സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 78
(ഗോപിനാഥ് മുരിയാട്)
95 ഡിസംബർ 31. അന്നും പതിവുപോലെ ന്യൂ ഇയർ ആഘോഷം എന്റെ താമസസ്ഥലത്ത് അരങ്ങേറി. ഞാനും അഴകും മാത്രം.. അഴകിന്റെ പുതുവർഷ ആശംസകൾക്ക് പഴയ വീറും ചൊടിയും ഇല്ലായിരുന്നു.. കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങളുടെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു പോയത് കൊണ്ടോ എന്തോ ഒരു നൈരാശ്യം ഞങ്ങളെ രണ്ടു പേരെയും പിടി കൂടിയിരുന്നു…ആത്മവിശ്വാസം എല്ലാം നഷ്ടപ്പെട്ടത് പോലെ…
ചെന്നൈയിൽ എത്തി 12 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.23 -ആം വയസ്സിൽ കോടംബക്കത്തു എത്തുമ്പോൾ ഞാൻ സ്വയം ഒരു ടാർജറ്റ് ഉണ്ടാക്കിയിരുന്നത് 30 വയസ്സിനുള്ളിൽ സിനിമയിൽ രക്ഷപ്പെടണം എന്നുള്ളതായിരുന്നു.
വയസ്സ് 35 ആകാൻ പോകുന്നു എന്ന സത്യം എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. ഇതിനടയിൽ എപ്പോഴോ അഴകിന്റെ സഹോദരി വള്ളിയുടെ വിവാഹം നടന്നിരുന്നു. വത്സര വാക്കതുള്ള ഏതോ കല്യാണമണ്ഡപത്തിൽ ആയിരുന്നു വിവാഹം.94 ൽ അഴകും വിവാഹിതനായി. അവന്റെ ഭാര്യ മാലതിയും വത്സര വാക്കത്തു നിന്ന് തന്നെ.കുടുംബങ്ങൾ തമ്മിൽ തീരുമാനിച്ചു നടത്തിയ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു അത്. കേശവവർദ്ധിനി സ്റ്റോപ്പ് ന് അരികെ എങ്ങോ ആയിരുന്നു മാലതിയും കുടുംബവും താമസിച്ചിരുന്നത്. അവരുടെ വിവാഹം പഴനി മുരുഗൻ കോവിലിൽ വച്ച് നടക്കുമ്പോൾ “മാപ്പിളയ് തോഴൻ “ആയി ആദ്യവസാനം ഞാൻ കൂടെ ഉണ്ടായിരുന്നു. ചെന്നൈ കാഞ്ചി ഹോട്ടലിൽ നടന്ന റിസപ്ഷൻ ചടങ്ങിലും അവസാനം വരെ ഞാൻ ഒപ്പം നിന്നു.94 ൽ തന്നെ എന്റെ സഹോദരൻ സതീഷ് (അമ്മയുടെ സഹോദരിയുടെ മകൻ )വിവാഹിതൻ ആയി. കുഞ്ഞച്ചൻ വലിയ തിരുപ്പതി ഭക്തൻ ആയതിനാൽ തിരുപ്പതി ക്ഷേത്രത്തിൽ വച്ചായിരുന്നു സതീഷ് ന്റെ വിവാഹം. (ഞാനും അഴകും ഒരുമിച്ചാണ് തിരുപ്പതിയിലും പോയത് ). എന്റെ റൂം മേറ്റ് ആയിരുന്ന ജയപ്രകാശ് (അമ്മാവന്റെ മകൻ കുട്ടൻ )ന്റെ വിവാഹവും 94 ൽ തന്നെ നടന്നു.
(അത് ഒരു ലവ് മാര്യേജ് ആയിരുന്നതിനാലും വധുവിന്റെ വീട്ടുകാർക്ക് ആ വിവാഹത്തിൽ താല്പര്യമില്ലാതിരുന്നതിനാലും വടപളനി കോവിലിൽ വച്ച് ആ വിവാഹം നടന്നത് എന്റെയും അഴകിന്റെയും കാർമികത്വത്തിൽ തന്നെ).
സഹോദരൻമാരും സുഹൃത്തും ഒക്കെ സെറ്റിൽ ആയിക്കൊണ്ടിരിക്കുമ്പോൾ സംവിധാനസ്വപ്‌നങ്ങൾ ഒരു മരീചിക ആയി തുടരുന്നത് എന്നെ കുറച്ചൊന്നുമല്ല അസ്വസ്ഥൻ ആക്കിയിരുന്നത്. ഭാവി ഒരു ചോദ്യചിഹ്നമായി പലപ്പോഴും എന്റെ ഉറക്കം കെടുത്തി.. പാതിരയാവുന്നതിനു മുമ്പേ ആഘോഷം അവസാനിപ്പിച്ചുകൊണ്ട് അഴക് വീട്ടിലേക്ക് മടങ്ങി. അവൻ ഇപ്പോൾ കുടുംബസ്ഥൻ ആണല്ലോ…
96 ജനുവരി ഒന്ന്…രാവിലെ തന്നെ A. V. M. സ്റ്റുഡിയോയിലെത്തി.. എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നു കൊണ്ട് എഡിറ്റർ ശങ്കുണ്ണി ഏട്ടന്റെ റൂമിൽ എത്തി. കുറച്ചു ദിവസത്തിന് ശേഷം ആണ് A. V. M. ൽ ചെല്ലുന്നത്. അവിടെ ചെന്നപ്പോൾ അതാ മോഹനേട്ടനും (സംവിധായകൻ ശശി മോഹൻ ) ജോമോൻ ചേട്ടനും മുന്നിൽ. അവിടെ മോഹനേട്ടന്റെ “ഹിറ്റ് ലിസ്റ്റ് ” എന്ന പടത്തിന്റെ എഡിറ്റിംഗ് നടക്കുന്നു. (റഹ്‌മാൻ അഭിനയിച്ച പഴയ ഹിറ്റ് ലിസ്റ്റ്.
2012 ൽ നടൻ ബാല സംവിധാനം ചെയ്ത ചിത്രവും ഞാൻ വർക്ക് ചെയ്തിരുന്നു!).രണ്ടു പേരും എന്നെ കുറേ വഴക്ക് പറഞ്ഞു. ആ പടം ഷൂട്ടിംഗ് തുടങ്ങിയപ്പോൾ എന്നെ അന്വേഷിച്ചിരുന്നു എന്നും എന്താ ഇടക്ക് കോൺടാക്ട് ചെയ്യാത്തത് എന്നും പറഞ്ഞായിരുന്നു വഴക്ക്.. (രണ്ടു പേർക്കും എന്നോട് സഹോദരനിർവീശേഷമായ ഒരു വാത്സല്യം ഉണ്ടായിരുന്നത് കൊണ്ട് തന്നെ അതിൽ എനിക്ക് ഒട്ടും പരിഭവം ഇല്ലായിരുന്നു )
ജോമോൻ ചേട്ടനായിരുന്നു കൂടുതൽ ദേഷ്യം.ഹിറ്റ് ലിസ്റ്റ് ഒരുപാട് അര്ടിസ്റ്റ് കൾ ഉള്ള പടം ആയിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്ന് അസിസ്റ്റന്റ് സും പുതിയ ആളുകൾ. മോഹനേട്ടന്റെ അസോസിയേറ്റ് ആയ ജോമോൻ ചേട്ടൻ മാത്രമേ പണി അറിയാവുന്ന ആൾ ആയി ഉണ്ടായിരുന്നുള്ളൂ. പുള്ളി കുറേ ബുദ്ധിമുട്ടിക്കാണും. അതിന്റെ കലിപ്പാണ്. ഞാൻ ഒന്നും പറഞ്ഞില്ല. സത്യത്തിൽ ഞാൻ ചെന്നൈയിൽ തന്നെ ഉണ്ടായിരുന്നു. പഴയ പോലെ സ്റ്റുഡിയോകളിൽ ഒന്നും കറങ്ങാറില്ല. പടം മുടങ്ങിയതിനു ശേഷം സ്വയം ഒരു ഉൾവലിവ് ഉണ്ടായിരുന്നു എനിക്ക്.. മൊബൈൽ ഒന്നും ഇല്ലാത്ത കാലം അല്ലേ.. പരസ്പരം കോൺടാക്ട്ൽ ഇല്ലാതെ പോയാൽ വർക്ക് കൾ പലതും നഷ്ടം ആവും.
ജോമോൻ ചേട്ടൻ എന്നെ മാറ്റി നിർത്തി ചോദിച്ചു.
പുതിയ പടം ഉണ്ട് ശശി മോഹൻ ന്. അടുത്ത പടം 10-ആം തീയതി തുടങ്ങാൻ പോവാ. ഒറ്റപ്പാലത്ത്. പോരുന്നോ? ഞാൻ ഞെട്ടി.. സിനിമയിൽ അങ്ങനെ ആണ്. തീരെ പ്രതീക്ഷിക്കാത്തപ്പോൾ ആണ് ചില അവസരങ്ങൾ മുന്നിൽ എത്തുക.
“ഉറപ്പാണെങ്കിൽ ഞാൻ ഇപ്പോൾ തന്നെ മോഹൻ നോട് പറയാം. പിന്നെ മുങ്ങരുത്.”
ഞാൻ സമ്മതിച്ചു.. പടം സംവിധാനം ചെയ്യാൻ സമയം ആയില്ലായിരിക്കാം. എന്തായാലും ഒരു പടം അസ്സിസ്റ്റ് ചെയ്യാൻ ആണല്ലോ.. സെൻസർ സ്ക്രിപ്റ്റ് എഴുതി എഴുതി കാലം പോയി.. ഇനിയും അവസരങ്ങൾ തുലച്ചു കൂടാ.
മോഹനേട്ടനെ ചെന്ന് കണ്ട് ജോമോൻ ചേട്ടൻ കാര്യം പറഞ്ഞു
.” അടുത്ത പടത്തിന് ഗോപിയും പോരട്ടെ അല്ലേ.. ഇല്ലെങ്കിൽ അപ്പ്രന്റിസ് നെ മാത്രം വച്ച് നമ്മള് പാട് പെടേണ്ടി വരും.. ”
മോഹനേട്ടൻ സമ്മതിച്ചു.. ഉടനെ ഷാജി ഒലവാക്കോട് നെ വിളിച്ച് ഗോപി ക്ക് കൂടി ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞു. 5-ആം തിയ്യതി പോണം. ഒറ്റപ്പാലത്ത് ആണ് ഷൂട്ടിംഗ്. ഞാൻ ഒന്ന് അമ്പരന്നു. ഹിറ്റ് ലിസ്റ്റ് റിലീസ് ആയ ശേഷം പുതിയ പടത്തിന് പോകാൻ ആണെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഹിറ്റ്ലിസ്റ്റ് ന്റെ ബാക്കി വർക്ക് പുതിയ പടം ഷൂട്ടിംഗ് കഴിഞ്ഞ് വന്ന ശേഷം മാത്രമേ വീണ്ടും തുടങ്ങുകയുള്ളു. ഇത് ഹിറ്റ്ലിസ്റ്റ് പാക്ക് അപ്പ് ആകുന്നതിനു മുമ്പേ തീരുമാനിച്ച പടം ആണ്.10-ആം തീയ്യതി ഷൂട്ടിംഗ് തുടങ്ങണം. മനോജ്. K. ജയൻ ആണ് നായകൻ. ആനി നായിക. പടത്തിന്റെ പേര് ‘കണ്ണിലുണ്ണി ”
ശശിധരൻ ആറാട്ട് വഴി യാണ് സ്ക്രിപ്റ്റ്. അത് സന്തോഷം നൽകുന്ന വാർത്തയായിരുന്നു. യോദ്ധ ക്ക് ശേഷം ശശിധരനെ കണ്ടീട്ടില്ല. അപാര ഹ്യൂമർ സെൻസ് ഉള്ള എഴുത്തുകാരൻ ആയിരുന്നു അദ്ദേഹം.. യോദ്ധ ഇന്നും ഓർമ്മിക്കപ്പെടുന്നത് ശശിധരന്റെ നർമരസം തുളുമ്പുന്ന സംഭാഷണങ്ങൾ കൊണ്ട് കൂടിയാണ്.. കൺട്രോളർ ഷാജി ഒലവക്കോട്, ജോമോൻ ചേട്ടൻ, എല്ലാവരും യോദ്ധയിൽ ഒപ്പം ഉണ്ടായിരുന്നവർ തന്നെ..അന്ന് A. V. M. ൽ നിന്ന് പോരുന്നതിനു മുമ്പ് തന്നെ അഡ്വാൻസ് ലഭിച്ചു. ടിക്കറ്റ് ഷാജി വീട്ടിൽ എത്തിക്കും തയ്യാർ ആയി ഇരുന്നോളൂ എന്ന് ജോമോൻ ചേട്ടൻ പറഞ്ഞതോടെ ഞാൻ മോഹനേട്ടനോട് യാത്ര പറഞ്ഞു മടങ്ങി.അന്ന് വൈകീട്ട് അഴക് വന്നപ്പോൾ ഞാൻ വിവരം പറഞ്ഞു. അവനും വല്ലാത്ത അത്ഭുതം. തലേ ദിവസം രാത്രി പാർട്ടിയുടെ ഹാങ്ങ് ഓവറിൽ ഞാൻ എങ്ങും എത്താത്തതിന്റെ ദുഃഖം പങ്ക് വെച്ചപ്പോൾ അവൻ ആശ്വസിപ്പിച്ചു..
“കവലപ്പെടാതെടാ.. ഉങ്ക “നാടോടി കാറ്റിൽ “ലാൽ സൊല്ലുവെൻ ല്ലേ.”എല്ലാത്തുക്കും അതിന്റെ ആയ ടൈം വരണം ഇല്ലിയാ ”
(87 ൽ ഞങ്ങൾ പരിചയപ്പെട്ടത് മുതൽ ഞാൻ വർക്ക് ചെയ്തതും അല്ലാത്തതും ആയ ചെന്നൈയിൽ പ്രീവ്യൂ ഉണ്ടായ എല്ലാ മലയാളസിനിമക്കുംഎന്നോടൊപ്പം അവനും വരാറുണ്ട്. ).
“ഇത് താൻടാ നേരം ന്ന് സൊള്റത്.. നേത് നമ്പ പേശുമ്പോത് ഇന്നേക്ക് ഇപ്പടി ഒരു പടം വരുംന്ന് നമുക്ക് തെരിയുമാ? ഒരു ഫ്രൈഡേ പോതും സിനിമയിൽ തലയ് വര മാർറത്‌ക്ക്. Any way all the best..”
ജനുവരി 5 ന് തന്നെ ഞാൻ ഒറ്റപ്പാലത്തേക്ക് തിരിച്ചു. 2 ദിവസം മുമ്പ് തന്നെ എനിക്ക് പോകാൻ ഉള്ള ടിക്കറ്റ് ഡോൾഫിൻ ട്രാവെൽസ് രാജ വശം ഷാജി എത്തിച്ചിരുന്നു . പതിവുപോലെ എന്നെ യാത്രയാക്കാൻ അഴകും സ്റ്റേഷനിലേക്ക് ഒപ്പം പോന്നു.(ആരൊക്കെ യാണ് ആ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്നതെന്ന് എനിക്ക് ഒട്ടും ഓർമ കിട്ടുന്നില്ല. സാധാരണ ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള ആരെങ്കിലും ഒക്കെ കൂടെ ഉണ്ടാവാറുണ്ട് )ഒറ്റപ്പാലം . സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ ഞങ്ങൾ താമസിച്ചിരുന്ന “അയോധ്യ ”
ടൂറിസ്റ്റ് ഹോമിലേക്ക്.
ശശി മോഹൻ നും ജോമോൻ ചേട്ടനും ഒക്കെ നേരത്തെ എത്തിയിരുന്നു. റീസെപ്ഷനിൽ ഉണ്ടായിരുന്ന ഷാജി എന്റെ റൂം കാണിച്ചു തന്നു.എനിക്കും ജോമോൻ ചേട്ടനും പുറമേ ബാബു ചേറ്റുവ, അമർ നാഥ്, അനി എന്നിവർ കൂടി അസിസ്റ്റന്റ്സ് ആയി ഉണ്ടായിരുന്നു. കണ്ണൂർ ക്കാരനും മോഹനേട്ടന്റെ ബന്ധുവും ആയ അമർ ആയിരുന്നു എന്റെ സഹമുറിയൻ . (അമർ ഇപ്പോൾ സിനിമ ഒക്കെ വിട്ട് സ്വന്തമായി ബിസിനസ് തുടങ്ങി ബാംഗ്ലൂരിൽ സെറ്റിൽഡ് ആയിരിക്കുന്നു. ഞാൻ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ബാംഗ്ലൂരിൽ ചെന്നപ്പോൾ അയാളെ കണ്ടിരുന്നു. )ബാബു ചേറ്റുവ മോഹനേട്ടന്റെ തന്നെ ഹിറ്റ് ലിസ്റ്റിൽ ആണ് ആദ്യമായി സഹസംവിധായകൻ ആയി വർക്ക് ചെയ്യുന്നത്.(ബാബു വിനെ ഞാൻ ശങ്കുണ്ണി ഏട്ടന്റെ എഡിറ്റിംഗ് റൂമിൽ വച്ച് തന്നെ പരിചയപ്പെട്ടിരുന്നു. അന്ന് ജോമോൻ ചേട്ടനൊപ്പം എഡിറ്റിംഗ് ൽ ബാബുവും ഉണ്ടായിരുന്നു.)
ഹിറ്റ് ലിസ്റ്റ് ന്റെ പ്രൊഡ്യൂസർ ചേറ്റുവ ക്കാരൻ ആയ അൻവർ മായുള്ള പരിചയം ആണ് ബാബുവിനെ മോഹനേട്ടന്റെ അസിസ്റ്റന്റ് ആക്കുന്നത്. “കണ്ണിലുണ്ണി “യുടെ സെറ്റിൽ തുടങ്ങിയ പരിചയം ഇന്നും തുടരുന്നു. ( ഹിറ്റ്ലിസ്റ്റ് ന് ശേഷം ഞാൻ വർക്ക് ചെയ്ത “കാഞ്ചന” ത്തിലും ബാബു എന്നോടൊപ്പം ഉണ്ടായിരുന്നു. സ്ഥിരോത്സാഹിയും സഹൃദയനുമായ ബാബു ഇപ്പോൾ ഷോർട് ഫിലിം രംഗത്ത് പ്രശസ്തനാണ്. ഒരു 6 d ക്യാമറ സ്വന്തമായി വാങ്ങിയ ബാബു ക്യാമറ മാൻ എന്ന നിലയിലും നടൻ എന്ന നിലയിലും ആണ് കൂടുതൽ ശ്രദ്ദേയൻ.).
അനിയായിരുന്നു മറ്റൊരു സഹായി ആയി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നത്. ആദ്യമായി ഞാൻ പരിചയപ്പെടുന്ന വനിതാ സഹസംവിധായികയായിരുന്നു അനി..( ഈ ചിത്രത്തിന്റെ വർക്ക് കഴിഞ്ഞ ശേഷം അനിയെ ഞാൻ കണ്ടീട്ടില്ല..)ജോമോൻ ചേട്ടന്റെ നിർദേശപ്രകാരം ശശിധരൻ ആറാട്ടുവഴിയുടെ റൂമിൽ ചെന്ന് ഞാൻ സ്ക്രിപ്റ്റ് നെ പറ്റി അന്വേഷിച്ചു.15 -ഓളം സീൻസ് മാത്രമേ അപ്പോൾ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ. ഒപ്പം സീൻസ് ചാർട്ട് ചെയ്യാൻ വേണ്ടി ഒരു oneline ഓർഡറും പുള്ളി എന്നെ ഏൽപ്പിച്ചു..
Oneline വായിച്ചപ്പോൾ കഥ യെ പറ്റി ഒരു ഏകദേശരൂപം കിട്ടി. മനോജ്. K. ജയൻ, പ്രേം കുമാർ, നന്ദു എന്നീ യുവാക്കൾ പല വിധത്തിൽ ഉള്ള ബിസിനസ് കൾ നടത്തി നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. അവസാനം വാടക പോലും ശരിക്ക് നൽകാൻ കഴിയാതായതോടെ ഹൌസ് ഓണർ ആ വീട് ഒരു റിട്ടയേർഡ് പോലീസ്കാരന് വിൽക്കുന്നു. ജനാർദ്ദനൻ അവതരിപ്പിച്ച പോലീസ് കാരൻ തന്റെ മൂന്നു പെണ്മക്കൾക്കൊപ്പം ആ വീട്ടിൽ എത്തുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുന്നു. ആദ്യം അവരോട് വീട് ഒഴിയാൻ നിർബന്ധിച്ച ജനാർദ്ദനൻ ഒരു ദിവസം തന്റെ പെണ്മക്കളെ ഗൂണ്ടകളിൽ നിന്ന് രക്ഷിച്ച മൂവർ സംഘവുമായി അടുത്തു എന്ന് മാത്രം അല്ല അവർക്കൊപ്പം പുതിയ ഒരു ബിസിനസ് തുടങ്ങാനും സന്നദ്ധനായി. കാണാതാവുന്ന ആളുകളെ കണ്ടെത്തി ബന്ധുക്കളെ ഏല്പിച്ച് അവരിൽ നിന്നും പ്രതിഫലം വാങ്ങിക്കുക എന്നതായിരുന്നു അവരുടെ ബിസിനസ്. അങ്ങനെഇരിക്കേ ചാന്ദ്നി എന്ന പെൺകുട്ടിയെ കാണാതായി എന്ന ന്യൂസ് പത്രങ്ങളിൽ കണ്ട അവർ വാർത്ത കൊടുത്ത അഡ്രസ് ൽ ചെന്നന്വേഷിച്ചപ്പോൾ ഒരു കോവിലകത്തെ കുട്ടിയാണ് ചാന്ദ്നി എന്നും അവളെ കണ്ട് പിടിച്ചു കൊടുത്താൽ ലക്ഷക്കണക്കിന് രൂപ നേടാം എന്നും അവർ മനസ്സിലാക്കി. ആനി അവതരിപ്പിച്ച ചാന്ദ്നി യുടെ സ്വത്തുക്കൾ കൈക്കലാക്കാൻ അവരുടെ ചെറിയച്ഛൻ ആയ കൊല്ലം തുളസിയും മകൻ സാദിക്കും കൂടി ഒരുക്കിയ ഒരു കെണിയാണ് ഇതെന്ന് മനസ്സിലാക്കിയ നായകൻ മനോജ് അവളുടെ രക്ഷകൻ ആകുന്നു. ആദ്യം സ്വത്തിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ പിണങ്ങി പിരിഞ്ഞെങ്കിലും ചാന്ദ്നിയുടെ അവസ്ഥ മനസ്സിലാക്കിയ പ്രേം കുമാറും നന്ദു വും ജനാർദ്ദനനും അവസാനം മനോജ് നൊപ്പം വില്ലന്മാർക്കെതിരെ ഒന്നിച്ചപ്പോൾ, ദുഷ്ട ശക്തികൾ പരാജയപ്പെടുന്നു.
ഹ്യൂമർ ന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരാവിഷ്ക്കാരം ആയിരുന്നു മോഹനേട്ടന്റ മനസ്സിൽ. (പങ്കുണ്ണി നായർ എന്ന ഹെഡ് കോൺസ്റ്റബിൾ നെ അവതരിപ്പിക്കേണ്ട ജഗതി ചേട്ടന് തിരക്ക് മൂലം ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് ജനാർദ്ദനൻ ആ വേഷം ചെയ്തു. ജനാർദ്ദനന് വച്ചിരുന്ന റോൾ ആണ് കൊല്ലം തുളസി ചെയ്തത് ).
ഇവർക്ക് പുറമേ ഭീമൻ രഘു, സത്താർ, ജോസ് പെല്ലിശ്ശേരി, നാരായണൻ കുട്ടി, തൃശ്ശൂർ എൽസി, ഇടവേള ബാബു, കന്യ, ലാവണ്യ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു.
സൂര്യ ഫിലിംസ് ന്റെ ബാനറിൽ സൂര്യ നാരായണൻ, തമിഴ് അരശൻ എന്നിവർ ആണ് ഈ ചിത്രം നിർമിച്ചത്. അപ്പൻ തച്ചേതിന്റെ വരികൾക്ക് സംഗീതം നൽകിയത് ജെറി അമൽദേവ്. ബാക്ക് ഗ്രൗണ്ട് സ്കോർ -രാജാമണി. ചിത്ര, ബിജു നാരായണൻ, ക്രെസ്റ്റർ, ഗംഗ എന്നിവർ ആയിരുന്നു ഗായകർ. മേക്കപ്പ് -ജയ മോഹൻ, കോസ്ടുംസ് -ചിന്ന പഴനി, ആക്ഷൻ -മലേഷ്യ ഭാസ്കർ, ക്യാമറ -ഉത്പൽ വി. നായനാർ, എഡിറ്റിംഗ് -ശങ്കുണ്ണി, കഥ, സംവിധാനം -ശശി മോഹൻ.
ഉത്പൽ നെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് ഈ ചിത്രത്തിൽ വെച്ചാണ്. കാസർഗോഡ് കാരൻ ആയ ഉത്പൽ വളരെ രസികൻ ആയിരുന്നു എന്ന് മാത്രമല്ല വർക്കിലും വളരെ ഫാസ്റ്റ് ആയിരുന്നു.90’s ഇറങ്ങിയ തുളസി ദാസ്, K. K. ഹരി ദാസ്, വിനയൻ, ശശി മോഹൻ, രാജൻ സിതാര തുടങ്ങിയവരുടെ ഒക്കെ ചിത്രങ്ങളിൽ ക്യാമറ കൈകാര്യം ചെയ്തത് ഉത്പൽ ആണ്. മലയാളത്തിന് പുറമേ തമിഴിൽ ഒരുപാട് വിജയ് കാന്ത്, ശരത് കുമാർ ചിത്രങ്ങളുടെയും ക്യാമറമാൻ ഉത്പൽ തന്നെ.2017 ൽ റിലീസ് ആയ “നിലാവറിയാതെ” എന്ന ചിത്രത്തിന്റെ സംവിധായകനും ഉത്പൽ ആയിരുന്നു
(1996 ൽ ഒറ്റപ്പാലത്ത് നിന്നും ആരംഭിച്ച ഞങ്ങളുടെ സൗഹൃദത്തിന് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല.).
അടുത്ത രണ്ടു ദിവസം ലൊക്കേഷനുകൾ എല്ലാം സന്നർശിച്ച് ജോമോൻ ചേട്ടനും ഞാനും കൂടെ ചാർട്ടിങ് എല്ലാം പ്ലാൻ ചെയ്തു. ആർട്ട് ഡയറക്ടർക്ക് പ്രധാന ലൊക്കേഷനായ പങ്കുണ്ണി നായരുടെ വീട്ടിൽ വരുത്തേണ്ട സെറ്റ് അറേഞ്ച്മെന്റ് എല്ലാം വിശദീകരിച്ചു കൊടുത്തു.
കിട്ടിയ സീൻ കൾ എല്ലാം ബാബു വൃത്തിയായി കോപ്പി എടുത്തു തന്നു.
10-ആം തിയ്യതി ആണ് ഷൂട്ടിംഗ് തുടങ്ങുന്നത്.
Artists എല്ലാം 9 ആം തിയ്യതി എത്തും.
പ്ലാനിങ് എല്ലാം ഏതാണ്ട് പൂർത്തിയായി എന്ന് മനസ്സിലായപ്പോൾ 8 ആം തിയ്യതി വൈകുന്നേരം ഞാൻ ജോമോൻ ചേട്ടനോട് ചോദിച്ചു.
“ചേട്ടാ, വൈകീട്ട് ഒരു പടത്തിന് പൊക്കോട്ടെ. ഇവിടെ അടുത്താണ് ലക്ഷ്മി തിയേറ്റർ..”
ജോമോൻ ചേട്ടൻ അനുവാദം തന്നതും ഞാൻ തിയേറ്റർ ലക്ഷ്യമാക്കി കുതിച്ചു . അന്നും ഇന്നും, ഇത്രയും കാലം സിനിമയിൽ വർക്ക് ചെയ്തതിന് ശേഷവും സിനിമ എനിക്ക് ഒരു ലഹരി യാണ്. ആഴ്ചയിൽ ഒരു പടം എങ്കിലും കണ്ടില്ലെങ്കിൽ വല്ലാത്ത ഒരസ്വസ്ഥത ആണ്… പലപ്പോഴും ആലോചിക്കാറുണ്ട്.. എന്റെ ജീവിതത്തിൽ ഒരു 10വർഷം എങ്കിലും ഞാൻ ചിലവിട്ടിരിക്കുന്നത് സിനിമാ തിയേറ്ററിനുള്ളിൽ ആയിരിക്കുമല്ലോ എന്ന്..!!.
ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിൽ അപ്പോൾ കളിച്ചിരുന്നത് സജി സംവിധാനം ചെയ്ത ബാബു ആന്റണി ചിത്രം “രാജകീയം “. പൊതുവേ അടി പടങ്ങൾ ആയ ബാബു ആന്റണി ചിത്രങ്ങൾ എനിക്ക് അത്ര ഇഷ്ടം അല്ല…. കഥക്ക് ആവശ്യം എങ്കിൽ ആക്ഷൻ ആവാം.. കിരീടം പോലെ… അതല്ലാതെ അടിക്ക് വേണ്ടിയുള്ള അടി അത്ര പഥ്യം ഇല്ല.. എന്തായാലും വേറെ തിയേറ്റർ എവിടെയാണെന്ന് അന്വേഷിച്ചു പോകാൻ സമയം ഇല്ലാത്തതിനാൽ “രാജകീയം “കാണാൻ തന്നെ ഞാൻ തീരുമാനിച്ചു.. പ്രതീക്ഷിച്ച പോലെ തന്നെ ആ ചിത്രം എനിക്ക് ഒട്ടും രസിച്ചില്ല…
അടുത്ത ദിവസം അര്ടിസ്റ്റ് കൾ ഓരോരുത്തരായി വരാൻ തുടങ്ങി.ഇടക്ക് എപ്പോഴോ ജോമോൻ ചേട്ടൻ എന്നെ റൂമിലേക്ക് വിളിപ്പിച്ചു..
‘ഗോപി, ആ ക്ലാപ്പ് ബോര്ഡിലെ പേര് ഒന്ന് മാറ്റി എഴുതാൻ പറയണം ആർട്ട് ഡയറക്ടറോട്.. നമ്മുടെ പടത്തിന്റെ പേര് മാറി..”
“ങേ.. അപ്പോൾ “കണ്ണിലുണ്ണി ” അല്ലേ..?
“അല്ല.. മൂക്കില്ലാ രാജ്യത്ത് മുറി മൂക്കൻ രാജാവ്…”
ജോമോൻ ചേട്ടൻ ചിരിച്ചു..
“അയ്യേ… മൂക്കില്ലാ രാജ്യത്ത് എന്നൊരു പടം മുമ്പ് വന്നീട്ടുണ്ടല്ലോ “”
എനിക്കെന്തോ ആ പേര് അത്ര സുഖിച്ചില്ല.
“ഉവ്വ്.. അത് മൂക്കില്ല രാജ്യത്ത് അല്ലെ??
ഇതിൽ മുറിമൂക്കൻ കൂടെ ഉണ്ടല്ലോ.. ശശി മോഹന്റെ താല്പര്യം ആണ്.. താൻ പറഞ്ഞത് ചെയ്യ്..
ഞാൻ പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല.. ചേട്ടൻ മുമ്പേ എന്നോട് പറഞ്ഞീട്ടുണ്ട്.. സ്വന്തം ഇഷ്ടം ഒക്കെ അവനവന്റെ സ്വന്തം പടം ചെയ്യുമ്പോൾ..
അസ്സിസ്റ്റ് ചെയ്യാൻ വന്നാൽ നമ്മളെ ഏല്പിച്ച ജോലി വൃത്തിയായി ചെയ്യുക.. No comments..
..ജനുവരി 10 ന് തന്നെ ഷൂട്ടിങ് ആരംഭിച്ചു..
മനോജ്, പ്രേം കുമാർ, നന്ദു എന്നിവരുടെ introduction സീൻ തന്നെ ആയിരുന്നു ആദ്യം ചാർട്ട് ചെയ്തിരുന്നത്… മനോജ് മൊത്തു മുമ്പ് വെങ്കലംത്തിലും സോപാനം ത്തിലും, നന്ദു വിനോടൊപ്പം യോദ്ധ, ഗാന്ധർവ്വം തുടങ്ങിയ ചിത്രങ്ങളിലും ഞാൻ വർക്ക് ചെയ്‌തീ ട്ടുണ്ട്. പ്രേം കുമാർ നെ ആദ്യ മായി പരിചയപ്പെടുകയാണ്.. ആദ്യ ദിവസം വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഷൂട്ടിംഗ് തീർന്നു
. പക്ഷേ തുടർന്നുള്ള ദിവസങ്ങളിൽ പ്രശ്നങ്ങളുടെ ചാകരയായിരുന്നു…
(തുടരും)