Ente album
ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 9
(ഗോപിനാഥ് മുരിയാട്)
S. P. B.
S. P. B. ഇനി ഇല്ല. ഈ മൂന്ന് അക്ഷരത്തിന്റെ മാസ്മരികത ഇന്ത്യയ്ക്കകത്തും പുറത്തും ഉള്ള കോടിക്കണക്കിനു സംഗീതാസ്വാദകരെ സംബന്ധിച്ചിടത്തോളം ദിനംപ്രതി വളർന്നുകൊണ്ടേ ഇരുന്നു. ശങ്കരാഭരണം എന്ന സിനിമ റിലീസ് ആയതോടെ ആണ് S. P. B. ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്ന ഒരു ഗായകൻ ആയി ഉയരുന്നത്.
എന്നെ ബാലു സാറിന്റെ ആരാധകൻ ആക്കിയത് പക്ഷേ… ഇളയരാജ സംഗീതസംവിധാനം നിർവഹിച്ച പയണങ്ങൾ മുടിവതില്ലൈ എന്ന തമിഴ് ചിത്രത്തിലെ ഇളയനിലാ പൊഴികിറതെ ആയിരുന്നു. ഓരോ സംഗീതാസ്വാദകന്റെയും മനസ്സിൽ നിലാമഴ പൊഴിയിച്ച ഗാനം തന്നെ ആയിരുന്നു ഇത്.
പക്ഷേ അത്ഭുതങ്ങൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. സാഗര സംഗമം, ഏക് ദുജേ കേ ലിയേ, സ്വാധികിരണം, കേളടി കണ്മണി, ജയ്ഹിന്ദ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ മുഴുവൻ സംഗീത പ്രേമികളെയും വിസ്മയത്തിൽ ആഴ്ത്തി.
എന്റെ ചെന്നൈ ജീവിത കാലഘട്ടത്തിലെ സിംഹഭാഗവും റെക്കോർഡിങ് തിയേറ്ററുകളിൽ ആയിരുന്നു. ഭരണി, AVM. G, C. R. R, വിജയ ഗാർഡൻ, വാഹിനി D, പ്രസാദ് ഡിലക്സ്, പ്രസാദ് 70.mm. ജമിനി, തുടങ്ങി അന്നത്തെ പ്രമുഖ തിയേറ്ററുകളിൽ എല്ലാം ഞാൻ പല ചിത്രങ്ങളുടെയും റെക്കോർഡിങ് /റീ റെക്കോർഡിങ് ജോലികളുമായി ബന്ധപ്പെട്ട് നിത്യ സന്ദർശകൻ ആയത് കൊണ്ട് തന്നെ തമിഴ്, മലയാള ഗായകരെ എല്ലാം പതിവായി ഏതെങ്കിലും ഒരു തിയേറ്ററിൽ വച്ച് കാണുക എന്നുള്ളത് സാധാരണമായിരുന്നു. അങ്ങനെ S. P. B. യെയും എത്രയോ വട്ടം കണ്ടു മുട്ടിയിരിക്കുന്നു.. എത്രയോ ഗാനങ്ങൾ റെക്കോർഡ് ചെയ്യുന്നത് നേരിട്ട് തന്നെ കേൾക്കാൻ കഴിഞ്ഞിരിക്കുന്നു.1992 -ൽ സാലിഗ്രാമിലെ അവിച്ചി സ്കൂളിന് എതിരെ ഉള്ള സത്യ ഗാർഡനിൽ ഞാൻ താമസിക്കുന്ന കാലം. മെയിൻ റോഡിന്റെ ഇടത് വശത്തു 4 -മത് കാണുന്ന ലൈൻ ബിൽഡിംഗിന്റെ upstair ലെ ആദ്യത്തെ portion ൽ ആയിരുന്നു ഞാൻ അന്ന് താമസം. ഈ വീടിനെ കുറിച്ച് ചെന്നപ്പോൾ തന്നെ ഹൌസ് ഓണർ ഒരു കഥ പറഞ്ഞു.
ഞാൻ താമസിക്കാൻ പോകുന്ന റൂമിൽ ആണത്രേ താരം ആകുന്നതിനു മുമ്പ് നമ്മുടെ പ്രശസ്ത നടി ഉർവശി താമസിച്ചിരുന്നത് !എന്നെ പ്രോത്സാഹിപ്പിക്കാൻ ഹൌസ് ഓണർ ഒന്ന് കൂടി കൂട്ടി ചേർത്തു.”നാളേക്ക് നീങ്കെ പെരിയ ഡയറക്ടർ ആയിടുവാങ്കെ. അപ്പോൾ എങ്കളെ എല്ലാം ജ്ഞാപകം ഇരിക്കണം. ”
ആനന്ദ ലബ്ധി ക്ക് ഇനി എന്ത് വേണം !! ആയിടെ സത്യഗാർഡനിൽ നിന്നും പുറത്തേക്ക് ഇറങ്ങവെ വലത് വശത്തായി ഒരു വമ്പൻ കെട്ടിടം വരുന്നുണ്ടായിരുന്നു. ആരോ പറഞ്ഞ് അത് S.P.B.യുടെ സ്വന്തം റെക്കോർഡിങ് തീയേറ്റർ ആണെന്ന്.
കുറച്ചു നാളുകൾ ക്ക് ശേഷം അവിടെ ഉയർന്ന ബാലു സാറിന്റെ തീയേറ്ററായിരുന്നു കോദണ്ഡപാണി. (S.P.B.യുടെ ഗുരു ആയിരുന്നു പ്രശസ്ത തെലുങ്ക് മ്യൂസിക് ഡയറക്ടർ ആയിരുന്ന kodandapani.)തിയേറ്റർ ഉത്ഘാടനം കഴിഞ്ഞു അധികം വൈകാതെ തന്നെ ഞാൻ അവിടെ ഒരു നിത്യ സന്ദർശകൻ ആയി മാറി. എങ്കിലും ആദ്യമായി ഞാൻ അവിടെ ഒരു വർക്കിന് വേണ്ടി കേറി ചെല്ലുന്നത് വെങ്കലം എന്ന ചിത്രത്തിന്റെ സോങ് റെക്കോഡിങ്സമയത്തായിരുന്നു. P. ഭാസ്കരൻ -രവീന്ദ്രൻ മാഷ് ടീം ആദ്യമായി ഒന്നിച്ച ഭരതൻ സാറിന്റെ വെങ്കലം. ഭരതൻ സാറിന്റെ സ്ഥിരം അസ്സോസിയേറ്റ് ആയിരുന്ന ജയരാജ് അതിന് മുൻപേ സ്വതന്ത്ര സംവിധായകൻ ആയി കഴിഞ്ഞിരുന്നതിനാൽ ആ ചിത്രത്തിൽ വർക്ക് ചെയ്തിരുന്നില്ല. പക്ഷേ പൂജക്ക് എത്തിയിരുന്നു. മറ്റൊരു അസിസ്റ്റന്റ് ആയിരുന്ന ബാലു വാസുദേവും ഒരു പടം ചെയ്യാൻ ഉള്ള തയ്യാർ എടുപ്പിലായതിനാൽ ആ ചിത്രത്തിൽ സഹകരിച്ചില്ല . ഈ ഒഴിവ് നികത്താൻ പടത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ N. വിജയകുമാർ (ഇദ്ദേഹം 2 വർഷം മുമ്പ് ഒരു ഹാർട്ട് അറ്റാക്കിനെ തുടർന്ന് അപ്രതീക്ഷിതമായി മരിച്ചു.പൂജക്ക് ശേഷം എടുത്ത ഈ ഫോട്ടോ യിൽ എന്നോടൊപ്പം ഉള്ളവർ വിജയകുമാർ, ജയരാജ്, & ബാലു വാസുദേവ് ) തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ റൂം മേറ്റ് കൂടെ ആയ എന്നെ ആണ്.വളരെ കാലമായി ഭരതൻ സാറിന്റെ കൂടെ വർക്ക് ചെയ്യണം എന്ന് പറഞ്ഞ് ഞാനും വിജയേട്ടനെ ശല്യം ചെയ്യാറുണ്ടായിരുന്നു. (നിർഭാഗ്യവശാൽ വെങ്കലത്തിൽ ആദ്യത്തെ 5 ദിവസം മാത്രം ആണ് ഞാൻ വർക്ക് ചെയ്തത്. ആ കഥ പിന്നീട് )എന്റെ ഓർമ ശരിയാണെങ്കിൽ പത്തു വെളുപ്പിന് എന്ന ഗാനം ആണ് ആദ്യം വെങ്കലത്തിനു വേണ്ടി റെക്കോർഡ് ചെയ്തത്. റെക്കോർഡിങ്ങിനിടെ S.P.B.അവിടെ വന്നതും ഭരതൻ സാറിന് ആശംസകൾ അർപ്പിച്ച് പോയതും അന്നത്തെ മധുരമുള്ള ഓർമ്മകൾ.
നിരവധി തവണ അദ്ദേഹത്തെ സ്റ്റുഡിയോകളിൽ വച്ചും അല്ലാതെയും കണ്ടീട്ടുണ്ടെങ്കിലും ഒരിക്കലും ഒരു ഓട്ടോഗ്രാഫ് വാങ്ങാനോ, കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനോ ഞാൻ മിനക്കെട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അനതിവിദൂര ഭാവിയിൽ മലയാളത്തിലെ ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ പോകുന്ന പ്രതിഭ ആയിരുന്നു ഞാൻ അന്ന് ! ഞാൻ എന്തിന് ഇവരുടെ ഒക്കെ ഓട്ടോഗ്രാഫ് വാങ്ങാൻ സാധാരണ ആരാധകരെ പോലെ ഇടിച്ചു കേറി ചെന്ന് ഓച്ഛാനിച്ചു നിൽക്കണം !! സ്വന്തം ചിത്രത്തിൽ ഇവർ ഒക്കെ സഹകരിക്കുന്ന കാലം വരുമ്പോൾ അന്നാവാം ഫോട്ടോ ഒക്കെ.നമ്മൾ കൂടെ ചെന്ന് നിൽക്കാതെ അവർ നമ്മളെ കൂടെ വിളിച്ചു നിർത്തി ഫോട്ടോ എടുക്കുന്ന മധുര മനോഹര സ്വപ്നങ്ങൾ ആയിരുന്നു അന്ന് എന്റെ മനസ്സ് നിറയെ. എന്തായാലും ഒന്നും സംഭവിച്ചില്ല !!
നാലഞ്ചു വർഷം മുമ്പ് കബാലിയുടെ മലയാളം ഡബ്ബിങ് വേർഷൻന്റെ വർക്കിന് വേണ്ടിയാണ് അവസാനമായി ഞാൻ ചെന്നൈയിൽ പോയത്. സത്യ ഗാർഡന് മുന്നിലൂടെ വിരുഗമ്പാക്കം ലക്ഷ്യമാക്കി അഴക് എന്ന സുഹൃത്തിന്റെ വണ്ടിയിൽ കുതിക്കവേ ഗൃഹാതുരത്വത്തോടെ ഞാൻ കോതണ്ഡപാണി സ്റ്റുഡിയോ ഇരുന്ന സ്ഥലത്തേക്ക് ഒന്ന് പാളി നോക്കി. ഞെട്ടലോടെ ഞാൻ ആ സത്യം മനസ്സിലാക്കി. ഇല്ല. S.P.B.സാറിന്റെ പ്രിയപ്പെട്ട തിയേറ്റർ ഇരുന്നിടത്ത് മറ്റ് പല അംബര ചുംബികളും ഉയർന്നിരിക്കുന്നു. ആരോ പറഞ്ഞത് പോലെ മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം..
ബാലു സാറിന്റെ വിരഹം തുളുമ്പുന്ന ആ ഗാനം കാതിൽ ഇപ്പോഴും അലയടിക്കുന്നു.ഒരുപാട് കാലം എന്റെ മുറിയിൽ രാവെന്നോ പകലെന്നോ ഇല്ലാതെ നിറഞ്ഞു നിന്ന ഗാനം, എന്റെ കാസറ്റ് കളക്ഷനിലെ ഇഷ്ടഗാനം.. നഷ്ടപ്പെട്ട പ്രണയത്തെ ഓർത്ത് മനസ്സ് തേങ്ങുമ്പോൾ വീണ്ടും വീണ്ടും ഞാൻ കേൾക്കാൻ മോഹിച്ച മണിരത്നത്തിന്റെ ഇദയകോയിലിലെ ആ ഗാനം . നാൻ പാടും മൗനരാഗം കേൾക്കവില്ലയാ….
ബാഷ്പാഞ്ജലികൾ.
(തുടരും)
1,890 total views, 3 views today