ഒന്നാം ക്ലാസ്സിലെ അനുഭവപാഠങ്ങള്‍
അച്ഛന്റെ കൈപിടിച്ച്കൊണ്ട്, സ്ക്കൂളിന്റെ പടികള്‍ ആദ്യമായി കയറി, അകത്ത് പ്രവേശിച്ചപ്പോള്‍ വിശാലമായ ലോകംകണ്ട് ഞാനൊന്ന് ഞെട്ടി.
ആ ഞട്ടലിനിടയില്‍ ഒരിക്കല്‍പോലും ഞാന്‍ ‘ഒരു കാര്യം’ ചിന്തിച്ചിരിക്കാനിടയില്ല;
… എന്താണെന്നോ?
155 total views

അച്ഛന്റെ കൈപിടിച്ച്കൊണ്ട്, സ്ക്കൂളിന്റെ പടികള്‍ ആദ്യമായി കയറി, അകത്ത് പ്രവേശിച്ചപ്പോള്‍ വിശാലമായ ലോകംകണ്ട് ഞാനൊന്ന് ഞെട്ടി.
ആ ഞട്ടലിനിടയില്‍ ഒരിക്കല്‍പോലും ഞാന്‍ ‘ഒരു കാര്യം’ ചിന്തിച്ചിരിക്കാനിടയില്ല;
… എന്താണെന്നോ?
*** ‘ഒന്നാം തരം മുതല്‍ അഞ്ചാം തരംവരെ, 5 കൊല്ലം അവിടെ പഠിച്ച് ജയിച്ച ഞാന്‍ വര്ഷങ്ങള്ക്ക്ള്ശേഷം ഒരു അദ്ധ്യാപികയായി രൂപാന്തരം പ്രാപിച്ച് അതേ സ്ക്കൂളില്‍ 5 വര്‍ഷം പഠിപ്പിക്കും’,,, എന്ന മഹത്തായ കാര്യം.
അതെ, അന്ന് ആദ്യമായി അകത്ത് പ്രവേശിച്ചത്, ഞാന്‍ ആദ്യമായി പഠിച്ചതും പഠിപ്പിച്ചതുമായ വിദ്യാലയത്തിലാണ്.
ധാരാളം കുട്ടികളെയും മുതിര്‍ന്നവരെയും ഒന്നിച്ച് കണ്ടപ്പോള്‍ വീട്ടില്‍നിന്നും പുറത്തിറങ്ങി അടുത്ത വീട്ടില്‍പോലും ഒറ്റയ്ക്ക് പോകാന്‍ സ്വാതന്ത്ര്യം നിഷേധിച്ച, വീട്ടിലെ മുതിര്‍ന്നവര്‍ക്കിടയില്‍ ഒരേയൊരു കുട്ടിയായ എനിക്ക്, എല്‍.പി സ്ക്കൂള് ഒരു വലിയ ലോകമായി തോന്നിയതില്‍ ആശ്ചര്യമില്ല.
ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന ആദ്യദിവസം സ്ക്കൂളിന്റെ അകത്ത് കടന്ന ഞാന്‍, അച്ഛനെ മുറുകെപിടിച്ച് ചുറ്റുപാടും നോക്കാന്‍ തുടങ്ങി. എത്രയെത്ര ആളുകളാണ്? എവിടെ നോക്കിയാലും കുട്ടികള്‍ ഓടിക്കളിക്കുന്നു. പരിചയക്കാരായ അദ്ധ്യാപകരെ പ്രത്യേകം പ്രത്യേകമായി കണ്ടെത്തിയ അച്ഛന്, മകളെ അവര്‍ക്ക് പരിചയപ്പെടുത്തി. സ്ക്കൂളിന്റെ ആപ്പീസുമുറിയില്‍ കടന്നപ്പോള്‍ മുന്നിലുള്ള അദ്ധ്യാപകന്റെ കാലുതൊട്ട് വന്ദിക്കാന്‍ എന്നോട് പറഞ്ഞു,
നീളന്‍ ജുബ്ബയിട്ട ആ അദ്ധ്യാപകനെ തലയുയര്‍ത്തി നോക്കിയശേഷം കുനിഞ്ഞു കാല് പിടിക്കുന്ന എന്നെ പിടിച്ചുയര്‍ത്തി അദ്ധ്യാപകന് അനുഗ്രഹിച്ചു. ആ വലിയ മനുഷ്യന്റെ കരംഗ്രഹിച്ച് അച്ഛന് എന്നോട് പറഞ്ഞു,
‘ഇതാണ് നിന്റെ ഹെഡ്മാസ്റ്റര് കുമാരന് മാഷ്’
ഞാന്‍ അച്ഛന്റെ പിന്നിലൊളിച്ച് പേടിയോടെ ആ മനുഷ്യനെ എത്തിനോക്കി.
പിന്നെ ഞങ്ങള്‍ മറ്റുള്ള അദ്ധ്യാപകര്‍ ഓരോരുത്തരെയും പരിചയപ്പെട്ടു; ഓരോ പരിചയപ്പെടലിന്റെ നേരത്തും അവരുടെ കാല് തൊട്ട് വന്നിച്ചു; കോരന് മാഷ്, അപ്പനു മാഷ്, കറുവന് മാഷ് അങ്ങനെ പോയി ഒടുവില്‍ ഒന്നാംതരത്തിലെത്തി അവിടെയുള്ള രോഹിണിടീച്ചറെയും വണങ്ങി. ടീച്ചര്‍ എന്നെ മടിയില്‍ പിടിച്ചിരുത്തി ഒരു വിശേഷപ്പെട്ട സാധനം തന്നു,,,
ഒരു ചോക്ക് കഷ്ണം.
. അത് ഒരു തുടക്കം ആയിരിക്കാം,,,
*** വര്ഷങ്ങള്ക്ക്ള്ശേഷം ഒരു അദ്ധ്യാപികയായി അവിടെ വന്നപ്പോള്‍ ഒന്നാം തരത്തില്‍ എന്നെ പഠിപ്പിച്ച അതേ രോഹിണിടീച്ചര്‍ എന്റെ സഹപ്രവര്‍ത്തകയായി അതേ ഒന്നാം തരത്തില്‍തന്നെ അപ്പോഴും ഉണ്ടായിരുന്നു.
*** അദ്ധ്യാപകരില്‍ അപ്പനു മാഷിന്റെ റജിസ്റ്ററിലെ പേര് മറ്റൊന്നായിരുന്ന് എന്ന് മനസ്സിലാക്കിയത് അദ്ധ്യാപിക ആയി മാറിയശേഷം പഴയ രജിസ്റ്റര്‍ പരിശോദിച്ചപ്പോഴാണ്.
*** കറുവന് മാസ്റ്ററുടെ മരുമകളാണ് രോഹിണി ടീച്ചര്‍. സ്വാതന്ത്ര്യസമര സേനാനിയായ അവിവാഹിതനായ കറുവന് മാസ്റ്ററുടെ ബന്ധുക്കളില്‍ രോഹിണി ടീച്ചറടക്കം പലരും അവിവാഹിതരാണ്.
*** ഏറ്റവും ഒടുവില്‍ രോഹിണിടീച്ചറടക്കം എന്റെ െ്രെപമറി അദ്ധ്യാപകരെല്ലാം പല കാലങ്ങളിലായി ചരമം പ്രാപിച്ചു.
… എന്റെ വിദ്യാലയ ദിനങ്ങള്‍ അങ്ങനെ ആരംഭിക്കുകയായി.
…
പിറ്റേന്ന്,
രാവിലെയമ്മ കുളിപ്പിച്ച്
പുത്തനുടുപ്പുകളിടുവിച്ച്
പുസ്തകസഞ്ചിയെടുപ്പിച്ച്
ഉമ്മകളൊന്നും നല്‍കാതെ,
പുറത്തിറങ്ങി. (കുട്ടികളെ ഉമ്മവെക്കുന്ന സ്വഭാവം എന്റെ വീട്ടുകാര്‍ക്കില്ല)
ഞാന്‍ പുറപ്പെടുന്നതിനു വളരെ മുന്‍പെ അയല്പക്കത്തെ കുട്ടികള്‍ വീട്ടിലെത്തിയിരുന്നു. എന്നെ അവരുടെ കൂടെ വിടുമ്പോള്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍ പെരുമഴയായി അമ്മയില്‍ നിന്നും വീട്ടിലെ മറ്റുള്ളവരില്‍ നിന്നും പെയ്യാന്‍ തുടങ്ങി,
‘1, സ്ക്കൂളിന്റെ പടിഞ്ഞാറ് ഭാഗം പോകരുത്,
2, കുട്ടി ക്ലാസ്സിനകത്ത് ഇരിക്കുന്നുണ്ടോ എന്ന് എപ്പോഴും നോക്കണം,
3, പൊറത്ത് കളിക്കാന്‍ പോകാതെ ആകത്തിരിക്കണം,
4, പോകുമ്പോഴും വരുമ്പോഴും കുട്ടീന്റെ കൈ പിടിക്കണം,
5, വേലിയും മതിലും കടക്കാന്‍ കുട്ടീനെ എടുത്ത് കയറ്റണം,
6, നായയോ പശുവോ വരുന്നത് നോക്കണം,
7, പൊട്ടന് രാമനെക്കണ്ടാല്‍ കുട്ടീനെ ഒറ്റക്കാക്കി പായരുത്,
8, എല്ലാരും ഒപ്പരം നടക്കണം,’
എല്ലാറ്റിനും എല്ലാരും തലയാട്ടി; പിന്നീട് അയല്‍വാസിയായ ഇന്ദിരേച്ചി എന്റെ കൈ പിടിച്ച് വീട്ടില്‍നിന്നും ഇടവഴി കടന്ന് കുന്ന് കയറാന്‍ തുടങ്ങി.
വിദ്യാര്‍ത്ഥി ആയ ഞാന്‍ ആരോടും പരിഭവമില്ലാതെ ജീവിതപാഠങ്ങള്‍ ഓരോന്നായി അനുഭവത്തിലൂടെയും അദ്ധ്യാപകരിലൂടെയും പഠിച്ചു. രണ്ടാം ദിവസം സ്ക്കൂളില്‍ എത്തിയത് ചുമലില്‍ തൂങ്ങുന്ന സഞ്ചിയില്‍ സ്ലെയിറ്റും പെന്‍സിലുമായാണ്. രോഹിണിടീച്ചര്‍ സ്ലെയിറ്റില് പെന്‍സില്‍കൊണ്ട് ‘ഹരിശ്രി’ എഴുതിത്തന്നതിനുശേഷം നിലത്തിരുന്ന് വെളുത്ത പൂഴിമണലില്‍ വിരലുപിടിച്ച് എഴുതിച്ചു. ഒന്നാം ക്ലാസ്സിന്റെ തറയില്‍ തൂവെള്ള നിറമുള്ള, കടപ്പുറത്തെ പൂഴിയാണ്. ഈ പൂഴി ഇടയ്ക്കിടെ മാറ്റി പുതിയവ നിറക്കുന്ന ജോലി ചെയ്യുന്നത് അഞ്ചാം തരത്തിലെ മുതിര്‍ന്ന ആണ്‍കുട്ടികളാണ്. ഹെഡ്മാസ്റ്ററുടെ നിയന്ത്രണത്തില്‍ ചാക്കുമായി കുന്നിറങ്ങി കടല്‍തീരത്തുനിന്നും പുത്തന്‍ മണല്‍വാരി സ്ക്കൂളിലേക്ക് വരുന്ന ആണ്‍കുട്ടികള്‍ മറ്റുള്ളവരുടെ ആരാധനാപാത്രങ്ങളായിരിക്കും.
പല പ്രായത്തിലുള്ള, പല ക്ലാസ്സുകളില്‍ പഠിക്കുന്ന, ഒരേ നാട്ടുകാരായ വിദ്യാര്‍ത്ഥികളെല്ലാം ഒന്നിച്ച് രാവിലെ സ്ക്കൂളില്‍ വരുന്നു. ഉച്ചക്ക് വീട്ടില്‍പോയി ഉച്ചഭക്ഷണം കഴിഞ്ഞ് തിരിച്ച് സ്ക്കൂളില്‍ വരുന്നു. വൈകുന്നേരം കടല്‍ക്കാറ്റേറ്റ് പാറകളിലും പുല്ലിലും ചവിട്ടിക്കളിച്ച് വീട്ടില്‍ തിരിച്ചെത്തുന്നു.
ഉച്ചക്കഞ്ഞിയും അമേരിക്കന്‍ ഉപ്പുമാവും സ്ക്കൂളില്‍ പ്രവേശിച്ചത് ഏതാനും വര്‍ഷം കഴിഞ്ഞാണ്.
*** പടിഞ്ഞാറുഭാഗം കുത്തനെ താഴോട്ട് അറബിക്കടലാണ് എന്ന് പറയുന്നത് കേട്ടു. അന്നുള്ള പേടികാരണം അദ്ധ്യാപിക ആയപ്പോഴും ആ വഴിയിലൂടെ ഇറങ്ങി താഴോട്ട് പോകാറില്ല. (ഇപ്പോള്‍ ആ വഴിയിലൂടെ ടൂറിസ്റ്റുകളായ ‘സായിപ്പ്മദാമ്മമാര്’ ഓടിക്കയറുന്നതും ഇറങ്ങുന്നതും കടല്‍തീരത്തുനിന്ന് കാണാം)
*** കളിക്കാന്‍ പോയാല്‍ ഉരുണ്ട്വീണ് പരിക്ക്പറ്റും; കൈ പിടിച്ചില്ലെങ്കില്‍ ഞാന്‍ വഴിതെറ്റിപ്പോകാം.
*** പോകുന്ന വഴിയില്‍ ഉയര്‍ന്ന വേലിയും മതിലും ഉണ്ട്. വഴിയില്‍ നാട്ടുകാര്‍ അതിരാവിലെ അഴിച്ച് വിട്ട പശുക്കളുണ്ടാവും; പിന്നെ നായകളെ ഒരിക്കലും കെട്ടിയിടാറില്ല.
*** പൊട്ടന് രാമന് ഒറ്റക്ക് നടക്കുന്ന കുട്ടികളെ കല്ലെടുത്തെറിയും.
…
മൂന്നാം ദിവസം,
അന്ന് എന്റെ സഞ്ചിയില്‍ സ്ലെയിറ്റും പെന്‍സിലും കൂടാതെ ഒന്നാം പാഠാവലിയും ഒപ്പം ഒരു കൊച്ചു പുസ്തകവും ഉണ്ടായിരുന്നു. അവ രണ്ടും തലേദിവസം കണ്ണുരില്‍ നിന്നും അച്ഛന് കൊണ്ടുവന്നതാണ്. മറ്റുള്ളവര്‍ പുത്തന്‍ പുസ്തകം തൊടാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി. കൂടുതല്‍ കരച്ചില് കേള്‍ക്കാനായി എല്ലാവരും ചേര്‍ന്ന് പുസ്തകം ഒന്ന് തൊട്ടുനോക്കാന്‍ പരിശ്രമിക്കുന്നതിനിടയില്‍ ടീച്ചര്‍ ക്ലാസിലെത്തി പുസ്തകം വാങ്ങി. ആ കൊച്ചുപുസ്തകം തുറന്ന ടീച്ചര്‍ ഒന്നാംപേജില്‍ പേനകൊണ്ട് പതുക്കെ എഴുതി ഓരോ അക്ഷരങ്ങളും വായിച്ചുതന്നു,
‘ഹരി. ശ്രീ. ഗ. ണ. പ. ത. യെ. ന. മഃ’
എന്നെക്കൂടാതെ പലരും പലതരം നോട്ട്ബുക്കുമായാണ് ക്ലാസ്സില്‍ വന്നത്. അതിലെല്ലാം ടീച്ചര്‍ ‘ഹരിശ്രീ’ എഴുതുകയും കുട്ടികളെ മണലില്‍ എഴുതിക്കുകയും ചെയ്തു.
ഒടുവില്‍ ഒരു അത്ഭുതം സംഭവിച്ചു; നമ്മുടെ കൂട്ടത്തിന് ഒരുത്തന് കൊണ്ടുവന്നത് മൂന്ന് ഓലകളാണ്; സാക്ഷാല്‍ എഴുത്തോല എന്ന ‘പനയോല’. അവന്റെ കൈയില്‍നിന്ന് ഓലവാങ്ങിയ ടീച്ചര്‍ കസേരയില്‍ ഇരുന്നതോടെ ഞങ്ങളെല്ലാം മേശക്ക് ചുറ്റും കൂടി ടീച്ചറെ വളഞ്ഞു. ആ ഓല അളന്ന്മുറിച്ച് അറ്റത്ത് കറുത്ത നൂല്കൊണ്ട് കെട്ടിയശേഷം മേശതുറന്ന് എഴുത്താണി(നാരായം) പുറത്തെടുത്തു. ടീച്ചര്‍, ചൂണ്ടുവിരലിനും നടുവിരലിനും ഇടയില്‍ ഇരുമ്പ് കൊണ്ടുള്ള എഴുത്താണി പിടിച്ച് വിരലുകള്‍ മടക്കി ആണിയുടെ കൂര്‍ത്ത അറ്റം കൊണ്ട് ഓലയില്‍ ‘ഹരി. ശ്രീ’ എന്ന് എഴുതാന്‍ തുടങ്ങി. മറ്റുള്ളവരെയെല്ലാം കൊതിപ്പിച്ച ആ ഓലപുസ്തകം കിട്ടിയ നമ്മുടെ സഹപാഠിയെ എല്ലാവരും അസൂയയോടെ നോക്കിനില്‍ക്കെ ഒരു പെണ്‍കുട്ടി പറഞ്ഞു,
‘അവന്റെ അച്ചന് മരംമുറിക്കലാണ് ജോലി, അതുകൊണ്ടാ എഴുത്തോല കിട്ടിയത്’
അച്ഛന്, ‘മരംമുറിക്കുന്ന ഒരു തൊഴിലാളി’ ആവാത്തതില്‍ എനിക്ക് മാത്രമല്ല മറ്റു കുട്ടികള്‍ക്കും പ്രയാസം തോന്നിയിരിക്കാം.
…
ദിവസങ്ങള്‍ ഓരോന്നായി നീങ്ങി,
ഹരിശ്രീയില്‍ നിന്ന് ‘അ’ ‘ആ’ ‘ഇ’ ‘ഈ’ യിലേക്ക് കടന്ന് ‘ക’ ‘ഖ’ ‘ഗ’ ‘ഘ’ യുടെ വാതില്‍ തുറക്കാന്‍ ആരംഭിച്ചു. അതോടൊപ്പം പാട്ടുകളും ചിത്രങ്ങളും കൂട്ടിനുവന്നു. എന്നാല്‍ സ്ക്കൂളില്‍ വരുന്നതിന് വളരെ മുന്‍പ്തന്നെ ഞാന്‍ അക്ഷരങ്ങളുടെ ലോകത്തായിരുന്നു. അദ്ധ്യാപകരായ രണ്ട് അമ്മാവന്മാര്, വിളിച്ചാല്‍ കേള്‍ക്കുന്നിടത്ത് ഗ്രാമീണ വായനശാല, വീട്ടില്‍ പത്രവും മാസികയും ലൈബ്രറി പുസ്തകങ്ങളും’ എല്ലാം ചേര്‍ന്ന് രണ്ടാം തരം വരെയുള്ളതെല്ലാം പഠിച്ചിട്ടാണ് സ്ക്കൂളിലേക്കുള്ള എന്റെ വരവ്. ഈസോപ്പ് കഥകള്‍ വായന ആയിരുന്നു അക്കാലത്തെ എന്റെ പ്രധാന ഹോബി,,,
…
ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം,
എന്നെയും കൂട്ടി രാവിലെ സ്ക്കൂളില്‍ വന്ന സഹപാഠികള്‍ എന്നെമാത്രം ഒന്നാംക്ലാസ്സില്‍ തനിച്ചാക്കി കളിക്കാന്‍ പോയി. പോകുമ്പോള്‍ ധാരാളം നിര്‍ദ്ദേശങ്ങള്‍ തന്നു,
‘പൊറത്ത് പോകരുത്; ഒച്ചയാക്കരുത്; എഴുന്നേറ്റ് ഓടരുത്;’
എല്ലാം കേട്ട് തലയാട്ടിക്കൊണ്ട് ഒന്നാം തരത്തിലെ ബഞ്ചിന്റെ ഒരറ്റത്ത് ഒറ്റപ്പെട്ട് ഞാനിരുന്നു. എട്ട് കുട്ടികള്‍ ഇരിക്കുന്ന നീളമുള്ള ബഞ്ചില്‍ ഞാന്‍ മാത്രം. കിഴക്ക് പടിഞ്ഞാറായി നീണ്ട ഒരു വലിയ ഹാളില്‍ പലയിടങ്ങളിലായി സാങ്കല്പിക അതിര്‍ത്തി തിരിച്ച്, അഞ്ച് ക്ലാസ്സുകളും അതിന്റെ പടിഞ്ഞാറായി അല്പം ഉയര്‍ന്ന് വാതിലില്ലാത്ത ആപ്പീസ് മുറിയും ചേര്‍ന്നാല്‍ എന്റെ വിദ്യാലയമായി. സ്ക്കൂളിലേക്ക് കടക്കാനും പുറത്ത്പോകാനുമായി 3 വാതിലുകള്‍; ഒന്ന് കിഴക്ക് ഭാഗത്ത് ഒന്നാം ക്ലാസ്സില്‍ തുറക്കുന്നതും മറ്റ്രണ്ടെണ്ണം വടക്ക് ഭാഗത്ത് രണ്ടറ്റത്തും സ്ഥിതിചെയ്യുന്നു. ഓലമേഞ്ഞ മേല്‍ക്കൂരയില്‍ ചുറ്റുപാടുമുള്ള തെങ്ങുകളില്‍ നിന്ന് ഓലയും തേങ്ങയും വീണാല്‍ കുട്ടികള്‍ക്കും കെട്ടിടത്തിനും ഒരു പരിക്കും പറ്റുകയില്ല. കിഴക്കെയറ്റത്തുള്ള ഒന്നാം തരത്തിന് തൊട്ടടുത്ത് അഞ്ചാം തരം, പിന്നെ മൂന്ന്, രണ്ട്, നാല് എന്നിങ്ങനെയാണ് ക്രമീകരണം. അകത്ത് ചാണകം തേച്ച് മോടികൂട്ടിയിട്ടുണ്ട്; ഒന്നാം ക്ലാസ്സില്‍മാത്രം അതിനുമുകളില്‍ കടപ്പുറത്തെ തൂവെള്ളമണല്‍ നിരത്തിയിരിക്കുന്നു.
ഒറ്റപ്പെട്ട് ക്ലാസ്സിലെ ബഞ്ചില്‍ ഇരിക്കുന്നതില്‍ എനിക്ക് പ്രത്യേകമായി ഒന്നും തോന്നിയില്ലെങ്കിലും ആ നേരത്ത് കടന്നുവന്ന കറുവന് മാസ്റ്റര്‍ക്ക് ഒരു സംശയം തോന്നി, ‘ഈ കുട്ടി കരയുകയാണോ!?’
അദ്ദേഹം ചോദിച്ചു,
‘കുട്ടി എന്തിനാ കരയുന്നത്?’
കരയാത്ത കുട്ടി ഉത്തരം പറഞ്ഞില്ല; അപ്പോള്‍ വീണ്ടും ചോദ്യം,
‘കുട്ടിക്ക് വയറുവേദനയുണ്ടോ?’
കുട്ടി ഒന്നും മിണ്ടാതെ അദ്ധ്യാപകനെ നോക്കുന്നത് കണ്ടപ്പോള്‍ പിന്നെ ഒറപ്പിക്കാമല്ലൊ,,, ഇത് വയറുവേദന തന്നെ,,,
‘കുട്ടിക്ക് വീട്ടില്‍ പോകണോ?’
എന്നിട്ടും കുട്ടി ഒരക്ഷരവും ഉരിയാടാതെ മാഷെ നോക്കുകയാണ്; മാഷ് കളിക്കുന്ന മറ്റുകുട്ടികളെ വിളിച്ചു,
‘ഇന്ദിരേ, ഗീതേ, ഗൌരീ, രാധേ, നളിനീ,,, എല്ലാരും വന്നാട്ടെ,,,’
‘ഹാജര്‍, ഹാജര്‍, ഹാജര്‍, ഹാജര്‍, ഹാജര്‍’
‘ഈ കുട്ടിക്ക് വയറുവേദന; വേഗം വീട്ടില്‍ കൊണ്ടാക്കിയാട്ടെ,,,’
പെട്ടെന്ന് മുതിര്‍ന്ന കുട്ടിപ്പെണ്‍പട എന്നെ കടന്നുപിടിച്ചു; ഒരുത്തി പുസ്തകസഞ്ചിയെടുത്തു, അടുത്തവള്‍ എന്റെ നീളന്‍ കുടയെടുത്തു, രണ്ടുപേര്‍ എന്റെ രണ്ട് കൈയിലും പിടിച്ച് എന്നെ നടത്തിച്ചു. മുന്നില്‍ രണ്ട് കൈയുംവീശി നടന്നത് അയല്‍വാസി ഇന്ദിരയാണ്, മൂന്നാം ക്ലാസ്സിലാണെങ്കിലും അവളെ നാട്ടുകാര്‍ക്കെല്ലാം പേടിയാണ്.
വീട്ടിലെത്തിയപ്പോള്‍ അമ്മയും അമ്മൂമ്മയും ഇളയമ്മയും അമ്മായിയും എന്റെ ചുറ്റും കൂടിനിന്ന് സഹപാഠിനികളെ ചോദ്യം ചെയ്തു. വയറുവേദന പിടിപെട്ട കുട്ടിയെ വീട്ടിലിരുത്തി അവര്‍ പോകാന്‍ പുറപ്പെട്ടപ്പോള്‍ അമ്മ പറഞ്ഞു,
‘കുട്ടിയേംകൊണ്ട് ഇത്രേം ദൂരം നടന്നുവന്നതല്ലെ എന്തെങ്കിലും തിന്നിട്ട് പോയാല്‍ മതി’
ഇത് കേട്ടപ്പോള്‍ തിരിച്ചുപോകാന്‍ പുറപ്പെട്ട പഞ്ചാംഗതരുണികള്‍ അടുക്കള ഭാഗത്തെ വരാന്തയിലും കിണറ്റിന്കരയിലും ഇരുന്നു; കൂടെ ഞാനും. അപ്പോള്‍ നളിനി ഒരു ചോദ്യം,
‘നിനക്ക് വയറ്റില്‍ വേദനയുണ്ടോ?’
അദ്ധ്യാപകന് ചോദിച്ചതുപോലുള്ള ചോദ്യം ഒരിക്കല്‍കൂടി കേട്ട് ഞാനൊന്ന് ചിരിച്ചപ്പോള്‍ അവള് പറഞ്ഞു,
‘കള്ളം പറഞ്ഞാല്‍ കണ്ണ് പൊട്ടും’
,,, ഞാന്‍ കള്ളമൊന്നും പറഞ്ഞില്ലല്ലൊ, അപ്പോള്‍പിന്നെ എന്റെ കണ്ണ് പൊട്ടുകയില്ലല്ലൊ.
അടുക്കളയില്‍നിന്ന് ഇളയമ്മ അവില് കുഴക്കുകയാണ്; അവിലിന്റെ കൂടെ തേങ്ങ ചിരവിയിട്ട്, വെല്ലം പൊടിച്ചിട്ട്, നന്നായി കുഴച്ച് ഉരുട്ടിയശേഷം ഓരോ ഉരുളയും എനിക്ക് എസ്ക്കോര്‍ട്ട് വന്ന കുട്ടികള്‍ക്ക് നല്കി. ആറാമത്തെ ഉരുള എനിക്ക് തന്നതിനുശേഷം പറഞ്ഞു,
‘അവില് തിന്നാല്‍ വയറുവേദന പോകും’
ഞാന്‍ ആ ഉരുള കൂടാതെ രണ്ടെണ്ണം കൂടി തിന്നുന്നത് കണ്ട അമ്മൂമ്മ മറ്റുള്ളവരോട് പറഞ്ഞു,
‘മോള് ഇന്നേതായാലും സ്ക്കൂളില്‍ പോകണ്ട; നിങ്ങളെല്ലാം പോന്നില്ലെ?’
അതുവരെ അവില് തിന്ന് രസിച്ചവര്‍ ഇതുകേട്ടതോടെ പരിസരത്തുള്ള പൂക്കളൊക്കെ പറിച്ചെടുത്ത് സ്ക്കൂളിലേക്ക് നടന്നു. ഞാന്‍ മുതിര്‍ന്നവരോടൊത്ത് അടുക്കളയില്‍ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങാന്‍ തുടങ്ങി.
*** അദ്ധ്യാപിക ആയി രൂപാന്തരപ്പെട്ട്, അതേ വിദ്യാലയത്തില്‍ ഞാന്‍ എത്തിയപ്പോഴേക്കും ക്ലാസ്സിന്റെ ക്രമീകരണം മാറ്റിയിരുന്നു. എന്നാല്‍ തൊട്ടടുത്തുള്ള തെങ്ങുകള്‍ കാരണം മേല്‍ക്കൂരയിലെ ഓലമാറ്റി ഓട് മെഞ്ഞില്ല,
…
പിറ്റേദിവസം
സ്ക്കൂളിലെത്തി ഒന്നാം ക്ലാസ്സിലിരിക്കുന്ന എന്റെ സമീപം ഇന്ദിരയും ഗീതയും ഗൌരിയും രാധയും നളിനിയും വന്നു. വന്ന ഉടനെ എന്റെ ചുറ്റും കൂടിനിന്ന് ചോദ്യമായി,
‘നിനക്കിന്ന് വയറുവേദനയില്ലെ?
വീട്ടില്‍ പോകണ്ടേ?
കുട്ടിക്ക് വയറ്റില്‍വേദനയെന്ന് മാഷോട് പറയട്ടെ?’
അഞ്ചംഗസംഘം ചുറ്റും കൂടിനിന്ന് എന്നെ ക്വസ്റ്റന്‍ ചെയ്യുമ്പോള്‍ മറുപടി പറയാനാവാതെ ഇരുന്ന എന്നെ ചൂണ്ടി അവര്‍ പറഞ്ഞു,
‘ഇതാ കുട്ടി കരയുന്നൂ; ഇവള്‍ക്ക് വയറുവേദനയാ; മാഷേ ഇതാ ഈ കുട്ടിക്ക് വയറുവേദന,,,’
അദ്ധ്യാപകന് ഓടിയെത്തിയതോടെ എനിക്ക് ശരിക്കുംകരച്ചില്‍ വരാന്‍ തുടങ്ങി. അതുകണ്ട സഹപാഠിനികള്‍ ആവേശപൂര്‍വ്വം പറഞ്ഞു,
‘മാഷേ നമ്മള് ഇവളെ വീട്ടില്‍ കൊണ്ടാക്കാം’
‘ശരി എല്ലാവരും കുട്ടീനെ വീട്ടിലാക്കി പെട്ടെന്ന് മടങ്ങിവരണം’
അപ്പോഴേക്കും എന്റെ സഞ്ചിയും കുടയും എടുത്ത് ഇന്ദിരയും ഗൌരിയും പുറപ്പെട്ടുകഴിഞ്ഞു. രണ്ട്പേര് എന്റെ കൈപിടിച്ചപ്പോള്‍ അവര്‍ക്ക് പിന്നാലെ ഞാന്‍ നടന്നു. വന്ന വഴിയെ കടല്‍ക്കാറ്റേറ്റ്, പുല്ലും പാറയും ചവിട്ടിനടന്ന് എല്ലാവരും വീട്ടിലെത്തി.
പിറ്റേന്നും വയറുവേദനയെന്ന് പറഞ്ഞപ്പോള്‍ എന്റെ അമ്മമാത്രം സംശയിച്ചില്ല,
‘ചെറിയ കുട്ടിയല്ലെ, മര്യാദക്ക് ഒന്നും തിന്നാതെ രാവിലെ പോയതുകൊണ്ടായിരിക്കും’
അന്ന് കൂടെ വന്നവര്‍ക്കും എനിക്കും തിന്നാന്‍ കിട്ടിയത് അവിലിനു പകരം പൂവന് പഴമായിരുന്നു. അടുക്കളയുടെ പിന്‍വശത്തുള്ള പൂവന് വാഴ കുലച്ച് പഴം പഴുത്തത് കുട്ടികള്‍ക്ക് തിന്നാനായിരിക്കും. എല്ലാം തിന്നശേഷം വയറുവേദന മാറിയ എന്നെ വീട്ടില്‍ നിര്‍ത്തി അഞ്ചുപേരും തിരിച്ചുപോകുമ്പോള്‍, എനിക്ക് വളരെ സന്തോഷം തോന്നി. ഇഷ്ടംപോലെ ഒറ്റയ്ക്ക് കളിക്കാമല്ലൊ,,,
…
പിറ്റേന്ന് നേരം പുലര്‍ന്നു,
സ്ക്കൂളിലേക്ക് പുറപ്പെടുമ്പോള്‍തന്നെ ചില മുന്‍കരുതല്‍ എടുത്തു; പ്രാധമികങ്ങളെല്ലാം നേരാംവണ്ണം നടത്തിച്ച് ഭക്ഷണവും വെള്ളവും ധാരാളം കഴിപ്പിച്ചു. വയറുവേദന വരാന്‍ ഇടയില്ല എന്ന് ഉറപ്പിന്മേല് അയല്പക്കത്തെ രണ്ട് കുട്ടികളുടെ കൂടെ എന്നെ അയച്ചു. എന്നാല്‍ പോകാംനേരം അമ്മ അവരോട് ഒരു കാര്യംകൂടി പറഞ്ഞു,
‘കുട്ടിക്ക് വയറുവേദനയുണ്ടെങ്കില്‍ ഇങ്ങോട്ട് വേഗം കൂട്ടിവരണം’
സ്ക്കൂളില്‍ അല്പം വൈകി എത്തിയതിനാല്‍ ഒന്നം ക്ലാസ്സില്‍ എല്ലാ കുട്ടികളും ടീച്ചറും ഇരിക്കുന്നുണ്ട്. അവരുടെ കൂട്ടത്തില്‍ ഒരാളായി പുസ്തകസഞ്ചി നിലത്ത് വെച്ച് ഞാനും ഇരുന്നു. എല്ലാവരോടും എഴുന്നേറ്റ് നിന്ന് പാട്ട്പാടാന്‍ ടീച്ചര്‍ പറയേണ്ടതാമസം ഞാനൊഴികെ എല്ലാവരും ഒന്നിച്ച് എഴുന്നേറ്റ്നിന്ന് പാടാന്‍ തുടങ്ങി,
‘കാക്കെ കാക്കെ കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിന് തീറ്റകൊടുക്കാഞ്ഞാല്‍
കുഞ്ഞുകിടന്ന് കരഞ്ഞീടും’
പാട്ട് നിന്നപ്പോള്‍ അതിന്റെ തുടര്‍ച്ചയായി ഒരു കുഞ്ഞിന്റെ കരച്ചില്; അവിടെ ഒരു കുഞ്ഞ് ഇരുന്ന് കരയുന്നു, അത് ഞാന്‍ തന്നെ,
ടീച്ചര്‍ അടുത്തുവന്ന് പെട്ടെന്ന് എന്നെയെടുത്ത് മടിയില്‍ ഇരുത്തി,
‘കുട്ടീ, നിനക്കെന്നാ പറ്റിയത്? പറയ്?’
‘വയറുവേദന’
അതും പറഞ്ഞ് ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയ എന്നെ എത്രയുംവേഗം വീട്ടിലെത്തിക്കാന്‍ ഏര്‍പ്പാടാക്കി.
അന്നും വീട്ടിലെത്തിക്കാന്‍ അവര്‍തന്നെ റെഡിയായി വന്നു, ഇന്ദിരയും ഗീതയും ഗൌരിയും രാധയും നളിനിയും. നല്ല കുട്ടികള്‍.
മൂന്നാം ദിവസവും ആകെയുള്ള അരുമസന്താനം വയറുവേദന കാരണം തിരിച്ചുവന്നപ്പോള്‍ അമ്മയ്ക്ക് ആകെ പേടിയായി,
‘എന്റെ മോളെ ഡോക്റ്ററെ കാണിക്കാന്‍ അച്ഛനോട് പറയാം, നാളെയാവട്ടെ’
അപ്പോഴേക്കും ഇളയമ്മ ഒരു കിണ്ണത്തില്‍ അവില് കുഴച്ച് എല്ലാവര്ക്കും തിന്നാന്‍ തന്നു. വയറുവേദനകൊണ്ട് കരഞ്ഞ ഞാനടക്കം ആറ്പേരും അവില് വാരിത്തിന്ന് പാത്രം കാലിയാക്കി. ഉടനെ ഇളയമ്മ പറഞ്ഞു,
‘ഈ അവിലില്‍ വയറുവേദന മാറാനുള്ള മരുന്ന് ചേര്‍ത്തിട്ടുണ്ട്, ഇപ്പോള്‍ മോളുടെ വേദനയെല്ലാം മാറിയില്ലെ?’
‘മാറി’
‘എന്നാല്‍ ഇവരുടെ കൂടെ സ്ക്കൂളില്‍ പോകണം’
‘പോകാം’
അവില് തിന്ന സന്തോഷത്തോടെ എല്ലാവരും സ്ക്കൂളിലെത്തി. എന്നെ ഒന്നാം ക്ലാസ്സിലാക്കിയപ്പോള്‍ ടീച്ചര്‍ ചോദിച്ചു,
‘കുട്ടിന്റെ വേദന മാറിയോ?’
‘ഓ,, മാറി, അവില് തിന്നപ്പൊ വയറുവേദന മാറി’
അഞ്ച്പേരും ഒന്നിച്ച് പറഞ്ഞു.
…
പിറ്റേദിവസം മുതല്‍
വയറുവേദന വന്നില്ല.
കാരണം?,
അന്ന് സ്ക്കൂളില്‍ വന്നപ്പോള്‍ രോഹിണിടീച്ചര്‍ എന്റെ ചെവിയില്‍ ഒരു കാര്യം പറഞ്ഞു,
‘ഇനി കുട്ടിക്ക് വയറ്റില്‍വേദന വന്നാല്‍ ഒന്നാംതരത്തിലെ എല്ലാകുട്ടികളും ഞാനും ഒന്നിച്ച് നിന്റെ വീട്ടില്‍ വരും’
അപ്പോള്‍
ധാരാളം കുട്ടികളും ടീച്ചറും ഒന്നിച്ച് വീട്ടില്‍ വന്നാല്‍ എല്ലാവര്ക്കും കൊടുക്കാന്‍ അവില് ഉണ്ടാവില്ല്ലല്ലൊ! പിന്നെ ടീച്ചര്‍ വീട്ടില്‍ വരുന്ന കാര്യം ചിന്തിക്കാനേ വയ്യ,
അതും ഓര്‍ത്തിരിക്കുന്ന ഞാന്‍ വയറുവേദനയെകുറിച്ച് മറന്നുപോയി,
*** ഞാന്‍ പഠിച്ച, പഠിപ്പിച്ച, െ്രെപമറി വിദ്യാലയത്തിലാണ് എന്റെ മകളും വിദ്യാര്‍ത്ഥിജീവിതം ആരംഭിച്ചത്,
*** വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു അദ്ധ്യാപികയായി ഇതേ എല്‍.പി. സ്ക്കൂളില്‍ എനിക്ക് നിയമനം ലഭിച്ചപ്പോള്‍, എന്റെ അനുജന്മാരടക്കം അനേകം ബന്ധുക്കളെയും, നാട്ടുകാരെയും, പഠിപ്പിക്കാന്‍ മാത്രമല്ല; വടിയെടുത്ത് അടിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
*** വയറുവേദന സൂത്രങ്ങള്‍ എന്റെ പത്താം തരം വിദ്യാര്‍ത്ഥികള്‍ പോലും നടത്താറുണ്ട്.
156 total views, 1 views today
