ഇല വീഴാ പൂഞ്ചിറ…
Faisal K Abu
സിനിമയിൽ ഒരു സന്ദർഭത്തിൽ രണ്ടു പേർ പരസ്പരം സംസാരിക്കുന്ന സീനിൽ ഇല വീഴാ പൂഞ്ചിറക്ക് ആ പേര് ലഭിച്ചതിനെ കുറിച്ച് ഒരു ഐതിഹ്യം പറയുന്നുണ്ട്… അതിൽ അവസാന ഡയലോഗ് ആയി “ശരിക്കും ശപിക്കേണ്ടത് മരങ്ങളെ അല്ലലോ…” എന്നോരു ചോദ്യം ഉന്നയിക്കുന്നുണ്ട് … ഇല വീഴാ പൂഞ്ചിറ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഉയർന്നു വന്ന ചോദ്യവും എകദേശം അത് തന്നെ ആണ് ആയിരുന്നൂ… പാപത്തിൻ്റെ ഭാരം പേറേണ്ടത് പാപികൾ തന്നെ അല്ലേ…അല്ലാതെ അവർക്ക് ചുറ്റും ഉളളവർ അല്ലലോ…
.
ഇല വീഴാ പൂഞ്ചിറയിലെ കുന്നിൻ മുകളിലുള്ള ഒറ്റപ്പെട്ട പൊലീസ് വയർലെസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ ആയ മധു, സുധി എന്നിവരുടെ കാഴ്ചകളിലൂടെ കഥ പറഞ്ഞു മുന്നേറുന്ന ചിത്രം നല്ല രീതിയിൽ സമയം എടുത്തു കഥാപാത്രങ്ങളെയും, കഥാപരിസരത്തെയും, എസ്റ്റാബിളിഷ് ചെയ്തു പ്രധാന സംഭവത്തിലേക്ക് കടക്കുന്ന ഒരു ശൈലി ആണ് അവതരണത്തിൽ സ്വീകരിച്ചു ഇരിക്കുന്നത്… അത് കൊണ്ട് തന്നെ എകദേശം സിനിമയുടെ ആദ്യപകുതി ഒരു പതിഞ്ഞ താളത്തിൽ ഡയലോഗുകൾ കാര്യം ആയി ഉപയോഗിക്കാതെ ദൃശ്യങ്ങൾ കൊണ്ട് ഇല വീഴാ പൂഞ്ചിറയേയും അവിടത്തെ വയർലെസ്സ് സ്റ്റേഷനിലെ പോലീസുകാരുടെ ജീവിതവും മാത്രം ആണ് സ്ക്രീനിൽ അവതരിപ്പിക്കുന്നത്…
എന്നാൽ അവിടെ നിന്ന് വളരെ പെട്ടെന്ന് ഇല വീഴാ പൂഞ്ചിറയിൽ കാലാവസ്ഥ മാറുന്ന കണക്കിന് ട്രാക്ക് മാറി സഞ്ചരിക്കുന്ന സിനിമ കഥയിൽ പുതുമ ഒന്നും അവകാശപ്പെടാവുന്ന ഒന്നല്ല എങ്കിലും, അവതരണം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും നല്ലൊരു ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്നുണ്ട്…സിനിമയിൽ ആദ്യപകുതിയിൽ സംഭവിക്കുന്ന പല കാര്യങ്ങൾക്കും ഒരു പൂർണത വരുന്നത് സിനിമ തീർന്നു കഴിഞ്ഞു അതിനെ കണക്റ്റ് ചെയ്ത് ചിന്തിക്കുമ്പോൾ ആണ്… ആ രീതിയിൽ സിനിമയുടെ തിരക്കഥയും അവതരണവും മികച്ചു നിൽക്കുന്നുണ്ട്….
നായാട്ട്, ജോസഫ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ ഷാഹി കബീർ സംവിധായകൻ ആയപ്പോൾ മുൻ ചിത്രങ്ങളെ പോലെ പോലീസുകാരൂടെ കഥ എന്നതിനു അപ്പുറം ആ ചിത്രങ്ങളുടെ പോലെ കാമ്പുള്ള ഒരു പ്രമേയം സിനിമയിൽ വന്നതായി തോന്നിയില്ല… അത് പക്ഷേ താരതമ്യത്തിൽ വരുമ്പോൾ മാത്രം ആണ് ഒരു വിഷയമായി തോന്നുന്നത്… ഷാജി- നിധീഷ് എന്നിവരുടെ തിരക്കഥ സിനിമയിൽ നന്നായി വരുന്നുണ്ട് എങ്കിലും മേല്പറഞ്ഞ കഥയിലെ കാമ്പില്ലായ്മ കുറച്ചൊക്കെ രസം കൊല്ലി ആകുന്നുണ്ട്…എന്നിരുന്നാലും ഇല വീഴാ പൂഞ്ചിറയുടെ ഭീതി ജനിപ്പിക്കുന്ന സൗന്ദര്യവും, ഷാഹി കബീറിൻ്റെ അവതരണവും സിനിമക്ക് നല്ല രീതിയിൽ ഗുണം ആകുന്നുണ്ട്…
ഇനി എല്ലാത്തിനും മുകളിൽ സിനിമയുടെ USP എന്നു പറയാവുന്ന ഘടകം ആയ പ്രകടനത്തിലേക്ക് വരുമ്പോൾ തൻ്റെ അധികാരപരിധിയിലേക്ക് ആരും അതിക്രമിച്ചു കടക്കുന്നത് ഇഷ്ട്ടം ഇല്ലാത്ത ഹെഡ് കോൺസ്റ്റബിൾ മധു ആയി സൗബിൻ തൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ആണ് കാഴ്ച്ച വയ്ക്കുന്നത്…. തൻ്റേതായ ആത്മ സംഘർഷങ്ങളിൽ ആഴ്ന്ന് നിൽക്കുമ്പോഴും ശാന്തമായി സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്ന മധു സിനിമയിൽ മികച്ചു നിൽക്കുന്നുണ്ട് he’ll of a performance…❤️👌
സഹകഥാപാത്രം/ second lead ആയി വരുന്ന സുധി കോപ്പയും മികച്ച രീതിയിൽ തന്നെ തൻ്റെ ഭാഗം ചെയ്തിട്ടുണ്ട്… സിനിമയിൽ വരുന്ന ഒട്ടു മിക്ക കഥാപാത്രങ്ങൾക്കും തങ്ങളുടേത് ആയ ഒരു ഐഡൻ്റിറ്റി നൽകാൻ സിനിമക്ക് സാധിക്കുന്നുണ്ട്… അതിപ്പോ ജീപ്പിൽ നിന്നും ഇറങ്ങാത്ത ഡ്രൈവർ ആയാലും ശരി, സെൽഫി എടുക്കുന്ന വനിതാ പോലീസ് ആയാലും,അവസാനം തെളിവ് കാറ്റിൽ പറത്തുന്ന പോലീസുകാരൻ ആയാലും കൃത്യമായി അടയാളപ്പെടുത്തുന്നതിൽ സിനിമ വിജയിക്കുന്നുണ്ട്…
ഇല വീഴാ പൂഞ്ചിറ…ആദ്യാവസാനം ത്രിൽ അടുപ്പിക്കുന്ന ഫാസ്റ്റ് പേസ് ആഖ്യാന ശൈലി ഉള്ളൊരു സിനിമ ആല്ല…സിനിമയുടെ മർമ്മ പ്രധാന രംഗങ്ങളിൽ എത്തുമ്പോൾ പോലും കാര്യങ്ങൾക്ക് ഒരു പിരിമുറുക്കം ഉണ്ടാകുന്നു എന്നതിന് അപ്പുറം അതിശയകരമാം വിധം ട്വിസ്റ്റുകളോ സംഭവങ്ങളോ ഉള്ളൊരു ചിത്രവും അല്ല…ആദ്യപകുതി കണ്ടപ്പോൾ ഒരു സമയം വരെ വെറുതേ സിനിമ വലിച്ചു നീട്ടുക ആണല്ലോ എന്നൊരു ചിന്ത എന്നിൽ ഉടലെടുത്തു എങ്കിലും പതിയെ സിനിമ അതിൻ്റെ പ്രധാന സംഭവത്തിൽ എത്തിയപ്പോൾ, ആദ്യം പറഞ്ഞതു് പോലെ തുടക്കത്തിൽ പലയിടത്തും ക്ളിയർ ആകാതെ പോയ കാര്യങ്ങളെ അവസാനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ ഒരു പെർഫെക്ഷൻ തോനുന്ന രീതിയിൽ സംവിധാനം ചെയ്ത ഒരു കൊച്ചു ക്ലാസിക് സിനിമ ആയിട്ടാണ് വ്യക്തിപരമായി എനിക്കു സിനിമ അനുഭവപ്പെട്ടത്….
Nb. സിനിമയിലെ ചില രംഗങ്ങളിൽ സംഭാഷണങ്ങൾ അത്ര ക്ലാരിട്ടി ഇല്ലാത്തത് പോലെ തോന്നി… ഡയലോഗ് പറഞ്ഞതിൻ്റെ പ്രശ്നം ആണോ സാങ്കേതിക പ്രശ്നം ആണോ എന്ന് വ്യക്തമായില്ല… വേറെ ആർക്കെങ്കിലും അങിനെ തോന്നിയോ…?