സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 66
(ഗോപിനാഥ് മുരിയാട്)
95 ഏപ്രിൽ ആദ്യവാരം A. V. M. ൽ വച്ച് പ്രൊഡക്ഷൻ കൺട്രോളർ പീറ്റർ ഞാറക്കൽ നെ കണ്ടപ്പോൾ ആണ് “ഒരു അഭിഭാഷകന്റെ കേസ് ഡയറി “യുടെ റീ -റെക്കോർഡിങ് അടുത്ത ദിവസം പ്രസാദ് 70 mm തിയേറ്ററിൽ തുടങ്ങുകയാണെന്ന് അറിഞ്ഞത്.ഡയറക്ടർ K. മധു ആണ്. അദ്ദേഹം എഡിറ്റിംഗ് ൽ ഉണ്ടെന്നും പീറ്റർ കൂട്ടി ചേർത്തു.ഞാൻ ഉടനെ A. V. M. ൽ തന്നെ ഉള്ള എഡിറ്റർ V. P. കൃഷ്ണന്റെ മുറിയിൽ എത്തി.( അന്ന് മലയാളത്തിലെ ലീഡിങ് എഡിറ്റർസ് ആയിരുന്ന K. ശങ്കുണ്ണി, V. P. കൃഷ്ണൻ, ഭൂമി നാഥൻ ഇവരുടെ ഒക്കെ എഡിറ്റിംഗ് റൂം എ. വി. എം. സ്റ്റുഡിയോയിൽ ആയിരുന്നു). ഓരോ റീലും ഫോർമേഷൻ കഴിഞ്ഞാൽ റൂം ന് വെളിയിൽ നിര നിരയായി ഇട്ടിരിക്കുന്ന ബെഞ്ച് കളിൽ ഡയറക്ടറും , എഡിറ്ററും വന്ന് ഇരിക്കുമ്പോഴേക്കും പ്രൊഡക്ഷൻ ബോയ് ചായയുമായി എത്തും. ശങ്കുണ്ണി ഏട്ടനും കൃഷ്ണേട്ടനും ഒക്കെ ചെയിൻ സ്മോക്കേഴ്സ് കൂടി ആയിരുന്നു. ഈ ബെഞ്ച് കളിലെ സ്ഥിരക്കാർ ആയിരുന്നു ജോഷി, K. മധു, സിബി മലയിൽ, P. G. വിശ്വംഭരൻ ഇങ്ങനെയുള്ള പ്രഗത്ബർ ഒക്കെ. ഇവരെ കാണാൻ വരുന്നവരും ഈ ബെഞ്ചുകളിൽ ആണ് കാത്തിരിക്കാറുള്ളത്.
ഞാൻ ചെല്ലുമ്പോൾ വെളിയിൽ ഇട്ടിരുന്ന ബെഞ്ചിൽ മധു ചേട്ടൻ ഉണ്ടായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ചിരിച്ചു.
“എവിടെ ആയിരുന്നു ഇയാൾ.. കഴിഞ്ഞ പടത്തിന് വന്നപ്പോൾ ഒന്നും കണ്ടില്ലല്ലോ. അസിസ്റ്റന്റ് ഡയറക്ടർ ആയപ്പോൾ സ്ക്രിപ്റ്റ് എഴുത്ത് നിർത്തിയോ?? ”
അദ്ദേഹം അങ്ങനെ ചോദിക്കാൻ കാരണം ഉണ്ട്. പുള്ളിയുടെ ” ഇരുപതാം നൂറ്റാണ്ട് “, ഒരു C. B. I. ഡയറികുറിപ്പ്, “ഒരുക്കം ” തുടങ്ങിയ ആദ്യകാല ചിത്രങ്ങൾ ഒക്കെ സെൻസർ വർക്ക് ചെയ്തത് ഞാൻ ആയിരുന്നു. പക്ഷേ അതിനൊക്കെ മുമ്പ് 1985 ൽ എം. കൃഷ്ണൻ നായർ സാർ ന്റെ അസോസിയേറ്റ് ആയി
“പുഴയൊഴുകും വഴി ” എന്ന ചിത്രത്തിൽ വർക്ക് ചെയ്യുമ്പോൾ ആണ് ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്.
അപ്പു എന്ന എഡിറ്ററുടെ റൂമിൽ വച്ച്.(അന്ന് മധു വൈപ്പിൻ എന്ന പേരിൽ ആണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് )
മമ്മൂട്ടി, അംബിക, വേണു നാഗവള്ളി എന്നിവർ ഒക്കെ ആയിരുന്നു “പുഴയൊഴുകും വഴി” യിലെ അഭിനേതാക്കൾ. മനോരമയിലോ മറ്റോ തുടർക്കഥയായി വന്നിരുന്ന പുഴയൊഴുകും വഴി പക്ഷേ തിയേറ്ററിൽ ഒരു പരാജയം ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെയും, C. B. I. ഡയറി യുടെയും ചരിത്രവിജയത്തോടെ മധു ചേട്ടൻ മലയാളത്തിലെ ഹിറ്റ് മേക്കർ ആയി മാറി. കോവൈ ചെഴിയൻ എന്ന തമിഴ് നിർമാതാവ് “കൈതി 786”
എന്ന പേരിൽ മധു ചേട്ടനെ സംവിധായകനും മമ്മൂട്ടിയെ നായകനും ആക്കി പ്രസാദ് സ്റ്റുഡിയോയിൽ വലിയ ഒരു പൂജ തന്നെ നടത്തിയതായി ഓർക്കുന്നു. ആ പൂജ ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു.. (എന്തോ കാരണത്താൽ ആ പ്രൊജക്റ്റ് മുടങ്ങിയെങ്കിലും അതേ നിർമാതാവിന്റെ അടുത്ത ചിത്രം “മൗനം സമ്മതം ” K. മധു, മമ്മൂട്ടി ടീം ന്റേത് തന്നെ ആയിരുന്നു.
ഈ ചിത്രത്തിലെ യേശുദാസ് . ചിത്ര ഡ്യുയറ്റ് “കല്യാണ തേൻ നിലാ ” തമിഴിലെ എക്കാലത്തെയും ഒരു സൂപ്പർ ഹിറ്റ് ആണ് ).ഇതിന് ശേഷം മധു ചേട്ടൻ ചെയ്ത ജാഗ്രത, അടിക്കുറിപ്പ് തുടങ്ങിയ ചിത്രങ്ങൾ ഒന്നും എനിക്ക് വർക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.( ആ സമയത്ത് ഏതോ ചിത്രങ്ങളുടെ ഒക്കെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആയിരുന്നു ഞാൻ. )ഇപ്പോൾ പടം ഒന്നും ഇല്ലെന്നും”അഭിഭാഷകന്റെ കേസ് ഡയറി ” എഴുതാൻ പീറ്റർ ഏട്ടൻ പറഞ്ഞിരുന്നു എന്നും ഞാൻ മധു ചേട്ടനെ ധരിപ്പിച്ചു. ഉടനെ അസോസിയേറ്റ് ഐ. ശശിയെ കണ്ട് (പിന്നീട് തുടക്കം എന്ന ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹം ആണ് ) സ്ക്രിപ്റ്റും സോങ് കോപ്പിയും എല്ലാം വാങ്ങിച്ചോളാൻ അദ്ദേഹം പറഞ്ഞു..
അടുത്ത ദിവസം മുതൽ പ്രസാദ് തിയേറ്ററിൽ ” അഭിഭാഷകന്റെ കേസ് ഡയറി ” യുടെ റീ റെക്കോർഡിങ് ആരംഭിച്ചു. രാജാമണി ആയിരുന്നു ബാക്ക് ഗ്രൗണ്ട് സ്കോർ.മാക് പ്രൊഡക്ഷൻ ന്റെ ബാനറിൽ M. അലി ആയിരുന്നു ഈ ചിത്രം നിർമിച്ചത്. സ്ക്രിപ്റ്റ് S.N. സ്വാമി തന്നെ. ഷിബു ചക്രവർത്തി യുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ. യേശുദാസ്, സുജാത എന്നിവർ ആയിരുന്നു ഗായകർ.
“മഴ പെയ്തു മാനം തെളിഞ്ഞ നേരം “എന്ന ദാസേട്ടന്റെ സൂപ്പർ ഹിറ്റ് ഗാനം ഈ ചിത്രത്തിൽ ആണ്.
മേക്കപ്പ് -മോഹൻ, കോസ്ടുംസ് -വജ്രമണി, ആർട്ട് -ശ്രീനി, നൃത്തം -ശെൽവി, ആക്ഷൻ – പഴനി രാജ്, അസോസിയേറ്റ് -രാജൻ ശങ്കരാടി, ഐ. ശശി, എഡിറ്റിംഗ് -V. P. കൃഷ്ണൻ, ക്യാമറ – റഷീദ് മൂപ്പൻ തുടങ്ങിയവർ ഒക്കെയായിരുന്നു അണിയറയിൽ.മമ്മൂട്ടി, ഹീര രാജഗോപാൽ, കാവേരി, മാതു, ജഗതി, മണിയൻ പിള്ള രാജു, ഒടുവിൽ, രാജൻ. P. ദേവ്, നരേന്ദ്ര പ്രസാദ്, വിജയരാഘവൻ, അഗസ്റ്റിൻ, ശ്രീരാമൻ, മാള, മധുപാൽ, എന്നിങ്ങനെ മികച്ച അഭിനേതാക്കൾ. പതിവ് പോലെ സ്വാമിയുടെ സ്ക്രിപ്റ്റ്
ഒരു കൊലപാതകവും അത് തെളിയിക്കാൻ ഉള്ള അന്വേഷണപരമ്പരകളും ഒക്കെ തന്നെ. ഇവിടെ അന്വേഷണം നടത്താൻ എത്തുന്നത് ഒരു അഭിഭാഷകൻ ആണെന്ന് മാത്രം.. മമ്മൂട്ടി അവതരിപ്പിച്ച അനിയൻ കുഞ്ഞ് വക്കീലും ജഗതി അവതരിപ്പിച്ച മാണി കുഞ്ഞ് എന്ന പിശുക്കൻ ചേട്ടൻ കഥാപാത്രവും മികച്ചു നിന്നു. അനിയൻ കുഞ്ഞിനെതിരെ പ്രതികൾക്ക് വേണ്ടി വാദിക്കാൻ വന്ന വക്കീൽ ആയി നരേന്ദ്ര പ്രസാദ്, വില്ലൻ മാരെ സംരക്ഷിക്കാൻ വേണ്ടി നിലകൊള്ളുന്ന പോലീസ് ഓഫീസർ ആയി രാജൻ പി. ദേവ്, വില്ലൻമാർ ആയി മധുപാൽ, കൃഷ്ണൻ, നിരപരാധിയെങ്കിലും കുറ്റാരോപിത നായ ഉണ്ണി ആയി മണിയൻ പിള്ള രാജു, നായകനായ അനിയൻ കുഞ്ഞ് വക്കീലിനോപ്പം നീതിക്ക് വേണ്ടി പൊരുതുന്ന പോലീസ് ഇൻസ്‌പെക്ടർമാരായി വിജയ രാഘവൻ, ശ്രീരാമൻ ഇങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ ചിത്രത്തിൽ ഉണ്ട്. നായിക ആയി വന്ന ഹീരക്ക് കാര്യമായി ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. ക്ലൈമാക്സിൽ നിഴലിനെ സാക്ഷിയാക്കി കുറ്റം തെളിയിക്കുന്ന രീതി ശ്രദ്ദേയമായി..
ആ വർഷം വിഷുവിന് തിയേറ്ററിൽ എത്തിയ “ഒരു അഭിഭാഷകന്റെ കേസ് ഡയറി “, കെ. മധു, S. N. സ്വാമി, മമ്മൂട്ടി ടീം ന്റെ മറ്റൊരു വിജയ ചിത്രം ആയി മാറി.95 വിഷുവിന് തന്നെ റിലീസ് ആയ സ്പടികം(ഭദ്രൻ ), മഴയെത്തും മുമ്പേ,(കമൽ ), മാന്നാർ മത്തായി സ്പീകിംഗ് (സിദ്ദിഖ് ലാൽ, മാണി. സി. കാപ്പൻ ),
തുടങ്ങിയ ചിത്രങ്ങളും സൂപ്പർ ഹിറ്റ്കൾ തന്നെ ആയിരുന്നു.കാട്ടിലെ തടി തേവരുടെ ആന, മാണിക്യ ചെമ്പഴുക്ക എന്നീ ചിത്രങ്ങളും ആ വിഷുവിന് തിയേറ്ററുകളിൽ എത്തിയിരുന്നു.വിഷു തിരക്കുകൾ ക്ക് ശേഷം ആ ഏപ്രിലിൽ തന്നെ ആണെന്ന് തോന്നുന്നു, മദ്രാസ് ഹൈകോടതിയിൽ നിന്നും എനിക്ക് ഒരു നോട്ടീസ് വന്നു. ലീഗൽ എയ്ഡ്‌സ് ൽ നിന്നും അഡ്വക്കേറ്റ് പുഷ്പ മാഡം അയച്ച കത്തായിരുന്നു അത്. അടുത്ത ആഴ്ച എന്റെ ആക്‌സിഡന്റ് കേസ് ഹിയറിങ് ന് വരുന്നുണ്ട്. ഹാജർ ആകണം.
90 ജൂലൈയിൽ സംഭവിച്ച അപകടം ആണ്. ഒരു വർഷത്തോളം നാട്ടിൽ ചികിത്സയും 2 ഓപ്പറേഷനും ശേഷം ആണ് ഞാൻ സിനിമാരംഗത്തേക്ക് മടങ്ങി എത്തിയത്. ഇതിനകം മൂന്നോ നാലോ തവണ എന്നെ കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു.ഓരോ തവണയും കൂട്ടിൽ കയറി പുഷ്പ മാഡം പറഞ്ഞു തന്ന കാര്യങ്ങൾ അതേ പോലെ ഞാൻ കോടതിയിൽ അവതരിപ്പിച്ചു.തുടർന്ന് ജഡ്ജി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കും. എന്നോട് പൊയ്ക്കോളാൻ പറയും. എന്നെങ്കിലും നഷ്ട പരിഹാരം കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് ഓരോ തവണയും ഞാൻ ഹൈക്കോടതിയിൽ ചെല്ലുന്നത്.പക്ഷേ ഒന്നും സംഭവിക്കാറില്ല.ഇപ്പോൾ ഇതാ വീണ്ടും വിളിപ്പിച്ചിരിക്കുന്നു.ഇത്തവണയെങ്കിലും എന്തെങ്കിലും സംഭവിക്കുമോ?? പ്രതീക്ഷയോടെ ഞാൻ ആ ദിവസവും കാത്ത് ഇരിപ്പായി..
(തുടരും)