കണ്ണുകള്‍ – കഥ

പുറത്ത് ആള്‍ക്കാരുടെ അമര്‍ത്തിയ ഒച്ചകള്‍. ആരുടേയൊക്കെയോ അടക്കം പറച്ചിലുകള്‍. ആരെല്ലാമോ വരികയും പോകുകയും ചെയ്യുന്നു. ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു നേരം തനിച്ചിരിക്കണം എന്ന് തോന്നിയപ്പോഴാണ് മുറിക്കുള്ളിലേക്ക് വന്നത്.
വല്ലാത്ത പുകച്ചില്‍. പുറത്തേക്കുള്ള ജനല്പ്പാളികള് തുറന്നു. എവിടെയും ഒരിലപോലും പോലും അനങ്ങുന്നില്ല. ജന്നലിനടുത്ത് ഒഴിഞ്ഞ കൂജ. ഫ്രിഡ്ജിന്റെ ആഡംബരം വന്നിട്ടും എന്നും കൂജയിലെ വെള്ളം കുടിക്കാന്‍ അവള്‍ക്കായിരുന്നല്ലോ കൂടുതല്‍ താല്പര്യം!
‘രാജാ’ തോളില്‍ മെല്ലെയമരുന്ന കൈപ്പടം, ദാസേട്ടനാണ്.
‘അവര്‍ വന്നിരിക്കുന്നു…’
‘ദാസേട്ടന് എന്താണെന്ന് വെച്ചാല്‍ ചെയ്തോളൂ’
‘ഉം… നീ ഈ പേപ്പറില്‍ ഒന്ന് ഒപ്പിടണം… പിന്നെ അതിനുമുമ്പ് ഒന്ന് കൂടി നിനക്കു കാണണമെങ്കില്‍..’
‘ഞാന്‍ വരാം ദാസേട്ടാ …’
കയ്യിലിരുന്ന പേപ്പര്‍ മേശപ്പുറത്ത് വെച്ചിട്ട് ദാസേട്ടന് പുറത്തേക്ക് പോയി.
മേശപ്പുറത്ത് അവളുടെ, അമ്മുവിന്റെ ഫോട്ടോ. ആ വിടര്‍ന്ന, തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. ആ മിഴികള്‍ ഒന്ന് ചിമ്മിയടഞ്ഞുവോ? ആ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞില്ലേ?
ദാസേട്ടന് കൊണ്ടുവന്ന സമ്മതപത്രത്തില്‍ ഒപ്പിടുന്നതിനു മുമ്പ് ഒരുവട്ടം കൂടി കണ്ണുകള്‍ അവളുടെ ഫോട്ടോയിലുടക്കി.
‘കൈ വിറക്കുന്നുണ്ട് അല്ലേ… നോക്ക്, എന്നോട് പറഞ്ഞത് മറക്കണ്ട കേട്ടോ’
പിന്നെയും ആ ചിരിക്കുന്ന കണ്ണുകള്‍.
‘ഒന്നും, ഒന്നും എനിക്ക് മറക്കാന്‍ വയ്യല്ലോ അമ്മൂ.’
എന്നായിരുന്നു ഈ കണ്ണുകള്‍ ആദ്യമായി കണ്ടത്?
ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങിന് പോയത് ഒരു തമാശയായിട്ടായിരുന്നു. പക്ഷെ, ഇടക്കെപ്പോഴോ അകത്തെ മുറിയുടെ ഇരുട്ടില്‍, ജനലഴികള്‍ക്കിടയിലൂടെ കണ്ട രണ്ട് തിളങ്ങുന്ന കണ്ണുകള്‍ തുളഞ്ഞ് കയറിയത് ഹൃദയത്തിനുള്ളിലേക്കായിരുന്നു. ഒപ്പം ആളിനേ കാണുന്നതിനു മുമ്പ് തന്നെ മനസ്സ് തീരുമാനമെടുത്തിരുന്നു, ‘ഈ കണ്ണുകള്‍ എനിക്ക് വേണം’!
ആദ്യമായി അവള്‍ക്ക് നല്കിയ സ്നേഹമുദ്രകളും പാതികൂമ്പിയ ആ മിഴികളിലായിരുന്നല്ലോ.
പിന്നെ എത്രയെത്ര വര്‍ഷങ്ങള്‍… ചിരിച്ചും, കളി പറഞ്ഞും, കരഞ്ഞും, പിണങ്ങിയും കുസൃതി കാട്ടിയും ഒക്കെ ആ കണ്ണുകള്‍ എന്നോടൊപ്പം. നീണ്ട പീലികളുള്ള ആ തിളങ്ങുന്ന കണ്ണുകളില്‍ നോക്കി ഒന്നും പറയാതെ, ഒരുപാട് പറഞ്ഞ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍!
പിന്നെ ഒരിക്കല്‍ എന്തോ ഔദ്യോഗിക ആവശ്യത്തിന് ഒരു അന്ധവിദ്യാലയത്തില്‍ പോകേണ്ടി വന്നപ്പോഴാണ് അവളും കൂടെ വന്നത്. പല തരത്തിലുള്ള അന്ധരായ കുഞ്ഞുങ്ങളേയും, അവരുടെ കഷ്ട്പ്പാടുകളും ഒക്കെ കണ്ടതോടെ അവളുടെ മുഖം മ്ലാനമായി. കയ്യില്‍ കരുതിയിരുന്ന സമ്മാനങ്ങളൊക്കെ ആ കുട്ടികള്‍ക്ക് കൊടുത്ത് മടങ്ങിപ്പോരുമ്പോഴും, കാറില്‍ വെച്ചും അവള് ഒന്നും സംസാരിച്ചില്ല.
രാത്രി ഒരു പുസ്തകവും വായിച്ചു കിടക്കുമ്പോഴാണ് അവള് അടുത്തു വന്ന് കിടന്നത്.
‘രാജേട്ടാ, ഞാനൊരു കാര്യം പറയട്ടേ?’
‘ഉം’
മെല്ലെ നെഞ്ചില്‍ തലചേര്‍ത്ത്, രോമങ്ങളില്‍ വിരലോടിച്ച് അവള് തുടര്‍ന്നു,
‘ഇന്ന് ആ കണ്ണ് കാണാന്‍ വയ്യാത്ത കുട്ടികളെ കണ്ടില്ലേ, എന്തൊരു കഷ്ടമാ അല്ലേ?’
‘ഉം’
‘രാജേട്ടാ, ഞാന്‍ എന്റെ കണ്ണ് മരണശേഷം ദാനം ചെയ്യാന്‍ വേണ്ടി നേത്രബാങ്കില്‍ പേര് കൊടുത്തോട്ടേ?’
‘ങേ .. കണ്ണ് ദാനം ചെയ്യാനോ?’ ഒരു ഞെട്ടലാണുണ്ടായത്.
‘വേണ്ട… മരണശേഷമുള്ള കാര്യമൊന്നും ഇപ്പോഴാലോചിക്കണ്ട’
പൊടുന്നനെ അവള് തിരിഞ്ഞു കിടന്നു.
‘ദാ ഇപ്പറയുന്നത്… അവനോന്റെ കാര്യം വരുമ്പോ എല്ലാരും ഇങ്ങനാ… മറ്റുള്ളവരോട് കണ്ണ് ദാനം ചെയ്യണം, പുണ്യപ്രവര്‍ത്തിയാ എന്നൊക്കെ ഉപദേശിക്കാന്‍ എല്ലാര്ക്കും ആവും.’
‘ഉം… മറ്റുള്ളോര് കൊടുത്തോട്ടെ, ഇവിടെ ആരും കൊടുക്കുന്നില്ല.’
കുറച്ച് നേരത്തേക്ക് അവളുടെ ശബ്ദം കേട്ടില്ല. പിന്നെ മെല്ലെ ഏങ്ങലടികള്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍ അവളെ ചേര്‍ത്തു പിടിച്ചു,
‘അമ്മൂ നിനക്കറിയില്ലേ, നിന്റെയീ കണ്ണുകള്‍ ഏട്ടന് …’
‘ഉം എനിക്കറിയാം. ഒന്ന് ഓര്‍ത്ത് നോക്കിയേ , രാജേട്ടന് ഒരുപാടിഷ്ടമുള്ള എന്റെയീ കണ്ണുകള്‍ നമ്മുടെ കാലശേഷവും ഒരുപാട് കാലം ജീവിച്ചിരിക്കുന്നത്. മാത്രമല്ല രണ്ട് പാവം മനുഷ്യര്‍ക്ക് കാഴ്ച കൊടുക്കുക എന്ന പുണ്യവും.’
‘പിന്നെ രാജേട്ടനറിയാമല്ലോ, കണ്ണ് ദാനം ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ കണ്ണിലെ ‘കോര്‍ണിയ’ എന്ന ചെറിയ ഒരു പടലം എടുക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ, പത്തു മിനിറ്റ് മതീന്നും അത് എടുക്കുന്നത് തിരിച്ചറിയാന്‍ പോലും പറ്റില്ല എന്നൊക്കെയാ കേട്ടത്.’
‘ഉം ശരി, നിന്റെ ഇഷ്ടം പോലെ നടക്കട്ടെ’
ആ കണ്ണുകള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങി.
‘കള്ളന്’… തന്റെ കണ്ണടയൂരി ഇരു കണ്ണുകളിലും അവള് മാറി മാറി ചുംബിച്ചു.
‘രാജാ… അവര്‍ കാത്തിരിക്കുന്നു…’ ദാസേട്ടനാണ്.
ഒപ്പിട്ട സമ്മതപത്രവുമായി പുറത്തേക്ക് ചെന്നു.
വെള്ളത്തുണിയില്‍ പൊതിഞ്ഞ് ശാന്തമായി കിടക്കുന്ന അമ്മുവിന്റെ ശരീരം. നിലവിളക്കിന്റെ തിരിനാളങ്ങള്‍ ഇനിയും നിറം മങ്ങിയിട്ടില്ലാത്ത അവളുടെ കണ്പീലികളില് തിളങ്ങി. മെല്ലെ കുനിഞ്ഞ് അവളുടെ മിഴികളില്‍ ചുംബിക്കുമ്പോള്‍ ഒഴുകിയിറങ്ങിയ രണ്ട് കണ്ണുനീര്‍ത്തുള്ളികള്‍ ആ അടഞ്ഞ കണ്പോളകളില് വീണ് ചിതറി.
‘അമ്മൂ, തൃപ്തിയായില്ലേ… നീ ആഗ്രഹിച്ചത് പോലെ, നിന്റെയീ കണ്ണുകള്‍ ഏതോ രണ്ട് പാവം മനുഷ്യരിലൂടെ ഇനിയും ഒരുപാട് കാലം ഈ ലോകത്തിന്റെ തിളക്കം കണ്ടുകൊണ്ടേയിരിക്കും.’
474 total views, 3 views today
