മധുപാലിന്റെ ‘എന്റെ പെൺനോട്ടങ്ങൾ’ (വായന)

1779

മധുപാലിന്റെ എന്റെ പെൺ നോട്ടങ്ങൾ എന്ന പുസ്തകത്തിന് കുഞ്ഞൂസ് കാനഡ (Kunjuss Canada) എഴുതിയ ആസ്വാദനം

“ഓരോ പെണ്ണും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത പ്രപഞ്ചമാണ്. അവരുടെ കിനാക്കളും അവർ ജീവിതത്തെ അടയാളപ്പെടുത്തുന്നതും ഒരാണിനും കഴിയാത്ത വഴികളിലൂടെയാണ്. എല്ലാം അവരിൽ ജനിക്കുന്നു. അവരിലൂടെത്തന്നെ രൂപമാകുന്നു. അവരാൽത്തന്നെ വളർത്തപ്പെടുന്നു. ഇനിയുള്ള കാലവും അവരറിയാതെ ഒന്നും സംഭവിക്കുകയുമില്ല….”

ആമുഖത്തിൽ മധുപാൽ പറഞ്ഞുവെക്കുന്നതിനെ സ്ഥിരീകരിക്കുന്നു, പുസ്തകത്തിലെ ഓരോ പെൺജീവിതവും. ശാന്ത, കൗമാരക്കാരന്റെ വിഭ്രാന്തിയായിരുന്നെങ്കിൽ ഉമ, കവിതയും വായനയുമായി യൗവനത്തിലേക്കു നടന്നു കയറിയ പ്രണയമാകുന്നു. വാക്കിനാൽ മാത്രം സത്യമാകുന്ന സ്നേഹത്തെ വെളിപ്പെടുത്തിയ സമീര.

എല്ലാവരും വെറുക്കുന്ന ഉടൽ നിറമാണ് കറുപ്പെന്ന തിരിച്ചറിവിൽ സത്യവതി ഉരുകുന്നു. അവളുടെ വലിയ മുലകൾ മാത്രം കണ്ടു മോഹിച്ചാണ് ഭര്‍ത്താവ് അവളെ ജീവിതത്തിലേക്കു കൂട്ടുന്നത്. പക‍ൽ വെളിച്ചത്തിലവളെ ഒപ്പം കൂട്ടാതെ രാത്രിയലവളുടെ മുലകളിൽ ‍ സായൂജ്യം കണ്ടെത്തുകയായിരുന്നു അയാളുടെ പതിവ്. ആ മുലകളി‍ൽ അര്‍ബുദം വേരുകളാഴ്ത്തുന്നു. കീമോതെറാപ്പിയുടെ ഭീകര വേദനയ്ക്കിടയിലും അവൾ ജീവിതത്തെ ചേര്‍ത്തു പിടിക്കുന്നുണ്ട്. ‘ദൈവം എന്റെ കാമുകനല്ല, എന്റെ ഉറക്കത്തിൽ ‍ എന്റെയരികിലെത്തുന്ന ജാരനാണ് ‘ -എന്ന വിശ്വാസത്തിലവൾ എല്ലാ സങ്കടങ്ങളെയും അതിജീവിക്കുന്നു…….

നിറയെ കഥകളുമായി കമല, സുചിത… ദീപയെന്ന പ്രണയിനി… കർത്താവിന്റെ മണവാട്ടിയാകാൻ കൊതിച്ച മാർത്ത…. സർപ്പസുന്ദരി മേരി തോമസ്… പെൺജീവിതങ്ങൾ അക്ഷരങ്ങളായി നൃത്തമാടുമ്പോൾ അവരുടെ കണ്ണിലെ ഭാവങ്ങൾ പലപ്പോഴും മറഞ്ഞു പോകുന്നു മധൂ… ഒരുപക്ഷേ, പാതിമാത്രം വെളിപ്പെടുത്തി വായനക്കാരനു പൂരിപ്പിക്കാനായി വിട്ടു തന്നതു കൊണ്ടാവാം, അല്ല, അവർ അങ്ങനെയല്ല എന്നു മനസ്സ് പറഞ്ഞു കൊണ്ടിരുന്നത്.

സുരഭി, ആരാധനയുണ്ടാക്കുന്ന ഒരു പെൺജീവിതം. എന്നാൽ, പ്രണയത്തിൽ അവൾ വാഴ്ത്തപ്പെട്ടിട്ടുണ്ട് (കടപ്പാട്: മണിലാൽ) പ്രണയത്തിൽ ഒരു സ്ത്രീ അങ്ങനെയാണ് മധൂ… അവളുടെ ഭ്രമണപഥം അവനു ചുറ്റുമാണ്. മറ്റെന്തെല്ലാം കാര്യങ്ങളിൽ വ്യവഹരിച്ചാലും അവളുടെയുള്ളിൽ പ്രണയം എപ്പോഴും ജ്വലിച്ചു നില്ക്കും. അതിലെ ചൂട് പുരുഷന് ചിലപ്പോൾ അസഹ്യവുമാകും. എന്നാൽ അത്,, പ്രണയമാണെന്ന് മനസിലാക്കാൻ കഴിയുന്ന പുരുഷനു മാത്രമേ അതാസ്വദിക്കാൻ, അതിൽ ജീവിക്കാൻ കഴിയൂ.

“സ്നേഹിപ്പൂ നിന്നെ ഞാൻ,
നേരമോർക്കാതെയും വേര് തേടാതെയും
ആത്മസങ്കീർണതയ്ക്കക്കരെ ചെന്നെത്തി
ഞാനെന്ന ഭാവത്തിനപ്പുറം നിന്നിതാ
സ്നേഹിപ്പൂ നിന്നെ ഞാൻ
സ്നേഹിപ്പൂ നിന്നെ ഞാൻ …”

അങ്ങനെ ആവാഹിച്ചു കുടിയിരുത്താനേ അവളിലെ പെണ്ണിനു കഴിയൂ…
പ്രണയത്തിന്റെ അങ്ങേയറ്റത്തു നിന്ന് അവൾക്കു മാത്രമേ അങ്ങനെ പോറലേൽപ്പിക്കാനും കഴിയൂ…

പതിനാറു ഭാഗങ്ങളിലായി മധുപാലിന്റെ കുട്ടിക്കാലം മുതൽ ജീവിതത്തിൽ വന്നതും പോയതുമായ പെണ്ണുങ്ങൾ… അവരിലൂടെ കണ്ടും കേട്ടും അറിഞ്ഞ ജീവിതങ്ങൾ… പെണ്മനസ്സിന്റെ കാണാപ്പുറങ്ങൾ…. അവയിൽ ചിലതെങ്കിലും തൊട്ടറിയാൻ കഴിഞ്ഞത്, നല്ലൊരമ്മയുടെ, സഹോദരിയുടെ, കാമുകിയുടെ, ഭാര്യയുടെ , മകളുടെ ജീവിതത്തോടു ചേർന്നു നില്ക്കുന്നതു കൊണ്ടാവണം.

Previous articleമരിച്ചവർക്കായി ഒരുപിടി മണ്ണ് !
Next articleബേബി പൗഡർ നിങ്ങളുടെ കുഞ്ഞിന് അപകടകരം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.