സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 73
(ഗോപിനാഥ് മുരിയാട്)
ഓണത്തിന് ഞാൻ വീട്ടിൽ ഉണ്ടാവുന്നത് വർഷങ്ങൾക്ക് ശേഷം ആണ്.. അത് കൊണ്ട് തന്നെ വല്ലാത്ത ഒരു സന്തോഷത്തിൽ ആയിരുന്നു അവിടെ എല്ലാവരും. തുമ്പപ്പൂ പൊട്ടിക്കലും തൃക്കാക്കര അപ്പനെ ഉണ്ടാക്കലും, ചാണകം മെഴുകി ഒരുക്കിയ തറയിൽ പൂവിടുന്നതും ഒക്കെ കണ്ട കാലം മറന്നു.കൗമാരക്കാർ ആയ
താഴെ ഉള്ള അനിയത്തി പ്രിയയും അമ്മാവൻമാരുടെ മക്കൾ രാജിയും സ്മിതയും ഒക്കെ ആണ് എല്ലാത്തിനും മുന്നിൽ.. ഒരു നിമിഷം എന്റെ കുട്ടിക്കാലം വീണ്ടും ഓർമയിലേക്ക് വന്നു.അടുത്തുള്ള ഒരു മനപ്പറമ്പിൽ ആയിരുന്നു ഞങ്ങളുടെ കുട്ടി കാലത്ത് ഓണാഘോഷങ്ങൾ എല്ലാം നടക്കാറുള്ളത്.
ഒരു 11 മണി ആവുമ്പോഴേക്കും ഊണ് കഴിഞ്ഞ് ഞങ്ങൾ കുട്ടികൾ ഒക്കെ അവിടെ ഹാജർ ആവും. പന്ത് കളി, കുമ്മാട്ടിക്കളി, ഊഞ്ഞാൽ ആട്ടം.. ഇങ്ങനെ ആഘോഷങ്ങളുടെ ഒരു പൂരം തന്നെ ആയിരുന്നു അക്കാലത്തെ ഓണക്കാലം.. അയൽ വീടുകളിലെ പുരുഷൻ മാർ എല്ലാവരും ശീട്ടുകളിയുമായി അവിടെ ഉണ്ടാവും. സ്ത്രീകൾ എല്ലാം കൈകൊട്ടി കളി നടത്തുന്നത് മനയിലെ നടുമുറ്റത്താണ്. ഒരു , അഞ്ചു മണി ഒക്കെ ആയിട്ടേ അന്നൊക്കെ ഞാൻ വീട്ടിൽ തിരിച്ചു് എത്താറുള്ളൂ.. അമ്മയൊക്കെ നേരത്തേ എത്തി ചായ, പഴം നുറുക്ക്, ശർക്കര ഉപ്പേരി തുടങ്ങിയ വിഭവങ്ങൾ ഒക്കെ ഒരുക്കി വച്ചീട്ടുണ്ടാവും. ഒരാനയെ തിന്നാൻ ഉള്ള വിശപ്പുമായിട്ടാവും വരവ്.. വീണ്ടും അടുത്ത ദിവസം ഇതൊക്കെ തന്നെ ആവർത്തനം. ഓണത്തിന്റെ 10 ദിവസം അവധി ഒരു സംഭവം തന്നെ ആയിരുന്നു അക്കാലത്ത്.
ഒരു കൗമാരപ്രായം ഒക്കെ ആയപ്പോൾ ഞാൻ മനക്കലേക്ക് ഉള്ള പോക്ക് നിർത്തി പുതിയ ഓണം റിലീസ് ചിത്രങ്ങൾ കാണാൻ ആയി എന്റെ താല്പര്യം. (അരക്കള്ളൻ മുക്കാൽ കള്ളൻ, ആലിബാബയും 41 കള്ളന്മാരും,പിക്നിക് ഇതൊക്ക ഞാൻ അങ്ങനെ കണ്ട ചിത്രങ്ങൾ ആണെന്നാണ് ഓർമ. പിന്നെ ഇന്നത്തെ പോലെ എല്ലായിടത്തും റിലീസ് പടങ്ങൾ അക്കാലത്ത് ഉണ്ടാവാറില്ല. റിലീസ് ആയി 6 മാസം, 8 മാസം ഒരു കൊല്ലം ഒക്കെ ആയ ചിത്രങ്ങൾ ആണ് ഓണക്കാലത്ത് ഞങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ ഉണ്ടാവുക!) എന്തായാലും 95 ഒക്കെ ആയപ്പോഴേക്കും ഈ പതിവിന് ഒക്കെ കുറേ മാറ്റം വന്നു. പക്ഷേ ഞങ്ങളുടെ ഗ്രാമ പ്രദേശത്തെ സ്ത്രീകൾ എല്ലാം മനക്കലെ നടു മുറ്റത്ത് ചെന്ന് കൈകൊട്ടി കളി നടത്തുന്ന പതിവിന് മാത്രം അപ്പോഴും മാറ്റം വന്നിരുന്നില്ല.
ഓണത്തിനിടയിൽ ഒരു ദിവസം കൊടകര ദ്വാരക യിൽ പോയി കമൽ സംവിധാനം ചെയ്ത ” മഴയെത്തും മുമ്പേ ” കണ്ടു.. മമ്മൂട്ടി, ശോഭന, ആനി എന്നിവർ അഭിനയിച്ച ആ ചിത്രം 95 ലെ ഒരു സൂപ്പർ ഹിറ്റ് തന്നെ ആയിരുന്നു.(എന്തിന് വേറൊരു സൂര്യോദയം ” എന്ന ഗാനം ഇന്നും ഏറെ പ്രിയം ).പോകുന്നതിന് മുമ്പ് കൊടകരയിലെ വമ്പൻ ബിസിനസ് കാരായ പന്തല്ലൂക്കാരൻ ജെയിംസ് നെ ഒന്ന് പരിചയപ്പെടാം എന്ന് സുഹൃത്തായ രാജൻ സിതാര പറഞ്ഞപ്പോൾ ഞാൻ എതിര് പറഞ്ഞില്ല. ഹൈവേയിലുള്ള ഗോൾഡൻ ബാർ അന്ന് ജെയിംസ് ചേട്ടന്റെ ആയിരുന്നു. പുള്ളിയുടെ കയ്യിൽ പൂത്ത പണം ഉണ്ട്. സിനിമയിൽ താല്പര്യവും ഉണ്ട്. പുള്ളിയെ ഒന്ന് കൺവിൻസ് ചെയ്താൽ മതി.അങ്ങനെ ഒരു ദിവസം വൈകുന്നേരം ഗോൾഡൻ ബാറിൽ ചെന്ന് ജെയിംസ് ചേട്ടനെ കണ്ടു. ഞാൻ സിനിമയിൽ വർഷങ്ങൾ ആയി ഉണ്ടെന്നും ഉടനെ സ്വാതന്ത്രമായി പടം ചെയ്യാൻ പോകുകയാണെന്നും ഒക്കെ പറഞ്ഞു രാജൻ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി.
അൽപനേരം സിനിമാ വിശേഷങ്ങൾ ഒക്കെ ചോദിച്ച ശേഷം ഇനി എന്നാണ് തിരിച്ചു് മദ്രാസിലേക്ക് പോകുന്നതെന്ന് ജെയിംസ് ചേട്ടൻ അന്വേഷിച്ചു. രണ്ടു ദിവസം കഴിഞ്ഞു തിരിയെ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്‌തീട്ടുണ്ടെന്നു ഞാൻ പറഞ്ഞു.
” പിറ്റേന്ന് എന്തോ കാര്യത്തിനായി എറണാകുളം പോകയാണെന്നും അടുത്ത തവണ വരുമ്പോൾ
കാണാം ” എന്നും അദ്ദേഹം പറഞ്ഞപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.
രാജന്റെ കാറിൽ തിരിച്ചു പോരുമ്പോൾ ഞാൻ രാജനോട് ചോദിച്ചു..
“ഇദ്ദേഹം പടം ചെയ്യുമോ രാജാ?? എനിക്ക് അത്രക്ക് അങ്ങോട്ട് വിശ്വാസം പോരാ ”
വളരെ സിംപിൾ ആയ ഒരു മനുഷ്യൻ ആയിരുന്നു ജെയിംസ് ചേട്ടൻ. കണ്ടാൽ വെറും സാധാരണക്കാരൻ..വേഷത്തിൽ ഒന്നും ഒരു പത്രാസും ഇല്ല. എനിക്ക് മാത്രം അല്ല ആർക്കും അദ്ദേഹത്തെ കണ്ടാൽ അങ്ങനെയേ തോന്നൂ..
“അതൊക്കെ ഗോപിയുടെ മിടുക്ക്.. സിനിമയിൽ നിന്ന് പണം ഉണ്ടാക്കാം എന്ന് അദ്ദേഹത്തിന് ബോദ്ധ്യമായാൽ മതി.. പണം ഒന്നും പുള്ളിക്ക് പ്രശ്നം അല്ല. ഒരാളെ കൂടി ഞാൻ ഗോപിക്ക് പരിചയപ്പെടുത്തി തരാം. പുള്ളി പെരുമ്പാവൂർക്കാരൻ ആണ്. പേര് പരശുറാം. മാര്യേജ് ചെയ്തിരിക്കുന്നത് ഇവിടെ നിന്നാണ്. അവരുടെ കല്യാണത്തിന് വീഡിയോയും സ്റ്റില്ലും ഒക്കെ ഞാൻ ആയിരുന്നു. അദ്ദേഹത്തിനും സിനിമയിൽ ചെറിയ താല്പര്യം ഒക്കെ ഉണ്ട്. നാളെ നമുക്ക് എറണാകുളത്ത് പോയാലോ??”
ഞാൻ ആലോചിച്ചു . ഏത് വഴിക്കാണ് പ്രൊഡ്യൂസർ വരുന്നതെന്ന് അറിയില്ലല്ലോ!
“പോകാം.” വീട്ടിൽ ഡ്രോപ്പ് ചെയ്തു തിരിച്ചു പോകുമ്പോൾ ഞാൻ രാജനോട് പറഞ്ഞു..
“കാർ എടുക്കണ്ട ട്ടോ. നമുക്ക് ട്രെയിനിൽ പോയാൽ മതി..”
രാജൻ സമ്മതിച്ചു തിരിച്ചു പോയി.. പിറ്റേന്ന് എന്തോ കാരണത്താൽ രാജന് വരാൻ പറ്റിയില്ല. ” എന്തായാലും ഗോപി പോയി പരശു വിനെ കാണണം, ഞാൻ ഫോൺ ചെയ്തു
പറഞ്ഞീട്ടുണ്ട്. ”
ഞാൻ അൽപ്പം സങ്കോചത്തിൽ ആയി..
“”ഞാൻ തനിച്ച്….”
“ഒരു കുഴപ്പവും ഇല്ലെന്നേ. ഞാൻ പറഞ്ഞീട്ടുണ്ട്.പുള്ളി വളരെ ഫ്രണ്ട് ലിയാ…”
രാജൻ നിർബന്ധിച്ചു..
എന്തായാലും അടുത്ത ദിവസം ഞാൻ എറണാകുളത്ത് ചെന്ന് പരശു വിനെ കണ്ടു. രാജൻ പറഞ്ഞ പോലെ തന്നെ അദ്ദേഹം എന്നെ വെയിറ്റ് ചെയ്ത് ഇരിക്കയായിരുന്നു. പരശുവും എന്നെ പോലെ തികഞ്ഞ ഒരു സിനിമാ പ്രേമി തന്നെയാണെന്ന് സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി. സിനിമയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ച പ്പാടും വ്യത്യസ്തമല്ലായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ പെട്ടെന്ന് അടുത്തു. പക്ഷേ സിനിമ ചെയ്യാൻ ഉള്ള സാമ്പത്തികം ഒന്നും തത്കാലം ഇല്ല എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. എന്തായാലും ഞാൻ ഉടനെ പടം ചെയ്യണം എന്നും താൻ ഒപ്പം ഉണ്ടാകും എന്നും പരശു പറഞ്ഞപ്പോൾ അതെന്റെ ആത്മവിശ്വാസം വല്ലാതെ കൂട്ടി.. കൂട്ടത്തിൽ, തലേന്ന് ജെയിംസ് ചേട്ടനെ കണ്ട കാര്യം ഞാൻ പുള്ളിയോട് സൂചിപ്പിച്ചു. (സംസാരത്തിനിടയിൽ പുള്ളിക്ക് ജെയിംസ് ചേട്ടനെ അറിയാം എന്നും അദ്ദേഹത്തിന്റെ ഫാദർ ഇൻ ലാ ജെയിംസ് ചേട്ടന്റെ ഓഫീസിൽ വർക്ക് ചെയ്യുന്നുണ്ട് എന്നും പരശു എന്നോട് സൂചിപ്പിച്ചിരുന്നു ). അധികം വൈകാതെ നമുക്ക് വീണ്ടും കാണാം എന്ന് പറഞ്ഞ് അദ്ദേഹം എന്നെ യാത്രയാക്കി..
അങ്ങനെ പുതിയ ചില പ്രതീക്ഷകളുമായി അടുത്ത ദിവസം തന്നെ ഞാൻ മദ്രാസിലേക്ക് വണ്ടി കയറി.. വീണ്ടും സ്റ്റുഡിയോ കളിൽ കയറി ഇറങ്ങി പുതിയ വർക്ക് വല്ലതും ഉണ്ടോ എന്നറിയണം..ഓണവും നാട്ടിൽ പോക്കും ഒക്കെ കഴിഞ്ഞ് തിരിച്ചു വന്നപ്പോഴേക്കും പോക്കറ്റ് കാലിയായിരുന്നു. ഉടനെ വർക്ക് ഏതെങ്കിലും കിട്ടിയില്ലെങ്കിൽ സംഗതി പ്രശ്നം ആകും.അങ്ങനെ യിരിക്കെ ഒരു ദിവസം പുഷ്പ മാഡത്തിനെ കാണാൻ ഞാൻ മദ്രാസ് പാ രിസ് ൽ ഉള്ള കോടതിയിൽ എത്തി. പല്ലവൻ ബസ് ഇടിച്ചതിന്റ കേസ് ഇനിയും വിധി ആയിട്ടില്ല. കഴിഞ്ഞ തവണ ചെന്നപ്പോൾ അധികം വൈകാതെ ഒരു തീരുമാനം ആകും എന്ന് അഡ്വക്കേറ്റ് പറഞ്ഞിരുന്നു. എന്തെങ്കിലും ആയോ എന്നറിയാമല്ലോ.. (മൊബൈൽ ഇല്ലാത്ത കാലം ആയതിനാൽ എല്ലാത്തിനും നേരിൽ തന്നെ പോണം വിവരം അറിയാൻ ).
കാത്തിരുന്ന് കുറേ കഴിഞ്ഞപ്പോൾ ഏതോ കേസ് വാദം ഒക്കെ കഴിഞ്ഞ് മാഡം ഓഫീസിൽ എത്തി. ഞാൻ വിവരം അറിയാൻ ഓടി ചെന്നു..എന്നെ കണ്ട ഉടൻ മാഡത്തിന് കാര്യം മനസ്സിലായി. അവർ എന്നെ ശകാരിച്ചു.
“ഏൻ ഇവളം ദൂരം വന്നീങ്കെ.. ഏതാവത് വിഷയം ഇരുന്താ നാൻ ലെറ്റർ പോട മാട്ടീങ്കളാ ”
“അതല്ല മാഡം.. നാൻ കൊഞ്ചം നാളാ ഊരില് ഇല്ലേ.. കേരളാ പോയിരുന്തേൻ.. ഒരു വേള ലെറ്റർ മിസ് ആയിരുന്താ..?? അത് താൻ നേരടിയാ വന്ത് പാക്കലാം ന്ന് നിനച്ചേ.”
90 ജൂലൈ 27 ന് നടന്ന ആക്‌സിഡന്റ് കേസ് ആണ്. 95 സെപ്റ്റംബർ ആയിട്ടും വിധി വന്നീട്ടില്ല.
കോടതി കേറി ഇറങ്ങി മടുത്തു.. ഇനി എന്നാണാവോ വിധി വരുന്നത്.??
പുഷ്പ മാഡം സമാധാനിപ്പിച്ചു.
“ഇവളം നാൾ വെയിറ്റ് പണ്ണി യിട്ടേൻ ല്ലേ.. വാദം മുടിഞ്ഞാച്. ഇനി തീർപ്പ് വരവേണ്ടിയത് താൻ.
എപ്പിടി ഇരുന്താലും അടുത്ത വർഷം കെടക്കും..”
ഈശ്വരാ, അടുത്ത വർഷമോ?? നമ്മുടെ അവസ്ഥ ഒന്നും കോടതിക്ക് അറിയണ്ടല്ലോ.. ആരോട് പറയാൻ.. ഇനി കിട്ടുമ്പോ കിട്ടട്ടെ..
അവരോട് യാത്ര പറഞ്ഞ് ഞാൻ തിരിച്ചു നടന്നു.
കോടതി കോമ്പൗണ്ടിൽ നിന്ന് പുറത്തേക്ക് നീങ്ങവേ ആരോ എന്നെ വിളിക്കുന്നത് പോലെ..
“ഗോപി,.. നില്ല്..
ഞാൻ തിരിഞ്ഞു നോക്കി.. എന്റെ കണ്ണ് അത്ഭുതം കൊണ്ട് വിടർന്നു..
“സരോജ ചേച്ചി..”
ചേച്ചിയെ എനിക്ക് കോടംബക്കത്തു വന്ന ആദ്യ കാലം മുതലേ അറിയാം. കോട്ടയം കാരി ആണ് ചേച്ചി.. (. തിരുവല്ല ആണോ എന്ന് സംശയം ഉണ്ട്..മറന്നു )
വിജയ ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു ഞാൻ പരിചയപ്പെടുമ്പോൾ സരോജ ചേച്ചി. എന്റെ സുഹൃത്ത് കോന്നി ക്കാരൻ സുരേന്ദ്രന്റെ ഭാര്യ..
ചേച്ചി എന്റെ നേരെ വന്നു. കൂടെ 40-45 വയസ്സുള്ള ഒരാളും ഉണ്ട്.. കണ്ടാൽ തന്നെ തമിഴൻ ആണെന്നറിയാം..
“നീ എന്താ ഇവിടെ?? ”
“എന്റെ ആക്‌സിഡന്റ് കേസ് ന്റെ കാര്യം അറിയാൻ വന്നതാണ്.. ഒന്നും ആയിട്ടില്ല.”
ഞാൻ കൂടെ വന്ന ആളുടെ നേരെ നോക്കി. എന്റെ സംശയം മനസ്സിലാക്കിയിട്ടേന്നോണം ചേച്ചി പറഞ്ഞു.
“എന്റെ പുതിയ ഭർത്താവ്. ”
തിരിഞ്ഞ് അദ്ദേഹത്തെ നോക്കി ചേച്ചി തുടർന്നു.
“ഇവൻ എൻ തമ്പി. ഗോപിനാഥ്.. ഗോപി ന്ന് കൂപ്പിടുവാങ്കേ..”
അയാൾ എനിക്ക് ഷേക്ക് ഹാൻഡ് തന്നു..
ഞാൻ മരവിച്ച പോലെ നിന്നു. ഒന്നും വിശ്വസിക്കാൻ വയ്യ. എന്തൊക്കെയാണ് സംഭവിക്കുന്നത്??
“നീങ്കെ അഡ്വക്കേറ്റ് കിട്ടെ പൊങ്കോ. നാൻ ഇവൻ കൂടെ കൊഞ്ചം പേശിയിട്ട് വർറേൻ..”
അയാൾ എന്നോട് യാത്ര പറഞ്ഞു അകത്തേക്ക് നടന്നു.. ഞാൻ അവിശ്വസനീയതയോടെ ചേച്ചിയെ നോക്കി.
എന്റെ മനസ്സിൽ ഒരു ഫ്ലാഷ് ബാക്കിൽ എന്നോണം പഴയ ചില ഓർമ്മകൾ തിക്കി തിരക്കി വന്നു.
വാഹിനി സ്റ്റുഡിയോയിലെ ഒരു ഷൂട്ടിംഗ് ഫ്ലോർ ആണ് രംഗം. ഞാൻ കോടംബക്കത്ത് എത്തി സ്റ്റുഡിയോകൾ കേറി ഇറങ്ങി നടക്കുന്ന കാലം.
ഒരു ദിവസം വാഹിനി യിൽ എത്തിയപ്പോൾ ഒരു ഫ്ളോറിനു മുമ്പിൽ വലിയ ജനക്കൂട്ടം.. ഞാൻ എത്തി വലിഞ്ഞു നോക്കി.. അതാ ഒരു കസേരയിൽ സാക്ഷാൽ നടികർ തിലകം ശിവാജി ഗണേശൻ.. എന്റെ കണ്ണ് തള്ളി.. ഞാൻ ആദ്യം കണ്ട “മനിതനും ദൈവം ആകലാം ” എന്ന തമിഴ് ചിത്രത്തിലെ നായകൻ. പിന്നീട് തങ്കപ്പതക്കം, ഗൗരവം, നവരാത്രി, തൃശൂലം, തുടങ്ങി എത്രയോ തമിഴ് ചിത്രങ്ങൾ.. അടുത്ത് മറ്റൊരു കസേരയിൽ ജയശങ്കർ, M. N. നമ്പ്യാർ, ശ്രീവിദ്യ.. പിന്നെയും ആരൊക്കയോ ഉണ്ട്. എന്റെ അടുത്ത് ചില കസേരകളിൽ പോലീസ് യൂണിഫോംൽ വേറെ കുറേ പേർ. ഇടക്ക് അസിസ്റ്റന്റ് ഡയറക്ടർ വന്ന് വിളിച്ചപ്പോൾ ശിവാജിയും ജയശങ്കറും മറ്റും അകത്തേക്ക് നടന്നു. ഞാൻ പതുക്കെ എന്റെ അടുത്ത് പോലീസ് യൂണിഫോം ൽ ഇരുന്നിരുന്ന ചെറുപ്പക്കാരനെ നോക്കി. അയാൾ മനോഹരമായി പുഞ്ചിരിച്ചു.. ആ ധൈര്യത്തിൽ ഞാൻ ചോദിച്ചു..
“അണ്ണാ, എന്ത പടം ഷൂട്ടിംഗ് ഇങ്കെ ”
എന്റെ തമിഴ് കേട്ടപ്പോഴേ അയാൾക്ക് മനസ്സിലായി ഞാൻ മലയാളിയാണെന്ന്.
“എഴുതാത്ത ശട്ടങ്ങൾ “, മോൻ എവിടെയാ സ്ഥലം ”
അയാൾ മലയാളി ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി എനിക്ക്. ഞാൻ എന്റെ പേരും നാടും ഒക്കെ പറഞ്ഞു. സിനിമയിൽ അസിസ്റ്റന്റ് ആവാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ പുള്ളി കുറേ ഉപദേശം.
“ആദ്യം എന്തെങ്കിലും ജോലി കണ്ടു പിടിക്കണം ഇല്ലെങ്കിൽ ഇവിടെ നിന്ന് പിഴക്കാൻ പാടാ.. ഞാനും അഭിനയിക്കാൻ വന്നതാണ്. പേര് സുരേന്ദ്രൻ. സ്ഥലം കോന്നി.ഇപ്പോൾ ട്രസ്റ്റ് പുരത്തുള്ള song &:music എന്ന കാസറ്റ് കടയിൽ വർക്ക് ചെയ്യുന്നുണ്ട്. എന്റെ കടയുടെ മുതലാളി ബാലഗോപാൽ വർമ എറണാകുളം കാരൻ ആണ്. പുള്ളി യുടെ ഭാര്യ തമിഴ് ഡയറക്ടർ K. ശങ്കർ ന്റെ മകൾ ആണ്. (K ശങ്കർ തമിഴിൽ M. G. R നെയും . ശിവാജിയെയും വച്ച് ധാരാളം പടങ്ങൾ ചെയ്‌തീട്ടുള്ള ഒരു സൂപ്പർ ഡയറക്ടർ ആണ്. മലയാളത്തിലെ ഒരു K. S. സേതുമാധവനെ പോലെ…
60’s 70’s & 80’s പകുതി വരെ ഒരുപാട് ചിത്രങ്ങൾ തമിഴിൽ ചെയ്ത ഇദ്ദേഹം മലയാളി ആണ്.).
ഈ ചിത്രത്തിന്റെ ഡയറക്ടറും K. ശങ്കർ തന്നെ. അങ്ങനെ ഡയറക്ടർടെ മരുമകൻ ബാലഗോപാൽ വർമ യുടെ recommendationil ആണ് സുരേന്ദ്രൻ ചേട്ടന് ഈ പടത്തിൽ റോൾ കിട്ടിയത്.
മാത്രം അല്ല മലയാളത്തിൽ മധു, നസിർ എന്നിവർ അഭിനയിച്ച് ജോഷി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ആയ'” ആരംഭം ” എന്ന പടത്തിന്റെ റീമേക്ക് ആണ് എഴുതാത്ത ശട്ടങ്ങൾ “എന്നും ഞാൻ അദ്ദേഹത്തിൽ നിന്ന് മനസ്സിലാക്കി.
ഇടക്ക് അസിസ്റ്റന്റ് സ് വന്ന് വിളിക്കുമ്പോൾ സുരേന്ദ്രനും കൂടെയുള്ള പോലീസ് യൂണിഫോം കാരും സെറ്റിന് അകത്തേക്ക് ഓടും. (സൂത്രത്തിൽ പുള്ളിയുടെ സഹായത്താൽ ഞാനും സെറ്റിന് അകത്തു കയറി പറ്റി. ശിവാജിയെ അറസ്റ്റ് ചെയ്യാൻ വരുന്ന S. I. യും പോലീസ് കാരും ആണ് സുരേന്ദ്രനും മറ്റ് ജൂനിയർ അര്ടിസ്റ്റ്സും.)
സുരേന്ദ്രൻ ചേട്ടൻ നന്നായി സംസാരിക്കും. അത് കൊണ്ട് തന്നെ പുള്ളിയെ എനിക്ക് വലിയ ഇഷ്ടം ആയി. മാത്രം അല്ല അന്ന് ഷൂട്ടിംഗ് പാക്ക് അപ് ആവുന്നത് വരെ ഞാൻ പുള്ളിയുടെ കൂടെ തന്നെ നിന്നു. ഷോട്ട് കഴിഞ്ഞു വന്നാൽ പുള്ളി എന്റെ അടുത്ത് ഇരുന്ന് സിനിമാ വിശേഷങ്ങൾ ഒക്കെ സംസാരിക്കും. ഇടക്ക് വിജയാ ഹോസ്പിറ്റലിലെ കുറേ നേഴ്സ് മാർ അങ്ങോട്ട് ഷൂട്ടിംഗ് കാണാൻ എത്തി. അതിൽ ഒന്ന് രണ്ടു മലയാളികളും ഉണ്ടായിരുന്നു. ഞങ്ങൾ മലയാളത്തിൽ സംസാരിക്കുന്നത് കേട്ട് അക്കൂട്ടത്തിൽ ഉണ്ടായിരുന്ന മലയാളി കുട്ടികൾ സുരേന്ദ്രന് അടുത്തെത്തി. അവർ അദ്ദേഹത്തോട് സിനിമയെ പറ്റിയും അദ്ദേഹത്തിന്റെ റോൾ നെ പറ്റിയും ഒക്കെ ചോദിക്കാൻ തുടങ്ങി..അവർ എത്തിയതോടെ പുള്ളിക്കാരന്റെ ശ്രദ്ധ പിന്നെ അങ്ങോട്ടായി.
സ്വാഭാവികം.! കാര്യം മനസ്സിലാക്കി ഞാൻ ഒതുങ്ങി മാറി നിന്നു..കുറച്ചു കഴിഞ്ഞ് ഡ്യൂട്ടി സമയം ആയപ്പോൾ പെൺകുട്ടികൾ യാത്ര പറഞ്ഞു പിരിഞ്ഞു.അതിൽ ഒരു കുട്ടി പോവുമ്പോൾ കൂടെ കൂടെ സുരേന്ദ്രൻനെ തിരിഞ്ഞു നോക്കുന്നുണ്ടായിയുന്നു.അവർ പോയപ്പോൾ സുരേന്ദ്രൻ വീണ്ടും എന്റെ നേരെ തിരിഞ്ഞു..
“അല്ല. നമ്മുടെ നാട്ടുകാരി കുട്ടികൾ വന്നീട്ട് നമ്മൾ ഗൗനിക്കാതിരുന്നാൽ മോശം അല്ലെ. മാത്രം അല്ല നമുക്ക് ജാഡയാന്ന് പറയും.. ശരി അല്ലെ?”
അദ്ദേഹം ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി.
“ഉം. ഉം. അതെ.”
എന്റെ മുഖത്തെ പുഞ്ചിരി കണ്ടാവാം സുരേന്ദ്രൻ തോളിൽ തട്ടി..
“കൊച്ചു കള്ളൻ.. മനസ്സിലായി അല്ലെ??”
ഞാൻ എവിടെയാണ് താമസം എന്ന് ഇടക്ക് അദ്ദേഹം ചോദിച്ചു.
അന്ന് ഞാൻ എന്റെ ആദ്യ ഗുരു ശരത് ചന്ദ്രന്റെ കൂടെ കെ. കെ. നഗറിൽ ആണ് താമസം
ഞാൻ അഡ്രസ് പറഞ്ഞ് കൊടുത്തു..
“അല്ല. വല്ല ചാൻസും ഉണ്ടെങ്കിൽ നിന്നോട് വന്ന് പറയാലോ എന്ന് കരുതിയാ . നിനക്ക് അസിസ്റ്റന്റ് ഡയറക്ടർ ആവണം എന്നല്ലേ പറഞ്ഞെ. ”
ഞാൻ തലയാട്ടി.
ആദ്യമായി കണ്ട അന്ന് തന്നെ എന്റെ കാര്യത്തിൽ എന്ത് കരുതൽ ആണ് ഈ മനുഷ്യന്..
അത്ഭുതം തന്നെ..!!
പാക്ക് അപ്പ് ആയി പോകാൻ നേരം പുള്ളി ഓർമിപ്പിച്ചു
. “ട്രസ്റ്റ് പുരത്തു ഹോളിവുഡ് ഹോട്ടലിന് അരികിൽ ഉള്ള “song & music “ഷോപ്പ് ” സമയം കിട്ടുമ്പോൾ അങ്ങോട്ട് വാ.. ബാലു ഏട്ടനെയും പരിചയപ്പെടാം.
പുള്ളിക്കും ഒരുപാട് സിനിമാക്കരെ പരിചയം ഉണ്ട്.
സഹായിക്കും. നല്ല കക്ഷി യാ.. ”
പുതിയൊരു സിനിമാ സൗഹൃദം കൂടി കിട്ടിയ സന്തോഷത്തിൽ ആണ് അന്ന് ഞാൻ റൂമിലേക്ക് മടങ്ങിയത്.
(മാത്രം അല്ല സാക്ഷാൽ ശിവാജി, നമ്പ്യാർ, ശ്രീവിദ്യ, ജയശങ്കർ ഇവരെ ഒക്കെ മുമ്പിൽ കണ്ടില്ലേ.. അതും അവർ അഭിനയിക്കുന്നത് തൊട്ട് അടുത്ത് നിന്ന്.. ഓർത്തപ്പോൾ രോമാഞ്ചം )
അടുത്ത ദിവസം തന്നെ ട്രസ്റ്റ് പുരത്തുള്ള ബാലു ഏട്ടന്റെ കാസറ്റ് കടയിൽ പോയി. ചെല്ലുമ്പോൾ അവിടെ സുരേന്ദ്രൻ മാത്രം. പുള്ളി എന്നെ സ്വീകരിച്ച് ഇരുത്തി. ഞാൻ വിചാരിച്ച പോലെ അത്ര വലിയ കട ഒന്നും അല്ല ഓഡിയോ കാസറ്റ്കൾ വിൽക്കുന്ന, സോങ്‌സ് കേസറ്റിൽ റെക്കോർഡ് ചെയ്തു കൊടുക്കുന്ന ഒരു സാധാരണ ഷോപ്പ്.
അത്ര തന്നെ.
“നീ ഇരിക്ക്. ചേട്ടൻ ഇപ്പോൾ വരും..”
“ഇനി എന്നാ ചേട്ടന് ഷൂട്ടിംഗ് ഉള്ളത് ”
ഞാൻ അന്വേഷിച്ചു..എനിക്ക് അതാണ് അറിയേണ്ടത്.. ശിവാജി യും മറ്റും അഭിനയി ക്കു ന്നത് അടുത്ത് നിന്ന് കാണാമല്ലോ..
“അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്തു പോകുന്ന സീൻ ആണ് ഇന്നലെ ആ സെറ്റിൽ എടുത്തത്. ഇനി അദ്ദേഹത്തെ സ്റ്റേഷനിൽ (അതോ കോടതിയിലോ ) കൊണ്ട് വരുന്ന സീൻ എടുക്കാൻ ഉണ്ട്. അത് ഇനി എടുക്കുന്നതിന്റെ തലേ ദിവസം വിളിച്ചു പറയും. ഇനി എന്നാ അങ്ങേരുടെ ഡേറ്റ് എന്നാർക്കറിയാം.”
അപ്പോഴേക്കും ബാലു ഏട്ടൻ (ബാല ഗോപാൽ വർമ ) ഒരു ബുള്ളറ്റ് ൽ അങ്ങോട്ട് എത്തി.
നല്ല ഒത്ത ഉയരം ഉള്ള ഒരാജാനുബാഹു സ്പെക്സ് വച്ചീട്ടുണ്ട്.
പുള്ളി കടയിൽ കയറി തന്റെ സീറ്റിലേക്ക് ഇരുന്നു. അൽപനേരം അവർ ഇരുവരും ബിസിനസ് കാര്യങ്ങൾ എന്തോ സംസാരിച്ച ശേഷം സുരേന്ദ്രൻ ചേട്ടൻ ബാലു ഏട്ടന് എന്നെ പരിചയപ്പെടുത്തി.
“ചേട്ടാ, ഇതാ ഞാൻ പറഞ്ഞ ഗോപി. ഇരിങ്ങാലക്കുടക്കാരൻ ”
ബാലു ഏട്ടൻ കൈ തന്നു.
“ഇരിങ്ങാലക്കുട എവിടെയാ. കൂടൽ മാണിക്യം ക്ഷേത്രത്തിൽ ഒക്കെ ഞാൻ വന്നീട്ടുണ്ട്.”
“എന്റെ വീട് ടൗണിൽ നിന്നും 8 കിലോ മീറ്റർ പോണം. റെയിൽവേ സ്റ്റേഷന് അടുത്താ ”
ഞാൻ പറഞ്ഞു.
“ഓ. അപ്പൊ കല്ലേറ്റുംകര. അങ്ങനെ പറ.
അവിടെ കൂടെ ഞാൻ പോയിട്ടുണ്ട് ”
എനിക്ക് സന്തോഷം ആയി. നമ്മുടെ നാട് ഒരാൾ അറിയും എന്ന് പറയുമ്പോൾ ഉള്ള സന്തോഷം.
വളരെ സ്നേഹമായി പെരുമാറുന്ന വ്യക്തി ആയിരുന്നു ബാലു ഏട്ടൻ. കുറച്ചു നേരത്തിനുള്ളിൽ തന്നെ ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയി.
സിനിമയിൽ കയറി കൂടുക എളുപ്പം അല്ലെന്നും എന്തെങ്കിലും അവസരം വന്നാൽ എന്നെ അറിയിക്കാം എന്നും പറഞ്ഞു ബാലു ഏട്ടൻ എന്നെ യാത്ര യാക്കി.(പിന്നീട് ശ്രദ്ദേയൻ ആയ തമിഴ് നടൻ നാസർനെ പലപ്പോഴും ആ കടയിൽ വച്ച് ഞാൻ കണ്ടീട്ടുണ്ട്. ബാലു ഏട്ടന്റെ അടുത്ത സുഹൃത്തായിരുന്നു നാസർ ).
എറണാകുളത്ത് ടി. ഡി. എം. ഹാളിന് പിന്നിൽ ആയാണ് ചേട്ടന്റെ തറവാട്. ഞാൻ പല തവണ ആ വീട്ടിൽ പോയിട്ടുണ്ട്. അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവും ബാലു ഏട്ടന്റെ അടുത്ത സുഹൃത്തായിരുന്നു. കാലത്തിന്റെ ശബ്ദം എന്ന ആഷാ ഖാൻ ചിത്രത്തിൽ അദ്ദേഹം വില്ലൻ ആയി ക്യാപ്റ്റൻ രാജു വിനൊപ്പം അഭിനയിച്ചീട്ടുമുണ്ട്.
ഞാൻ മദ്രാസ് വിടുന്നതിനു മുമ്പ് തന്നെ ബാലു ഏട്ടൻ ഹാർട്ട് അറ്റാക് ആയി പെട്ടെന്ന് മരണം അടഞ്ഞു..ആ നല്ല സുഹൃത്തിന്റെ പാവന സ്മരണക്കു മുന്നിൽ പ്രണാമം..)
ഒന്ന് രണ്ടു ദിവസംകഴിഞ്ഞു.. ഒരു ദിവസം രാവിലെ സുരേന്ദ്രൻ ചേട്ടൻ ഞാൻ താമസിക്കുന്ന കെ. കെ. നഗറിലെ വീട്ടിനു മുന്നിൽ എന്നെ തിരക്കി എത്തി.
“എന്താ ചേട്ടാ, രാവിലെ തന്നെ?”
അത്ഭുതം ആയിരുന്നു എനിക്ക്.
“ഇവിടെ വല്ല റൂമും കിട്ടാൻ ഉണ്ടോ വാടകക്ക് ”
ചേട്ടൻ അന്വേഷിച്ചു
“ആർക്കാ ചേട്ടാ. ഇവിടെ അടുത്ത് ഒരു പോർഷൻ കാലി ഉണ്ട്. പക്ഷേ ഫാമിലിക്കെ കൊടുക്കൂ ”
ബാച്‌ലർസിന് വീട് കിട്ടാൻ അന്ന് ചെന്നൈയിൽ വലിയ ബുദ്ധിമുട്ടായിരുന്നു.
“ഫാമിലി ക്ക് തന്നെയാ.എന്റെ കല്യാണം കഴിഞ്ഞു ”
ഞാൻ ഞെട്ടി പോയി.
തലേ ദിവസം കൂടി ട്രസ്റ്റ് പുരത്തെ കടയിൽ ഞങ്ങൾ കണ്ടതാണ്. അപ്പോൾ ഒന്നും പറഞ്ഞില്ല.
ഇത്ര പെട്ടെന്ന്.??
“നീ ഡ്രസ്സ് മാറി വാ.. ഞാൻ എല്ലാം പറയാം ”
എന്തോ അപകടം മണത്തു എങ്കിലും ഞാൻ ഉടനെ തന്നെ ഡ്രസ്സ് മാറി സുരേന്ദ്രൻ ചേട്ടനോടൊപ്പം യാത്രയായി..
(തുടരും)