സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 79
(ഗോപിനാഥ്‌ മുരിയാട്)

സൂര്യ ഫിലിംസ് ന്റെ ബാനറിൽ സൂര്യ നാരായണനും തമിഴ് അരശനും കൂടി നിർമിച്ച ചിത്രം ആയിരുന്നു “മൂക്കില്ലാ രാജ്യത്ത് മുറി മൂക്കൻ രാജാവ് “. പൊള്ളാച്ചിക്ക് അടുത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്നവർ ആണ് നിർമാതാക്കൾ.അവിടെ നിന്ന് ദിവസവും കളക്ഷനുമായി ആരെങ്കിലും വരണം സെറ്റിൽ കാര്യങ്ങൾ ശരിക്ക് നടക്കാൻ. യൂണിറ്റ് ബാറ്റ പോലും മിക്കവാറും ദിവസങ്ങളിൽ കടം ആണ്.. മോഹനേട്ടൻ ദിവസവും യൂണിറ്റിൽ ഉള്ളവരെ സമാധാനിപ്പിക്കുന്നത് കേൾക്കാം..

“കവലപ്പെടാതെ തമ്പി. പ്രൊഡ്യൂസർ പൊള്ളാച്ചിയിൽ നിന്ന് വന്ദിട്ടേ ഇരുക്ക്..
സായംകാലത്തുക്കുല്ലേ വന്തിടുവാങ്കേ..”
പിന്നെ പിന്നെ അത് സെറ്റിൽ ഒരു കോമഡി ആയി.. എല്ലാവരും തമാശയായി ചോദിക്കാൻ തുടങ്ങി..
“തമിഴ് അരശൻ കേരള ബോർഡർ താണ്ടിയാച്ചാ. “”
ദാ.. വന്ദിറ്റേ ഇരുക്ക്.. ”
എന്നാരെങ്കിലും മറുപടി പറയും..

3-ആം ദിവസം ആണ് നായിക ആനി സെറ്റിൽ എത്തുന്നത്.. വന്ന ഉടനെ ജോമോൻ ചേട്ടൻ എന്നെ വിളിച്ച് ആനിക്കു ഡയലോഗ് പഠിപ്പിച്ചു കൊടുക്കാൻ പറഞ്ഞു.. ഞാൻ നോക്കിയപ്പോൾ വളരെ ഇമോഷണൽ ആയ ധാരാളം ഡയലോഗ്സ് ഉള്ള സീൻ ആയിരുന്നു ആദ്യം തന്നെ പ്ലാൻ ചെയ്തിരിക്കുന്നത്. . ആനി തന്റെ കഥ, നായകൻ ആയ മനോജ്‌. K. ജയനോട് പറയുന്ന രംഗം.. ഞാൻ എന്റെ സംശയം ചേട്ടനോട് ചോദിച്ചു.
“ആദ്യ സീൻ തന്നെ ഹെവി യാണല്ലോ.. ഇത് പിന്നെ എടുത്താൽ പോരെ.. നമ്മളുമായി അര്ടിസ്റ്റ് ഒന്നുകൂടി സിങ്ക് ആയിട്ട് ഇത് ചെയ്താൽ കുറച്ചു കൂടി നന്നാവില്ലേ??”

ജോമോൻ ചേട്ടൻ എന്നെ ഒന്ന് നോക്കി..
“എടോ തന്നോട് ഞാൻ പറഞ്ഞീട്ടുണ്ട് ഒരു കാര്യം ചെയ്യാൻ പറഞ്ഞാൽ അവിടെ കേറി തന്റെ അഭിപ്രായം വിളമ്പാൻ നിൽക്കേണ്ടാന്ന്.
അതിൽ എന്തെങ്കിലും കാര്യം ഉണ്ടാവും..”
(കാര്യം പിന്നീട് മനസ്സിലായി.. ഏത് നിമിഷവും സാമ്പത്തിക പ്രശ്നം മൂലം ഷൂട്ടിംഗ് നിന്നു പോകാൻ സാധ്യതഉണ്ട്. അത് കൊണ്ട് പറ്റാവുന്നത്ര നല്ല സീനുകൾ ഷൂട്ട്‌ ചെയ്യുക. മറ്റൊരു ഫൈനാൻസറെയോ പ്രൊഡ്യൂസറെയോ
ചിത്രീകരിച്ച രംഗങ്ങൾ കാണിച്ച് പടം പൂർത്തിയാക്കാൻ ഉള്ള ഒരു നമ്പർ.. അനുഭവßമ്പന്നനായ മോഹനേട്ടൻ അക്കാര്യങ്ങളിൽ ഒക്കെ സമർത്ഥനാണ് ).
ഞാൻ സീനുമായി ആനി മേക്കപ്പ് ചെയ്യുന്ന റൂമിലേക്ക് ചെന്നു. സ്വയം പരിചയപ്പെടുത്തിയ ശേഷം സീൻ നെ പറ്റി അൽപ്പം ഒന്ന് വിശദീകരിച്ചു.
ആനിക്ക് സീൻ കേട്ടപ്പോൾ തന്നെ ഒരു പരിഭ്രമം പോലെ..
“ഇതാണോ ചേട്ടാ ഇപ്പോ ആദ്യം എടുക്കുന്നെ?”
“അതേ, നമുക്ക് ഡയലോഗ് സ് ഒന്ന് നോക്കാം.”
ഞാൻ പറഞ്ഞു..ഉടനെ ആനി എന്റെ കാലിൽ തൊട്ട് വണങ്ങി.. ഞാൻ തടയാൻ ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.

ഡയലോഗ്സ് പഠിപ്പിച്ചു കൊടുക്കുമ്പോൾ ഒക്കെ നല്ല പരിഭ്രമത്തിൽ തന്നെ ആയിരുന്നു ആനി..
“ശ്ശോ.. എന്ത് വല്യ ഡയലോഗ്സ് ആ. ഇട്ട് തരണേ ചേട്ടാ..”
“പേടിക്കണ്ട.. എല്ലാം കട്ട്‌ ചെയ്ത് കട്ട്‌ ചെയ്തേ എടുക്കൂ ” ഞാൻ സമാധാനിപ്പിച്ചു.
ഡയലോഗ്സ് പഠിച്ച് എടുക്കാൻ അൽപ്പം പ്രശ്നം
ഉണ്ടെങ്കിലും നല്ല അര്ടിസ്റ്റ് ആയിരുന്നു ആനി.
സെറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ അനി ആയിരുന്നു ആനിയുടെ കമ്പനി.. അന്ന് ഷാജി കൈലാസ് ആനി പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. മേക്കപ്പ് മാൻ ജയമോഹൻ ഒരു ദിവസം പറഞ്ഞു.
“നമ്മുടെ അനി ആണ് അവരുടെ മീഡിയേറ്റർ..
ഷാജി യുടെ ഫോൺ അയോധ്യ ടൂറിസ്റ്റ് ഹോമിലേക്ക് വരുമ്പോൾ അറ്റൻഡ് ചെയ്യുന്നതൊക്കെ ത്രൂ അനി ആണ്.
(മൈബൈൽ ഇല്ലാത്ത കാലം ആണേ.)
സത്യത്തിൽ ഞാൻ അപ്പോൾ ആണ് ആ വിവരം അറിയുന്നത്. അര്ടിസ്റ്റ് സ് അല്ലെ..ഒരുപാട് ഗോസിപ്പ് സ് കേൾക്കാറുണ്ട്..അതൊക്കെ സഹജം..ഞാൻ അത് കാര്യം ആക്കിയില്ല.
മനോജ്‌ നും പ്രേം കുമാറിനും ഒപ്പം നന്ദു വിനും നല്ലൊരു റോൾ ആയിരുന്നു ഈ ചിത്രത്തിൽ.
(ഞാൻ മുമ്പ് വർക്ക്‌ ചെയ്‌ത “യോദ്ധ “, ഗാന്ധർവ്വം എന്നീ ചിത്രങ്ങളിൽ നന്ദു ചെറിയ റോളുകൾ ചെയ്‌തീട്ടുണ്ട് ).
ഒരു ദിവസം സന്ധ്യക്ക്‌ സീൻ എടുക്കവേ നന്ദു വല്ലാത്ത മൂഡ് ഓഫിൽ ആണെന്ന് കണ്ട് ഞാൻ കാര്യം തിരക്കി.മനോജ്‌, പ്രേം, നന്ദു മൂവരും ഉള്ള കോമ്പിനേഷൻ സീൻ ആണ് പ്ലാൻ ചെയ്തു കൊണ്ടിരുന്നത്.
“അവിടെ ലൈറ്റ് ഒന്നും ഇല്ല ഗോപി.. മുഖം ഫ്രെയിംൽ ഇല്ലാതെ എന്തോന്ന് ചെയ്യാൻ..”
സെറ്റിൽ ദാരിദ്ര്യം ബാധിച്ചു തുടങ്ങിയതിന്റെ ലക്ഷണം ആയിരുന്നു അത്.. യൂണിറ്റ് കാർ കുറേശ്ശേ നിസ്സഹകരണം തുടങ്ങി എന്ന് വ്യക്തം.

ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ശശിധരൻ ആറാട്ട് വഴി മുങ്ങി. പ്രശ്നം സാമ്പത്തികം തന്നെ. ഇന്റർവെൽ വരെ ഉള്ള സീൻസ് മാത്രമേ കയ്യിൽ കിട്ടിയിട്ടുള്ളൂ.. അസിസ്റ്റന്റ് ഡയറക്ടർ ബാബുവിനെ മോഹനേട്ടൻ തിരുവനന്തപുരത്തേക്ക് അയച്ചു. കുറച്ചു പൈസ എന്തോ കൊടുത്തയച്ചു എന്ന് തോന്നുന്നു.
അവിടെ ചെന്നപ്പോൾ ബാബുവിനോട് ശശിധരൻ പരാതി പറഞ്ഞു അത്രേ.
“നമ്മൾ ഒക്കെ ഈ പണി ചെയ്തല്ലേ ജീവിക്കുന്നെ മോനെ.. ദേ.. ഇന്ന് വരും.. നാളെ തരാം.. വന്ദിട്ടേ ഇരുക്ക്.. എന്ന് പറഞ്ഞു കുറേ ആയി പറ്റിക്കുന്നു.”
(ക്ലൈമാക്സ്‌ ഒഴിച്ച് ബാക്കി സീൻസ് ഒക്കെ ശശിധരൻ കൊടുത്തു വിട്ടു എന്നാണ് ഓർമ ).
ഇടക്ക് എപ്പോഴോ ഹിറ്റ്‌ ലിസ്റ്റ് ന്റെ പ്രൊഡ്യൂസർ ഡബ്ബിങ് ബാക്കി തീർക്കാൻ പൈസയുമായി എത്തിയപ്പോൾ മോഹനേട്ടൻ ജോമോൻ ചേട്ടനെ ചെന്നൈക്ക് അയച്ചു അതോടെ എനിക്ക് അസോസിയേറ്റ് ന്റെ ചുമതല കൂടി ആയി..

ഈ സമയത്താണ് ജോസ് പെല്ലിശ്ശേരി, തൃശൂർ എൽസി, മനോജ്‌, പ്രേം, നന്ദു ഒക്കെ കോമ്പിനേഷൻ ഉള്ള കോവിലകം സീൻസ് ഒക്കെ എടുക്കുന്നത്.. ഒരു ദിവസത്തെ വർക്ക്‌ മാത്രമേ അവർക്ക് ഈ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ.ഒരു outdoor രംഗത്ത് സൈക്കിൾ യഗ്നം നടത്തുന്ന ജോസ് പെല്ലിശ്ശേരി യുടെയും കൂട്ടരുടെയും സീനും അന്ന് തന്നെ എടുത്തു തീർത്തു.ഇതിനിടയിൽ മനോജ്‌ നും കൂട്ടുകാർക്കും ഒപ്പം ഒരു സീൻ ൽ അഭിനയിക്കാൻ വന്ന പയ്യൻ ശരിയാവാതെ വന്നപ്പോൾ ആ രംഗത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയ അമർനാഥ് നെ അഭിനയിപ്പിക്കാൻ മോഹനേട്ടൻ തീരുമാനിച്ചു.മുമ്പേ തന്നെ ബാബു ചേറ്റുവ ഒരു ഓട്ടോ റിക്ഷ ഡ്രൈവർ ആയി ആ സീനിൽ അഭിനയിക്കാൻ ഉണ്ട്. അമർനാഥ് കൂടി അഭിനയിക്കേണ്ട അവസ്ഥ വന്നപ്പോൾ അനിയും ഞാനും മാത്രം ആയി മോഹനേട്ടനെ അസ്സിസ്റ്റ്‌ ചെയ്യാൻ.ജനാർദ്ദനൻ ചേട്ടൻ വളരെ ബിസി ആയിരുന്ന സമയം ആയിരുന്നു അത്. പുള്ളിക്കാരൻ എപ്പോഴും തന്റെ സീനിയർറ്റി യെ പറ്റി സെറ്റിൽ വാചലൻ ആകും..

“25 years…25 വർഷം ആയി ഞാൻ ഈ രംഗത്ത്..
മനസ്സിലായോ??”
ഞാൻ തലയാട്ടും.. ഒട്ട് മുക്കാൽ അര്ടിസ്റ്റ് സ്നും അവരുടെതായ ഇത്തരം ചില ഈഗോകൾ കാണും .. അത് കണ്ടില്ലെന്ന് വെക്കുന്നതാണ് ബുദ്ധി.
എന്നീട്ടും ഒരു ദിവസം പുള്ളിയുമായി ഒന്ന് പിണങ്ങേണ്ടി വന്നു. ഡയലോഗ് prompt ചെയ്തു കൊടുത്തത് പുള്ളിക്ക് കിട്ടിയില്ല. ഉടനെ അദ്ദേഹം ചൂടായി.
“തനിക്ക് അൽപ്പം കൂടി ഉച്ചത്തിൽ പറഞ്ഞു കൂടെ..
ഇതെന്താ വല്ല മറുനാടൻ മലയാളി യുടെ കൂട്ട്..എനിക്ക് വ്യക്തമായില്ല ..”
അത് എനിക്ക് വിഷമം ആയി. ആദ്യം ആയിട്ടാണ് ഒരു അര്ടിസ്റ്റ് ഞാൻ prompt ചെയ്തത് ശരിയായില്ല എന്ന് പറയുന്നത്. ഞാൻ ഉടനെ എന്റെ അസിസ്റ്റന്റ് ആയിരുന്ന അമർനാഥ് ന്റെ കയ്യിൽ പാഡ് കൊടുത്ത് അവനോട് prompt ചെയ്തു കൊടുക്കാൻ പറഞ്ഞു . പിന്നെ ആ സെറ്റിൽ ഒരിക്കലും ഞാൻ ജനാർദ്ദനൻ ചേട്ടൻ ഉള്ളപ്പോൾ prompt ചെയ്യാൻ നിന്നില്ല.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഡബ്ബിങ് ന് ചെന്നൈയിൽ പോയ ജോമോൻ ചേട്ടൻ തിരിച്ചെത്തി. അതോടെ എന്റെ ഉത്തരവാദിത്വങ്ങൾ കുറഞ്ഞു.ഒരു ദിവസം രാത്രി ഷൂട്ടിംഗ് നിടയിൽ മറ്റൊരു സംഭവം ഉണ്ടായി . കുറച്ചു നേരത്തേക്ക് മതി എന്ന് പറഞ്ഞു കൊണ്ട് പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട് അറേഞ്ച് ചെയ്ത വീട് ആണ് ലൊക്കേഷൻ .ഭീമൻ രഘുവും സത്താറും ആണ് ആ സീൻലെ ആർട്ടിസ്റ്റ് സ്.
9 മണി ആയിട്ടും ഷൂട്ടിംഗ് തീർന്നിട്ടില്ല. ഭക്ഷണം കഴിക്കാൻ ആയി മോഹനേട്ടൻ ബ്രേക്ക്‌ പറഞ്ഞു.
പക്ഷേ ഭക്ഷണം കഴിക്കുന്നതിനിടെ പ്രൊഡക്ഷൻ ബോയ് എന്തോ ചോദിച്ചത് കൊടുത്തില്ല എന്ന് പറഞ്ഞു രഘു ചേട്ടൻ ഉടക്കി. സത്താർ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പുള്ളി നിർത്തിയില്ല. സംസാരം പൂരപ്പാട്ട് ലൈനിൽ എത്തിയപ്പോൾ ഹൌസ് ഓണർ അങ്ങോട്ട്‌ വന്നു

“ഒരു രണ്ടു മണിക്കൂർ മതി എന്ന് പറഞ്ഞ് നിങ്ങളുടെ ആൾക്കാർ വന്ന് അപേക്ഷിച്ചത് കൊണ്ട് മാത്രം ഷൂട്ടിംഗ് ന് സമ്മതിച്ചതാ.. ഈ ജാതി സംസാരം ഒന്നും ഇവിടെ പറ്റില്ല. ഞങ്ങൾ ഇവിടെ കുടുംബവും കുട്ടികളും ഒക്കെയായി കഴിയുന്നവരാണ്.”
ഞങ്ങൾ എല്ലാവരും വല്ലാതെ ആയി. മോഹനേട്ടൻ എങ്ങനെയോ അയാളുടെ കാല് പിടിച്ചു കുറച്ചു നേരം കൂടി അവിടെ ഷൂട്ട് ചെയ്യാൻ അനുവദിക്കണം എന്ന് അഭ്യർത്ഥിച്ചു.. അവസാനം ഒരു കണക്കിന് ആ സീൻ എങ്ങനെയൊക്കെയോ എടുത്തു തീർത്ത് 10-30 യോടെ ഞങ്ങൾ പാക്ക് അപ്പ് ചെയ്തു.
‌പലപ്പോഴും സാമ്പത്തിക ഞെരുക്കം ഷൂട്ടിംഗ് ന് തടസ്സം ആയി. ഇനിയും ധാരാളം സീൻസ് തീരാൻ ഉണ്ട്. സ്ക്രിപ്റ്റ് ന്റെ ക്ലൈമാക്സ് ഇനിയും കിട്ടിയിട്ടില്ല.
‌ഇതിനിടയിൽ ആണ് ഇടവേള ബാബു എത്തുന്നത്. ആനി യുടെ ഭർത്താവ് ന്റെ വേഷം ആയിരുന്നു ബാബു വിന്. ഫ്ലാഷ് ബാക്കിൽ വരുന്ന രണ്ടു സീൻ മാത്രം.

സിദ്ദിഖ് – ലാൽ ന്റെ ഹിറ്റ്ലർ ന്റെ സെറ്റിൽ നിന്നാണ് പുള്ളി വരുന്നത്. കാര്യം ഇരിങ്ങാലക്കുടക്കാരൻ ആണെങ്കിലും ഞാൻ ഈ സെറ്റിൽ വച്ചാണ് ബാബുവിനെ ആദ്യമായി പരിചയ പ്പെടുന്നത്. അന്ന് ഒരു ദിവസത്തെ വർക്ക് മാത്രമേ ബാബുവിന് ഉണ്ടായിരുന്നുള്ളൂ,
‌അടുത്ത ദിവസം തന്നെ അദ്ദേഹം തിരിച്ചു പോയി.
‌തമിഴ് നടി ആയ പശി സത്യയും ഇതിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അവർക്കും ഒരു ദിവസത്തെ വർക്ക് മാത്രം.മോഹനേട്ടനുമായുള്ള സൗഹൃദം കൊണ്ട് മാത്രം ആണ് അവർ ആ ചെറിയ വേഷം ചെയ്യാൻ എത്തിയത്.

‌ബാലു മഹേന്ദ്ര ചിത്രങ്ങളിലൂടെ യാണ് സത്യ പ്രശസ്ഥയാവുന്നത്.കന്യ, ലാവണ്യ എന്നീ രണ്ടു പെൺകുട്ടികൾ ജനാർദ്ദനൻ ചേട്ടന്റെ മക്കൾ ആയി ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. കന്യ പിന്നീട് തമിഴ്, മലയാളം സീരിയൽ കളിലൂടെ പ്രശസ്തയായി .ലാവണ്യ യെ പിന്നീട് സിനിമയിൽ കണ്ടീട്ടില്ല. ചെന്നൈയിൽ സാലിഗ്രാമത്തിൽ ഞാൻ താമസിക്കുന്നതിനു സമീപം തന്നെ ആയിരുന്നു ആ കുട്ടി താമസിച്ചിരുന്നത്..(ലാവണ്യ ആ കുട്ടിയുടെ സ്ക്രീൻ നെയിം ആണ്. ശരിക്കുള്ള പേര് മറ്റെന്തോ ആയിരുന്നു..ചെന്നൈ വിട്ട ശേഷം അവരെ പറ്റി ഒരു വിവരവും ഇല്ല. ഇപ്പോൾ എവിടെ യാണോ എന്തോ..??)

ഇവരെ കൂടാതെ ഒരു 12 വയസ്സ് കാരി പെൺകുട്ടി കൂടി അവരുടെ ഇളയ സഹോദരി ആയി ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. പന്തളം കാരി യാണെന്നാണ് ഓർമ.. (ശശി മോഹന്റെ തൊട്ട് മുമ്പിലത്തെ ചിത്രം ഹിറ്റ് ലിസ്റ്റ് ന്റെ ലൊക്കേഷൻ പന്തളം ആയിരുന്നു. അവിടുത്തെ കണക്ഷൻൽ വന്ന കുട്ടി ആയിരുന്നു അതും. ആ കുട്ടിയേയും പിന്നീട് സിനിമയിൽ കണ്ടതായി ഓർക്കുന്നില്ല ).
‌ജനുവരി അവസാനം ചിത്രം പാക്ക് അപ്പ് ചെയ്യാൻ തീരുമാനം ആയി.. ബാക്കി സീൻസ് ചെന്നൈയിൽ എടുക്കാം എന്നായി മോഹനേട്ടൻ.. ഇനിയും മുന്നോട്ട് പോവാൻ പറ്റാത്ത സാഹചര്യം ആയപ്പോൾ ആണ് ഷൂട്ടിംഗ് പാക്ക് അപ്പ് ചെയ്യാൻ അദ്ദേഹം തീരുമാനിക്കുന്നത്..പോവുമ്പോൾ ആർക്കും സെറ്റിൽ ചെയ്യാൻ വരെ പൈസ ഇല്ലായിരുന്നു. എന്തായാലും oneline വച്ച് ബാക്കി എടുക്കാൻ ഉള്ള സീൻസ് ന്റെ ഡീറ്റെയിൽസ് തയ്യാർ ആക്കാൻ ജോമോൻ ചേട്ടൻ എന്നെ ഏൽപ്പിച്ചു.
‌ചാർട്ട് ചെയ്തു നോക്കിയപ്പോൾ ഇനിയും മൂന്നു നാലു ദിവസം ഷൂട്ട് ചെയ്യാൻ ഉണ്ട്.
‌(ക്ലൈമാക്സ് കൂടാതെ )..

സീൻസ് നോക്കിയ ശേഷം ജോമോൻ ചേട്ടൻ പറഞ്ഞു.
‌”സാരമില്ല ഇതൊക്കെ ചെന്നൈയിൽ ചെയ്യാം
‌”ഇതൊക്കെ ചെന്നൈയിൽ മാച്ച് ചെയ്ത് എടുക്കാൻ പാടല്ലേ?? ”
‌”ആദ്യം പടം കംപ്ലീറ്റ് ചെയ്യാൻ പറ്റുമോ ന്ന് നോക്കട്ടെ.. ലോട്ടറി ക്കാർ ഇനി വരുമെന്ന് ഒന്നും തോന്നുന്നില്ല.. മോഹൻ ചെന്നൈയിൽ ചെന്ന് പുതിയ ഫൈനാൻസർ മാരെ ആരെയെങ്കിലും സെറ്റ് ആക്കിയാലേ പടം പൂർത്തിയാക്കാൻ പറ്റൂ.. പിന്നെയല്ലേ മാച്ച് ചെയ്യുന്ന കാര്യം..
അടുത്ത ദിവസം ഓരോരുത്തരായി ഒറ്റപ്പാലംത്ത് നിന്നും യാത്ര തിരിച്ചു. സെറ്റിൽ മൊത്തത്തിൽ എല്ലാവരും ശോകം ആയിരുന്നു. പടം മുഴുവൻ ആക്കാൻ കഴിയാതെ പാക്ക് അപ്പ് ചെയ്യേണ്ട അവസ്ഥ മാത്രം അല്ല കാരണം. മിക്കവാറും പേർക്കും ട്രെയിൻ ചാർജ് മാത്രമേ നൽകാൻ ഉണ്ടായിരുന്നുള്ളൂ. പോകാൻ പൈസ തരാൻ ഇല്ലാത്ത ത് കൊണ്ട് തന്നെ ഞാനും ചെന്നൈ ക്കുള്ള മറ്റ് ചിലരും രണ്ടു ദിവസം കഴിഞ്ഞാണ് പോകുന്നത്. ജോമോൻ ചേട്ടൻ, ക്യാമറ മാൻ, ഡയറക്ടർ ഇവർ ഒക്കെ കാറിൽ ചെന്നൈക്ക് മടങ്ങി. എന്റെ മറ്റ് അസിസ്റ്റന്റ്സ് ബാബു ചേറ്റുവക്ക് അമർ കണ്ണൂർക്കും അനി ആനിക്കൊപ്പവും മടങ്ങി. എനിക്കുള്ള ടിക്കറ്റ് അടുത്ത ദിവസം ഷാജി കൊണ്ട് വന്ന് തരും എന്നാണ് പോകും മുമ്പ് മോഹനേട്ടൻ പറഞ്ഞത്.
അന്ന് രാത്രി എന്റെ റൂമിൽ ഞാൻ ഒറ്റക്കാണ്.. ആകെ ഒരസ്വസ്ഥത.. കിടന്നാൽ ഉറക്കം വരില്ല. താഴെ ചെന്ന് റിസപ്ഷനിലെ പത്രം എടുത്തു നോക്കി.

ഒറ്റപ്പാലം imperial തിയേറ്ററിൽ” രഹസ്യപോലീസ് “എന്ന ശരത് കുമാർ ന്റെ തമിഴ് ചിത്രം കളിക്കുന്നുണ്ട്. ഉടനെ റൂം പൂട്ടി തിയേറ്ററിലേക്ക് വിട്ടു. നൈറ്റ്‌ ഷോക്ക് ടൈം ആയോ എന്തോ..
തിയേറ്ററിൽ എത്തിയപ്പോൾ പടം തുടങ്ങിയിരിക്കുന്നു.. എന്തായാലും വന്നതല്ലേ. ടിക്കറ്റ് എടുത്ത് സിനിമക്ക് കേറി..
ശരത് കുമാർ, നഗ്മ, രാധിക തുടങ്ങി ആരൊക്കെയോ ഉണ്ട്.. ആക്ഷൻ പടം ആണ്.
പക്ഷേ ഒന്നും എന്റെ തലയിൽ കേറുന്നില്ല. മനസ്സിൽ വേറെന്തൊക്കെയോ ആശങ്കകൾ..
എല്ലാവരും സ്ഥലം വിട്ടു. ഇനി ഞാൻ മാത്രം ആണ് സെറ്റിൽ ഉള്ളത്. പിന്നെ പ്രൊഡക്ഷൻ മാനേജർ ഷാജിയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സതീഷ് ഷൊർണുർ അങ്ങനെ ചിലർ ഒക്കെ കാണും.. നാളെ ഷാജി ടിക്കറ്റ് നുള്ള പൈസ എത്തിക്കുമോ..
ഞാൻ കൊണ്ട് വന്ന പൈസ ഒക്കെ ചിലവായിരിക്കുന്നു. പാക്ക് അപ്പ്‌ ആവുമ്പോൾ എന്തെങ്കിലും പൈസ ഒക്കെ കിട്ടും എന്നാണല്ലോ കണക്ക് കൂട്ടൽ.. ഇതിപ്പോ എന്താവുമോ എന്തോ??
പടം തീർന്ന് തിരിച്ചു ഹോട്ടലിൽ എത്തി കിടക്കുമ്പോഴും നാളെ ഒരു വലിയ ചോദ്യചിഹ്നം ആയി എന്റെ ഉള്ളിൽ കലപില കൂട്ടിക്കൊണ്ടിരുന്നു….

തുടരും..

Leave a Reply
You May Also Like

ശരത്കുമാറിന്റെ കുടുംബം കലങ്ങി, രവികിഷന്റെ ഭാര്യ ആസ്വദിച്ചു, ഇരുവരുടെയും കരിയറിനെ ബാധിക്കാതിരിക്കാൻ ഗാംഗുലിയുമായും അകന്നു , വായിക്കാം നഗ്മയുടെ പ്രണയകോലാഹലങ്ങൾ

നഗ്മ എന്നറിയപ്പെടുന്ന നന്ദിത മൊറാർജി തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ തിളങ്ങി നിന്നൊരു നടിയാണ് . നമ്രത സാധന…

ആ സമയത്തൊക്കെ ഇറങ്ങുന്ന സിനിമകളുടെ പോസ്റ്ററുകൾക്ക് ഒരു പ്രത്യേകതയുണ്ട്

നമുക്കെല്ലാം ഓരോപ്രായത്തിൽ എന്തെങ്കിലും ഹോബികൾ ഉണ്ടാകും. ബാല്യ കൗമാരങ്ങളിൽ പലർക്കും സിനിമാ പോസ്റ്ററുകൾ ശേഖരിക്കുക ഒരു…

തൻ്റെ മകൻ്റെ ജീവൻ രക്ഷിച്ച ഡോക്ടർക്കായി നെപ്പോളിയൻ 10 കോടി മുടക്കി ആശുപത്രി പണിതു

അപൂർവ രോഗത്തിന് മകനെ ചികിൽസിച്ച നാടൻ ഡോക്ടർക്ക് നടൻ നെപ്പോളിയൻ 10 കോടിയുടെ ആശുപത്രി പണിതു.…

220 കിലോയിൽ നിന്ന് 65 കിലോയിലേക്ക്, തിരിച്ചറിയാനാകാത്ത അദ്‌നാൻ സമി

ഗയാനകനായ അദ്‌നാൻ സമിയെ കുറിച്ച് ചിന്തിച്ചാൽ തന്നെ നമുക്ക് ഓർമ്മവരുന്നത് അദ്ദേഹത്തിന്റെ അമിതമായ ആ ഭാരമാണ്.…