കേരളത്തിൽ ചൂട് അസഹ്യമായതിനെത്തുടർന്ന് ചൂട് കുറയ്ക്കാനായി പലരും പല പരീക്ഷണങ്ങളും നടത്തി നോക്കാറുണ്ട്. ഈ അടുത്ത കാലത്തായി അത്തരത്തിൽ വൈറൽ ആകുന്നതും ഇത് കൊള്ളാമല്ലോ എന്ന് പലർക്കും തോന്നിയിട്ടുള്ളതും എന്നാൽ ചിലർ സംശയദൃഷ്ടിയോടെ കാണുന്നതുമായ ഒരു പരീക്ഷണമാണ്‌ ജനലിൽ എക്സ് ഹോസ്റ്റ് ഫാൻ തിരിച്ച് വച്ച് പുറത്തു നിന്ന് അകത്തേക്ക് കാറ്റിനെ കൊണ്ടു വരുന്നത്. ഈ ആശയം നല്ലതാണോ എന്നതിനെക്കുറിച്ച് പരിശോധിക്കാം.

ആദ്യം തന്നെ പറയട്ടെ ഇതൊരു പുതിയ ആശയമോ പരീക്ഷണമൊ അല്ല. നമ്മുടെ നാട്ടിൽ പുതിയത് ആയേക്കാം. പക്ഷേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിന്റെ തന്നെ മറ്റൊരു രൂപം എത്രയോ കാലങ്ങളായി നിലനിന്ന് പോരുന്നു. നമ്മുടെ നാട്ടിൽ യാതൊരു പ്രയോജനവും ചെയ്യാത്തതും അതേ സമയം ദോഷം ചെയ്യുന്നതുമായ ഒരു ഉപകരണമാണ്‌ എയർ കൂളറുകൾ അഥവാ ഡിസർട്ട് കൂളറുകൾ എങ്കിൽ ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് അതില്ലാതെ ജീവിക്കാൻ പ്രയാസമാണ്‌. കൂളറുകൾ ഇല്ലാത്ത വീടുകൾ ഉത്തരേന്ത്യയിൽ അപൂർവ്വമായിരിക്കും. നമ്മൂടെ നാട്ടിൽ കാണുന്ന തരത്തിലുള്ള ഇൻഡോർ കൂളറുകളേക്കാൾ പ്രചാരമൂള്ളത് വീടിന്റെ പുറത്ത് ജനലിനോട് ചേർത്ത് വയ്ക്കാവുന്ന ഔട് ഡോർ കൂളറുകൾ ആണ്‌. മിക്കവാറും ഔട് ഡോർ കൂളറുകൾ എല്ലാം ലോക്കൽ മേഡ് ആയിരിക്കും. എന്താണ്‌ ഇത്തരത്തിലുള്ള എയർ കൂളറുകൾ വീടിനു വെളിയിൽ വയ്ക്കുന്നതുകൊണ്ടുള്ള ഗുണം? ഇവാപ്പറേറ്റീവ് കൂളറുകൾ എന്നറിയപ്പെടുന്ന എയർ കൂളറുകൾ മുറിയിലെ ഹ്യുമിഡിറ്റി വർദ്ധിപ്പിക്കുന്നതാണ്‌. ഇത്തരത്തിൽ ഹ്യുമിഡിറ്റി വളരെ കൂടുമ്പോൾ അത് ചൂട് കൂടുതലായി അനുഭവപ്പെടാൻ ഇടയാക്കുകയും ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. മുറിയ്ക്ക് അകത്ത് വയ്ക്കുന്ന കൂളറുകൾ മുറിയ്ക്കകത്തു തന്നെയുള്ല ഹ്യുമിഡിറ്റി കൂടിയ വായുവിനെ കൂളറിലൂടെ വീണ്ടും കടത്തി വിട്ട് ഒന്നു കൂടി ഹ്യുമിഡിറ്റി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ശരാശരി ഹ്യുമിഡിറ്റി ഉള്ള ഇടങ്ങളിൽ പോലും ഇൻഡോർ കൂളറുകൾ ശരിയായ ഫലം നൽകുന്നില്ല. അതിനൊരു പരിഹാരമായാണ്‌ അവിടങ്ങളിൽ കൂളറുകൾ വീടീനു പുറത്ത് ജനലിനോട് ചേർത്ത് വയ്കുന്നത്.

വർഷം മുഴുവൻ ഹ്യുമിഡിറ്റി കുറഞ്ഞ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാൻ പോലെയുള്ള ചുരുക്കം ഇടങ്ങളിൽ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും എയർ കൂളറുകൾ വേനൽ കാലത്തിന്റെ പകുതി കാലയളവിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അതായത് ഏപ്രിൽ മുതൽ ജൂൺ അവസാനം വരെ മാത്രം. അതു കഴിഞ്ഞാൽ ഇടയ്ക്ക് പെയ്യുന്ന മഴയും മഴക്കാറുമൊക്കെയായി വലിയ തോതിൽ ഹ്യുമിഡിറ്റി വർദ്ധിക്കുന്നതിനാൽ ഇവിടങ്ങളിലും എയർ കൂളറുകൾ ഉപയോഗിക്കാൻ കഴിയില്ല. അപ്പോഴും അവിടെ രക്ഷയ്ക്കെത്തുന്നത് വീടീന്റെ പുറത്ത് സ്ഥാപിച്ചിട്ടുള്ല തരം എയർ കൂളറുകൾ ആണ്‌. ഹ്യുമിഡിറ്റി കൂടിയ ഈ കാലത്ത് ഇത്തരം കൂളറുകളിൽ വെള്ളം ഒഴിക്കില്ല. അപ്പോൾ അത് വെറും ഒരു ഫാൻ ആയി പ്രവർത്തിക്കുന്നു. അതായത് രാത്രി കാലങ്ങളിൽ വീടിന്റെ പുറത്ത് ഉള്ള താരതമ്യേന തണുത്ത വായുവിനെ വീടീനകത്തേയ്ക്ക് കൊണ്ടു വന്ന് മുറി തണുപ്പിക്കുന്നു. ഇത്തരം കൂളറുകളിൽ എല്ലാം ഫാൻ ആയി ഉപയോഗിക്കുന്നത് ഹൈ പവർ എക്സ് ഹോസ്റ്റ് ഫാനുകൾ ആണ്‌. അതായത് എക്സ് ഹോസ്റ്റ് ഫാനുകൾ തിരിച്ച് വച്ചിരിക്കുന്നു.

വളരെ ഫലപ്രദമായതും മുറിയ്ക്കകത്തെ ചൂടിനെ ഗണ്യമായി കുറയ്ക്കുന്നതുമായ ഈ വിദ്യ തന്നെയാണ്‌ ഇപ്പോൾ ഇവിടെ മറ്റൊരു നേരത്തേ സൂചിപ്പിച്ച തരത്തിൽ പരീക്ഷിക്കപ്പെടുന്നത്. ചുവരിലും റൂഫിലും എപ്പോഴും നേരിട്ട് വെയിലടിച്ചുകൊണ്ടിരിക്കുന്ന തരത്തിലുള്ള വീടുകളിൽ മുറിയ്ക്കകത്തെയും പുറത്തെയും ചൂടിൽ അഞ്ച് ഡിഗ്രിയുടെ എങ്കിലും വ്യത്യാസമുണ്ടാകും. ഈ വ്യത്യാസത്തിന്റെ ഗുണഫലം അനുഭവിക്കാൻ പുറത്തുള്ല തണുത്ത വായുവിനെ വീടിനകത്തേയ്ക്ക് എത്തിക്കുകയും അതോടൊപ്പം മുറിയ്ക്കകത്തെ ചൂടുള്ല വായുവിനെ പുറത്തേക്ക് കളയുകയും വേണം. ജനലുകൾ തുറന്നിട്ടാൽ ഈ പ്രക്രിയ നടക്കുമെങ്കിലും കാറ്റ് ഇല്ലാത്ത കാലാവസ്ഥയിൽ ഈ പ്രക്രിയ വളരെ പതുക്കെയേ നടക്കൂ. അപ്പോഴേയ്ക്കും നേരം വെളുത്തിട്ടുണ്ടാകും. ഇതിനെ ഒന്ന് വേഗത്തിലാക്കാൻ ഫാനുകളും ബ്ലോവറുകളുമൊക്കെ ഉപയോഗിച്ചുകൊണ്ടുള്ള ഫോഴ്സ്ഡ് എയർ കൂളിംഗിനു കഴിയുന്നു.

ഇതിനായി പ്രത്യേകമായി ഡിസൈൻ ചെയ്യപ്പെട്ട ‘വിൻഡോ ഫാനുകൾ’ വിദേശ രാജ്യങ്ങളിൽ ലഭ്യമാണ്‌. ഉപയോഗിക്കപ്പെടുന്നുമുണ്ട്. പക്ഷേ നമ്മൂടെ നാട്ടിൽ ഇതുവരെ അതിനു കാര്യമായ പ്രചാരം ലഭിച്ചിട്ടില്ല. ഇപ്പോൾ പലരും യഥാർത്ഥത്തിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ഈ വിൻഡോ ഫാനുകളുടെ അപരിഷ്കൃത രൂപം തന്നെയാണ്‌.

ഇനി ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും അനുബന്ധ പ്രശ്നങ്ങളുമെല്ലാം ഒന്ന് ചർച്ച ചെയ്യാം.

1. വീടീനകത്തും പുറത്തും താപനിലയിൽ കാര്യമായ വ്യത്യാസം ഉള്ളപ്പോൾ വളരെ ഫലപ്രദമായി മുറയ്ക്കകത്തെ ചൂട് കുറയ്ക്കുന്നു.

2. മുറിയ്ക്കകത്ത് നല്ല രീതിയിലുള്ള വായു സഞ്ചാരം ഉറപ്പാക്കപ്പെടുന്നു.

3. എയർ കണ്ടീഷനറുകൾക്ക് ഒരു ബദൽ ആണെന്ന് പറയാൻ കഴിയില്ലെങ്കിലും വളരെ ചെലവ് കുറവായതിനാൽ ഏ സിയുടെ വിലയും ആവർത്തനച്ചെലവുകളും താങ്ങാൻ കഴിയാത്തവർക്ക് ഉപകാരപ്രദമാണ്‌.

4. പുറത്തു നിന്നുള്ള പൊടിയും പുകയും അകത്തേയ്ക്ക് കൂടുതലായി വലിച്ചെടുക്കപ്പെടുമെന്നതിനാൽ പൊടിശല്ല്യം കൂടുതലായ നഗര പ്രദേശങ്ങളിൽ ഫിൽട്ടറുകൾ ഉപയോഗിക്കേണ്ടി വരും. ഫിൽട്ടറുകൾ ഉപയോഗിക്കുമ്പോൾ എയർ ഫ്ലോ കുറയും അപ്പോൾ കൂടുതൽ പവർ ഫുൾ ആയ ഫാനുകൾ ഉപയോഗിക്കേണ്ടി വരും. ഫലം കൂടുതൽ വൈദ്യുതി ചെലവും ശബ്ദ ശല്ല്യവും.

5. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും കൊതുകുകളും പ്രാണികളും കടക്കാതിരിക്കാനായി നെറ്റ് ഉപയോഗിച്ചിരിക്കണം.

6. ഇന്റീരിയർ / എക്സ്റ്റീരിയർ ഭംഗി : ഒരു അഡീഷണൽ ഫിറ്റിംഗ് ആയതിനാൽ മുറിയുടെ ഇന്റീരിയർ ഭംഗിയെ സ്വാധീനിക്കുന്നു. ഏച്ചു കെട്ടിയതായി തോന്നും. നല്ല രീതിയിൽ ഡിസൈൻ ചെയ്താൽ ഈ പ്രശ്നത്തെ പരിഹരിക്കാനാകും പക്ഷേ ഭംഗിയാക്കി ഭംഗിയാക്കെ എയർ കണ്ടീഷണറുകളേക്കാൾ വില വരുന്ന രീതിയിൽ ആകരുതെന്നു മാത്രം.

7. വീട് ഉണ്ടാക്കുമ്പോൾ തന്നെ ഇത്തരത്തിൽ ‘ഫോഴ്സ്ഡ് എയർ കൂളിംഗ് ‘ സംവിധാനം കൂടി ഒരുക്കുന്ന രീതിയിൽ ഡിസൈൻ ചെയ്യുന്നതായിരിക്ക്മ് കൂടുതൽ നല്ലത്.

8. പുറത്ത് നിന്നും മുറിയ്കകത്തേയ്ക്ക് എന്നതുപോലെ മുറിയിൽ നിന്നും പുറത്തേയ്ക്ക് ഉള്ള വായു സഞ്ചാരവും പ്രധാനമാണ്‌ എന്നതിനാൽ മുറികളുടെ മുകൾ ഭാഗത്തുള്ള വെന്റിലേറ്റർ ഹോളുകളിലൂടെയോ അല്ലെങ്കിൽ എതിർ ദിശയിലോ മറ്റേതെങ്കിലും വശങ്ങളിലോ ഉള്ള ജനലുകളിലൂടെയോ ഉള്ള പുറത്തേയ്ക്ക് ഉള്ള വായു സഞ്ചാരം ഉറപ്പാക്കേണ്ടതുണ്ട്. ഇത് രണ്ടാമതൊരു എക്സ് ഹോസ്റ്റ് ഫാൻ ഉപയോഗിച്ചാണെങ്കിൽ കൂടുതൽ ഫലപ്രദമാകും പക്ഷേ അപ്പോഴും കറന്റ് ചാർജ്, ശബ്ദശല്ല്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം.

9. ശരാശരി 8 മണിക്കൂർ എങ്കിലും തുടർച്ചായി പ്രവർത്തിക്കേണ്ടതാണെന്നതിനാൽ ഇത്തരം എക്സ് ഹോസ്റ്റ് ഫാനുകളുടെ ഊർജക്ഷമത പ്രധാനപ്പെട്ടതാണ്‌. അതുകൊണ്ട് BLDC എക്സ് ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും അനുയോജ്യം.
ഇതുപോലെയുള്ള ഫോഴ്സ്ഡ് എയർ കൂളിംഗ് സിസ്റ്റം വീടുകളിൽ പരീക്ഷിച്ചിട്ടുള്ലവർ വിവരങ്ങൾ പങ്കു വയ്ക്കുക. ചർച്ച നടക്കട്ടെ.

You May Also Like

പോർച്ചുഗലിലെ വവ്വാൽ ലൈബ്രറികൾ

പോർച്ചുഗലിലെ വവ്വാൽ ലൈബ്രറികൾ  Sreekala Prasad പോർച്ചുഗലിലെ മഫ്രയിലെ മാഫ്ര പാലസ് ലൈബ്രറിയും കോയിംബ്രയിലെ ബിബ്ലിയോട്ടെക്ക…

സൂര്യനിൽ പാമ്പ് ഇഴയുന്നു, സത്യം എന്താണ് ?

സൂര്യനിൽ പാമ്പ് ഇഴയുന്നു, സത്യം എന്താണ് ? Vidya Vishwambharan (നമ്മുടെ പ്രപഞ്ചം) സൂര്യന്‍റെ ഉപരിതലത്തിനു…

ഇന്ത്യൻ ആണെങ്കിലും ആളുകൾ കൂടുതലും വിദേശത്തെയാണെന്നു തെറ്റിധരിച്ചിട്ടുള്ള ചില ഉത്പന്നങ്ങൾ

ഇന്ത്യൻ ആണെങ്കിലും ആളുകൾ കൂടുതലും വിദേശത്തെയാണെന്നു തെറ്റിധരിച്ചിട്ടുള്ള ചില ഉത്പന്നങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി…

ചെസ് കളിക്കുന്നതെങ്ങനെ എന്നറിയാത്തവർ ഉണ്ടെങ്കിൽ ഈ പോസ്റ്റ് വായിക്കുക

എങ്ങനെയാണ് ചെസ്സ് കളിക്കുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി അറുപത്തിനാല് സമചതുര കളങ്ങളാണ് ചെസ്സ്…