TV
മലയാള വാർത്താ ചാനലുകളിൽ പരസ്യം ചെയ്യാൻ എത്ര പൈസയാവുമെന്ന് അറിയുമോ ?
ടെലിവിഷൻ ചാനലുകൾ പ്രവർത്തിക്കുന്നത് പരസ്യ വരുമാനം കൊണ്ടാണെന്ന് എല്ലാവർക്കും അറിയാമല്ലോ.ബ്രേക്കിൽ കാണിക്കുന്ന പരസ്യം മുതൽ തുറന്ന് വെച്ചിരിക്കുന്ന ലാപ്ടോപ്പിൽ ഒട്ടിച്ച സ്റ്റിക്കർ മുതൽ സ്ക്രീനിൽ പലയിടത്തും കാണിക്കുന്ന നിരവധി പരസ്യങ്ങളിലൂടെയാണ് വാർത്താ ചാനലുകൾ വരുമാനം
200 total views

ടെലിവിഷൻ ചാനലുകൾ പ്രവർത്തിക്കുന്നത് പരസ്യ വരുമാനം കൊണ്ടാണെന്ന് എല്ലാവർക്കും അറിയാമല്ലോ.ബ്രേക്കിൽ കാണിക്കുന്ന പരസ്യം മുതൽ തുറന്ന് വെച്ചിരിക്കുന്ന ലാപ്ടോപ്പിൽ ഒട്ടിച്ച സ്റ്റിക്കർ മുതൽ സ്ക്രീനിൽ പലയിടത്തും കാണിക്കുന്ന നിരവധി പരസ്യങ്ങളിലൂടെയാണ് വാർത്താ ചാനലുകൾ വരുമാനം കണ്ടെത്തുന്നത്. ബോയ്കോട്ട് ചൈന ക്യാമ്പയിൻ ചർച്ച ചെയ്യുന്ന പരിപാടിയിൽ ചൈനീസ് മൊബൈൽ കമ്പനിയുടെ പരസ്യവും സ്പോൺസർഷിപ്പായി മേടിച്ച രാജ്യസ്നേഹി ചാനൽ നമ്മൾ കണ്ടതാണല്ലോ.മലയാള ചാനലുകളും പിറകിലല്ല.. സ്വർണ്ണക്കടത്ത് വാർത്ത കൊടുക്കുമ്പോൾ പരസ്യം മൊത്തം സ്വർണ്ണക്കടകളുടേതാണ്.സത്യസന്ധമായ അന്വേഷണം നടന്നാൽ പല വൻകിട സ്വർണ്ണക്കടക്കാർക്കും പങ്കുണ്ടാവുമെന്നൊക്കെ പലരും പറഞ്ഞോണ്ടിരിക്കുന്നുണ്ട്. ഞാനൊരു മാധ്യമ പ്രവർത്തകൻ അല്ലാത്തത് കൊണ്ട് ആ വാദം ഞാൻ ഉന്നയിക്കുന്നില്ല.അതൊക്കെ അന്വേഷണ ഏജൻസികളുടെ പണിയാണ്. അവരുടെ പണി അവരെടുക്കലാണ് മാന്യതയും അഭികാമ്യവും.
മലയാള വാർത്താ ചാനലുകളിൽ പരസ്യം ചെയ്യാൻ എത്ര പൈസയാവുമെന്ന് അറിയുമോ?
കേരള സർക്കാറിൻറെ പബ്ലിക്ക് റിലേഷൻ വകുപ്പ് (PRD) യുടെ ഉത്തരവുണ്ട്. ഇവരുടെയൊക്കെ പരസ്യ റേറ്റ് നിശ്ചയിച്ചു കൊണ്ടുള്ളത്. അത് സർക്കാർ പരസ്യങ്ങളുടെ കാര്യമാണ്. ഉറപ്പായും സർക്കാർ പരസ്യങ്ങൾക്ക് തീരുമാനിക്കപ്പെടുന്നതിനേക്കാൾ കൂടുതലായിരിക്കുമല്ലോ സ്വകാര്യ കമ്പനികളിൽ നിന്ന് മേടിക്കുന്ന പരസ്യ ഫീസ്! (ഇപ്പറഞ്ഞത് ഒരനുമാനമാണ്. കൃത്യമായി അതിന് എന്തെങ്കിലും മാനദണ്ഡം ഉണ്ടോന്ന് എനിക്കറിയില്ല. കൊള്ള റേറ്റ് മേടിക്കാനാണ് സാധ്യത!) 2019 ജനുവരി 7 ന് PRD പറത്തിറക്കിയ ഉത്തരവ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസിൽ പ്രൈം ടൈമിൽ 10 സെക്കൻഡ് പരസ്യത്തിന് 4199 രൂപയാണ് കൊടുക്കേണ്ടത്. മനോരമ ന്യൂസിന് 10 സെക്കന്റ് സർക്കാർ പരസ്യത്തിന് 3868 രൂപയാണ് ഫീസ്. ഒരിക്കൽ കൂടി പറയട്ടെ 10 സെക്കന്റിന് സർക്കാർ പരസ്യത്തിന് കൊടുക്കേണ്ട ഫീസാണ് ഇത്. ഇതിൻറെ കൂടെ 18% GST യും വരും. ഇത് നിശ്ചയിച്ച പൈസയിൽ 15% ഡിസ്കൗണ്ട് കൂടി കിഴിച്ച് കിട്ടിയ തുകയാണ് കേട്ടോ.ഇനി വൈകീട്ട് 6 മുതൽ 11 വരെയുള്ള സമയത്ത് വാർത്താ ചാനലുകൾക്ക് ഈ റേറ്റ് വെച്ച് പണം മേടിച്ചാൽ പോലുമുള്ള വരുമാനം എത്രയാണെന്ന് ഒന്ന് കൂട്ടി നോക്കൂ.ഒരു ഗുണവുമില്ലാത്ത, എന്നാൽ ഏറ്റവും റേറ്റിങ് ഉള്ള രാത്രി ചർച്ചകൾക്കിടയിലെ പരസ്യത്തിലൂടെ എത്ര കാശായിരിക്കും അവരുണ്ടാക്കുന്നുണ്ടാവുക?ഏറ്റവും കുറഞ്ഞ സർക്കാർ റേറ്റ് വെച്ച് ഏഷ്യാനെറ്റിലെ ചർച്ചക്കിടയിൽ വരുന്ന രണ്ട് മിനുറ്റ് ബ്രേക്കിൽ അരലക്ഷം രൂപയാണ് അവരുടെ ഏറ്റവും ചുരുങ്ങിയ വരുമാനം!! ഇതിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഡയനാമിക്ക് റേറ്റിങ് ഉണ്ടെന്നും പ്രൈം ടൈമിൽ തന്നെ വേറൊരു സൂപ്പർ പ്രൈം ടൈം റേറ്റ് ഒക്കെ ഉണ്ടെന്നും ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. വിശദാംശങ്ങൾ അറിയില്ല!
(ജോലിയുടെ ഭാഗമായി ചില ചാനൽ ചർച്ചയിൽ പങ്കെടുത്തിട്ടുള്ള അനുഭവം വെച്ച് അവർ പങ്കെടുക്കുന്ന ആളുകൾക്ക് കാശൊന്നും കൊടുക്കുന്നില്ലെന്ന് മനസ്സിലായി. ഇനി സ്ഥിരം ചർച്ച തൊഴിലാളികൾക്ക് കാശ് കൊടുക്കുന്നുണ്ടോന്ന് അറിയത്തില്ല)
പറഞ്ഞു വന്നത്, ചാനൽ ചർച്ചകൾ കൊണ്ട് നാട്ടുകാർക്ക് ഗുണമില്ലേലും ചാനൽ മുതലാളിക്ക് അത്യാവശ്യം നല്ല ഗുണമുണ്ട്. രാഷ്ട്രീയ ചർച്ചകൾ ആവുമ്പോൾ കാണാൻ എല്ലാ പാർട്ടിയുടെയും അണികളും ഉണ്ടാവും. അത് കൊണ്ട് മിനിമം ഗ്യാരന്റി പരിപാടിയാണ് രാഷ്ട്രീയ ചർച്ച പരിപാടി. (അതിൽ ഒരുപാട് അജണ്ടകൾ നടപ്പിലാക്കപ്പെടുന്നു എന്ന് പല വിമർശനങ്ങളുണ്ട്. അതൊന്നും ബോധ്യമാവാത്ത നിഷ്കളങ്കർ കാണാൻ ഇരിക്കുന്നുണ്ടേൽ അവർക്കെന്റെ ആശംസകൾ..)
ഏറ്റവും കോമെഡി, ചർച്ചയിൽ അവതാരകൻ ആയി വരുന്ന എൻസൈക്ലൊപീഡിയകളായ അവതാരകരാണ്! ശരിക്കും അവർ അവതാരകരല്ല.. അവതാരങ്ങളാണ്! സൂര്യന് കീഴെ, എന്തിന് സൂര്യന് കീഴെ ആക്കണം, പ്രപഞ്ചത്തിലെ ഏത് വിഷയത്തിലും ഇക്കൂട്ടർക്ക് അവഗാഹമുണ്ട്. ചെറിയ വിവരമൊന്നുമല്ല. ആധികാരിക വിവരം. അതിപ്പോ രാഷ്ട്രീയമോ ജനങ്ങളുടെ മനഃശാസ്ത്രമോ മാത്രമൊന്നുമല്ല. നിപ്പാ വ്യാപനവും ഉൽക്കാപതനവും അഗ്നിപർവത സ്ഫോടനവും വരെയുള്ള ഏതിലും അവർ എക്സ്പേർട്ടുകൾ ആണ്. നിപ്പ നേരത്തെ കണ്ടുപിടിക്കാത്തതിൽ പ്രശ്നം കണ്ട ആളെയൊക്കെ നമുക്ക് ഓർമയുണ്ടല്ലോ!
വ്യക്തിപരമായി എനിക്കും ഭയങ്കര ഇഷ്ടമുള്ള ഒരു ദൃശ്യമാധ്യമ അവതാരികയുണ്ട്. പറയാതെ വയ്യ! 2018 ൽ ജൂലൈ മാസത്തിൽ അവരുടെ ഒരു ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി. അന്ന് ദുരന്ത നിവാരണം പഠിച്ചു തുടങ്ങിയ സമയമാണ്. ‘ദുരന്ത നിവാരണ അതോറിറ്റിയൊക്കെ രൂപീകരിച്ചിട്ടും ഇപ്പോഴും ഫയർ ഫോഴ്സാണ് ആളുകളെ രക്ഷിക്കുന്നത് എങ്കിൽ പിന്നെ എന്തിനാണ് ദുരന്ത നിവാരണ അതോറിറ്റി എന്ന്!’ ഈ വിഷയവുമായി ഒരു വിവരവുമില്ലെങ്കിലും ശ്വാസം അടക്കിപ്പിടിച്ച അവതരണ രീതി കൊണ്ട് കേൾക്കുന്നവരെ ശരിയാണല്ലോ പിന്നെന്തിനാണ് അതോറിറ്റി എന്ന് ചിന്തിപ്പിക്കുന്ന ഏർപ്പാട് മാത്രമാണ് സംഭവം എന്ന് അന്നത്തോടെ മനസ്സിലായി. കാരണം വിഷയത്തിൻറെ ഏറ്റവും ബേസിക്സ് അറിയാതെയാണ് നാട്ടുകാരെ പഠിപ്പിക്കാൻ ഇറങ്ങുന്നതെന്ന് ബോധ്യപ്പെടുകയായിരുന്നു. എന്നാലും എനിക്കിപ്പോഴും അവരെ ഇഷ്ടമാണ് കേട്ടോ!!
അതേ ദിവസം വേറൊരുത്തൻ കക്കൂസ് മാലിന്യം വരെ ഒഴുകുന്ന കഴുത്തറ്റമുള്ള ഒരു വെള്ളക്കെട്ടിൽ ഇറങ്ങി നിന്ന് കൊണ്ട് കുട്ടനാട്ടിലെ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തു! ഇത് കണ്ടിട്ടാണോന്ന് അറിയില്ല തോണിയും എടുത്തോണ്ട് റിപ്പോർട്ട് ചെയ്യാൻ വേണ്ടി വെള്ളപ്പൊക്കത്തിൽ ഇറങ്ങിയ രണ്ട് മാതൃഭൂമി മാധ്യമപ്രവർത്തർ ഒഴുക്കിൽ പെട്ട് മരിച്ചത് 2018 ജൂലൈ 24 നാണ്.
ഇതൊക്കെ ഇപ്പൊ പറയാനുള്ള കാരണം?
മാർച്ച് മാസം മുതൽ സ്വന്തം ആരോഗ്യവും കുടുംബവും മറന്ന് പണിയെടുക്കുന്ന മനുഷ്യരാണ് കളമശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർ. ഇന്നലെ അവർക്കെതിരെ ഒരു വ്യാജ വാർത്ത ഉണ്ടാക്കി അവതരിപ്പിച്ച മനോരമ ന്യൂസിലെ റിപ്പോർട്ടർ എത്ര ആധികാരികമായാണ് റിപ്പോർട്ട് ചെയ്തത്? അവർ തിരുവനന്തപുരം മെഡിക്കൽ കോളേജുമായി താരതമ്യം വരെ നടത്തുന്നുണ്ട്. എന്നിട്ട് രാത്രിയായപ്പോ മെഡിക്കൽ കോളേജ് മാറിപ്പോയെന്ന് ഖേദവും! ഡെസ്കിൽ തെറ്റിയാലും ഗ്രൗണ്ടിലെ റിപ്പോർട്ടർക്ക് തെറ്റുന്നത് എങ്ങനെയാണ് എന്നാണ്!
ഏതേലും സ്ത്രീകൾ പ്രതികളാവുന്ന കേസിൽ അവരുടെ വീടിന്റെ മുറ്റത്ത് കൂടി പോകുന്നവർ വരെ രാജി വെക്കണമെന്നും അവരെയും അറസ്റ്റ് ചെയ്യണമെന്നും ഫത്വാ ഇറക്കുന്നവർ ഇത്രയും ഗുരുതരമായ വീഴ്ച വരുത്തിയ ജീർണ്ണലിസ്റ്റിനെതിരെ എന്ത് നടപടിയെടുത്തു? നാട്ടിലുള്ളവരെ മൊത്തം പഠിപ്പിക്കാൻ ഇറങ്ങുന്ന നിങ്ങളും അതൊക്കെ ഒന്ന് ചെയ്തു കാണിക്കെന്നെ..
ചാനൽ ചർച്ചയിലേക്ക് തിരിച്ചു വന്നാൽ ഏഷ്യാനെറ്റ് ചാനൽ ചർച്ചകൾ ഇടത്പക്ഷം ബഹിഷ്കരിക്കണം എന്ന ആവശ്യമുയരുന്നുണ്ട്. ജനാധിപത്യം ക്ലാസ് എടുക്കാൻ മാത്രമുള്ളതാണെന്നും ചാനൽ മുറികളിൽ മലയാളത്തിലെ അർണാബ് ഗോസ്വാമി ആവാനുള്ള മത്സരമാണെന്നും മനസ്സിലാവാത്തവരാണോ ഇവിടെയുള്ളവർ?
ചർച്ചക്ക് പോയത് കൊണ്ട് എനിക്ക് ഒരു ഗുണമുണ്ടായിട്ടുണ്ട് കേട്ടോ.. എനിക്ക് ഒരു ജോലിയുണ്ടെന്ന് എൻറെ നാട്ടുകാർക്കൊക്കെ മനസ്സിലായി!
അതായത് ഇമേജ് ബിൽഡ് ചെയ്യണം എന്നുള്ള രാഷ്ട്രീയക്കാരാണ് ചാനൽ ചർച്ച കൊണ്ട് ചാനൽ മുതലാളി കഴിഞ്ഞാലുള്ള ഗുണഭോക്താവ്! ചാനൽ ചർച്ചാ പെർഫോമൻസ് മാത്രം വെച്ച് ‘നല്ല’ നേതാവാകുന്നവരും ‘അത്രപോര’ ആവുന്നവരുമുണ്ട് എന്ന് തോന്നുന്നു! ഇടത്പക്ഷത്തിലെ ജനപ്രതിനിധികൾ വരെ ആയിട്ടുള്ള ജനകീയ നേതാക്കൾക്ക് അതിന്റെയൊക്കെ ആവശ്യമുണ്ടോന്ന് എനിക്ക് സംശയമുണ്ട്. ചിലപ്പോ അവർക്കും ഗുണമുണ്ടാകുന്നുണ്ടാകും. അതല്ലാതെ ചാനൽ ചർച്ച ബഹിഷ്ക്കരിക്കുന്നത് കൊണ്ട് കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിക്കും ഒരു കുഴപ്പും വരില്ല എന്നുറപ്പാണ്.
തൃപ്പൂണിത്തറ എംഎൽഎ സ്വരാജിനെപ്പോലെയുള്ളവർ പങ്കെടുക്കുന്ന ചർച്ചകൾ കാണാൻ എനിക്ക് ഉൾപ്പെടെ മനസ്സിൻറെ ഉള്ളിൽ നിന്ന് എന്നോട് തന്നെയുള്ള സമ്മർദം ഉണ്ടാകാറുണ്ട്. രാജേഷും റഹീമും രാജീവും ഉൾപ്പെടെ ഇടത്പക്ഷത്തിലെ പ്രമുഖരായ, മികച്ച പാര്ലിമെന്ററിയൻമാർ കൂടി ആയവർ ചർച്ചക്ക് വന്നിരിക്കുമ്പോ അവരുടെ അണികളായ ഇടതുപക്ഷക്കാർ ടീവിയുടെ മുന്നിൽ ഇരിക്കുമെന്നുറപ്പാണ്. വാർത്ത ചാനലുകൾ ഓൺ ചെയ്ത് വെക്കാത്ത ഏതേലും പാർട്ടി ഓഫീസ് കേരളത്തിലുണ്ടാകുമെന്നും തോന്നുന്നില്ല.അപ്പൊ പറഞ്ഞു വന്നത്. ഏതായാലും നിങ്ങൾക്കെതിരെ വാർത്ത ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്! ചർച്ചയിൽ സംസാരിക്കാൻ സമ്മതിക്കുന്നുമില്ല. പിന്നെ എന്തിനാണ് അവർക്ക് പരസ്യ വരുമാനം കൂട്ടികൊടുക്കുന്നത്. നിങ്ങൾ പോയില്ലേൽ ചർച്ചക്ക് ഒറ്റയടിക്ക് പകുതി കാഴ്ചക്കാർ കുറയുമെന്ന് കട്ടായം.
ബഹിഷ്കരിക്കുന്നുണ്ടെങ്കിൽ ആ തീരുമാനത്തിന് അഭിവാദ്യങ്ങൾ. ഇത് ഇടത്പക്ഷക്കാർക്ക് മാത്രമല്ല. നിലപാടുള്ള എല്ലാ രാഷ്ട്രീയ പാർട്ടിക്കും സ്വീകരിക്കാവുന്ന നിലപാടാണ്. അവർക്കൊക്കെ മുൻകൂർ അഭിവാദ്യങ്ങൾ.ഒറ്റക്കാര്യം കൂടി എഴുതി അവസാനിപ്പിക്കാം..
മാധ്യമപ്രവർത്തകരിലും ‘വ്യത്യസ്ഥരുണ്ട്’ എന്ന് ഞാനും വിശ്വസിച്ചിരുന്നു.പക്ഷെ ഫാഷിസ്റ്റുകളെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ടല്ലോ There are no good fascists and bad fascists. They all are fascist. എന്ന്. അത് പോലെയാണ് ഇക്കൂട്ടരുമെന്നാണ് തോന്നുന്നത്. സോറി ടു സെ ദാറ്റ്.. ഇവിടെ നല്ലതും ചീത്തയുമില്ല. ജീർണലിസ്റ്റുകൾ മാത്രമേയുള്ളൂ എന്നാണ് നിങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത് !
Fahad Marzook
201 total views, 1 views today