സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 8
(ഗോപിനാഥ് മുരിയാട്)
രാധികാ തിലക്
പ്രണാമം…
ഒരു പിറക്കാതെ പോയ കുഞ്ഞിന്റെ(സിനിമയുടെ) പൂജ റെക്കോർഡിങ് ചടങ്ങിൽ വച്ചാണ് രാധിക തിലകിനെ ആദ്യമായി കാണുന്നത്. ബെന്നി പുളിക്കൽ ആദ്യമായി സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രം. ഞാൻ ആയിരുന്നു അസ്സോസിയേറ്റ് ഡയറക്ടർ. നിർഭാഗ്യവശാൽ പൂജയും പാട്ട് റെക്കോഡിങ് കഴിഞ്ഞതോടെ ചിത്രം നിന്നു പോയി. ലാൽ ആയിരുന്നു നായകൻ. ഉണ്ണി ശിവപാലും ഈ ചിത്രത്തിൽ അഭിനയിക്കേണ്ടതാണ്. എന്റെ ഓർമ ശരിയാണെങ്കിൽ ഉണ്ണിയുടെ കണക്ഷനിൽ ഉള്ള ആരോ ആയിരുന്നു പ്രൊഡ്യൂസർസ്.
കൈതപ്രം -മോഹൻ സിതാര ടീം ആയിരുന്നു സംഗീതം. 2 സോങ്ങ്സ് പൂജയുടെ അന്ന് തന്നെ റെക്കോർഡ് ചെയ്തു എന്നാണോർമ. M.G.റോഡിൽ ഉള്ള ഏതോ സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്ങും പൂജയും. ഈ സ്റ്റുഡിയോ ഇപ്പോൾ ഉണ്ടോ എന്നും അറിയില്ല. വേറെ ഒരു വർക്കിനും ഞാൻ അവിടെ പോയിട്ടും ഇല്ല. 1998 ൽ നടന്ന സംഭവം ആണ്. ഇത് ഇപ്പോൾ എഴുതാൻ ഉദ്ദേശിച്ചതല്ല. പക്ഷേ fb യിൽ പലരും രാധികാ തിലകിന് പ്രണാമം അർപ്പിച്ചുകൊണ്ട് പോസ്റ്റുകൾ ഇട്ടത് കണ്ടപ്പോൾ പെട്ടെന്ന് രാധികയോടൊപ്പം ഉള്ള ഈ ചിത്രങ്ങളെ പറ്റി ഓർമ വന്നു. ആൽബം തുറന്നു നോക്കവേ ഫോട്ടോസ് എല്ലാം ഭദ്രം. മൺമറഞ്ഞ കലാകാരിക്ക്, ആദരം അർപ്പിക്കാൻ ഇന്ന് തന്നെ ഇതിവിടെ കുറിക്കണം എന്ന് തോന്നി. കൂടുതൽ വിവരങ്ങൾ മറ്റൊരിക്കൽ തീർച്ചയായും എഴുതാം. വളരെ കുറച്ചു ഗാനങ്ങളിലൂടെ തന്നെ മലയാളികളുടെ ഹൃദയം കവർന്ന് അകാലത്തിൽ നമ്മളെ വിട്ടുപോയ പ്രീയ ഗായികക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിർത്തട്ടെ..
(തുടരും.. )
***************************