മരിച്ചവർക്കായി ഒരുപിടി മണ്ണ് !

538

ഒരു പിടി മണ്ണ്..  (മുരളി തുമ്മാരുകുടി എഴുതുന്നു )

ബോംബ് പൊട്ടി മരിച്ചു കഴിഞ്ഞാൽ പലപ്പോഴും ശവശരീരം പോലും കിട്ടില്ല എന്നും, കൂടിക്കിടക്കുന്ന മുടിയോ തൊലിയോ ഒക്കെ ഡി എൻ എ പരിശോധന നടത്തിയാണ് ആളുകൾ മരിച്ചു എന്ന് ഉറപ്പാക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും. അതെ സമയം സ്വന്തം ആളുകൾ മരിച്ചു കഴിഞ്ഞാൽ ഒരു സർട്ടിഫിക്കറ്റ് ഇ മെയിൽ ആയി വന്നത് കൊണ്ടൊന്നും വീട്ടുകാർക്ക് മരണം അംഗീകരിക്കാൻ പറ്റില്ല. അതുകൊണ്ടാണ് അകത്തൊന്നുമില്ലെങ്കിലും ഒരു പെട്ടിയൊക്കെ നാട്ടിലേക്ക് അയക്കുന്നത്.

എത്യോപ്യൻ വിമാനാപകടം പോലുള്ള സാഹചര്യത്തിൽ ഒരു ഗുണം ഉള്ളത് ആരായിരുന്നു വിമാനത്തിൽ ഉള്ളത് എന്നതിൽ ഒരു തർക്കവും ഇല്ല. പക്ഷെ എല്ലാം കത്തി ചാമ്പലായതിനാൽ ആരെയും പ്രത്യേകിച്ച് തിരിച്ചറിയാൻ ഒന്നും പറ്റില്ല. അതുകൊണ്ടു തന്നെ എത്യോപ്യൻ ഗവൺമെൻറ് ബന്ധുക്കൾക്ക് അപകട സ്ഥലത്തു നിന്ന് ഒരു പിടി കത്തിക്കരിഞ്ഞ മണ്ണ് കൊടുത്തയക്കാം എന്ന് പറയുന്നത്. സത്യത്തിൽ അർഥം ഒന്നും ഇല്ലെങ്കിലും ആളുകളെ വികാരങ്ങളിൽ ഇതിനൊക്കെ വലിയ കാര്യം ഉണ്ട്.

ഏറ്റവും കഷ്ടം പക്ഷെ മലേഷ്യൻ എയർ ലൈൻ പോലെ വിമാനം കാണാതാവുക എന്നതാണ്. ഇത് വൈകാരികമായും പ്രായോഗികമായും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. നമ്മുടെ സ്വന്തം ആരും ഇല്ലെങ്കിൽ “ഓ അവരൊക്കെ മരിച്ചു കാണും” എന്ന് നമ്മൾ വേഗത്തിൽ ആശ്വസിക്കും. പക്ഷെ നമ്മുടെ മക്കളൊക്കെ ഉണ്ടെങ്കിൽ നമ്മൾ ഒരു കാരണവശാലും അതൊന്നും അംഗീകരിക്കില്ല. എങ്ങനെ എങ്കിലും എവിടെ എങ്കിലും അവർ ജീവനോടെ ഇരിപ്പുണ്ടാകും എന്നതൊക്കെ ആയിരിക്കും ചിന്ത, അങ്ങനെ ആയിരിക്കും വിശ്വസിക്കാൻ ശ്രമിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടിൽ ഉറുഗ്വായിയൻ എയർ ഫോഴ്‌സ് വിമാനം അപകടത്തിൽ പെട്ട് എഴുപത്തി രണ്ടു ദിവസം കഴിഞ്ഞാണ് അതിൽ നിന്നും രക്ഷപെട്ടവരെ കണ്ടെത്തിയത് (അപ്പോഴേക്കും കൂടുതൽ പേരും മരിച്ചിരുന്നു, ബാക്കി ഉള്ളവർ ആകട്ടെ മരിച്ചവരുടെ മാംസം കഴിച്ചാണ് ജീവൻ നില നിർത്തിയത്). കടലിൽ അപകടത്തിൽ പെട്ടിട്ട് 438 ദിവസം കഴിഞ്ഞു രക്ഷ പെട്ട മെക്സിക്കോയിലെ മുക്കുവന്റെ കഥയും ഒക്കെ ആണ് അവർ ഓർക്കുന്നത്. മന്ത്രിമാരുടെ അടുത്തും ജ്യോൽസ്യന്മാരുടെ അടുത്തും അവർ ഓടി നടക്കും. രണ്ടായിരത്തി നാലിലെ സുനാമിയിൽ നഷ്ടപ്പെട്ട കുട്ടികളെ നോക്കി അച്ഛനമ്മമാർ ഇന്നും നടക്കുന്നുണ്ട്. ഒരു മാതാപിതാക്കൾക്കും മക്കൾ നഷ്ടപ്പെട്ടു എന്നെങ്ങനെ ചുമ്മാ ചിന്തിച്ച് ഉറങ്ങാൻ പറ്റില്ല. ഇതുകൊണ്ടാണ് മലേഷ്യൻ അപകടം പോലെ എന്ത് സംഭവിച്ചു എന്ന് ഉറപ്പില്ലാത്ത സംഭവങ്ങൾ ആളുകൾ മരിച്ചു എന്നറിയുന്ന അപകടങ്ങളെക്കാൾ ബുദ്ധിമുട്ടായി വരുന്നത്.

മാനസിക പ്രശ്നം മാത്രമല്ല, പ്രായോഗിക പ്രശ്നം കൂടി ഉണ്ട്. ഇന്ത്യയിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരാൾ ആ വിമാനത്തിൽ ഉണ്ടായി എന്ന് കരുതുക. മരണം ഉറപ്പല്ലാത്തതിനാൽ ആഴ്ചകളോളമോ മാസങ്ങളോളമോ സർക്കാർ മരണ സർട്ടിഫിക്കറ്റ് നൽകില്ല. അയാളുടെ മരണ സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെ കമ്പനിക്ക് അയാളുടെ മരണാനന്തര ആനുകൂല്യങ്ങൾ ഒന്നും കൊടുക്കാൻ പറ്റില്ല. സർട്ടിഫിക്കറ്റ് വരുന്നത് വരെ അയാൾ ജീവിച്ചിരിക്കുന്നതായി കരുതുകയും എന്നാൽ ഓഫിസിൽ വരുന്നില്ല എന്ന് ചിന്തിക്കുകയും വേണം. അപ്പോൾ അവർക്ക് ശമ്പളം നൽകാമോ ? നമ്മുടെ കമ്പനികൾ ആണെങ്കിൽ അവരെ “അവധി എടുക്കാതെ ഓഫിസിൽ വരാത്തതിന് അച്ചടക്ക നടപടി വരെ എടുത്തേക്കും !. ശമ്പളം ബാങ്കിൽ ഇട്ടാൽ തന്നെ കുടുംബത്തിന് അത് ഉപയോഗിക്കാൻ പറ്റില്ല കാരണം ആൾ മരിച്ചു എന്ന് സർട്ടിഫിക്കറ്റ് ഇല്ലാത്തിടത്തോളം കാലം അക്കൗണ്ട് നോമിനികൾക്ക് ഉപയോഗിക്കാൻ പറ്റില്ല. നാട്ടിൽ കുറച്ചു സ്ഥലം ഉണ്ടെങ്കിൽ അതൊന്നു വില്കാമെന്നു കരുതി മലേഷ്യൻ വിമാനത്തിലെ ടിക്കറ്റും അപകടത്തിൻ്റെ പത്ര വാർത്തയും ആയി നാട്ടിലെ രെജിസ്ട്രേഷൻ ഓഫിസിൽ ചെല്ലുന്ന ആൾക്ക് കിട്ടുന്ന മറുപടി നിങ്ങൾ തന്നെ ചിന്തിച്ചു നോക്കിയാൽ മതി,

നല്ല ഒരു ഞായറാഴ്ച ആയിട്ട് എല്ലാവരുടെയും മൂഡ് കളയാൻ പറഞ്ഞതാണ് കേട്ടോ. ഒട്ടും വിഷമിക്കേണ്ട. കാര്യങ്ങൾ അല്പം കൂടി വിഷമിപ്പിച്ചു തരാം. കാരണം ഈ ലേഖനം വായിച്ചിട്ട് ചുമ്മാതെ അങ്ങ് പോയാൽ പോരാ. വിമാനയാത്ര ചെയ്യുന്നവർ ഒക്കെ ഈ കാര്യങ്ങൾ സ്വന്തം വീട്ടിൽ ചർച്ച ചെയ്യണം. ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ എങ്ങനെ ആണ് ആ സാഹചര്യത്തെ ഭാര്യ/ഭർത്താവ്, അച്ഛൻ/ അമ്മ , മക്കൾ ഇവരൊക്ക നേരിടേണ്ടത് ?. ഇതൊക്കെ മറ്റുള്ളവർക്ക് മാത്രം ബാധകം ആണെന്ന് കരുതരുത്. എൻ്റെ സഹപ്രവർത്തകർ ഉൾപ്പടെ ആ വിമാനാപകടത്തിൽ മരിച്ച ആരും അതവരുടെ അവസാന യാത്ര ആണെന്ന് കരുതിയിട്ടില്ല. എപ്പോഴും പറയുന്നത് പോലെ ദുരന്തങ്ങൾ മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. സമാധാനത്തിൽ അല്പം വിയർത്താൽ യുദ്ധകാലത്ത് ചോര പൊടിയുന്നത് ഒഴിവാക്കാം എന്ന് കേട്ടിട്ടില്ലേ.

ഓ, കുറെ പേരുടെ മനസ്സമാധാനം കളഞ്ഞപ്പോൾ എന്തൊരാശ്വാസം. പോയി ബ്രേക്ക് ഫാസ്റ്റ് കഴിക്കട്ടെ. ഇന്ന് വൈകീട്ട് ആറുമണിക്ക് ജനീവയിലെ സ്റ്റാർബക്സിൽ ചായ് പേ ചർച്ച ഉണ്ട്. നാട്ടിലെ ലിസ്റ്റ് ഒക്കെ ആയല്ലോ. ഒന്ന് രണ്ടു ബെറ്റ് ഒക്കെ വക്കണം.

Advertisements
Previous articleതിയേറ്ററിലെ ഭൂകമ്പം
Next articleമധുപാലിന്റെ ‘എന്റെ പെൺനോട്ടങ്ങൾ’ (വായന)
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.