സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 77
(ഗോപിനാഥ് മുരിയാട്)
95 ഡിസംബർ..ഒരു ദിവസം സന്തോഷ് ശിവന്റെ അസോസിയേറ്റ് ക്യാമറ മാൻ ബിജോയ്സ് (ഇപ്പോഴത്തെ ക്യാമറ മാൻ ബിജോയ്സ് തന്നെ )കമ്പർ തെരുവിലെ എന്റെ വീട്ടിൽ എത്തി. സന്തോഷ് ശിവൻ ആദ്യമായി സംവിധാനം ചെയ്ത “ഹേലോ ” എന്ന ഹിന്ദി ചിത്രത്തിന്റെ സെൻസർ സ്ക്രിപ്റ്റ് എഴുതണം. ഹിന്ദി അത്യാവശ്യം കൈകാര്യം ചെയ്യാൻ കഴിയും എന്ന് “യോദ്ധ “ലൊക്കേഷനിൽ വച്ച് മനസിലാക്കിയത് കൊണ്ടാവും എന്നെ തന്നെ അന്വേഷിച്ചു വന്നത്. സാധാരണയായി റീ റെക്കോർഡിങ് തിയേറ്ററിൽ ഇരുന്നാണ് ഞാൻ പടം കണ്ട് മാർക്ക് ചെയ്യാറുള്ളത്. ഈ ചിത്രത്തിന്റെ റീ റെക്കോർഡിങ് വർക്ക് ഒക്കെ അപ്പോഴേ കഴിഞ്ഞിരിക്കുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് ഒക്കെ ബോംബെയിൽ ചെയ്ത പടം ആണ് “ഹേലോ “.
അപ്പോൾ പിന്നെ പടം എങ്ങനെ കാണും??
“അതിന് വഴി ഉണ്ട്.. പടത്തിന്റെ വീഡിയോ കാസറ്റ് കൊണ്ട് വന്നീട്ടുണ്ട്.ഗോപിയുടെ വീട്ടിൽ T. V. ഉണ്ടല്ലോ. ഒരു വീഡിയോ player വാടകക്ക് എടുത്തു തരാം. (അന്ന് ഡിവിഡി ഇറങ്ങിയിട്ടില്ല. വീഡിയോ player വാടകക്ക് എടുത്ത് ചിലപ്പോൾ ഒക്കെ ഹിന്ദി, ഇംഗ്ലീഷ് പടങ്ങൾ വീട്ടിൽ ഇട്ട് കാണാറുണ്ട് ഞാൻ. ഒരു സെക്കന്റ് ഹാൻഡ് തോഷിബ കളർ ടി. വി. ഞാൻ ആയിടെ വാങ്ങിയിരുന്നു )അങ്ങനെ ഞാനും ബിജോയ്‌സും കൂടി സാലിഗ്രാ മത്തിൽ ഉള്ള ഒരു വീഡിയോ കടയിൽ ചെന്ന് വീഡിയോ player വാടകക്ക് എടുത്തു. കടയിൽ ഉള്ള ഒരു പയ്യൻ തന്നെ കൂടെ വന്ന് പ്ലയെർ ടി. വി. യിൽ കണക്ട് ചെയ്തു തന്നു.
“ഹേലോ ” ഒരു കുട്ടികളുടെ ചിത്രം ആണ്.

പ്രധാന കഥാപാത്രമായ സാഷ എന്ന പെൺകുട്ടിയും ഒരു നായ് കുട്ടിയും തമ്മിൽ ഉള്ള ബന്ധവും അപ്രതീക്ഷിതമായി നായ് കുട്ടി നഷ്ടപ്പെട്ടപ്പോൾ അതിനെ തിരിച്ചു കിട്ടാൻ വേണ്ടിയുള്ള അവളുടെ ശ്രമങ്ങളെ പറ്റിയുമാണ് ചിത്രം പറയുന്നത്. രസം എന്താണെന്ന് വെച്ചാൽ കുട്ടികൾ മാത്രം അല്ല സിനിമയിലെ മുതിർന്നവർക്ക് പോലും കുട്ടികളുടെ മനസ്സ് തന്നെ. സന്തോഷിനും അദ്ദേഹത്തിന്റെ സഹോദരൻ സംഗീത് ശിവനും കുട്ടികളുടെ മനസ്സാണെന്ന് “യോദ്ധ ” യിൽ വർക്ക് ചെയ്തു തുടങ്ങിയ കാലം മുതലേ എനിക്ക് തോന്നിയിട്ടുണ്ട്. ഈ ചിത്രം എന്റെ ധാരണ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.പ്രശസ്ത ബോളിവുഡ് സംവിദായകർ ആയ രാജ്‌കുമാർ സന്തോഷി, ടിനു ആനന്ദ് എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
സാഷയായി അഭിനയിച്ചിരിക്കുന്നത് പ്രശസ്ത ടി. വി. നടി (അന്ന് ബാലനടി ) ബെനാഫ് ദാദാചന്ദ്ജി ആണ്. അവർക്ക് പുറമേ ബുലങ് രാജ, മുകേഷ് ഋഷി (ഇദ്ദേഹം സംഗീത് ശിവന്റെ ഗാന്ധർവ്വത്തിൽ ഒരു വില്ലൻ റോൾ ചെയ്തിട്ടുണ്ട് )., ഹരീഷ് പട്ടേൽ, വിജു ഖോട്ടെ, ഗോവിന്ദ് മേനോൻ, പൂജ പഞ്ചാബി,ചിന്തു മഹാപത്ര, വസിം ഖാൻ, ഗോൾഡി സിംഗ്, ഡിമ്പ്ൾ ഘോഷ്, സഹിൽ, സുരേഷ് ഭാഗവത്, മെഹ്ർ വക്കീൽ എന്നിവരും ചിത്രത്തിൽ ഉണ്ട്. ഗാനങ്ങൾ, സംഭാഷണം -സഞ്ജയ് ചെൽ, മ്യൂസിക് -രഞ്ജിത് ബറോത്, എഡിറ്റിംഗ് -കനിക മായർ ഭരത്, രചന, ക്യാമറ, സംവിധാനം -സന്തോഷ് ശിവൻ. (ക്യാമറ & ഡയറക്ഷന് പുറമേ ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റും സന്തോഷ് ന്റേത് തന്നെ ആയിരുന്നു. സന്തോഷ് പിന്നീട് സംവിധാനം ചെയ്ത തമിഴ് ചിത്രം “മല്ലി” യുടെ സ്ക്രിപ്റ്റും അദ്ദേഹത്തിന്റെത് തന്നെ. മല്ലിയും ഒരു കുട്ടികളുടെ ചിത്രം ആണ്. രണ്ടും ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ വാങ്ങിയിട്ടുണ്ട് ).
ഒന്നര മണിക്കൂർ മാത്രം ഉള്ള “ഹേലോ “വലിയ കഥ ഒന്നും ഇല്ലെങ്കിലും മനോഹരമായ ഒരു ചിത്രം ആയിരുന്നു. സാഷ യുടെ പിതാവിന്റെ റോളിൽ ആയിരുന്നു രാജ്‌കുമാർ സന്തോഷി.(ഗായൽ,ദാമിനി (സണ്ണി ഡിയോൾ ) പുകാർ (അനിൽ കപൂർ ), ചൈന ഗേറ്റ് (നസിരുദ്ദീൻ ഷാ ) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഇദ്ദേഹം ആണ്.)ഈ സിനിമയിൽ സ്മഗ്ലർ ആയി വേഷമിട്ട ടിനു ആനന്ദ് കാളിയ, ഷാഹെൻഷാ, മേം ആസാദ് ഹൂം തുടങ്ങിയ അമിതാബ് ചിത്രങ്ങളുടെ സംവിധായകൻ ആണ്. നായകൻ എന്ന കമലഹാസൻ ചിത്രത്തിൽ ഇദ്ദേഹത്തിന്റെ കഥാപാത്രത്തെ ആരും മറന്നീട്ടുണ്ടാവില്ല.(നായകന്റെ ക്ലൈമാക്സ് ൽ കമൽന്റെ കഥാപാത്രത്തെ കൊല്ലുന്നത് ടിനു ആനന്ദ് ചെയ്ത കഥാപാത്രം ആണ്.)ചെറിയ പടം ആയിരുന്നതിനാൽ ഒരു ആഴ്ചക്കുള്ളിൽ തന്നെ ഞാൻ വർക്ക് തീർത്തു.ബിജോയ്‌സ് നെ കണ്ട് സ്ക്രിപ്റ്റ് ഏൽപ്പിച്ചപ്പോൾ ഞാൻ സന്തോഷ് നെ പറ്റി അന്വേഷിച്ചു. അദ്ദേഹം അപ്പോഴും ബോംബെ യിൽ നിന്ന് വന്നിരുന്നില്ല.
ഈ ചിത്രത്തിൽ ക്യാമറ അസിസ്റ്റന്റ് ആയി മാത്രം അല്ല ബിജോയ്സ് വർക്ക് ചെയ്തിരുന്നത്.പ്രൊഡക്ഷൻ ജോലികളുടെ ഉത്തരവാദിത്വവും ബിജോയ്സ് ന് തന്നെ ആയിരുന്നു.ജോമോൻ സംവിധാനം ചെയ്ത” സിദ്ധാർത്ഥ” യിലൂടെ സ്വതന്ത്ര ഛായാഗ്രഹകൻ ആയ ബിജോയ്സ് അതിന് ശേഷം “ഇവൾ ദ്രവ്പ തി,, കൊട്ടാരം വൈദ്യൻ, റിങ് ടോൺ, ദേശം, ജഗപൊഗ, പുനർജനി, ചാർസൗബീസ്, നഖങ്ങൾ, ഓമെഗാ -2014, ചേരി, എന്നെന്നും ഓർമ്മകൾ, നെഗലുകൾ, അറിയാതെ തുടങ്ങിയ മലയാളചിത്രങ്ങൾ ക്ക് പുറമേ Daman, Tez Raftar, extra ordinary, എന്നീ ഹിന്ദി ചിത്രങ്ങളുടെയും ക്യാമറ മാൻ ആണ്.ഡിജിറ്റൽ സിനിമകളുടെ കാലം വന്നതോടെ പ്രതിഭയും വര്ഷങ്ങളുടെ അനുഭവങ്ങളും ഒന്നും സിനിമയിൽ ആവശ്യമില്ലാതായി.. വാൾ എടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞ പോലെ കല്യാണത്തിന് വീഡിയോ എടുത്തിരുന്നവർ പോലും സിനിമയിൽ ക്യാമറ മാൻ മാർ ആയി വിലസുന്നു..സന്തോഷ് ശിവനോ, മധു അമ്പാട്ടോ, S. കുമാറോ, ഷാജി. N. കരുണോ, രാമ ചന്ദ്രബാബുവോ, ആനന്ദക്കുട്ടനോ ഒക്കെ വെള്ളിത്തിരയിൽ ഒരുക്കിയ വിസ്മയങ്ങൾ ഇനി വരുന്ന തലമുറയിലെ ഒരു ഛായാ ഗ്രഹകനും സാധ്യമാണെന്ന് തോന്നുന്നില്ല.
(തങ്ങളുടെ ഫിലിംനെ വെള്ളിത്തിരയിൽ ഇത്രയും മനോഹരമായി ദൃശ്യവൽക്കരിച്ചതിനു സമ്മാനമായി സന്തോഷ് ശിവന്റെ ഹണിമൂൺ ട്രിപ്പ് സ്പോൺസർ ചെയ്തത് ഈസ്റ്റ് മാൻ കമ്പനി ആയിരുന്നു എന്ന് അക്കാലത്തു കേട്ടിട്ടുണ്ട്. അതും ജപ്പാൻ ലേക്ക് )

സന്തോഷ് ശിവന്റെ ആദ്യകാല ചിത്രങ്ങളിൽ എല്ലാം സഹായി ആയി ബിജോയ്സ് ഉണ്ടായിരുന്നു. ഇന്ത്യൻ സിനിമയിലെ ക്ലാസ്സിക് ആയ പെരുന്തച്ചൻ, അഹം, പവിത്രം , യോദ്ധ, കാല പാനി, വാനപ്രസ്ഥം(മലയാളം ) , ദളപതി, ഇരുവർ,റോജ, ഇന്ദിര (തമിഴ് ),ദിൽസേ, രുദാലി, ബർസാത്, ഫിർ ഭി ദിൽ ഹെയ് ഹിന്ദുസ്ഥാനി, പുക്കാർ, (ഹിന്ദി )തുടങ്ങി എത്രയോ ചിത്രങ്ങൾ..സന്തോഷ് സംവിധാനം ചെയ്ത “ഹേലോ “”മല്ലി “”സ്റ്റോറി ഓഫ് ടിബ്ലൂ “, അശോക, The terrorist,എന്നീ ചിത്രങ്ങളിലും ബിജോയ്സ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു..
മകരമഞ്ഞ് എന്ന ലെനിൻ രാജേന്ദ്രൻ ചിത്രത്തിൽ സന്തോഷ് അഭിനയിച്ചു എങ്കിലും പിന്നീട് അദ്ദേഹത്തെ അഭിനയരംഗത്ത് കണ്ടില്ല..അനന്തഭദ്രം, ഉറുമി, ഈയിടെ ഇറങ്ങിയ ജാക്ക് ആൻഡ് ജിൽ എന്നിവയും സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രങ്ങൾ തന്നെ.ഷാറൂഖ് ഖാൻ നിർമിച്ച “അശോക” യും അവസാനം ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം “ജാക്ക് ആൻഡ് ജില്ലും “മാത്രം ആണ് സന്തോഷ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒട്ടും ശ്രദ്ദേയം ആകാതെ പോയത്.. ചെന്നൈ വിട്ട് പോന്ന ശേഷം സന്തോഷ് നെ കാണാൻ അവസരം ഉണ്ടായിട്ടില്ല. ബിജോയ്‌സ് പക്ഷേ ഇപ്പോഴും എന്റെ അടുത്ത സുഹൃത്ത് തന്നെ.. കണ്ടീട്ട് കുറേ കാലം ആയെങ്കിലും ഇടക്കൊക്കെ വിളിക്കാറുണ്ട്..
“യോദ്ധ”യുടെ സെറ്റിൽ നിന്നും ആരംഭിച്ച ആ സൗഹൃദം നീണ്ട 30 വർഷങ്ങൾക്ക് ശേഷവും അതേ പോലെ തുടരാൻ കഴിയുന്നത് തന്നെ ഒരു വലിയ ഭാഗ്യം അല്ലേ.. ഇതിനിടയിൽ കണ്ടു മുട്ടിയ എത്രയോ പേർ അരങ്ങൊഴിഞ്ഞു..!ഇങ്ങനെ ചില സൗഹൃദങ്ങൾ അല്ലേ എല്ലാ തിരിച്ചടികൾക്കിടയിലും നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..ആ നല്ല സുഹൃത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്..
(തുടരും)