ചാട്ടത്തില്‍ പിഴച്ചവര്‍
കുറെക്കാലത്തിനു ശേഷം കോഴിക്കോട്ടു വെച്ചു കാണുമ്പോള്‍ അയാള്‍ തികഞ്ഞ മദ്യപാനിയായിരുന്നു.കണ്ടു,രണ്ടുമിനുട്ടിനുള്ളില്‍ തന്നെ അയാളെന്നോട് കടം ചോദിച്ചു.
104 total views, 1 views today

മാസത്തിന്റെ ആദ്യ ദിവസങ്ങളിലൊന്നില്‍ എനിക്കൊരു സന്ദര്‍ശകനുണ്ടാകുമായിരുന്നു.ഒരു പഴയ പരിചയക്കാരന്.197475 കാലയളവില്‍,ട്രെയിനിങ് സെന്ററില്‍ വെച്ചാണ് പരിചയം.അടുത്ത പരിചയമൊന്നുമല്ല.കാണുമ്പോള്‍ ചിരിക്കും,ചിലപ്പോള്‍ എന്തെങ്കിലും പറയും അത്രമാത്രം.ഗോപാലകൃഷ്ണനെ ആരും ശ്രദ്ധിക്കും.ചുറ്റുമുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കുന്ന എന്തോ ഒന്നു അയാളിലുണ്ടായിരുന്നു.ചടുലമായി സംസാരിക്കാനുള്ള അയാളുടെ കഴിവാകാം.ഇടക്ക് ഒരു കണ്ണടച്ച് നിങ്ങളോട് സംവദിക്കുന്ന രീതിയാകാം.എന്തായാലും നിങ്ങള്‍ക്കയാളെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല.ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം.പക്ഷേ അവഗണിക്കാന്‍ കഴിയില്ല.
അയാള്‍ക്ക് ചുറ്റും എന്നും ആള്‍ക്കൂട്ടമായിരുന്നു.മറ്റുള്ളവരോട് തമാശപറഞ്ഞും,വെറുതെ ചുറ്റിയടിച്ചും ഹോസ്റ്റലില്‍ അവര്‍ സജീവ സാന്നിദ്ധ്യമായി.എന്നെപ്പോലെയുള്ള ഡയറക്ട് റിക്രൂട്ടീസ് കിട്ടുന്ന സ്റ്റൈഫന്റ് കൊണ്ട് ജീവിതം കൂട്ടിമുട്ടിച്ചപ്പോള്‍ പ്രമോഷന് നേടിവന്ന അവര്‍ ശമ്പളത്തോടെയാണ് ട്രയിനിങ്ങിന് വന്നത്.വൈകുന്നേരങ്ങളില്‍ അല്‍പ്പം മിനുങ്ങുന്ന സ്വഭാവവും ഗോപാലകൃഷ്ണന്റെ കമ്പനിക്കുണ്ടായിരുന്നു.
കുറെക്കാലത്തിനു ശേഷം കോഴിക്കോട്ടു വെച്ചു കാണുമ്പോള്‍ അയാള്‍ തികഞ്ഞ മദ്യപാനിയായിരുന്നു.കണ്ടു,രണ്ടുമിനുട്ടിനുള്ളില്‍ തന്നെ അയാളെന്നോട് കടം ചോദിച്ചു.ചെറിയോരു തുക.സാധാരണ അത്തരക്കാര്‍ക്ക് ഞാന്‍ പൈസ കൊടുക്കാറില്ല.പക്ഷേ ഗോപാലകൃഷ്ണനെ നിഷേധിക്കാന്‍ എനിക്കു കഴിഞ്ഞില്ല.പ്രത്യേകിച്ചു ഒരു കാരണവുമില്ല.എന്റെ മനസ്സില്‍ അയാളോടൊരു മമത ഉണ്ടായിരുന്നു എന്നതാണു സത്യം.
പിന്നെ ഒരിക്കല്‍ അയാളെന്റെ ഓഫീസില്‍ വന്നു.പഴയതുപോലെ ചെറിയൊരു തുക ചോദിച്ചു.അന്നയാള്‍ സസ്പെന്‍ഷനിലാണ്.ഞങ്ങള്‍ രണ്ടുപേരുംകൂടി പുറത്തുപോയി,ചായകുടിച്ചു.ഞാനയാളോട് തുറന്നു സംസാരിച്ചു.എന്തിനാണ് ഇങ്ങനെ നശിക്കുന്നത് എന്ന ചോദ്യത്തിന് അയാള്‍ കുറെ കഥകള്‍ പറഞ്ഞു.വളരെ പ്രമാദമായ ഒരു മിശ്ര വിവാഹമായിരുന്നു അയാളുടേത്.അതോടെ വീട്ടുകാരുമായി പിണക്കത്തിലായി.ഇപ്പോള്‍ ഭാര്യയെ സംശയവുമായി. ‘അവള് പിഴയാ’ അയാള്‍ പറഞ്ഞു.ഈറണനിഞ്ഞ കണ്ണുകളുമായി വേച്ചു വേച്ചു പോകുന്ന ആ രൂപം എന്നെ വേദനിപ്പിച്ചു.അയാളുടെ ഭാര്യയെക്കുറിച്ച് ഞാനന്യോഷിച്ചു.എല്ലാവരോടും സൌഹൃദപൂര്‍വ്വം പെരുമാറുന്ന ഒരു സ്ത്രീ.അതവരുടെ സ്വഭാവമാണ്.ആരും അവരെക്കുറിച്ച് ചീത്തയായൊന്നും പറഞ്ഞില്ല.
ഗോപാലകൃഷ്ണന്റെ ആ പോക്ക് എന്റെ ചിന്തകളുണര്‍ത്തി. സംശയവും മദ്യപാനവും തകര്‍ത്ത ജീവിതങ്ങള്‍. ഈ പ്രശ്നങ്ങളല്ലായിരുന്നെങ്കില് നല്ലൊരു ഓഫീസ്സറാകുമായിരുന്നു അയാള്‍.അതിനുള്ള ചേരുവകള്‍ എല്ലാം അയാളിലുണ്ടായിരുന്നു.പക്ഷേ വിധി ഓരോരുത്തര്‍ക്കും ഓരോന്ന് ഒരുക്കി വെച്ചിട്ടുണ്ട്. അതിനെ മറികടക്കുക ഒരു പക്ഷേ അസാദ്ധ്യം തന്നെയാവും.
വിശ്വനാഥന്റെ കഥയും സമാനമാണ്. എന്റെ ചെസ്സ് ഫ്രണ്ട് ആയിരുന്നു അയാള്‍.ഒരു പൊതുമേഖലാ സ്ഥാപനത്തിലായിരുന്നു അയാള്‍ക്ക് ജോലി. ഞാന്‍ ജോലി സംബന്ധമായി ആ നാട്ടിലുണ്ടായിരുന്നപ്പോള്‍ വിശ്വനാഥന് ചെസ്സ് കളിക്കാന്‍ വീട്ടില്‍വരും.കളിയില്‍ കമ്പം കയറി ഞാനയാളുടെ വീട്ടിലും പോകും.ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയും ഒരു കുഞ്ഞുമായി സന്തുഷ്ട ജീവിതം നയിക്കുന്ന ഒരു സാധാരണക്കാരന്.ആ നാട് വിട്ടുപോന്നതില്പ്പിന്നെ കൃഷിസ്ഥലത്ത് പോയി വരുന്നതിനിടെ അവരെ ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട്.
(ഞാന്‍ പോന്ന ആഴ്ച്ച എനിക്കു വിശ്വനാഥന്റെ ഒരു കാര്‍ഡ് കിട്ടി.
1.e4 ………? എന്നെഴുതിയ കാര്‍ഡ് ).
രണ്ടു വര്‍ഷം കഴിഞ്ഞോരു ദിവസം എനിക്കു അയാളുടെ ഒരു ഫോണ്‍ വന്നു.വന്നാല്‍ കാണാന്‍ പറ്റുമോ എന്നു ചോദ്യം.പത്തു മിനുട്ട് കൊണ്ട് വിശ്വനാഥന് വന്നു.എനിക്കു അയാളെ കണ്ടിട്ടു വല്ലാതെ തോന്നി.അയാളാകെ ക്ഷീണിതനായിരുന്നു.ജോലി ചെയ്യുന്ന സ്ഥാപനം പൂട്ടിപ്പോയി.ആകെ പ്രശ്നങ്ങളാണ്.ഭാര്യ വില വെയ്ക്കുന്നില്ല.അവള്‍ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ട്.ഒരിക്കല്‍ അയാള്‍ കൂടെ നില്ക്കുമ്പോള് അവര്‍ ഓട്ടോറിക്ഷാക്കാരനെ കണ്ണിറുക്കി കാണിച്ചു.അവള് പണ്ടേ പിഴയായിരുന്നു.ബാങ്കിലും അവര്‍ക്ക് പല ബന്ധങ്ങളുണ്ട്.ഒന്നിച്ചു പോകുമ്പോള്‍ പലരും അര്‍ത്ഥം വെച്ചു നോക്കുന്നു.
വിശ്വനാഥന്റെ മനസ്സ് എനിക്കു മനസ്സിലായി.നാളുകളായി ജോലിയില്ല.വരുമാനമില്ല.ഭാര്യയുടെ ശമ്പളത്തില്‍ ജീവിക്കുന്നവന്റെ അപകര്‍ഷതാബോധം.അരി മേടിക്കുന്നയാള്‍ ഭര്‍ത്താവും കഴിക്കുന്നയാള്‍ ഭാര്യയുമാകും.അല്ലെങ്കില്‍ അങ്ങിനെ തോന്നും.ജോലിയില്ലാത്തതിന്റെ ഒരു മാനസിക പ്രശ്നം ഇതിന്റെ പിന്നിലില്ലേ എന്നു ഞാന്‍ തുറന്നു ചോദിച്ചു.അയാള്‍ക്ക് സമ്മതമായില്ല.അയാളുടെ മുന്നില്‍ വെച്ചു ബാങ്കിലെ എന്റെ ഒരു സുഹൃത്തിനെ വിളിച്ച് ഞാന്‍ അവരെക്കുറിച്ച് അന്യോഷിച്ചു.അവര്‍ തുറന്നു പെരുമാറുന്ന ഒരു സ്ത്രീയാണ്.മോശമായി ഒരിക്കലും തോന്നിയിട്ടില്ല.വിശ്വനാഥന് അല്‍പ്പം ആശ്വാസമായി എന്നു തോന്നി.ഞാനയാളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.ഞങ്ങളൊന്നിച്ചു ഊണു കഴിച്ചു.അയാളുടെ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കാര്യങ്ങള്‍ അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നു തോന്നി.ജോണ്‍സണെ വിളിച്ചു ഒരു കൌണ്സിലിങ്ങും അറേഞ്ച് ചെയ്തു.പക്ഷേ ഒന്നും നടന്നില്ല.ഒരു യാത്രയില്‍ പത്മാവതിയുടെ മനസ്സറിയാന്‍ ഞാനൊന്നു ശ്രമിച്ചു.നാടുമുഴുവന്‍ തന്നെപ്പറ്റി അപവാദം പറഞ്ഞു നടക്കുന്ന അയാളെ വേണ്ട എന്നവര്‍ തീര്‍ത്തു പറഞ്ഞു.
ആറ് മാസങ്ങള്‍ക്ക് ശേഷം വിശ്വനാഥന്റെ വിവരമറിയാന്‍ ഞാന്‍ അയാളുടെ തറവാട്ടില്‍ വിളിച്ചു.പേരെടുത്തൊരു സന്യാസിനിയുടെ ആശ്രമത്തിലായിരുന്നു, അയാള്‍.അയാള്‍ക്ക് വീട്ടിലേക്ക് പോയാല്‍ കൊള്ളാമെന്നുണ്ട്.പക്ഷേ അവര്‍ വഴങ്ങിയില്ല.ഓരോ മനുഷ്യനും അവന്റെ ന്യായമുണ്ട്.ചില ന്യായങ്ങള്‍ സമാന്തര രേഖകളെപ്പോലെ അങ്ങിനെ പോകും.സ്നേഹത്തിന്റെ,സന്തോഷത്തിന്റെ സമ്മേളനം അസാദ്ധ്യമാക്കുന്ന സമാന്തര പാളങ്ങളാണവ.
വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും ഗോപാലകൃഷ്ണനെ കണ്ടത്.അയാളാകെ എല്ലും തോലുമായ് മാറിയിരുന്നു.ജോലിയില്‍ നിന്നു അയാളെ പിരിച്ചു വിട്ടു കഴിഞ്ഞിരുന്നു.ജോലിക്കു ചെല്ലാതെ ഏത് സമയവും മദ്യപിച്ചു നടന്നിരുന്ന അയാളെ മറ്റെന്ത് ചെയ്യാനാണ്? അയാളുടെ ജീവിതം പിച്ചക്കാരന്റേതിനു സമാനമായി. ചുറ്റും കൂട്ടുകാരാരുമില്ല.പരിചയക്കാര് കാണാത്ത മട്ടില്‍ നടന്നു പോകും.എനിക്കെന്തോ അയാളോട് ‘നോ’ എന്നു പറയാന്‍ കഴിഞ്ഞില്ല.മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഗോപാലകൃഷ്ണന് ഓഫീസില്‍ വരും.കൊടുക്കുന്ന പത്തോ ഇരുപതോ രൂപ നന്ദി പറഞ്ഞു വാങ്ങി പോകും.അങ്ങിനെ വന്ന ഒരു ദിവസം അയാളെന്നോട് പറഞ്ഞു. ‘എല്ലാം തെറ്റിദ്ധാരണയായിരുന്നു ഇഷ്ടാ,അവള് എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല സ്ത്രീയാണ്.’ എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.
ഒരു ദിവസം രാവിലെ ഗോപാലകൃഷ്ണന്റെ മരണ വിവരം കേട്ടപ്പോള്‍ ,അറിയാതെ, ‘നന്നായി’ എന്നു പറഞ്ഞുപോയി.
പോയി. കണ്ടു. വെള്ള പുതച്ച് കിടത്തിയിരിക്കുന്നു.ആ മുഖത്ത് തെളിഞ്ഞത് കുറ്റബോധമോ?,അതോ പരിഹാസമോ?
ആര്‍ക്കറിയാം.
105 total views, 2 views today
