മതാത്മക ദേശീയതയുടെ ഈ രണ്ടാം വരവ്, പ്രതീക്ഷിച്ചതിലും ഗംഭീരം.

960

ഇസഹാഖ് ഈശ്വരമംഗലം(Esahaque Eswaramangalam)

മതാത്മക ദേശീയതയുടെ ഈ രണ്ടാം വരവ്, പ്രതീക്ഷിച്ചതിലും ഗംഭീരം.

പ്രഖ്യാ സിംഗ് താക്കൂറിനെ പോലുള്ള ഉഗ്ര വിഷങ്ങളെ പോലും ജയിപ്പിച്ചെടുക്കാൻ മാത്രം ഇന്ത്യയുടെ മനസ്സ് മാറ്റാൻ കഴിഞ്ഞെങ്കിൽ മതാത്മക ദേശീയത എത്രമാത്രം ശക്തമായി വേരോടിക്കഴിഞ്ഞു..!! ദശാബ്ദങ്ങൾ നീണ്ടു നിന്ന ആസൂത്രണത്തിൻ്റെയും നിരന്തര പ്രചാരണങ്ങളിലൂടെയും കൈവരിച്ച നേട്ടമാണിതെങ്കിലും, സംഘ പരിവാർ മുന്നോട്ടു വെക്കുന്ന മതാത്മക ദേശീയതയിലേക്കുള്ള അഥവാ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പരിണാമ പ്രക്രിയ ഇപ്പോഴും പൂർത്തിയായിട്ടില്ല. അതിനിനിയും ദൂരം താണ്ടാനുണ്ട്. ഭരണഘടനയും ദേശീയഗാനവും ചരിത്രങ്ങളും ഉൾപ്പടെ പലതും ഇനിയുമേറെ മാറ്റി മറിക്കാനുണ്ട്. തകർക്കലുകളിലൂടെയും, കലാപങ്ങളിലൂടെയും, വംശ ഹത്യകളിലൂടെയും. മിത്തുകളുടെ യാഥാർഥ്യ വൽക്കരണത്തിലൂടെയും, ചരിത്ര ദുർവ്യാഖ്യാനത്തിലൂടെയും, അടിച്ചമർത്തലുകളിലൂടെയും ഇത്രയും ദൂരം താണ്ടിക്കഴിഞ്ഞു എന്നത് സത്യമാണ്. പക്ഷെ, സംഘ പരിവാറിൻ്റെ ആത്യന്തിക ലക്ഷ്യത്തിലേക്ക് ഇനിയുമേറെ ദൂരം താണ്ടാനുണ്ട്.

അതിനിനി സുപ്രധാനമായി ആവശ്യമുള്ളത്; ഭാരതത്തിൻ്റെ ഉള്ളിലും പുറത്തുമുള്ള ശത്രുക്കൾ പൈശാചികതയുടെ ഭീകര രൂപമാണെന്നും ഹിന്ദുത്വത്തിനും, അത് മുന്നോട്ട് വെക്കുന്ന സംസ്‌ക്കാരത്തിനും നമ്മുടെ സ്വസ്ഥമായ ജീവിതത്തിനും അവർ ‍എക്കാലവും ഭീഷണിയാണെന്നും ശക്തമായി സ്ഥാപിക്കേണ്ടതുണ്ട്. ഇതിനു കേട്ടുകേൾവികളും വീഡിയോകളും ചിത്രങ്ങളും പോരാ… നേരിട്ടുള്ള അനുഭവങ്ങൾ ഉണ്ടാക്കി നൽകേണ്ടതുണ്ട്… അതെ, മതാത്മക ദേശീയതയെ അതിൻ്റെ ഉച്ചസ്ഥായിലെത്തിക്കാൻ, ശക്തമായി നിലനിറുത്താൻ “തീവ്ര അപര ഭീതിയുടെ” ശക്തമായ നിർമ്മിതി ഇനി ആവശ്യമാണ്. ഇതിനായി എന്തെല്ലാം തന്ത്രങ്ങൾ, സഹകരണങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുമോ അതെല്ലാം ഉപയോഗപ്പെടുത്തും. അതിലൂടെ ആയുധ വിപണിയും സുരക്ഷാ ഉപകരണ വിപണിയും കുതിച്ചുയരും. ഒപ്പം കമ്മീഷനുകളും…”മനുഷ്യർ” സ്വാതന്ത്ര്യത്തിൻ്റെ മനോഹരമായ തടവറയിലേക്ക് കൂടുതൽ കൂടുതൽ സമാധാനമായി പ്രവേശിക്കും.

ഇതിനിടയിൽ നടക്കുന്ന, അഴിമതികളും, ജനവിരുദ്ധതയും, കെടുകാര്യസ്ഥതയും, കലാപങ്ങളും ഉൾപ്പടെ എല്ലാ ഭരണ വിരുദ്ധ വികാരവും, മതാത്മക ദേശസ്നേഹത്തിൻ്റെ ബാം പുരട്ടിയ ശേഷം, ഭാരത് മാതാ കീ ജയ് എന്നുറക്കെ വിളിപ്പിച്ചാൽ തീരുന്നതേയുള്ളൂ എന്ന് സംഘ പരിവാർ നേതാക്കൾക്ക് നന്നായി അറിയാം. അല്ലാത്തവരെ, രാജ്യദ്രോഹികളാക്കിയും ദേശ വിരുദ്ധ സർട്ടിഫിക്കറ്റ് നൽകിയും ഒതുക്കാം, കയറ്റി അയക്കാം.

ഇതൊക്കെ, ആഴത്തിൽ തിരിച്ചറിഞ്ഞു പ്രതിരോധിക്കാനും, തിരുത്തലുകൾ കൊണ്ടുവരാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മതേതര-ജനാധിപത്യ രാഷ്ട്രീയ കക്ഷികൾക്ക് കഴിയട്ടെ എന്നാഗ്രഹിക്കാനേ കഴിയുന്നുള്ളു. പണമെന്ന റിസോഴ്‌സ് ഉൾപ്പടെ എല്ലാം പ്രതിപക്ഷത്തിന് പരിമിതിയാണ് എന്നറിയാം. എങ്കിലും ആഗ്രഹിക്കുന്നു.

ആശ്വാസ കുറിപ്പ് : കേരളമേ നിനക്ക് നന്ദി…. ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം മതാത്മക ദേശീയതയിലേക്കുള്ള യാത്ര, അതീവ അപകടകരമായ യാത്രയാണ്. ദൂര വ്യാപകമായ പ്രത്യഘാതങ്ങൾ അതുണ്ടാക്കും എന്നതാണ് ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ “നിലവിലെ” ദേശീയ ഗാനത്തിൻ്റെ പിതാവായ ടാഗോറിൻ്റെ വാക്കുകളിൽ, “ഭാവിയിൽ ഇന്ത്യ നേരിടാൻ‍ പോകുന്ന പ്രശ്‌നങ്ങളുടെ അടിത്തറ തന്നെ ദേശീയതയായിരിക്കുമെന്നാണ്”
രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

ദേശീയത എന്ന അപകടകരമായ രാഷ്രീയ ആശയത്തെ, ദേശീയ ഗാനത്തിൻ്റെ പിതാവായ ടാഗോർ മാത്രമല്ല എതിർത്തിട്ടുള്ളത്. ആൽബർട്ട് ഐൻസ്റ്റിൻ, ബെർട്രാൻഡ് റസ്സൽ, ജോർജ് ബെർണാഡ് ഉൾപ്പടെയുള്ള‍ ഒട്ടുമിക്ക മഹാ ചിന്തകരും ശാസ്ത്ര പ്രതിഭകളും എതിർത്തിട്ടുണ്ട്. ദേശാതിര്‍ത്തികളോടുള്ള മനോവിഭ്രാന്തിയായി, ദേശീയത മാറുമെന്നും, അത്, അതാത് രാജ്യങ്ങൾക്കും സമീപ രാജ്യങ്ങൾക്കും അപകടം മാത്രമേ നൽകൂവെന്നും മിക്ക ചിന്തകന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ്, കേരളം പ്രസക്തമാകുന്നതും അഭിനന്ദനം അർഹിക്കുന്നതും. അത്, അതിൻ്റെ ഏറ്റവും ഉന്നതമായ മനസ്സാണ് ഈ തിരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിച്ചത്. ഭൂരിപക്ഷവും ന്യൂന പക്ഷവും എന്ന വേർതിരിവില്ലാതെ, മതാത്മക ദേശീയതയുടെ അപകടം തിരിച്ചറിയുകയും എല്ലാ പ്രകോപനങ്ങളെയും, അസഹിഷ്ണുതാ തന്ത്രങ്ങളെയും സ്വന്തം മനസ്സാക്ഷികൊണ്ട് അതി ജയിച്ച്, വോട്ടു രേഖപ്പെടുത്തുകയും ചെയ്തു. അതെ, മതാത്മക ദേശീയതയെ പിന്താങ്ങാൻ കേരളത്തിൽ നിന്ന് ഒരാൾ പോലും ലോക് സഭയിൽ വേണ്ടെന്ന് തീരുമാനിച്ച കേരളീയരാണ് ഏറ്റവും വലിയ ആശ്വാസം. കേരളീയർ, മതേതര ദേശീയതയെ സംരക്ഷിക്കാൻ നൽകിയിരിക്കുന്ന ഈ പ്രതിരോധ നിര ലോക്‌സഭയിൽ ശക്തമായി നിലകൊള്ളുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഇസഹാഖ് ഈശ്വരമംഗലം.