വിവരങ്ങൾക്ക് കടപ്പാട്

ലൈംഗിക സുഖം, പ്രത്യുൽപ്പാദനം അല്ലെങ്കിൽ ഇവ രണ്ടിനും വേണ്ടി സ്ത്രീയുടെ യോനിയിൽ പുരുഷന്റെ ലിംഗം പ്രവേശിപ്പിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന ശാരീരിക പ്രവർത്തനമാണ് ലൈംഗികബന്ധം. മനുഷ്യരിൽ പുനരുൽപാദനത്തിന്റെ പ്രാഥമിക രീതികളിൽ ഒന്നാണിത്. പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് ബീജം കൈമാറ്റം സാധിക്കുവാനായി മനുഷ്യരുൾപ്പെടെ പല ജീവിവർഗങ്ങളിലും ലൈംഗികബന്ധം പ്രത്യുൽപാദനത്തിനുള്ള ഒരു ഉപാധിയായി വർത്തിക്കുന്നു.

ലൈംഗിക ബന്ധത്തിൽ രണ്ട് പങ്കാളികൾക്കും സാധാരണയായി സുഖകരമായ സംവേദനങ്ങൾ അനുഭവപ്പെടുകയും രതിമൂർച്ഛയിൽ എത്തുകയും ചെയ്യും. ഈ പ്രക്രിയയിൽ ഉത്തേജനം, ലിംഗത്തിന്റെ ഉദ്ധാരണം, യോനിയിലെ നനവ്, താളാത്മകമായ ചലനങ്ങൾ എന്നിവ ഉൾപ്പെടുന്നു. അടുപ്പം പ്രകടിപ്പിക്കാനും വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ലൈംഗികപരമായ സുഖം അനുഭവിക്കാനുമുള്ള ഒരു മാർഗമായി ലൈംഗികബന്ധം കണക്കാക്കപ്പെടുന്നു.

ലൈംഗിക ബന്ധവും സന്തോഷവും

ജീവിവർഗങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന അടിസ്ഥാനപരമായ ഒരു അടിസ്ഥാന ചോദനയാണ് ലൈംഗികത (Sexuality). ഇതവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. സാമൂഹികവും മാനസികവും ജനിതകപരവുമായ മറ്റനേകം ഘടകങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ജെൻഡറുമായി ഇത് വളരെധികം ചേർന്ന് നിൽക്കുന്നു. ലൈംഗികതക്ക് ഒരു കൃത്യമായ നിർവചനം നൽകുക ബുദ്ധിമുട്ടുള്ള കാര്യമാണ്.

പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും സ്നേഹം പ്രകടിപ്പിക്കാനും ആസ്വാദനത്തിനും കൂടിയാണ് മനുഷ്യർ ഏറിയപങ്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. അതിനാൽ ലൈംഗികത മനുഷ്യരുടെ സന്തോഷവും മാനസിക ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു . സന്തോഷകരമായ ലൈംഗികജീവിതം ശാരീരിക ആരോഗ്യത്തിനും ഗുണകരമാകുന്നു. എൻഡോർഫിൻസ്, ഓക്‌സിടോസിൻ മുതലായ ഹോർമോണുകളുടെ ഉത്പാദനം സന്തോഷത്തിന് കാരണമാകുന്നു. ഒരു വ്യക്തിയുടെ ലൈംഗികപരമായ മനോഭാവം, താല്പര്യങ്ങൾ, പെരുമാറ്റം ഇവയെല്ലാം ചേർന്നതാണ് ആ വ്യക്തിയുടെ ലൈംഗികത. ലൈംഗികതക്ക് ജൈവപരവും, വൈകാരികവും, സാമൂഹികവും, രാഷ്ട്രീയപരവുമായ വിവിധ തലങ്ങളുണ്ട്. കേവലം ലൈംഗിക പ്രക്രിയ മാത്രമല്ല ഇതിൽ വരിക, മറിച്ചു ലിംഗത്വം (Gender), ലിംഗ വ്യക്തിത്വം (Gender identity), ജെൻഡർ റോൾസ്, ലൈംഗിക ആഭിമുഖ്യം, ബന്ധങ്ങൾ, പരസ്പര ബഹുമാനം, പ്രത്യുൽപാദനം, ലൈംഗിക ആരോഗ്യം തുടങ്ങി വിവിധ വശങ്ങൾ ലൈംഗികതയുടെ ഭാഗമായി വരും. ചുരുക്കത്തിൽ ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽ നിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന ജൈവീകമായ വികാരമാണ് ലൈംഗികത.

മറ്റൊരാളോട് തോന്നുന്ന ആകർഷണം, അതിൽ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകൾ (സ്നേഹം), ഈ സ്നേഹം പ്രകടിപ്പിക്കുന്ന രീതി (ആശയവിനിമയം, സ്പർശനം), ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിസ്‌ഭുരണമായി ലൈംഗികബന്ധം നടക്കുന്നു. ജീവികളിലെ പ്രത്യുദ്പാദനവും ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് ലൈംഗികബന്ധം, മൈഥുനം, സംഭോഗം അഥവാ ഇണചേരൽ (Sexual Intercourse, Coitus). ഇതുവഴി ജീവിവർഗ്ഗങ്ങളിലെ ജനിതക ഘടകങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധിക്കുന്നു. വ്യത്യസ്ത ജനിതക പാരമ്പര്യമുള്ളവർ തമ്മിലുള്ള ഇണചേരൽ കൂടുതൽ മെച്ചപ്പെട്ട ഒരു തലമുറയുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇതാണ് മിശ്രവിവാഹിതരുടെ മക്കളിൽ പാരമ്പര്യരോഗങ്ങൾ കുറഞ്ഞു വരാൻ കാരണം.

ഇണചേരലിന്റെ പ്രാധാന്യം

ഇംഗ്ലീഷിൽ ഇണചേരുക എന്ന വാക്കിന് ‘സെക്ഷ്വൽ ഇന്റർകോഴ്സ്’ എന്നതിന് പകരം “ലവ് മേക്കിങ്” എന്നും പറയാറുണ്ട് (Love making). ‘നോ ലവ് നോ സെക്സ്, നോ സെക്സ് നോ ലവ്’ തുടങ്ങിയ ഇംഗ്ലീഷ് വാക്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. സ്നേഹം പ്രകടിക്കുന്ന കല എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. മറ്റ് ജൈവീക ചോദനകളിൽ നിന്നും ലൈംഗികബന്ധത്തിനെ വ്യത്യസ്തമാക്കുന്നത് അതിലൂടെ ലഭിക്കുന്ന ആനന്ദം അഥവാ സുഖകരമായ അനുഭൂതി തന്നെയാണ്.

ഭൗതികമായി പറഞ്ഞാൽ ഇണകളുടെ ലൈംഗികാവയവങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് (ലിംഗയോനി സമ്പർക്കവും തുടർന്നുള്ള ചലനങ്ങളും ചിലപ്പോൾ സ്ഖലനവും) വേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് ശാരീരികബന്ധം എന്നതിലുപരിയായി പല തലങ്ങളുമുണ്ട്. “മനുഷ്യൻ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം; പക്ഷേ കിടപ്പറയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല.” ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകൾ ഇതിന്റെ പ്രാധാന്യം വെളിവാക്കാൻ ഉപയോഗിച്ചു കാണാറുണ്ട്. എന്നിരുന്നാലും ലൈംഗികതയെ ഒരു പാപമായി കാണുന്ന സമൂഹങ്ങൾ ധാരാളമുണ്ട്.

ലൈംഗികതയെ പറ്റിയുള്ള പഠനങ്ങൾ

വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം, അനംഗരംഗ തുടങ്ങിയ പൗരാണിക ഭാരതീയ ഗ്രന്ഥങ്ങളിൽ രതിയെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. കിൻസി, സിഗ്മണ്ട് ഫ്രോയിഡ് തുടങ്ങിയവരുടെ സംഭാവനകൾ ഈ മേഖലയെ ഏറെ വികസിപ്പിച്ചു. വില്യം മാസ്റ്റേഴ്സ്, വിർജിനിയ ജോൺസൻ എന്നിവർ നടത്തിയ ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ ഈ മേഖലയിൽ കൂടുതൽ മൂല്യവത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. മനുഷ്യരിലെ ലൈംഗിക പ്രതികരണങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ഇവരുടെ ഗ്രന്ഥങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ഹ്യൂമൻ സെക്ഷ്വൽ റെസ്പോൺസ് (Human Sexual Response), ഹ്യൂമൻ സെക്ഷ്വൽ ഇനാടിക്വസി (Human Sexual Inadequacy) എന്നിവ ഇവരുടെ ക്ലാസ്സിക്‌ ഗ്രന്ഥങ്ങളാണ്. ഇവ മുപ്പതിൽ അധികം ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. കൂടാതെ ടെക്സ്റ്റ്ബുക്ക് ഓഫ് സെക്ഷ്വൽ മെഡിസിൻ (Textbook of Sexual Medicine), സെക്സ് ആൻഡ് ഹ്യൂമൻ ലവിങ് (Sex and Human Loving) തുടങ്ങിയവ ആധുനിക വൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തി വരുന്നു.

ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളും ലൈംഗികതയും

ലൈംഗികബന്ധമെന്ന പദം എതിർലിംഗാനുരാഗികൾ തമ്മിലും (Heterosexual) ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് (LGBTQIA+) ഇടയിലുമുള്ള കാമതയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. ചെറിയ ഒരു സ്പർശനം പോലും പലർക്കും സുഖാനുഭൂതി നൽകുന്നു. നാഡീ ഞരമ്പുകൾ കൂടുതലുള്ള ലൈംഗികാവയവങ്ങളിലെ സ്പർശനം കൂടുതൽ ആനന്ദം നൽകുന്നു. ജീനുകളും, തലച്ചോറും, നാഡീവ്യവസ്ഥയും, ഹോർമോണുകളും ഇതിൽ മുഖ്യപങ്ക് വഹിക്കുന്നു.

സാധാരണയായി എതിർലിംഗത്തിലുള്ളവരാണ്‌ ഇണകൾ ആയിരിക്കുക ഏതാണ്ട് 1500-റോളം ജീവിവർഗങ്ങളിൽ ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികമായി ബന്ധത്തിലേർപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലും ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്. സ്വവർഗലൈംഗികത (Homosexuality), ഉഭയവർഗലൈംഗികത (Bisexuality) എന്നിവ പ്രകൃതിപരമായ ലൈംഗികതയുടെ ഭാഗമാണെന്നും, ഇത് ജനതികവും ജൈവീകവുമാണെന്നും (Sexual orientation) ശാസ്ത്രം തെളിയിക്കുന്നു. ഇക്കൂട്ടർ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളിൽ (LGBTIQ) ഉൾപ്പെടുന്നു. മസ്തിഷ്കത്തിന്റെ പ്രത്യേകത ഇവിടെ നിർണായകമാണ്. ബൗദ്ധികമായി മുന്നിട്ട് നിൽക്കുന്ന ആളുകളോട് മാത്രം താല്പര്യം തോന്നുന്നവരുണ്ട്. ഇവരെ സാപ്പിയോസെക്ഷ്വൽ (Sapiosexual) എന്ന് വിളിക്കുന്നു. മാനസികമായി അടുപ്പമുള്ള ആളുകളോട് മാത്രം ലൈംഗികമായി താല്പര്യമുണ്ടാകുന്ന വിഭാഗങ്ങളുണ്ട്. ഇവരെ ഡെമിസെക്ഷ്വൽ (demisexual) എന്നറിയപ്പെടുന്നു. പാൻസെക്ഷ്വൽ പോലെ വേറെയും വിഭാഗങ്ങളുമുണ്ട്. ഒരു വ്യക്തിയുടെ ജൻഡർ, ലൈംഗിക വ്യക്തിത്വം എന്നിവയ്ക്ക് ഉപരിയായി എല്ലാവരോടും ആകർഷണം തോന്നുന്ന വിഭാഗമാണ് ഇത്. ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളാണിവ.

ലൈംഗികതയും സുഖാവസ്ഥയും

മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യൻ പ്രത്യുത്പാദനത്തിലുപരിയായി വിനോദത്തിന് അഥവാ ആസ്വാദനത്തിന് വേണ്ടിയാണ് കൂടുതലും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. ഇണയോടുള്ള ഊഷ്മളമായ ബന്ധം നിലനിർത്തുക എന്നതും പ്രധാനമാണ്. ‘മനുഷ്യരുടെ രണ്ടാമത്തെ വിശപ്പ്’ എന്നൊക്കെ ലൈംഗികതയെ വിശേഷിപ്പിച്ചു കാണാറുണ്ട്. ഡോപമിൻ (Dopamine) തുടങ്ങി മതിഷ്‌ക്കത്തിലെ രാസമാറ്റം ലൈംഗിക ആസ്വാദനത്തിൽ വലിയ പങ്ക് വഹിക്കുന്നു. ലൈംഗികവികാരം ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന സുഖാനുഭൂതി, സംഭോഗത്തിൽ ഉണ്ടാകുന്ന അത്യാനന്ദം, രതിമൂർച്ഛ, അതിനുശേഷമുള്ള നിർവൃതി എന്നിവ മനുഷ്യർക്ക് പ്രധാനമാണ്. ഡോൾഫിൻ, കുരങ്ങുവർഗങ്ങൾ തുടങ്ങിയ പല ജീവികളിലും ഇത്തരത്തിൽ ലൈംഗികാസ്വാദനം കാണപ്പെടാറുണ്ട്. ഗർഭത്തിലിരിക്കെ തന്നെ സഹോദരങ്ങളുമായി ഇണചേരുന്ന അപൂർവ്വ ജീവിവർഗ്ഗമാണ് അഡാക്റ്റിലിഡിയം മൈറ്റുകൾ. വയറിനുള്ളിൽതന്നെ മുട്ടയിട്ട് വിരിയിക്കുന്ന രീതിയാണ് ഇവയ്ക്കുള്ളത്. മനുഷ്യരിലേതു പോലെ കുഞ്ഞുങ്ങൾ ഉണ്ടാകാനല്ലാതെയും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ജീവികളിൽ ഒന്നാണ് മുള്ളൻ പന്നിയും.

സ്ത്രീപുരുഷ ലൈംഗികതയിലെ വ്യത്യസ്തത

പുരുഷനിൽ നിന്ന് വ്യത്യസ്തമായി പൊതുവേ സ്ത്രീകളിൽ ലൈംഗികവികാരം പതുക്കെ ഉണരുകയും പതിയെ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നാണ്. എന്നാൽ എല്ലാവരിലും അങ്ങനെ ആകണമെന്നില്ല. പല സ്ത്രീകൾക്കും അവർക്ക് താല്പര്യമുള്ള പങ്കാളിയുമായി മാത്രമേ ലൈംഗികത ആസ്വദിക്കാൻ സാധിക്കാറുള്ളൂ. പുരുഷനിൽ നിന്നും വ്യത്യസ്തമായി തുടർച്ചയായി ഒന്നിലധികം തവണ രതിമൂർച്ഛ (Orgasm) കൈവരിക്കാനുള്ള കഴിവ് സ്ത്രീകളുടെ തലച്ചോറിനുണ്ട്.

രതിമൂർച്ഛയുടെ പ്രാധാന്യം

രതിമൂർച്ഛയിൽ തലച്ചോർ വലിയ പങ്ക് വഹിക്കുന്നു. ഓഗസ്റ്റ് 8 അന്താരാഷ്ട്ര സ്ത്രീ രതിമൂർച്ഛാ ദിനമായി ആചരിച്ചു വരുന്നു. ബ്രസീൽ ആണിതിനു തുടക്കം കുറിച്ചത്. ഇതിന്റെ മുന്നോടിയായി ഓഗസ്റ്റ് 2 ദേശീയ രതിമൂർച്ഛാ ദിനമായി (നാഷണൽ ഓർഗാസം ഡേ) അമേരിക്ക, കാനഡ, യുകെ, ജർമ്മനി, നെതർലാന്ഡ്സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആചരിച്ചുവരുന്നു. രതിമൂർച്ഛയുടെ ഗുണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ ബോധവൽക്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ എഴുപത് ശതമാനം സ്ത്രീകൾക്കും രതിമൂർച്ഛ ഉണ്ടാകുന്നില്ല എന്ന് പഠനങ്ങൾ പറയുന്നു. സ്ത്രീകൾ ലൈംഗികതയെപ്പറ്റി സംസാരിക്കുന്നത് തെറ്റായി കാണുക, രതിമൂർച്ഛ പുരുഷന് മാത്രമാണെന്ന തെറ്റിദ്ധാരണ, നിത്യവും രതിമൂർച്ഛാഹാനി ഉണ്ടായാൽ ശരിയായ ചികിത്സാമാർഗങ്ങൾ തേടാതിരിക്കുക തുടങ്ങിയ വിവിധ കാരണങ്ങൾ ഇതിനുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.

പങ്കാളിയെ തെരെഞ്ഞെടുക്കൽ

മനുഷ്യർ ജനതികപരമായി ഏക പങ്കാളിയിൽ തൃപ്തിപ്പെടുന്നവരല്ല എന്ന്‌ വിലയിരുത്തപ്പെടുന്നു. പുരുഷൻ തന്റെ ബീജം പരമാവധി ഇണകളിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീകൾ കൂട്ടത്തിൽ ഏറ്റവും ഗുണമേന്മയുള്ള പങ്കാളിയെ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നു എന്ന് പറയാറുണ്ട്. കൃഷി ആരംഭിക്കുന്നതിന് മുൻപ് ആദിമമനുഷ്യർ ഇത്തരത്തിൽ ബഹുപങ്കാളികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇതാണ് ഒന്നിലധികം ബന്ധങ്ങൾ തേടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകം. മാത്രമല്ല ലൈംഗിക താല്പര്യം ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ലൈംഗികതയെ നിയന്ത്രിക്കുന്നത് മത്തിഷ്ക്കം തന്നെയാണ് .

ആമുഖലീലയും ഉത്തേജനവും

ബന്ധപ്പെടുന്നതിന് മുൻപ് ആവശ്യത്തിന് സമയം സന്തോഷകരമായ സംഭോഗപൂർവ ആമുഖലീലകൾക്ക് അല്ലെങ്കിൽ ഫോർപ്ലേയ്ക്ക് (Foreplay) ചിലവഴിക്കുന്നത് പങ്കാളികൾക്ക് ഉത്തേജനം നൽകുന്നു. കൃസരി/ഭഗശിശ്നികയിലെ (Clitoris) മൃദുവായ പരിലാളനം സ്ത്രീകളെ ഉത്തേജനത്തിലേക്ക് നയിക്കുന്നു. പുരുഷനിൽ ലിംഗത്തിലെ അറകളിലേക്ക് ഉള്ള രക്തയോട്ടം വർധിക്കുകയും ‘ഉദ്ധാരണം’ ഉണ്ടാവുകയും ചെയ്യുന്നു. സ്ത്രീയിൽ ജനനേന്ദ്രിയ ഭാഗത്തേക്ക്‌ രക്തയോട്ടം വർധിക്കുകയും ബർത്തോലിൻ ഗ്രന്ഥികളിൽ നിന്നും വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (Vaginal lubrication) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം യോനീനാളം വികസിക്കുകയും ആ ഭാഗത്തെ പേശികളുടെ മുറുക്കം കുറയുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. സ്ത്രീകളിലെ ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും പങ്കാളി തിരിച്ചറിയാതെ പോകാറുണ്ട്. സ്ത്രീകളിൽ രതിമൂർച്ഛ (Orgasm) പുരുഷനെ അപേക്ഷിച്ചു പതുക്കെ അനുഭവപ്പെടുന്നതിനാലും പുരുഷനിലെ ‘സമയക്കുറവ്’ പരിഹരിക്കാനും ആമുഖലീലകൾ അഥവാ ഫോർപ്ലേ സഹായിച്ചേക്കാം. എന്നാൽ പങ്കാളിക്ക് താല്പര്യമില്ലാത്ത രതി രീതികൾക്ക് നിർബന്ധിക്കുന്നത് താല്പര്യക്കുറവിന് കാരണമാകാറുണ്ട്. അതിനാൽ ഇത്തരം രീതികൾ പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

സംഭോഗവും വേദനയും

യോനിയിലെ ലൂബ്രിക്കേഷന്റെ അഭാവത്തിൽ പങ്കാളികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ലൈംഗികബന്ധം വേദനാജനകമോ വിരസമോ ആകുകയും, പുരുഷന് ആയാസം സൃഷ്ടിക്കുകയും ചെയ്തേക്കാം. ഇത് ലൈംഗിക ബന്ധത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമായേക്കാം.  യോനീസങ്കോചം അഥവാ വാജിനിസ്മസ് വേദന ഉണ്ടാകാൻ പ്രധാന കാരണമാണ്.

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ബോധപൂർവ്വമല്ലാതെ തന്നെ യോനിസങ്കോചം വരുകയും അങ്ങനെ ലൈംഗികബന്ധം സാധ്യമാകാത്തതുമായ അവസ്ഥയാണ് വജൈനിസ്മസ്. പ്രത്യേകിച്ച് കാരണം കൂടാതെ പങ്കാളിയുമൊത്തുള്ള ജീവിതത്തിന്റെ തുടക്കം മുതൽ ഇവർക്ക് യാതൊരു വിധത്തിലും ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ല. ഗൈനക്കോളജിസ്റ്റ് പരിശോധിക്കാൻ ശ്രമിക്കുമ്പോഴും ആർത്തവ ടാംപൂൺ ഉപയോഗിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു. മറ്റു ചിലർ വർഷങ്ങളോളം സാധാരണ രീതിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ടവരായിരിക്കും. അതിനുശേഷം മറ്റേതെങ്കിലും കാരണത്താലാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രസവത്തിനുശേഷം വരുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളും, മധ്യവയസ്ക്കരിൽ ആർത്തവവിരാമവും ഇതിന് കാരണമായിത്തീരാറുണ്ട്.

യോനിയിലെ അണുബാധ, പ്രസവവുമായി ബന്ധപെട്ടു നടത്തുന്ന എപ്പിസിയോട്ടമി ശസ്ത്രക്രിയയുടെ മുറിവ്, ഗർഭാശയ മുഴ, എൻഡോമെട്രിയോസിസ്, ഗർഭാശയമുഖ കാൻസർ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ലൈംഗികബന്ധത്തിൽ വേദന ഉണ്ടായേക്കാം. യോനീവരൾച്ച (Vaginal dryness) അനുഭവപ്പെട്ടാൽ കൂടുതൽ സമയം ആമുഖലീലകളിൽ ഏർപ്പെടുകയും, ആവശ്യമെങ്കിൽ ഏതെങ്കിലും കൃത്രിമ ലൂബ്രിക്കന്റ് (ഉദാ: കെവൈ ജെല്ലി) ഉപയോഗിക്കുകയും ചെയ്യാം. പ്രത്യേകിച്ചും പ്രായമേറിയവർക്കും, പ്രസവശേഷം മുലയൂട്ടുന്ന കാലയളവിലും ഇത് ആവശ്യമായേക്കാം. ഇത്തരം പ്രശ്നങ്ങൾക്ക് വിദഗ്ദ ചികിത്സ സ്വീകരിക്കാത്ത പക്ഷം ലൈംഗികബന്ധം വളരെ ദുസ്സഹമാകാറുണ്ട്. .

ലൈംഗിക പ്രശ്നങ്ങൾ

പങ്കാളിക്ക് താൽപര്യക്കുറവ്, വേദന, ബുദ്ധിമുട്ട് എന്നിവയില്ല എന്നുറപ്പ് വരുത്തുന്നത് മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിന് അത്യാവശ്യമാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ലൈംഗികതയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. പുരുഷന്മാരിൽ കാണപ്പെടുന്ന രണ്ട് പ്രധാന ലൈംഗിക പ്രശ്നങ്ങൾ ആണ് ഉദ്ധാരണക്കുറവ്, ശീഖ്രസ്ഖലനം എന്നിവ. സ്ത്രീകളിൽ ലൈംഗിക താല്പര്യക്കുറവാണ് പ്രധാന പ്രശ്നം. ഇതിന് പല കാരണങ്ങൾ ഉണ്ട്. ഉത്തേജനം ലഭിക്കാത്ത അവസ്ഥ, വേദനയോടുകൂടിയ ലൈംഗികബന്ധം, രതിമൂർച്ഛ ലഭിക്കാതിരിക്കുക തുടങ്ങിയവയാണു സ്ത്രീകളിൽ സാധാരണ കാണുന്ന പ്രശ്നങ്ങൾ. വ്യത്യസ്ത കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുറത്തുപറയുവാൻ മടിക്കുന്നതിനാൽ ജീവിതകാലം മുഴുവൻ അസംതൃപ്തമായ ജീവിതം നയിക്കേണ്ടി വരുന്നവരുണ്ട്. ലൈംഗിക പ്രശ്നങ്ങൾ എന്തു തന്നെ ആയാലും പരിഹരിക്കാവുന്നതേയുള്ളു. പങ്കാളിയോടും ആവശ്യമെങ്കിൽ ഡോക്ടറോടും പ്രശ്നങ്ങൾ യഥാസമയം പങ്കുവയ്ക്കുകയാണു വേണ്ടത്.

മാനസികമോ ശാരീരികമോ ആയ കാരണങ്ങൾ മൂലം ലൈംഗിക പ്രശ്നങ്ങളുണ്ടാകാം. ഇതു പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ശാരീരിക കാരണങ്ങളിൽ ഹോർമോൺ അസന്തുലിതാവസ്ഥ, പ്രമേഹം, ആർത്തവവിരാമം, ലഹരിവസ്തുക്കളുടെ ഉപയോഗം, തൈറോയ്ഡ് പ്രശ്നങ്ങൾ, യോനി സങ്കോചം അഥവാ വാജിനിസ്മസ്, ലൈംഗികരോഗങ്ങൾ, ചില മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു. സമീകൃതമായ ആഹാരക്രമവും പതിവായ വ്യായാമവും ഊഷ്മളമായ ലൈംഗികജീവിതവും ഉണ്ടെങ്കിൽ ഒരു പരിധിവരെ യുവത്വവും ചുറുചുറുക്കും നിലനിർത്താം. ശരിയായ ലൈംഗിക ജീവിതത്തിന് തടസ്സമാകുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്നും മാറി നിൽക്കുക. പുകവലി, മാനസിക സംഘർഷം, അതിമദ്യാസക്തി, വ്യായാമക്കുറവ് എന്നിവയാണത്. പങ്കാളികൾക്കിടയിലെ ബന്ധം ദൃഢമാക്കാൻ ലൈംഗികബന്ധം ആവശ്യമാണ്.

ലൈംഗിക ബന്ധവും ശുചിത്വവും

ശാരീരിക ബന്ധത്തിന് മുൻപും ശേഷവും ജനനേന്ദ്രിയ ഭാഗങ്ങൾ വെള്ളം ഉപയോഗിച്ച് കഴുകുന്നത് ശുചിത്വത്തിന്റെ ഭാഗമാണ്. എന്നാൽ ഈ ഭാഗങ്ങളിൽ വീര്യം കൂടിയ സോപ്പിന്റെയും മറ്റും ഉപയോഗം ഒഴിവാക്കേണ്ടതാണ്. സോപ്പ് യോനിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

ലൈംഗികബന്ധവും ഗർഭധാരണവും

ശാരീരിക-മാനസിക സുഖാനുഭവവും പ്രത്യുല്പാദനവുമാണ്‌ ഊഷ്മളമായ ലൈംഗികബന്ധത്തിന്റെ ഫലങ്ങളെങ്കിലും എല്ലാ സംഭോഗവും പ്രത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല. ഇത് സ്ത്രീയുടെ ആർത്തവചക്രത്തിലെ അണ്ഡവിസർജനവുമായി (Ovulation) ബന്ധപ്പെട്ട് കിടക്കുന്നു. അണ്ഡവിസർജന കാലത്തെ ലൈംഗികവേഴ്ച ഗർഭധാരണത്തിന് കാരണമായേക്കാം.

ലൈംഗികബന്ധവും ആരോഗ്യവും

തൃപ്തികരമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാനും, അമിത രക്തസമ്മർദം കുറയുവാനും, മാനസിക സംഘർഷം ലഘൂകരിക്കാനും (Stress reduction), നല്ല ഉറക്കത്തിനും, മെച്ചപ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്നതായി ശാസ്ത്രം വ്യക്തമാക്കുന്നു; പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിനും, ഓർമശക്തിക്കും, ചറുചുറുക്കിനും, പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും, പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുവാനും, സ്ത്രീകളിൽ മൂത്രാശയ പേശികളുടെ ശക്തി വർധിക്കാനും, ജനനേന്ദ്രിയ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുവാനും അവിടുത്തെ പേശികളുടെ ദൃഢതയും ഇലാസ്തികതയും വർദ്ധിപ്പിക്കുവാനും പതിവായ ലൈംഗികബന്ധം ഗുണകരമാണെണ് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ ദീർഘകാലം രതിയുടെ അഭാവത്തിൽ പലരിലും ശാരീരികമോ മാനസികവുമായ ബുദ്ധിമുട്ടുകൾ കാണപ്പെടാറുണ്ട്.

അതിലൈംഗികത

അമിതമായ ലൈംഗിക പ്രവർത്തികൾ മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ധാരാളമുണ്ട്. രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടെയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ വേദനയോ ബുദ്ധിമുട്ടുകളോ ഉണ്ടാകുകയോ വെറുപ്പ് ഉണ്ടാകുകയോ ചെയ്യുമ്പോൾ ആണ്‌ ലൈംഗിക പ്രവർത്തി അധികമായി കണക്കാക്കുന്നത്. എപ്പോഴും ലൈംഗിക ചിന്തയിൽ മുഴുകി ഇരിക്കുകയും അതുമൂലം നിയന്ത്രിക്കാനാകാതെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് അമിത ലൈംഗിക ആസക്തി. ഇതുമൂലം സാമ്പത്തിക നഷ്ടം, ബന്ധങ്ങളിലെ ഉലച്ചിൽ, വേർപിരിയൽ, ലൈംഗിക പീഡനങ്ങൾ എന്നിവ ഉണ്ടാകാം. ലൈംഗികാസക്തി അമിതമാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. തലച്ചോറിലെ സെറാടോണിൻ, ഡോപ്പമിൻ തുടങ്ങിയ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിൽ, അപസ്മാരം, പാർക്കിൻസൺസ് പോലെയുള്ള ചില രോഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ, തലച്ചോറിലെ പരിക്കുകൾ, മനോരോഗങ്ങളായ ബൈപോളാർ ഡിസോർഡർ, ഒബ്സസ്സീവ് കമ്പൽസിവ് ഡിസോർഡർ, അഡൾട്ട് എഡിഎച്ച്ഡി എന്നിവയൊക്കെ അമിത ലൈംഗികതയിലേക്ക് നയിക്കാം. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് കൃത്യമായ ചികിത്സയും തെറാപ്പിയും ആവശ്യമാണ്.

ആർത്തവവിരാമവും ലൈംഗിക ജീവിതവും

ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ്‌ ആർത്തവവിരാമം അഥവാ മെനോപോസ് എന്ന് പറയുന്നത്. മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. അപൂർവം ചിലരിൽ ഇത് ഗർഭപാത്രം, ഓവറി എന്നിവ നീക്കം ചെയ്യുന്നത് കൊണ്ടും സംഭവിക്കാം. ഈ കാലയളവിൽ സ്ത്രൈണ ഹോർമോണായ ഈസ്ട്രജന്റെ ഉത്പാദനം കുറയുകയും സ്ത്രീ ഗർഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യുന്നു. ആർത്തവവിരാമം സ്ത്രീകളുടെ ലൈംഗികജീവിതത്തിന്റെ അവസാനമാണ് എന്നൊരു ധാരണ പൊതുവേ കാണാറുണ്ട്. എന്നാൽ ഇത് ശരിയല്ല. ആർത്തവവിരാമത്തിന് ശേഷം തൃപ്തികരമായ ലൈംഗികജീവിതം സാധ്യമാണ്. എന്നാൽ ഈ ഘട്ടത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ലൈംഗിക ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്.

45 വയസിന് ശേഷം സ്ത്രീ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് താഴുന്നതോടെ യോനിയിൽ നനവ് നൽകുന്ന ബർത്തോലിൻ ഗ്രൻഥിയുടെ പ്രവർത്തനം കുറയുക, തന്മൂലം യോനിയിൽ വരൾച്ച അനുഭവപ്പെടുക (വാജിനൽ ഡ്രൈനസ്), യോനിചർമ്മത്തിന്റെ കട്ടി കുറയുക, അണുബാധ തുടങ്ങിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. അതുമൂലം ലൈംഗികബന്ധം കഠിനമായ വേദനയോ ബുദ്ധിമുട്ടോ ഉള്ളതും, യോനിയിൽ മുറിവുകൾ പറ്റാനും രതിമൂർച്ഛ ഇല്ലാതാകാനും കാരണമാകാം. തന്മൂലം പല സ്ത്രീകളും സംഭോഗത്തോട് വെറുപ്പും വിരക്തിയും കാണിക്കാറുണ്ട്. വിഷാദം പോലെയുള്ള മാനസിക പ്രശ്നങ്ങളും ഈ പ്രായത്തിൽ അസ്വസ്ഥതയ്ക്ക് കാരണമാകാറുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കാതെ അവർ തന്നെ പരിഗണിക്കുന്നില്ലെന്ന് പങ്കാളി കരുതുന്നതും സാധാരണയാണ്. ഇക്കാര്യത്തിൽ ശരിയായ അറിവ് പലർക്കുമില്ല എന്നതാണ് വസ്തുത. ലജ്ജ വിചാരിച്ചു ഇക്കാര്യങ്ങൾ ആരോഗ്യ വിദഗ്ദരോട് പോലും ചർച്ച ചെയ്യാതെ മറച്ചു വെക്കുന്നത് പല ആളുകളുടെയും ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്. ഗർഭാമുഴ, എൻഡോമെട്രിയോസിസ് പോലെയുള്ള രോഗങ്ങൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയേക്കാം.എന്നാൽ ഇതിന് ശാസ്ത്രീയമായ പരിഹാര മാർഗങ്ങളുണ്ട്.

അൻപത് വയസ് പിന്നിട്ട സ്ത്രീകൾ ബന്ധപ്പെടുമ്പോൾ ഏതെങ്കിലും ശരിയായ ലൂബ്രിക്കന്റ് ജെല്ലി നിർബന്ധമായും ഉപയോഗിക്കണം. ഇവ വരൾച്ചയും വേദനയും പരിഹരിക്കുക മാത്രമല്ല സുഖകരമായ സംഭോഗത്തിന് സഹായിക്കുകയും ചെയ്യുന്നു. ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ വഴിയും ഇന്ന് ഗുണമേന്മയുള്ള ലുബ്രിക്കന്റുകൾ ലഭ്യമാണ് (ഉദാ: കെവൈ ജെല്ലി). ലൂബ്രിക്കേഷന് വേണ്ടി സസ്യ എണ്ണകൾ, ഉമിനീർ, ബേബി ഓയിൽ തുടങ്ങിയവ ഉപയോഗിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും എന്നതിനാൽ ഒഴിവാക്കണം. ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത ഉള്ളവർ വെളിച്ചെണ്ണ തുടങ്ങിയവ പൂർണമായും ഒഴിവാക്കുന്നതാവും ഉചിതം. ദീർഘനേരം ആമുഖലീലകൾ അഥവാ ഫോർപ്ലേയിൽ (Foreplay) ഏർപ്പെടുന്നത് ഉത്തേജനം ഉണ്ടാകുന്നതിന് ഒരു പരിധിവരെ സഹായിക്കും.

ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ അടങ്ങിയ ക്രീം ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്. ഇതിനെ വാജിനൽ ഈസ്ട്രജൻ തെറാപ്പി എന്ന് പറയുന്നു. അതുവഴി ചെറിയ അളവിൽ ഈസ്ട്രജൻ ഹോർമോൺ യോനിഭാഗത്ത്‌ ലഭ്യമാകുന്നു. ഇത് യോനീചർമത്തിന്റെ കട്ടി വർധിക്കാനും, യോനിയുടെ സ്വഭാവികമായ ഈർപ്പവും ഇലാസ്തികതയും നിലനിർത്താനും, ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ തടയുവാനും രതിമൂർച്ഛയ്ക്കും ഉണ്ടാകുവാനും ഫലപ്രദമാണ്. അണുബാധ, ഗർഭാശയ മുഴകൾ തുടങ്ങിയവ ഉള്ളവർ ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT), കൗൺസിലിംഗ് എന്നിവ മേനോപോസിന്റെ ബുദ്ധിമുട്ടുകളെ അകറ്റും. പതിവായ ലൈംഗികബന്ധം യോനിയുടെ ആകൃതിയും ഈർപ്പവും നിലനിർത്തുകയും, ആർത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകളെ കുറക്കുകയും, വസ്തി പ്രദേശത്തെ മസിലുകളുടെ ബലവും രക്തയോട്ടവും വർധിപ്പിക്കുകയും അജിതേന്ദ്രിയം ഉണ്ടാകാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മധ്യവയസിലും ലൈംഗികത ശരിയായി ആസ്വദിക്കാൻ സാധിക്കുമെന്നുള്ള ബോധ്യമാണ് ആദ്യം വേണ്ടത്. അത് മനസിലാക്കി ശാസ്ത്രീയമായ വഴികൾ തേടുകയാണ് ഉത്തമം.

വർദ്ധക്യത്തിൽ

പ്രായമായി എന്ന തോന്നൽ‌, ലൈംഗിക ജീവിതം ചെറുപ്പക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്നൊക്കെയുള്ള തെറ്റായ ധാരണകൾ ഈ ഘട്ടത്തിൽ പലർക്കും ഉണ്ടാവാറുണ്ട്. തൃപ്തികരമായ ആരോഗ്യമുണ്ടെങ്കിൽ വാർദ്ധക്യത്തിലെത്തിയ വ്യക്തികൾക്ക് പോലും സന്തോഷകരമായ ലൈംഗിക ജീവിതം സാധ്യമാണ് എന്ന് മാസ്റ്റേഴ്സ് ആൻഡ് ജോൺസൻ നടത്തിയ ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. വയാഗ്രയുടെ കണ്ടുപിടുത്തം ഇക്കാര്യത്തിൽ ഏറെ ഫലം ചെയ്തു. കൂടാതെ ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്ന പുരുഷന്മാർ കൃത്രിമ ലിംഗ ഇമ്പ്ലാന്റ് ഉപയോഗിക്കുന്നത് വഴി ഉദ്ധാരണം ഇഷ്ടമുള്ളത്രയും സമയം നിലനിർത്താം. പ്രമേഹം, അമിത കൊളെസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ വരാതെ സൂക്ഷിക്കുന്നതോ നിയന്ത്രിച്ചു നിർത്തുന്നതോ ലൈംഗിക ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായകരമാണ്. പ്രായമായ സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് മൂലം യോനിയിൽ വരൾച്ചയും ബന്ധപ്പെടുന്ന സമയത്ത് വേദനയും അതുമൂലം താല്പര്യക്കുറവും അനുഭവപ്പെടാറുണ്ട്. ഇതിന് പരിഹാരമായി കൃത്രിമമായി നനവ് നൽകുന്ന സ്നേഹകങ്ങൾ (ലൂബ്രിക്കന്റ് ജെല്ലി) ഉപയോഗിക്കുന്നത് മേൽപ്പറഞ്ഞ പ്രശ്നങ്ങൾ അകറ്റി ലൈംഗിക ആസ്വാദ്യത വർധിക്കാൻ സഹായിക്കും. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ജെല്ലി ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. . ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം, ചിട്ടയായ വ്യായാമം, സന്തോഷകരമായ മാനസികാവസ്ഥ, മതിയായ ഉറക്കം, ലഹരിവർജ്ജനം, വ്യക്തിശുചിത്വം പ്രത്യേകിച്ച് വായ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ ഏതു പ്രായത്തിലും മികച്ച ലൈംഗിക ജീവിതത്തിന് സഹായിക്കുമെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. വികസിത രാജ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ മുൻപോട്ട് പോയെങ്കിലും മറ്റു ചില സമൂഹങ്ങളിൽ ലൈംഗികതയെ ഒരു പാപമായി കണക്കാക്കുന്നതും ഇന്നും സാധാരണമാണ്. സാധാരണ ഒരു ലൈംഗികബന്ധം ഏതാണ്ട് അരമണിക്കൂർ കുറഞ്ഞ വേഗത്തിൽ നടക്കുന്നതിന് തുല്യമായ വ്യായാമം കൂടിയാണ്.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും രോഗങ്ങളും

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ആഗ്രഹിക്കാത്ത ഗർഭധാരണം; കൂടാതെ HIV/എയ്ഡ്‌സ്, HPV അണുബാധ അതുമൂലം ഗർഭാശയമുഖ കാൻസർ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, ഹെപ്പറ്റൈറ്റിസ്, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും (STDs) പിടിപെടാൻ സാധ്യതയുണ്ട്. ബന്ധപ്പെടുന്ന സമയത്ത് സ്രവങ്ങൾ, ശുക്ലം എന്നിവ വഴി രോഗാണുക്കൾ പകരാം. രോഗാണുവാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നതും, ഗർഭനിരോധന ഉറയുടെ (Condom) ഉപയോഗവും ഇത്തരം രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കുന്നു. പങ്കാളിയോടുള്ള അന്ധമായ വിശ്വാസം മൂലമോ അല്ലെങ്കിൽ പങ്കാളിയുടെ നിര്ബന്ധത്തിനു വഴങ്ങിയോ സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്.

ലൈംഗികജീവിതവും സാഡിസവും

ലൈംഗികബന്ധം എന്നത് കീഴടങ്ങലോ, കീഴ്പ്പെടുത്തലോ അല്ല. പരസ്പരം ആനന്ദവും സുഖാവസ്ഥയും പങ്കുവയ്ക്കലാണ്. ഒരിക്കലും ഒരാളുടെ ലൈംഗികതാല്പര്യം പങ്കാളിയിൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. പങ്കാളിയെ വേദനിപ്പിച്ചു കൊണ്ടുള്ള പ്രവർത്തികൾ പീഡനതുല്യമായി അനുഭവപ്പെടും. ഇതെല്ലാം ലൈംഗികതയും വ്യക്തിബന്ധങ്ങളും വിരസവും വെറുപ്പ് നിറഞ്ഞതുമാക്കും. ഇണയെ വേദനിപ്പിച്ചു കൊണ്ടുള്ള ലൈംഗികബന്ധം ഒരു രോഗാവസ്ഥയാണ്. ഇതിനെ ലൈംഗിക സാഡിസം അഥവാ സെക്ഷ്വൽ സാഡിസം എന്നറിയപ്പെടുന്നു. ഇത് വിദഗ്ദ ചികിത്സയും കൗൺസിലിംങും ആവശ്യമുള്ള ഒരു മാനസികരോഗം കൂടിയാണ്. പുരുഷന്മാരിലാണ് ഈ പ്രവണത കൂടുതലായി കണ്ടു വരുന്നത്. പങ്കാളിയുടെ ശരീരഭാഗങ്ങളിൽ വേദനിപ്പിക്കുന്ന വിധം കടിക്കുക, അടിക്കുക, നുള്ളുക, പൊള്ളിക്കുക, ബുദ്ധിമുട്ടിക്കുന്ന രീതികളിൽ ബന്ധപ്പെടുക തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇത് ദുസ്സഹമായ ലൈംഗികപീഡനം തന്നെയാണ്. സമയത്തിന് പരിഹാരമാർഗങ്ങൾ തേടിയില്ലെങ്കിൽ ബന്ധങ്ങൾ തകരാൻ ഇത് കാരണമാകും. എന്നാൽ അനാവശ്യമായ ലജ്ജ വിചാരിച്ചു പലരും ഇത്തരം പ്രശ്നങ്ങൾ മൂടി വെക്കാറുണ്ട്. .

പങ്കാളിയുടെ ലൈംഗിക താൽപര്യങ്ങൾ അറിയാൻ ശ്രമിക്കണം. ഇരുവരും തുറന്നു സംസാരിച്ച് നന്നായി മനസിലാക്കണം. ലൈംഗികബന്ധത്തിൽ തന്റെ പങ്കാളി സന്തോഷിക്കുന്നു എന്നറിയുമ്പോഴാണ് അതിൽ ഏറ്റവും അധികം ആനന്ദം ലഭിക്കുന്നത്. സ്നേഹം പ്രകടിപ്പിക്കുകയും പരസ്പരം ബഹുമാനിക്കുകയും വേണം. സ്ത്രീ ലൈംഗിക ഉണർവിൽ എത്തിയ ശേഷം ബന്ധപ്പെടാൻ ശ്രമിക്കുന്നതാണ് ശരിയായ രീതി.

ലൈംഗികബന്ധവും ഉഭയസമ്മതവും

ഏതൊരു ലൈംഗികമായ ഇടപെടലിലും പങ്കാളിയുടെ സമ്മതം (Consent) വളരെ പ്രധാനമാണ്. അത് ബലം പ്രയോഗിച്ചോ നിർബന്ധിച്ചോ അധികാരം ഉപയോഗിച്ചോ നേടിയെടുക്കേണ്ട ഒന്നല്ല. കുട്ടികളുമായി മുതിർന്ന വ്യക്തികൾ നടത്തുന്ന ലൈംഗികബന്ധവും (Pedophilia), ഉഭയ സമ്മതത്തോടെയല്ലാതെയുള്ള പീഡനവും ബലാത്സംഗത്തിന്റെ പരിധിയിൽ പെടുന്ന ഒന്നാണ്. പല രാജ്യങ്ങളിലും ഇവ കടുത്ത കുറ്റകൃത്യങ്ങളാണ്. ലൈംഗികബന്ധത്തിന് വ്യക്തിയുടെ സമ്മതം അതി പ്രധാനമാണ്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത്, വദനസുരതം പോലെയുള്ള വിവിധ രീതികൾ എന്നിവയെല്ലാം പങ്കാളിയുമായി കൃത്യമായ ധാരണയിൽ എത്തേണ്ടത് ആവശ്യമാണ്. മുതിർന്ന വ്യക്തി കുട്ടികളുമായി നടത്തുന്ന ലൈംഗികബന്ധം ചൂഷണമാണെന്നും, ഇതവർക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും, കുട്ടികളുടെ സമ്മതം മൂല്യവത്തല്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ ‘പെടോഫിലിയ’ എന്ന മനസ്സികാവസ്ഥയുള്ളവർ നടത്തുന്ന ബാലലൈംഗികപീഡനം കുറ്റകൃത്യമാണ് വളരെ പ്രധാനമാണ്. അത് ബലം പ്രയോഗിച്ചോ നിർബന്ധിച്ചോ നേടിയെടുക്കേണ്ട ഒന്നല്ല.

കുട്ടികളുമായി മുതിർന്ന വ്യക്തികൾ നടത്തുന്ന ലൈംഗികബന്ധവും (Pedophilia), ഉഭയ സമ്മതത്തോടെയല്ലാതെയുള്ള പീഡനവും ബലാത്സംഗത്തിന്റെ പരിധിയിൽ പെടുന്ന ഒന്നാണ്. പല രാജ്യങ്ങളിലും ഇവ കടുത്ത കുറ്റകൃത്യങ്ങളാണ്. ലൈംഗികബന്ധത്തിന് വ്യക്തിയുടെ സമ്മതം അതി പ്രധാനമാണ്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത്, വദനസുരതം പോലെയുള്ള വിവിധ രീതികൾ എന്നിവയെല്ലാം പങ്കാളിയുമായി കൃത്യമായ ധാരണയിൽ എത്തേണ്ടത് ആവശ്യമാണ്. മുതിർന്ന വ്യക്തി കുട്ടികളുമായി നടത്തുന്ന ലൈംഗികബന്ധം ചൂഷണമാണെന്നും, ഇതവർക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും, കുട്ടികളുടെ സമ്മതം മൂല്യവത്തല്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ ‘പെടോഫിലിയ’ എന്ന മനസ്സികാവസ്ഥയുള്ളവർ നടത്തുന്ന ബാലലൈംഗികപീഡനം കുറ്റകൃത്യമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഗർഭിണി ആകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ അതീവ ഗുരുതരമായി ബാധിക്കാറുണ്ട്. വർധിച്ച മാതൃശിശുമരണനിരക്ക് കൗമാര ഗർഭധാരണത്തിന്റെ ഒരു പ്രധാന ദൂഷ്യഫലമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പ്രശ്നങ്ങൾ ഒഴിവാക്കാൻ പല വികസിത രാജ്യങ്ങളിലും പ്രായത്തിന് അനുസരിച്ചു ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസം സ്കൂൾതലം മുതൽക്കേ നൽകി വരുന്നുണ്ട്.

അലൈംഗികത

ലൈംഗിക താല്പര്യമോ ലൈംഗിക ശേഷിയോ, ചിലപ്പോൾ പ്രത്യുത്പാദന ശേഷിയോ തീരെ ഇല്ലാത്ത വ്യക്തികളുമുണ്ട്. ഇവരെ “അലൈംഗികർ (Asexuals)” എന്ന് അറിയപ്പെടുന്നു. ഈ സവിശേഷതയെ “അലൈംഗികത (Asexuality)” എന്ന് വിളിക്കുന്നു. അലൈംഗികർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടെണമെന്നോ സ്വയംഭോഗം ചെയ്യണമെന്നോ ഉള്ള താല്പര്യം തീരെ ഉണ്ടായിരിക്കുകയില്ല. അതില്ലാതെ തന്നെ ഇക്കൂട്ടർ സന്തുഷ്ടരാണ്. ഇതും സ്വാഭാവികമാണ്. ഇവർ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIA+) ഉൾപ്പെടുന്ന ‘A’ എന്ന വിഭാഗമാണ്. ഇത് ബ്രഹ്മചര്യമല്ല. ബാക്ടീരിയ തുടങ്ങിയ ഏകകോശജീവികളിലും, ഹൈഡ്ര തുടങ്ങിയവയിലും അലൈംഗിക പ്രത്യുത്പാപാദനം കാണാം.

Leave a Reply
You May Also Like

ആളുകൾ സ്നേഹവും ലൈംഗികതയും തമ്മിലുള്ള ആശയക്കുഴപ്പത്തിലാണ്

Mahesh Babu സ്നേഹം, ലൈംഗികത ആളുകൾ സ്നേഹവും ലൈഗികതയും തമ്മിലുള്ള ആശയക്കുഴപ്പത്തിലാണ് നിരന്തരം. ലൈഗികത സ്നേഹത്തിൻ്റെ…

ഇണ അറിയണമെന്ന് പെണ്ണ് കൊതിയ്ക്കുന്നത്

ചുംബനം ചുംബിച്ചു കൊണ്ട്‌ എല്ലായ്‌പ്പോഴും നിങ്ങളുടെ പ്രണയിനിയ്‌ക്ക്‌ ആശംസകള്‍ നേരുക. ഇഷ്‌മില്ലാത്തത്‌ ഒഴിവാക്കുക സ്‌ത്രീകളില്‍ നടത്തിയ…

എല്ലാ ദിവസവും വേണ്ട; പക്ഷേ

കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ദമ്പതിമാർ നമുക്കുചുറ്റും ഏറെയുണ്ട്. ചികിത്സകളും പൂജകളും വഴിപാടുകളുമായി നടക്കുന്നവർ. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ…

അവൾ പറയും ”എന്തിനാ നമ്മൾ വെറുതെ മെനക്കെടുന്നത് ?”

ശീഘ്രസ്ഖലനത്തിനും പരിഹാരമുണ്ട് സുപ്രിയ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. 39 വയസുണ്ട്. ഭർത്താവ് രാജീവിന് ബാംഗ്ലൂരിലായിരുന്നു…