വിഷയത്തിലേക്ക് വരും മുമ്പ് ചിലകാര്യങ്ങള്‍ പറയട്ടെ, നമ്മുടെ നാടിനു ചില എഴുതപ്പെടാത്ത നിയമങ്ങളുണ്ട് അത് ഏകദേശം ഇങ്ങനെയായിവരും:
റോഡ് വേണം – ടോള്‍ പാടില്ല.
സ്വകാര്യ കുത്തകമുതലാളിയെ അടുപ്പിക്കരുത് – എല്ലാം സര്‍ക്കാര്‍ ചെയ്യണം.
നികുതി കൂട്ടരുത് – ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കണം.
റോഡ് വീതി കൂട്ടണം – എന്റെ സ്ഥലം എടുക്കാന്‍ പാടില്ല.
മരിക്കുവോളം പെന്ഷന് കാശ് വേണം – സര്‍ക്കാര്‍ സഹായ ഫണ്ടുകള്‍ ഇറക്കുന്നില്ലെന്നു കുറ്റം പറയണം.
വികസനം വേണം – വ്യവസായം അരുത്.
മികച്ച സൗകര്യങ്ങള്‍ വേണം – സമരം ചെയ്തു കല്ലെറിഞ്ഞു തകര്‍ക്കുകയും വേണം.
നമ്മുടെ നാട്ടിലെന്താ പണം കായ്ക്കുന്ന മരം വല്ലതുമുണ്ടോ..!? ഗള്‍ഫിലെ പോലെ കുഴിച്ചാല്‍ കിട്ടുന്ന പെട്രോള്‍ കാശുണ്ടോ! ആകെ വരുമാനം ജനങ്ങള്‍ കൊടുക്കുന്ന നികുതിയും കുടിച്ചു തീര്‍ക്കുന്ന മദ്യക്കാശും മാത്രമാണ്.
സര്‍ക്കാര്‍ വരുമാനത്തിന്റെ എണ്‍പത് ശതമാനവും പെന്ഷന് കൊടുക്കാനായിട്ടാണ് ചിലവാക്കുന്നത്. ബാക്കി കാശുകൊണ്ട് മുകളില്‍ പറഞ്ഞെതെല്ലാം നടത്തുകയും വേണം. ഒരു പാര്‍ട്ടിയെയും അനുകൂലിക്കുന്നില്ല, ഒന്ന് നിഷ്പക്ഷമായി ചിന്തിച്ചു നോക്കൂ, അത്രയും കാശ് ജനങ്ങളിലെ ഒരു വിഭാഗത്തിനു മാത്രം ചിലവാക്കുന്നത് ന്യായമാണോ? അവരെപ്പോലെ തന്നെയല്ലേ ഓരോ പൗരനും. ഓരോ പൗരനും അവകാശപ്പെട്ട പണമല്ലേ അത്? നമ്മള് വീടിനും റോഡിനും മുതല്‍ അമ്പതു പൈസയുടെ കവര്‍ വാങ്ങുമ്പോള്‍ പോലും കൊടുക്കുന്ന നികുതിയല്ലേ അത്?
ഒരു ജനാധിപത്യ മുതലാളിത്ത വ്യവസ്ഥിതിയില്‍, എല്ലാ പൌരന്മാര്ക്കും തുല്യമായ അവകാശവും അര്‍ത്ഥവും ഉറപ്പാകണം. എല്ലാവരുടേയും വാര്‍ദ്ധക്യം സുരക്ഷിതമാകണം. ഇതൊക്കെ സാദ്ധ്യമാകണമെങ്കില്‍, ഈ മാറ്റങ്ങള്‍ ഉണ്ടായേ പറ്റൂ.
സര്‍ക്കാര്‍ ഓഫീസുകളില്‍ എന്നോട് ആകെ നന്നായി പെരുമാറി എന്ന് പറയാന്‍ ഉള്ളത് ഒന്ന് അധ്യാപകരും മറ്റൊന്ന് അംഗനവാടി ടീച്ചര്‍മാരും ആണ്. തപാല്‍ ഓഫീസുകള്‍ കുഴപ്പമില്ല എങ്കിലും കത്ത് കൊണ്ടുവന്നാല്‍ പലപ്പോഴും തല ചൊറിഞ്ഞു നില്ക്കും. കൈക്കൂലിക്ക് വേണ്ടി. ഈ അവസരത്തില്‍ എന്റെ ഒരു അനുഭവം കൂടി പങ്കു വെക്കട്ടെ, എന്റെ ഒരു ബന്ധു , പാവപ്പെട്ട ഒരാളാണ്. മഴക്കാലത്ത് വെള്ളം കയറി വീട് മുങ്ങി അവസാനം തകര്‍ന്നു പോയി. പേപ്പറില്‍ ഫോട്ടോയൊക്കെ വന്ന്. ആ പേപ്പര്‍ കട്ടിങ്ങും മറ്റും വെച്ച് പഞ്ചായത്തിന് അപേക്ഷ കൊടുത്ത്, വീട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പതിനായിരം രൂപ പാസ്സായി. കയ്യില്‍ കിട്ടിയത് ആകെ ഏഴായിരം. അപേക്ഷ കൊടുത്ത് മേലധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് ആയിരം രൂപ ആദ്യമേ കൈക്കൂലിക്ക് ചിലവായിരുന്നു. ബാക്കി ആറായിരം എന്ന് കണ്ടപ്പോ ആ സാധു ഗ്രാമസഭയ്ക്ക് പോയപ്പോള്‍ ആ കാശ് പഞ്ചായത്ത് മെമ്പറുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഇതൊക്കെ ഒറ്റപ്പെട്ട സംഭവം ആയിരിക്കാം. പക്ഷെ ആ ഒറ്റ സര്‍ക്കാര്‍ ജോലിക്കാരന് കാരണം എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരാണ് മോശം ആവുന്നത്.!
സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കുന്നത് അധികവും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആണ്. എല്ലാ പാര്‍ട്ടിക്കാര്‍ക്കും അവരുടെ ആളുകളെ ഉദ്യോഗസ്ഥര്‍ ആയി വാഴിക്കണം എന്നതാണ് ലക്ഷ്യം.
എങ്കിലും ഈ നിയമത്തില്‍ ഭേദഗതി വേണം എന്നെനിക്കു അഭിപ്രായം ഉണ്ട്. എന്ന് വെച്ചാല്‍ സര്‍ക്കാര്‍ സര്‍വ്വീസിന് ശേഷമോ അതിനിടയിലോ അപകടം സംഭവിച്ചാലോ മറ്റോ അവര്‍ക്ക് പഴയ പെന്ഷന് നിയമ പ്രകാരം പെന്ഷന് കൊടുക്കണം എന്ന്. അത് ആവിശ്യമാണ് താനും. പക്ഷെ അതിനു വേണ്ടി അല്ലല്ലോ സമരം ജനങ്ങള്‍ നികുതി കൊടുക്കുന്ന എണ്‍പത് ശതമാനം കാശും ഞങ്ങള്‍ക്ക് പെന്‍ഷനായി കിട്ടണം എന്ന ഒട്ടും ജനാധിപത്യ യോഗ്യമല്ലാത്ത ഒരു ആശയത്തിന് വേണ്ടിയാണ് ഈ സമരം എന്നെനിക്കു തോന്നുന്നു. മറ്റൊരു കാര്യം കൂടി, ഇന്ത്യയില്‍ പ.ബംഗാള്‍, ത്രിപുര, കേരളം ഈ മൂന്ന് സംസ്ഥാനങ്ങളിലൊഴികെ പങ്കാളിത്ത പെന്ഷന് സമ്പ്രദായമാണ്. അവിടെയൊന്നും ഒരു കുഴപ്പവുമില്ല.
രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് മാത്രം ഈ അന്യായ സമരത്തെ അനുകൂലിക്കേണ്ടി വന്നവരോട് എനിക്ക് പറയാന്‍ ഒന്നേയുള്ളൂ ; അന്ധമായത് രാഷ്ട്രീയം ആണേലും മതം ആണേലും നമുക്ക് ന്യായീകരിക്കേണ്ടി വരുന്ന അവസ്ഥ നമ്മളുടെ വ്യക്തിത്വത്തെയും അതോടൊപ്പം സമൂഹത്തെയും നശിപ്പിക്കും.
പിന്തിരിപ്പന് നയങ്ങളില്‍ കേരളം വഴികാട്ടിയാണ്, ഒന്നും കിട്ടിയില്ലെങ്കിലും വോട്ടു ചെയ്തോളും. ആ കാര്യത്തില്‍ മികച്ച മാതൃകയാണ് കേരളം. അയല്പക്കത്തേക്ക് നോക്കൂ, കിട്ടിയാലേ വോട്ടുള്ളൂ എന്നാ അവസ്ഥയാണ്. അത് കൊണ്ടെന്താ, ജനങ്ങള്‍ വളരെ സന്തുഷ്ട്ടരായി ജീവിക്കുന്നു. രസകരമായ ഒരു അനുഭവം പറയട്ടെ, പാലക്കാട് ജില്ലയിലുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എനിക്കറിയാവുന്ന പലരും ഇടയ്ക്കിടെ പാലക്കാട് നിന്നും കോയമ്പത്തൂര്‍ പോയി രണ്ടു രൂപയുടെ അരി നാല് രൂപയ്ക്ക് അവിടുത്തെ അവിടുള്ള ആളുകളില്‍ നിന്നും വാങ്ങുന്നു.! ആദ്യമൊക്കെ മണ്ടത്തരം എന്ന് പറഞ്ഞ് തള്ളി എങ്കിലും കണക്കു നോക്കിയപ്പോള്‍ അവരാണ് ശരി. ഞാന്‍ മണ്ടന്‍ തന്നെ. എന്തെന്ന് വെച്ചാല്‍ ട്രെയിന്‍ യാത്രയുടെ കാശ് പോയാലും കാശ് ലാഭം തന്നെയാണ്. കേരളത്തില്‍ റേഷന്‍ കടയില്‍ അരിയില്ല. പുറത്ത് പോയാല്‍ മുപ്പതു രൂപയോളം വിലയുള്ള അരി വാങ്ങേണ്ടി വരുന്നു. മുപ്പതുരൂപ എവിടെക്കിടക്കുന്നു, നാലുരൂപ എവിടെക്കിടക്കുന്നു!!! തമിഴ്നാട്ടില്‍ സാധങ്ങള്‍ക്കൊക്കെ വില കുറവ്. അവിടെ തമിഴ്നാട്ടില്‍ , ലാപ് ടോപ് ടി വി. ഇങ്ങനെ തിരഞ്ഞെടുപ്പ് സമ്മാനം പോരാഞ്ഞ്, മികച്ച ഓവര്‍ ബ്രിട്ജുകള്‍ പാലങ്ങള്‍ റെയില്‍ സംവിധാനങ്ങള്‍ തുടങ്ങി പോതുമെഖലകളില് മികച്ച പ്രകടനങ്ങള്‍ . ഇനി കൈക്കൂലി ആണേല്‍ പോലും കേരളത്തില്‍ നൂറു കൊടുക്കേണ്ടിടത്ത് വെറും പത്തുരൂപ കൊടുത്താല്‍ അവിടുത്തുകാര്‍ സന്തുഷ്ട്ടരാണ്. നമ്മുടെ നാട് ഇങ്ങനെ ആയിത്തീര്ന്നതില് നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ പ്രഭുക്കന്മാര്‍ക്കുള്ള പങ്ക് ചെറുതല്ല എന്നോര്‍മ്മിക്കുക.
എന്തൊക്കെ പറഞ്ഞാലും സര്‍ക്കാര്‍ ജോലി എന്നപേരില്‍ സര്‍ക്കാര്‍ വരുമാനത്തിന്റെ എണ്‍പത് ശതമാനം വായില്‍ തിരുകിക്കൊടുക്കുന്നതിനോട് യോജിക്കാനാവില്ല. അത് ജനങ്ങളുടെ പണമാണ്. ആരൊക്കെ കട്ട് മുടിക്കുന്നു എന്ന് പറഞ്ഞാലും, ഭാവിയില്‍ അങ്ങനെ കട്ടുമുടിക്കാത്തൊരു സര്‍ക്കാര്‍ വന്നാല്‍ ഭരിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കും പണം നമ്മുടെ ഖജനാവില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയുന്നൊരു നിയമം ആണിത്. സര്‍ക്കാര്‍ ഓഫീസില്‍ പോയാല്‍ നമ്മള് അങ്ങോട്ട് സാറേ സാറേ വിളിച്ച് അവരുടെ കയ്യും കാലും പിടിക്കുന്നതല്ലേ, ഈ പണമൊക്കെ കാലുപിടിക്കുന്ന പൌരന്റെ കൂടി പണമാണ് എന്ന് ഓര്‍മ്മിക്കാതെ . നിയമം വരെട്ടെ. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ രക്ഷപ്പെട്ടു എന്നും പറഞ്ഞ് നടക്കുന്ന ആളുകള്‍ ഒക്കെ പ്രൈവറ്റ് കമ്പനികളില്‍ എത്തുന്ന പോലെ കഴിവ് കൊണ്ട് ജോലി തരപ്പെടുത്തട്ടെ. ജോലി കിട്ടിയിട്ട് വേണം ലീവെടുത്ത് വിദേശത്തു പോയി പത്ത് പുത്തനുണ്ടാക്കാന്‍ എന്ന ചിന്ത കൊണ്ടുനടക്കുന്ന നീചന്മാരായ (നീചന്മാരെയാണ് ഉദ്ദേശം) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ കാശിനെ അര്‍ഹിക്കുന്നേയില്ല. നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇല്ലെന്നു പറയുന്നില്ല പക്ഷെ ആ നല്ല ഉദ്യോഗസ്ഥര്‍ പോലും തന്റെ ഓഫീസുകളില്‍ നടക്കുന്ന അഴിമതികളെ എതിര്‍ക്കുന്നില്ല എന്നത് അവരും കൂടി ആ തെറ്റിന് പരോക്ഷമായി കൂട്ടുനില്‍ക്കുന്നു എന്നതാണ് സത്യം. മനസ്സ് തൊട്ടു പറയുന്നു, പങ്കാളിത്ത പെന്ഷന് എന്ന നിയമം സ്വാഗതാര്‍ഹാമാണ്. ജനങ്ങളുടെ പണം ഒരു വിഭാഗം മാത്രം ഒറ്റയ്ക്ക് തിന്നേണ്ട വിഭവമല്ല.
ഓഫ് ടോപിക്: ഒട്ടും രാഷ്ട്രീയ ലക്ഷ്യമില്ലാത്ത പോസ്റ്റ് ആണിത്. ജനങ്ങളുടെ കാശിന്റെ മുക്കാല്‍ ഭാഗത്തിലധികം ഒരു വിഭാഗം അനുഭവിക്കുന്നു എന്ന് കേട്ടപ്പോഴുള്ള ഒരു സാദാ പൗരന്റെ ആത്മരോഷം മാത്രമാണിത്. എന്നെപ്പോലെ ഒരുപാട് പേരുടെയും. രാഷ്ട്രീയ ലക്ഷ്യമാണ് പോസ്റ്റിനു കാരണം എന്നുപറഞ്ഞു ഈ രാഷ്ട്രീയമില്ലാത്ത ലേഖകനെ ക്രൂശിക്കരുത് എന്നഭ്യര്തിക്കുന്നു. അപ്പൊ ലാല്‍ സലാം.