115 രാജ്യങ്ങളിൽ ക്രിസ്തുമതം ഭൂരിപക്ഷമാണ്! മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ 50-ഉം! പൗരത്വ നിയമത്തിൽ നിന്ന് മുസ്‌ലീം സമൂഹം പുറത്തും ക്രിസ്ത്യൻ സമൂഹം അകത്തും ?

0
789
ഇസഹാഖ് ഈശ്വരമംഗലം

ആധാറും റേഷൻകാർഡും പാൻകാർഡും തിരിച്ചറിയൽ കാർഡും വാഹന ലൈസൻസും പൗരത്വ രേഖയല്ല എന്നത് സമ്മതിക്കേണ്ടി വരുന്ന, പാസ്‌പോർട്ടും പൗരത്വ രേഖയല്ല എന്ന് പറയുമ്പോൾ അന്തംവിട്ട് ഞെട്ടിപ്പോകുന്ന, 10 വർഷവും ഏകദേശം 15,000 കോടി രൂപയും ചിലവഴിച്ച് എന്തിനായിരുന്നു ഞങ്ങളെക്കൊണ്ട് ആധാർ എടുപ്പിച്ചത് എന്ന് ചോദിക്കാൻ പാടില്ലാത്ത, ഇനിയും ഒരു 25,000 കോടി രൂപയും പത്തു വർഷം സമയവുമെടുത്ത് നടപ്പിലാക്കുന്ന പുതിയ പൗരത്വ കാർഡ് എല്ലാവരും എടുത്ത് കഴിയുമ്പോൾ മറ്റൊരു  കാർഡുമായി സർക്കാർ വരില്ല എന്നുറപ്പില്ലാത്ത ഒരു സാധാരണ ഇന്ത്യൻ പൗരൻ ; ( ക്ഷമിക്കണം ഇനിയങ്ങിനെ പറയാൻ കഴിയില്ല എന്നത് മറന്നു പോയി, പൗരനാണോ അല്ലയോ എന്നത് തീരുമാനിക്കാനുള്ള രേഖ വരാനിരിക്കുന്നതല്ലേയുള്ളു!!.) ഒരു സാധാരണ മനുഷ്യന് തോന്നുന്ന ചില അഭിപ്രായങ്ങളാണ് ഈ ലേഖനം.

വിഷയത്തിലേക്ക് കടക്കുന്നതിന് മുൻപ് ഒരു കാര്യം പറയട്ടെ, ഇംഗ്ലീഷ് വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന എല്ലാവരും ആദ്യം ചെയ്യേണ്ടത്; ഭേദഗതി ചെയ്യപ്പെട്ട ശേഷം രാജ്യസഭ അംഗീകരിച്ച്, രാഷ്ട്രപതി ഒപ്പു വെച്ച് കഴിഞ്ഞ “പൗരത്വ നിയമം” വായിക്കുക എന്നതാണ്. ആരെങ്കിലും പറയുന്നത് കേട്ട് ഏറ്റു പറയുന്നതിനപ്പുറം കാര്യ ഗൗരവത്തോടെ വിഷയത്തെ സമീപിക്കാൻ ഏറ്റവും അഭികാമ്യം നാം, ആ വിഷയത്തെ വായിച്ചു മനസ്സിലാക്കുന്നതാണ്. ദേശീയ വിവര കേന്ദ്രത്തിന് കീഴിലുള്ള ഇ-ഗസറ്റിൽ, ഭേദഗതി ചെയ്‌ത്‌ നിയമമായിക്കഴിഞ്ഞ പ്രസ്‌തുത ഭാഗത്തിൻ്റെ കോപ്പി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. സർക്കാരിന് വേണ്ടി ദേശീയ സെക്രട്ടറി ഡോ. നാരായണരാജു 2019 ഡിസംബർ 12-ന് പ്രസിദ്ധീകരിച്ച ബില്ലാണിത്. ലിങ്ക് :http://egazette.nic.in/WriteReadData/2019/214646.pdf

ഭേദഗതി ചെയ്‌ത്‌, ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ നിയമഭാഗം വായിച്ചു മനസ്സിലാക്കുന്നവർക്ക് താഴെ പറയുന്ന കാര്യങ്ങളാണ് ബോധ്യപ്പെടുക; പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഇന്ത്യയിൽ നിലവിലുള്ള നിയമ സംവിധാനം അനുസരിച്ചു ഗസറ്റ് നോട്ടിഫിക്കേഷൻ നടത്തിയാൽ അത് നിയമമാണ്. അഥവാ പ്രാബല്യത്തിൽ വന്നിട്ടില്ല എന്ന് പറയുന്നത് “നിയമമനുസരിച്ച് ശുദ്ധ കളവാണ്”. പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നത് വരെ താല്‍ക്കാലികമായി “പ്രാവർത്തികമാക്കുന്നില്ല” എന്നതാണ് സത്യം. സുപ്രീം കോടതിയിൽ നിന്ന് എതിർപ്പ് ഉണ്ടായില്ലെങ്കിൽ, നിയമം നിയമമായി തന്നെ തുടരും എന്നത് ഓർക്കുക. ഒന്ന് കൂടി ലളിതമായി പറഞ്ഞാൽ, Parent Law / Parent Act അഥവാ മാതൃനിയമം നിലവിൽ വന്നു. ഇനിയുള്ളത്  Rules and Regulations അഥവാ ചട്ടങ്ങളും വ്യവസ്ഥകളും തയ്യാറാക്കി നടപ്പിലാക്കുക എന്നത് മാത്രമാണ്. ചട്ടങ്ങളും വ്യവസ്ഥകളും തയ്യാറാക്കി ഈ നിയമം പ്രാവർത്തികമാക്കാൻ രാജ്യസഭയുടെ അംഗീകാരം “നിയമപരമായി” ഇനി ആവശ്യമില്ല. പ്രതിരോധങ്ങളും പ്രതിഷേധങ്ങളും കെട്ടടങ്ങുമ്പോൾ ഈ നിയമം നടപ്പിലാക്കുക എന്നത് തന്നെയാണ് ഭരണകൂട ഭീകരരുടെ തലക്‌ഷ്യം.

ഭേദഗതി ചെയ്യപ്പെട്ട പൗരത്വ നിയമം പറയുന്നത് ;

പൗരത്വ നിയമത്തിലെ ഭേദഗതി ഭാഗം വായിച്ചതിൽ നിന്ന്; പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളിൽ നിന്നുള്ള “മതന്യൂനപക്ഷങ്ങളായ” (വേട്ടയാടപ്പെടുന്നവരല്ല) ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതായാണ് ഞാൻ മനസ്സിലാക്കിയത്.  അഥവാ 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള “മത ന്യൂനപക്ഷ” വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാരായി കരുതുന്നതിൽനിന്നും ഈ നിയമം എളുപ്പത്തിൽ ഒഴിവാക്കുകയും ഇവർക്ക് പൗരത്വം ലഭ്യമാകുകയും ഇതേ രീതിയിൽ കുടിയേറിയ മുസ്‌ലിം മതത്തിൽ പെട്ടവർ പുറത്താവുകയും തടങ്കൽപ്പാളയങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്യും. അതിൽ കുഞ്ഞുങ്ങളെന്നോ സ്ത്രീകളെന്നോ പ്രായമേറിയവരെന്നോ ഉള്ള യാതൊരു പരിഗണനയും ലഭിക്കില്ല. മറ്റൊരു ഭേദഗതി, ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിൻ്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറച്ചു എന്നതുമാണ്. ലളിതമായി പറഞ്ഞാൽ; ഇന്ത്യയിൽ പൗരത്വത്തിൻ്റെ വ്യവസ്ഥകളിൽ ആദ്യമായി മതപരിഗണന ഉൾപ്പെടുത്തപ്പെട്ടു എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്. .

ഞാൻ മനസ്സിലാക്കിയ അതേ കാര്യങ്ങൾ തന്നെയാണ് ഇതിനെ എതിർക്കുന്ന അനേകം കോടി മതേതര വിശ്വാസികളും മനസ്സിലാക്കിയിട്ടുള്ളത്. നമ്മൾ മാത്രമല്ല; അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കൻ കമ്മീഷനും,  ഐക്യരാഷ്ട്രസഭയും, ഹ്യൂമൻ റൈറ്റ്‌സ്‌ വാച്ചും ഉൾപ്പടെ അനേകം രാജ്യാന്തര സംഘടനകളും എതിരഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു.

ഈ മനുഷ്യത്വ വിരുദ്ധ നിയമത്തിനെ ന്യായീകരിക്കാൻ ഇതെഴുതുന്ന നിമിഷം വരെ ഭരണകൂടവും സംഘപരിവാർ അനുയായികളും നിരന്തരം പറയുന്ന അനേകം (അ) ന്യായങ്ങളിൽ ഒന്നാണ്, ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്ക് പോകാൻ മറ്റിടമില്ല എന്നത്. ഇന്ത്യ മാത്രമേ അവർക്കഭയമുള്ളൂ എന്നതാണ് ആ ഹിമാലയൻ ന്യായം!! ചെറുതെങ്കിലും, നേപ്പാളും ഹിന്ദു ഭൂരിപക്ഷ രാജ്യമാണ് എന്നത് ഞാൻ മറക്കുന്നില്ല. ഇനിയുള്ള എൻ്റെ ചോദ്യം, ഈ ഭേദഗതിയിൽ വളരെ കൃത്യമായി എടുത്ത് പറഞ്ഞ ആറ് മത വിഭാഗങ്ങളിൽ ക്രിസ്‌തു മത വിശ്വാസികൾ എങ്ങിനെ വന്നു…???

50 ശതമാനത്തിന് മുകളിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള 115 – ൽ കൂടുതൽ രാജ്യങ്ങൾ ഈ ലോകത്തുണ്ട്. പട്ടിക ആവശ്യമുള്ളവർക്ക് ഇവിടെ ലഭിക്കും : http://bit.ly/ChristianMajority , ഇതിൽ തന്നെ 15 രാജ്യങ്ങൾ, അവയുടെ ഔദ്യോഗികമായി മതമായി സ്വീകരിച്ചിരിക്കുന്നത് ക്രിസ്ത്യാനിറ്റിയാണ്. എന്നാൽ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെന്ന് (പേരിൽ മാത്രം) വിശേഷിപ്പിക്കാവുന്നത്  50 എണ്ണം മാത്രമാണ്. അതിൽ തന്നെ ഇസ്ലാമിക് രാജ്യങ്ങൾ എന്ന് വിളിക്കാവുന്നത് 45 എണ്ണവും. (According to the Pew Research Center). ഇതിലേറെയും ഉപവിഭാഗങ്ങളായി അഥവാ ശിയാക്കളും അഹമ്മദീയരും ഉൾപ്പടെ അനേകം വിഭാഗങ്ങളായി വേർപിരിഞ്ഞു തമ്മിൽ യുദ്ധം ചെയ്‌ത്‌ മത്സരിക്കുന്നവരാണ്. അഥവാ ആഭ്യന്തര യുദ്ധങ്ങളാലും കലാപങ്ങളാലും അശാന്തിയനുഭവിക്കുന്ന രാജ്യങ്ങളാണ് ഇവയിലേറെയും എന്ന് ചുരുക്കം.

എന്ത് കൊണ്ട് ക്രിസ്ത്യൻ സമൂഹം നിയമത്തിനകത്ത്;

ക്രിസ്ത്യൻ സമൂഹത്തെ ഈ നിയമത്തിൽ നിന്ന് മാറ്റി നിറുത്തിയാൽ രാജ്യാന്തര സംഘടനകളും സമൂഹവും  പ്രതികരിക്കുന്ന രീതി ഇതായിരിക്കില്ല. ഇന്ത്യയിലെ പ്രതിഷേധ രീതിയും മാറുമായിരുന്നു. മാത്രവുമല്ല, സംഘപരിവാർ പ്രസ്ഥാനങ്ങളുടെ രാജ്യാന്തര പ്രവർത്തനങ്ങളിൽ കൂടുതലും യൂറോപ്യൻ രാജ്യങ്ങളിലാണ്. മോദി അധികാരത്തിൽ വന്നതിന് ശേഷം നൂറു കണക്കിന് പരിപാടികളാണ് കഴിഞ്ഞ ആറു വർഷം കൊണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ നടന്നത്. സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ സുപ്രധാന സാമ്പത്തിക ഉറവിടത്തിൽ ഒന്നുമാണ് യൂറോപ്യൻ രാജ്യങ്ങൾ. ഇന്ത്യൻ ബിസിനസുകാരുടെ വലിയ സാമ്രാജ്യങ്ങൾ തന്നെ യൂറോപ്യൻ രാജ്യങ്ങളിലുണ്ട്. പലയൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യൻ വംശജർ ഭരണത്തിൽ പോലുമുണ്ട്. ഗൂഗിൾ ഉൾപ്പടെ ലോക സ്വാധീനമുള്ള പല വ്യവസായങ്ങളുടെയും തലപ്പത്ത് ഇന്ത്യൻ വംശജരാണ്. കൂടാതെ, മോദി ഭരണകൂടത്തിൻ്റെ പ്രിയ തോഴന്മാരായ ബിസിനസ്സുകാർ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്നതും ഇറക്കുമതി നടത്തുന്നതും ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളുമായി സഹകരിച്ചാണ് ഇത്തരം വിലയിരുത്തലുകൾക്കൊപ്പം തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള നാസിബുദ്ധിയും കൂടി ചേർന്നതാണ് ക്രിസ്ത്യൻ സമൂഹം നിയമത്തിനകത്തായത്.

മറ്റൊരു കാരണം;

ക്രിസ്‌തു മതത്തെ പൗരത്വ നിയമത്തിൽ ഉൾപ്പെടുത്താൻ പരിഗണിച്ച നിരവധി വിഷയങ്ങളിൽ മറ്റൊന്നാണ്; കേരളത്തിൽ, വിദൂര ഭാവിയിലെങ്കിലും ഭരണം പിടിക്കാനുള്ള തന്ത്രം; ഇന്ത്യയിലാകെയുള്ള ക്രിസ്ത്യൻ സമൂഹത്തിലെ മഹാ ഭൂരിപക്ഷവും കേരളത്തിലാണ്. 2011-ലെ കണക്കെടുപ്പനുസരിച്ച്  54.73% ഹൈന്ദവ മത വിശ്വാസികളും 26.56% മുസ്‌ലിം മത വിശ്വാസികളും 18.38% ക്രിസ്‌തു മത വിശ്വാസികളുമാണ് കേരളത്തിലുള്ളത്. 2011-ൽ ക്രിസ്‌തു മത വിശ്വാസികൾ18.38 ശതമാനം ആണെങ്കിൽ 2019-ലത് 21 ശതമായിക്കാണും എന്നതാണ് അനുമാനം.

Image result for kerala religion percentage 2019"ഇന്ത്യയിലെ മെറ്റേതൊരു സംസ്ഥാനത്തും കൂട്ടു കക്ഷി ഭരണത്തിലൂടെയെങ്കിലും സംഘപരിവാർ പ്രസ്ഥാനത്തിന് അധികാരത്തിലെത്താം. പക്ഷെ, കേരളത്തിലത് അസാധ്യമാണെന്ന തിരിച്ചറിവ് അവർക്കുണ്ട്. അത് കൊണ്ട് തന്നെ, കേരളത്തിലെ സുപ്രധാന ന്യൂന പക്ഷങ്ങളിൽ ഒന്നിനെ കൂടെ നിറുത്തുക.  ഒപ്പം മറ്റു സംസ്ഥാനങ്ങളിലും ക്രിസ്‌തു സമൂഹത്തെ, തങ്ങളുടെ വോട്ടു ബാങ്കാക്കി മാറ്റുക. അതെ, ഭിന്നിപ്പുണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിക്കുക എന്ന തന്ത്രവും കൂടി ഉൾപ്പെടുന്നതാണ് പൗരത്വ നിയമമെന്ന പാക്കേജ്.

എന്തായിരുന്നു ആ നാസിബുദ്ധി?

രണ്ട് സുപ്രധാന ന്യൂന പക്ഷങ്ങളെ നിയമത്തിന് പുറത്താക്കിയാൽ ഉണ്ടാകുന്ന രാജ്യാന്തര സമ്മർദ്ദങ്ങളെയും പ്രതിഷേധ രീതികളെയും വ്യവസായിക പ്രതിസന്ധികളും പ്രതിരോധിക്കുന്നതിന് ഒപ്പം, മുസ്‌ലിം-ക്രിസ്ത്യൻ തമ്മിലടിയെയും വാക്‌പോരുകളെയും സംവാദ യുദ്ധങ്ങളെയും മറപിടിച്ച് പൗരത്വ നിയമം വളരെ വേഗത്തിൽ നടപ്പിലാക്കാം. പൊതു ജനവികാരം എന്നത് ഉയർന്നു വരാതെ, രണ്ടു ന്യൂന പക്ഷങ്ങളുടെ വികാരമായി ചുരുക്കിക്കെട്ടാം എന്നായിരുന്നിരിക്കണം കണക്ക് കൂട്ടൽ. പക്ഷെ, മതേതര-ജനാധിപത്യ വിശ്വാസികളായ സമൂഹം ഒന്നിച്ചണിനിരന്നപ്പോൾ ഭരണകൂടം പകച്ചു പോയി. വിശേഷിച്ചും, ആധുനിക മാനുഷ്യക മൂല്യങ്ങളും വിശാല മനുഷ്യാവകാശ ബോധവുമുള്ള യുവതലമുറ തെരുവിലേക്കിറങ്ങിയത് രഹസ്യാന്വേഷണ ഏജൻസികളെ പോലും ഞെട്ടിച്ചു കളഞ്ഞു എന്നതാണ് യാഥാർഥ്യം. മാത്രവുമല്ല, ക്രിസ്ത്യൻ മത സമൂഹത്തെ നിയമ പരിധിയിൽ കൊണ്ട് വന്നതിനെ മുസ്‌ലിം സമൂഹത്തിലെ നേതാക്കളോ സാമൂഹിക-രാഷ്ട്രീയ നേതാക്കളോ കാര്യമായി പരിഗണിച്ചുമില്ല. കാരണം, അവരിൽ പലർക്കുമറിയാമായിരുന്നു ഈ നാസിബുദ്ധിയുടെ ഉദ്ദേശം. അത് കൊണ്ട് തന്നെ അതിനെ പ്രതിഷേധ നിരയിലുള്ള നേതാക്കളും സംഘടനകളും വളരെ വിവേക പൂർവം മറികടന്നു എന്ന് വേണം കരുതാൻ.

ഇസ്‌ലാമോഫോബിയ ഗുണം ചെയ്‌തു;

2001 സെപ്റ്റംബർ 21-ൽ അമേരിക്കയിൽ, അന്താരാഷ്ട്ര ഭീകര സംഘടനയായ അൽ ഖാഇദ ആക്രമണത്തിന്‌ ശേഷം പൊതുപ്രയോഗമായി മാറിയ ഇസ്‌ലാമോഫോബിയ യൂറോപ്യൻ രാജ്യങ്ങളുടെ മനസ്സുകളിലും ഇന്ത്യൻ ഭൂരിപക്ഷ മനസ്സുകളിലും ഉറഞ്ഞു കിടക്കുന്നുണ്ട്. ” മുസ്ലിങ്ങൾക്ക് അങ്ങിനെ തന്നെ വേണം” എന്നൊരു ചിന്ത ലോക വ്യാപകമായി പടർന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ, സുപ്രധാന അന്തരാഷ്ട്ര സംഘടനകളിൽ നിന്നോ,  ബോധ്യപ്പെടുത്തലുകൾക്കപ്പുറം ശക്തമായ നടപടികൾ ഉണ്ടാകില്ല എന്നതും മുസ്‌ലിം സമൂഹത്തെ നിയമത്തിന് പുറത്ത് നിറുത്താൻ സഹായിച്ചു.
ഞാനോർക്കുകയാണ് ; ഇസ്‌ലാമോഫോബിയ എന്ന വാക്ക് രൂപം കൊണ്ട കാലത്ത്. ഇസ്‌ലാമോഫോബിയയെ നിർ‌വചിച്ചത്; ഇസ്‌ലാം വിശ്വാസത്തിനെതിരെ രൂപം കൊള്ളുന്ന വെറുപ്പിൽ നിന്ന് മുസ്‌ലിംകളോടുണ്ടാകുന്ന ഭയവും അനിഷ്ടവും., ഇത് മൂലം രാഷ്ട്രത്തിൻ്റെ സാമ്പത്തിക സാമുഹിക പൊതുജീവിതത്തിൽ നിന്നും മുസ്‌ലിംകളെ അവഗണിച്ചുകൊണ്ട് അവരോട് പ്രകടിപ്പിക്കുന്ന വിവേചനം. മറ്റു സംസ്കാരങ്ങളുമായി ഇസ്‌ലാമിന് ഒരു പൊതുമൂല്യവും ഇല്ല എന്നും പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോൾ മുസ്‌ലിംകൾ അധമരാണെന്നും അക്രാത്മക മത ആദർശമാണ്‌ ഒരു മതമെന്നതിലുപരി ഇസ്‌ലാമെന്നുമുള്ള മുൻ‌വിധി. ഈ മുൻവിധി സംഘപരിവാർ നേതാക്കളെയും ഒപ്പം അവരുടെ അണികളെയും പിടികൂടിയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം.

ദുരൂഹമാണ് പലതും; 

ഒട്ടനേകം ദുരൂഹതകളും ഈ നിയമം മുന്നോട്ടു വെക്കുന്നുണ്ട്. വോട്ടർപട്ടിക, ആധാറിൻ്റെ ആവശ്യകത, ഗ്യാസ് സബ്‌സിഡി ഉൾപ്പടെ അനേകം വിഷയങ്ങൾക്ക് ആയിരക്കണക്കിന് കോടികളുടെ പരസ്യം നൽകി ജനങ്ങളെ ബോധവൽക്കരിക്കുന്ന ഭരണകൂടം, ഭരണഘടനയുടെ അടിസ്ഥാന ശിലയെ ചോദ്യം ചെയ്യുന്ന ഈ വിഷയത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ല എന്നത് ദുരൂഹമാണ്. ലോക്‌സഭയുടെ ഭൂരിപക്ഷം അഥവാ മോദി ഭരണകൂടം 2016-ൽ ലോക്‌സഭയിൽ പാസാക്കിയ ഈ ബിൽ വളരെ തിടുക്കപ്പെട്ട് രാജ്യസഭയിൽ പാസ്സാക്കുക. (രാജ്യസഭയിലെ അനുകൂല വോട്ടിന് വേണ്ടി 500 കോടിയോളം ചൊരിഞ്ഞിട്ടുണ്ട് എന്നാണ് ഡൽഹി വൃത്തങ്ങളിൽ കേൾക്കുന്നത്.) രാഷ്ട്രപതി ഒരു ദിവസം കൊണ്ട് ഒപ്പ് വെക്കുക., അന്നേ ദിവസം തന്നെ ഗസറ്റിൽ പ്രസിദ്ധീകരിച്ച് നിയമമാക്കുക!!  പ്രതിരോധവും പ്രതിഷേധവും ആരംഭിച്ചപ്പോൾ ശുദ്ധ നുണകൾ പറഞ്ഞു കൊണ്ടിരിക്കുക, പരമോന്നത നീതിപീഠം; ഭരണഘടനാ വിഷയത്തിൽ, അതും രാജ്യമാകെ പ്രതിഷേധം കത്തുമ്പോൾ കേസുമായി ചെന്നവരോട് മഞ്ഞുകാലം കഴിഞ്ഞു വരൂ (!!??) എന്ന് പറയുക. വിവരമുണ്ടെന്ന് ഞാനുറച്ചു വിശ്വസിക്കുന്ന കുറെയേറെ നേതാക്കളും സാമൂഹിക പ്രവർത്തകരും കണ്ണടച്ച് ഇതിനെ അനുകൂലിക്കുക..എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ദുരൂഹത കൂടുന്നു.

അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുകയെന്നതാണ് ഈ നിയമ ഭേദഗതി കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നാണ് ബിജെപിയുടെയും സർക്കാരിന്‍റെയും സ്ഥിരവാദം. എന്നാൽ ഇത് എല്ലാ അയൽക്കാരുടെ കാര്യത്തിലും പരിഗണിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. റോഹിങ്ക്യൻ അഭയാർത്ഥികളെയും ബർമയിൽ നിന്നുള്ള ഹിന്ദുക്കളെയും നിയമത്തിൽ ഉൾപ്പെടുത്തിട്ടില്ല. ശ്രീലങ്കയിലെ വേട്ടയാടപ്പെടൽ കാരണം ഇന്ത്യയിൽ അഭയം തേടിയിട്ടുള്ള ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഈ നിയമം അവഗണിക്കുന്നു. അഹമദിയ മുസ്ലീം, ഷിയ തുടങ്ങിയ വിഭാഗങ്ങൾക്ക് പാകിസ്ഥാനിൽ കടുത്ത വിവേചനവും ക്രൂരതയുമാണ് നേരിടേണ്ടിവരുന്നത്. ഇവരെ സർക്കാർ പരിഗണിച്ചിട്ടില്ല. മുസ്ലീം ജനതയ്ക്ക് മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളിൽ അഭയം തേടാമെന്ന് പറയുന്ന സർക്കാരോ സംഘപരിവാർ നേതാക്കളോ ഇത്തരം യുക്തിഭദ്രമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ല. ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അവർ ചുക്കിനെ സംബന്ധിച്ചും ചക്കയെ സംബന്ധിച്ചും സംസാരിക്കും. ചർച്ചകൾ സ്വതന്ത്രമായി – സൂക്ഷ്‌മമായി വിലയിരുത്തുന്നവർക്കത് മനസിലാക്കാം.

രാജ്യാന്തര നീതിയും ആധുനിക മനുഷ്യത്വവും;  

വിവിധ രാജ്യങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തേക്ക് കടക്കുന്നവർ / കടന്നു വന്നവർ പലവിധമുണ്ട്; അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങൾ – Refugees അഥവാ അഭയാർത്ഥികൾ, Migrants അഥവാ കുടിയേറ്റക്കാർ എന്നീ രണ്ടു വിഭാഗമാണ് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് കുടിയേറുന്നവരിൽ പ്രധാനികൾ. Refugees അഥവാ അഭയാർത്ഥികൾ,  വിധികാരണം അനധികൃതമായി കടന്ന് വരുന്നവരും  Migrants അഥവാ കുടിയേറ്റക്കാർ കൂടുതൽ മെച്ചപ്പെട്ട ജീവിതം അന്വേഷിച്ചു നിയമപരമായി വരുന്നവരുമാണ്; ചെറിയ ശതമാനം നിയമപരമല്ലാതെയും വന്നിട്ടുണ്ടാകും. ഇതിലെ അഭയാർത്ഥികളുടെ അവസ്ഥ പരമ ദയനീയമായിരിക്കും. നമുക്ക് ചിന്തിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത വിധം വേദനകളും വേട്ടയാടപ്പെടലുകളും അനുഭവിച്ച് സ്വന്തം രാജ്യം മടുക്കുമ്പോഴോ, പ്രകൃതി ദുരന്തം, കലാപം, യുദ്ധം തുടങ്ങിയ കാരണങ്ങൾ കൊണ്ടോ പലായനം ചെയ്യുന്നവരാണ്. ഇവരാണ് നമ്മുടെ രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരിൽ മഹാ ഭൂരിപക്ഷവും.  ഇവരെ മതപരമായി വേർതിരിക്കുന്നത് കാടത്തമാണ്. ഇന്ത്യയെന്ന ആശയത്തിന് വിരുദ്ധമാണ്. ഇവരെ മനുഷ്യരായി മാത്രമാണ് പരിഗണിക്കേണ്ടത്. അതാണ്‌ ദൈവീകതയും മനുഷ്യത്വവും ആധുനിക-പുരോഗമന പ്രവർത്തന രീതിയും. അല്ലാതെ, മതം തിരിച്ചു ഇവരെ കാണാൻ പാടില്ല എന്നാണ് എൻ്റെ അഭിപ്രായം.

ഈ രണ്ടിലും പെടാത്ത ചില വിഭാഗങ്ങളുണ്ട്, തികച്ചും അനധികൃതമായും മാഫിയ-ഭീകര പ്രവർത്തനങ്ങളുടെ ഭാഗമായും രാജ്യാതിർത്തികൾ ലംഘിച്ചു കടന്നു കയറുന്നവർ. അവരെ പിടികൂടുകയും അനുയോജ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും വേണം. ഇനിയും രണ്ട് വിഭാഗമുണ്ട്, അതിലൊന്ന്; രഹസ്യാന്വേഷണങ്ങളുടെ ഭാഗമായി രാജ്യാതിർത്തികൾ ലംഘിക്കുന്നവർ. ഇവരെയും അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ശിക്ഷിക്കണം എന്നതിൽ തർക്കമില്ല. ഇനിയുള്ള വിഭാഗം; Human Trafficking Mafia  അഥവാ മനുഷ്യക്കടത്ത് സംഘങ്ങൾ കയറ്റി അയക്കുന്ന മനുഷ്യരാണ്. ഇവരിൽ വലിയ ശതമാനം ആളുകളും മാനുഷ്യക ദയയും ഭരണകൂട കരുണയും അർഹിക്കുന്നുണ്ട്. കാരണം, വിദ്യഭ്യാസമില്ലായ്‌മയും നിയമപരമായ അറിവില്ലായ്മയും മൂലം ഇത്തരം മാഫിയകൾ ആവശ്യപ്പെടുന്ന പണമുണ്ടാക്കിക്കൊടുത്ത് – മാഫിയ സംഘടിപ്പിച്ച്‌ നൽകുന്ന കപ്പലുകളിലോ വാഹനങ്ങളിലോ നമ്മുടെ രാജ്യത്ത് എത്തിച്ചേരുന്നവരാണിവർ.

നമ്മുടെ രാജ്യത്ത് നിന്നും വിവിധ രീതികളിൽ ഈ മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. നമുക്കോർമ്മകാണും; കഴിഞ്ഞ ജനുവരിയിൽ കേരളത്തിലെ മുനമ്പത്തു നിന്ന് മീൻപിടിത്ത ബോട്ടിൽ തമിഴ് വംശജരടക്കമുള്ളവരെ വിദേശത്തേക്ക്‌ കടത്തിയത്. ഡൽഹി, തമിഴ്നാട് കോളനികളിൽനിന്നുള്ള കൊച്ചു കുട്ടികളും സ്ത്രീകളും ഉൾപ്പടെ130 പേരെയാണ് ഈ രീതിയിൽ കടത്തിയത്. നാമറിയാതെ എത്രയോ മനുഷ്യക്കടത്തുകൾ ഇന്ത്യയിൽ നിന്ന് വേറെയും നടക്കുന്നുണ്ട്. ഇവരെ ന്യൂസിലൻഡിലേക്കോ ഓസ്‌ട്രേലിയയിലേക്കോ ആണ് കടത്തിയിരിക്കുക എന്ന് രാജ്യാന്തര ഏജൻസികൾ ഉൾപ്പടെ പറയുന്നു. ഇവരിൽ പലരും ഈ ഉദ്യമത്തിൽ കൊല്ലപ്പെടുകയോ മരണപ്പെടുകയോ ചെയ്യും. ബാക്കി വരുന്നവർ ചിലപ്പോൾ ലക്ഷ്യത്തിൽ എത്തിയേക്കും. കിടപ്പാടം വിറ്റും അതുവരെയുള്ള സമ്പാദ്യങ്ങൾ പൂർണ്ണമായും ചിലവഴിച്ചും മനുഷ്യക്കടത്ത് മാഫിയകളുടെ ഇരകളായി മാറുന്ന ഈ സാധുക്കളോട് ഓരോ രാജ്യവും ദയ കാണിക്കേണ്ടതുണ്ട്. ലോകമാകമാനം നമുക്ക് ഇത്തരം വാർത്തകൾ കേൾക്കാം; വിമാനത്തിൻ്റെ രഹസ്യ ഭാഗങ്ങളിൽ കയറിപ്പോയി വഴിയിൽ വീണു മരിച്ചു പോകുന്നവർ, കണ്ടൈനർ ലോറികളിൽ ശ്വാസം മുട്ടി മരിക്കുന്നവർ… കപ്പലുകളുടെ ചരക്കു കയറ്റുന്ന സ്ഥലങ്ങളിൽ ശ്വാസം മുട്ടി മരിച്ചവർ…ഇത്തരം നിരവധി വാർത്തകളിലൂടെ ലോക വ്യാപകമായ മനുഷ്യക്കടത്ത് നമുക്കിന്ന് സുപരിചിതമാണ്.

ഇനിയുള്ള ചെറിയ ശതമാനം; വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടും നിയമവിരുദ്ധ വഴികൾ തെരഞ്ഞെടുക്കുന്ന ആളുകൾ. പണം ലാഭിക്കാനോ, നിയമപരമായ വഴിയിലൂടെ പോകുമ്പോഴുള്ള കാത്തിരിപ്പ് സമയം ലാഭിക്കാനോ അതുമല്ലങ്കിൽ പ്രസ്‌തുത രാജ്യത്ത് കുറ്റവാളി ആയത് കൊണ്ടോ നിയമ വിരുദ്ധ വഴികൾ സ്വീകരിക്കുന്നവർ. സന്ദർശക വിസയിൽ വന്ന് സമയ പരിധി കഴിഞ്ഞും തിരിച്ചു പോകാത്തവർ … ഇത്തരക്കാരോടും അനുകമ്പ വേണമെന്ന് പറയുന്നില്ല. പക്ഷെ, – Refugees അഥവാ അഭയാർത്ഥികളോടും Migrants അഥവാ കുടിയേറ്റക്കാരോടും നാം ദയയും കരുണയും കാണിക്കേണ്ടതുണ്ട്. ഇതിൽ തന്നെ, – Refugees അഥവാ അഭയാർത്ഥികളെ അതീവ കരുതലോടെ നാം സ്വീകരിക്കേണ്ടതുണ്ട്. അവരെ മതം തിരിച്ച് കാണാൻ പാടില്ല. അതാണ് രാജ്യാന്തര നീതിയും ആധുനിക മനുഷ്യത്വവും.