സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 69 .
(ഗോപിനാഥ് മുരിയാട്)
എന്റെ ആൽബത്തിന് വീണ്ടും വലിയ ഒരിടവേള ഉണ്ടായി.. മനപ്പൂർവം അല്ല. ഒരച്ഛന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കടമ കൂടി ചെയ്തു തീർക്കാൻ ഉള്ള ബദ്ധപ്പാടിലായിരുന്നു കഴിഞ്ഞ ഒന്ന് രണ്ടു മാസക്കാലം.
മകളുടെ വിവാഹം.. അതും ഏകമകളുടെ.. ഏതൊരച്ഛന്റെയും സ്വപ്നവും അതിലേറെ ഉത്കണ്ടയും ആണ് മകളെ അനുയോജ്യനായ ഒരു പുരുഷന്റെ കയ്യിൽ പിടിച്ച് ഏല്പിക്കുക എന്നുള്ളത്.. എന്തായാലും ഈ കഴിഞ്ഞ മെയ് 25 ന് മകൾ സുമംഗലി ആയി.. അവൾ ആഗ്രഹിച്ച പോലെ തന്നെ എന്റെ സഹോദരി പുത്രന്റെ കയ്യിൽ തന്നെ അവളുടെ കൈ പിടിച്ചു കൊടുത്ത് ആ കടമ നിറവേറ്റി കൊടുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസം..സന്തോഷം, അതോടൊപ്പം എല്ലാം മംഗളം ആയി തീരാൻ അനുഗ്രഹിച്ച ജഗദീശ്വരന് നന്ദി.. ഒപ്പം അതിന് എന്നെ സഹായിച്ച എന്റെ ബന്ധുമിത്രാദികൾക്കും..
(ഒരിക്കൽ ഈ കുഞ്ഞിന്റെ ഭാവിയെന്താകും എന്നോർത്ത് ഞാൻ വല്ലാതെ വേവലാതിപ്പെട്ടിരുന്നു. ആശ്വാസത്തിന്റെ തെളിനീരുറവ പോലും ഒരു മരീചിക മാത്രം ആയിരുന്നു അന്നാളുകളിൽ. ആ കരാളരാത്രികൾ സമ്മാനിച്ച ദുസ്വപ്നങ്ങൾ. ആ കനൽ പാതകൾ താണ്ടി മറുകര എത്താൻ എന്നെങ്കിലും കഴിയുമോ എന്ന് സ്വയം ശപിച്ച നിമിഷങ്ങൾ..
എല്ലാം ഒരു സ്വപ്നം പോലെയാണ് ഇപ്പോൾ തോന്നുന്നത്.. ആ കഥ വഴിയേ പറയാം ).
നമുക്ക് 95 ജൂണിലേക്ക് തന്നെ തിരിച്ചു പോകാം.
“കർമ്മ”ക്ക് ശേഷം വർക്ക് ചെയ്തത് ജയരാജ് ന്റെ തന്നെ “കടപ്പുറം “എന്ന സിനിമ ആയിരുന്നു. എറണാകുളത്തെ മഹാരാജ സൂപ്പർ മാർക്കറ്റ് ഉടമ ശിവാനന്ദൻ മഹാരാജ ഫിലിംസ് ന്റെ ബാനറിൽ നിർമിച്ച ചിത്രം ആയിരുന്നു “തുമ്പോളി കടപ്പുറം”.(ആദ്യം കടപ്പുറം എന്ന് മാത്രം ആയിരുന്നു ടൈറ്റിൽ. റിലീസിന് തൊട്ട് മുമ്പാണ് “തുമ്പോളി കടപ്പുറം” എന്ന് പേര് മാറ്റിയത് ). കലൂർ ഡെന്നിസ് ന്റെ ആയിരുന്നു തിരക്കഥ, സംഭാഷണം. കഥ -ഉണ്ണി ജോസഫ്.
ഓ. എൻ. വി. യുടെ ഗാനങ്ങൾ. സലിൽ ചൗധരിയുടെ സംഗീതം.(“ഓളങ്ങളെ..” എന്ന ചിത്രയുടെ ഗാനവും” കാതിൽ തേൻ മഴയായ് ”
എന്ന ദാസേട്ടന്റെ ഗാനവും ഹിറ്റ് ആയിരുന്നു ). യേശുദാസ്, ചിത്ര, സുനന്ദ എന്നിവർ ആയിരുന്നു ഗായകർ. ആർട്ട്. മക്കട ദേവദാസ്, മേക്കപ്പ് -പുനലൂർ രവി, കോസ്ടുംസ് -ദണ്ഡപാണി, നൃത്തം -കുമാർ, ആക്ഷൻ -മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ -രാജു നെല്ലിമൂട്, അസോസിയേറ്റ് ഡയറക്ടർ -C. P. ജോമോൻ, അസിസ്റ്റന്റ് ഡയറക്ടർസ്- ജി ജോർജ്, ഉണ്ണി അരിയന്നൂർ, ഇസ്കന്തർ മിർസ, പ്രദീപ്. എഡിറ്റിംഗ് -ലെനിൻ, വിജയൻ. ക്യാമറ – P. സുകുമാർ. സംവിധാനം -ജയരാജ്.
വിജയ രാഘവൻ ആയിരുന്നു നായകൻ. ഒപ്പം സഹനായകൻ ആയി മനോജ്. കെ. ജയനും ഉണ്ട്. നായിക സിൽക്ക് സ്മിത, പ്രീയ രാമൻ. വില്ലൻമാർ ആയി രാജൻ. P. ദേവ്, ഏലിയാസ് ബാബു. കൂടാതെ പപ്പു, പ്രേം കുമാർ, ഇന്ദ്രൻസ്, ജോസ് പ്രകാശ്, ജോസ് പെല്ലിശ്ശേരി, അഗസ്റ്റീൻ, സൈനുദ്ധീൻ, അടൂർ ഭവാനി, അടൂർ പങ്കജം, ഫിലോമിന ഇങ്ങനെ ഒരുപാട് അഭിനേതാക്കൾ.കടപ്പുറത്തെ സാധാരണക്കാരുടെ പ്രണയവും, പ്രതികാരവും, അടിയും ബലാത്സംഗവും ഒക്കെ കുത്തി നിറച്ച ഒരു സാധാരണ മസാല ചിത്രം.ജയരാജ് ന്റെ ഏറ്റവും മോശം സിനിമകളിൽ ഒന്നായിരുന്നു “തുമ്പോളി കടപ്പുറം “.വികലമായ ഒരു സ്ക്രിപ്റ്റ് നെ രക്ഷപ്പെടുത്താൻ എത്ര പ്രതിഭാധനൻ ആയ സംവിധായകൻ വിചാരിച്ചാലും കഴിയില്ലല്ലോ..അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ ഒന്നും തന്നെ ഓർമയിൽ ഇല്ല. അതിനു ശേഷം വർക്ക് ചെയ്തത് ബൈജു കൊട്ടാരക്കര യുടെ ബാബു ആന്റണി ചിത്രം “ബോക്സർ “ആയിരുന്നു. രോഹിത് ഫിലിംസ് ന്റെ ബാനറിൽ ദിനേശ് പണിക്കർ നിർമിച്ച ഈ ചിത്രത്തിന്റെയും രചന ശ്രീ. കലൂർ ഡെന്നിസ് തന്നെ. എറണാകുളം നോർത്തിലെ മാതാ ടൂറിസ്റ്റ് ഹോം ആയിരുന്നു അന്ന് മലയാളചിത്രങ്ങളുടെ ഈറ്റില്ലം. ഈ സിനിമകളുടെ എല്ലാം ഗോഡ്ഫാദർ ഡെന്നിച്ചൻ തന്നെ. സംവിധായക മോഹികളെല്ലാം അന്ന് ഈ ടൂറിസ്റ്റ് ഹോമിൽ ഡെന്നിച്ചന്റെ റൂമിന് ചുറ്റും പെറ്റു കിടക്കുകയായിരുന്നു എന്നാണ് കോടംബക്കത്തു കേട്ടിരുന്ന ശ്രുതി.
(ബൈജു വിന്റെ ആദ്യത്തെ ചിത്രം”കമ്പോളം “പ്രസാദ് 70 mm തിയേറ്ററിൽ സോങ് റെക്കോർഡിങ് ന് ഞാനും ഉണ്ടായിരുന്നു. ആദ്യം ആ ചിത്രത്തിൽ അസോസിയേറ്റ് ആയി വർക്ക് ചെയ്യാൻ എന്നോട് ബൈജു തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ റെക്കോർഡിങ് ദിവസം ഉച്ചയായിട്ടും പ്രൊഡ്യൂസർ ഫണ്ട് മായി എത്താതിരുന്നതിനാൽ മ്യൂസിക് ഡയറക്ടർ വെങ്കിട്ടേഷ് റെക്കോർഡിങ് നിർത്തി വച്ചു. പടം നിന്നു പോകും എന്ന സാഹചര്യത്തിൽ ഡെന്നിച്ചന്റെ അപേക്ഷ പ്രകാരമാണ് നടൻ സത്താർ ഈ പടം ഏറ്റെടുക്കുന്നത്.പുതിയ പ്രൊഡ്യൂസർ വന്നതോടെ അസോസിയേറ്റ് സ്ഥാനത്തും മറ്റൊരാൾ എത്തി.” കമ്പോളം “തരക്കേടില്ലാതെ ഓടിയതിനാൽ ഡെന്നിച്ചൻ തന്നെ ആണ് ബൈജു വിന്റെ അടുത്ത ചിത്രം ആയ ബോക്സർ ‘നും പ്രൊഡ്യൂസറെ റെഡിയാക്കി കൊടുത്തത്.ബോക്സർ ന്റെ അണിയറയിൽ ഡെന്നിച്ചന് പുറമേ ഗാനങ്ങൾ -ബിച്ചു തിരുമല, രമേശൻ നായർ, സംഗീതം -ടോമിൻ തച്ചങ്കാരി, ബാക്ക് ഗ്രൗണ്ട് സ്കോർ -S. P. വെങ്കിട്ടേഷ്, ഗായകർ -, ഹരിഹരൻ,ചിത്ര, മനോ, സുരേഷ് പീറ്റർ, ഷാഹുൽ ഹമീദ്, ജി. വി. പ്രകാശ്, കവിത കൃഷ്ണമൂർത്തി, ശുഭ, അനുപമ തുടങ്ങിയവർ.മേക്കപ്പ് – മോഹൻദാസ്, ആർട്ട് -ബോബൻ, കോസ്ടുംസ് -വജ്ര മണി, നൃത്തം -കല, ആക്ഷൻ -മലേഷ്യ ഭാസ്കർ,പ്രൊഡക്ഷൻ കൺട്രോളർ -രാജു ഞാറക്കൽ, അസോസിയേറ്റ് ഡയറക്ടർ സ് -C. K. ദിനകരൻ, കുടമാളൂർ രാജാജി, അസിസ്റ്റന്റ് ഡയറക്ടർ -ഉദയ കൃഷ്ണ. (ഇന്നത്തെ പ്രശസ്ത തിരക്കഥാ കൃത്ത് ഉദയ കൃഷ്ണ തന്നെ ).
എഡിറ്റിംഗ് -ശങ്കുണ്ണി. ക്യാമറ – സഞ്ജീവ് ശങ്കർ.(യോദ്ധയിൽ സന്തോഷ് ശിവന്റെ അസോസിയേറ്റ് ആയിരുന്ന സഞ്ജീവ് ഇതിനകം ക്യാമറമാൻ ആയി കഴിഞ്ഞിരുന്നു.വിജി തമ്പിയുടെ “തിരുത്തൽവാദി “യാണ് സഞ്ജീവ് ന്റെ ആദ്യ ചിത്രം എന്നാണ് എന്റെ ഓർമ ). കൂട്ടത്തിൽ ഒരു വാക്ക്. ശ്യാമ എന്ന ജോഷി സർ ന്റെ ചിത്രത്തിന്റ റീ റെക്കോർഡിങ് നടക്കുമ്പോൾ വിജയ വാഹിനി സ്റ്റുഡിയോ യിലെ “D”തിയേറ്ററിൽ വച്ചാണ് ഞാൻ കുടമാളൂർ രാജാജി എന്ന അസിസ്റ്റന്റ് ഡയറക്ടറെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് തമ്പി കണ്ണന്താനത്തിന്റെ ” ഭൂമിയിലെ രാജാക്കന്മാർ “എന്ന ചിത്രത്തിന്റെ വർക്കിനിടെ അടുത്ത സുഹൃത്തുക്കളായി. ഞാൻ ചെന്നൈ വിടുന്നവരെ ജോഷി സർ ന്റെ ഭൂരിഭാഗം ചിത്രങ്ങളിലും അസിസ്റ്റന്റ് ആയി രാജാജി ഉണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ജീട്ടും ആ ബന്ധം ഇന്നും തുടരുന്നു. അവസാനം ഞങ്ങൾ തമ്മിൽ കണ്ടത് “ആനക്കള്ളൻ ” ന്റെ ഫൈനൽ വർക്ക് നടക്കുമ്പോൾ ആണ്. എന്നേക്കാൾ സീനിയർ ആയ രാജാജി ഇപ്പോഴും മലയാളത്തിലെ തിരക്കേറിയ അസോസിയേറ്റ് ഡയറക്ടർ ആണ്. എന്ത് കൊണ്ടോ സംവിധായകൻ എന്ന നിലയിൽ ശ്രദ്ദേയൻ ആകാൻ ഭാഗ്യം അദ്ദേഹത്തെ അനുവദിച്ചില്ല .(മിമിക്സ് 2000 എന്ന ഒരു ചിത്രം രാജാജി ചെയ്തിട്ടുണ്ട് എങ്കിലും അതത്ര ശ്രദ്ദിക്കപ്പെട്ടില്ല എന്ന് തോന്നുന്നു ).’മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ സഹസംവിധായകൻ ആയി വർക്ക് ചെയ്തിരിക്കുന്നത് ഒരു പക്ഷേ ഇദ്ദേഹം ആയിരിക്കും.
ബോക്സറിൽ ബാബു ആന്റണി ക്ക് പുറമേ നരേന്ദ്ര പ്രസാദ്,സുകുമാരൻ,ഷമ്മി തിലകൻ, ജഗതി,സൈനുദ്ധീൻ , വിജയ് മേനോൻ, സത്താർ, അനിൽ മുരളി, മാമുക്കോയ, കൃഷ്ണൻ കുട്ടി നായർ, അബു സലിം, ഗാവൻ, ജഗന്നാഥ വർമ, അഗസ്റ്റിൻ,ഹരിത , അനുഷ, ശ്രീജ, T. T. ഉഷ, കെ. ആർ. വത്സല, ഉഷറാണി ഇങ്ങനെ ഒരുപാട് പേർ. ഈ ചിത്രത്തിന്റെ വർക്ക് നടക്കുമ്പോൾ നാട്ടിൽ നിന്നും ഒരു സുഹൃത്ത് എന്നെ തേടി വന്നു. രാജൻ സിതാര. (പുള്ളിയെ പറ്റി ഞാൻ മുമ്പ് ഒരിക്കൽ സൂചിപ്പിച്ചിരുന്നു. “മരിജുവാന “യുടെ ഡിസ്കഷന് വേണ്ടി എറണാകുളം ക്വീൻസ് ഹോട്ടലിൽ താമസിച്ചിരുന്ന വറുതിയുടെ നാളുകളിൽ സഹായഹസ്തവുമായി വന്ന പ്രിയ സ്നേഹിതൻ. എന്റെ ആദ്യ ടെലി ഫിലിംന്റെ സ്റ്റിൽ ഫോട്ടോ ഗ്രാഫർ).
കുറേ കാലമായി സിനിമയിൽ ക്യാമറ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യാൻ ഉള്ള താല്പര്യം രാജൻ എന്നോട് പറയാറുണ്ടെങ്കിലും, ഞാൻ പുള്ളിയെ നിരുത്സാഹപ്പെടുത്താറാണ് പതിവ്. കോടമ്പാക്കം സിനിമയിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറോ, അസിസ്റ്റന്റ് ക്യാമറമാനോ ഒക്കെ ആയി എത്തിപ്പെട്ടാൽ അവിടെ ജീവിച്ച് പോകാൻ ഉള്ള പങ്കപ്പാടുകളെ പറ്റി ഞാൻ ഇതിനകം നന്നായി മനസ്സി ലാക്കിയിരുന്നു. നാട്ടിൽ ഒരുവിധം നല്ല ചുറ്റുപാടിൽ കഴിഞ്ഞു വരുന്ന, അതും ഒരു ഫാമിലിമാൻ കൂടി ആയ രാജനെ ഈ ഗാബ്ലിങ് ഫീൽഡിലേക്ക് കൊണ്ട് വരാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു എന്നതാണ് സത്യം.പക്ഷേ തലയിൽ എഴുത്ത് തുടച്ചാൽ പോകില്ലല്ലോ. ഞാൻ മൂലം സംഗതി നടക്കില്ലെന്ന് തോന്നിയ രാജൻ ഏതോ പിഷാരടി സുഹൃത്ത് വഴി സംവിധായകൻ ബാബുവിനെ,(അനിൽ -ബാബു ടീംലെ ബാബു തന്നെ ), ചെന്ന് കണ്ട് കാര്യം അവതരിപ്പിച്ചു. ബാബുവും രാജനും പിഷാരടിമാർ ആയത് കൊണ്ടോ എന്തോ ബാബു സഹായിക്കാം എന്നേറ്റു. തൊട്ട് മുമ്പ് അനിൽ ബാബു മാർ സംവിധാനം ചെയ്ത ചിത്രങ്ങളുടെ ക്യാമറമാൻ ആയ സഞ്ജീവ് നെ ചെന്ന് കാണാൻ പറഞ്ഞ് ബാബു രാജനെ ചെന്നൈക്ക് വിട്ടതിനാൽ ആണ് അദ്ദേഹം എന്നെ തേടി വന്നത്.
മുമ്പും ഞാൻ താമസിച്ചിരുന്ന ചിന്മയ നഗറിലെ വീട്ടിൽ രാജൻ വന്നീട്ടുള്ളതിനാൽ ബാബുവിന്റെ ഗ്രീൻ സിഗ്നൽ കിട്ടിയതും പുള്ളി അടുത്ത ട്രെയിൻ പിടിച്ച് മദ്രാസിൽ എത്തി. ബോക്സർ ന്റെ ഗ്രേഡിങ് പ്രസാദ് ലാബിൽ നടക്കുന്നതിനാൽ സഞ്ജീവ് അവിടെയുണ്ടെന്ന് എനിക്കറിയാം. പടത്തിന്റെ റീ റെക്കോർഡിങ് നടക്കുന്നതും പ്രസാദ് സ്റ്റുഡിയോയിൽ തന്നെ.ഞാൻ രാജനെയും കൂട്ടി പ്രസാദ് സ്റ്റുഡിയോയിൽ എത്തി. സഞ്ജീവ് റീ റെക്കോർഡിങ് ന് റീൽസ് ഇടുമ്പോൾ കാണാൻ ആയി 70 mm തിയേറ്ററിൽ ഇടയ്ക്കിടെ വരും. വലിയ സ്‌ക്രീനിൽ ചിത്രം കാണാം എന്ന് മാത്രം അല്ല പടം കാണുന്ന മ്യൂസിഷ്യൻസ്ന്റെ റീ ആക്ഷൻസും അറിയാമല്ലോ..!
ഞങ്ങൾ ചെല്ലുമ്പോൾ സഞ്ജീവ് സ്റ്റുഡിയോയിലെ വിസിറ്റിംഗ് ഏരിയയിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ രാജനെ സഞ്ജീവ്ന് പരിചയപ്പെടുത്തി. നാട്ടുകാരൻ ആണ്.മാത്രമല്ല ബാല്യകാല സുഹൃത്തും.നാട്ടിലെ അറിയപ്പെടുന്ന സ്റ്റിൽ ഫോട്ടോഗ്രാഫറും വീഡിയോ ക്യാമറമാനും ആണ്. അദ്ദേഹത്തിന് സിനിമയിൽ ക്യാമറ അസിസ്റ്റന്റ് ആയി സിനിമട്ടോഗ്രാഫി പഠിക്കാൻ ആഗ്രഹം ഉണ്ട്. കൂടെ നിർത്തണം. (ഡയറക്ടർ ബാബു പറഞ്ഞയച്ചതാണെന്ന് പ്രത്യേകം പറഞ്ഞു. കാരണം ബാബുവിന്റെ പടങ്ങളുടെ ക്യാമറമാൻ ആയി വർക്ക് ചെയ്തീട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ വാക്കിന് അല്പം വെയിറ്റ് കൂടുതൽ ഉണ്ടാവും. പുള്ളിയെ എനിക്ക് അസിസ്റ്റന്റ് ആയിരുന്നപ്പോൾ മുതൽ പരിചയം ഉണ്ടെങ്കിലും അത് കൊണ്ടൊന്നും വലിയ കാര്യം ഇല്ല. അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണ് സിനിമയിൽ അധികവും). എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സഞ്ജീവ് പറഞ്ഞു.
“അടുത്ത മാസം ജോസ് തോമസ് ന്റെ പടം ഉണ്ട്. അതിൽ കൂട്ടാൻ പറ്റുമോ എന്ന് നോക്കട്ടെ.ഇപ്പോൾ തന്നെ 4 അസിസ്റ്റന്റ്സ് ഉണ്ട് .എന്തായാലും എറണാകുളത്ത് വരൂ.നമുക്ക് നോക്കാം.”.രാജന് സന്തോഷം ആയി. പക്ഷേ എനിക്ക് ആശങ്കയായിരുന്നു കൂടുതൽ. നാട്ടിൽ മാന്യമായി സ്റ്റുഡിയോ നടത്തി കഴിയുന്ന ആൾ ആണ്. മാത്രമല്ല ചുറ്റുവട്ടത്തുള്ള എല്ലാ കല്യാണങ്ങളുടെയും വീഡിയോ യും സ്റ്റില്ലും എല്ലാം പുള്ളി തന്നെ.സിനിമയിൽ വന്ന് പെട്ട് എന്താകുമോ എന്തോ???
(തുടരും)