സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 71
(ഗോപിനാഥ് മുരിയാട്)
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ വാഹിനി സ്റ്റുഡിയോയിലെ ഫ്ലോറിൽ എത്തുമ്പോൾ അവിടെ ഷൂട്ടിംഗ് നുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അധികം ആളുകൾ ഒന്നും ഇല്ല. ഹരിഹരൻ സാർ, അസിസ്റ്റന്റ്സ്, ക്യാമറ മാൻ, ലൈറ്റ് ബോയ്സ്, മേക്കപ്പ് മാൻ, അങ്ങനെ കുറച്ചു പേർ മാത്രം. ഷൂട്ടിംഗ് തുടങ്ങിയിട്ട് 5 വർഷം ആയ ചിത്രത്തിന്റെ പ്രൊഡ്യൂസർ നടൻ ദേവൻ ആയിരുന്നു. (അന്ന് ദേവൻ അഭിനയം തുടങ്ങിയിട്ടില്ല. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ട് ന്റെ മരുമകൻ എന്ന നിലയിൽ മാത്രം ആണ് അന്നദ്ദേഹം സിനിമാ രംഗത്ത് അറിയപ്പെട്ടിരുന്നത്. ഷൂട്ടിംഗ് വർഷങ്ങളോളം നീണ്ടത് കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മൂലം പടം തീർക്കാൻ ഹരൻ സാർ വല്ലാതെ ബുദ്ധിമുട്ടി എന്നായിരുന്നു അന്ന് കോടംബക്കത്ത് കേട്ടിരുന്നത്. അത് ശരിയാണെന്ന് അന്നത്തെ ഷൂട്ടിംഗ് കണ്ടു നിൽക്കേ എനിക്ക് ബോധ്യമായി ).
നസിർ മേക്കപ്പ് ചെയ്ത് വന്നു. അദ്ദേഹം മരിച്ചു കിടക്കുന്ന രംഗം ആണ് ഷൂട്ട് ചെയ്യേണ്ടത്. അദ്ദേഹം കിടക്കാൻ തയ്യാർ ആയപ്പോൾ ഹരൻ സാർ ഒരു ഷീറ്റ് വിരിച്ചു കൊടുക്കാൻ അസിസ്റ്റന്റ്സിനെ ആരെയോ വിളിച്ചു നിർദേശം കൊടുത്തു. ഉടനെ നസിർ സാർ പറഞ്ഞു.
“ഒന്നും വേണ്ടെന്നേ.. മരിച്ചു കിടക്കയല്ലേ.. ഞാൻ കിടക്കാം ”
പക്ഷേ ആരോ അപ്പോഴേക്കും കൊണ്ട് വന്ന് താഴെ വിരിച്ച ഷീറ്റിൽ അദ്ദേഹം കയറി കിടന്നു. മകൾ ആയി അഭിനയിക്കുന്ന മേനക കടന്ന് വന്ന് മരിച്ചു കിടക്കുന്ന അച്ഛന്റെ ജഡം നോക്കി വിതുമ്പുന്നു.
മേക്കപ്പ് അസിസ്റ്റന്റ് വന്ന് മേനകക്ക് ഗ്ലീസറിന് നൽകി. മൂന്നോ നാലോ ഷോട്കൾ മാത്രം ആണ് അന്ന് അവിടെ എടുത്തത്. ഷോട്ട് കഴിഞ്ഞതും മേക്കപ്പ് അഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് നസിർ സാർ സെറ്റിന് പുറത്ത് വെയിറ്റ് ചെയ്തിരുന്ന അദ്ദേഹത്തിന്റെ കാറിലേക്ക് നടന്നു. വിനയത്തിന്റെയും ലാളിത്യ ത്തിന്റെയും ആൾ രൂപം ആണ് നസിർ സാർ എന്ന് ഞാൻ ധാരാളം കേട്ടിരുന്നു എങ്കിലും അന്നാദ്യമായാണ് അദ്ദേഹത്തിന്റെ ഒരു ഷൂട്ടിംഗ് ഞാൻ കാണുന്നത്.
(79 ലോ 80 ലോ എന്നോർമയില്ല. എറണാകുളത്ത് ഫിലിം ചേമ്പർ ന്റെ സിൽവർ ജൂബിലി ആഘോഷം നടക്കുന്ന വേളയിൽ ഷേണായ്സ് തിയേറ്ററിന് സമീപം ഉള്ള ഫിലിം chamber ഓഫീസിൽ നിന്നും ഒരു തുറന്ന ജീപ്പിൽ നസിർ, ജയൻ, ഷീല, വേണു നാഗവള്ളി എന്നിവരെ യെല്ലാം മഹാരാജാസ് കോളേജ് ന്റെ സ്റ്റേഡിയത്തിലേക്ക് ആനയിക്കുമ്പോൾ അതിന് സാക്ഷിയായി ഞാനും അവിടെ ഉണ്ട്. അന്ന് ആ ജീപ്പിന് ചുറ്റും താരങ്ങളെ കാണാൻ ആയിരങ്ങളാണ് ആരവങ്ങളോടെ ആ ജീപ്പിനൊപ്പം ഓടിയത്. അതിന് ശേഷം മഹാരാജാസ് ഗ്രൗണ്ടിൽ താരങ്ങൾ എല്ലാം അണിനിരന്ന സമ്മേളനവും ഉണ്ടായിരുന്നു. നസീർ,മധു,ജയൻ, വേണു നാഗവള്ളി ഇവരൊക്കെ അന്നവിടെ പ്രസംഗിച്ചതിനും ഞാൻ ദൃക് സാക്ഷി യാണ്. ഇത് കൂടാതെ മദ്രാസിൽ വച്ചും പാഡി യിലൊ മറ്റോ നടന്ന ഒരു ഓണാഘോഷ പരിപാടി യിലും അതിഥി ആയി വന്ന നസിർ സാർന്റെ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്.).
കഷ്ടിച്ച് ഒരു മണിക്കൂർ മാത്രം ആണ് ആ ക്ലൈമാക്സ് സീൻ അന്നവിടെ ഷൂട്ട് ചെയ്തത്.
(വർഷങ്ങൾ ക്ക് ശേഷം ഈയിടെ യാണ് വെള്ളം എന്ന ചിത്രം ഞാൻ ടി. വി. യിൽ കാണുന്നത്. ക്ലൈമാക്സ് സീനിൽ നസിർ സാർ മരിച്ചു കിടക്കുന്ന രംഗം സ്റ്റുഡിയോയിൽ cheat ചെയ്ത് എടുക്കുകയായിരുന്നു എന്ന് അപ്പോൾ ആണ് മനസ്സിലായത്. പെരുമ്പാവൂർ ന് സമീപം ഉള്ള ഏതോ പ്രദേശത്തായിരുന്നു ആ ചിത്രത്തിന്റെ ഷൂട്ടിംഗ്. )
നസീർ സാർ ന്റെ കൂടെ ഒരു ചിത്രത്തിലും വർക്ക് ചെയ്യാൻ കഴിഞ്ഞില്ല എന്നുള്ളത് എന്റെ സിനിമാ ജീവിതത്തിലെ ഒരു നിത്യ ദുഃഖമായി അവശേഷിക്കുന്നു.പറഞ്ഞു വന്നത് തക്ഷശില യുടെ സംവിധായകൻ ശ്രീക്കുട്ടനെ പറ്റി ആണല്ലോ. 1984 ൽ ഞാൻ സിനിമാ രംഗത്ത് വന്ന കാലം തൊട്ടുള്ള പരിചയം ആണ് ശ്രീക്കുട്ടനുമായിട്ട്.പാവക്കുത്ത്, ഓ ഫാബി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശ്രീക്കുട്ടൻ ചെയ്യുന്ന ചിത്രം ആയിരുന്നു
“തക്ഷശില “.ആ ചിത്രത്തെ പറ്റി ഞാൻ നേരത്തേ കേട്ടിരുന്നു. എന്റെ റൂം മേറ്റ് ആയ ജീവൻദാസ് ആ ചിത്രത്തിൽ ആർട്ട് അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്നു.
രാധാകൃഷ്ണൻ പറഞ്ഞത് പോലെ അടുത്ത ദിവസം തന്നെ ഞാൻ ബ്രൗൺ സ്റ്റോൺ അപാർട്മെന്റ്സിൽ ഉള്ള രേവതിചിത്രയുടെ ഓഫീസിൽ എത്തി. (അതിന് മുമ്പ് സുരേഷ് കുമാർ നിർമിച്ച “ബട്ടർഫ്‌ളൈസ് “വർക്ക് ചെയ്യുമ്പോൾ ഞാൻ ആ ഫ്ലാറ്റിൽ പോയിട്ടുണ്ട്. സെവൻ ആർട്സ്, B. V. K. മേനോൻ തുടങ്ങിയ പ്രൊഡ്യൂസർ സ് ന്റെ എല്ലാം ഓഫീസ് ഇതേ ഫ്ലാറ്റിൽ ആയിരുന്നു.(ഹിസ് ഹൈ നെസ്സ് അബ്ദുള്ള, മൂന്നാം മുറ ,
ദി സിറ്റി തുടങ്ങി ഒരുപാട് ചിത്രങ്ങൾ സെവൻ ആർട്സ് ന്റെയും, അഭയം തേടി, താഴ്‌വാരം തുടങ്ങിയ വി. ബി. കെ. മേനോൻ ചിത്രങ്ങളും മുമ്പ് ഞാൻ വർക്ക് ചെയ്തവയാണ് ).
ഓഫീസിൽ സുരേഷ് കുമാർ അടക്കം എല്ലാവരും ഉണ്ട്. എല്ലാവരും തിരക്കിൽ ആണ്. ഓണത്തിന് പടം തിയേറ്ററിൽ എത്തിക്കാനുള്ള പങ്കപ്പാട് തന്നെ.ഒരു സ്ഥലത്ത് ഡബ്ബിങ്, എഡിറ്റിംഗ് മറ്റൊരു സ്ഥലത്ത്,പല ആര്ടിസ്ട്സും ഡബ് ചെയ്‌തീട്ടില്ല.(അന്ന് ഡബ്ബിങ് എല്ലാം ചെന്നൈയിൽ ആണ്. ആർട്ടിസ്റ്സ് എല്ലാം കേരളത്തിലും. ).ഓഗസ്റ്റ് 16 ന് A. V. M. (R. R.) തിയേറ്ററിൽ റീ റെക്കോർഡിങ് ആരംഭിക്കും. റീ റെക്കോർഡിങ് കഴിയുമ്പോഴേക്കും സ്ക്രിപ്റ്റ് നൽകണം എന്ന കണ്ടിഷനിൽ അഡ്വാൻസ് തന്നു. ഒറിജിനൽ സ്ക്രിപ്റ്റ്ന്റെ ഒരു കോപ്പി തന്നെങ്കിലും അത് ആകെ വെട്ടും തിരുത്തും ആയിരുന്നു.കുളു മനാലി യിലും ഡൽഹിയിലും ഒക്കെ ആയിരുന്നു തക്ഷശീലയുടെ ഷൂട്ടിംഗ്. കമ്മിഷണർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടെ വമ്പൻ ആക്ഷൻ ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പ് ഉണ്ടായിരുന്നു ഈ ചിത്രത്തിന്.
ഗുഡ് നൈറ്റ് മോഹൻ ഷോഗൺ ഫിലംസ് ന്റെ ബാനറിൽ അവതരിപ്പിച്ച ചിത്രത്തിന്റെ നിർമാതാവ് നടി മേനകയായിരുന്നു.(സുരേഷ് കുമാർന്റെ ഭാര്യ മേനക യുടെ പേരാണ് ടൈറ്റിലിൽ നിർമാതാവായി കാണിക്കുന്നത് ). രേവതി കലാമന്ദിർ -ഷോഗൺ സംയക്ത സംരംഭം ആയിരുന്നു ഈ ചിത്രം.
സുരേഷ് ഗോപി, വാണി വിശ്വനാഥ്, ശാന്തി കൃഷ്ണ, രതീഷ്, M. G. സോമൻ, ക്യാപ്റ്റൻ രാജു, ശങ്കർ, ജഗദീഷ്, വിനീത്, ശരത് സക്സേന, റിസ ബാവ, മധുപാൽ, സുചിത്ര, രേഖ,തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ സിന്ധു എന്നൊരു പുതുമുഖത്തെ വിനീത് ന്റെ ജോഡി ആയി അവതരിപ്പിച്ചിരുന്നു. മാന്നാർ രാജൻ ആയിരുന്നു മറ്റൊരു പുതുമുഖം.
A. K. സാജന്റേതായിരുന്നു സ്ക്രിപ്റ്റ്.ഗാനങ്ങൾ ശ്രീകുട്ടന്റെ സഹോദരൻ കൂടി ആയ കെ. ജയകുമാർ തന്നെ. സംഗീതം -എം. ജി. രാധാകൃഷ്ണൻ, ഗായകർ – M. G. ശ്രീകുമാർ, ചിത്ര, ശുഭ, സ്വർണ ലത. നൃത്തം -ബ്രിന്ദ, ആക്ഷൻ -പളനി രാജ്, ആർട്ട് -കൃഷ്ണൻ കുട്ടി & രാധാകൃഷ്ണൻ,മേക്കപ്പ് -പട്ടണം റഷീദ്, കോസ്ടുംസ് -മഹി, (ഡി റ്റക്റ്റീവ് എന്ന ചിത്രത്തിലൂടെ മഹി പിന്നീട് നിർമാതാവായി ), അസിസ്റ്റന്റ് ഡയറക്ടർ സ്,-T. S. രതീഷ്, അരുൺ, സുരേഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ -കല്ലിയൂർ ശശി & രാധാകൃഷ്ണൻ, എഡിറ്റിംഗ് -ഗോവിന്ദൻ, ക്യാമറ -വില്യംസ്.പറഞ്ഞപോലെ ഓഗസ്റ്റ് 16 ന് തന്നെ AVM R R തിയേറ്ററിൽ റീ റെക്കോർഡിങ് തുടങ്ങി. വെങ്കിട്ടേഷ് ആയിരുന്നു ബാക്ക് ഗ്രൗണ്ട് സ്കോർ.
മയക്കു മരുന്ന് റാക്കറ്റ് നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാർ,ബോർഡർ സെക്യൂരിറ്റി ഫോഴ്സ്,ഇവയെ എല്ലാം ഒറ്റക്ക് നേരിടുന്ന നായകൻ, നായകന്റെ പെങ്ങളെ കൊല്ലൽ, നായികയെ തട്ടിക്കൊണ്ടു പോകൽ, ഇതിനിടയിൽ ചെറുപ്പത്തിൽ നായകനെയും സഹോദരിയെയും ഉപേക്ഷിച്ചു പോയ അച്ഛന്റെ തിരിച്ചു വരവ്, നായകനെ രക്ഷിക്കാൻ തെറ്റിദ്ധരിക്കപ്പെട്ട അച്ഛൻ തന്നെ അവസാനം എത്തുന്നതോടെ ഇരുവരും ഒന്നിക്കുന്നത്.. ഇങ്ങനെ കമർഷ്യൽ സിനിമകളിൽ നാം കണ്ടു ശീലിച്ച എല്ലാം ഇണക്കി ചേർത്ത നല്ലൊരു എന്റർടെയ്നർ തന്നെ ആയിരുന്നു തക്ഷ ശില. സ്ക്രിപ്റ്റിൽ ഒരുപാട് കല്ലുകടികൾ ഉണ്ടായിരുന്നെങ്കിലും മഞ്ഞു മൂടിയ ഹിമാലയത്തിന്റെ ബാക്ക് ഗ്രൗണ്ടിൽ വില്യംസ് ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളും സുരേഷ് ഗോപിയുടെ കിടിലൻ ആക്ഷൻ രംഗങ്ങളും കാണികൾക്ക് ബോധിച്ചു എന്ന് തോന്നുന്നു..ചിത്രം ഹിറ്റ് ആയിരുന്നു എന്നാണ് എന്റെ അറിവ്. പക്ഷേ അതിന് ശേഷം ശ്രീക്കുട്ടൻ പടങ്ങൾ ഒന്നും ചെയ്തതായി അറിവില്ല.
ശ്രീക്കുട്ടൻ ഒപ്പം ഹരൻ സാർ ന്റെ കൂടെ അന്ന് ഉണ്ടായിരുന്ന P. R. S. ബാബു അകാലത്തിൽ വിട പറഞ്ഞു.2019 ജൂൺ 29 ന് അദ്ദേഹം അന്തരിച്ചു.
വിവരം അറിഞ്ഞപ്പോൾ തൃശൂരിലെ ചെമ്പുക്കാവിൽ lഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഞാനും പോയിരുന്നു. എന്റെ ചെന്നൈ ജീവിതത്തിൽ ഞാൻ ആദ്യം പരിചയപ്പെട്ട ഹരിഹരൻ സാർ ന്റെ ശിഷ്യൻ എന്ന നിലയിൽ എനിക്കേറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു അദ്ദേഹം. 2014 ൽ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ അവസാന ചിത്രം” ടു നൂറ വിത്ത് ലവ് ” എന്ന ചിത്രത്തിലും ഞാൻ വർക്ക് ചെയ്തിരുന്നു (ആ ചിത്രം വലിയ ഒരു പരാജയം ആയതും അതിന്റെ ഷൂട്ടിംഗ് നിടയിൽ തന്നെ രോഗ ബാധിതൻ ആയതും ബാബുവിനെ ആകെ തളർത്തിയിരുന്നു.)
“തട്ടിൻ പുറത്ത് അച്യുതൻ “എന്ന ലാൽ ജോസ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായിക ആയി ബാബുവിന്റെ മകൾ “ശ്രാവണ “അഭിനയിച്ചെങ്കിലും ചിത്രത്തിന്റെ പരാജയം മൂലമാവാം പിന്നെ ഒരു ചിത്രത്തിലും ആ കുട്ടിയെ കണ്ടീട്ടില്ല.അക്കാലത്തു തന്നെ ബാബുവിനും ശ്രീക്കുട്ടനും ഒപ്പം ഹരൻ സാർ ന്റെ കൂടെ ഉണ്ടായിരുന്നG. S. വിജയനും ഇന്ന് സിനിമയിൽ സജീവമല്ല.വിജയന്റെ ആദ്യ ചിത്രം “ചരിത്രം “”ഞാൻ വർക്ക് ചെയ്തിരുന്നു. ചരിത്രത്തിന് ശേഷം ആനവാൽ മോതിരം, ഘോഷ യാത്ര, ചെപ്പടിവിട്യ, സാഫല്യം, കവർ സ്റ്റോറി ബാവുട്ടിയുടെ നാമത്തിൽ എന്നീ ചിത്രങ്ങൾ കൂടി വിജയൻ ചെയ്തെങ്കിലും” ബാവുട്ടിയുടെ നാമത്തിൽ ” ന് ശേഷം അദ്ദേഹവും പടം ഒന്നും ചെയ്‌തീട്ടില്ല എന്ന് തോന്നുന്നു..
എന്തായാലും കഴിഞ്ഞ കുറേ വർഷങ്ങൾ ഞങ്ങളുടെ സിനിമാ സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. ഏറ്റവും ഒടുവിൽ കഴിഞ്ഞ ജൂൺ 26 ന് നടന്ന സംഘടനയുടെ പൊതുയോഗത്തിലും അദ്ദേഹം തന്നെയാണ് വീണ്ടും ആ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.. സംഘടനയിലെ ഒരെളിയ അംഗം എന്ന നിലയിൽ എന്റെ ആ പഴയ സുഹൃത്തിന് എല്ലാ ആശംസകളും നേരുന്നു..
(തുടരും)