മാധ്യമ വാർത്തകൾ കൊന്ന് തള്ളിയ നിരവധി ജീവിതങ്ങളുടെ അക്കൌണ്ടിലേക്ക് വളരെ നിസാരമായ 2 എൻട്രി കൂടി

285

എഴുതിയത് : Fahad Marzook

വ്യക്തിപരമായി മുന്നേ ഒരിക്കലും അനുഭവിക്കാത്തത്രയും പ്രയാസത്തിലാണ്. മറ്റ് പല കാര്യങ്ങളിലും മുഴുകി എന്റെ തന്നെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമത്തിലായിരുന്നു.. പക്ഷെ ഇപ്പോഴും വരുന്ന ചില വാർത്തകൾ കാണുമ്പോൾ ചില കാര്യങ്ങൾ നമ്മളെങ്കിലും ലോകത്തോട് വിളിച്ചു പറയാതിരുന്നുകൂടയെന്ന് തോന്നിയത് കൊണ്ട്‌ എഴുതേണ്ടി വരികയാണ്…

ഇതിവിടെ ഇപ്പോ എഴുതുന്നതിലെ ഔചിത്യബോധമില്ലായ്മയിൽ പ്രയാസമുണ്ട്. നിവൃത്തികേടാണ്.. സുഹൃത്തുക്കൾ ക്ഷമിക്കുക..

കേരളത്തിലെ ചില മാധ്യമങ്ങൾ ചേർന്ന് 2 മനുഷ്യജീവികളെ കൊന്നിട്ടുണ്ട്.. ഒരമ്മയെയും മകനെയും.. മാധ്യമ വാർത്തകൾ കൊന്ന് തള്ളിയ നിരവധി ജീവിതങ്ങളുടെ അക്കൌണ്ടിലേക്ക് വളരെ നിസാരമായ 2 എൻട്രി കൂടി… ഞാൻ കണ്ട മനുഷ്യരിൽ ഏറ്റവും ബുദ്ധിയും ചിന്താശേഷിയുമുള്ള ഒരുവനെ, ഈ ലോകത്തിന്റെ ദാർശനിക മണ്ഡലത്തിലേക്ക് വലിയ സംഭാവനകൾ നിസ്സംശയം വലിയ സംഭാവനകൾ നൽകുമായിരുന്ന ഒരു ഗവേഷക വിദ്യാർത്ഥിയെ, എന്റെ ഏറ്റവും അടുത്തൊരു കൂട്ടുകാരനെ മറുനാടൻ മലയാളിയും മലയാള മനോരമയും മലയാളം വാർത്തയുമെല്ലാം ചേർന്ന് ഡൽഹിയിലെ ഒരു റെയിൽവേ ട്രാക്കിലിട്ട് കഷ്ങ്ങങ്ങളാക്കിയിട്ടുണ്ട്. പൊതിഞ്ഞു കെട്ടി അവന്റെയും അമ്മയുടെയും ജീവനറ്റ ശരീരം ഇന്നലെ മുതൽ ആശുപത്രി മോർച്ചറിയിലുണ്ട്. മറുനാടനിലെയും മനോരമയിലെയും അന്വേഷണാത്മക സെൻസേഷണൽ ജീർണലിസ്റ്റുകൾക്ക് മുതലാളിമാർ ടിക്കെറ്റ് എടുത്ത് കൊടുക്കാൻ കൂടി ദയവുണ്ടാകണം… അവിടെ പോയി ആ ശരീരങ്ങൾ തിന്ന് തീർക്കട്ടെ അവരുടെ അന്വേഷണ ത്വര.!

അവർക്ക് മാത്രമല്ല… കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും ഈ നാട്ടിലെ നീതി സമ്പ്രദായത്തിനും ഈ അരുംകൊലയിൽ പങ്കുണ്ട്. നിങ്ങളാഘോഷിച്ച കൂടത്തായി കൊലപാതകം ഈ നാടിനെ ഏറ്റവും മോശമായ രീതിയിൽ ബാധിച്ചു തുടങ്ങിയതിന്റെ ആദ്യത്തെ ഇരയാണെന്റെ സ്റ്റാൻലിയും അമ്മയും.!

ഡൽഹിയിലെ സെന്റ്‌ സ്റ്റീഫൻസ് കോളേജ് എന്ന രാജ്യത്തെ ഏറ്റവും പ്രെസ്റ്റീജിയസ് ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടിയ ഞങ്ങടെ സ്റ്റാൻലി ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ഫിലോസഫിയിലാണ് മാസ്റ്റേഴ്സിന് ചേർന്നത്. PG സമയത്ത് തന്നെ UGC യുടെ JRF നേടി ഡൽഹി IIT യിൽ Phd ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ഹൈദരാബാദിൽ ഞങ്ങൾ സംസാരിച്ചതത്രയും മനുഷ്യരുടെ പ്രയാസങ്ങളെ കുറിച്ചായിരുന്നു. മറ്റുള്ളവരെ കുറിച്ച് ഇത്രയധികം ആർദ്രത സൂക്ഷിക്കുന്ന അപൂർവം മനുഷ്യരെയെ എനിക്ക് നേരിട്ടറിയൂ. അതിലൊരുത്തനായിരുന്നു ഞങ്ങടെ സ്റ്റാൻലി. രോഹിത് വെമുലയുടെ ആ സമര സഖാവിന് ആത്മഹത്യ ചെയ്യാൻ കഴിയുമായിരുന്നില്ല! പാവത്തിനെ അതിലേക്ക് തള്ളിയിട്ടതാണ്.
അന്ന് അവനുണ്ടായിരുന്ന ഒരേയൊരു ദുഃഖം അച്ഛൻ മരിച്ച ശേഷം അമ്മ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഏകാന്തതയും പ്രയാസങ്ങളുമായിരുന്നു. അത് കൊണ്ടാണ് പലരുടെയും എതിർപ്പുകളെ പോലും മറികടന്ന് അവൻ മുൻകയ്യെടുത്ത് അമ്മയുടെ പുനർവിവാഹം നടത്തിയത്. പാവം ആ അമ്മയുടെ സങ്കടങ്ങൾക്ക് വലിയൊരു ആശ്വാസമായി അതെന്ന് അവൻ ഞങ്ങളോട് പലവട്ടം പറഞ്ഞിട്ടുണ്ട്. പുള്ളിയുടെ സ്നേഹത്തെ കുറിച്ചും. നിർഭാഗ്യം അവരുടെ ജീവിതത്തിൽ സംഭവിച്ചത് അദ്ദേഹം ആത്മഹത്യ ചെയ്തതോടെയാണ്. സ്വത്ത്‌ തർക്കത്തിന്റെ പേരിൽ സ്റ്റാൻലിക്കും അമ്മക്കുമെതിരെ അദ്ദേഹത്തിന്റെ ബന്ധുക്കൾ ഒരു സിവിൽ കേസ് കൊടുത്തിരുന്നു. മാനസികമായി പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടായിരുന്നുവെങ്കിലും അവരതിനെ നിയപരമായി നേരിട്ട് വരികയുമായിരുന്നു.

അതിനിടയിലാണ് മലയാളം മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ കൂടത്തായി കേസ് വരുന്നത്. അതോടെ കേരളത്തിൽ ഇന്നേ വരെ നടന്ന ആത്മഹത്യകൾ ഒക്കെ ഭാര്യമാരുടെ സയനേഡ് കൊലപാതകങ്ങളായിക്കഴിഞ്ഞല്ലോ.. അതോടെ സംശയം ഉന്നയിച്ചു സ്റ്റെപ് ഫാദറിന്റെ കുടുംബം കോടതിയിൽ പോവുകയും അത് കൂടി അന്വേഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. നല്ലൊരു ചൂടുള്ള വാർത്ത വീണ് കിട്ടിയ മനോരമയും മറുനാടനും ചേർന്ന് പൊടിപ്പും തൊങ്ങലും ചേർത്ത് വാർത്ത എഴുതി. സ്വത്ത്, കോടികൾ, രണ്ടാം ഭാര്യ, അവരുടെ മകൻ, ആത്മഹത്യ അങ്ങനെ എല്ലാ ചേരുവകളും ചേർത്ത് കഥ മെനഞ്ഞു.

നിരപരാധികളായ സാധാരണ മനുഷ്യർക്ക് ഇത് താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല… നീതിപീഠത്തിൽ വിശ്വസിച്ചിരുന്നത് കൊണ്ട്‌ അത് അവർ നേരിടാൻ തയ്യാറായിരുന്നു. പക്ഷെ മാധ്യമ കഥകളെ അതിജീവിക്കാൻ അവർക്ക് പറ്റിയില്ല.. അത് സാധാരണക്കാരായ പാവം മനുഷ്യർക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നുമില്ല.. ഇന്നലെ രാവിലെ അമ്മ പോയി… ഉച്ചയോടെ അവനും!

ഒട്ടും പ്രിയപ്പെട്ടവരല്ലാത്ത മാധ്യമപ്രവർത്തകരെ.. നിങ്ങളുടെ ഒരു വാർത്ത പോലും ഇനി ജീവിതത്തിൽ എനിക്ക് വിശ്വസിക്കാൻ കഴിയില്ല.. അത്ര convincing ആയി കള്ളക്കഥ എഴുതാൻ കഴിവുള്ളവരാണ് നിങ്ങൾ.. മനുഷ്യന്റെ പച്ചമാംസം തിന്ന് കൊഴുത്തവർ…

അലൻ സ്റ്റാൻലിയെ ജീവിതത്തിൽ ഒരിക്കലെങ്കിലും പരിചയപ്പട്ട ഒരാളോട് ചോദിച്ചാൽ പോലും നിങ്ങൾക്കത് മനസ്സിലാകുമായിരുന്നു. പുസ്തകങ്ങളെയും യാത്രകളെയുമല്ലാതെ സ്റ്റാൻലി സ്നേഹിച്ചിരുന്നത് മനുഷ്യരെ മാത്രമായിരുന്നെടോ.. സ്വത്തും കോടികളും!!

ഇതിവിടം കൊണ്ട്‌ തീരുന്നില്ല. ഞങ്ങൾക്ക് ഞങ്ങളുടെ സ്റ്റാൻലിയെ നഷ്ടമായി. ഇത് വായിക്കുന്ന ഓരോരുത്തർക്കും നഷ്ടങ്ങൾ വരാൻ പോവുകയാണ്. കൂടത്തായി issue ന് ശേഷമുള്ള കേരളം ഒരു ദുരന്തമാവും… മാധ്യമ പുങ്കവന്മാർ ഇനിയും ആളുകളെ എഴുതിക്കൊല്ലും… ഇനി ആത്മഹത്യ ചെയ്യുന്ന ഭർത്താക്കന്മാരെയൊക്കെ ഭാര്യമാർ കൊന്നതാക്കി സ്റ്റോറികൾ വരും… കുടുംബക്കാർക്ക് സംശയവും കേസും വരും… സാധാരണ മനുഷ്യർ മാധ്യമ വിചാരണയും നാട്ടുകാരുടെയും കുടുംബക്കാരുടെയും അടക്കംപറച്ചിലുകളെയും അവഹേളനങ്ങളേയും അതിജീവിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യും… അമ്മായിയമ്മമാർ മരുമക്കൾ കൊല്ലാൻ വരുന്ന ഭീതിയിൽ ജീവിക്കും, ആ ഭീതി സൃഷ്ടിക്കുന്ന അസ്വസ്ഥതയാവും ഓരോ കുടുംബത്തിലുമെനി. ഓരോ വീട്ടിലും അശാന്തി പടർന്നു തുടങ്ങുകയാണ്.

നമുക്ക് നേരിട്ട് അറിയാവുന്ന മനുഷ്യരായത് കൊണ്ട് മാത്രമാണ് ഇവന്മാരുടെ വാർത്തയിലെ കള്ളം മനസ്സിലാവുന്നത്…

പ്രിയപ്പെട്ടവരേ മാധ്യമ സ്റ്റോറികൾ കണ്ട് ആവേശം കൊള്ളുന്ന സ്വഭാവം ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ട്‌ മാത്രമാണ് ഇവിടെ ഇതിടുന്നത്…

വ്യക്തിപരമായി പല കാരണങ്ങളാൽ വലിയ നഷ്ടമാണ്… വലിയ വിഷമത്തിലാണ്.. ഞാൻ മാത്രമല്ല.. ഓരോ സുഹൃത്തുക്കളും… ഇത് വായിക്കുമ്പോൾ അവർക്ക് കൂടുതൽ വിഷമം ആകുമെന്ന് അറിയാം. ഇത്രയും എഴുതാൻ പറ്റുമെന്ന് വിചാരിച്ചതല്ല.. തെറ്റിദ്ധാരണകൾ ഇനിയും പടരുമെന്നും ഈ മൃതദേഹങ്ങളും അവർ വിറ്റ് തിന്നുമെന്നുള്ളത് കൊണ്ടും എനിക്കറിയാവുന്ന കാര്യങ്ങൾ എഴുതിയതാണ്..

ബഹുമാനപ്പെട്ട നീതി നിർവഹണ സംവിധാനമേ.. ഈ കൊലപാതകത്തിൽ സിസ്റ്റത്തിന് വലിയ പങ്കുണ്ട്. ഒരു കേസിൽ കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതർ മാത്രമാവുന്ന മനുഷ്യരുടെ വിവരങ്ങൾ ഇങ്ങനെ മാധ്യമങ്ങൾക്ക് ആഘോഷിക്കാനും നിരപരാധികൾക്ക് ക്യാപിറ്റൽ പണിഷ്മെന്റ് തന്നെ നൽകാനും ഇനിയും വഴിയൊരുങ്ങട്ടെ.. ആ കാര്യം പോലും മനസ്സിലാക്കാനും ഇടപെടാനും ശേഷിയില്ലാത്ത സിസ്റ്റത്തോട് പ്രതിഷേധമല്ല സഹതാപമാണ്..! നിരപരാധികൾ മാനഹാനി കൊണ്ട്‌ മരിച്ചു കൊണ്ടേയിരിക്കട്ടെ… എഴുതിയും പറഞ്ഞും മാധ്യമ ആരാച്ചാന്മാർ വിധി നടപ്പിലാക്കി സന്തോഷിക്കട്ടെ…

RIP Alan Stanley.. My comrade..

Advertisements