ഇവിടെ ഇപ്പോൾ എല്ലാം സ്വാഭാവികമാണ്‌, ഇവിടെ എല്ലാവർക്കും സുഖമാണ്‌

167

Minesh Ramanunni

ഒരുപാടു ജനങ്ങൾ നിൽക്കുന്ന തെരുവിലൂടെ ഒരാൾ മറ്റൊരാളുടെ ബാഗ്‌ തട്ടിയെടുത്ത്‌ ഓടുന്നു എന്നു കരുതുക. സാധാരണ ഗതിയിൽ ആളുകൾ ആ കള്ളനെ നോക്കി ഒച്ച വെക്കും. കഴിയുന്നവർ അയാളെ പിടിക്കാൻ നോക്കും. അവിടെ നിയമ പാലകർ ഉണ്ടെങ്കിൽ അവർ ഇടപെടും. മാധ്യമങ്ങൾ അത്‌ റിപ്പോർട്ട്‌ ചെയ്യും . അതാണു സ്വാഭാവികമായും സംഭവിക്കേണ്ടത്‌. പക്ഷേ ഇവിടെ ഒരു നാട്ടിൽ അതൊക്കെ അസ്വാഭാവികമായി മാറുകയാണു .

— —2—–

ഇരുപത്‌ ലക്ഷം ജനങ്ങൾ താമസിക്കുന്ന ഒരു പ്രദേശത്തു നിന്ന് മൂന്നു മാസത്തിലധികമായി കാര്യമായ വാർത്തകൾ ഒന്നുമില്ലെന്നത്‌ സാധാരണ നിലയിൽ ഒരു അസ്വാഭാവികതയാണ്‌. അവിടുത്തെ മുൻ ഭരണാധികാരികൾ എല്ലാം വീട്ടു തടങ്കലിലാണ്‌ എന്നത്‌ ജനാധിപത്യ ബോധമുള്ള മനുഷ്യരെ അലോസരപ്പെടുത്തേണ്ടതാണ്‌. അവരുടെ സഞ്ചാര സ്വാതന്ത്ര്യവും വാർത്താ വിനിമയ സ്വാതന്ത്ര്യവും കർശ്ശനമായി നിയന്ത്രിക്കപ്പെടുന്നതിൽ പ്രതിഷേധം ഉയരേണ്ടതാണ്‌ . പക്ഷേ ഈ അസ്വാഭാവികതകൾ ഇപ്പോൾ നമുക്ക്‌ സ്വാഭാവികതകളാണ്.

—–3——

സമാനമായി മറ്റൊരു പ്രദേശത്തെ ഏകദേശം ഇരുപതു ലക്ഷം മനുഷ്യർ പൗരത്വം തെളിയിക്കാൻ നെട്ടോട്ടമോടുകയാണു. ഔദ്യോഗികമായി അവർ ഇത്രയും കാലം ജീവിച്ച നാട്ടിലെ പൗരന്മാരല്ല . അവരെ മറ്റൊരു രാജ്യവും സ്വീകരിക്കുകയുമില്ല. അതിൽ പട്ടാളക്കാരനും ജന പ്രതിനിധിയുമൊക്കെപെടും. അവർക്കായി ഡിറ്റൻഷൻ സെന്ററുകൾ ഉയരുകയാണ്‌. അതും ഇപ്പോൾ സ്വാഭാവികതയാണ്‌.

——4——
അവിടെ നൂറ്റാണ്ടുകളായി നില നിന്ന ഒരു ആരാധനാലയം പൊളിച്ചു മാറ്റപ്പെടുന്നു. പൊളിച്ച്‌ മാറ്റിയത്‌ തെറ്റാണെന്നു വിധിച്ച നീതി പീഠം പക്ഷേ ആ നാനൂറ്റിചില്വാനം വർഷം ആ ആരാധനാലയം നിലകൊണ്ട സ്ഥലം അത്‌ പൊളിച്ചവർക്ക്‌ വിട്ടു കൊടുക്കുന്നു. യാതൊരു അസ്വഭാവികതയും തോന്നാത്ത വിധം അതും ഇപ്പോൾ സ്വാഭാവികതയാണ്‌.

——5——

ഇവിടെയിപ്പോൾ ജനപ്രതിനിധികളെ വാങ്ങുന്നതും വിൽക്കുന്നതും സ്വാഭാവികതയാണ്‌. അത്‌ ചാണക്യ തന്ത്രമാണത്രേ. ഒരു ചിഹ്നത്തിൽ വോട്ട്‌ നേടിയയാൾ ജയിച്ച്‌ പാർട്ടി മാറാതിരിക്കാൻ റിസോട്ടിൽ പൂട്ടിയിടേണ്ടി വരുന്നതിൽ ആർക്കും അദ്ഭുതമില്ലത്രേ. രാഷ്ട്രത്തലവൻ മുതൽ താഴോട്ടുള്ളവരൊക്കെ അധികാര ദുർവ്വിനിയോഗം നടത്തുന്നതും സ്വാഭാവികമാണത്രേ.

ഇവിടെ ഇപ്പോൾ എല്ലാം സ്വാഭാവികമാണ്‌. ഇവിടെ എല്ലാവർക്കും സുഖമാണ്‌.