സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 76
(ഗോപിനാഥ് മുരിയാട്)
“അറേബ്യ”യുടെ വർക്ക് കഴിഞ്ഞ് ഒന്ന് രണ്ടു ദിവസത്തിന് ശേഷം ഒരിക്കൽ ഞാൻ വിരുഗമ്പക്കം പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് A. V. M. സ്റ്റുഡിയോയിലേക്ക് പോകുന്ന റോഡിലേക്ക് തിരിയവേ ഒരു വിളി..
“ഗോപി..”
ഞാൻ തിരിഞ്ഞു നോക്കി. ഇടതു ഭാഗത്ത് ഒരു ചായക്കട ഉണ്ട്.. അവിടെ സ്ഥിരമായി സിനിമാക്കാർ ആരെങ്കിലും ഒക്കെ കാണും.
ഡബ്ബിങ് ആര്ടിസ്ട്സ്, അസിസ്റ്റന്റ് ഡയറക്ടർസ്, പ്രൊഡക്ഷൻ മാനേജർസ് ഇങ്ങനെ ആരെങ്കിലും ഒക്കെ അവിടെ കാണും. എതിരെയുള്ള S. P. B. യുടെ കോദണ്ട പാണി തിയേറ്ററിൽ ഡബ്ബിങ്ങോ, റീ റെക്കോർഡിങ്ങോ അങ്ങനെ എന്തെങ്കിലും വർക്ക്‌കൾ നടക്കുന്നുണ്ടാവും.
അവരെല്ലാം ചായ കുടിക്കാൻ വരുന്ന സ്ഥലം ആണ് ആ ചായക്കട.. ഇങ്ങനെയുള്ള കൂടിക്കാഴ്ച കളിൽ ആണ് പല വർക്ക് കളും വന്ന് വീഴുക..
ഞാൻ നോക്കുമ്പോൾ ചായ കുടിക്കാൻ നിൽക്കുന്നവരുടെ കൂട്ടത്തിൽ ഗിരീഷ് വെണ്ണല.
ഗിരീഷ് നെ പറ്റി നേരത്തെ പറയാൻ മറന്നു പോയതാണ്.
അസിസ്റ്റന്റ് ഡയറക്ടർ ആയ അദ്ദേഹത്തെ ദീർഘകാലമായി പരിചയം ഉണ്ട്. ഭരതൻ, P. G. വിശ്വംഭരൻ, ആന്റണി ഈസ്റ്റ്‌മാൻ, വിജയ്
P. നായർ ഇങ്ങനെ ഒരുപാട് സംവിധായകരുടെ കൂടെ വർക്ക് ചെയ്‌തീട്ടുണ്ട് ഗിരീഷ്. ഇതിന് മുമ്പ്
“വക്കീൽ വാസുദേവ്, വരണമാല്യം തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിരുന്നു. പക്ഷേ എന്നെപ്പോലെ മദ്രാസിൽ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല അദ്ദേഹം. പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് മാത്രം മദ്രാസിൽ വരും. പടം ഫസ്റ്റ് കോപ്പി ആയാൽ ഉടനെ നാട്ടിലേക്ക് മടങ്ങും. വീണ്ടും അടുത്ത പടത്തിന്റെ ഫൈനൽ വർക്ക് ന് വരുന്ന സന്ദർഭങ്ങളിൽ മാത്രമേ ഞങ്ങൾ കണ്ടുമുട്ടാറുള്ളൂ. ഞാൻ വേഗം അങ്ങോട്ട് ചെന്നു.
(ഇതിനിടയിൽ എപ്പോഴോ ഞാൻ സത്യ ഗാർഡനിൽ നിന്നും ചിന്മയ നഗറിൽ ഉള്ള കമ്പർ സ്ട്രീറ്റിലെ “ഡോൾഫിൻ “ഫ്ലാറ്റിലേക്ക് താമസം മാറ്റിയിരുന്നു. എന്റെ സുഹൃത്തായ ജീവൻദാസ്, ക്യാമറ അസിസ്റ്റന്റ് ശിവകുമാർ, തുടങ്ങിയവരും ആ ഫ്ലാറ്റിൽ ആണ് താമസിച്ചിരുന്നത്. ശിവകുമാർ മധു അമ്പാട്ട് ന്റെ അസിസ്റ്റന്റ് ആയിരുന്നു അന്ന്. ജീവൻ ആർട്ട് ഡയറക്ടർ കൃഷ്ണമുർത്തിയുടെയും. അവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ താഴെ പോർഷൻ കാലി ഉണ്ടെന്ന് ജീവനിൽ നിന്നും അറിഞ്ഞപ്പോൾ ആണ് ഞാൻ ആ ഫ്ലാറ്റ് എടുക്കാൻ തീരുമാനിക്കുന്നത്.
മദ്രാസ് വീടുന്നത് വരെ എന്റെ താമസം അവിടെ തന്നെ ആയിരുന്നു. )
തിരുവനന്തപുരത്ത് കാരനായ ശിവ കുമാർ കുറച്ചു വർഷങ്ങൾക്ക് മുമ്പ് മരിച്ചു. ഈ ഫ്ലാറ്റിൽ തന്നെ എന്റെ അയൽക്കാരൻ ആയിരുന്നു ഏഷ്യാനെറ്റ് ലെ ഐഡിയ സ്റ്റാർ സിംഗർ, കോമഡി സ്റ്റാർസ് തുടങ്ങിയ പ്രോഗ്രാംകളുടെ പ്രൊഡ്യൂസർ ആയിരുന്ന ബൈജു മേലില. (അന്ന് ഏഷ്യാനെറ്റ് തുടങ്ങിയ കാലഘട്ടം ആയിരുന്നു. മദ്രാസ് സ്റ്റുഡിയോകൾ സന്ദർശിച്ച്
അര്ടിസ്റ്റ്സ് ന്റെ എല്ലാം ഇന്റർവ്യൂ എടുക്കുന്ന ജോലികൾ മാത്രമേ അന്ന് ബൈജു വിന് ഉണ്ടായിരുന്നുള്ളു. ഒരിക്കൽ ബൈജു ഏഷ്യാനെറ്റ് ൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് എന്നോട് ചോദിച്ചത് ഇന്നും നല്ല ഓർമയുണ്ട്.
അന്ന് സിനിമാ സംവിധാനത്തിൽ കുറഞ്ഞ ഒന്നും എന്റെ മനസ്സിൽ ഇല്ലാത്തതിനാൽ ഞാൻ അത് നിരസിച്ചു!).
ഗിരീഷ് തന്റെ ഒപ്പം ഉള്ളവരെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു..
“ഡോമിനിക് പ്രസന്റേഷൻ ” എന്ന ചിത്രത്തിന്റെ ഫൈനൽ വർക്ക് ന് വന്നതാണ് ഇപ്പോൾ.ഇത് ഡയറക്ടർ രമേഷ് ദാസ്. പിന്നെ പ്രൊഡ്യൂസർ ഒരാൾ.. (പേര് ഓർമ വരുന്നില്ല. അദ്ദേഹം അതിൽ അഭിനയിച്ചതായി ഓർക്കുന്നു. പിന്നെ അസിസ്റ്റന്റ് ഡയറക്ടർ സുധേഷ്.. (മാനസം, നക്ഷത്രങ്ങൾ പറയാതിരുന്നത്, മലയാളി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ )
വേറെയും ഒന്ന് രണ്ടു പേർ കൂടെ ഉണ്ടായിരുന്നു എന്നാണ് ഓർമ്മ.സംവിധായകൻ രമേഷ് ദാസ്, സുധേഷ്, പ്രൊഡ്യൂസർസ് എല്ലാവരും തൃശൂർക്കാർ തന്നെ.അവർ താമസിച്ചിരുന്നത് ഈ ചായക്കടക്ക് പിന്നിൽ അടുത്ത കാലത്ത് ആരംഭിച്ച “മെജസ്റ്റിക് ”
ഫ്ലാറ്റിൽ ആണ്. ഗിരീഷ് എന്നെ അവർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് ക്ഷണിച്ചു.ഫ്ലാറ്റിൽ ചെന്നപ്പോൾ അവിടെ സ്റ്റിൽ ഫോട്ടോ ഗ്രാഫർ ആൽബം കൊണ്ട് വന്നിരിക്കുന്നു. ഒപ്പം തിയേറ്ററിൽ കൊടുക്കാൻ ഉള്ള ഫോട്ടോ കാർഡ്സും ഉണ്ട്..എല്ലാവരും കൂടി പോസ്റ്റർ ന് കൊടുക്കേണ്ട ഫോട്ടോ കളെ പറ്റി യായി പിന്നെ ചർച്ച. അവിടെ നിന്നും പോകുന്നതിന് മുമ്പേ ഗിരീഷ് ന്റെ റെക്കമെന്റേഷനിൽ ഞാൻ ആ ചിത്രത്തിന്റെ സെൻസർ സ്ക്രിപ്റ്റ് എഴുതാൻ നിയോഗിക്കപ്പെട്ടു..ഇറങ്ങുന്നതിനു മുമ്പ് ഗിരീഷ് ഓർമിപ്പിച്ചു.
“അരവിന്ദ് ഓഡിയോ യിൽ ആണ് റീ റെക്കോർഡിങ്. രാജാമണി ആണ് മ്യൂസിക് ഡയറക്ടർ. അപ്പോൾ നമുക്ക് അവിടെ തിയേറ്ററിൽ കാണാം.. ”
ഗിരീഷ് നോട് യാത്ര പറഞ്ഞ് പിരിഞ്ഞപ്പോൾ സന്തോഷം തോന്നി. ഉടനെ പടം ഒന്നും ഇല്ലല്ലോ എന്ന വിഷമത്തിൽ വീട്ടിൽ നിന്നും ഇറങ്ങിയതാണ് ഞാൻ. ഇപ്പോൾ ഇതാ തീരെ പ്രതീക്ഷിക്കാതെ ഒരു വർക്ക് വന്നിരിക്കുന്നു.. അല്ലെങ്കിലും ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. എല്ലാ വാതിലുകളും അടഞ്ഞു എന്ന് തോന്നുന്ന അവസരങ്ങളിൽ പ്രതീക്ഷിക്കാതെ മറ്റൊരു വഴി മുന്നിൽ തെളിഞ്ഞു വരും..
അങ്ങനെ രണ്ടു ദിവസത്തിനകം തന്നെ “ഡോമിനിക് പ്രസന്റേഷന്റെ ” വർക്ക് അരവിന്ദ് ഓഡിയോയിൽ ആരംഭിച്ചു.(അരവിന്ദ് ഓഡിയോ സാലിഗ്രാമത്തിൽ ആയിടെ തുടങ്ങിയ ഒരു റെക്കോർഡിങ്, ഡബ്ബിങ് തിയേറ്റർ ആയിരുന്നു. ആറ്റുവേല, ദീപ സ്തംഭം മഹാശ്വര്യം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച സംഗീത (രസിക) യുടെ പിതാവിന്റെതാണ് ഈ സ്റ്റുഡിയോ )
ഡോമിനിക് പ്രസന്റേഷൻ കഷ്ടിച്ച് 1-30 മണിക്കൂർ മാത്രം ഉള്ള ഒരു ആക്ഷൻ ചിത്രം ആയിരുന്നു.
നായകൻ വിജയകുമാർ (തല സ്ഥാനം ), ഒപ്പം അശോകൻ, ഇന്ദ്രൻസ്, രാജൻ P. ദേവ്, മാള അരവിന്ദൻ, ഭീമൻ രഘു, സത്താർ, ഗീത, അസീസ്, തുടങ്ങിയവരും ഉണ്ട്.
“കൊങ്ങാശ്ശേരി “ഫിലിംസ് ന്റെ ബാനറിൽ ജയൻ കൊങ്ങാശ്ശേരി നിർമിച്ച ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് G. K. മാങ്കൊമ്പ്, ഗാനങ്ങൾ -കൈതപ്രം,സംഗീതം -, വിദ്യാധരൻ മാസ്റ്റർ, ആർട്ട് -ഐ. വി. സതീഷ് ബാബു (പ്രശസ്ത സംവിധായകൻ ഐ. വി. ശശി യുടെ സഹോദരൻ ആയ ഇദ്ദേഹം ഒട്ടു മുക്കാൽ ശശി ചിത്രങ്ങളുടെയും ആർട്ട് ഡയറക്ടർ ആയിരുന്നു ), മേക്കപ്പ് – ചേർത്തല രാധാകൃഷ്ണൻ, കോസ്ടുംസ് -മുരുഗൻസ്, നൃത്തം -കൃഷ്ണ വേണി, ആക്ഷൻ -അതിരടി പ്രകാശ്,പ്രൊഡക്ഷൻ കൺട്രോളർ -ജെയിംസ് ആന്റണി.
(ഇദ്ദേഹവും ഒരു ഇരിങ്ങാലക്കുടക്കാരൻ തന്നെ. പക്ഷേ മദ്രാസ് വിട്ട ശേഷം ഇത് വരെ പുള്ളിയെ കണ്ടീട്ടില്ല.)! പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സേതു വയനാട്, അസിസ്റ്റന്റ് ഡയറക്ടർ സ് -ഫ്രാൻസിസ്, ഷാന വാസ് വാടാനപ്പിള്ളി, അസോസിയേറ്റ് ഡയറക്ടർ -C. S. സുധേഷ്, സന്തോഷ് ഇളമ്പൽ, &
ഗിരീഷ് വെണ്ണല, പപ്പൻ നരിപ്പറ്റ, ക്യാമറ -പ്രേം രാജ്,എഡിറ്റിംഗ് -രാജഗോപാൽ. (സത്യൻ അന്തിക്കാട്, കമൽ ചിത്രങ്ങൾളുടെ സ്ഥിരം എഡിറ്റർ ആയിരുന്നു രാജഗോപാൽ. പപ്പൻ പ്രിയപ്പെട്ട പപ്പൻ, വരവേൽപ്പ് എന്നീ ചിത്രങ്ങളും മുമ്പ് അദ്ദേഹത്തോടൊപ്പം ഞാൻ വർക്ക് ചെയ്തവയാണ് ).സംവിധാനം -രമേഷ് ദാസ്..
സത്യം പറഞ്ഞാൽ ഒരു വാലും തുമ്പും ഇല്ലാത്ത ചിത്രം ആയിരുന്നു ഡോമിനിക് പ്രസന്റേഷൻ.. നായികയെ പ്രണയിക്കുന്ന ഒരു മ്യൂസിക് ട്രൂപ്പിലെ രണ്ടു പേർ. അവർക്കിടയിലെ മത്സരം.. അപ്രതീക്ഷിതമായി നായികയെ കാണാതാവുന്നു. പള്ളിയിലെ അച്ചൻ കൊല്ലപ്പെടുന്നു. അച്ചന്റെ സഹോദരൻ മരണവിവരം അറിഞ്ഞ് വിദേശത്തുനിന്ന് തീർച്ചെത്തുന്നു.. ഗീത അവതരിപ്പിക്കുന്ന പോലീസ് ഓഫീസർ കേസ് അന്വേഷണത്തിന് എത്തുന്നു.. അവസാനം കുറ്റവാളിയെ കണ്ടെത്തുന്നു.. സീനുകളിൽ തമ്മിൽ യാതൊരു ബന്ധമോ തുടർച്ചയോ ഒന്നും ഇല്ല.. അത് കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ ഒരു ചലനവും ഉണ്ടാക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല..
ഇതിന് ശേഷം തട്ടകം, തസ്കര ലഹള തുടങ്ങിയ രണ്ടോ മൂന്നോ ചിത്രങ്ങൾ കൂടി രമേഷ് ദാസ് ചെയ്തെങ്കിലും ഒന്നും വിജയം കൈവരിച്ചില്ല.(കൈതപ്രം രചിച്ച് സംഗീതം നൽകിയ തട്ടകത്തിലെ ഗാനങ്ങൾ മാത്രം ശ്രദ്ദിക്കപ്പെട്ടു.ചെന്നൈ വിട്ട് നാട്ടിൽ എത്തിയപ്പോൾ ഇടയ്ക്കിടെ എറണാകുളത്ത് നടക്കാറുള്ള ഞങ്ങളുടെ മാക്ട അസോസിയേഷന്റെ മീറ്റിംഗ് കളിൽ ഒക്കെ രമേഷ് ദാസിനെ കാണാറുണ്ട്. വളരെ ആക്റ്റീവ് ആയ ഒരു ചെറുപ്പക്കാരൻ ആയിരുന്നു രമേഷ് ദാസ് . 2012 ലോ 2013 ലോ എന്നറിയില്ല.. ഒരു ദിവസം പത്രത്തിൽ വായിച്ചാണ് അദ്ദേഹത്തിന്റെ മരണവാർത്ത ഞാൻ അറിയുന്നത്.)
കഴിഞ്ഞ മാസം ഫെഫ്ക യുടെ മീറ്റിംഗ് ൽ വച്ചാണ് വർഷങ്ങൾക്ക് ശേഷം ഗിരീഷ് നെ ഞാൻ വീണ്ടും കാണുന്നത്.. ആരോ ഒരാൾ പിടിച്ചു കൊണ്ട് വന്ന് മുൻവരിയിൽ ഇരുത്തുന്ന ഗിരീഷ് നെ ഒരു ഞെട്ടലോടെ ആണ് ഞാൻ കണ്ടത്.. (കോവിഡ് കാരണം കഴിഞ്ഞ രണ്ടു മൂന്നു വർഷം ആയി ഫെഫ്ക യുടെ ആനുവൽ മീറ്റിംഗ് കൾ ഒന്നും നടക്കാറില്ല ). വല്ലാതെ അവശൻ ആയി കാണപ്പെട്ട അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഞാൻ വിവരങ്ങൾ തിരക്കി.. കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞ് ഇരിക്കയാണ്..അത് കൊണ്ട് തന്നെ പരസഹായം കൂടാതെ യാത്ര ബുദ്ധിമുട്ടാണ്.ഇപ്പോൾ കാക്കനാട് മകൾക്കൊപ്പമാണ് താമസം.
കഴിഞ്ഞ 5 വർഷം ആയി സിനിമകൾ ഒന്നും ചെയ്തീട്ടില്ല.. കൂടുതൽ എന്തെങ്കിലും സംസാരിക്കാൻ കഴിയുന്നതിനു മുമ്പേ മീറ്റിംഗ് നടപടികൾ ആരംഭിച്ചതിനാൽ ഞാൻ എന്റെ സീറ്റിലേക്ക് മടങ്ങി. ഉച്ചക്ക് മീറ്റിംഗ് ന് ശേഷം ഗിരീഷ് നെ അന്വേഷിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം സ്ഥലം വിട്ടിരുന്നു..
വീട്ടിൽ വന്ന ഉടനെ ഫോണിൽ ഗിരീഷ് ന്റെ നമ്പർ തിരഞ്ഞു.. ഫോൺ മാറിയതിനാൽ ആണെന്ന് തോന്നുന്നു കോൺടാക്ട് ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് കാണാൻ ഇല്ല.ഫെഫ്ക യിൽ വിളിച്ച് ഗിരീഷ് ന്റെ നമ്പർ വാങ്ങി. വാട്സ്ആപ്പ് ൽ മെസ്സേജ് ചെയ്തു..”ഗോപി യാണ്.. ഫ്രീ ആണോ.. സംസാരിക്കണം..”
മിനിറ്റുകൾക്കുള്ളിൽ മറ്റൊരു ഫോണിൽ നിന്നും കാൾ വന്നു..
“ഗോപി, ഇത് ഞാൻ ആണ് ഗിരീഷ്.. എന്റെ ഈ ഫോണിൽ വാട്സ്ആപ്പ് ഇല്ല.. അത് മകളുടെ നമ്പർ ആണ്..”
തുടർന്ന് ഞങ്ങൾ കുറേ അധികം സംസാരിച്ചു.അവസാനം വർക്ക് ചെയ്തത് “വള്ളി ക്കെട്ട് ”
എന്ന ചിത്രത്തിൽ ആണ്. 2019 ൽ ആ ചിത്രം റിലീസ് ആയെങ്കിലും തീരെ ശ്രദ്ദിക്കപ്പെട്ടില്ല.
ഗിരീഷ് ഒരു ചിത്രം സംവിധാനം ചെയ്തതായി ഞാൻ കേട്ടിരുന്നു. അതിനെ പറ്റി അന്വേഷിച്ചപ്പോൾ ഗിരീഷ് പറഞ്ഞു..
“പുരസ്‌കാരം “അതായിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം, നെടുമുടി വേണു, ഊർമിള ഉണ്ണി തുടങ്ങിയവർ അഭിനയിച്ച ആ ചിത്രം “സൂര്യ ”
ചാനലിൽ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. തിയേറ്ററിൽ അത്രക്ക് വിജയം ആയില്ലെങ്കിലും ബഡ്ജറ്റ് കുറവായതിനാൽ സാറ്റലൈറ്റ് ൽ നിന്ന് കിട്ടിയ വരുമാനം മൂലം പ്രൊഡ്യൂസർ സേഫ് ആയി.
(പടം യൂട്യൂബ്ൽ തിരഞ്ഞെങ്കിലും കണ്ടില്ല. പ്രൊഡ്യൂസർ മാർക്കറ്റിങ്ങിൽ ഒട്ടും താല്പര്യം കാണിക്കാതിരുന്നത് വിനയായെന്ന് ഗിരീഷ് ).സിനിമയിൽ വിജയം കൈവരിച്ചവരെ മാത്രമേ ആളുകൾ ഓർക്കാറുള്ളൂ.. ഒരിക്കൽ നിങ്ങൾ വീണു കഴിഞ്ഞാൽ അതോടെ തീർന്നു എല്ലാം.എത്രയോ ചിത്രങ്ങളിൽ എത്രയോ സംവിധായാകരുടെ കൂടെ വർക്ക് ചെയ്തതാണ് ഗിരീഷ്.. കൊടിയേറ്റം ഗോപി ചേട്ടൻ സിനിമയിൽ നിന്ന് അസുഖം മൂലം മാറി നിൽക്കേണ്ടി വന്നപ്പോൾ തങ്ങൾക്കുണ്ടായ മാനസിക സംഘർഷങ്ങളെ പറ്റി മുരളി ഗോപി എവിടെയോ എഴുതിയത് ഓർക്കുന്നു.. വല്ലാത്ത ഒരവസ്‌ഥയാണ് അത്.. എനിക്കത് മറ്റാരേക്കാളും മനസ്സിലാവും..
സ്വന്തം ജീവിതത്തിൽ ഒന്നിൽ കൂടുതൽ തവണ അതേ കനൽ പാതകൾ താണ്ടിയായിരുന്നല്ലോ എന്റെയും യാത്ര.100കോടി ക്ലബ്ബിലും 200 കോടി ക്ലബ്ബിലും ഇടം നേടുന്ന സിനിമകളും, കോടികൾ ഒരു പടത്തിന് ശമ്പളം വാങ്ങുന്ന താരങ്ങളുടെയും ഇടയിൽ സിനിമക്ക് വേണ്ടി മാത്രം ജീവിച്ച് ബലി മൃഗങ്ങൾ ആയവരെപ്പറ്റി ആരറിയാൻ??
(തുടരും)