തെ ഏറ്റവും താരമൂല്യം ഉള്ള ലോഹിതദാസ് തന്നെ വേണുവിന്റെ ആദ്യ ചിത്രത്തിന് വേണ്ടി സ്ക്രിപ്റ്റ് എഴുതാൻ തയ്യാർ ആയത്. സൃഷ്ടി ഫിലിംസിന്റെ ബാനറിൽ വി. വി. ബാബു ആണ് ചിത്രം നിർമിച്ചത്. സംഗീതം -കൈതപ്രം -ജോൺസൺ ടീം. ആർട്ട്‌ -കൃഷ്ണൻ കുട്ടി,എഡിറ്റിംഗ് -ഹരിഹരപുത്രൻ, ക്യാമറ -പ്രതാപൻ തുടങ്ങിയവർ ആയിരുന്നു അണിയറയിൽ. മുരളിയും ശാന്തി കൃഷ്ണയും നായികാ നായകൻമാർ ആയ ചിത്രത്തിൽ പപ്പു, കൊച്ചിൻ ഹനീഫ, സുധീഷ്, മാമുക്കോയ,, ഫിലോമിന, ശാന്താദേവി, രശ്മി സോമൻ, അനില ശ്രീകുമാർ, ബോബികൊട്ടാരക്കര എന്നിവർ ഒക്കെ അഭിനയിച്ചീട്ടുണ്ട്.

മാതാ പിതാക്കൾ മരിച്ച ശേഷം സഹോദരങ്ങളെ സംരക്ഷിക്കാൻ വേണ്ടി കുടുംബഭാരം ഏറ്റെടുത്ത ശാരദമണി, പ്രായം ഏറെ ആയിട്ടും അവിവാഹിതയായി കഴിയുന്ന ഒരു നേഴ്സ് ആയിരുന്നു. ഫിലോമിന അവതരിപ്പിക്കുന്ന അമ്മിണിയമ്മ മാത്രം ആണ് അവർക്ക് സഹായത്തിന് ഉണ്ടായിരുന്നത്.സ്വന്തം കാര്യം കഴിഞ്ഞപ്പോൾ സഹോദരങ്ങളും അവരെ തഴഞ്ഞു.ആ സമയത്ത് അയൽവക്കത്ത് താമസത്തിന് വന്ന മുകുന്ദൻ മേനോൻ, മുൻ ശുണ്ഠിക്കാരിയായ
ശാരദയുമായി പലപ്പോഴും ഇടഞ്ഞു.ക്രമേണ തങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് അവസാനം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർ ആണെന്ന് മനസ്സിലാക്കിയതോടെ ഇരുവരും ഒരുമിക്കാൻ തീരുമാനിക്കുന്നു. പക്ഷേ വിധി മറ്റൊന്നായിരുന്നു. ഒരപകടത്തിൽ പെട്ട് മുകുന്ദൻ മരിക്കുന്നതോടെ ശാരദയുടെ സ്വപ്‌നങ്ങൾ വീണ്ടും തകർന്നടിയുന്നു..

“ഭരണി”യിൽ ആയിരുന്നു ചിത്രത്തിന്റെ റീ റെക്കോർഡിങ്. വൈശാലിയുടെ നിർമാതാവ് ആയിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ചന്ദ്രകാന്ത് ഫിലിംസ് ആയിരുന്നു ഈ ചിത്രം വിതരണം ചെയ്തത്. വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചിത്രം ആയിരുന്നു “ചകോരം “.ആ വർഷത്തെ മികച്ച നവാഗത സംവിധായകൻ ആയി വേണുവിനും മികച്ച നടി ആയി ശാന്തികൃഷ്ണക്കും കേരള സ്റ്റേറ്റ് അവാർഡ് കൾ ലഭിച്ചു. ലോഹിയുടെ ഏറ്റവും നല്ല സ്ക്രിപ്റ്റുകളിൽ ഒരെണ്ണം തീർച്ചയായും ചകോരം തന്നെ. മുരളിയും ശാന്തി കൃഷ്ണയും തകർത്ത് അഭിനയിച്ച ചിത്രം പക്ഷേ ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ടു. ഇതിന് ശേഷം കാക്കക്കറുമ്പൻ,(98 ൽ ഞാൻ സ്ക്രിപ്റ്റ് എഴുതി കാക്ക കറുമ്പൻ എന്ന ഒരു ചിത്രം രാജൻ സിതാര സംവിധാനം ചെയ്യാൻ ഇരുന്നതാണ്. നിർഭാഗ്യവശാൽ ആ പ്രൊജക്റ്റ്‌ നടന്നില്ല. ആ കഥ പിന്നീട്..) ആറാം ജാലകം, പന്തയക്കോഴി തുടങ്ങിയ ചിത്രങ്ങൾ വേണു സംവിധാനം ചെയ്‌തെങ്കിലും ഭാഗ്യദേവത എന്ത് കൊണ്ടോ അദ്ദേഹത്തെ തുണച്ചില്ല.

മദ്രാസ് വിട്ട് വർഷങ്ങൾക്ക് ശേഷം ലാൽ ക്രീയേഷൻ നിർമിച്ച പന്തയക്കോഴിയുടെ വർക്കിന് എറണാകുളത്തെ ലാൽ മീഡിയയിൽ വന്നപ്പോൾ ആണ് ഞാൻ വീണ്ടും വേണുവിനെ കാണുന്നത്. ഈയിടെ ഫേസ്ബുക്കിലൂടെ വീണ്ടും ഞാൻ വേണുവിനെ കണ്ടെത്തി. ഇപ്പോൾ പട്ടാമ്പിയിൽ ആണ് അദ്ദേഹം താമസിക്കുന്നത്. ഇടക്കൊക്കെ ഞങ്ങൾ ഫോണിൽ ബന്ധപ്പെടാറുണ്ട്..

(തുടരും )

 

 

1. ചകോരം പോസ്റ്റർ
2. മുരളി.
3. ശാന്തി കൃഷ്ണ.
4. ഫിലോമിന.
5. പപ്പു.
6.ഞാൻ കാതോർത്തിരിക്കും പോസ്റ്റർ
7. വിജയ രാഘവൻ.
8. സീമ.
9. രോഹിണി.
10.സബിത ആനന്ദ്.
11. വത്സല മേനോൻ.
12.പ്രതാപ ചന്ദ്രൻ.
13. തിക്കുറിശ്ശി.
14. ജോണി.
15. നെല്ലിക്കോട് ഭാസ്കരൻ
16. എം.എ. വേണു

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി