സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 70 .
(ഗോപിനാഥ് മുരിയാട്)
എന്തായാലും സഞ്ജീവ് തന്റെ അടുത്ത ചിത്രം ആയ “കാഞ്ഞിരപ്പിള്ളി കറിയാച്ചനിൽ ” ക്യാമറ അസിസ്റ്റന്റ് ആയി രാജനെയും കൂട്ടി. (സഞ്ജീവ് നെ കാണാൻ അന്ന് രാജൻ ചെന്നൈയിൽ വന്നപ്പോൾ ടെറസിൽ വച്ച് എന്റെയും സുഹുത്തുക്കളുടെയും കുറേ സ്റ്റിൽസ് എടുത്തു. ആ ചിത്രങ്ങൾ ആണ് ഇതോടൊപ്പം ഇട്ടിരിക്കുന്നത്.).
95 ജൂലൈയിൽ തന്നെ മറ്റൊരു ചിത്രം കൂടി സെൻസർ ചെയ്യാൻ വിജയേട്ടൻ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് N. വിജയകുമാർ തന്നെ )എന്നെ ഏല്പിച്ചു. “തിരുമനസ്സ് “.അശ്വതി ഗോപിനാഥ് എന്ന സംവിധായകന്റെ ആദ്യ ചിത്രം. നരേന്ദ്ര പ്രസാദ് തിരുമനസ്സ് ആയി വന്ന ഈ ചിത്രത്തിലെ നായകൻ സായി കുമാർ ആയിരുന്നു. നായിക ചാർമിള. രാജൻ പി. ദേവ്, ഒടുവിൽ, M. S. തൃപ്പുണിത്തുറ, പപ്പു,,സൈനുദ്ധീൻ,ഇന്നസെന്റ്,പറവൂർ ഭരതൻ, കെ. ർ. വിജയ,മഹേഷ്, സുകുമാരി, അടൂർ ഭവാനി, ലളിതശ്രീ ഇങ്ങനെ ഒരുപാട് പേർ അഭിനയിച്ചിരുന്നു ഈ ചിത്രത്തിൽ. (ഒരു ഫ്ലാഷ് ബാക്ക് സീനിൽ തിരുമനസ്സ് ന്റെ മകൻ ആയി ദിലീപും ഉണ്ട് ).
P & P. ഇന്റർനാഷണൽ ഫിലിംസ് ന്റെ ബാനറിൽ തോമസ് പറോക്കാരൻ, വേറൊണിക്ക പന്തലിപ്പാടൻ എന്നിവർ ചേർന്ന് നിർമിച്ച ഈ സിനിമയുടെ കഥ തുമ്പൂർ ലോഹി താക്ഷൻ, സ്ക്രിപ്റ്റ് -ഭരത് കുമാർ, ഗാനങ്ങൾ – P. K. ഗോപി, സംഗീതം -പ്രേം കുമാർ, (യേശുദാസ്, ചിത്ര, വേണുഗോപാൽ എന്നിവർ പാടിയ നല്ല മൂന്നോ നാലോ ഗാനങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. പക്ഷെ ഈ സംഗീത സംവിധായകനെ പിന്നീട് ഒരു സിനിമയിലും കണ്ടതായി ഓർക്കുന്നില്ല ).
മേക്കപ്പ് -P. V. ശങ്കർ, കോസ്ടുംസ് -ലക്ഷ്മണൻ, ആർട്ട് -പ്രേമ ചന്ദ്രൻ, നൃത്തം -അമ്പി, ആക്ഷൻ -മാഫിയ ശശി, എഡിറ്റിംഗ്. കെ. ർ. ബോസ്, ക്യാമറ -M. D. സുകുമാരൻ. (ഇതിന് മുമ്പ് ഞാൻ വർക്ക് ചെയ്ത ശശി ശങ്കർ ന്റെ ” പുന്നാരം “എന്ന ചിത്രത്തിന്റെയും ക്യാമറമാൻ സുകുമാരൻ തന്നെ ആയിരുന്നു. ഒരുപാട് ചിത്രങ്ങളിൽ തന്റെ പ്രതിഭ തെളിയിച്ചെങ്കിലും നിർഭാഗ്യം കൊണ്ട് മാത്രം തന്റെ കഴിവിനൊത്ത ഒരു അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ല എന്നുള്ളതാണ് സത്യം. സുരേഷ് ഗോപി യെ നായകൻ ആക്കി ” ഉള്ളം “, നന്ദു വിനെ നായകൻ ആക്കി “പശു ” എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതും ഇദ്ദേഹം തന്നെ. തിയേറ്ററിൽ വലിയ വിജയം ആയില്ലെങ്കിലും വിദേശഫെസ്റ്റിവലുകളിൽ ഈ രണ്ടു ചിത്രങ്ങളും ശ്രദ്ദേയം ആയിരുന്നു ).
ജോണി ആന്റണി (C. I. D. മൂസ ഡയറക്ടർ, ഇപ്പോഴത്തെ ശ്രദ്ദേയൻ ആയ താരം, ),എബി ജോസ്, (അക്കു അക്ബർ ന്റെ കൂടെ “മഴതുള്ളി കിലുക്കം” ചെയ്ത കമൽ സഹായി തന്നെ ).G. പ്രജിത് (വടക്കൻ സെൽഫി ഡയറക്ടർ ),ഇവർ ഒക്കെ ഈ ചിത്രത്തിലെ സഹ സംവിധാ യകർ ആണ്. അസോസിയേറ്റ് ഡയറക്ടർ വി. കെ. ഉണ്ണി.
ഭരണി സ്റ്റുഡിയോയിൽ ആയിരുന്നു ചിത്രത്തിന്റെ റീ റെക്കോർഡിങ്. രാജാ മണി ആയിരുന്നു ബാക്ക് ഗ്രൗണ്ട് സ്കോർ. 4 ദിവസം കൊണ്ട് റീ റെക്കോർഡിങ് തീർന്നു.ഒരു പഴയ കൊട്ടാരം. അതിലെ തിരുമനസ്സ് ആയി പ്രസാദ് സാർ. ഭാര്യ. കെ. ർ. വിജയ. മകൾ ചാർമിള. കൊട്ടാരം വക സ്കൂളിൽ സംഗീത അദ്ധ്യാപകൻ ആയി വരുന്ന സായി കുമാർ. സായി വന്നതോടെ കൊട്ടാരത്തിലെ ദിവാൻ ആയ രാജൻ പി. യുടെ കള്ളക്കളികൾ പുറത്താവുന്നു. ചാർമിള യെ വിവാഹം കഴിക്കാമെന്ന് സ്വപ്നം കണ്ടിരുന്ന ദിവാന്റെ മകൻ മഹേഷ് ഇതോടെ സായി യുടെ ശത്രു ആയി. കൊട്ടാരത്തിലെ നിലവറയിൽ കോടിക്കണക്കിന് രൂപ വില വരുന്ന രത്നം, പവിഴം, മുത്ത് ഒക്കെ സൂക്ഷിച്ചീട്ടുണ്ടെന്ന് പൂജാമുറിയിൽ നിന്ന് കിട്ടിയ താളി യോല വായിക്കാൻ ഏല്പിച്ച ഇന്ന സെന്റ് കണ്ടെത്തുന്നതോടെ ദിവാനും കൂട്ടരും തിരുമനസ്സ് നെ കൊന്നീട്ടാണെങ്കിലും ആ നിലവറയിലെ സ്വത്തുക്കൾ കൈക്കലാക്കാൻ മുംബൈ യിൽ നിന്ന് ഗുണ്ടകളെ വരുത്തുന്നു.
ക്‌ളൈമാക്സിൽ സായി വന്ന് ഗുണ്ടകളെയും കൂട്ടരെയും ഓടിച്ചു കൊണ്ട് തിരുമനസ്സ് നെ രക്ഷപ്പെടുത്തുന്നു. (ഹിസ് ഹൈനെസ്സ് അബ്ദുള്ള, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങൾ എല്ലാം സ്ക്രിപ്റ്റ് എഴുതിയവരെ സ്വാധീനിച്ചീട്ടുണ്ട് എന്ന് വ്യക്തം )സ്ക്രിപ്റ്റ് പുതിയ ആളുകൾ ആയത് കൊണ്ടോ മേക്കിങ്ൽ ഡയറക്ടർ കൂടുതൽ ആയി ഒന്നും ചെയ്യാത്തത് കൊണ്ടോ എന്തോ തിരുമനസ്സ് തിയേറ്ററിൽ വിജയം ആയില്ല..
അശ്വതി ഗോപിനാഥ് എന്ന സംവിദായകനോ, ഇതിന്റെ എഴുത്തുകാരോ പിന്നീട് ഒരു ചിത്രവും ചെയ്തതായി അറിവില്ല.എന്നെ അത്ഭുതപ്പെടുത്തിയ വിഷയം അതൊന്നും അല്ല. തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകൾക്കുള്ളിൽ അമൂല്യങ്ങൾ ആയ രത്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തുന്നതിനു വർഷങ്ങൾക്ക് മുമ്പ് ഈ ചിത്രത്തിൽ എങ്ങനെ ഇങ്ങനെ ഒരു വിഷയം (കൊട്ടാരത്തിലെ നിലവറക്കുള്ളിൽ മുൻഗാമികൾ സൂക്ഷിച്ചു വച്ചിരുന്ന രത്നം, പവിഴം, മുത്ത് etc.),
എഴുത്തുകാർ വിഭാവനം ചെയ്തു???
തിരുമനസ്സ് കഴിഞ്ഞു കുറച്ചു നാളുകൾ ക്ക് ശേഷം ഒരു ദിവസം A. V. M. സ്റ്റുഡിയോയിൽ വച്ച് പ്രൊഡക്ഷൻ കൺട്രോളർ രാധാകൃഷ്ണനെ (അപ്പി എന്ന പേരിൽ ആണ് പുള്ളി സിനിമയിൽ അറിയപ്പെടുന്നത് ) കണ്ടു. പുള്ളി രേവതി കലാമന്ദിർ ന്റെ വർക്ക് കളിൽ എല്ലാം ഉണ്ടാവാറുണ്ട്. മുമ്പ് ബട്ടർഫ്‌ളൈസ് ലോ മറ്റോ ഞങ്ങൾ വർക്ക് ചെയ്‌തീട്ടുണ്ട്. വിശേഷം പറഞ്ഞ കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു.
“നിൽക്കാൻ നേരമില്ല ഗോപി. ബ്രൗൺ സ്റ്റോൺ ലേക്ക് വാ. സുരേഷ് വന്നീട്ടുണ്ട്. “തക്ഷശില ”
ഓണത്തിന് റിലീസ് ചെയ്യാൻ ഉള്ള ഓട്ടത്തിൽ ആണ്. നാളെ ഡബ്ബിങ് തുടങ്ങും “.
ഹരിഹരൻ സാർ ന്റെ ശിഷ്യൻ ശ്രീക്കുട്ടൻ ആണ് സംവിധായകൻ എന്ന് കേട്ടിരുന്നു. (പഴയ കാല സംവിധായകൻ എം. കൃഷ്ണൻ നായർ സാർ ന്റെ മകനും പ്രശസ്ത കവിയും ഐ. എ. എസ്. കാരനും ആയ കെ. ജയകുമാർ ന്റെ സഹോദരനും ആണ് കക്ഷി ). ശ്രീക്കുട്ടനെ എനിക്ക് ചെന്നൈയിൽ ചെന്ന കാലം മുതലേ അറിയാം.
വടപളനി യിലെ അശോക് ബ്രദർസ് ന്റെ എഡിറ്റിംഗ് റൂമിൽ വച്ചാണ് ഞങ്ങൾ ആദ്യം കണ്ടു മുട്ടുന്നത്. ഹരിഹരൻ സാർ ന്റെ” പൂമoത്തെ പെണ്ണ്” “ഫൈനൽ വർക്ക് നടക്കുന്നു.
ശ്രീകുട്ടനെ കൂടാതെ G. S. വിജയൻ, P. R. S. ബാബു (അനിൽ ബാബു ടീം ലെ ബാബു തന്നെ ) എന്നിവരും ഹരൻ സാർ ന്റെ സഹായികൾ ആയി ഒപ്പം ഉണ്ട്. ഞാൻ തൊട്ട് അടുത്ത റൂമിൽ ചക്രപാണി എന്ന എഡിറ്റർ ടെ റൂമിൽ “രക്ഷസ്സ് ”
എന്ന ചിത്രത്തിന്റെ വർക്ക് ന് വന്നതാണ്.സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ ബാബു വും കൂട്ടരുമായി സംസാരിക്കാൻ എത്തും. ഇടവഴി യിലെ പൂച്ച മിണ്ടാപൂച്ച, യാഗാശ്വം, ശരപഞ്ചരം തുടങ്ങിയ ചിത്രങ്ങൾ കണ്ടതിനു ശേഷം ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്. പക്ഷെ നേരിട്ട് മിണ്ടാൻ ധൈര്യം പോരാ.. പുള്ളി അൽപ്പം സീരിയസ് ആണ്. അധികം സംസാരിക്കില്ല. എന്നൊക്ക ആണ് സിനിമാ വൃത്തങ്ങളിൽ
കേ ട്ടിട്ടുള്ളത്. മാത്രം അല്ല 5 വർഷം ആയി കിടന്നു പോയ “വെള്ളം “( പ്രേം നസിർ, മധു, കെ. ർ. വിജയ എന്നിവർ ഒക്കെ അഭിനയിച്ച എം. ടി. സ്ക്രിപ്റ്റ് എഴുതിയ പഴയ വെള്ളം ) എന്ന സിനിമയുടെ വർക്കും അവിടെ നടക്കുന്നുണ്ട്. വെള്ളം ഞാൻ നാട്ടിൽ ഉള്ള കാലം മുതലേ കാണാൻ കാത്തിരിക്കുന്ന ചിത്രം ആണ്. അതിന്റെ എന്തോ പാച്ച് വർക്ക് ഒക്കെ ഇനിയും ബാക്കി ഉണ്ടെന്ന് കേട്ടിരുന്നു. അങ്ങനെ ഇരിക്കേ ഒരു ദിവസം ബാബു പറഞ്ഞു.
“നാളെ രാവിലെ വിജയ വാഹിനി സ്റ്റുഡിയോയിൽ വെള്ളത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ഉണ്ട്.!”
എനിക്ക് സന്തോഷം ആയി..
“ഞാൻ വരാമോ ”
മടിച്ചാണെങ്കിലും ഞാൻ ചോദിച്ചു. ഹരൻ സാർ ന്റെ സെറ്റിൽ ആരെയും കടത്തില്ല എന്നൊക്ക യാണ് ശ്രുതി.
“അതിനെന്താ…. ഫ്ലോറിൽ കാണും ഞങ്ങൾ. നസിർ സാറും മേനകയും മാത്രം ആണ് ആര്ടിസ്ട്സ്.
എന്റെ സന്തോഷം പതിൻമടങ്ങായി.. മദ്രാസിൽ വന്ന ശേഷം പല സ്റ്റുഡിയോ കളിലും വെച്ച് നസിർ സാർ നെ പൂജക്കും ഡബ്ബിങ് നും ഒക്കെ കണ്ടീട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് ഒന്നും അന്ന് വരെ കണ്ടിരുന്നില്ല. നാളെ ഇതാ അതിന് ഒരവസരം ഒത്തു വന്നിരിക്കുന്നു.
അന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടേ ഇല്ല!!!
(തുടരും)
**