സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 63
(ഗോപിനാഥ്‌ മുരിയാട്)

‌ചകോരത്തിന് ശേഷം 94 ൽ വേറെ ചിത്രങ്ങൾ ഒന്നും ഞാൻ ചെയ്തില്ല. ഡിസംബർ 31 ന് പതിവുപോലെ അഴകും സുഹൃത്തുക്കളും ഒന്നിച്ച് ന്യൂ ഇയർ ആഘോഷം ഒക്കെ പതിവുപോലെ ഗംഭീരം ആക്കി. എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. മദ്രാസിൽ എത്തിയിട്ട് 10 വർഷം തികയുന്നു. മാക്സിമം 6 വർഷത്തിനുള്ളിൽ സിനിമയിൽ സംവിധായകൻ ആയി രക്ഷപ്പെടാൻ പറ്റുമെന്ന് കരുതി വന്ന എനിക്ക് ആ വിശ്വാസം ഒക്കെ നഷ്ടപ്പെട്ട് തുടങ്ങി.

വരുന്നതെല്ലാം ചുണ്ടിനും കപ്പിനും ഇടയിൽ വച്ച് തെന്നി പോകുന്ന അവസ്ഥ.. അത് കൊണ്ട് തന്നെ വലിയ ബഹളത്തിനൊന്നും നിൽക്കാതെ പാതിരാ കഴിഞ്ഞപ്പോൾ പരസ്പരം ആശംസിച്ചുകൊണ്ട് ഉറങ്ങാൻ കിടന്നു. ‌ജനുവരി ആദ്യ വാരത്തിൽ എപ്പോഴോ പാരീസിൽ ഉള്ള ഹൈക്കോടതിയിൽ ചെന്ന് എന്റെ 90 ലെ ആക്സിഡന്റ് കേസ് എന്തായി എന്ന് അന്വേഷിച്ചു. ഇതിനകം തന്നെ രണ്ടോ മൂന്നോ തവണ എന്നെ കേസ് ദിവസം കോടതിയിൽ എത്താൻ ആവശ്യപ്പെട്ട് വിളിപ്പിച്ചിരുന്നു. അവിടെ എന്റെ അഡ്വക്കേറ്റ് പറഞ്ഞു തന്നത് പോലെ ഒക്കെ ഞാൻ ബോധിപ്പിച്ചു. വീണ്ടും വീണ്ടും നീട്ടി വെക്കുന്ന ഈ കോടതി നടപടികൾ എന്നിൽ മടുപ്പ് ഉളവാക്കി തുടങ്ങി. പക്ഷേ എന്റെ ചെറിയച്ഛൻ എനിക്ക് വേണ്ടി ബദ്ധിമുട്ടി ആ കോടതിയിൽ കേറി ഇറങ്ങിയതും എന്നെ തട്ടി തെറിപ്പിച്ച് കടന്ന് പോയ ബസ് കണ്ടെത്താൻ കഷ്ടപ്പെട്ടതും ഒക്കെ ആലോചിച്ചപ്പോൾ പോകാതിരിക്കാൻ ആയില്ല.

‌കേസ് നീണ്ടു നീണ്ടു പോകുകയാണെന്ന് ഞാൻ സങ്കടപ്പെടുമ്പോൾ ഒക്കെ പുള്ളി സമാധാനിപ്പിക്കും.
‌ “അത് സാരമില്ലടാ. നമ്മുടെ കോടതികൾ ഒക്കെ അങ്ങനെയാണ്. എന്തായാലും നീ ഒരു വർഷത്തോളം ഹോസ്പിറ്റലും ട്രീറ്റ്മെന്റും ഒക്കെ യായി കഷ്ടപ്പെട്ടതല്ലേ. വിധി വരുമ്പോൾ എന്തെങ്കിലും ഒക്കെ നഷ്ടപരിഹാരം ആയി കിട്ടാതിരിക്കില്ല..”

‌ചെറിയ ഒരു പ്രതീക്ഷ എനിക്കും ഇല്ലാതിരുന്നില്ല. ലീഗൽ എയ്ഡ്സ് ലെ എന്റെ അഡ്വക്കേറ്റ് ആയ പുഷ്പ മാഡവും കേസ് നമുക്ക് അനുകൂലമായി വിധിക്കും എന്ന് തന്നെ ആണ് എന്നോട് പറയാറുള്ളത്..
‌ഇതിനിടയിൽ എപ്പോഴോ നാട്ടിൽ ഒന്ന് പോയപ്പോൾ വീട്ടുകാർക്കൊക്കെ ഒരു പരാതി.

‌”വയസ്സ് 33 ആവുന്നു. ഇനി എന്നാ കല്യാണം കഴിക്കുന്നത്. മൂക്കിൽ പല്ല് വന്നീട്ടോ.. ”
‌അമ്മക്കായിരുന്നു ഏറ്റവും സങ്കടം..
‌”നീ ഒന്ന് സമ്മതം മൂളിയാൽ മതി. ഞാൻ അമ്മാവനോട് പറഞ്ഞ് ഏതെങ്കിലും കുട്ടിയെ നമുക്ക് നാട്ടിൽ നിന്ന് തന്നെ കണ്ടെത്താം.. ”
‌ഞാൻ ചിരിച്ചു.
‌”അമ്മ എന്തറിഞ്ഞീട്ടാ.. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആണെന്നൊക്കെ പറഞ്ഞാൽ ആര് പെണ്ണ് തരാനാ..”
‌”അതിന് അത്ര കൊമ്പൊത്തെ പെണ്ണൊന്നും വേണംന്ന് ഇല്ലല്ലോ.. നമുക്ക് പറ്റിയ വല്യ പഠിപ്പും ജോലീം ഒന്നും ഇല്ലാത്ത സാധാരണ കുട്ടികളും ഉണ്ടാവില്ലേ..
‌അപ്പൊ പിന്നെ അവർക്കും പ്രശ്നം ഒന്നും ഉണ്ടാവില്ല. ”
‌”ഒക്കെ പ്രശ്നമാണ് അമ്മേ.. സമയം ആകുമ്പോൾ ഞാൻ പറയാം.. ”
‌അമ്മ നിരാശയോടെ ഒരു നെടുവീർപ്പിട്ടു.. പാവം..
‌ മദ്രാസിലെ സിനിമാക്കാരന്റ ജീവിതത്തെ പറ്റി ഒക്കെ അമ്മയോട് എന്ത് പറയാൻ??

അടുത്ത വീട്ടിലെ ചേച്ചിയെ അമ്പലത്തിൽ വച്ച് കണ്ടപ്പോൾ ചേച്ചിക്കും പരാതി..
‌”നീ എന്താടാ സന്യസിക്കാൻ പോവാ.. ഈ സിനിമയിൽ ഒക്കെ ഇഷ്ടം പോലെ സുന്ദരി പെൺപിള്ളേർ ഉണ്ടല്ലോ.. അവറ്റകൾടെ എടേ കിടന്നിട്ടും നിനക്കാരേം കിട്ടീല്ലേ.. ”
‌ഞാൻ ചിരിച്ചു..
‌”എന്റെ പോന്നു ചേച്ചി.. അവർക്കൊക്കെ നല്ല സുന്ദരന്മാർ അവിടെ വേറെ ഉണ്ട്.. നമ്മളെ ഒന്നും അവർക്ക് പിടിക്കില്ല.. ”
‌ഞാൻ ചേച്ചി യെ ഒഴിവാക്കി പോകാൻ തുടങ്ങിയപ്പോൾ ചേച്ചി വിളിച്ചു..
‌”ടാ.. ഒന്ന് നിന്നേ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ”
‌ഞാൻ ചോദ്യഭാവത്തിൽ ചേച്ചിയെ നോക്കി..
‌”നീ ഇപ്പോഴും അവളെ ആലോചിച്ചു ഇരിക്കാണോ.. ”

എനിക്ക് മനസിലായി..‌ചേച്ചി ഉദ്ദേശിച്ചത് കൗമാരത്തിൽ എനിക്ക് നാട്ടിൽ ഉണ്ടായിരുന്ന എന്റെ ആദ്യ പ്രണയിനിയെ കുറിച്ചാണ്.. നാട് വിട്ട് പോകുമ്പോൾ എന്നെങ്കിലും ജോലി ഒക്കെയായി തിരിച്ചു വന്ന്
‌ഞാൻ അവളെ സ്വന്തമാക്കും എന്ന് വീര വാദം അടിച്ചത് ഒക്കെ അവർ മറന്നീട്ടില്ല..
‌”ഏയ്.. ”
‌മുഖത്തെ മ്ലാനത അവരിൽ നിന്ന് മറക്കാൻ ശ്രമിച്ച് ഞാൻ കൂട്ടി ചേർത്തു..
‌”അതൊക്കെ പഴയ കഥയല്ലേ.. ”
‌”അതേ. പഴയ കഥ തന്ന്യാ.. അതൊക്കെ ഇനീം മനസ്സിൽ വച്ച് കൊണ്ട് നടക്കരുത്. അവൾക്ക് നല്ല വിഷമം ഉണ്ട്..
‌കഴിഞ്ഞ ആഴ്ച അവൾ വീട്ടിൽ വന്നിരുന്നു.. നീ നാട്ടിൽ വന്നീട്ടുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ ഒരുപാട് കരഞ്ഞു.. “ഞാൻ കാരണം ഒരാളുടെ ജീവിതം പോയല്ലോ ”
‌എന്നായിരുന്നു അവളുടെ സങ്കടം.
‌നീ ഇപ്പോഴും വിവാഹം കഴിക്കാതെ നിൽക്കുന്നത് അവൾ കാരണം ആണെന്നാ അവളുടെ വിഷമം.. ”
‌ഞാൻ ചിരിക്കാൻ ശ്രമിച്ചു..

‌മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ..എന്നോ മറന്നത് ആണ് അവളെ. പക്ഷേ ആ പാവം ഇപ്പോഴും എന്നെ ആലോചിച്ച്…
‌”ഇനി വരുമ്പോൾ ചേച്ചി അവളോട് പറയണം. ഞാൻ ഇപ്പോഴും ഒറ്റക്ക് കഴിയുന്നത് അവളെ പറ്റി ഓർത്തിട്ടൊന്നും അല്ല. സിനിമയിൽ ഇനീം ഒരു കര പറ്റാത്തത് കൊണ്ടാണെന്ന്. എന്നെങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ ഉടനെ കല്യാണം കഴിക്കും എന്ന്.. ”
‌ചേച്ചിക്ക് അത് പിടിച്ചില്ല
‌”ഒന്ന് പോടാ ചെക്കാ.. ഇത് പണ്ട് ആരാണ്ട് അലക്ക് ഒഴിഞ്ഞീട്ട് കാശിക്ക് പോവാൻ നേരം ഇല്ലാന്ന് പറഞ്ഞത് പോലാണല്ലോ.. എടാ,കഴീന്നതും വേഗം നീ ഒരാളെ കണ്ട് പിടിച്ച് കല്യാണം കഴിക്കാൻ നോക്ക്. അതോടെ അവളുടെ സങ്കടം തീരും.. നിന്നെ സ്നേഹിച്ചൂ ന്ന് ഒരു തെറ്റല്ലേ അവള് ചെയ്തുള്ളൂ
‌”നോക്കട്ടെ.. ”

കൂടുതൽ ഒന്നും പറയാൻ നില്കാതെ ഞാൻ നടന്നു നീങ്ങി..‌ഇനിയും അവിടെ നിന്നാൽ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയെന്ന് വരില്ല..‌ആദ്യ പ്രണയത്തിന്റെ നൊമ്പരം‌ മനസ്സിന്റെ ചിതൽ പുറ്റുകൾ പൊളിച്ച് വീണ്ടും പുറത്തേക്ക്..‌ഇനിയും നാട്ടിൽ നിൽക്കുന്നത് അപകടം ആണ്..‌അന്ന് വൈകുന്നേരം തന്നെ അർജന്റ് ആയി ചെല്ലാൻ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് മദ്രാസിലേക്ക് തിരിച്ചു.

മദ്രാസിൽ ചെന്നത് ജനുവരി പകുതി ആയപ്പോൾ ആണെന്നാണ് ഓർമ. ആരോ ജമിനിയിൽ ഉള്ള എഡിറ്റർ ശ്രീകർ പ്രസാദ് ന്റെ റൂമിൽ പെട്ടെന്ന് ചെല്ലാൻ ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോൾ സംഗീത് ശിവൻ,
‌അസോസിയേറ്റ് പോൾസൺ, ശ്രീകർ പ്രസാദ് എല്ലാവരും ഉണ്ട്. അവിടെ “നിർണയ”ത്തിന്റെ എഡിറ്റിംഗ് നടക്കുന്നു.

സംഗീത് ശിവൻ
സംഗീത് ശിവൻ

‌”എവിടെ ആയിരുന്നു ഗോപി.. ഈ പടം പെട്ടെന്നാണ് ആരംഭിച്ചത്.
‌ഞാൻ ആരെയോ വിട്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞു താൻ എറണാകുളത്ത് ഏതോ സീരിയലിന്റെ വർക്കിൽ ആണെന്ന്.. എന്തായി??
‌കഴിഞ്ഞോ അത്?”
‌”ഉവ്വ്. സീരിയൽ അല്ല. ഒരു 3 എപ്പിസോഡ് ടെലി ഫിലിം ആണ്..
‌ദൂരദര്ശന് കൊടുക്കാൻ.. ”
‌”ഗുഡ്.. ആട്ടെ.. സെൻസർ സ്ക്രിപ്റ്റ് ചെയ്യുന്നില്ലേ ഇപ്പോൾ.
‌അടുത്ത ആഴ്ച “നിർണയം “റീ റെക്കോർഡിങ് തുടങ്ങും.”
‌”ചെയ്യാം സാർ.. നാളെ ഫ്രീ ആണേ വാ. സുജാത യിൽ ഡബ്ബിങ് നടക്കുന്നുണ്ട്. ”

അദ്ദേഹം പറഞ്ഞത് പോലെ അടുത്ത ദിവസം ഞാൻ എഗ് മൂർ ഉള്ള ബാലാജിയുടെ (മോഹൻലാലിന്റെ ഭാര്യാ പിതാവ് ) സുജാത തിയേറ്ററിലേക്ക് ചെന്നു . അവിടെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി നായിക ഹീരക്ക് വേണ്ടി ഡബ് ചെയ്യാൻ എത്തിയിരുന്നു. പിന്നെ പടം തീരുന്നത് വരെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കിൽ ഞാനും സംഗീത് സാറിനൊപ്പം ഉണ്ടായിരുന്നു.

മോഹൻലാലിന്റെ അളിയൻ സുരേഷ് ബാലാജി ആയിരുന്നു നിർണയത്തിന്റ നിർമാതാവ്. പ്രശസ്തമായ ഒരു ഇംഗ്ലീഷ് ചിത്രത്തിനെ ആധാരമാക്കി ചെറിയാൻകല്പകവാടി തിരക്കഥ സംഭാഷണം രചിച്ച നിർണയത്തിലെ ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരിയും സംഗീതം ആനന്ദ് എന്ന ഒരു പുതുമുഖവും ആയിരുന്നു.

A. R. റഹ്മാനെ യോദ്ധ യിൽ മലയാളത്തിൽ അവതരിപ്പിച്ചത് പോലെ ഒരു പരീക്ഷണം ആയിരുന്നു അത്. എന്ത് കൊണ്ടോ ആനന്ദിനെ പിന്നീട് ഈ രംഗത്ത് അധികം കണ്ടീട്ടില്ല. M. G. ശ്രീകുമാർ, സുനന്ദ എന്നിവർ ആയിരുന്നു ഗായകർ. ആർട്ട് ഡയറക്ടർ യോദ്ധായിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന സമീർ ചന്ദ തന്നെ. നൃത്തം -സെൽവി, ആക്ഷൻ -സൂപ്പർ സുബ്ബരായൻ, ക്യാമറ -സന്തോഷ് ശിവൻ,
എഡിറ്റിംഗ് -ശ്രീകർ പ്രസാദ്,കഥ, സംവിധാനം -സംഗീത് ശിവൻ. അസോസിയേറ്റ് ആയി സിദ്ദിഖ് ലാൽ മാരുടെ കൂടെ ഉണ്ടായിരുന്ന പോൾസൺ ആയിരുന്നു ഇത്തവണ. അസിസ്റ്റന്റ്സ് ആയിഗാന്ധർവ്വത്തിൽ ഉണ്ടായിരുന്ന സുബിൽ സുരേന്ദ്രൻ, സജിൻ രാഘവൻ എന്നിവരെ കൂടാതെ പുതിയ രണ്ട് പേർ, ഗോവിന്ദ് മേനോൻ, അജയ് ദേവരെ.(പക്ഷേ പോസ്റ്റ്‌ പ്രൊഡക്ഷൻ സമയത്ത് ഇവർ ആരും ഇല്ലായിരുന്നു അവിടെ. സുബിൻ ഒഴികെ ).ബാലാജിയുടെ സിതാര കമ്പയിൻസ് തന്നെ ആയിരുന്നു ബാനർ. ‌മോഹൻലാൽനെ കൂടാതെ സോമൻ, രതീഷ്, ദേവൻ, ലാലു അലക്സ്, ജഗദീഷ്, പപ്പു, ശരത് സക്സേന, നെടുമുടി വേണു, അഗസ്റ്റിൻ, സുധീർ, നന്ദു, ഹീര രാജഗോപാൽ, സുകുമാരി, ഗീത വിജയൻ, ബേബി ശ്യാംലി (ശാലിനി യുടെ അനിയത്തി ) തുടങ്ങിയവർ ഒക്കെ അഭിനയിച്ചീട്ടുണ്ട്.

heera
heera

‌ കതിർ എന്ന പുതുമുഖ സംവിധായകൻ തമിഴിൽ ചെയ്ത “ഇദയം “എന്ന ചിത്രത്തിൽ മുരളിയുടെ നായിക ആയിട്ടാണ് ഹീര സിനിമയിൽ എത്തുന്നത്. ആ ചിത്രം തമിഴിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. (പിന്നീട് മലയാളത്തിൽ ഒരു സിനിമയിലും ഹീരയെ കണ്ടതായി ഓർക്കുന്നില്ല ).‌ഒരു ഹോസ്പിറ്റലിന്റെ മറവിൽ അവയവ കടത്ത് നടത്തുന്നത് ആയിരുന്നു നിർണയത്തിൽ പ്രധാനമായി ആവിഷ്കരിച്ചത്.

‌സോമൻ, ദേവൻ, രതീഷ് എന്നിവർ നടത്തുന്ന ആശുപത്രിയിൽ പുതിയതായി ചാർജ് എടുക്കുന്ന റോയ് എന്ന ഹൃദ്രോഗ വിദഗ്ധൻ (മോഹൻലാൽ) അവിടെ നടക്കുന്ന നിയമ വിരുദ്ധ മായ അവയവ കടത്ത് കണ്ടെത്തിയ തിനെ തുടർന്ന് അദ്ദേഹത്തിന്റ പ്രീയതമയും ആ ഹോസ്പിറ്റലിലെ മറ്റൊരു ഡോക്ടറുമായ ഹീരകൊല്ലപ്പെടുന്നു. കൊലപാതകം റോയ് യുടെ പേരിൽ തന്നെ ആരോപിക്കപ്പെട്ട പ്പോൾ റോയ് ഒളിവിൽപോകുന്നു.

ലാലു അലക്സ് അവതരിപ്പിച്ച‌ പോലീസ് ഇൻസ്പെക്ടർ റോയ് യെ കണ്ടെത്താൻ നിയോഗിക്കപ്പെടുന്നു. അവസാനം വില്ലന്മാരെ എല്ലാം റോയ് വക വരുത്തുന്നതോടെ ചിത്രം അവസാനിക്കുന്നു. ജനുവരി 20 മുതൽ തന്നെ ചിത്രത്തിന്റെ റീ റെക്കോർഡിങ് സുജാത തിയേറ്ററിൽ ആരംഭിച്ചു.
‌തരക്കേടില്ലാത്ത ഒരു ത്രില്ലർ സിനിമ ആയിരുന്നു നിർണയം എങ്കിലും അത് ഉദ്ദേശിച്ചത്ര വിജയിച്ചില്ല എന്ന് തോന്നുന്നു. ഞാൻ സംഗീത് ന്റെ കൂടെ അവസാനം ആയി വർക്ക് ചെയ്തത് നിർണയത്തിൽ ആയിരുന്നു. ‌അതിന് ശേഷം ഹിന്ദി യിലേക്ക് ചേക്കേറിയ അദ്ദേഹം അവിടെ സണ്ണി ഡിയോൾ, ജാക്കി ശ്രോഫ് തുടങ്ങിയ പ്രഗത്ബരെ ഒക്കെ വച്ച് ഒരുപാട് വിജയ ചിത്രങ്ങൾ ചെയ്തു. അതിൽ തന്നെ ഏറ്റവും ശ്രദ്ദേയം ആയത് “അപ്ന സപ്നെ മണി മണി ” എന്ന കോമഡി ചിത്രമായിരുന്നു.

2000 -ൽ “സ്നേഹപൂർവ്വം അന്ന “എന്ന ഒരു ചിത്രം തന്റെ ബന്ധുവും സഹസംവിധായകനുമായ സുബിൽ സുരേന്ദ്രനെ നായകൻ ആക്കി അദ്ദേഹം വീണ്ടും ചെയ്തെങ്കിലും അത് ഒരു വൻപരാജയം ആയി മാറി.‌(അതോടെ സുബിൽ അഭിനയം മതിയാക്കി കുക്കു സുരേന്ദ്രൻ എന്ന പേരിൽ സംവിധാനരംഗത്തേക്ക് കടന്നു.ഒരാൾ, വീരാളിപ്പട്ട്, റേസ്, ഇ,തുടങ്ങിയവ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആണ് )
പിന്നീട് വര്ഷങ്ങളോളം മുംബൈയിൽ തന്നെ ആയിരുന്നു സംഗീത്.‌ (Zor, yamla pagla deewana, kya kool hai hum, Ek,click, Apna sapne money money.തുടങ്ങിയ ഹിന്ദി ചിത്രങ്ങൾ എല്ലാം ഈ കാലഘട്ടത്തിൽ അദ്ദേഹം ചെയ്തതാണ് ).

2012 ൽ “ഇഡിയറ്റ് സ് “എന്ന ആസിഫ് അലി പടം നിർമിച്ചു കൊണ്ട് അദ്ദേഹം വീണ്ടും മലയാളത്തിൽ എത്തി. ഇത്തവണ അദ്ദേഹം തന്റെ അസിസ്റ്റന്റ് ആയ K. S. ബാവയെ ആണ് സംവിധാനം ഏല്പിച്ചത്. അതിന് ശേഷം 2017 ൽ സുബിൽ സുരേന്ദ്രന്റെ തന്നെ സംവിധാനത്തിൽ “ഇ “എന്നൊരു ചിത്രം കൂടി ഗൗതമിയെ നായികയാക്കി സംഗീത് നിർമിച്ചു. ദൗർഭാഗ്യവാശാൽ ഈ രണ്ടു ചിത്രങ്ങളുഒട്ടും ശ്രദ്ദിക്കപ്പെട്ടില്ല.
‌നിർണയതിന് ശേഷം ഇത് വരെ അദ്ദേഹത്തെ കാണാൻ എനിക്ക് സാധിച്ചീട്ടില്ല. പക്ഷേ ഈയിടെയായി ഇടക്കൊക്കെ വാട്സ്ആപിൽ മെസ്സേജു കൾ കൈമാറാറുണ്ട്.‌ ഫേസ്ബുക് ലും അദ്ദേഹം ആക്റ്റീവ് ആണ് ഇപ്പോൾ.‌ വ്യക്തി എന്ന നിലക്ക് എന്റെ
സംവിധായകരിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീത് സാർ ന് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്…

(‌തുടരും)

1. സംഗീത് ശിവൻ
2. നിർണയം പോസ്റ്റർ.
3. മോഹൻലാൽ.
4. ഹീര.
5. ലാലു അലക്സ്‌.
6.ജഗദീഷ്.
7. സോമൻ.
8. ദേവൻ.
9. രതീഷ്.
10. ശരത് സക്സേന.
11. നെടുമുടി വേണു.
12. സുകുമാരി.
13. പപ്പു
14. ശ്യാംലി.
15 to 18..പോസ്റ്റർ സംഗീത് ന്റെ ചിത്രങ്ങൾ.

Leave a Reply
You May Also Like

നാണക്കേട്… ഷക്കീലയെ തൊടാൻ പാടില്ലാത്ത സ്ഥലത്തു തൊട്ട് ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർ

നാണക്കേട്… ഷക്കീലയെ തൊടാൻ പാടില്ലാത്ത സ്ഥലത്തു തൊട്ട് ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർ തന്റെ ജീവിതത്തിലെ ഏറ്റവും…

സുലൈഖ മൻസിലിന്റെ ഏറ്റവും വലിയ പോസിറ്റീവ് അതിലെ പാട്ടുകൾ തന്നെയാണ്

സുലൈഖ മൻസിൽ » A Retaliate Riyas Pulikkal സുലൈഖ മൻസിലിന്റെ ഏറ്റവും വലിയ പോസിറ്റീവ്…

‘അല്ലി’ രക്ഷപെട്ട് കാട്ടിലേക്ക് ഓടിയ അവളെ പിന്തുടർന്നവർക്ക് പ്രകൃതി തന്നെ കെണി ഒരുക്കിയിരുന്നു

Muhammed Sageer Pandarathil ഹൈ ഫൈവ് ഫിലിംസിനു വേണ്ടി എസ് ശ്രീകുമാർ, ഗൗതം രാജ്, ഡോ…

മൃതശരീരം പ്രധാന കഥാപാത്രങ്ങളായ ചില അന്താരാഷ്ട്ര ചിത്രങ്ങൾ

മൃതശരീരം പ്രധാന കഥാപാത്രങ്ങളായ ചിലചിത്രങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇവയിൽ മിക്കതും എല്ലാവരും കണ്ടതും ആസ്വദിച്ചതുമായിരിക്കും.